Jump to content

തൃക്കണ്ടിയൂർ അച്യുതപ്പിഷാരടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Achyuta Pisharati എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ജ്യോതിശാസ്ത്രം, വ്യാകരണം, വൈദ്യം, അലങ്കാരം എന്നീ വിഷയങ്ങളിൽ വിചക്ഷണനും മേല്പത്തൂർ നാരായണഭട്ടതിരിയുടെ ശബ്ദശാസ്ത്രഗുരുവുമായിരുന്ന കേരളീയ പണ്ഡിതനായിരുന്നു തൃക്കണ്ടിയൂർ അച്യുതപ്പിഷാരടി. മലപ്പുറം ജില്ലയിൽ തിരൂരിലുള്ള തൃക്കണ്ടിയൂർ പിഷാരത്ത് 1545-ൽ ജനിച്ചു. പല വിദ്വാൻമാരുടെയും ജൻമംകൊണ്ട് ധന്യമായിട്ടുളളതാണ് ഈ കുടുംബം. ഉദ്ദണ്ഡശാസ്ത്രികളുടെ സമകാലികനായ നാണപ്പപ്പിഷാരടി എന്ന മഹാവൈയാകരണന്റെ ഒരു പൂർവികനായിരുന്നു അച്യുതപ്പിഷാരടി. ആ കുടുംബത്തിൽപ്പെട്ട മറ്റൊരു വ്യാകരണജ്ഞനാണ് ഗോവിന്ദപ്പിഷാരടി. അച്യുതപ്പിഷാരടിക്കു ജ്യോതിശ്ശാസ്ത്രത്തിൽ അനേകം പ്രസിദ്ധ ശിഷ്യൻമാരും പ്രശിഷ്യൻമാരും ഉണ്ടായിട്ടുണ്ട്. മേല്പത്തൂർ നാരായണ ഭട്ടതിരിയായിരുന്നു ഇദ്ദേഹത്തിന്റെ ശിഷ്യരിൽ പ്രാതഃസ്മരണീയൻ. പത്തനംതിട്ട താലൂക്കിൽ ചെറുകോൽ നെടുമ്പയിൽ കൊച്ചുകൃഷ്ണനാശാൻ (1756-1812) എന്ന ജ്യോതിശ്ശാസ്ത്രജ്ഞൻ എഴുതിയ ആറൻമുളവിലാസം ഹംസപ്പാട്ടിൽനിന്ന് ആ ശിഷ്യപരമ്പരയുടെ ഏകദേശജ്ഞാനം ലഭിക്കും. അച്യുതപ്പിഷാരടിയുടെ ഒരു ശിഷ്യനാണ് കോലത്തുനാട്ടു തൃപ്പാണിക്കരെ പൊതുവാൾ. ഭോജചമ്പുവിന് വ്യാഖ്യാനം ചമച്ച അറുനായത്ത് കരുണാകരപ്പിഷാരടി മറ്റൊരു ശിഷ്യനാണ്.

പ്രധാനകൃതികൾ

[തിരുത്തുക]
  • ഗോളദീപിക (ഒരു പ്രാമാണിക ഗണിതശാസ്ത്ര ഗ്രന്ഥം),
  • ഉപരാഗക്രിയാക്രമം (ഗ്രഹസ്ഫുടഗണനവും ഛായാദിഗ്രഹണവും പ്രതിപാദിക്കുന്ന ഒരു ജ്യോതിഷഗ്രന്ഥം),
  • കരണോത്തമം (ദൃകസമ്പ്രദായത്തിലുള്ള ഒരു ഗ്രന്ഥം),
  • ജാതകാഭരണം (വരാഹമിഹിരന്റെ ഹോരയെ ആശ്രയിച്ചെഴുതിയ കൃതി),
  • ഹോരാസാരോച്ചയം (ശ്രീപതി പദ്ധതിയുടെ സംക്ഷേപം),
  • ഹോരാസാരോച്ചയ പരിഭാഷ,
  • വേണ്വാരോഹപരിഭാഷ (ക്രിയാക്രമം വിവരിക്കുന്ന ഇരിഞ്ഞാടപ്പള്ളി മാധവൻ നമ്പൂതിരിയുടെ വേണ്വാരോഹത്തിന്റെ പരിഭാഷ. ആഴ്വാഞ്ചേരിത്തമ്പ്രാക്കളുടെ ആവശ്യപ്രകാരം രചിച്ചത്),
  • പ്രവേശകം (വ്യാകരണശാസ്ത്രം പഠിക്കാനാഗ്രഹിക്കുന്നവർക്കു വേണ്ടി എഴുതിയ ഗ്രന്ഥം) എന്നിവയാണ് പ്രധാന കൃതികൾ.

പിഷാരടിയുടെ ജ്യോതിശാസ്ത്രഗുരു ജ്യേഷ്ഠദേവൻ എന്നൊരാളായിരുന്നുവെന്ന് ഉപരാഗക്രിയാക്രമത്തിൽ സൂചിപ്പിച്ചുകാണുന്നു. വെള്ളനാട്ടു രവിവർമത്തമ്പുരാൻ പുരസ്കർത്താവായിരുന്നുവെന്നു പ്രവേശകം എന്ന വ്യാകരണ ഗ്രന്ഥത്തിന്റെ ഉപക്രമപദ്യങ്ങളിലൊന്നിൽ നിന്നും ഗ്രഹിക്കാം.

കേരളീയ ഗണിത-ജ്യോതിശാസ്ത്ര സരണി
ആര്യഭടൻ | വടശ്ശേരി പരമേശ്വരൻ | സംഗമഗ്രാമ മാധവൻ | നീലകണ്ഠ സോമയാജി | ജ്യേഷ്ഠദേവൻ | ശങ്കര വാര്യർ | മേൽപ്പത്തൂർ നാരായണ ഭട്ടതിരി | അച്യുത പിഷാരടി | പുതുമന ചോമാതിരി | തലക്കുളത്തൂർ ഭട്ടതിരി| കൈക്കുളങ്ങര രാമവാര്യർ| ശങ്കരനാരായണൻ
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ തൃക്കണ്ടിയൂർ അച്യുതപ്പിഷാരടി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.