ദി ബീറ്റിൽസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദി ബീറ്റിൽസ്
ദി ബീറ്റിൽസ് 1964-ൽ John Lennon, Paul McCartney, George Harrison, Ringo Starr
ദി ബീറ്റിൽസ് 1964-ൽ
John Lennon, Paul McCartney,
George Harrison, Ringo Starr
പശ്ചാത്തല വിവരങ്ങൾ
ഉത്ഭവംലിവർപൂൾ, ഇംഗ്ലണ്ട്
വിഭാഗങ്ങൾറോക്ക്, പോപ്
വർഷങ്ങളായി സജീവം1960 (1960)–1970 (1970)
ലേബലുകൾപാർലോഫോൺ, ക്യാപ്പിറ്റോൾ റെക്കോർഡ്സ്, ആപ്പിൾ റെക്കോർഡ്സ്
അംഗങ്ങൾജോൺ ലെനൻ
പോൾ മക്കാർട്ട്നി
ജോർജ്ജ് ഹാരിസൺ
റിംഗോ സ്റ്റാർ
മുൻ അംഗങ്ങൾStuart Sutcliffe
Pete Best
ബീറ്റിൽസ് അമേരിക്കയിൽ

1960-ൽ ലിവർപൂളിൽ രൂപീകരിക്കപ്പെട്ട ഗായക സംഘമാണ് ദി ബീറ്റിൽസ്.1962 മുതൽ ജോൺ ലെനൻ,പോൾ മക്കാർട്ട്നി,ജോർജ്ജ് ഹാരിസൺ, റിംഗോ സ്റ്റാർ എന്നിവരായിരുന്നു ഈ സംഘത്തിലെ കലാകാരന്മാർ. സ്കിഫിൾ, റോക്ക് ആന്റ് റോൾ, പോപ് ബല്ലാർഡ്സ്, സൈക്കാഡെലിക് റോക്ക് തുടങ്ങി പല സംഗീത രൂപങ്ങളും ഉപയോഗിച്ചിരുന്ന ബീറ്റിൽസ് പലപ്പോഴും പാശ്ചാത്യ ശാസ്ത്രീയ സംഗീതത്തിന്റെ അംശങ്ങൾ പാട്ടുകളിൽ മൗലികതയോടെ ഉൾക്കൊള്ളിച്ചിരുന്നു. ബീറ്റിൽസുമായി ബന്ധപ്പെട്ടതെന്തും ജനപ്രിയമായി മാറിയ ഒരു കാലഘട്ടം ഉണ്ടായിരുന്നു. ബീറ്റിൽമാനിയ എന്നു വിളിക്കപ്പെട്ട ഈ ജനപ്രിയത അറുപതുകളിലെ സാമൂഹ്യ-സാംസ്കാരിക വിപ്ലവത്തിലും സ്വാധീനം ചെലുത്തിയിരുന്നു.

ചരിത്രം[തിരുത്തുക]

1957-ൽ ജോൺ ലെനൻ തന്റെ സുഹൃത്തുക്കളുമായി ചേർന്ന് 'ദി ക്വാറിമെൻ' എന്ന ബാന്റ് തുടങ്ങി. പോൾ മക്കാർട്ട്നി ഈ ബാന്റിൽ ഗിറ്റാറിസ്റ്റായി പ്രവേശിച്ചു. മക്കാർട്ട്നിയുടെ ക്ഷണം സ്വീകരിച്ച് ജോർജ്ജ് ഹാരിസൺ ബാന്റിന്റെ ലീഡ് ഗിറ്റാറിസ്റ്റായി.1960 ജനുവരിയിൽ, ബാന്റിലെ ബാസ്സ് ഗിറ്റാറിസ്റ്റായ സ്റ്റുവർട്ട് സട്ക്ലിഫിന്റെ നിർദ്ദേശപ്രകാരം അവർ 'ദി ബീറ്റിൽസ്' എന്ന പേര് സ്വീകരിച്ചു. തുടർന്ന് മറ്റു ചില പേരുകൾ കൂടി ശ്രമിച്ചു നോക്കിയ ശേഷം 1960 ആഗസ്റ്റിൽ 'ദി ബീറ്റിൽസ്' എന്ന പേര് സ്ഥിരപ്പെടുത്തുകയാണുണ്ടായത്. ഈ കാലഘട്ടത്തിൽ ബാന്റിന് ഒരു സ്ഥിരം ഡ്രമ്മർ ഉണ്ടായിരുന്നില്ല. തുടർന്ന് പീറ്റ് ബെസ്റ്റ് ഈ ബാൻഡിൽ ഡ്രമ്മറായി വന്നു. ഈ അഞ്ചംഗസംഘം ജർമ്മനിയിൽ ഹാംബർഗിൽ താമസിച്ച് ചില ക്ലബ്ബുകളിൽ പരിപാടികൾ നടത്തി വന്നു. 1961 സ്റ്റുവർട്ട് സട്ക്ലിഫ് ബാന്റ് വിട്ടതോടെ മക്കാർട്ട്നി ബാസ്സ് ഗിറ്റാറിസ്റ്റായി. ടോണി ഷെറിഡാൻ എന്ന ഇംഗ്ലീഷ് റോക്ക് ആന്റ് റോൾ ഗായകനോടൊത്ത് ഈ നാലംഗ സംഘം 'ദി ബീറ്റ് ബ്രദേഴ്സ്' എന്ന പേരിൽ പ്രവർത്തിച്ചിരുന്നു. ഇതിനോടകം ലിവർപൂളിൽ ഇവർ വളരെയധികം ജനപ്രിയത നേടിക്കഴിഞ്ഞിരുന്നു. 1962 ജനുവരിയിൽ ബ്രയാൻ എപ്സ്റ്റൈൻ ബീറ്റിൽസിന്റെ മാനേജരായി ചുമതലയേറ്റു. ഇ.എം.ഐ. സ്റ്റുഡിയോസുമായി ബീറ്റിൽസ് കരാറൊപ്പുവച്ചു. പിൽക്കാലത്ത് 'അഞ്ചാമത്തെ ബീറ്റിൽ' എന്നു വിശേഷിപ്പിക്കപ്പെട്ട, നിർമ്മതാവും സംഗീതജ്ഞനുമായ ജോർജ്ജ് മാർട്ടിൻ, പീറ്റ് ബെസ്റ്റിനു പകരം മറ്റൊരു ഡ്രമ്മറെ കണ്ടെത്തണമെന്നു നിർദ്ദേശിച്ചു.അങ്ങനെയാണ് റിംഗോ സ്റ്റാർ (റിച്ചാർഡ് സ്റ്റാർസ്കൈ) ബീറ്റിൽസിലെത്തുന്നത്. വൈകാതെ ഒരു പ്രാദേശിക വാർത്താ പരിപാടിയായ 'പീപ്പിൾ ആന്റ് പ്ലേയ്സസ്' -ലൂടെ ബീറ്റിൽസ് ആദ്യമായി ടെലിവിഷനിൽ പ്രത്യക്ഷപ്പെട്ടു. പിന്നീടുള്ള ബീറ്റിൽസിന്റെ വളർച്ച പോപ് സംഗീതത്തിന്റെ ചരിത്രത്തിന്റെ ഭാഗമായിരുന്നു.

ഇന്ത്യയിൽ[തിരുത്തുക]

1967 ആഗസ്റ്റ് 27-ന് മാനേജർ ബ്രയാൻ എപ്സ്റ്റൈൻ മയക്കുമരുന്നിന്റെ അമിതമായ ഉപയോഗത്തെത്തുടർന്ന് മരണമടഞ്ഞു. ഇതിനു ശേഷം ബീറ്റിൽസ് മഹർഷി മഹേഷ് യോഗിയിൽ തങ്ങളുടെ ആത്മീയഗുരുവിനെ കണ്ടെത്തി. 1968 ഫെബ്രുവരിയിൽ അവർ ഇന്ത്യയിൽ എത്തി. മഹർഷി മഹേഷ് യോഗിയുടെ ഹൃഷികേശിലുള്ള ആശ്രമത്തിൽ മൂന്നു മാസക്കാലത്തെ ധ്യാനപഠനത്തിനു ചേർന്നു. ഇതായിരുന്നു സൃഷ്ടിപരമായി ബീറ്റിൽസിന്റെ ഏറ്റവും മികച്ച കാലഘട്ടം. ഭക്ഷണം ശരിയാകാതെ റിംഗോ പത്തു ദിവസത്തിനു ശേഷം മടങ്ങി. ആശ്രമം മടുത്ത പോൾ ഒരുമാസത്തിനു ശേഷം മടങ്ങി. മഹർഷിയിൽ വിശ്വാസം നഷ്ടപ്പെട്ട ജോണാകട്ടെ, ജോർജ്ജിനെയും മറ്റുള്ളവരെയും കൂട്ടിക്കൊണ്ടുപോവുകയും ചെയ്തു. മഹർഷിയോടുള്ള ദേഷ്യം ലെനൻ 'സെക്സി സാഡീ' എന്നൊരു ഗാനമെഴുതി പ്രകടിപ്പിച്ചു.

വേർപിരിയൽ[തിരുത്തുക]

1966 ആഗസ്റ്റ് 29 -ന് സാൻ ഫ്രാൻസിസ്കോയിലായിരുന്നു ബീറ്റിൽസിന്റെ അവസാനത്തെ ഔദ്യോഗിക ലൈവ് ഷോ. ഒട്ടനവധി ഹിറ്റുകൾ ആരാധകർക്ക് സമ്മാനിച്ച ബാന്റിന്റെ വേർപിരിയൽ 1970-ൽ ഏപ്രിലിൽ 'മക്കാർട്ട്നി' എന്ന സോളോ ആൽബത്തിന്റെ റിലീസിനു ശേഷം പോൾ മക്കാർട്ട്നി ലോകത്തെ അറിയിച്ചു. എങ്കിലും മറ്റുള്ളവർ ഇത് പരസ്യമായി സമ്മതിച്ചിരുന്നില്ല, ബീറ്റിൽസ് ലയിപ്പിക്കുവാൻ പോൾ മക്കാർട്ട്നി നിയമനടപടികളുമായി നീങ്ങുന്നതു വരെ. അംഗങ്ങൾ തമ്മിലുള്ള സ്വരച്ചേർച്ചകൾ, ലെനൻ, മക്കാർട്നി എന്നിവരുടെ അഹം, സോളോ ചെയ്യാനുള്ള താല്പര്യം, യോകോ ഓനോ(ലെനന്റെ കാമുകി), ലിൻഡാ ഈസ്റ്റ്മാൻ(മക്കാർട്ട്നിയുടെ കാമുകി) എന്നിവരുടെ അനാവശ്യ ഇടപെടലുകൾ തുടങ്ങി ഒട്ടനവധി കാരണങ്ങൾ ബാന്റിന്റെ അവസാനം കുറിക്കുവാനുള്ള കാരണങ്ങളായി പറയപ്പെടുന്നു.

മികച്ച ഗാനങ്ങൾ[തിരുത്തുക]

'റോളിങ്ങ് സ്റ്റോൺ' തിരഞ്ഞെടുത്ത പത്തു മികച്ച ബീറ്റിൽസ് ഗാനങ്ങൾ ഇവയാണ്.

  • എ ഡേ ഇൻ ദി ലൈഫ്
  • ഐ വാണ്ട് റ്റു ഹോൾഡ് യുവർ ഹാൻഡ്
  • സ്ട്രോബറി ഫീൽഡ്സ് ഫോർ എവർ
  • യെസ്റ്റർഡേ
  • ഇൻ മൈ ലൈഫ്
  • സംതിങ്ങ്
  • ഹെയ് ജ്യൂഡ്
  • ലെറ്റ് ഇറ്റ് ബീ
  • കം റ്റുഗെദർ
  • വൈൽ മൈ ഗിറ്റാർ ജന്റ്ലി വീപ്സ്
"https://ml.wikipedia.org/w/index.php?title=ദി_ബീറ്റിൽസ്&oldid=3935297" എന്ന താളിൽനിന്ന് ശേഖരിച്ചത്