ശ്രീനിവാസ രാമാനുജൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബേസിക് സയൻസസ്
കേരള സർക്കാർ, കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിനു കീഴിൽ അടിസ്ഥാന ശാസ്ത്ര ഗവേഷണത്തിനുവേണ്ടി ആരംഭിച്ച ഗവേഷണ സ്ഥാപനമാണ് ശ്രീനിവാസ രാമാനുജൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബേസിക് സയൻസസ്.[1] ഇന്ത്യൻ ഗണിതശാസ്ത്ര പ്രതിഭയായ ശ്രീനിവാസ രാമാനുജന്റെ 125-ാം ജന്മവാർഷികാഘോഷത്തിന്റെ ഭാഗമായി കേരള സർക്കാർ ഈ സ്ഥാപനം നടത്താനുള്ള തീരുമാനം എടുക്കുകയും, പിന്നീട് 2012 ജനുവരി 13 ന് കേരള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സ്ഥാപനത്തിന്റെ രൂപീകരണം പ്രഖ്യാപിക്കുകയും ചെയ്തു. ഇൻസ്റ്റിറ്റ്യൂട്ട് ഔദ്യോഗികമായി 2013 ഫെബ്രുവരി 7 ന് ഉദ്ഘാടനം ചെയ്തു.[2] കോട്ടയം പാമ്പാടിയിലുള്ള രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാമ്പസിലാണ് ഇത് ഇപ്പോൾ പ്രവർത്തിക്കുന്നത്. ഡോക്ടർ ഇ.സി.ജി. സുദർശൻ ഇതിന്റെ അഡ്വൈസറി ബോർഡ് ചെയർമാൻ ആയിരുന്നു.[3] തുടക്കം മുതൽ, ഇൻസ്റ്റിറ്റ്യൂട്ട് വിവിധ അക്കാദമിക് പ്രോഗ്രാമുകൾ, ക്ലാസുകൾ, വർക്ക് ഷോപ്പുകൾ എന്നിവ പതിവായി സംഘടിപ്പിക്കുന്നു.
ചരിത്രം
[തിരുത്തുക]ഇൻസ്റ്റിറ്റ്യൂട്ടിന്റെ രൂപീകരണം, 2012 ജനുവരി 13 ന് മഹാനായ ഗണിതശാസ്ത്രജ്ഞൻ ശ്രീനിവാസ രാമാനുജന്റെ 125 ജന്മവാർഷികത്തോടനുബന്ധിച്ച് നടത്തിയ ദേശീയ ഗണിതശാസ്ത്രാഘോഷ വേളയിൽ അന്നത്തെ കേരള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പ്രഖ്യാപിച്ചു.[4] ദേശീയ ഉന്നത ഗണിതശാസ്ത്ര സമിതിയുടെയും മാനവ വിഭവശേഷി വികസന മന്ത്രാലയത്തിന്റെയും നിർദേശങ്ങൾക്കനുസൃതമായി കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ് ആൻഡ് ടെക്നോളജി (കെ.എസ്.സി.എസ്.ടി.ഇ) സംഘടിപ്പിച്ച മാത്തമാറ്റിക്കൽ ഇയർ പ്രവർത്തനങ്ങൾ ആരംഭിച്ച വേളയിലായിരുന്നു ഇത്.[4] കെഎസ്‌സിടിഇയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി ഈ നിർദ്ദേശത്തിന് അംഗീകാരം നൽകി. കേരള നിയമസഭയിലെ ഗവർണറുടെ നയപ്രസംഗത്തിൽ, ഈ സ്ഥാപനത്തെ കേരള സർക്കാർ ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ പ്രധാന പ്രവർത്തനങ്ങളിലൊന്നായി പ്രഖ്യാപിച്ചു.[4] 2013 ഫെബ്രുവരി 7 ന്, തിരുവനന്തപുരത്തെ മസ്ക്കറ്റ് ഹോട്ടലിൽ വെച്ച് നടന്ന ചടങ്ങിൽ കേരള മുഖ്യമന്ത്രി ഇൻസ്റ്റിറ്റ്യൂട്ട് ഉദ്ഘാടനം ചെയ്തു.[4]
ലക്ഷ്യം
[തിരുത്തുക]ശാസ്ത്ര വിഷയങ്ങളിൽ അറിവ് വർദ്ധിപ്പിക്കാനും പരിശീലനം നൽകുവാനും വേണ്ടിയുള്ള കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ സംരഭക സ്ഥാപനമാണ് ശ്രീനിവാസ രാമാനുജൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബേസിക് സയൻസസ്.[5] ബിരുദാനന്തര ബിരുദ വിദ്യാർഥികൾ, ശാസ്ത്ര വിഷയങ്ങളിലെ ഗവേഷകർ, കോളേജ് അധ്യാപകർ എന്നിവർക്ക് ശാസ്ത്രത്തിലെ പുത്തൻ വിഷയങ്ങളെക്കുറിച്ച് അവബോധം നൽകാൻ സ്ഥാപനം ലക്ഷ്യമിടുന്നു.[5] സ്ഥാപനം ഇത്തരം വിഷയങ്ങളിൽ സമ്മർ/വിന്റർ ക്ലാസുകൾ സംഘടിപ്പിച്ചുവരുന്നുണ്ട്.[5]
അവലംബം
[തിരുത്തുക]- ↑ "Srinivasa Ramanujan Institute of Basic Sciences". KSCSTE. Archived from the original on 2014-04-27. Retrieved 28 February 2014.
- ↑ "Inaugural Address by Shri Oommen Chandy, Chief Minister of Kerala" (PDF). Archived from the original (PDF) on 2016-03-04. Retrieved 28 February 2014.
- ↑ "ഇ.സി.ജി. സുദർശൻ- കപ്പിനും ചുണ്ടിനും ഇടയിൽ നോബൽ നഷ്ടമായ മലയാളി". Asianet News Network Pvt Ltd.
- ↑ 4.0 4.1 4.2 4.3 "Srinivasa Ramanujan INSTITUTE FOR BASIC SCIENCES (SRIBS)". sribs.kerala.gov.in.
- ↑ 5.0 5.1 5.2 "നിയമസഭാ ചോദ്യോത്തരം" (PDF). Retrieved 19-02-2013.
{{cite web}}
: Check date values in:|accessdate=
(help)