അംഗാരവർണൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മഹാഭാരതത്തിൽ ആദിപർവ്വത്തിൽ വർണ്ണിച്ചിരിക്കുന്ന ഗന്ധർവനാണ് അംഗാരവർണ്ണൻ. പാണ്ഡവർക്ക് പല ദിവ്യോപദേശങ്ങളും അംഗാരവർണ്ണൻ കൊടുക്കുന്നുണ്ട്. കൂടാതെ അർജ്ജുനന്റെ അസ്ത്രവിദ്യാപ്രാഗല്ഭ്യം കണ്ട് അദ്ദേഹം "ചാക്ഷുഷി" എന്ന ദിവ്യമന്ത്രം അർജ്ജുനനു പഠിപ്പിച്ചുകൊടുക്കുന്നതായും മഹാഭാരതത്തിൽ വർണ്ണിച്ചിട്ടുണ്ട്.[1]

പാണ്ഡവരുമായുള്ള സൗഹൃദം[തിരുത്തുക]

അരക്കില്ല ദഹനത്തിനുശേഷം, അവിടെ നിന്നും നേരത്തേ രക്ഷപ്പെട്ടിരുന്ന പാണ്ഡവരെ വേദവ്യാസമഹർഷി കാണുകയും അവരെ പാഞ്ചാലരാജ്യത്ത് പാഞ്ചാലിയുടെ സ്വയംവരത്തിൽ പങ്കെടുക്കാൻ ഉപദേശിക്കുകയും ചെയ്യുന്നു. അന്നു രാത്രിതന്നെ പാഞ്ചാലത്തേക്ക് യാത്ര തിരിക്കുന്ന പാണ്ഡവർ ഗംഗാനദി കടന്ന് സോമശ്രവായം എന്നസ്ഥലത്ത് എത്തിയപ്പോൾ അംഗാരവർണ്ണൻ തന്റെ പരിവാരസമേതം (പത്നിമാരായ യക്ഷികളോടൊപ്പം) അവിടെ ഗംഗയിൽ കുളിക്കുന്നതു കാണാനിടയായി. യാത്രയിൽ അർജ്ജുനനായിരുന്നു ഒരു പന്തവും കൊളുത്തിപ്പിടിച്ച് മുൻപിൽ നടന്നിരുന്നത്. മനുഷ്യരെ രാത്രിയിൽ അവിടെ കാണാനിടയായതിനാൽ, ‘രാത്രി ഇതുവഴി മനുഷ്യർക്ക് സഞ്ചരിക്കാൻ അനുവാദമില്ലെന്നും അങ്ങനെ മനുഷ്യർ വന്നുപെട്ടാൽ യക്ഷ-രാക്ഷസ-ഗന്ധർവ്വന്മാർ അവരെ കൊന്നു തിന്നുമെന്നും' വിളിച്ചുപറഞ്ഞുകൊണ്ട് ഗന്ധർവനായ അംഗാരവർണ്ണൻ കുപിതനായി അർജ്ജുനനോട് ഏറ്റുമുട്ടി. ഇതുകണ്ട് ദേഷ്യം വന്ന അർജ്ജുനൻ തങ്ങൾ സാധാരണ മനുഷ്യരല്ലെന്നു താക്കീത് ചെയ്തുകൊണ്ട് തന്നോട് യുദ്ധം ചെയ്ത് ജയിക്കാൻ അംഗാരവർണ്ണനെ വെല്ലുവിളിച്ചു.

അർജ്ജുനനുമായുള്ള യുദ്ധവും വിദ്യോപദേശവും[തിരുത്തുക]

അംഗാരവർണ്ണനും അർജ്ജുനനും തമ്മിൽ നടത്തിയ യുദ്ധത്തിൽ അർജ്ജുനൻ ആഗ്നേയാസ്ത്രം തൊടുത്ത് അംഗാരവർണ്ണന്റെ വെള്ളത്തിൽ പൊങ്ങിക്കിടന്ന ദിവ്യരഥം കത്തിച്ചുകളഞ്ഞു. ആഗ്നേയാസ്ത്രപ്രഭയാൽ അംഗാരവർണ്ണൻ മോഹാലസ്യപ്പെട്ടു ഗംഗയിൽ വീണു പോയി. അയാളെ കൊല്ലാനടുത്ത അർജുനനോട് അംഗാരവർണ്ണന്റെ ഭാര്യ കുംഭീനസി മാപ്പ് അപേക്ഷിച്ചു. മാപ്പപേക്ഷിക്കുന്നവനേയും, സ്ത്രീക്രീഢ നടത്തുന്നവനേയും, ബലഹീനനേയും കൊല്ലരുത് എന്നുള്ള ആപ്തവാക്യം ഓർമ്മപ്പെടുത്തുന്ന കുംഭീനസിയുടെ അപേക്ഷപ്രകാരം അർജ്ജുനൻ അംഗാരവർണ്ണനെ കൊല്ലാതെ വിട്ടു. അംഗാരവർണ്ണൻ അർജ്ജുനന് പ്രത്യുപകാരമായി ചാക്ഷുഷി എന്ന വിദ്യ ഉപദേശിച്ചു കൊടുക്കുന്നു. അർജ്ജുനൻ ഗന്ധർവ്വനു പ്രത്യുപകാരമായി ‘ആഗ്നേയാസ്ത്രവും' പറഞ്ഞുകൊടുത്ത്, ഗന്ധർവനുമായി മൈത്രിയിലാവുന്നു.

ചാക്ഷുഷി[തിരുത്തുക]

പ്രധാന ലേഖനം: ചാക്ഷുഷി

അംഗാരവർണ്ണനു അറിയാമായിരുന്ന ഒരു ദിവ്യമന്ത്രം. അംഗാരവർണ്ണൻ ഇത് അർജ്ജുനനു ഉപദേശിക്കുന്നുണ്ട്.[2] ചക്ഷുസ് = കണ്ണ്; ചാക്ഷുഷി എന്നാൽ കാണാൻ ആഗ്രഹിക്കുന്ന ഏതിനേയും കാണുവാൻ ഉപകരിക്കുന്നത്‌. ഈ മന്ത്രം അറിയാവുന്നവർക്ക് ദൂരെയുള്ള പലതും കാണാനും, ഇഷ്ടമുള്ളതു അറിയാനും സാധിക്കുന്നു. [3] ചാക്ഷുഷി ബ്രഹ്മാവിൽ നിന്നും മനുവും, മനുവിൽനിന്നും സോമനും (ചന്ദ്രൻ), സോമനിൽ നിന്നും വിശ്വവസുവും, വിശ്വവസുവിൽ നിന്നും അംഗാരവർണ്ണനും, അംഗാരവർണ്ണനിൽ നിന്നും അർജ്ജുനനും ഹൃദിസ്ഥമാക്കി. [4]

അംഗാരവർണ്ണൻ കഥ പറയുന്നു[തിരുത്തുക]

അംഗാരവർണ്ണൻ പാണ്ഡവർക്ക് സംവരണചരിതവും, കൽമാഷചരിതവും, ഔർവ്വചരിതവും, നിമിചരിതവും വിശ്വാമിത്രചരിതവും പറഞ്ഞു കൊടുക്കുന്നു. ഈ കഥകൾ പറഞ്ഞുകൊടുക്കുന്നത് പാണ്ഡവർക്ക് ഒരു ഗുരു(മഹർഷി)വിന്റെ കുറവുള്ളത് മനസ്സിലാക്കി കൊടുക്കാനായിരുന്നു. കുലഗുരു ഇല്ലാത്തതുകൊണ്ട് കുരുവംശത്തിലുണ്ടായ ദുർദശകളെ ഉദാഹരിച്ചാണ് അംഗാരവർണ്ണൻ കഥ പറഞ്ഞു തീർത്തത്.

വസിഷ്ഠമഹർഷിയുടെ സഹായത്താൽ സൂര്യവംശരാജാവായിരുന്ന സംവരണനു സൂര്യപുത്രിയായ തപതിയെ പത്നിയായി ലഭിച്ചതും, കൽമാഷപാദനു രാക്ഷസജന്മത്തിൽ നിന്നും മോചനം കിട്ടിയതും, സൂര്യവംശത്തിലെ നിമിക്ക് അനുഗ്രഹം ലഭിച്ചതും അംഗാരവർണ്ണൻ പുതിയ കൂട്ടുകാർക്ക് പറഞ്ഞുകൊടുത്തു. ഗുരൂപദേശാനുസാരം പ്രവർത്തിച്ചതിനാൽ ഓർവ്വന്ന് വന്ന ഉന്നതിക്കും, കുലഗുരുവില്ലാഞ്ഞതിനാൽ അഹങ്കാരിയായിരുന്ന വിശ്വാമിത്ര രാജാവിന്റെ (പിന്നീട് വിശ്വാമിത്ര മഹർഷിയായി മാറി) കഥകളും പറഞ്ഞുകൊടുത്തു.

കുലഗുരുവായി ധൗമ്യമഹർഷി[തിരുത്തുക]

കഥകളൊക്കെ കേട്ടശേഷം പാണ്ഡവർ തങ്ങൾ ഏതു ബ്രാഹ്മണനെയാണ് ഗുരുവായി മുൻ‌നിർത്തേണ്ടത് എന്ന് ചോദിക്കുമ്പോൾ, ‘നിങ്ങൾ ധൗമ്യമഹർഷിയെ സേവ ചെയ്യുക’ എന്നു ‍ പറഞ്ഞ് അംഗാരവർണ്ണൻ മടങ്ങുന്നു. അംഗാരവർണ്ണന്റെ ഉപദേശപ്രകാരമാണ് പാണ്ഡവർ തങ്ങളുടെ ഗുരുവായി ധൗമ്യമഹർഷിയെ കണ്ടെത്തി, അദ്ദേഹത്തെ പ്രീതിപ്പെടുത്തി, ഗുരുവായി സ്വീകരിച്ച് അദ്ദേഹത്തോടൊപ്പം പാഞ്ചാലീസ്വയംവരത്തിനു പോകുന്നതും പാഞ്ചാലിയെ വരിക്കുന്നതും.

അവലംബം[തിരുത്തുക]

  1. ആദിപർവ്വം -- മഹാഭാരതം -- ഡോ.പി.എസ്.നായർ -- വിദ്യാരംഭം പബ്ലീഷേസ്
  2. മഹാഭാരതം -- ഡോ.പി.എസ്.നായർ -- വിദ്യാരംഭം പബ്ലിഷേസ്
  3. സംഭവ പർവ്വം -- മഹാഭാരതം മലയാളം -- ഡോ.പി.എസ്.നായർ -- വിദ്യാരംഭം പബ്ലിഷേസ്
  4. ചാക്ഷുഷി -- മഹാഭാരതകഥ
Wiktionary
ചാക്ഷുഷി എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക
"https://ml.wikipedia.org/w/index.php?title=അംഗാരവർണൻ&oldid=2295026" എന്ന താളിൽനിന്ന് ശേഖരിച്ചത്