ഉള്ളടക്കത്തിലേക്ക് പോവുക

മാർലൺ ബ്രാൻഡോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മാർലൺ ബ്രാൻഡോ
Publicity photo for The Wild One (1953)
ജനനം
മാർലൺ ബ്രാൻഡോ ജൂനിയർ

(1924-04-03)ഏപ്രിൽ 3, 1924
മരണംജൂലൈ 1, 2004(2004-07-01) (80 വയസ്സ്)
മരണകാരണംശ്വാസ തടസം
ദേശീയതഅമേരിക്കൻ
വിദ്യാഭ്യാസംദ ന്യൂ സ്കൂൾ
കലാലയംഅമേരിക്കൻ തിയേറ്റർ വിംഗ് പ്രൊഫഷണൽ സ്കൂൾ
തൊഴിൽ(കൾ)നടൻ, ചലച്ചിത്ര സംവിധായകൻ
സജീവ കാലം1944–2004
ജീവിതപങ്കാളി(കൾ)അന്ന കാഷ്ഫി (1957–59)
മോവിറ്റ കാസ്റ്റനേഡ (1960–62)
ടാരിറ്റ ടെറിപിയ (1962–72)
കുട്ടികൾ13, including:
ക്രിസ്റ്റ്യൻ ബ്രാൻഡോ (deceased)
ചെയെൻ ബ്രാൻഡോ (deceased)
സ്റ്റീഫൻ ബ്ലാക്ക്‌ഹാർട്ട് ഉൾപ്പെടെ 13.
മാതാപിതാക്കൾമർലോൺ ബ്രാൻഡോ, സീനിയർ
ഡോഡി ബ്രാൻഡോ
വെബ്സൈറ്റ്http://www.marlonbrando.com/

ഗോഡ്‌ഫാദർ എന്ന ഹോളിവുഡ് ചിത്രത്തിലെ ഒരു കേന്ദ്ര കഥാപാത്രമായ വിറ്റോ കൊറിയോണിയെ അവതരിപ്പിച്ച വിഖ്യാത നടനാണ് മാർലൺ ബ്രാൻഡോ (Marlon Brando). സിനിമാ ചരിത്രത്തിലെ ഏറ്റവും മികച്ച അഭിനേതാവും സ്വാധീനമുള്ള നടന്മാരിൽ ഒരാളുമായി വ്യാപകമായി കണക്കാക്കപ്പെടുന്ന ബ്രാൻഡോയ്ക്ക് ആറ് പതിറ്റാണ്ടുകളായി നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. അതിൽ രണ്ട് അക്കാദമി അവാർഡുകൾ, രണ്ട് ഗോൾഡൻ ഗ്ലോബ് അവാർഡുകൾ, ഒരു കാൻ ഫിലിം ഫെസ്റ്റിവൽ അവാർഡ്, മൂന്ന് ബ്രിട്ടീഷ് അക്കാദമി ഫിലിം അവാർഡുകൾ, ഒരു എമ്മി അവാർഡ് എന്നിവ ഉൾപ്പെടുന്നു. സ്റ്റാനിസ്ലാവ്സ്കി അഭിനയ സമ്പ്രദായവും അഭിനയ രീതിയും മുഖ്യധാരാ പ്രേക്ഷകരിലേക്ക് കൊണ്ടുവന്ന ആദ്യത്തെ നടന്മാരിൽ ഒരാളാണ് ബ്രാൻഡോ.

നാടകവേദിയിലൂടെ തന്റെ കരിയർ ആരംഭിച്ച അദ്ദേഹം കഥാപാത്രങ്ങളെ സമർത്ഥമായി അവതരിപ്പിച്ചതിന്റെ പേരിൽ പ്രശംസിക്കപ്പെട്ടു. 1944-ൽ ഐ റിമെമ്പർ മാമ എന്ന നാടകത്തിലൂടെയാണ് അദ്ദേഹം ബ്രോഡ്‌വേ നാടകവേദിയിൽ അരങ്ങേറ്റം കുറിച്ച അദ്ദേഹം 1946-ൽ കാൻഡിഡ, ട്രക്ക്ലൈൻ കഫേ എന്നീ നാടകങ്ങളിലെ അഭിനയത്തിന് തിയേറ്റർ വേൾഡ് അവാർഡുകൾ നേടി.

അമേരിക്കൻ ഐക്യനാടുകളിലെ നെബ്രാസ്ക സംസ്ഥാനത്തെ ഒമാഹയിൽ 1924 ഏപ്രിൽ മൂന്നിനു മാർലൺ ബ്രാൻഡോ ജനിച്ചു. 1943-ൽ ന്യുയോർക്കിൽ എത്തി അഭിനയം പഠിച്ച ബ്രാൻഡോ നാടകതിലെക്കാണ് ആദ്യം തിരിഞ്ഞത്. വിഖ്യാത നാടക കൃത്തായ ടെന്നസീ വില്യംസിന്റെ 'എ സ്ട്രീറ്റ്‌ കാർ നെയിമ്ഡ് ഡിസയർ ' എന്ന നാടകത്തിലെ സ്റ്റാൻലി കൊവൽസ്കിയെ 1947-ൽ വേദിയിൽ അനസ്വരമാക്കിയതോടെ ബ്രാൻഡോ പ്രശസ്തനായി. 1951-ൽ എലിയ കസാൻ സംവിധാനം ചെയ്ത ചലച്ചിത്രാവിഷ്കാരത്തിൽ അദ്ദേഹം ഈ വേഷം വീണ്ടും അവതരിപ്പിച്ചിരുന്നു.

1950-ൽ പുറത്തിറങ്ങിയ ദി മെൻ എന്ന ചിത്രത്തിൽ പരിക്കേറ്റ യു.എസ്. സൈനികന്റെ വേഷത്തിലൂടെ അദ്ദേഹം സിനിമാ അരങ്ങേറ്റം നടത്തി. 1954-ൽ പുറത്തിറങ്ങിയ ഓൺ ദി വാട്ടർഫ്രണ്ട് എന്ന കുറ്റാന്വേഷണ നാടകീയ  ചിത്രത്തിലെ ഡോക്ക് വർക്കർ കഥാപാത്രത്തിലൂടെയും 1972-ൽ പുറത്തിറങ്ങിയ ദി ഗോഡ്ഫാദർ എന്ന ഗ്യാങ്സ്റ്റർ ഇതിഹാസത്തിലെ വിറ്റോ കോർലിയോണിന്റെ വേഷത്തിലൂടെയും മികച്ച നടനുള്ള രണ്ട് അക്കാദമി അവാർഡുകൾ അദ്ദേഹത്തെ തേടിയെത്തി. എ സ്ട്രീറ്റ്കാർ നെയിംഡ് ഡിസയർ (1951) എന്ന ചിത്രത്തിലെ സ്റ്റാൻലി കൊവാൽസ്‌കിയുടെ വേഷം, വിവ സപാറ്റ (1952) എന്ന ചിത്രത്തിലെ എമിലിയാനോ സപാറ്റ, ജൂലിയസ് സീസറിലെ (1953) മാർക്ക് ആന്റണി, സയോനാര (1957) എന്ന ചിത്രത്തിലെ വ്യോമസേനാ പൈലറ്റ്, ലാസ്റ്റ് ടാങ്കോ ഇൻ പാരീസ് (1973) എന്ന ചിത്രത്തിലെ അമേരിക്കൻ പ്രവാസി, എ ഡ്രൈ വൈറ്റ് സീസൺ (1989) എന്ന ചിത്രത്തിലെ അഭിഭാഷകൻ എന്നീ വേഷങ്ങൾക്ക് അദ്ദേഹം ഓസ്കാർ നോമിനേഷൻ നേടിയിട്ടുണ്ട്.

ദി വൈൽഡ് വൺ (1953) എന്ന ചിത്രത്തിലെ വിമതനായ മോട്ടോർ സൈക്കിൾ-സംഘ നേതാവ് ജോണി സ്ട്രബ്ലർ പോലുള്ള ജനപ്രിയ കഥാപാത്രങ്ങളെ അവതരിപ്പിച്ചതിലൂടെയാണ് ബ്രാൻഡോ പ്രേക്ഷകർക്കിടയിൽ‍ അറിയപ്പെടുന്നത്.  കൂടാതെ അദ്ദേഹത്തിന്റെ വിമത കഥാപാത്രങ്ങളിലെ വേഷങ്ങളിലൂടെ ആ കാലഘട്ടത്തിലെ "തലമുറ വിടവിന്റെ" ഒരു പ്രതീകമായി അദ്ദേഹം കാണപ്പെട്ടു. ഗൈസ് ആൻഡ് ഡോൾസ് (1955), ദി യംഗ് ലയൺസ് (1958), ദി ഫ്യൂജിറ്റീവ് കൈൻഡ് (1960), ദി ചേസ് (1966), ബേൺ! (1969), ദി മിസോറി ബ്രേക്ക്സ് (1976), സൂപ്പർമാൻ (1978), അപ്പോക്കലിപ്സ് നൗ (1979),  ദി ഫ്രെഷ്മാൻ (1990) തുടങ്ങിയ ചിത്രങ്ങളിലും അദ്ദേഹം മികച്ച വേഷങ്ങൾ അവതരിപ്പിച്ചു. ബോക്സ് ഓഫീസിൽ മോശം പ്രകടനം കാഴ്ചവച്ച വൺ-ഐഡ് ജാക്സ് (1961) എന്ന പാശ്ചാത്യ നാടകീയ ചിത്രത്തീലൂടെ അദ്ദേഹം സംവിധായകനായി അരങ്ങേറ്റം കുറക്കുകയും കൂടാതെ അതിൽ അഭിനയിക്കുകയും ചെയ്തു.

റൂട്ട്സ്: ദി നെക്സ്റ്റ് ജനറേഷൻസ് (1979) എന്ന എബിസി മിനിപരമ്പരയിലെ അഭിനയത്തിന് ഒരു പരിമിത പരമ്പര അല്ലെങ്കിൽ സിനിമയിലെ മികച്ച സഹനടനുള്ള പ്രൈംടൈം എമ്മി അവാർഡ് ബ്രാൻഡോ നേടി, അതിനുശേഷം അദ്ദേഹം അഭിനയത്തിൽനിന്ന് ഒമ്പത് വർഷത്തെ ഇടവേളയെടുത്തു. പിന്നീട് സിനിമയിലേക്ക് മടങ്ങിയ അദ്ദേഹം വാണിജ്യപരവും നിരൂപക പ്രശംസ നേടിയതുമായി ഒരുപിടി ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടു. അദ്ദേഹത്തിന്റെ ജീവിതത്തിലെ അവസാന രണ്ട് ദശകങ്ങൾ വിവാദങ്ങൾ നിറഞ്ഞതായിരുന്നു. അദ്ദേഹത്തിന്റെ പ്രശ്‌നകലുശിതമായ സ്വകാര്യ ജീവിതം പൊതുജനശ്രദ്ധ നേടുന്നിതിന് കാരണമായി. മാനസികാവസ്ഥയിലെ തകരാറുകളും നിയമപരമായ പ്രശ്നങ്ങളും അദ്ദേഹം നേരിട്ടു. അദ്ദേഹത്തിന്റെ അവസാനകാല ചിത്രങ്ങൾ ദി ഐലൻഡ് ഓഫ് ഡോ. മോറോ (1996), ദി സ്കോർ (2001) എന്നിവയാണ്.

ഒരു സാമൂഹിക പ്രവർത്തകനും ആയിരുന്നു ബ്രാണ്ടോ. അമേരിക്കൻ പൗരാവകാശ പ്രസ്ഥാനം, അമേരിക്കൻ ഇന്ത്യൻ പ്രസ്ഥാനങ്ങൾ എന്നിവയിൽ ബ്രാണ്ടോ പങ്കുചേർന്നു. അമേരിക്കൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് തയ്യാറാക്കിയ എക്കാലത്തെയും മികച്ച നടന്മാരുടെ പട്ടികയിൽ ബ്രാണ്ടോ നാലാമതാണ്.

ചലച്ചിത്ര ജീവിതം

[തിരുത്തുക]

1950-ൽ പുറത്തിറങ്ങിയ 'ദി മെൻ' ആയിരുന്നു ബ്രാൻഡോയുടെ ആദ്യത്തെ ചിത്രം. 1951-ൽ ഏലിയ കസൻ 'സ്ട്രീറ്റ്‌ കാർ ' സിനിമ ആക്കിയപ്പോൾ ബ്രാൻഡോ തന്നെയാണ് കൊവല്സ്കി ആയി വേഷമിട്ടത്. ചരിത്രം സൃഷ്‌ടിച്ച ഈ ചിത്രം ബ്രാൻഡോയെ പ്രശസ്തിയിലേക്ക് ഉയർത്തി.'വിവ സപാത്ത' യിൽ മെക്സിക്കൻ വിപ്ലവകാരിയായ എമിലിയാനോ സപാത്തയുടെ വേഷമായിരുന്നു ബ്രാൻഡോ കൈകാര്യം ചെയ്തത്. ഹോളിവുഡിലെ ഏറ്റവും വലിയ തരാം എന്നാ നിലയിലേക്ക് ബ്രാൻഡോ കുതിച്ചുയർന്നു. അഭിനയ ചാതുര്യം നിറഞ്ഞ ചിത്രങ്ങൾ ഒന്നൊന്നായി പുറത്തിറങ്ങി. ജൂലിയസ് സീസർ , ദി വൈൽഡ്‌ വൺ, ഓൺ ദി വാട്ടർ ഫ്രെണ്ട്, ഗെയ്സ്‌ ആൻഡ്‌ ഡോള്ല്സ് , ദി ഫുജിടീവ് കൈൻഡ് തുടങ്ങിയ ചിത്രങ്ങൾ ജന ശ്രദ്ധ പിടിച്ചു പറ്റി.

അറുപതുകളിൽ ഇറങ്ങിയ ചില ചിത്രങ്ങൾ പരാജയപെട്ടതോടെ അദ്ദേഹത്തിന്റെ പ്രഭ മങ്ങി തുടങ്ങി. പക്ഷെ , 1972-ൽ ഫോർഡ്‌ കൊപ്പോല സംവിധാനം ചെയ്ത 'ദി ഗോഡ്ഫാദർ' ലൂടെ അദ്ദേഹം തിരിച്ചു വന്നു. ഈ ചിത്രത്തിലെ വിറ്റോ കൊറിയോനി എന്നാ കഥാപാത്രത്തിനെ അവതരിപ്പിച്ചതിന് അദ്ദേഹത്തിന് ഓസ്കാർ ലഭിച്ചു. ഓൺ ദി വാട്ടർഫ്രണ്ടിനും ഓസ്കാർ ലഭിച്ചിരുന്നു.

2004 ജൂലൈ 1-ന്, ബ്രാണ്ടോ ശ്വാസകോശ സംബന്ധമായ ഫൈബ്രോസിസ് മൂലവും ഹൃദയസ്തംഭനം മൂലവും യുസിഎൽഎ മെഡിക്കൽ സെന്ററിൽ വച്ച് അന്തരിച്ചു.[1] മരണകാരണം ആദ്യം വെളിപ്പെടുത്തിയിരുന്നില്ലെന്ന് സ്വകാര്യതാ ആശങ്കകൾ ചൂണ്ടിക്കാട്ടിക്കൊണ്ട് അദ്ദേഹത്തിന്റെ അഭിഭാഷകൻ പറഞ്ഞു. അദ്ദേഹത്തിന് പ്രമേഹവും കരൾ കാൻസറും ഉണ്ടായിരുന്നു.[2] മരണത്തിന് തൊട്ടുമുമ്പ്, ശ്വസിക്കാൻ ഓക്സിജൻ മാസ്ക് ആവശ്യമായി വന്നിട്ടുകൂടി, ദി ഗോഡ്ഫാദർ എന്ന വീഡിയോ ഗെയിമിൽ വീണ്ടും ഡോൺ വിറ്റോ കോർലിയോൺ എന്ന കഥാപാത്രത്തിനായി അദ്ദേഹം തന്റെ ശബ്ദം റെക്കോർഡുചെയ്‌തിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനാൽ ബ്രാൻഡോ ഒരു വരി മാത്രമേ റെക്കോർഡ് ചെയ്തിട്ടുള്ളൂ, അദ്ദേഹത്തിന്റെ വരികൾ പൂർത്തിയാക്കാൻ ഒരു ഡബ്ബിംഗ് ആർട്ടിസ്റ്റിനെ നിയമിച്ചു. ആ നടനോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ റെക്കോർഡ് ചെയ്ത ഒറ്റ വരി അവസാന ഗെയിമിൽ ഉൾപ്പെടുത്തി. അദ്ദേഹത്തിന്റെ കഥാപാത്രത്തിലെ ചില അധിക വരികൾ സിനിമയിൽ നിന്ന് നേരിട്ട് എടുത്തതാണ്. ബ്രാൻഡോയുടെ മൂന്ന് ചിത്രങ്ങളിൽ (എ സ്ട്രീറ്റ്കാർ നെയിംഡ് ഡിസയർ, ഓൺ ദി വാട്ടർഫ്രണ്ട്, വൺ-ഐഡ് ജാക്സ്) സഹനടനായി അഭിനയിച്ച കാൾ മാൽഡൻ, ബ്രാൻഡോയുടെ മരണത്തിന് തൊട്ടുമുമ്പ് ബ്രാൻഡോയിൽ നിന്ന് തനിക്ക് ലഭിച്ച ഒരു ഫോൺ കോളിനെക്കുറിച്ച് എ സ്ട്രീറ്റ്കാർ നെയിംഡ് ഡിസയറിന്റെ ഡിവിഡിക്കൊപ്പമുള്ള ഒരു ഡോക്യുമെന്ററിയിൽ സംസാരിച്ചു

ബ്രാൻഡോയെ ദഹിപ്പിക്കുകയും അദ്ദേഹത്തിന്റെ ചിതാഭസ്മം വാലി കോക്‌സിന്റെ ചിതാഭസ്മത്തോടൊപ്പം ഭാഗികമായി താഹിതിയിലും ഭാഗികമായി ഡെത്ത് വാലിയിലും വിതറി.[3][4]

ഓസ്കാർ വിവാദം

[തിരുത്തുക]

1973ൽ 'ദി ഗോഡ് ഫാദർ' സിനിമക്ക് മികച്ച നടനുള്ള ഓസ്കാർ നിരസിച്ചു അങ്ങനെ ചെയ്യുന്ന രണ്ടാമത്തെ നടനായി അദ്ദേഹം. (1971ൽ ജോർജ് സി സ്കോട്ടാണ് ആദ്യമായി നിരസിച്ചത്‌) മാനുഷികവും രാഷ്ട്രീയവുമായ കാരണങ്ങളാൽ മികച്ച നടനുള്ള പുരസ്‌കാരം നിരസിച്ചു കൊണ്ട ബ്രാൻഡോ പ്രതിഷേധിച്ചു. പുരസ്കാര ദാന ചടങ്ങിൽ തനിക്ക് പകരം ഒരു പ്രതിനിധിയെ ബ്രാൻഡോ അയച്ചു. സഷീൻ ലിറ്റിൽ ഫെതെർ എന്നാ റെഡ്‌ ഇന്ത്യൻ യുവതിയെ ആണ് ബ്രാൻഡോ നിയോഗിച്ചത്.സമ്മാനം വാങ്ങാൻ വേദിയിലേക്ക് ചെന്ന സഷീൻ ഇങ്ങനെ അറിയിച്ചു "ഈ പുരസ്‌കാരം സ്വീകരിക്കാൻ കഴിയാത്തതിൽ ബ്രാൻഡോ അങ്ങേയറ്റം വ്യസനിക്കുന്നു. റെഡ്‌ ഇന്ത്യക്കാരെ ഈ രാജ്യത്തെ ചലച്ചിത്രങ്ങളിലും ടിവിയിലും ചിത്രീകരിക്കുന്ന രീതിയും വുണ്ടെട് നീ എന്ന സ്ഥലത്ത്‌ ഈയിടെ ഉണ്ടായ സംഭവങ്ങളുമാണ് ഇതിനു കാരണം ".

അവലംബം

[തിരുത്തുക]
  1. ""Marlon Brando dies at 80." CNN, July 2, 2004". CNN. Archived from the original on October 16, 2007.
  2. "Brando biography"[Usurped!], New Netherland Institute. Retrieved April 5, 2015.
  3. Welkos, Robert W. (2004-10-17). "When the wild one met the mild one". Los Angeles Times (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2025-07-30.
  4. Porter, Dawn (February 12, 2006). "Wild things". The Times (in ഇംഗ്ലീഷ്). Archived from the original on 2010-06-04. Retrieved 2025-07-30.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

ഐ.എം.ഡി.ബി

"https://ml.wikipedia.org/w/index.php?title=മാർലൺ_ബ്രാൻഡോ&oldid=4557823" എന്ന താളിൽനിന്ന് ശേഖരിച്ചത്