ഉള്ളടക്കത്തിലേക്ക് പോവുക

പരീക്ഷിത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Parikshit എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പരീക്ഷിത്ത്
കുരുവംശത്തിലെ രാജാവ്

ശുകനും പരീക്ഷിത്തും
മുൻഗാമി യുധിഷ്ഠിരൻ
പിൻഗാമി ജനമേജയൻ
ജീവിതപങ്കാളി ഇരാവതി, അദ്രിക
മക്കൾ
ജനമേജയൻ
ഭീമസേനൻ
ഉഗ്രസേനൻ
ശ്രുതസേനൻ
പിതാവ് അഭിമന്യു
മാതാവ് ഉത്തര

ഭാരതീയ ഇതിഹാസമായ മഹാഭാരതത്തിൽ പരാമർശിക്കുന്ന കുരുവംശത്തിലെ ഒരു രാജാവാണ് പരീക്ഷിത്ത്. അഭിമന്യുവിന്റെ പുത്രനും അർജ്ജുനന്റെ പൗത്രനുമാണ് ഇദ്ദേഹം. വിരാടരാജകുമാരിയായ ഉത്തരയാണ് ഇദ്ദേഹത്തിന്റെ അമ്മ. യുധിഷ്ഠിരനുശേഷം ഹസ്തിനപുരത്തെ രാജവാകുന്നത് പരീക്ഷിത്താണ്.

അഭിമന്യുവിന്റെ മരണത്തിനുശേഷമാണ് പരീക്ഷിത്തിന്റെ ജനനം. പാണ്ഡവരുടെ സർവനാശം മുന്നിൽക്കണ്ട് അശ്വത്ഥാമാവ് ബ്രഹ്മശിരസ്സ് എന്ന ദിവ്യാസ്ത്രം ഉത്തരയുടെ ഗർഭപാത്രം ലക്ഷ്യമാക്കി അയച്ച് പരീക്ഷിത്തിനെ വധിക്കുന്നുണ്ടെങ്കിലും, കൃഷ്ണൻ തൻ്റെ യോഗശക്തിയാൽ കുഞ്ഞിനെ ജീവിപ്പിക്കുന്നു. അങ്ങനെ ഗർഭത്തിൽ വച്ചുതന്നെ വലിയൊരു പരീക്ഷണത്തെ നേരിട്ടതുകൊണ്ടാണ് പരീക്ഷിത്ത് എന്ന നാമം സിദ്ധിച്ചത്.

മഹാഭാരത യുദ്ധത്തിനുശേഷം യുധിഷ്ഠിരൻ ഹസ്തിനപുരത്തെ രാജാവായി. യാഗങ്ങൾ നടത്തി അദ്ദേഹം ഖ്യാതി നേടി. അങ്ങനെ 36 വർഷങ്ങൾ കഴിഞ്ഞു. ഒരുനാൾ ശ്രീകൃഷ്‌ണൻ അർജ്ജുനനെയും കൂട്ടി ദ്വാരകയിലേക്ക് പോയി. ഏകദേശം നാലുമാസം കഴിഞ്ഞപ്പോൾ ശ്രീകൃഷ്ണൻ സ്വർഗ്ഗാരോഹണം ചെയ്ത വിവരം അർജ്ജുനൻ വ്യസനത്തോടെ തൻ്റെ സഹോദരന്മാരെ അറിയിച്ചു.

ഈ ദുഃഖഭാരം താങ്ങാനാകാതെ, പാണ്ഡവർ രാജ്യമുപേക്ഷിച്ച് മഹാപ്രസ്ഥാനത്തിന് പുറപ്പെടുന്നതോടെയാണ് പരീക്ഷിത്ത് ഹസ്തിനപുരത്തെ രാജാവാകുന്നത്.

പരീക്ഷിത്ത്‌ ധർമ്മാനുസരണം രാജ്യം ഭരിച്ചു. ഉത്തരന്റെ പുത്രിയായ ഇരാവതിയെ പാണിഗ്രഹണം ചെയ്തു. നാല് പുത്രന്മാരും ജനിച്ചു. പരീക്ഷിത്ത്‌ മൂന്ന് അശ്വമേധങ്ങൾ നടത്തി തന്റെ കീർത്തി വർദ്ധിപ്പിച്ചു . അങ്ങനെയിരിക്കെ രാജ്യത്ത് കലിയുടെ ഉപദ്രവങ്ങൾ മനസ്സിലാക്കിയ രാജാവ് കലിയെ തോൽപ്പിച്ച് കീഴടക്കി. പേടിച്ചു വിറച്ച കലി തനിക്ക് വസിക്കാനുള്ള സ്ഥാനങ്ങൾ കൽപ്പിച്ചു നൽകണമെന്ന് അഭ്യർത്ഥിച്ചു. അതനുസരിച്ച് ചൂതുകളി, മദ്യസേവ, സ്ത്രീസേവ, ജീവഹിംസ എന്നീ നാല് സ്ഥാനങ്ങൾ കലിക്കു വസിക്കുവാൻ അനുവദിച്ചുകൊടുത്തു. വീണ്ടും കലിയുടെ അപേക്ഷയനുസരിച്ച് ക്രോധം കൊണ്ട് മതികെട്ടവരിലും കലിക്കിരിക്കാൻ ഇടം നൽകി. രാജാവിനെ താണുവണങ്ങി നിറഞ്ഞ സംതൃപ്‌തിയോടെ കലി യാത്രയായി.

നായാട്ടിനിടെ അതിയായ ദാഹം തോന്നിയ പരീക്ഷിത്ത് രാജാവ് അടുത്തു കണ്ട ഒരു ആശ്രമത്തിൽ എത്തിയപ്പോൾ അവിടെ ശമിക മഹർഷി ആഴത്തിലുള്ള ധ്യാനത്തിലായിരുന്നു. ധ്യാനസ്ഥനായ മുനി പ്രതികരിച്ചില്ലെന്ന കാര്യം രാജാവിനെ അലോസരപ്പെടുത്തി. പെട്ടെന്ന് വന്ന കോപത്തിൽ അവിടെ നിലത്ത് കിടന്ന ചത്ത പാമ്പിനെ എടുത്ത് മുനിയുടെ കഴുത്തിലിട്ടു. ഇതറിഞ്ഞ ശമികമുനിയുടെ മകൻ ശൃംഗി ഇന്നേയ്ക്ക് ഏഴാംനാൾ തക്ഷകന്റെ കടിയേറ്റ് രാജാവ് മരിക്കാനിടയാകട്ടെ എന്ന് ശപിച്ചു.

ദുഃഖിതനായ പരീക്ഷിത്ത് മന്ത്രിമാരുമായി ആലോചിച്ച് രക്ഷയ്ക്കു വേണ്ടുന്ന ഒരുക്കങ്ങൾ ചെയ്യുവാനുറച്ചു. അദ്ദേഹം ആദ്യമായി സുരക്ഷിതമായ ഒരു ഏഴുനിലമാളിക പണിയിച്ച് അതിൽ കയറി ഇരിപ്പായി. രക്ഷയ്ക്കുവേണ്ടി മന്ത്ര ഔഷധങ്ങളിൽ നിപുണരായ പലരെയും യഥാസ്ഥാനങ്ങളിൽ നിയമിച്ചു. കൊട്ടാരത്തെ നാലുപാടും നിന്നു കാക്കുന്നതിനുവേണ്ടി ഉയരമുള്ള മദയാനകളെ ഏർപ്പെടുത്തി.

സുപ്രസിദ്ധനായ കശ്യപമഹർഷിയായിരുന്നു അന്നത്തെ മന്ത്രവാദികളിൽ പ്രധാനി. രാജാവിന് ഇങ്ങനെ ഒരു ശാപം കിട്ടിയതറിഞ്ഞയുടനെ ആ മുനി, ഇതു രാജാവിനെ രക്ഷിക്കാൻ ഉള്ള അവസരമാണെന്നു മനസ്സിലാക്കി പരീക്ഷിത്തു രാജാവിന്റെ കൊട്ടാരത്തിലേക്കു തിരിച്ചു. രാജാവിന് ബ്രാഹ്മണശാപമേറ്റ വിവരം അറിഞ്ഞയുടൻ തക്ഷകനും മനുഷ്യരൂപത്തിൽ അവിടേക്കു പുറപ്പെട്ടു. ഇടയ്ക്കുവച്ച് തക്ഷകൻ കശ്യപനെ കണ്ടുമുട്ടി.

വിഷഹാരിയായ കശ്യപൻ അവിടെ വന്നാൽ തന്റെ ലക്ഷ്യത്തിന് തടസ്സമുണ്ടാകുമെന്നു മനസ്സിലാക്കിയ തക്ഷകൻ ഒരു വൃദ്ധ ബ്രാഹ്മണന്റെ വേഷത്തിൽ കശ്യപനെ സമീപിച്ചു. തക്ഷകന്റെ കടിയേറ്റു മരിക്കുന്ന രാജാവിനെ രക്ഷിക്കാനാണ് താൻ പോകുന്നതെന്നു കശ്യപൻ പറഞ്ഞു. അതു സാധ്യമല്ലെന്ന് വൃദ്ധബ്രാഹ്മണനും വാദിച്ചു. ഒടുവിൽ തക്ഷകൻ തന്റെ സ്വന്തരൂപം വെളിപ്പെടുത്തി. രണ്ടുപേരുടേയും കഴിവുകൾ വഴിക്കുവച്ചുതന്നെ ഒന്നു പരീക്ഷിച്ചു നോക്കാമെന്നു രണ്ടുപേരും സമ്മതിച്ചു. മാർഗ്ഗമധ്യേ ശാഖോപശാഖകളായി പന്തലിച്ചു നിന്ന ഒരു വടവൃക്ഷത്തെ തക്ഷകൻ കടിച്ചു. അവർ നോക്കി നില്ക്കവേ ആ മഹാവൃക്ഷം നിശ്ശേഷം ചാമ്പലായി. ഉടൻതന്നെ കശ്യപൻ അല്പം ജലം മന്ത്രം ചൊല്ലി ചാമ്പലിൽ ഒഴിച്ചു. ക്ഷണനേരത്തിനുള്ളിൽ വൃക്ഷം പഴയതുപോലെ തഴച്ചുവളർന്നു നിന്നു. അതുകണ്ട് കശ്യപനാണ് ശ്രേഷ്ഠനെന്ന് തക്ഷകൻ സമ്മതിച്ചു. അതിനുശേഷം തക്ഷകൻ ചില വശീകരണവാക്കുകളെല്ലാം പറഞ്ഞ് കശ്യപനെ മയക്കിയെടുത്തു. മാത്രമല്ല, ഒരു പണക്കിഴിയും കൊടുത്ത് തൃപ്തനാക്കി തക്ഷകൻ കശ്യപനെ മടക്കി അയച്ചു.

ഏഴാം ദിവസം രാവിലെ രാജാവിനെ ദംശിക്കുവാൻ തരം നോക്കി തക്ഷകൻ ഹസ്തിനപുരത്തിലെത്തി. കൊട്ടാരത്തിന്റെ നാലു പുറവും പരിശോധിക്കുവാൻ തുടങ്ങി. ഒരു മാർഗവും കാണാതെ വന്നപ്പോൾ തക്ഷകൻ തന്റെ ബന്ധുക്കളായ നാഗങ്ങളെ ബ്രാഹ്മണവേഷത്തിൽ വിവിധങ്ങളായ കാഴ്ചദ്രവ്യങ്ങളോടുകൂടി കൊട്ടാരത്തിലേക്ക് പറഞ്ഞയച്ചു. അവർ കൊണ്ടുപോയ പഴങ്ങളിൽ ഒന്നിൽ ഏറ്റവും ചെറുതായ ഒരു പുഴുവിന്റെ രൂപത്തിൽ തക്ഷകൻ ഒളിച്ചിരുന്നു. കപടവേഷധാരികളായ ബ്രാഹ്മണരെ ആദ്യം ദ്വാരപാലകർ തടഞ്ഞു. തങ്ങൾ തപോവനത്തിൽ നിന്നു വന്നവരാണെന്നും രാജാവിനെ കാണേണ്ടത് ആവശ്യമാണെന്നും അവർ അറിയിച്ചു. താപസകുമാരന്മാരെ അടുത്ത ദിവസം പ്രഭാതത്തിൽ കണ്ടുകൊള്ളാമെന്നു പറഞ്ഞ് അവർ കൊണ്ടുവന്ന ഫലമൂലാദികളെ രാജാവ് സ്വീകരിച്ചു.

രാജാവുതന്നെ ഫലങ്ങളിൽ ഓരോന്നെടുത്ത് മന്ത്രിമാർക്കു കൊടുത്തു. അതിൽനിന്ന് വലുതായ ഒരു ഫലം രാജാവുമെടുത്തു ഭക്ഷിക്കുവാനായി മുറിച്ചുനോക്കി. അപ്പോൾ അതിൽ കണ്ണുകൾ രണ്ടും കറുത്തും ഉടൽ അശേഷം ചുവന്നും ഏറ്റവും ചെറുതായ ഒരു പുഴു ഇരിക്കുന്നതു കണ്ട് രാജാവ് അത്ഭുതത്തോടു കൂടി മന്ത്രിമാരോട് ഇങ്ങനെ പറഞ്ഞു: "അല്ലയോ മന്ത്രിസത്തമരേ, നിങ്ങളുടെ അത്യധ്വാനത്തിന്റെ ഫലമായി നമുക്ക് ആപത്തൊന്നും ഇല്ലാതെ കഴിഞ്ഞു എന്നു പറയാം. സൂര്യനിതാ അസ്തമിക്കുന്നു. ശാപത്തിന്റെ കാലാവധിയും ഇതാ തീരുന്നു. ഇനിയും വിഷത്തെ തെല്ലും ഭയപ്പെടേണ്ടതില്ല. എന്നാൽ വിപ്രശാപം മിഥ്യയായി എന്നു വരേണ്ട. നമുക്ക് അതിനെ സ്വീകരിച്ചേക്കാം. ഈ കീടം എന്നെ കടിച്ചുകൊള്ളട്ടെ.ഇപ്രകാരം പറഞ്ഞ് രാജാവ് മെല്ലെ പുഴുവിനെ എടുത്ത് തന്റെ കഴുത്തിൽ വച്ചു. ഉടൻതന്നെ പുഴു ഭയങ്കരനായ തക്ഷകനായി രൂപാന്തരപ്പെട്ടു. തക്ഷകൻ ഇതിനകം രാജാവിനെ ദംശിച്ചു കഴിഞ്ഞു. രാജാവ് മരിച്ചുവീണു.

ഏഴുനാൾക്കകം തക്ഷക ദംശനത്താൽ താൻ മരിക്കുമെന്ന മുനി ശാപമറിഞ്ഞയുടൻ രാജാവ് മുനിമാരേയും ബ്രാഹ്മണരേയും വരുത്തി ഇത്രയും ദിവസം കൊണ്ട് തനിക്കു ചെയ്യാൻ കഴിയുന്ന ഏറ്റവും മഹത്തായ കാര്യമെന്തെന്ന് ആലോചിക്കുകയും ഈശ്വരസ്തുതിയും ഭഗവത്കഥാ ശ്രവണവുമാണ് ആ മഹത് കൃത്യമെന്ന് അവർ മറുപടി പറഞ്ഞു. അതിൻപ്രകാരം ശ്രീശുക ബ്രഹ്മർഷി ഏഴു ദിവസം കൊണ്ട് പറഞ്ഞ കഥയാണ് ശ്രീമദ് ഭാഗവത മഹാപുരാണമായി അറിയപ്പെടുന്നത്.

തക്ഷകനും ഇന്ദ്രനുമായുള്ള സഖ്യത്തെ സംബന്ധിച്ചും ദേവീ ഭാഗവതത്തിൽ വിവരണമുണ്ട്. ഉത്തങ്കൻ എന്ന ദിവ്യപ്രഭാവനായ ഒരു മുനികുമാരൻ വേദൻ എന്ന ഗുരുവിന്റെ കീഴിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയപ്പോൾ പൗഷരാജാവിന്റെ പത്നി ധരിക്കുന്ന കുണ്ഡലങ്ങൾ ഗുരുദക്ഷിണയായി വാങ്ങിവരാൻ ഗുരുപത്നി നിർദേശിച്ചു. അതനുസരിച്ച് ഉത്തങ്കൻ കുണ്ഡലങ്ങൾ വാങ്ങിക്കൊണ്ടു വന്നെങ്കിലും ഇന്ദ്രൻ തക്ഷകനെക്കൊണ്ട് അതു മോഷ്ടിപ്പിക്കുകയും മർഗ്ഗമധ്യേ മറ്റനേകം പ്രതിബന്ധങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. ഇന്ദ്രനുമായുള്ള ഈ വേഴ്ച നിത്യമായ സ്നേഹബന്ധമായി വളരുകയും തക്ഷകൻ ഇന്ദ്രന്റെ ഉറ്റമിത്രമായിത്തീരുകയും ചെയ്തു.

തക്ഷകനോട് പ്രതികാരം ചെയ്യാൻ ഉത്തങ്കൻ അവസരം നോക്കിയിരുന്നു. അപ്പോഴാണ് പരീക്ഷിത്തിന്റെ പുത്രനായ ജനമേജയൻ രാജാവായത്. ഉത്തങ്കൻ ജനമേജയന്റെ കൊട്ടാരത്തിൽ ചെന്ന് തക്ഷകൻ പരീക്ഷിത്തിനെ കടിച്ചുകൊന്ന വിവരവും മറ്റും പറഞ്ഞു കേൾപ്പിച്ചു. കോപാന്ധനായ ജനമേജയൻ തക്ഷകനോട് പ്രതികാരം ചെയ്യാനുറച്ചു. ഒരു സർപ്പസത്രം നടത്തണമെന്നും ആ സത്രത്തിൽ വച്ച് സർപ്പങ്ങളെ മന്ത്രശക്തികൊണ്ട് ആവാഹിച്ച് അഗ്നിയിൽ ചുട്ടുകളയണമെന്നും മുനി അഭിപ്രായപ്പെട്ടു. ഉത്തങ്കൻ മറ്റു മുനിമാരോടുകൂടി ചേർന്ന് സർപ്പസത്രവും ആരംഭിച്ചു. സർപ്പങ്ങൾ ഓരോന്നായി വന്ന് ഹോമകുണ്ഡത്തിൽ വീണ് ചാകാൻ തുടങ്ങി. തക്ഷകനെ ആവാഹിക്കാൻ ശ്രമിച്ചു. ഭയചകിതനായ തക്ഷകൻ ദേവേന്ദ്രന്റെ കാൽക്കൽ വീണു. ദേവേന്ദ്രൻ തന്റെ അർദ്ധ സിംഹാസനം തക്ഷകന് നൽകി. ഇതറിഞ്ഞ ഉത്തങ്കൻ എല്ലാവരുംകൂടി വന്ന് തീയിൽ ചാടിചാകട്ടെ എന്നുപറഞ്ഞ് ദേവേന്ദ്രനേയും തക്ഷകനേയും സിംഹാസനത്തോടുകൂടി ആവാഹിച്ചു. ഈ ഘട്ടത്തിലാണ് ജരൽക്കാരു മഹർഷിയുടെ പുത്രനായ ആസ്തികൻ എന്ന മുനികുമാരൻ ജനമേജയന്റെ കൊട്ടാരത്തിൽ വന്ന് സർപ്പസത്രം അവസാനിപ്പിച്ചത്.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ തക്ഷകൻ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=പരീക്ഷിത്ത്&oldid=4665417" എന്ന താളിൽനിന്ന് ശേഖരിച്ചത്