Jump to content

മായ ആഞ്ചലോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മായ ആഞ്ചലോ
Angelou, February 2013
Angelou, February 2013
ജനനംMarguerite Annie Johnson
(1928-04-04)ഏപ്രിൽ 4, 1928
St. Louis, Missouri, U.S.
മരണംമേയ് 28, 2014(2014-05-28) (പ്രായം 86)
Winston-Salem, North Carolina, U.S.
തൊഴിൽAuthor, poet, civil rights activist
Period1957–2014
ശ്രദ്ധേയമായ രചന(കൾ)
പങ്കാളി(കൾ)
  • Tosh Angelos
    (m. 1951; div. 1954)
  • Paul du Feu
    (m. 1974; div. 1983)
വെബ്സൈറ്റ്
www.mayaangelou.com

പ്രമുഖ അമേരിക്കൻ കവയിത്രിയും പൗരാവകാശ പ്രവർത്തകയുമായിരുന്നു മായ ആഞ്ചലോ(4 ഏപ്രിൽ 1928 – 28 മേയ് 2014). "ഐ നോ വൈ ദ കേജ്ഡ് ബേഡ് സിങ്സ്" എന്ന വിഖ്യാത ആത്മകഥ ലോകമെങ്ങും വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. ഈ ആത്മകഥയുടെ മറ്റ് ആറുഭാഗങ്ങൾ കൂടി ഏഞ്ചലോ എഴുതി. 1969ൽ പ്രസിദ്ധീകരിച്ച ഈ ഗ്രന്ഥം വർഷങ്ങളായി അമേരിക്കൻ സ്കൂളുകളിൽ പാഠപുസ്തകമാണ്. ആത്മകഥകളും കവിതകളും പ്രബന്ധങ്ങളുമായി മുപ്പത്താറോളം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. ഇതു കൂടാതെ മൂന്ന് ലേഖനസമാഹാരങ്ങളും, പല കാവ്യങ്ങളും, നാടകങ്ങളും, തിരക്കഥകളും പ്രസിദ്ധീകരിച്ചിട്റ്റുണ്ട്.

ചെറുപ്പകാലം

[തിരുത്തുക]

അമേരിക്കയിലെ മിസോറിയിൽ സെന്റ് ലൂയിസിൽ 1928 ഏപ്രിൽ 4ന് ബെയ്ലി ജോൺസൺറ്റെയും, വിവിയൻ ജോൺസന്റയും രണ്ടാമത്തെ കുട്ടിയായി മാർഗരിറ്റ് ആനീ ജോൺസൻ ജനിച്ചു. മൂത്ത സഹോദരനായ ബെയ്ലി ജൂനിയറാണ് മായ എന്ന വിളിപ്പേരിട്ടത്. ആഞ്ചലോക്ക് മൂന്ന് വയസായപ്പോൾ അച്ഛനും അമ്മയും വേർപ്പിരിഞ്ഞു. ബെയ്ലി ജൂനിയറും മായയും അവരുടെ അച്ഛന്റെ അമ്മയുടെ കൂടെയാണ് പിന്നീടു വളർന്നത്. മഹാസാമ്പത്തികമാന്ദ്യം ആയിരുന്നെങ്കിലും ആഞ്ചലോയുടെ മുത്തശ്ശി സാമ്പത്തികമായി നല്ല നിലയിലായിരുന്നു.

നാലു വർഷത്തിനു ശേഷം അച്ഛൻ അവരെ തിരിച്ചു സെന്റ് ലൂയിസിൽ അമ്മയുടെ അടുത്തേക്കു മാറ്റി. എട്ടാമത്തെ വയസ്സിൽ അമ്മയുടെ ആൺസുഹൃത്തിനാൽ ബലാത്സംഗം ചെയ്യപ്പെട്ട മായ ഇക്കാര്യം കുടുംബത്തെ അറിയിച്ചു. ഫ്രീമാൻ എന്ന പ്രതി കുട്ടവാളിയാണെന്നു കണ്ടെത്തിയെങ്കിലും വെറും നാലു ദിവസത്തെ ജയിൽ വാസമാണ് അനുഭവിച്ചത്. പുറത്തിറങ്ങി നാലു ദിവസത്തേത്തുടർന്ന് പ്രതി കൊല്ലപ്പെട്ടു.[1]

പിന്നീടുള്ള അഞ്ചു വർഷങ്ങൾ ആഞ്ചലോ നിശബ്ധയായിരുന്നു. " ഞാൻ കരുതി എന്റെ ശബ്ധമാണ് അയാളെ കൊന്നതെന്ന്. " ഈ സമയത്താണ് അവർ തന്റെ അസാധാരണ ഓർമശക്തിയും പുസ്തകങ്ങളോടുള്ള സ്നേഹവും ഒക്കെ വികസിപ്പിച്ചത്.[2]

ഫ്രീമാന്റെ കൊലപാതകത്തിന് തൊട്ടുപിന്നാലെ, ആഞ്ചലോയെയും സഹോദരനെയും മുത്തശ്ശിയുടെ അടുത്തേക്ക് തിരിച്ചയച്ചു. തന്റെ കുടുംബത്തിലെ ഒരു അദ്ധ്യാപികയും സുഹൃത്തും ആയ മിസ്സിസ് ബെർത്ത ഫ്ലവേഴ്‌സാണ് വീണ്ടും സംസാരിക്കാൻ ആഞ്ചലോയെ സഹായിച്ചത്. ഫ്ലവേഴ്‌സ് അവളെ ചാൾസ് ഡിക്കൻസ്, വില്യം ഷേക്സ്പിയർ, എഡ്ഗർ അലൻ പോ, ഡഗ്ലസ് ജോൺസൺ, ജെയിംസ് വെൽഡൺ ജോൺസൺ തുടങ്ങിയ എഴുത്തുകാരെയും, ഫ്രാൻസെസ് ഹാർപ്പർ, ആൻ സ്പെൻസർ, ജെസ്സി ഫൊസെറ്റ് തുടങ്ങിയ കറുത്തവർഗക്കാരായ കലാകാരികളെയും പരിചയപ്പെടുത്തിക്കൊടുത്തു. ആഞ്ചലോയ്ക്ക് 14 വയസ്സുള്ളപ്പോൾ, അവളും സഹോദരനും വീണ്ടും അമ്മയോടൊപ്പം കാലിഫോർണിയയിലെ ഓക്ക്‌ലാൻഡിലേക്ക് താമസം മാറി. രണ്ടാം ലോകമഹായുദ്ധസമയത്ത്, ആഞ്ചലോ കാലിഫോർണിയയിലെ ലേബർ സ്കൂളിൽ ചേർന്നു. പതിനാറാമത്തെ വയസ്സിൽ സാൻ ഫ്രാൻസിസ്കോയിലെ ആദ്യത്തെ കറുത്ത പെൺ കേബിൾ കാർ കണ്ടക്ടറായി. ഓപ്പറേറ്റർമാരുടെ യൂണിഫോമിനോടുള്ള ഇഷ്ടമാണ് ഈ ജോലിയിലേക്കു നയിച്ചത്. ഈ സ്ഥാനം തുടരാൻ അമ്മ അവളെ പ്രോത്സാഹിപ്പിച്ചെങ്കിലും അവൾക്ക് ഒരു മുന്നറിയിപ്പും നൽകിയിരുന്നു - നേരത്തെ എത്തി മറ്റുള്ളവരെക്കാൾ കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്. 2014 ൽ, ന്യൂനപക്ഷ ഗതാഗത ഉദ്യോഗസ്ഥരുടെ കോൺഫറൻസിൽ നിന്ന് “രാഷ്ട്രം നീക്കുന്ന സ്ത്രീകൾ” എന്ന ആജീവനാന്ത നേട്ടം ആഞ്ചലോയ്ക്ക് ലഭിച്ചു. സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞ് മൂന്നാഴ്ച കഴിഞ്ഞപ്പോൾ, പതിനേഴാമത്തെ വയസ്സിൽ, അവൾ തന്റെ മകൻ ക്ലൈഡിന് ജന്മം നൽകി (പിന്നീട് അദ്ദേഹത്തിന്റെ പേര് ഗൈ ജോൺസൺ എന്ന് മാറ്റി).

തൊഴിൽമേഖലകൾ

[തിരുത്തുക]

1951 ൽ ആഞ്ചലോ ഇലക്ട്രീഷ്യനും, മുൻ നാവികനും, സംഗീതജ്ഞനും ആയിരുന്ന ഗ്രീക്കുകാരൻ തോഷ് ആഞ്ചലോസിനെ വിവാഹം കഴിച്ചു. അക്കാലത്ത് അന്തർ-വംശീയ ബന്ധങ്ങൾക്കെതിരെയുണ്ടായിരുന്ന എതിർപ്പുകളെ അവഗണിച്ചായിരുന്നു ഈ വിവാഹം. അവർ ആധുനിക നൃത്തം പഠിക്കുന്നുണ്ടായിരുന്നു. ഈ സമയത്ത്, നർത്തകരെയും നൃത്തസംവിധായകരുമായ ആൽവിൻ എയ്‌ലി, റൂത്ത് ബെക്ക്ഫോർഡ് എന്നിവരെ കണ്ടുമുട്ടി. എയ്‌ലിയും ആഞ്ചലോയും "അൽ ആൻഡ് റിത' എന്ന നൃത്തസംഘം രൂപീകരിച്ച് സാൻ ഫ്രാൻസിസ്കോയിലെമ്പാടുമുള്ള കറുത്തവർഗ സംഘടനകളിൽ ആധുനിക നൃത്തം അവതരിപ്പിക്കുകയും ചെയ്തുവെങ്കിലും വിജയിച്ചില്ല. ട്രിനിഡാഡിയൻ നർത്തകിയായ പേൾ പ്രൈമസിനൊപ്പം ആഫ്രിക്കൻ നൃത്തം പഠിക്കാനായി ആഞ്ചലോയും അവളുടെ ഭർത്താവും മകനും ന്യൂയോർക്ക് സിറ്റിയിലേക്ക് താമസം മാറ്റി. അവർ ഒരു വർഷത്തിനുശേഷം സാൻ ഫ്രാൻസിസ്കോയിലേക്ക് മടങ്ങി.

1954-ൽ ആഞ്ചലോയുടെ വിവാഹബന്ധം പരാജയപ്പെട്ടു. അതിനുശേഷം അവർ സാൻ ഫ്രാൻസിസ്കോയ്ക്ക് ചുറ്റുമുള്ള ക്ലബ്ബുകളിൽ നൃത്തം ചെയ്താണ് ജീവിച്ചത്. അതുവരെ അവൾ "മർഗറൈറ്റ് ജോൺസൺ" അഥവാ "റിറ്റ" എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. പർപ്പിൾ ഒണിയൻ എന്ന നിശാക്ലബിലെ അവളുടെ മാനേജർമാരുടെ ശക്തമായ നിർദ്ദേശപ്രകാരമാണ് അവർ തന്റെ പ്രൊഫഷണൽ പേര് "മായ ഏഞ്ചലോ" എന്നാക്കി മാറ്റിയത്. ഒരു "വ്യതിരിക്തമായ പേര്" അവളെ വേറിട്ടു നിർത്തി. 1954 ലും 1955 ലും "പോർജി ആന്റ് ബെസ്" എന്ന ഓപ്പറയുടെ നിർമ്മാണവുമായി ആഞ്ചലോ യൂറോപ്പിൽ പര്യടനം നടത്തി. അവർ സന്ദർശിച്ച ഓരോ രാജ്യത്തിന്റെയും ഭാഷ പഠിക്കാൻ ശ്രമിച്ചു. അങ്ങനെ ഏതാനും വർഷങ്ങൾക്കുള്ളിൽ പല ഭാഷകളിലും പ്രാവീണ്യം നേടി. 1957-ൽ കാലിപ്‌സോയുടെ ജനപ്രീതി കൂടിയപ്പോൾ ആഞ്ചലോ തന്റെ ആദ്യ ആൽബം "മിസ് കാലിപ്‌സോ" റെക്കോർഡുചെയ്‌തു, ഇത് 1996-ൽ ഒരു സിഡിയായി വീണ്ടും പുറത്തിറക്കി. 1957-ൽ പുറത്തിറങ്ങിയ "കാലിപ്‌സോ ഹീറ്റ് വേവ്" എന്ന ചലച്ചിത്രത്തിന് പ്രചോദനമായ ഒരു ബ്രോഡ്‌വേ അവലോകനത്തിൽ അവർ പ്രത്യക്ഷപ്പെട്ടു, അതിൽ ആഞ്ചലോ സ്വന്തം രചനകൾ പാടി അവതരിപ്പിച്ചു.

1959 ൽ ആഞ്ചലോ നോവലിസ്റ്റ് ജോൺ ഒലിവർ കില്ലൻസിനെ കണ്ടുമുട്ടുകയും അദ്ദേഹത്തിന്റെ നിർബന്ധപ്രകാരം ന്യൂയോർക്കിലേക്ക് താമസം മാറുകയും ചെയ്തു. ഹാർലെം റൈറ്റേഴ്‌സ് ഗിൽഡിൽ ചേർന്ന ആഞ്ചലോ അവിടെ ജോൺ ഹെൻറിക ക്ലാർക്ക്, റോസ ഗൈ, പോൾ മാർഷൽ, ജൂലിയൻ മേഫീൽഡ് എന്നിവരുൾപ്പെടെ നിരവധി പ്രമുഖ ആഫ്രിക്കൻ-അമേരിക്കൻ എഴുത്തുകാരെ കണ്ടുമുട്ടി. ആദ്യ പുസ്തകവും പ്രസിദ്ധീകരിച്ചു. 1960 ൽ, പൗരാവകാശ നേതാവ് മാർട്ടിൻ ലൂഥർ കിംഗ് ജൂനിയറിനെ കണ്ടുമുട്ടിയതിനുശേഷം അവരും കില്ലൻസും സതേൺ ക്രിസ്ത്യൻ ലീഡർഷിപ്പ് കോൺഫറൻസിന് (എസ്‌സി‌എൽ‌സി) ധനസമാഹരണാർത്ഥം "കാബററ്റ് ഫോർ ഫ്രീഡം" അന്ന പരിപാടി സംഘടിപ്പിച്ചു. കൂടാതെ എസ്‌സി‌എൽ‌സിയുടെ നോർത്തേൺ കോർഡിനേറ്ററായി ആഞ്ചലോ തിരഞ്ഞെടുക്കപ്പെട്ടു. പൗരാവകാശങ്ങൾക്കുള്ള അവരുടെ സംഭാവനകൾ വിജയകരവും ഫലപ്രദവുമായിരുന്നു. ഈ സമയത്ത് ആഞ്ചലോ കാസ്ട്രോ അനുകൂലപ്രവർത്തനവും വർണ്ണവിവേചന വിരുദ്ധ പ്രവർത്തനവും ആരംഭിച്ചു.

1961-ൽ ഏഞ്ചലോ ജീൻ ജെനെറ്റിന്റെ "ദി ബ്ലാക്ക്സ്" എന്ന നാടകത്തിൽ ആബി ലിങ്കൺ, റോസ്‌കോ ലീ ബ്രൗൺ, ജെയിംസ് എർൾ ജോൺസ്, ലൂയിസ് ഗോസെറ്റ്, ഗോഡ്ഫ്രി കേംബ്രിഡ്ജ്, സിസിലി ടൈസൺ എന്നിവരോടൊപ്പം അഭിനയിച്ചു. 1961 ൽ ​​അവർ ദക്ഷിണാഫ്രിക്കൻ സ്വാതന്ത്ര്യസമര സേനാനി വുസംസി മക്കേയുമായി സ്നേഹത്തിലായി, എന്നാൽ അവർ വിവാഹം കഴിച്ചില്ല. അവർ മക്കേയോടും മകനോടും ഒപ്പം കെയ്‌റോയിലേക്ക് താമസം മാറ്റി. അവിടെ ആഞ്ചലോ ഇംഗ്ലീഷ് ഭാഷാ വാരികയായ അറബ് ഒബ്‌സർവറിൽ അസോസിയേറ്റ് എഡിറ്ററായി ജോലി ചെയ്തു. 1962-ൽ മക്കേയുമായുള്ള ബന്ധം അവസാനിച്ചതിനുശേഷം അവളും ഗൈയും ഘാനയിലെ അക്രയിലേക്ക് താമസം മാറ്റി. ഒരു വാഹനാപകടത്തിൽ മകന് ഗുരുതരമായി പരിക്കേറ്റു. സുഖം പ്രാപിച്ചതിന് ശേഷം അക്രയിൽ തുടരുകയും അവിടെ താമസിക്കുകയും ചെയ്തു. 1965 വരെ ഘാന സർവകലാശാലയിൽ അഡ്മിനിസ്ട്രേറ്ററായിരുന്നു, അതുകൂടാതെ ആഫ്രിക്കൻ-അമേരിക്കൻ പ്രവാസി സമൂഹത്തിൽ സജീവമായിരുന്നു. ഘാനിയൻ ടൈംസിന്റെ ഫ്രീലാൻസ് എഴുത്തുകാരിയായും, ദി ആഫ്രിക്കൻ റിവ്യൂവിന്റെ ഫീച്ചർ എഡിറ്ററായും, റേഡിയോ ഘാനയിൽ എഴുത്തുകാരിയായും, ഘാനയുടെ നാഷണൽ തിയേറ്ററിൽ അഭിനേത്രിയായും പല ജോലികൾ ചെയ്തു.

അക്രയിൽ, 1960 കളുടെ തുടക്കത്തിൽ മാൽക്കം എക്സുമായി അടുത്ത സുഹൃത്തായി. 1965ൽ യുഎസിലേക്ക് മടങ്ങിയ ആഞ്ചലോ ഒരു പുതിയ പൗരാവകാശ സംഘടനയായ ഓർഗനൈസേഷൻ ഓഫ് ആഫ്രോ-അമേരിക്കൻ യൂണിറ്റി സ്ഥാപിക്കാനായി അദ്ദേഹത്തെ സഹായിച്ചു; താമസിയാതെ അദ്ദേഹം വധിക്കപ്പെട്ടു. പരിഭ്രാന്തിയിലായ അവർ ഹവായിയിൽ സഹോദരനോടൊപ്പം മാറി. വീണ്ടും ഗായികയായി ജോലി ചെയ്തു. തന്റെ എഴുത്തുജീവിതത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി അവൾ ലോസ് ആഞ്ചലസിലേക്ക് മടങ്ങി. മാർക്കറ്റ് റിസർച്ചറായി ജോലി ചെയ്ത ആഞ്ചലോ 1965 ലെ വേനൽക്കാലത്ത് വാട്ട്സ് കലാപത്തിന് സാക്ഷ്യം വഹിച്ചു. അഭിനയിക്കുകയും നാടകങ്ങൾ എഴുതുകയും ചെയ്ത അവർ, 1967 ൽ ന്യൂയോർക്കിലേക്ക് മടങ്ങി. റോസ് ഗൈയുമായുള്ള സൌഹൃദം വീണ്ടും ആരംഭിച്ചു. സുഹൃത്ത് ജെറി പർസെൽ എഴുത്തിനെ പ്രോത്സാഹിപ്പിക്കാനായി ആഞ്ചലോയ്ക്ക് ഒരു സ്റ്റൈപ്പെന്റ് കൊടുത്തിരുന്നു.

1968ൽ, മാർട്ടിൻ ലൂതർ കിംഗ് ജൂനിയർ ഒരു മാർച്ച് സംഘടിപ്പിക്കാൻ ആഞ്ചലോയോട് ആവശ്യപ്പെട്ടു. അവൾ സമ്മതിച്ചു, പക്ഷേ അവളുടെ നാൽപതാം ജന്മദിനത്തിൽ (ഏപ്രിൽ 4) മാർട്ടിൻ ലൂതർ കിംഗ് ജൂനിയർ കൊലചെയ്യപ്പെട്ടു. വീണ്ടും ആഞ്ചലോയെ ഇതു വിഷാദത്തിലേക്കു നയിച്ചു. ഗില്ലസ്പി പറയുന്നതുപോലെ, "1968 വലിയ വേദനയുടെയും നഷ്ടത്തിന്റെയും സങ്കടത്തിന്റെയും വർഷമായിരുന്നുവെങ്കിൽ, മായ ഏഞ്ചലോയുടെ ആത്മാവിന്റെയും സൃഷ്ടിപരമായ പ്രതിഭയുടെയും വീതിയും ആഴവും അമേരിക്ക ആദ്യമായി കണ്ട വർഷം കൂടിയായിരുന്നു ഇത്." ബ്ലൂസ് സംഗീതവും കറുത്ത അമേരിക്കക്കാരുടെ ആഫ്രിക്കൻ പൈതൃകവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചു "ബ്ലാക്ക്സ്, ബ്ലൂസ്, ബ്ലാക്ക്!", എന്ന പത്ത് ഭാഗങ്ങളുള്ള ഡോക്യുമെന്ററി എഴുതി, നിർമ്മിച്ചു, നാഷണൽ എഡ്യൂക്കേഷണൽ ടെലിവിഷനലിൽ അവതരിപ്പിച്ചു. ബാൾഡ്‌വിൻ, കാർട്ടൂണിസ്റ്റ് ജൂൾസ് ഫീഫർ, ഭാര്യ ജൂഡി എന്നിവരോടൊപ്പം പങ്കെടുത്ത ഒരു അത്താഴവിരുന്നിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് 1969 ൽ പ്രസിദ്ധീകരിച്ച ആദ്യത്തെ ആത്മകഥയായ "ഐ നോ വൈ ദ കേജ്ഡ് ബേർഡ് സിംഗ്സിലൂടെ" അന്താരാഷ്ട്ര അംഗീകാരവും പ്രശംസയും നേടി.

പിന്നീടുള്ള കരിയർ

[തിരുത്തുക]

1972ൽ സ്വീഡനിൽ ചിത്രീകരിച്ചു പുറത്തിറങ്ങിയ "ജോർജിയ, ജോർജിയ", ആദ്യമായി ഒരു കറുത്ത സ്ത്രീ കഥയെഴുതിയ സിനിമയാണ്. ചിത്രത്തിന്റെ ശബ്‌ദട്രാക്കും ആഞ്ചലോ തന്നെ രചിച്ചു. എഴുത്തുകാരിയായ ജെർമെയ്ൻ ഗ്രീറിന്റെ മുൻ ഭർത്താവായ പോൾ ഡു ഫ്യൂവിനെ ആഞ്ചലോ 1973ൽ സാൻ ഫ്രാൻസിസ്കോയിൽ വച്ച് വിവാഹം കഴിച്ചു. അടുത്ത പത്തു വർഷങ്ങളിൽ അവർ ലേഖനങ്ങൾ, ചെറുകഥകൾ, ടിവി സ്ക്രിപ്റ്റുകൾ, ഡോക്യുമെന്ററികൾ, ആത്മകഥകൾ, കവിതകൾ എന്നിവ എഴുതി, നിരവധി നാടകങ്ങൾ നിർമ്മിച്ചു, പല കോളേജുകളിലും സർവകലാശാലകളിലും വിസിറ്റിംഗ് പ്രൊഫസറായി തിരഞ്ഞെടുക്കപ്പെട്ടു. ലുക്ക് എവേ എന്ന ചിത്രത്തിലെ അഭിനയത്തിന് 1973 ൽ ടോണി അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു.

1970 കളുടെ അവസാനത്തിൽ, മേരിലാൻഡിലെ ബാൾട്ടിമോറിൽ ആഞ്ചലോ ഓപ്ര വിൻഫ്രിയെ കണ്ടുമുട്ടി; പിന്നീട് ആഞ്ചലോ വിൻഫ്രിയുടെ ഉറ്റസുഹൃത്തും ഉപദേഷ്ടാവുമായി. 1981 ൽ ആഞ്ചലോയും ഡു ഫ്യൂവും വിവാഹമോചനം നേടി.

1981 ൽ തെക്കൻ അമേരിക്കയിലേക്ക് ആഞ്ചലോ മടങ്ങി. തന്റെ ഭൂതകാലവുമായി പൊരുത്തപ്പെടാനായിരുന്നു ഇത്. വിദ്യാഭ്യാസബിരുദം ഒന്നും ഇല്ലെങ്കിലും, നോർത്ത് കരോലിനയിലെ വിൻസ്റ്റൺ-സേലത്തെ വേക്ക് ഫോറസ്റ്റ് സർവകലാശാലയിൽ റെയ്നോൾഡ്സ് പ്രൊഫസർഷിപ്പ് ഓഫ് അമേരിക്കൻ സ്റ്റഡീസ് എന്ന പദവി സ്വീകരിച്ചു. അവിടത്തെ ചുരുക്കം ആഫ്രിക്കൻ-അമേരിക്കൻ പ്രൊഫസർമാരിൽ ഒരാളായിരുന്നു. അന്നുമുതൽ, അവർ "ഒരു അദ്ധ്യാപിക" എന്ന് സ്വയം വിശേഷിപ്പിച്ചു. തത്ത്വചിന്ത, ധാർമ്മികത, ദൈവശാസ്ത്രം, ശാസ്ത്രം, നാടകം, എഴുത്ത് എന്നിവയുൾപ്പെടെ അവളുടെ താൽപ്പര്യങ്ങൾ പ്രതിഫലിപ്പിക്കുന്ന വിവിധ വിഷയങ്ങൾ ആഞ്ചലോ പഠിപ്പിച്ചു.

1993 ൽ അമേരിക്കൻ പ്രസിഡന്റായിരുന്ന ബിൽ ക്ലിന്റന്റെ സ്ഥാനാരോഹണത്തിന് മായ എഴുതിയ "ഓൺ ദ പൾസ് ഓഫ് ദ മോണിങ്" എന്ന കവിതയുടെ പത്തു ലക്ഷത്തിലേറെ കോപ്പി അമേരിക്കയിൽ വിറ്റു. ഇതോടെ അവരുടെ മുൻ കൃതികൾക്ക് കൂടുതൽ പ്രശസ്തിയും അംഗീകാരവും ലഭിച്ചു. കവിതയുടെ റെക്കോർഡിംഗിന് ഒരു ഗ്രാമി അവാർഡ് നേടി. അമ്മയെയും അമ്മൂമ്മയെയും പറ്റിയുള്ള ഓർമകളടങ്ങിയ പുസ്തകം ‘മം ആൻഡ് മി ആൻഡ് മം’ 2013 ൽ പുറത്തിറക്കി.[3] 1995 ജൂണിൽ, ഐക്യരാഷ്ട്രസഭയുടെ അമ്പതാം വാർഷികത്തോടനുബന്ധിച്ച് തന്റെ "രണ്ടാമത്തെ പൊതു കവിത" "ധീരവും അമ്പരപ്പിക്കുന്നതുമായ സത്യം"എന്ന പേരിൽ അവതരിപ്പിച്ചു.

1996ൽ ആൽഫ്രെ വുഡാർഡ്, വെസ്ലി സ്നൈപ്സ് എന്നിവർ അഭിനയിച്ച "ഡൌൺ ഇൻ ദ ഡെൽറ്റ" എന്ന ചലച്ചിത്രം സംവിധാനം ചെയ്തു. ആർ & ബി ഗായകരായ ആഷ്ഫോർഡ് & സിംപ്‌സണുമായി സഹകരിച്ചു ഗാനങ്ങൾ പുറത്തിറക്കി. 2000 ൽ, ഹാൾമാർക്കിനായി ഗ്രീറ്റിംഗ് കാർഡുകളും അലങ്കാര ഗാർഹിക വസ്തുക്കളും ഉൾപ്പെടെ ഉൽപ്പന്നങ്ങളുടെ വിജയകരമായ ഒരു ശേഖരം അവർ സൃഷ്ടിച്ചു. വളരെ വാണിജ്യപരമാണെന്ന് ആരോപിച്ച വിമർശകരോട് അവർ പ്രതികരിച്ചത് സംരംഭം 'ജനകവി' എന്ന നിലയിലുള്ള തന്റെ നില അനുസരിച്ചാണെന്നായിരുന്നു." തന്റെ ജീവിത കഥ എഴുതാൻ തുടങ്ങിയിട്ട് മുപ്പത് വർഷങ്ങളോളം കഴിഞ്ഞ് ആറാമത്തെ ആത്മകഥയായ "എ സോംഗ് ഫ്ലംഗ് അപ്പ് ടു ഹെവൻ" 2002 ൽ പൂർത്തിയാക്കി.

2008 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ആഞ്ചലോ ഡെമോക്രാറ്റിക് പാർട്ടിക്കുവേണ്ടി പ്രചാരണം നടത്തി. ഹിലരി ക്ലിന്റന് പിന്തുണ പ്രഖ്യാപിച്ചു. സൗത്ത് കരോലിനയിലെ ഡെമോക്രാറ്റിക് പ്രൈമറിക്ക് മുന്നോടിയായി ക്ലിന്റൺ ഏഞ്ചലോയുടെ അംഗീകാരമുള്ള പരസ്യങ്ങൾ പ്രദർശിപ്പിച്ചു. കറുത്ത സമൂഹത്തിന്റെ പിന്തുണ നേടാനുള്ള പ്രചാരണത്തിന്റെ ഭാഗമായിരുന്നു ഈ പരസ്യങ്ങൾ; എന്നാൽ ബരാക് ഒബാമ സൗത്ത് കരോലിന പ്രൈമറിയിൽ ക്ലിന്റനെക്കാൾ 29 പോയിന്റ് മുന്നിലെത്തി, 80% കറുത്ത വോട്ട് നേടി. ക്ലിന്റൺ പിന്മാറിയപ്പോൾ ആഞ്ചലോ ഒബാമയെ പിന്തുണച്ചു. ഒബാമ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിക്കുകയും അമേരിക്കയുടെ ആദ്യത്തെ ആഫ്രിക്കൻ-അമേരിക്കൻ പ്രസിഡന്റാവുകയും ചെയ്തു.

2013-ൽ, 85-ാം വയസ്സിൽ, ആഞ്ചലോ തന്റെ ആത്മകഥയുടെ ഏഴാമത്തെ വാല്യം "മം ആൻഡ് മി ആൻഡ് മം" എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ചു.

2014 മെയ് 28 ന് രാവിലെ ആഞ്ചലോ മരിച്ചു. അവളുടെ നഴ്‌സാണ് അവരെ കണ്ടെത്തിയത്. ദേശീയ, ലോക നേതാക്കളുമായുള്ള അനുഭവങ്ങളെക്കുറിച്ചുള്ള മറ്റൊരു പുസ്തകം അവർ എഴുതുന്നുണ്ടായിരുന്നു. വേക്ക് ഫോറസ്റ്റ് യൂണിവേഴ്സിറ്റിയിലെ അനുസ്മരണ വേളയിൽ, മകൻ ഗൈ ജോൺസൺ അനുസ്മരിച്ചു - "തന്റെ നൃത്ത ജീവിതവും ശ്വാസകോശ സംബന്ധമായ പരാജയവും കാരണം നിരന്തരം വേദന അനുഭവിച്ചിട്ടും, ജീവിതത്തിന്റെ അവസാന പത്ത് വർഷത്തിനിടെ നാല് പുസ്തകങ്ങൾ എഴുതി".

ആഞ്ചലോയുടെ മരണത്തിന് ഒരാഴ്ച കഴിഞ്ഞപ്പോൾ, ആമസോൺ.കോമിന്റെ ബെസ്റ്റ് സെല്ലർ പട്ടികയിൽ "കേജ്ഡ് ബേർഡ് സിംഗ്സ്" ഒന്നാം സ്ഥാനത്തെത്തി. കലാകാരന്മാരും, ഒബാമ ഉൾപ്പെടെയുള്ള ലോക നേതാക്കളും ആഞ്ചലോയ്ക്ക് ആദരാഞ്ജലികളും അനുശോചനങ്ങളും അറിയിച്ചു.

കൃതികൾ

[തിരുത്തുക]

ബാല്യകാലം മുതൽ പീഡനം നേരിട്ട തന്റെ ജീവിതമാണ് മായ ഏഴ് വോള്യത്തിലായി എഴുതിയത്.

  • ജസ്റ്റ് ഗീവ് മീ എ കൂൾ ഡ്രിങ്ക് ഓഫ് വാട്ടർ (1971)
  • ആൻഡ് സ്റ്റിൽ ഐ റൈസ് (1978)
  • നൗ ഷേബ സിങ്സ് ദ സോങ് (1987)
  • ഐ ഷാൾ നോട്ട് ബീ മൂവ്ഡ് (1990)
  • ‘മം ആൻഡ് മി ആൻഡ് മം’ (2013)

1969-ൽ "കേജ്ഡ് ബേർഡ് സിംഗ്സ്" പ്രസിദ്ധീകരിച്ച സമയത്ത് ഒരു പുതിയ തരം ഓർമ്മക്കുറിപ്പായാണ് അത് ശ്രദ്ധ നേടിയത്. സ്വന്തം വ്യക്തിജീവിതത്തെക്കുറിച്ച് പരസ്യമായി ചർച്ച ചെയ്യാൻ കഴിഞ്ഞ ആദ്യത്തെ ആഫ്രിക്കൻ-അമേരിക്കൻ വനിതകളിൽ ഒരാളാണ് ആഞ്ചലോ. പണ്ഡിതനായ ഹിൽട്ടൺ അൽസിന്റെ അഭിപ്രായത്തിൽ, അതുവരെ കറുത്ത സ്ത്രീ എഴുത്തുകാർ പാർശ്വവൽക്കരിക്കപ്പെട്ടിരുന്നതിനാൽ അവർക്ക് സാഹിത്യത്തിലെ പ്രധാന കഥാപാത്രങ്ങളായി സ്വയം അവതരിപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. ഒരു കറുത്ത ആത്മകഥാകൃത്ത് പറഞ്ഞതുപോലെ, "ക്ഷമാപണമോ പ്രതിരോധമോ ഇല്ലാതെ അകത്തു നിന്ന് കറുപ്പിനെക്കുറിച്ച് എഴുതിയ" ആദ്യ പുസ്തകങ്ങളിൽ ഒന്നായിരുന്നു കേജ്ഡ് ബേർഡ്. തന്റെ ആത്മകഥ എഴുതിയതിലൂടെ, ആഞ്ചലോ കറുത്തവരുടെയും സ്ത്രീകളുടെയും വക്താവായി അംഗീകരിക്കപ്പെടുകയും ബഹുമാനിക്കപ്പെടുകയും ചെയ്തു.

ആഞ്ചലോയുടെ പുസ്‌തകങ്ങൾ, പ്രത്യേകിച്ചും "എ കേജ്ഡ് ബേർഡ് സിംഗ്സ്" മാതാപിതാക്കളുടെ എതിർപ്പുകൾ കാരണം സ്കൂൾ പാഠ്യപദ്ധതിയിൽ നിന്നും ലൈബ്രറികളിൽ നിന്നും പലപ്പോഴും നീക്കപ്പെട്ടിട്ടുണ്ട്. കേജ്ഡ് ബേർഡിൽ അടങ്ങിയ വിവാഹേതര സഹവർത്തിത്വം, അശ്ലീലസാഹിത്യം, അക്രമം എന്നിവയെപ്പറ്റിയുള്ള പരാമർശങ്ങൾ മാതാപിതാക്കളും സ്കൂളുകളും എതിർത്തിട്ടുണ്ട്. പുസ്തകത്തിന്റെ ലൈംഗികത പ്രകടമാക്കുന്ന രംഗങ്ങൾ, ഭാഷയുടെ ഉപയോഗം, മതത്തിന്റെ അപ്രസക്തമായ ചിത്രീകരണം എന്നിവയെ ചിലർ വിമർശിക്കുന്നു. അമേരിക്കൻ ലൈബ്രറി അസോസിയേഷന്റെ (ALA) 1990-2000 കാലഘട്ടത്തിലെ ഏറ്റവും കൂടുതൽ വെല്ലുവിളിക്കപ്പെട്ട 100 പുസ്തകങ്ങളുടെ പട്ടികയിൽ മൂന്നാമതും ALA യുടെ 2000-2009 പട്ടികയിൽ ആറാമതും ആയിരുന്നു കേജ്ഡ് ബേർഡ്.

ആഞ്ചലോയെ "കറുത്ത സ്ത്രീയുടെ കവി പുരസ്കാര ജേതാവ്" എന്നും അവളുടെ കവിതകളെ ആഫ്രിക്കൻ അമേരിക്കക്കാരുടെ ദേശീയഗാനങ്ങൾ എന്നും വിളിക്കാറുണ്ട്. ആഞ്ചലോയുടെ പല കവിതകളുടെയും പൊതു സ്വഭാവവും ജനകീയ വിജയവും നിരൂപകരുടെ പ്രശംസയുടെ അഭാവത്തിനു കാരണമായിട്ടുണ്ട്.[4]

അവലംബം

[തിരുത്തുക]
  1. "മായ ആഞ്ചലോ അന്തരിച്ചു". www.deshabhimani.com. Retrieved 29 മെയ് 2014. {{cite web}}: Check date values in: |accessdate= (help)
  2. "Guardian".
  3. "മായ ഏഞ്ചലോ അന്തരിച്ചു". www.madhyamam.com. Archived from the original on 2014-05-30. Retrieved 29 മെയ് 2014. {{cite web}}: Check date values in: |accessdate= (help)
  4. "Broomall, Pennsylvania: Chelsea House Publishers".

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മായ_ആഞ്ചലോ&oldid=4092761" എന്ന താളിൽനിന്ന് ശേഖരിച്ചത്