എം.ജി.കെ. മേനോൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(M. G. K. Menon എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എം.ജി.കെ. മേനോൻ

Prof M G K Menon.jpg
ജനനം
മാമ്പിളളിക്കളത്തിൽ ഗോവിന്ദ കുമാർ മേനോൻ

(1928-08-28)28 ഓഗസ്റ്റ് 1928
മരണം22 നവംബർ 2016(2016-11-22) (പ്രായം 88)
കലാലയം
അറിയപ്പെടുന്നത്KGF Experiments (Particle experiments at Kolar Gold Fields)
കുട്ടികൾ2
പുരസ്കാരങ്ങൾ
Scientific career
Fieldsഭൗതിക ശാസ്ത്രം,പദാർത്ഥ ഭൗതിക ശാസ്ത്രം
Institutions
Doctoral advisorCecil F. Powell
എം.ജി.കെ. മേനോൻ
അധ്യക്ഷൻ, ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസെഷൻ
ഓഫീസിൽ
ജനുവരി 1972 (1972-01) – സെപ്റ്റംബർ 1972 (1972-09)
മുൻഗാമിവിക്രം സാരാഭായ്
പിൻഗാമിസതീഷ് ധവാൻ

ഇന്ത്യയിലെ പ്രമുഖ ഭൗതിക ശാസ്ത്രജ്ഞന്മാരിലൊരാളായിരുന്നു മാമ്പിളളിക്കളത്തിൽ ഗോവിന്ദ കുമാർ മേനോൻ എന്ന എം.ജി.കെ മേനോൻ (28 ആഗസ്ററ് 1928 - 22 നവംബർ 2016). ശാസ്ത്ര-സാങ്കേതിക മേഖലകളിൽ ഇന്ത്യ കൈവരിച്ച നേട്ടങ്ങൾക്കുപിന്നിൽ പ്രവർത്തിച്ച ശാസ്ത്രപ്രതിഭകളിലൊരാളാണ് എം.ജി.കെ. മേനോൻ. രാജ്യത്തിന് കൃത്യമായ ശാസ്ത്ര നയം രൂപവത്കരിക്കുന്നതിൽ നിർണായക പങ്കു വഹിച്ച ഇദ്ദേഹം നിരവധി ഗവേഷണ സ്ഥാപനങ്ങളുടെ നേതൃപദവിയിലിരുന്നിട്ടുണ്ട്. ഭൗതികശാസ്ത്രത്തിൽ മൗലിക കണങ്ങളെക്കുറിച്ചുള്ള പഠനങ്ങളും ഗവേഷണങ്ങളും ഇദ്ദേഹത്തെ അന്താരാഷ്ട്ര പ്രശസ്തനാക്കി.[1]

ജീവിതരേഖ[തിരുത്തുക]

1928 ആഗസ്റ്റ് 28ന് മംഗലാപുരത്താണ് എം.ജി.കെ. മേനോൻ ജനിച്ചത്. പാലക്കാട് ജില്ലയിലെ ശ്രീകൃഷ്ണപുരത്തു മാമ്പള്ളിക്കളത്തിൽ ശങ്കര മേനോന്റെയും നാരായണി അമ്മയുടെയും മകനാണ്. മംഗലാപുരം ജില്ലാ ജഡ്ജിയായിരുന്നു ശങ്കര മേനോൻ. പിന്നീട് വിവിധ സംസ്ഥാനങ്ങളിലെ ഹൈകോടതികളിൽ ജഡ്ജിയായി പ്രവർത്തിച്ചു.

പഠനം[തിരുത്തുക]

ജോധ്പൂരിലെ ജസ്വന്ത് കോളേജിൽ നിന്നും ബോംബേയിലെ റോയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ നിന്നും ബിരുദങ്ങൾ നേടിയ ശേഷം ബ്രിസ്ററൾ യുണിവഴ്സിററിയിൽ നിന്ന് 1953-ൽ പി.എച്ച്.ഡി എടുത്തു. 1955 ന്റെ അവസാനങ്ങളിൽ ഹോമി ജഹാംഗീർ ബാബ മേനോനെ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റർ റിസർച്ചിലേക്ക് ക്ഷണിച്ചു. 1955-ൽ ഇന്ത്യയിലേക്കു തിരിച്ചു വന്ന് ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസേർച്ചിൽ (ടി.ഐ.എഫ്.ആർ) ജോലി സ്വീകരിച്ചു. അവിടെവച്ച് സ്ട്രാറ്റോഗ്രഫിക് ഹൈറ്റിലേക്ക് ഉയർന്നുപൊങ്ങുന്ന പ്ലാസ്റ്റിക് ബലൂൺ കണ്ടുപിടിക്കുകയും അതുവഴി പാർട്ടിക്കിൾ ഫിസിക്സിന്റെയും കോസ്മിക് റെയ്സിന്റെയും പഠനം സാദ്ധ്യമാക്കി. ഹോമി ഭാഭയ്ക്കൊപ്പം ഒട്ടേറെ ഗവേഷണങ്ങളിൽ പങ്കാളിയായിട്ടുള്ള എം.ജി.കെ.മേനോൻ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചിന്റെ വളർച്ചയിൽ വഹിച്ച പങ്കു വലുതാണ്.[2]റോയൽ സൊസൈററിയിലേയും ഇന്ത്യയിലെ മൂന്ന് ശാസ്ത്ര അക്കാദമികളിലേയും അംഗമായി പ്രവർത്തിച്ച ഡോക്ടർ മേനോൻറെ ഗവേഷണ മേഖല കോസ്മിക് കിരണങ്ങളും പദാർത്ഥ ഭൗതിക ശാസ്ത്രവും ആയിരുന്നു. അടിസ്ഥാനകണങ്ങളുടെ സ്വഭാവസവിശേഷതകൾ പഠിക്കാൻ കോസ്മിക് രശ്മി ഉപയോഗിച്ചുകൊണ്ടുള്ള പരീക്ഷണങ്ങൾ അദ്ദേഹത്തെ പ്രസിദ്ധനാക്കി. കോലാർ സ്വർണഖനിയിൽ അഗാധതാഴ്ചയിൽ കോസ്മിക് റേ ന്യൂട്രിനോ പരീക്ഷണങ്ങളും അദ്ദേഹത്തിന്റെ പ്രധാന മേഖലയാണ്. [3]

ഔദ്യോഗിക ജീവിതം[തിരുത്തുക]

1966-96 കാലയളവിൽ ടി.ഐ.എഫ്.ആറിൻറെ ഡയറക്ടർ, ശാസ്ത്ര സാങ്കേതിക വകുപ്പു സെക്രട്ടറി, പ്ലാനിംഗ് കമ്മീഷൻ മെംബർ; രാജ്യസഭാംഗം എന്നീ പദവികളിൽ സേവനമനുഷ്ടിച്ചു. ഇലക്ട്രോണിക്സ് വിപ്ലവത്തിന്റെ സൂത്രധാരനായി അദ്ദേഹം അറിയപ്പെടുന്നു.1971ൽ കേന്ദ്ര ഇലക്ട്രോണിക്സ് കമ്മിഷൻ രൂപവൽക്കരിച്ചപ്പോൾ ചെയർമാനായിരുന്ന അദ്ദേഹമാണു കംപ്യൂട്ടർ മെയ്ന്റനൻസ് കോർപറേഷനു രൂപവും ഭാവവും നൽകിയത്. [4]1972 ജനുവരി മുതൽ സപ്തംബർ വരെ ഐ.എസ്.ആർ.ഒ (Indian Space Research Organisation)യുടെ മേധാവിയുമായിരുന്നു. 1972ൽ ഐഎസ്ആർഒയിലെ ആറുമാസത്തെ സേവനകാലത്താണു തുമ്പയിൽ വിക്രം സാരാഭായ് സ്പേസ് സെന്റർ ആയി ബഹിരാകാശ ഗവേഷണങ്ങളുടെ ഏകീകരണം സംബന്ധിച്ചും എസ്എൽവി–3, ആര്യഭട്ട തുടങ്ങിയ പദ്ധതികളുടെയും ആദ്യ തീരുമാനങ്ങളുണ്ടാകുന്നത്. അടുത്ത രണ്ടു ദശകങ്ങൾ അദ്ദേഹം സ്പേസ് കമ്മിഷൻ അംഗമായിരുന്നു. അക്കാലത്തു പ്രഫ.സതീശ് ധവാനെപ്പോലുള്ളവരുമായി ചേർന്നു പ്രവർത്തിച്ചു. [5]അക്കാലത്ത് അദ്ദേഹം നാഷനൽ നാചുറൽ റിസോഴ്സസ് മാനേജ്മെന്റ് സിസ്റ്റം ചെയർമാനായിരുന്നു. എം.ജി.കെ മേനോനെ രാജ്യം 1961 ൽ പദ്മശ്രീ, 1968 ൽ പദ്മഭൂഷൺ, 1985 ൽ പദ്മവിഭൂഷണും കൊടുത്ത് ആദരിച്ചിട്ടുണ്ട്. വിപി സിംഗ് മന്ത്രിസഭയിൽ ശാസ്ത്ര സാങ്കേതിക,വിദ്യാഭ്യാസ സഹമന്ത്രിയായിരുന്നു. രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പേൾ ശാസ്ത്ര ഉപദേഷ്ടാവായും പ്രവർത്തിച്ച എം.ജി.കെ. മേനോൻ. എട്ടു വർഷം ആസൂത്രണബോർഡ് അംഗമായും പ്രവർത്തിച്ചു.

സൈലന്റ്‌വാലി ഇടപെടൽ[തിരുത്തുക]

അദ്ദേഹം കൈവരിച്ച ധാരാളം നേട്ടങ്ങളിൽ എന്നും ഓർമ്മിക്കപ്പെടുന്നത് സൈലന്റ്‍വാലിയുടെ പാരിസ്ഥിതിക സംരക്ഷണത്തിനു നടത്തിയ പ്രയത്നം തന്നെയാണ്. സൈലന്റ്‌വാലി ഒഴുകുന്ന കുന്തിപ്പുഴയിൽ 250 മെഗാവാട്ട് വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള കമ്മീഷനിലെ അംഗമായിരുന്നു എം.ജി.കെ മേനോൻ.[6]സൈലന്റ്‌വാലിയിൽ ജലവൈദ്യുതപദ്ധതി സ്ഥാപിക്കണമോ വേണ്ടയോ എന്നത് ചൂടുപിടിച്ച സാമൂഹ്യ രാഷ്ട്രീയ പാരിസ്ഥിതിക സംവാദത്തിന് വഴിവച്ചു. അതിനെത്തുടർന്ന് ശ്രീമതി ഇന്ദിരാഗാന്ധിയുടെ ഭരണകാലത്ത് ജലവൈദ്യുതപദ്ധതിപഠിക്കാൻ നിയോഗിക്കപ്പെട്ട 8 അംഗസമിതിയിൽ പ്രൊഫ. എം ജി കെ മേനോൻ നേതൃപരമായ പങ്ക് വഹിച്ചു. സംസ്ഥാന ഗവൺമെന്റ് നാമനിർദേശംചെയ്ത നാലുപേരും കേന്ദ്രം നാമനിർദേശംചെയ്ത നാലുപേരും അടങ്ങുന്നതായിരുന്നു ആ സമിതി. അപൂർവമായ ജൈവവൈവിധ്യശേഖരം ഉൾക്കൊള്ളുന്ന സൈലന്റ്‌വാലി സംരക്ഷിക്കുകയും അതിനെ ദേശീയ ജൈവവൈവിധ്യ കലവറയായി പ്രഖ്യാപിക്കുകയും ചെയ്യണമെന്നും അവിടെ നിർദിഷ്ട ജലവൈദ്യുതപദ്ധതി നടപ്പാക്കുന്നത് അപരിഹാര്യമായ നഷ്ടമാകുമെന്നും എം ജി കെ മേനോന്റെ മുൻകൈയിൽ പ്രസ്തുത കമ്മിറ്റി സമർഥിക്കുകയുണ്ടായി. അതിനെ തുടർന്നാണ് ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള അന്നത്തെ കേന്ദ്ര ഗവൺമെന്റ് സൈലന്റ്‌വാലി വിവാദത്തിന് പൂർണവിരാമം ഇട്ടുകൊണ്ട് അതിനെ സംരക്ഷിക്കാനും പരിരക്ഷിക്കാനും തീരുമാനിച്ചത്.[7]

ഡൽഹിയിൽ ഇന്ത്യാ ഇന്റർനാഷണൽ സെന്ററിന്റെ അധ്യക്ഷ പദവിയിൽ അദ്ദേഹം പ്രവർത്തിച്ചപ്പോൾ അവിടെ പലതരത്തിലുള്ള നവീകരണങ്ങൾക്ക് ചുക്കാൻ പിടിച്ചു. അദ്ദേഹത്തിന്റെ പ്രിയപ്പെട്ട കേരളീയവിഭവമായ പരിപ്പുവട ഇന്ത്യാ ഇന്റർനാഷണൽ സെന്ററിലെ 'ഭക്ഷണപട്ടിക'യിൽ ഉൾപ്പെടുത്തി അവിടെ ലഭ്യമാക്കി [8] ലോകത്തിലെ നാനാകോണിൽനിന്നും ശാസ്ത്രപ്രതിഭകളെ ചേർത്ത് വത്തിക്കാനിൽ പോപ്പിന്റെ മുൻകൈയിൽ രൂപവൽക്കരിച്ച അക്കാദമിയിൽ ഡോ. എം ജി കെ മേനോനും ഉൾപ്പെട്ടിരുന്നു.[9] ആധുനിക ഭൗതികശാസ്ത്രത്തിന്റെ ഉന്നതമേഖലകളിൽ വിഹരിച്ചിരുന്ന അദ്ദേഹം അതേസമയം, തത്വശാസ്ത്രത്തിൽ ആഴത്തിലുള്ള അറിവും പ്രകടിപ്പിച്ചിരുന്നു.[10]അദ്ദേഹത്തിൻറെ സ്മരണാർത്ഥം 2008 ൽ ഒരു ചിന്ന ഗ്രഹത്തിന് 7564 ഗോകുമേനോൻ എന്ന് പേര് നൽകി.

അവലംബം[തിരുത്തുക]

  • Indian Academy of Sciences Year Book 2011 website www.ias.ac.in
  • Third World Academy of Sciences Year Book 2011 website www.twas.org
"https://ml.wikipedia.org/w/index.php?title=എം.ജി.കെ._മേനോൻ&oldid=3820427" എന്ന താളിൽനിന്ന് ശേഖരിച്ചത്