ഇ.സി.ജി. സുദർശൻ
ഇ.സി.ജി. സുദർശൻ അഥവാ എണ്ണക്കൽ ചാണ്ടി ജോർജ് സുദർശൻ ഭൗതികശാസ്ത്രത്തിൽ മികവ് തെളിയിച്ച ഭാരതീയ ശാസ്ത്രജ്ഞനായിരുന്നു. ക്ഷീണ ബലത്തെ സംബന്ധിച്ച വി - എ സിദ്ധാന്തം, ക്വാണ്ടം ഒപ്റ്റിക്സിലെ മൗലിക ഗവേഷണം, തുറന്ന ക്വാണ്ടം വ്യവസ്ഥകളെ സംബന്ധിച്ച കണ്ടെത്തലുകൾ, പ്രകാശത്തേക്കൾ വേഗതയിൽ സഞ്ചരിക്കുന്ന 'ടാക്കിയോണുകൾ' എന്ന് നാമകരണം ചെയ്യപ്പെട്ട കണികകളെ സംബന്ധിച്ച പരികല്പനകൾ എന്നിവയാണ് അദ്ദേഹത്തിന്റെ മുഖ്യസംഭാവനകളായി കരുതപ്പെടുന്നത്. അമേരിക്കയിൽ സ്ഥിരതാമസമാക്കിയ അദ്ദേഹം ഭാരതീയ തത്ത്വചിന്തയിലും ആകൃഷ്ടനായിരുന്നു. വേദാന്ത സംബന്ധിയായ പ്രഭാഷണങ്ങളും അദ്ദേഹം നടത്തിയിട്ടുണ്ട്.
ചെറുപ്പത്തിൽ, എണ്ണയിടാൻ പിതാവ് താഴെയിറക്കിയ വീട്ടിലെ മുത്തച്ഛൻ ഘടികാരത്തിനുള്ളിലെ ചക്രങ്ങൾ കണ്ടപ്പോഴാണ് തന്നിൽ ശാസ്ത്രകൗതുകം ഉണർന്നതെന്ന് സുദർശൻ വെളിപ്പെടുത്തിയിട്ടുണ്ട്.
പലവട്ടം ഊർജ്ജതന്ത്രത്തിനുള്ള നോബേൽ സമ്മാനത്തിനു നിർദ്ദേശിക്കപ്പെട്ടിട്ടുള്ള തനിയ്ക്ക് അതു ലഭിക്കാതെ പോയത്, ശാസ്ത്രലോകത്തിലെ തല്പരകക്ഷികളുടെ ഇടപെടൽ മൂലമാണെന്ന് അദ്ദേഹം ആരോപിച്ചിട്ടുണ്ട്. തന്റെ കണ്ടെത്തലുകൾ സ്വന്തം പേരിലാക്കി സമ്മാനം വാങ്ങുകയും കേട്ടു പകർത്തി സ്വന്തമാക്കുകയും ചെയ്തവരുടെ കൂട്ടത്തിൽ ഈഗോൺ ക്രൗസ്, നൊബേൽ ജേതാവ് മറെ ഗെൽമാൻ എന്നിവരെ സുദർശൻ എടുത്തു പറഞ്ഞു.[1]
ജീവിതരേഖ[തിരുത്തുക]
കേരളത്തിൽ കോട്ടയം ജില്ലയിലെ പള്ളം,പാക്കിലെ എണ്ണക്കൽ വീട്ടിൽ, 1931 സെപ്റ്റംബർ 16-നാണ് അദ്ദേഹം ജനിച്ചത്, പിതാവ് ഇ.ഐ ചാണ്ടി റവന്യൂ സൂപ്പർവൈസറും മാതാവ് അച്ചാമ്മ അദ്ധ്യാപികയും ആയിരുന്നു. 2018 മേയ് 14-ന് 87-ആം വയസ്സിൽ അമേരിക്കയിൽ വച്ച് അദ്ദേഹം അന്തരിച്ചു.
പുരസ്കാരങ്ങൾ[തിരുത്തുക]
- ശാസ്ത്രമേഖലയിലെ സമഗ്രസംഭവാനയ്ക്കുള്ള കേരള ശാസ്ത്ര പുരസ്കാരം - 2013
- ICTPയുടെ ഡിറാക് മെഡൽ, 2010
- പത്മവിഭൂഷൺ, ഭാരത സർക്കാരിന്റെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതി - 2007
- മേജറന പ്രൈസ്, 2006
- First Prize in Physics, 1985
- TWAS പ്രൈസ്, 1985
- ബോസ് മെഡൽ, 1977
- പത്മഭൂഷൺ, ഭാരത സർക്കാരിന്റെ മൂന്നാമത്തെ സിവിലിയൻ ബഹുമതി - 1976[2]
- സി.വി. രാമൻ പുരസ്കാരം, 1970
അവലംബം[തിരുത്തുക]
- ↑ വിജു.വി. നായർ, ശാസ്ത്രം, ആത്മജ്ഞാനം സുദർശനം എന്ന പേരിൽ 2010 ആഗസ്റ്റ് 15-ലെ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച മുഖാമുഖം
- ↑ "Padma Awards" (PDF). Ministry of Home Affairs, Government of India. 2015. മൂലതാളിൽ (PDF) നിന്നും November 15, 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് July 21, 2015.