എം.എസ്. സ്വാമിനാഥൻ
എം.എസ്. സ്വാമിനാഥൻ | |
---|---|
ജനനം | 7 ഓഗസ്റ്റ് 1925 |
മരണം | 28 സെപ്റ്റംബർ 2023 | (പ്രായം 98)
ദേശീയത | ഇന്ത്യ |
കലാലയം | Coimbatore Agricultural College, University of Wisconsin-Madison ഡിഗ്രി -മഹാരാജാസ് കോളേജ് (ഇന്നത്തെ യൂണിവേഴ്സിറ്റി കോളജ് |
അറിയപ്പെടുന്നത് | അത്യുല്പാദന ശേഷിയുള്ള ഗോതമ്പ് വർഗ്ഗങ്ങൾ |
പുരസ്കാരങ്ങൾ | വേൾഡ് ഫുഡ് പ്രൈസ് |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | കൃഷിശാസ്ത്രജ്ഞൻ |
സ്ഥാപനങ്ങൾ | എം.എസ്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ |
സ്വാധീനങ്ങൾ | ഡോ. നോർമാൻ ബോർലൗഗ് |
ഇന്ത്യയിലെ ഹരിത വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന പ്രശസ്തനായ ഒരു കൃഷി ശാസ്ത്രജ്ഞനായിരുന്നു എം.എസ്.സ്വാമിനാഥൻ[1] എന്ന മങ്കൊമ്പ് സാംബശിവൻ സ്വാമിനാഥൻ (7 ആഗസ്ത് 1925 – 28 സെപ്തംബർ 2023). ഇദ്ദേഹത്തിന്റെ പരിശ്രമങ്ങളാണ് തെക്കു കിഴക്കേഷ്യയിലെ മിക്ക രാജ്യങ്ങളെയും പട്ടിണിയിൽ നിന്നും കരകയറ്റിയത്.[അവലംബം ആവശ്യമാണ്] 1952 ൽ കേംബ്രിഡ്ജ് സർവ്വകലാശാലയിൽ നിന്നും ജനിതകശാസ്ത്രത്തിൽ പി.എച്ച് ഡി നേടിയ അദ്ദേഹം ഇന്ത്യയിലെത്തി കാർഷിക രംഗത്തിന്റെ അതികായനായി.ഇന്ത്യൻ പരിസ്ഥിതിക്കിണങ്ങുന്നതും അത്യുല്പാദനശേഷിയുള്ളതുമായ വിത്തുകൾ വികസിപ്പിച്ചെടുക്കുകയും അത് കർഷകർക്കിടയിൽ പ്രചരിപ്പിക്കുകയും ചെയ്തിനെ തുടർന്നാണ് സ്വാമിനാഥനെ അന്തർദേശീയ തലത്തിൽ പ്രശസ്തനാക്കിയത്. 1966 ൽ മെക്സിക്കൻ ഗോതമ്പ് ഇനങ്ങൾ ഇന്ത്യൻ സാഹചര്യങ്ങൾക്കുമാറ്റി പഞ്ചാബിലെ പാടശേഖരങ്ങളിൽ അദ്ദേഹം നൂറു മേനി കൊയ്തു.ഇത് അദ്ദേഹത്തെ ഇന്ത്യയിലെ ഹരിത വിപ്ലവത്തിന്റെ പിതാവാക്കി.[2]
ഡോ. മങ്കൊമ്പ് കെ. സാംബശിവൻറെയും തങ്കത്തിൻറെയും മകനായി തമിഴ്‌നാട്ടിലെ കുംഭകോണത്ത് 1925 ഓഗസ്റ്റ് 7ന് ജനനം. ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ പുളിങ്കുന്ന് മങ്കൊമ്പ് എന്ന സ്ഥലത്താണ് ഇദ്ദേഹത്തിന്റെ തറവാട്. ഇവരുടെ നാലു മക്കളിൽ രണ്ടാമത്തെയാളാണ് സ്വാമിനാഥൻ. അമ്പലപ്പുഴ രാജാവിൻറെ ക്ഷണം സ്വീകരിച്ച് തഞ്ചാവൂർ കൊട്ടാരത്തിൽ നിന്നുമെത്തിയ പണ്ഡിതശ്രേഷ്ഠനായ വെങ്കിടാചലയ്യരുടെ പിൻതലമുറക്കാരായ കൊട്ടാരം കുടുംബത്തിലെ അംഗമാണ് ഇദ്ദേഹം. മദ്രാസ് മെഡിക്കൽ കോളജിൽ നിന്നും വൈദ്യശാസ്ത്രത്തിൽ ബിരുദം നേടിയ പിതാവ് ആതുരസേവനത്തിനായി തിരഞ്ഞെടുത്തത് തമിഴ്നാട്ടിലെ കുംഭകോണമായിരുന്നു. സ്വാമിനാഥൻറെ പ്രാഥമിക വിദ്യാഭ്യാസവും ഇവിടെത്തന്നെ. എല്ലാവർഷവും വേനലവധിക്കാലം മുത്തച്ഛനായ കൃഷ്ണയ്യരുടെ അധീനതയിലുള്ള മങ്കൊമ്പിലുള്ള കൊട്ടാരം വീട്ടിൽ ചെലവഴിച്ചത്, ഹരിതവിപ്ലവത്തിൻറെ പിതാവെന്ന നിലയിലേക്ക് വളർന്ന എം.എസ്.സ്വാമിനാഥൻ എന്ന കാർഷിക ശാസ്ത്രജ്ഞനെ സൃഷ്ടിക്കുന്നതിൽ പിതാവിൻറെ സാമിപ്യത്തോടൊപ്പം പ്രധാന പങ്കു വഹിച്ചിട്ടുള്ളതായി സ്വാമിനാഥൻ സൂചിപ്പിച്ചിട്ടുണ്ട്. സ്വാമിനാഥന് 11 വയസ്സുള്ളപ്പോൾ പിതാവ് മരണമടഞ്ഞു. പിതാവിൻറെ സഹോദരനായിരുന്ന മങ്കൊമ്പ് കൃഷ്ണ നാരായണസ്വാമിയുടെ സംരക്ഷണയിലാണ് പിന്നീട് അദ്ദേഹത്തിൻറെ കുടുംബം കഴിഞ്ഞത്. കുംഭകോണത്തുനിന്നും പത്താംക്ലാസ്സ് പഠനം പൂർത്തിയാക്കിയ സ്വാമിനാഥൻ 1940ൽ തിരുവനന്തപുരത്ത് മഹാരാജാസ് കോളജിൽ (ഇന്നത്തെ യൂണിവേഴ്സിറ്റി കോളജ്) ജന്തുശാസ്ത്രത്തിൽ ബിരുദപഠനത്തിന് ചേർന്നു. കാർഷികപാരമ്പര്യമുള്ള കുടുംബത്തിലെ അംഗമായ അദ്ദേഹം കൃഷി വരുമാനമാർഗ്ഗമാക്കണമെന്നതിലുപരി, അനേകായിരം കുടുംബങ്ങൾക്ക് വരുമാനം നൽകുന്നതരത്തിൽ ഒരു ശാസ്ത്രവും സങ്കേതവുമാക്കാനുള്ള ആഗ്രഹവുമായി കോയമ്പത്തൂർ കാർഷിക കോളജ്, ഇന്ത്യൻ കാർഷിക ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിൽ തുടർ പഠനം നടത്തി. 2023സപ്തംബർ 28ന് ചെന്നൈയിലെ സ്വവസതിയിൽവെച്ച് നിര്യാതനായി.
നേട്ടങ്ങൾ
[തിരുത്തുക]- 1971 ൽ മാഗ്സാസെ അവാർഡ്
- 1987 ലെ റോമിൽ നടന്ന ഐക്യരാഷ്ട്ര ഭക്ഷ്യ കോൺഗ്രസ് അദ്ധ്യക്ഷ പദവി
- 1987 ൽ വേൾഡ് ഫുഡ് പ്രൈസ്
- 2000 ൽ ഫ്രങ്ക്ലിൻ റൂസ്‌വെൽറ്റ് പുരസ്ക്കാരം
- പദ്മശ്രീ,പദ്മഭൂഷൺ[4]
- ഭാരത് രത്ന -2024 (മരണാനന്തരം )
അവലംബം
[തിരുത്തുക]- ↑ ഡോ.എം.എസ്.സ്വാമിനാഥൻ അന്തരിച്ചു
- ↑ മാതൃഭൂമി തൊഴിൽ വാർത്ത ഹരിശ്രീ,2006 ഫെബ്രുവരി 4 പേജ് 18
- ↑ കേരള കർഷകൻ,2012 ഫെബ്രുവരി - കവർ സ്റ്റോറി
- ↑ എം.എസ്.സ്വാമിനാഥൻ, ജീവചരിത്രം
ചിത്രശാല
[തിരുത്തുക]-
എം.എസ്. സ്വാമിനാഥൻ
-
എം.എസ്. സ്വാമിനാഥൻ
- Pages using infobox scientist with unknown parameters
- പത്മഭൂഷൺ പുരസ്കാരം ലഭിച്ചവർ
- ഇന്ത്യയിലെ കൃഷിശാസ്ത്രജ്ഞർ
- മാഗ്സസെ പുരസ്കാരം ലഭിച്ചവർ
- പത്മശ്രീ പുരസ്കാരം ലഭിച്ചവർ
- പത്മവിഭൂഷൺ പുരസ്കാരം ലഭിച്ചവർ
- രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടവർ
- അഗ്രോണമിസ്റ്റുകൾ
- ഇന്ത്യൻ ജനിതകശാസ്ത്രജ്ഞർ
- 1925-ൽ ജനിച്ചവർ
- അപൂർണ്ണ ജീവചരിത്രങ്ങൾ
- 2023-ൽ മരിച്ചവർ