മൈക്ക്‌ൾ ജാക്സൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മൈക്കിൾ ജാക്സൺ
Michael Jackson 1984.jpg
1983 ൽ മൈക്കിൾ ജാക്സൺ വൈറ്റ് ഹൗസിൽ
ജീവിതരേഖ
ജനനനാമം മൈക്കിൾ ജോസഫ് ജാക്സൺ
സംഗീതശൈലി R&B, സോൾ, പോപ്പ്, ഡാൻസ് - പോപ്പ്, ഡിസ്കോ, റോക്ക്, അർബൻ, new jack swing, ഫങ്ക്, Motown
തൊഴിലു(കൾ) ഗായകൻ, ഗാനരചയിതാവ്, ഗാനനിർമ്മാതാവ്, arranger, നർത്തകൻ, നൃത്തസംയോജകൻ, അഭിനേതാവ്
ഉപകരണം Vocals, percussion, multiple instruments
സജീവമായ കാലയളവ് 1967 – 2009
റെക്കോഡ് ലേബൽ Motown, Epic, Sony, The Michael Jackson Company, Inc.
Associated acts ദി ജാക്സൺ 5 / ദി ജാക്സൺസ്, ക്വിൻസി ജോൺസ്
വെബ്സൈറ്റ് MichaelJackson.com

ഒരു അമേരിക്കൻ സംഗീതജ്ഞനാണ് മൈക്കിൾ ജോസഫ് ജാക്സൺ (ഓഗസ്റ്റ് 29, 1958ജൂൺ 25, 2009). പോപ്പ് സംഗീതത്തിന്റെ രാജാവ് (King of Pop) എന്നറിയപ്പെടുന്ന ഇദ്ദേഹത്തെ, ലോകത്ത് ഏറ്റവും കൂടുതലാളുകളെ വിനോദിപ്പിച്ച വ്യക്തി എന്ന പേരിൽ ഗിന്നസ് ബുക്കിൽ ചേർത്തിട്ടുണ്ട്. സംഗീതം, നൃത്തം, ഫാഷൻ മുതലായ മേഖലകളിലെ ഇദ്ദേഹത്തിന്റെ സംഭാവനകൾ നാല് പതിറ്റാണ്ടുകളോളം ഇദ്ദേഹത്തെ ലോകത്തെ തന്നെ ഏറ്റവും പ്രശസ്തനായ വ്യക്തിയാക്കിത്തീർത്തു. ജാക്സൺ കുടുംബത്തിൽ എട്ടാമനായി ജനിച്ച ഇദ്ദേഹം, സഹോദരങ്ങളോടൊപ്പം 1960കളുടെ പകുതിയിൽ ജാക്സൺ 5 എന്ന ബാന്റുമായാണ് സംഗീത ജീവിതം ആരംഭിച്ചത്. 1971 മുതൽ ഇദ്ദേഹം ഒറ്റക്ക് പാടുവാൻ തുടങ്ങി.

1970-കളുടെ അവസാനത്തോടെ ജാക്സൺ ജനപ്രിയ സംഗീത രംഗത്തെ ഒരു പ്രധാന ഘടകമായിമാറി. എംറ്റിവിയിലൂടെ പുറത്തിറക്കപ്പെട്ട ബീറ്റ് ഇറ്റ്, ബില്ലി ജീൻ എന്നീ ഗാനങ്ങളുടെ വീഡിയോകളുടെ പ്രശസ്തി അന്ന് ശൈശവ ദശയിലായിരുന്ന എംറ്റിവി ചാനലിന്റെ വളർച്ചക്ക് കാരണമായി. ബ്ലാക്ക് ഓർ വൈറ്റ്, സ്ക്രീം എന്നീ വീഡിയോകളുടെ വിജയത്തോടെ 1990കളിലെ എംറ്റിവിയിലെ മുഖ്യ ആകർഷകമായി ജാക്സൺ. ഇദ്ദേഹം സംഗീത വീഡിയോയെ ഒരു കലാരൂപമായും അതിനോടൊപ്പം ഒരു പരസ്യ ഉപകരണവുമാക്കിമാറ്റി. ചെയ്യുവാൻ ശാരീരികമായി വളരെ പ്രയാസമുള്ള റോബോട്ട്, മൂൺവാക്ക് തുടങ്ങിയ നൃത്തശൈലികൾ ഇദ്ദേഹത്തിന്റെ മറ്റൊരു പ്രത്യേകതയാണ്.

1982 ൽ പുറത്തിറങ്ങിയ ത്രില്ലർ എന്ന ആൽബം ലോകത്തിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട ആൽബമാണ്. ഇദ്ദേഹത്തിന്റെ മറ്റു നാല് സോളോ സ്റ്റുഡിയോ ആൽബങ്ങൾ ലോകത്തിൽ ഏറ്റവും വിറ്റഴിക്കപ്പെട്ട പോപ് ആൽബങ്ങളിൽ ഉൾപ്പെടുന്നവയാണ്. ഓഫ് ദ വാൾ(1979), ബാഡ് (1987), ഡേഞ്ചറസ്(1991)ഹിസ്റ്ററി(HIStory) (1995) എന്നിവയാണവ. റോക്ക് ആൻഡ് റോൾ ഹോൾ ഓഫ് ഫെയിമിലേക്ക് രണ്ടു പ്രാവശ്യം തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ചുരുക്കം ചില സംഗീതജ്ഞരിൽ ഒരാളാണ് മൈക്കിൾ ജാക്സൺ. പോപ്പിന്റെയും റോക്ക് ആൻഡ് റോളിന്റേയും ലോകത്തുനിന്ന് ഡാൻസ് ഹോൾ ഓഫ് ഫെയിമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ (ഇതുവരെ ഒരാൾ മാത്രം) വ്യക്തിയാണ് ഇദ്ദേഹം. അനേകം ഗിന്നസ് വേൾഡ് റെക്കോർഡുകൾ, 13 ഗ്രാമി പുരസ്കാരങ്ങൾ (കൂടാതെ ഗ്രാമി ലെജൻഡ് പുരസ്കാരവും ഗ്രാമി ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരവും), 26 അമേരിക്കൻ മ്യൂസിക്ക് പുരസ്കാരങ്ങൾ (മറ്റാരെക്കാളും കൂടുതൽ, കൂടാതെ നൂറ്റാണ്ടിന്റെ കലാകാരൻ (Artist of the Century) അവാർഡും), 13 നമ്പർ വൺ സിംഗിൾസ് ഇൻ ദ യുണൈറ്റഡ് സ്റ്റേറ്റ്സ് പുരസ്കാരങ്ങളും അദ്ദേഹത്തിന്റെ പേരിലുണ്ട്. അദ്ദേഹത്തിന്റെ പാട്ടുകളുടെ, ഏകദേശം 75 കോടി പ്രതികൾ ലോകമാകെ വിറ്റഴിഞ്ഞിട്ടുണ്ട്. അദ്ദേഹം നൂറിലധികം പുരസ്കാരങ്ങൾ വാരിക്കൂട്ടിയിട്ടുണ്ട്. ഇത് അദ്ദേഹത്തെ ഏറ്റവും കൂടുതൽ പുരസ്കാരങ്ങൾ നേടിയ സംഗീതജ്ഞനാക്കി. മുപ്പത്തിയൊമ്പത് ജീവകാരുണ്യ സംഘടനകളെ സഹായിക്കുന്ന ജാക്സണ് 300 കോടി ഡോളറുകൾ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ചിലവഴിച്ചിട്ടുണ്ട്.[1][2]

എന്നാൽ ഇദ്ദേഹത്തിന്റെ സ്വകാര്യ ജീവിതത്തിലെ പല സംഭവങ്ങളും വിവാദങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. ഉദാഹരണമായി രൂപമാറ്റം, വ്യക്തിപരമായ ബന്ധങ്ങൾ പെരുമാറ്റങ്ങൾ തുടങ്ങിയവ. 1993 ൽ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തു എന്ന കുറ്റത്തിൽ ഇദ്ദേഹം പെട്ടിട്ടുണ്ട്. എന്നാൽ ആ പ്രശ്നം കോടതിക്കു പുറത്തുതന്നെ തീർന്നതിനാൽ നിയമപരമായ ശിക്ഷകളൊന്നും അദ്ദേഹത്തിന് ലഭിച്ചില്ല. 2005 ൽ ഇദ്ദേഹത്തിന്റെ പേരിൽ കൂടുതൽ ലൈംഗികാരോപണങ്ങൾ ഉയർന്നു.

ദിസ് ഈസ് ഇറ്റ് (This Is It) എന്ന ആൽബത്തിന്റെ പണിപ്പുരയിലായിരുന്ന സമയത്തായിരുന്നു അദ്ദേഹത്തിന്റെ മരണം. 2009 ജൂൺ 25 ന് ഹൃദയാഘാതത്തെത്തുടർന്നായിരുന്നു ഇദ്ദേഹത്തിന്റെ മരണം. മരണസമയത്ത് ഇദ്ദേഹം പ്രൊപ്പഫോൾ, ലോറാസെപാം മുതലായ മയക്കുമരുന്നുകൾക്ക് അടിമയായിരുന്നു. ലക്ഷക്കണക്കിന് ജനങ്ങൾ ഇദ്ദേഹത്തിന്റെ മരണാനന്തര ചടങ്ങുകൾ തത്സമയം ടി.വി.യിലൂടെ കണ്ടു. 2010 മാർച്ചിൽ, സോണി മ്യൂസിക്ക് എന്റർടൈൻമെന്റ് മൈക്കിൾ ജാക്സണിന്റെ പാട്ടുകളുടെ 2017 വരെയുള്ള വിതരണാവകാശം 25 കോടി അമേരിക്കൻ ഡോളറുകൾക്ക് സ്വന്തമാക്കി. കൂടാതെ അദ്ദേഹത്തിന്റെ മരണശേഷം പുറത്തിറക്കുന്ന ആൽബത്തിന്റെയും വിതരണാവകാശം അവർ നേടി. മൈക്കിൾ എന്ന് പേര് നൽകിയിട്ടുള്ള ആ ആൽബം 2010 ഡിസംബർ 14 ന് പുറത്തിറങ്ങും.[3][4]

ജീവിതരേഖ[തിരുത്തുക]

1958–1975: ആദ്യകാല ജീവിതം, ദ് ജാക്സൺസ് 5[തിരുത്തുക]

മൈക്ക്‌ൾ ജോസഫ് ജാക്സൺ 1958 ഓഗസ്റ്റ് 29-ന് ഇന്റിയാനയിലെ ഗാരിയിൽ ഒരു തൊഴിലാളി കുടുംബത്തിൽ ജനിച്ചു.[5] ജോസഫ് വാൾട്ടർ "ജോ" ജാക്സൺ, കാഥറീൻ എസ്ഥര്[5] എന്നിവരുടെ ഒമ്പത് മക്കളിൽ ഏഴാമനായാണ് മൈക്ക്‌ൾ ജനിച്ചത്. റെബ്ബി, ജാക്കി, റ്റിറ്റൊ, ജെർമെയ്ൻ, ലാ ടോയ, മർലോൺ, റാന്റി, ജാനെറ്റ് എന്നിവരാണ് സഹോദരങ്ങൾ.[5] ഉരുക്കു മിൽ തൊഴിലാളിയായിരുന്ന അച്ഛനും, അദ്ദേഹത്തിന്റെ സഹോദരൻ ലൂഥറും ദ ഫാൽകൺസ് എന്ന ആർ&ബി സംഗീത സംഘത്തിൽ അംഗമായിരുന്നു.[5] ഭക്തയായ അമ്മ ഒരു യഹോവയുടെ സാക്ഷി-യായാണ് മൈക്കളിനെ വളർത്തിയിരുന്നതെങ്കിലും, വേദപുസ്തകത്തിനു നിരക്കാത്ത പ്രവൃത്തികൾ ചെയ്തു എന്ന ആരോപണത്താൽ സഭയിൽ നിന്നും പുറത്താക്കപ്പെട്ടു.[5]

കുട്ടിക്കാലത്ത് തന്റെ അച്ഛൻ തന്നെ മാനസികമായും ശാരീരികമായും പീഢിപ്പിച്ചിരുന്നുവെന്ന് മൈക്ക്‌ൾ ആരോപിച്ചിട്ടുണ്ട്. എന്നാൽ അച്ഛന്റെ കണിശമായ അച്ചടക്കം തന്റെ വിജയത്തിൽ വലിയൊരു പങ്ക് വഹിച്ചെന്നും ഇദ്ദേഹം പറഞ്ഞിട്ടുണ്ട്.[6][7] ജോസഫ് തന്റെ ആൺ മക്കളെ ഭിത്തിയിലേക്ക് തള്ളി ഇടിപ്പിച്ച് ശിക്ഷിക്കുമായിരുന്നു. ഒരു രാത്രിയില്,. ജോസഫ് ഒരു ഭീകര മുഖം മൂടി ധരിച്ച് ജനലിലൂടെ മൈക്ക്‌ളിന്റെ മുറിയിലേക്ക് കയറുകയും അലറി വിളിച്ച് മൈക്ക്ളിനെ ഭയപ്പെടുത്തുകയും ചെയ്തു. ഉറങ്ങുമ്പോൾ ജനൽ തുറന്നിടരുത് എന്ന് മക്കളെ പഠിപ്പിക്കാനാണത്രേ ജോസഫ് ഇങ്ങനെ ചെയ്തത്. ഈ സംഭവത്തിനുശേഷം അനേക വർഷങ്ങൾ താൻ, കിടപ്പുമുറിയിൽ നിന്ന് തട്ടിക്കൊണ്ട്പോകപ്പെടുന്നതായ ദുസ്വപ്നങ്ങൾ കാണുമായിരുന്നുവെന്ന് ജാക്സണ് പറഞ്ഞിട്ടുണ്ട്. താൻ ജാക്സണെ ചാട്ടവാറുകൊണ്ട് അടിക്കാറുണ്ടായിരുന്നുവെന്ന് 2003-ൽ ജോസഫ് ബിബിസി-ക്ക് നൽകിയ ഒരു അഭിമുഖത്തിൽ സമ്മതിച്ചു.[8]

1993-ൽ ഓപ്ര വിൻഫ്രിയുമായി നടത്തിയ അഭിമുഖത്തിലാണ് ജാക്സൺ താൻ അനുഭവിച്ച ബാല്യകാല പീഡനങ്ങളേക്കുറിച്ച് ആദ്യമായി തുറന്ന് പറഞ്ഞത്. താൻ കുട്ടിക്കാലത്ത് ഏകാന്തത മൂലം കരയാറുണ്ടായിരുന്നെന്നും ചിലപ്പോഴെല്ലാം അച്ഛനെ കാണുമ്പോൾ തനിക്ക് ഛർദ്ദി വരുമെന്നും ഇദ്ദേഹം പറഞ്ഞു.[9][10] 2003-ലെ "ലിവിങ് വിത് മൈക്ക്‌ൾ ജാക്സണ്‍" എന്ന അഭിമുഖത്തിൽ, തന്റെ കുട്ടിക്കാലത്തെ പീഡനങ്ങളേക്കുറിച്ച് പറഞ്ഞപ്പോൾ ഇദ്ദേഹം മുഖം മറച്ച് കരയുകയുണ്ടായി. താനും സഹോദരങ്ങളും പാട്ട് പരിശീലിക്കുമ്പോൾ അച്ഛൻ ഒരു ബെൽറ്റുമായി അത് നോക്കിക്കൊണ്ട് നിൽക്കുമായിരുന്നുവെന്ന് ജാക്സണ് ഓർമിച്ചു.[11]

വളരെ ചെറിയ പ്രായത്തിൽത്തന്നെ ജാക്സൺ സംഗീതത്തിലുള്ള തന്റെ കഴിവ് തെളിയിച്ചു. 1964-ൽ ജാക്സണും മർലോണും, സഹോദരങ്ങളായ ജാക്കി, റ്റിറ്റോ, ജെർമേയ്ൻ എന്നിവർ ചേർന്ന് തുടങ്ങിയ ജാക്സൺ ബ്രദേഴ്സ് എന്ന സംഗീത സംഘത്തിൽ അംഗങ്ങളായി. ആദ്യകാലങ്ങളിൽ സംഘത്തിൽ യഥാക്രമം കോംഗാസ്, ടാമ്പറിൻ വായനക്കാരായിരുന്നു ഇവർ. ജാക്സൺ പിന്നീട് സംഘത്തിലെ ഗായകനും നർത്തകനുമായി മാറി. തന്റെ എട്ടാം വയസിൽ ജാക്സണും സഹോദരൻ ജെർമേയ്നും സംഘത്തിലെ പ്രധാന ഗായകരുടെ സ്ഥാനം ഏറ്റെടുത്തു. സംഘത്തിന്റെ പേര് ദ ജാക്സൺസ് 5 എന്നാക്കി. ഇവർ 1966-88 കാലയളവിൽ മദ്ധ്യപടിഞ്ഞാറൻ യു.എസിൽ അനേകം പര്യടനങ്ങൾ നടത്തി. കറുത്തവർഗ്ഗക്കാർക്ക് വേണ്ടിയുള്ള ക്ലബ്ബുകളുടെ കൂട്ടമായ ചിറ്റ്ലിൻ സർക്യൂട്ടിൽ ഇവർ ഇടക്കിടെ പ്രകടനങ്ങൾ നടത്തി. സ്ട്രിപ്ടീസ് പോലെയുള്ള ലൈംഗിക വിനോദങ്ങൾക്ക് ആമുഖമായാണ് ഇവർ പലപ്പോഴും പാടിയിരുന്നത്. 1966-ൽ ഒരു ആ പ്രദേശത്തെ പ്രശസ്തമായ ഒരു ഗാനമത്സരത്തിൽ ഇവർ വിജയികളായി. മോടൗണിന്റെ ഹിറ്റുകളും ജെയിംസ് ബ്രൗണിന്റെ ഐ ഗോട്ട് യു (ഐ ഫീൽ ഗുഡ്) എന്ന ഗാനവുമാണ് ഇവർ മത്സരത്തിൽ അവതരിപ്പിച്ചത്.

ദ ജാക്സൺസ് 5 പല ഗാനങ്ങൾ റെക്കോർഡ് ചെയ്തു. 1967-ൽ പ്രാദേശിക റെക്കോർഡ് ലേബലായ സ്റ്റീൽടൗണിനു വേണ്ടി ബിഗ് ബോയ് എന്ന ഗാനം ആലപിച്ചു. 1968-ൽ മോടൗണുമായി കരാറിൽ ഏർപ്പെട്ടു. സംഗീത മാസികയായ റോളിങ് സ്റ്റോൺസ് കുഞ്ഞു ജാക്സണെ "സംഗീതത്തിൽ അദ്ഭുദകരമായ കഴിവുകളുള്ളവനായി" വിശേഷിപ്പിച്ചു. സംഘത്തിന്റെ ആദ്യ നാല് സിങ്കിൾസും ("ഐ വാണ്ട് യു ബാക്ക്", "എബിസി", "ദ ലൗവ് യു സേവ്," ഐ'ൽ ബി ദേർ") ബിൽബോർഡ് ഹോട്ട് 100-ൽ ഒന്നാം സ്ഥാനം വരെയെത്തി.

1972-ൽ തുടങ്ങി, മോടൗണുമൊത്ത് ജാക്സൺ 4 സോളോ സ്റ്റുഡിയോ ആൽബങ്ങൾ പുറത്തിറക്കി. അവയിൽ "ഗോട്ട് റ്റു ബി ദേർ", "ബെൻ" എന്നിവ ജാക്സൺസ് 5 ഫ്രാഞ്ചൈസിയുടെ ഭാഗമായിത്തന്നെയാണ് പുറത്തിറക്കിയത്. ആ ആൽബങ്ങളിലെ "ഗോട്ട് റ്റു ബി ദേർ", "ബെൻ", "റോക്കിൻ റോബിൻ" (ബോബി ഡേയുടെ ഗാനത്തിന്റെ റീമേക്ക്), എന്നീ ഗാനങ്ങൾ വൻവിജയങ്ങളായി. 1973-ൽ ഇവരുടെ വില്പ്പന കുറഞ്ഞുതുടങ്ങി. ഗാനങ്ങളിൽ ക്രിയാത്മകമായ ഇടപെടലുകൾ നടത്താൻ മോടൗൺ അനുവദിക്കാതിരുന്നത് ജാക്സൺസ് 5 അംഗങ്ങളെ അസ്വസ്ഥരാക്കി. 1975-ൽ അവർ മോടൗണുമായുള്ള കരാറിൽ നിന്ന് പിന്മാറി.

1975–81: എപ്പിക്കിലേക്ക്, ഓഫ് ദ വാൾ[തിരുത്തുക]

1975-ൽ ജാക്സൺസ് 5 സിബിഎസ് റെക്കോർഡ്സുമായി കരാറിലേർപ്പെട്ട് അതിന്റെ ഫിലാഡെല്ഫിയ അന്താരാഷ്ട്ര റെക്കോർഡ്സ് വിഭാഗത്തിൽ (പിന്നീട് എപിക് റെക്കോർഡസ് എന്നറിയപ്പെട്ടു) അംഗങ്ങളാവുകയും ചെയ്തു. സംഘത്തിന്റെ പേര് ദ ജാക്സൺസ് എന്നാക്കി. അന്താരാഷ്ട്ര പര്യടനങ്ങൾ തുടർന്ന ഇവർ 1976 - 1984 കാലയളവിൽ 6 ആൽബങ്ങൾ പുറത്തിറക്കി. അക്കാലത്ത് ജാക്സണായിരുന്നു പ്രധാന ഗാനരചയിതാവ്. "ഷേക്ക് യുവർ ബോഡി (ഡൗൺ റ്റു ദ ഗ്രൗണ്ട്)", "ദിസ് പ്ലേസ് ഹോട്ടെൽ", "കാൻ യു ഫീൽ ഇറ്റ്" തുടങ്ങിയവ ജാക്സൺ എഴുതിയ ഹിറ്റ് ഗാനങ്ങളിൽ ചിലതാണ്.

1978-ൽ "ദ വിസ്" എന്ന സംഗീത ചലച്ചിത്രത്തിൽ ജാക്സൺ നോക്കുകുത്തിയായി അഭിനയിച്ചു. ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ച ജോൺസ് ക്വിൻസിയുമായി ജാക്സൺ കൂട്ടുകെട്ടുണ്ടാക്കി. ജാക്സന്റെ അടുത്ത സോളോ ആൽബമായ "ഓഫ് ദ വാൾ" നിർമ്മിക്കാമന്ന് ജോൺസ് സമ്മതിച്ചു. 1979-ൽ കഠിനമായ ഒരു നൃത്ത പരിശീലനത്തിനിടെയുണ്ടായ ഒരു അപകടത്തിൽ ജാക്സന്റെ മൂക്കൊടിഞ്ഞു. റൈനോപ്ലാസ്റ്റി ശസ്ത്രക്രിയ നടത്തിയെങ്കിലും അത് പൂർണമായും ഫലപ്രദമായില്ല. ഇതേത്തുടർന്ന് ജാക്സണ്, തന്റെ കരിയറിനെത്തന്നെ ബാധിക്കാവുന്ന തരത്തിലുള്ള ശ്വാസതടസം അനുഭവപ്പെട്ടു . ഡോക്ടർ സ്റ്റീഫൻ ഹോഫിൻ ജാക്സന്റെ രണ്ടാമത്തെ റൈനോപ്ലാസ്റ്റി നടത്തി. ഇദ്ദേഹം തന്നെയാണ് ജാക്സന്റെ പിന്നീടുള്ള മിക്ക ശസ്ത്രക്രിയകളും ചെയ്തത്.

ജോൺസും ജാക്സണും ഒരുമിച്ചാണ് ഓഫ് ദ വാൾ നിർമിച്ചത്. ജാക്സൺ, റോഡ് ടെമ്പർട്ടൺ, സ്റ്റീവി വണ്ടർ, പോൾ മക്കാർട്ടിനി തുടങ്ങിയവരാണ് ഇതിലെ ഗാനങ്ങൾ രചിച്ചത്. 1979-ൽ പുറത്തിറങ്ങിയ ഇത് യുഎസ് ടോപ് 10-ൽ എത്തിയ നാല് ഗാനങ്ങൾ ഉൾപ്പെടുന്ന ആദ്യ ആൽബമായി. ആൽബത്തിലെ "ഡോണ്ട് സ്റ്റോപ് ടിൽ യു ഗെറ്റ് ഇനഫ്","റോക്ക് വിത് യു" എന്നീ ഗാനങ്ങൾ ചാർട്ടിൽ ഒന്നാം സ്ഥാനത്തെത്തി. ബിൽബോർഡ് 200-ൽ 3-ആം സ്ഥാനം വരെയെത്തിയ ഈ ആൽബത്തിന്റെ 2 കോടി പതിപ്പുകൾ വിറ്റഴിഞ്ഞു. 1980-ലെ അമേരിക്കൻ മ്യൂസിക് അവാർഡ്സിൽ ജാക്സൺ 3 പുരസ്കാരങ്ങൾ നേടി. ജനപ്രിയ സോൾ/ആർ&ബി ആൽബം, ജനപ്രിയ ആൺ സോൾ/ആർ&ബി ഗായകൻ, ജനപ്രിയ സോൾ/ആർ&ബി എന്നിവക്കായിരുന്നു അവ. പുരുഷന്മാരിലെ മികച്ച ആർ&ബി ഗാനാലാപനത്തിനും, "ഡോണ്ട് സ്റ്റോപ് ടിൽ യു ഗെറ്റ് ഇനഫ്" എന്ന ഗാനത്തിനും ഗ്രാമി പുരസ്കാരം ലഭിച്ചു. വാണിജ്യപരമായി വിജയിച്ചെങ്കിലും, ഓഫ് ദ വാൾ ഇതിലും വലിയൊരു സ്വാധീനമുണ്ടാക്കേണ്ടതായിരുന്നു എന്ന് ജാക്സൺ കരുതി. അടുത്ത ആൽബങ്ങളിൽ എല്ലാ പ്രതീക്ഷകളേയും മറികടന്നുള്ള വിജയം നേടണമെന്ന് ജാക്സൺ ഉറപ്പിച്ചു. 1980-ൽ സംഗീത വ്യവസായത്തിലെ ഏറ്റവും ഉയർന്ന റോയൽറ്റി നിരക്ക് ജാക്സണ് ലഭിച്ചു - ആൽബത്തിന്റെ മൊത്തക്കച്ചവട ലാഭത്തിലെ 37 ശതമാനം.

1982–83: ത്രില്ലർ, മോടൗൺ 25[തിരുത്തുക]

1982-ൽ, ഇ.ടി. ദ എക്സ്ട്രാ ടെറട്രിയൽ എന്ന ചിത്രത്തിന്റെ സ്റ്റോറിബുക്കിനായി "സം‌വൺ ഇൻ ദ ഡാർക്" എന്ന ഗാനം ജാക്സൺ പാടി. അതിന് കുട്ടികൾക്കായുള്ള മികച്ച ആൽബത്തിനുള്ള ഗ്രാമി പുരസ്കാരം നേടി. ആ വർഷം തന്നെ ജാക്സൺ എപ്പിക്കിലൂടെയുള്ള തന്റെ രണ്ടാമത്തെ ആൽബം ത്രില്ലർ പുറത്തിറക്കി. ക്രമേണ ഇത് എക്കാലത്തെയും ഏറ്റവും മികച്ച സാമ്പത്തിക വിജയം നേടിയ ആൽബമായി. ഈ ആൽബം ബിൽബോർഡ് 200-ൽ ഏറ്റവും ഉയർന്ന 10 സ്ഥാനങ്ങളിൽ തുടർച്ചയായ 80 ആഴ്ചകൾ ഇടംനേടി. അതിൽ 37 ആഴ്ച ഒന്നാം സ്ഥാനവും നേടി. ബിൽബോർഡ് 200-ലെ ആദ്യ 10 സ്ഥാനങ്ങളിൽ 7 ഗാനങ്ങൾ ഇടംനേടിയ ആദ്യ ആൽബമായിരുന്നു ഇത്. "ബില്ലി ജീൻ", "ബീറ്റ് ഇറ്റ്" , "വാണ ബി സ്റ്റാർട്ടിൻ' സംതിൻ'" എന്നീ ഗാനങ്ങൾ അവയിൽ ഉൾപ്പെടുന്നു. ആർ.ഐ.ഐ.എ.-യുടെ കണക്കുകൾ പ്രകാരം യുണൈറ്റഡ് സ്റ്റേറ്റ്സിൽ ഇതിന്റെ 2.8 കോടി പ്രതികളാണ് വിറ്റഴിയപ്പെട്ടിട്ടുള്ളത്. ലോകത്തിലെ ഏറ്റവുമധികം വിൽക്കപ്പെട്ട ആൽബമായ ത്രില്ലറിന്റെ ലോകമൊട്ടാകെയുള്ള വില്പന 11 കോടി പ്രതികളാണ്. വിൽക്കപ്പെടുന്ന ഓരോ ആൽബത്തിനും ഏകദേശം 3 ഡോളറായിരുന്നു ജാക്സണ് അന്ന് ലഭിച്ചിരുന്ന റോയൽറ്റി. സംഗീത വ്യവസായ ചരിത്രത്തിലെ ഏറ്റവും ഉയർന്ന റോയൽറ്റി നിരക്ക്. സിഡികളുടേയും ജോൺ ലാന്റിസിനോടൊത്ത് നിർമിച്ച "മേക്കിങ് ഓഫ് മൈക്ക്‌ൾ ജാക്സൺസ് ത്രില്ലർ" എന്ന ഡോക്യുമെന്ററിയുടെയും വില്പനയിലൂടെ ജാക്സൺ വൻ ലാഭം നേടി. എംടിവി മുതൽമുടക്കി നിർമിച്ച ഈ ഡോക്യുമെന്ററിയുടെ 350,000 പ്രതികളാണ് ചുരുങ്ങിയ മാസങ്ങൾക്കുള്ളിൽ വിറ്റുപോയത്. ദിനംപ്രതി പ്രശസ്തി വർദ്ധിച്ചുവന്ന ജാക്സന്റെ രൂപത്തിലുള്ള പാവകൾ 1984 മെയിൽ വിപണിയിലിറങ്ങി. 12 ഡോളറായിരുന്നു അവയുടെ വില. ജീവചരിത്ര രചയിതാവായ ജെ. റാന്റി ടറബൊറെല്ലി ഇങ്ങനെ എഴുതി - "ത്രില്ലർ ഒരു മാസികയോ കളിപ്പാട്ടമോ സിനിമാ ടിക്കറ്റോ പോലെ ഒരു വിനോദോപാധി വിൽക്കപ്പെടുന്നത് പോലെയല്ല, മറിച്ച് വീട്ടിലുപയോഗിക്കുന്ന സ്റ്റേപ്പിൾ പോലെയാണ് അതിന്റെ വില്പന."

1984–85: പെപ്സി, വി ആർ ദ വേൾഡ്, വ്യാപാര ജീവിതം[തിരുത്തുക]

1984 ജനുവരി 27-ന് ജാക്സന്റെ ആരോഗ്യത്തെ കാര്യമായി ബാധിച്ച ഒരപകടമുണ്ടായി. ലോസ് ഏഞ്ചലസിലെ ഷ്രൈൻ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പെപ്സി കോളയുടെ പരസ്യ ചിത്രീകരണത്തിനിടെ ജാക്സന്റെ തലക്ക് തീ പിടിച്ചു. തലയുടെ മുകൾ ഭാഗത്ത് രണ്ടാം ഡിഗ്രിയിലുള്ള പൊള്ളലേറ്റു. അനേകം ആരാധകരുടെ മുന്നിൽ വച്ചാണ് ഇത് സംഭവിച്ചത്. ജനങ്ങളിൽ ജാക്സനോട് സഹതാപമുണ്ടാക്കുവാൻ ഈ സംഭവം കാരണമായി. ഇതിനുശേഷം ജാക്സൺ തന്റെ മൂന്നാമത്തെ റൈനോപ്ലാസ്റ്റി നടത്തി. തലയിലെ പാടുകൾ മായ്ക്കുവാനുള്ള ചികിത്സകളും ആരംഭിച്ചു. തനിക്ക് പെപ്സിയിൽ നിന്ന് നഷ്ടപരിഹാരമായി ലഭിച്ച 15 ലക്ഷം ഡോളർ ജാക്സൺ കാലിഫോർണിയയിലെ കൾവർ സിറ്റിയിലെ ബ്രോട്ട്മാൻ മെഡിക്കൽ സെന്ററിന് സംഭാവന ചെയ്തു. അവിടെ ഇപ്പോൾ ജാക്സന്റെ പേരിലുള്ള ഒരു പൊള്ളൽ ചികിത്സാ കേന്ദ്രം പ്രവർത്തിക്കുന്നുണ്ട്.

മതം മാറ്റം[തിരുത്തുക]

മൈക്കിൾ ജാക്സൺ മതം മാറുന്നതിനെക്കുറിച്ചുള്ള വാർത്ത സൺ മാഗസിനാണ് ആദ്യമായി റിപ്പോർട്ട് ചെയ്യുന്നത്. ലണ്ടനിലെ ഒരു ഇമാമുമായി ഇത്‌ സംബന്ധിച്ച്‌ ചർച്ച നടത്തിയതായും മതംമാറ്റത്തിന്റെ ഭാഗമായി ഈ പശ്ചാത്തലമുള്ള പുതിയൊരു ഗാനം ചിട്ടപ്പെടുത്തുന്നു എന്നുള്ളതാണ് സൺ മാഗസിൻ പുറത്തുവിട്ട വിവരങ്ങൾ. മുഹമ്മദ്‌ എന്ന പേരാണ്‌ ഇമാം നിർദേശിച്ചിരുന്നതെങ്കിലും അല്ലാഹുവിന്റെ അനുയായിയായിരുന്ന മിഖായിലിന്റെ പേർ സ്വീകരിക്കാൻ തീരുമാനിച്ചെന്നും ഈ റിപ്പോർട്ടിൽ പറയുന്നു.[12] ജാക്സന്റെ ഖബറടക്കം; മൃതദേഹം ഇസ്ലാംമതാചാര പ്രകാരം ഖബറടക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതിനായി അദ്ദേഹന്റെ‚ കുടുംബം പള്ളി ഇമാമുമായി ചർച്ചകൾ നടത്തി.അദ്ദേഹത്തിന്റെ സഹോദരൻ‚ ജെറമെയ്ൻ 20 വർഷമായി മുസ്ലിമാണ്. അടുത്ത കാലത്തായി നാഷൻ ഓഫ് ഇസ്ലാം എന്ന യു.എസ് സംഘടനയുമായി ജാക്സൺ അടുത്ത ബന്ധം പുലർത്തിയിരുന്നു [13]

അവലംബം[തിരുത്തുക]

 1. "The King of Our Times". The Sunday Times (Sri Lanka). 2007-01-07. ശേഖരിച്ചത് 2008-04-06. 
 2. Taraborrelli, p. 453–454
 3. ""Michael" Single Announcement and Tracklisting". MichaelJackson.com. ശേഖരിച്ചത് 2010-11-12. 
 4. "Michael Jackson's New Album Out Dec. 14". Billboard. ശേഖരിച്ചത് 2010-11-05. 
 5. 5.0 5.1 5.2 5.3 5.4 George, p. 20
 6. "Michael Jackson - The King of Pop or Wacko Jacko?". crime.about.com. ശേഖരിച്ചത് 2009-06-27. 
 7. "Michael Jackson's Secret Childhood". VH1. ശേഖരിച്ചത് June 20, 2008. 
 8. "Can Michael Jackson's demons be explained?". BBC. 2009-06-27. ശേഖരിച്ചത് 2009-06-28. 
 9. Campbell (1995), pp. 14–16
 10. Lewis, pp. 165–168
 11. Taraborrelli, p. 602
 12. http://www.mathrubhumi.com/php/newsFrm.php?news_id=1265755&n_type=HO&category_id=1&Farc=&previous=Y
 13. തേജസ് 6/29/2009


"https://ml.wikipedia.org/w/index.php?title=മൈക്ക്‌ൾ_ജാക്സൺ&oldid=2157485" എന്ന താളിൽനിന്നു ശേഖരിച്ചത്