Jump to content

തവള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Frog എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തവള
Temporal range: Early Triassic-Recent, 250–0 Ma
Australian green tree frog (Litoria caerulea)
ശാസ്ത്രീയ വർഗ്ഗീകരണം e
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Amphibia
ക്ലാഡ്: Salientia
Order: Anura
Merrem, 1820
Suborders

Archaeobatrachia
Mesobatrachia
Neobatrachia
 –
List of Anuran families

Native distribution of frogs (in green)

ഒരു ഉഭയ ജീവിയാണ് തവള. കരയിലും വെള്ളത്തിലും ജീവിക്കുന്ന ജീവികളെയാണ് ഉഭയജീവികൾ എന്നു വിളിക്കുന്നത്. വൃക്ഷങ്ങളിലും മാളങ്ങളിലും കുഴികളിലും ജീവിക്കുന്നവ ഉൾപ്പെടെ മൂവായിരത്തോളം സ്പീഷീസ് തവളകളെ കണ്ടെത്തിയിട്ടുണ്ട്. തവളകളും പേക്കാന്തവളകളും (toad) മാത്രം ഉൾപ്പെടുന്ന അനൂറ (Anura) ജന്തു ഗോത്രത്തിലെ റാണിഡെ (Ranidae) കുടുംബത്തിൽപ്പെടുന്നു. ഉഷ്ണമേഖലാ പ്രദേശങ്ങളിലും ആർദ്രതയുള്ള ശീതോഷ്ണ മേഖലയിലുമാണ് തവളകളെ ധാരാളമായി കാണുന്നത്. മരുഭൂമികളിലും ചിലയിനം തവളകളെ കാണാം. എന്നാൽ മഞ്ഞുമൂടിക്കിടക്കുന്ന ധ്രുവപ്രദേശങ്ങളില തവളകളെ കാണുന്നില്ല. ഉഷ്ണമേഖലാ പ്രദേശങ്ങളിലെ സ്പീഷീസുകളധികവും ജലത്തിൽ ജീവിക്കുന്നവയാണ്.

തവളയുടെ ജീവ ചംക്രമണം

[തിരുത്തുക]

മറ്റ് ഉഭയജീവികളെ പോലെ തവളയുടെ ജീവിതത്തിന് നാല് പ്രധാന ഘട്ടങ്ങളാണ് ഉള്ളത്. മുട്ട, വാൽമാക്രി, രൂപാന്തരീകരണം, വളർച്ചയെത്തിയ തവള. മുട്ട, വാൽമാക്രി എന്നീ ഘട്ടങ്ങൾക്ക് ജലത്തെ ആശ്രയിക്കുന്നത് പലവിധ പ്രജനന സ്വഭാവങ്ങൾക്കും വഴിതെളിക്കുന്നു. ഇതിലൊന്ന് മിക്ക തവള വർഗ്ഗങ്ങളിലെയും ആൺതവളകൾ അവ പ്രജനനത്തിനായി തിരഞ്ഞെടുത്ത ജലാശയത്തിലേക്ക് പെൺതവളകളെ വിളിക്കുന്ന ഇണചേരൽ വിളികൾ (പോക്രോം വിളി) ആണ്. ചില തവളകൾ അവയുടെ മുട്ടകളെ സംരക്ഷിക്കാറുണ്ട്. ചില ഇനങ്ങൾ വാൽമാക്രികളെ വരെ സംരക്ഷിക്കുന്നു.

പ്രത്യേകതകൾ

[തിരുത്തുക]

ഭൂമുഖത്തു തവളകൾ പരിണമിച്ചിട്ട് 180 ദശലക്ഷം വർഷമായെന്നു കരുതുന്നു. തവളകളുടെ ആദിമ ഇനങ്ങളധികവും ജലത്തിൽ ജീവിച്ചിരുന്നവയാണെന്നാണ് നിഗമനം. ചില സ്പീഷീസുകൾ ജീവിതചക്രത്തിന്റെ ഏറിയ ഭാഗവും ജലത്തിലോ ജലാശയങ്ങൾക്കടുത്തോ കഴിഞ്ഞുകൂടുന്നവയാണ്. എന്നാൽ ചിലയിനങ്ങൾ ഇണചേരാൻ മാത്രമേ ജലത്തിലിറങ്ങാറുള്ളൂ. കരയിൽ മാത്രം ജീവിക്കുന്ന തവളകളും വിരളമല്ല. വൃക്ഷങ്ങളിലും മണ്ണിനടിയിലും ജീവിക്കുന്ന തവളകളുമുണ്ട്. പൂർണ്ണമായും ജലത്തിൽ ജീവിച്ചിരുന്ന തവളയിനങ്ങൾക്ക് ദ്വിതീയ രൂപാന്തരീകരണം സംഭവിച്ചതിന്റെ ഫലമായാണ് ഇവയ്ക്ക് കരയിൽ ചാടിച്ചാടി സഞ്ചരിക്കുവാനുള്ള കഴിവ് ലഭ്യമായത്. മറ്റു ജീവികളിൽ നിന്ന് രക്ഷപ്പെടുന്നതിനുള്ള മാർഗ്ഗമായിട്ടായിരിക്കാം ഇവയ്ക്ക് ഈ കഴിവ് ലഭിച്ചതെന്നും കരുതപ്പെടുന്നു. ആഴം കുറഞ്ഞ ജലത്തിൽ ജീവിക്കുന്ന തവളകൾ (Pipa) നീന്തുന്നതിനു പകരം കാലുകളുടെ സഹായത്താൽ ജലത്തെ തള്ളിനീക്കി മുന്നോട്ടു നീങ്ങുകയാണ്.

ശരീരഘടന

[തിരുത്തുക]
അസ്ഥികൂടം

സാലമാണ്ടർ തുടങ്ങിയ മറ്റു ഉഭയജീവികളുമായി താരതമ്യം ചെയ്യുമ്പോൾ കാലുകൾ ഓടുന്നതിനേക്കാൾ ചാടുന്നതിന് അനുയോജ്യമാണെന്നും പൂർണ്ണവളർച്ചയെത്തിയവയ്ക്ക് വാലില്ലെന്നുമുള്ള പ്രത്യേകതകൾ തവളയ്ക്കുണ്ട്. തവളയുടെ ശരീരത്തിന് തല, ഉടൽ എന്നീ രണ്ട് ഭാഗങ്ങളുണ്ട്; ഉടലിനോടു ചേർന്ന് രണ്ടു ജോഡി കാലുകളും. തവളയ്ക്ക് കഴുത്തും വാലും പ്രകടമല്ല. ജലത്തിലും കരയിലുമായി ജീവിക്കുന്ന തവളകളുടെ ചർമം ഈർപ്പമുള്ളതാണ്. പേക്കാന്തവളയ്ക്ക് വരണ്ട ചർമമാണുള്ളത്. പരന്നതും ത്രികോണാകൃതിയിലുള്ളതുമായ തലയാണ് മറ്റൊരു പ്രത്യേകത. വലിപ്പം കൂടിയ കണ്ണുകൾ പുറത്തേക്കു തള്ളി നിൽക്കുന്നു. മൂന്ന് കൺപോളകളുണ്ടായിരിക്കും. മുകളിലെ കൺപോള ചലനശേഷിയില്ലാത്തതും മാംസളവും നിറമുള്ളതുമായിരിക്കും. അടിയിലെ കൺപോള അർധ സുതാര്യവും സ്വതന്ത്രമായി ചലിപ്പിക്കാവുന്നതുമാണ്. ജീവനുള്ള തവളയുടെ കണ്ണിന്റെ ഉപരിതലത്തിൽ സ്പർശിച്ചാൽ അടിയിലെ കൺപോള ഉയർന്നുവന്ന് കണ്ണു മുഴുവനായും ഉള്ളിലേക്കു വലിഞ്ഞതുപോലെയാകുന്നു. വെള്ളത്തിൽ നീന്തുമ്പോൾ തവളയുടെ കണ്ണിനെ മൂടി സംരക്ഷിക്കുന്നത് നിമേഷകപടലം (Nictita-ting membrane) എന്നറിയപ്പെടുന്ന മൂന്നാമത്തെ കൺപോളയാണ്. കണ്ണിനു പിന്നിലായി വൃത്താകൃതിയിൽ കറുപ്പു നിറമുള്ള കർണപടം (tympanic membrance) കാണാം. തവളകൾക്ക് ബാഹ്യകർണങ്ങളില്ല. കണ്ണുകൾക്കു മുന്നിലായിട്ടാണ് നാസാരന്ധ്രങ്ങൾ കാണപ്പെടുന്നത്.

തവളയുടെ രണ്ടു ജോഡി കാലുകളിൽ പിൻകാലുകൾക്കാണ് മുൻകാലുകളെയപേക്ഷിച്ച് നീളം കൂടുതൽ. മുൻകാലിൽ മേൽഭുജം (upper arm), കീഴ്ഭുജം (fore arm), കൈത്തലം (hand) എന്നീ മൂന്ന് ഭാഗങ്ങളുണ്ട്. കൈത്തലത്തിൽ നാല് വിരലുകളും വളരെ ചെറിയൊരു പെരുവിരലും ഉണ്ട്. നീളം കൂടിയ പിൻകാലിന് തുട (thigh), കാൽവണ്ണ (shank), കണങ്കാൽ (ankle), കാൽപാദം (foot) എന്നീ ഭാഗങ്ങളും കാൽപാദത്തിൽ ജാലയുക്തങ്ങളായി (webbed) അഞ്ചു വിരലുകളുമുണ്ടായിരിക്കും. കാലുകൾക്കിടയിലായിട്ടാണ് വൃത്താകൃതിയിലുള്ള അവസ്ക്കര ദ്വാരം (cloacal aperture) സ്ഥിതി ചെയ്യുന്നത്. ആൺ തവളയുടെ കൈത്തലത്തിൽ ആദ്യത്തെ വിരലിന്റെ ഉൾഭാഗത്തായി നിറമുള്ള മൃദുലമായ മൈഥുന 'പാഡ്' (copulation pad) കാണപ്പെടുന്നു. പ്രജനന കാലമാകുമ്പോഴേക്കും ഈ 'പാഡ്' വികസിക്കുന്നു.

ആൺ തവളകളുടെ അധരഭാഗത്തായി (ventral side) ഒരു ജോഡി അയഞ്ഞ തോൽമടക്കുകൾ കാണാം. ഇവ സ്വനസഞ്ചികൾ (vocal sacs) എന്നറിയപ്പെടുന്നു. സ്വനസഞ്ചികളുടെ സഹായത്താലാണ് തവളകൾ ശബ്ദം പുറപ്പെടുവിക്കുന്നത്.

തവളയുടെ നട്ടെല്ലിൽ ഒമ്പതു കശേരുക്കളുണ്ട്. ഒടുവിലത്തെ കശേരുവായ യൂറോസ്റ്റൈൽ നീളം കൂടിയതായിരിക്കും. ഒന്നും എട്ടും ഒമ്പതും കശേരുക്കളൊഴികെ ബാക്കിയെല്ലാം ഒരേപോലെയാണ്. മറ്റു ജീവികളിൽ നിന്നു വ്യത്യസ്തമായി തവളയുടെ വദന ഗഹ്വരത്തിനു മുന്നറ്റത്തായിട്ടാണ് നാവ് ഉറപ്പിച്ചിരിക്കുന്നത്. നാവിന്റെ പിന്നറ്റം സ്വതന്ത്രവും രണ്ടായി പിളർന്നതുമാണ്. ഇര പിടിക്കാനായി പെട്ടെന്ന് നാവ് പുറത്തേക്കിടാനും നാവിന്റെ ഒട്ടലുള്ള പ്രതലത്തിൽ പറ്റിപ്പിടിക്കുന്ന ഇരയെ വേഗത്തിൽ അകത്തേക്കു വലിക്കാനും ഇതു സഹായിക്കുന്നു. മേൽത്താടിയിലെ മാക്സിലറി ദന്തങ്ങളും വദനഗഹ്വരത്തിന്റെ മേൽഭാഗത്തുള്ള വോമറിൻ ദന്തങ്ങളും ഇര വായിൽനിന്നു വഴുതിപ്പോകാതെ തടയുന്നു. തവളയ്ക്ക് കീഴ്ത്താടിയിൽ പല്ലുകളോ വായ്ക്കുള്ളിൽ ദഹനരസം പുറപ്പെടുവിക്കുന്ന ഗ്രന്ഥികളോ ഇല്ല. തത്ഫലമായി നാവിൽ ഒട്ടിപ്പിടിക്കുന്ന ഇര ചവച്ചരയ്ക്കപ്പെടാതെ തന്നെ ഗ്രസികയിലേക്കു തള്ളപ്പെടുന്നു. ഇരയെ ഗ്രസികയുടെ ഭിത്തിയിലെ അനൈച്ഛിക പേശികളുടെ ചലനം (പെരിസ്റ്റാൽസിസ്) മൂലമാണ് പുറകോട്ടു തള്ളുന്നത്. ഇര പിടിക്കാൻ മാത്രമേ തവളകൾ വായ് തുറക്കാറുള്ളൂ.

തവളയുടെ വദന ഗഹ്വരത്തിന്റെ പ്രതലം എപ്പോഴും പൊങ്ങുകയും താഴുകയും ചെയ്യുന്നത് ശ്വസന പ്രക്രിയയുമായി ബന്ധപ്പെട്ടാണ്. വദനഗഹ്വരത്തിന്റെ പ്രതലം താഴ്ത്തുമ്പോൾ നാസാദ്വാരങ്ങൾ വഴി അന്തരീക്ഷവായു ഉള്ളിൽ പ്രവേശിച്ച് വദനഗഹ്വരത്തിലെത്തുകയും പ്രതലം ഉയരുമ്പോൾ ഉച്ഛ്വാസവായു ഇതേ പ്രകാരം പുറത്തേക്കു പോവുകയും ചെയ്യുന്നു. വദനാവരണത്തിലെ രക്ത കാപ്പില്ലറികൾ വായുവിലെ ഓക്സിജനെ വലിച്ചെടുത്തശേഷം കാർബൺ ഡൈഓക്സൈഡിനെ പുറന്തള്ളുന്നു. തവളയുടെ ശ്വാസകോശങ്ങൾ അണ്ഡാകൃതിയിലുള്ള ഇലാസ്തിക സഞ്ചികളാണ്.

തവളയുടെ ശരീരത്തിൽ അടങ്ങിയിരിക്കുന്ന പ്രധാന ദ്രവങ്ങൾ രക്തവും ലസികയുമാണ്. ഇവ ഭക്ഷണത്തിൽ നിന്ന് ആഗിരണം ചെയ്യുന്ന പോഷകത്തേയും ഓക്സിജനേയും ശരീരമാകമാനം വ്യാപിക്കാൻ സഹായിക്കുകയും ശരീരത്തിലെ പുറന്തള്ളപ്പെടേണ്ട മലിനവസ്തുക്കളെ ശേഖരിച്ച് വിസർജനേന്ദ്രിയങ്ങളിലേക്കു കൊണ്ടുവരുകയും ചെയ്യുന്നു. ഹൃദയം, വിവിധ അറകളിലേക്കു രക്തം എത്തിക്കുന്ന ധമനികൾ, കാപ്പിലറികൾ, സിരകൾ തുടങ്ങിയവ ഉൾപ്പെടുന്നതാണ് തവളയുടെ രക്തപരിസഞ്ചരണ വ്യൂഹം. തവളയുടെ ഹൃദയത്തിന് മൂന്ന് അറകൾ മാത്രമേയുള്ളൂ; രണ്ട് ഓറിക്കിളുകളും ഒരു വെൻട്രിക്കിളും. ഇത് ഉഭയജീവികളുടെ സവിശേഷതയാണ്. പിറ്റ്യൂറ്ററി, തൈറോയ്ഡ്, തൈമസ്, അഡ്രിനാലുകൾ, പാൻക്രിയാസ്, ജനനഗ്രന്ഥികളായ വൃഷണം, അണ്ഡാശയം എന്നിവയാണ് തവളയുടെ പ്രധാനപ്പെട്ട അന്തഃസ്രാവിഗ്രന്ഥികൾ (Endocrine glands). ഉപാപചയം, വളർച്ച, പ്രത്യുത്പാദനം എന്നീ പ്രക്രിയകളെ നിയന്ത്രിക്കുന്നതിൽ അന്തഃസ്രാവിഗ്രന്ഥികൾ പ്രധാന പങ്കു വഹിക്കുന്നു. മനുഷ്യരുടേതിനോടു സമാനമായ അഞ്ച് ഇന്ദ്രിയങ്ങൾ തവളയ്ക്കുണ്ട്. ഇവയുടെ സഹായത്താലാണ് തവളയ്ക്ക് ഗന്ധം, രുചി, സ്പർശം, കാഴ്ച, കേൾവി എന്നിവ സാധ്യമാകുന്നത്. വൃക്കകൾ, അവയോടു ബന്ധപ്പെട്ട ഒരു ജോഡി മൂത്രവാഹികൾ, മൂത്രാശയം, അവസ്ക്കരം എന്നിവ ഉൾപ്പെടുന്നതാണ് തവളയുടെ വിസർജനേന്ദ്രിയ വ്യൂഹം. വൃക്കകൾ മത്സ്യങ്ങളുടേതിനോടു സാദൃശ്യമുള്ളതും താരതമ്യേന ലളിത ഘടനയോടു കൂടിയതുമാണ്. ശത്രുക്കളിൽ നിന്നു രക്ഷനേടാനുള്ള ഒരു ഉപായമെന്നോണം ഇവ മൂത്രം പുറത്തേക്കു ചീറ്റുക പതിവാണ്. ഒരു ജോഡി വൃഷണങ്ങളും ഒരുകൂട്ടം ബീജവാഹിനികളും ഉൾപ്പെട്ടതാണ് ആൺ തവളകളുടെ പ്രത്യുത്പാദന വ്യൂഹം. വൃക്കകളും മൂത്രവാഹിനികളുമാണ് സഹായകാവയവങ്ങൾ. പെൺ തവളകളുടെ പ്രത്യുത്പാദന വ്യൂഹത്തിൽ ഒരു ജോഡി അണ്ഡാശയങ്ങളും അണ്ഡവാഹിനികളും ഉൾപ്പെടുന്നു. പ്രജനന കാലത്ത് പാളീകൃതമായ അണ്ഡാശയത്തിന്റെ വലിപ്പം കൂടുന്നു. ഓരോ അണ്ഡാശയത്തിന്റേയും പ്രതലത്തിൽ ധാരാളം ഉരുണ്ട അണ്ഡാശയ പുടകങ്ങളുമുണ്ടായിരിക്കും. അണ്ഡാശയ പുടകത്തിൽ സ്ഥിതിചെയ്യുന്ന അണ്ഡത്തിന് ഒരു കോശ കേന്ദ്രവും പീതകകണങ്ങളും ഉണ്ട്. പൂർണ വളർച്ചയെത്തുന്ന അണ്ഡങ്ങൾ അണ്ഡാശയ ഭിത്തി ഭേദിച്ച് ശ്വാസകോശങ്ങൾക്കടുത്തുള്ള അണ്ഡവാഹിനിയുടെ ഫണലുകളിലെത്തിച്ചേരുന്നു. അണ്ഡവാഹിനിയുടെ സംവലിത ഭാഗങ്ങളിലൂടെ താഴേക്കുവരുന്ന അണ്ഡങ്ങൾ ഗർഭാശയത്തിൽ താത്കാലികമായി ശേഖരിക്കപ്പെടുന്നു. അണ്ഡവാഹിനിയുടെ ഭിത്തിയിൽ നിന്നാണ് വഴുവഴുപ്പുള്ള ജെല്ലി ഉത്പാദിപ്പിക്കപ്പെടുന്നത്. ജെല്ലി അണ്ഡത്തെ ആവരണം ചെയ്യുന്നു. ഗർഭാശയം അവസ്ക്കര(cloaca)ത്തിലേക്കു തുറക്കുന്നു.


പ്രത്യുത്പാദനം

[തിരുത്തുക]
സ്വനസഞ്ചി വീർപ്പിച്ച് ശബ്ദം പുറപെടുവിക്കുന്ന ആൺ തവള

പ്രജനന കാലത്ത് ആൺ തവളകളൊന്നിച്ച് വളരെ ദൂരം വരെ കേൾക്കാനാവുംവിധം ഉച്ചത്തിൽ പ്രത്യേക ശബ്ദം പുറപ്പെടുവിക്കുന്നു. ഇത് പെൺ തവളകളെ ആകർഷിക്കുന്നതിനും ആൺ തവളകൾ ഒന്നിച്ചു കൂടുന്നതിനും അവയുടെ അതിർത്തി നിർണയത്തിനുമാണ്. മിക്ക ഇനം തവളകളും മുട്ടയിടുന്നത് വെള്ളത്തിലാണ്. എന്നാൽ അപൂർവം ചിലയിനങ്ങളിൽ ആൺ തവളകൾ പാറക്കെട്ടുകൾക്കിടയിൽ വൃത്താകൃതിയിലുള്ള കുഴി കുഴിച്ചശേഷം ഉച്ചത്തിൽ ശബ്ദം പുറപ്പെടുവിച്ച് പെൺ തവളകളെ മുട്ടയിടാനായി ഇവിടേയ്ക്കാകർഷിക്കാറുണ്ട്. ജലത്തിൽ വച്ചാണ് തവളകൾ ഇണ ചേരുന്നത്. വിവിധയിനം തവളകൾ പല രീതികളിലാണ് മുട്ടകൾ സംരക്ഷിക്കുന്നത്. ചിലയിനങ്ങളിൽ ആൺ തവളകൾ ശബ്ദപേടകത്തിനുള്ളിൽ മുട്ടകളെ സംരക്ഷിക്കുന്നു. ഫ്രാൻസിലും ഇറ്റലിയിലുമുള്ള പേറ്റിച്ചിതവളകൾ (European midwife frogs) ഇണചേർന്ന ശേഷം മാലപോലെയുള്ള മുട്ടകൾ ആൺ തവള കാലിൽ ചുറ്റി മാളത്തിനുള്ളിൽ നിക്ഷേപിക്കുന്നു. മുട്ടകൾ ഈർപ്പമുള്ളതായിരിക്കാൻ ഇടയ്ക്കിടെ അവ വെള്ളത്തിലേക്കു കൊണ്ടുപോയി നനച്ച് വീണ്ടും കുഴികളിലെത്തിക്കുന്നു. മുട്ട വിരിയാറാകുമ്പോഴേക്കും അവയെ വീണ്ടും വെള്ളത്തിൽ നിക്ഷേപിക്കുന്നു. തെക്കെ അമേരിക്കയിൽ കണ്ടുവരുന്ന സുറിനാം ചൊറിത്തവള (Rana palustris) മുട്ട കുഴികളിൽ നിക്ഷേപിച്ചശേഷം കുഴികൾ അടച്ചുവയ്ക്കുന്നു. ഈ കുഴികളിലാണ് മുട്ട വിരിഞ്ഞ് കുഞ്ഞുങ്ങളുണ്ടാകുന്നത്. ഉയരം കൂടിയ പ്രദേശങ്ങളിൽ കാണുന്ന ചില ആഫ്രിക്കൻ തവളയിനങ്ങളുടെ മുട്ടകൾ അണ്ഡവാഹിനി(oviduct)യിൽ നിലനിന്നുകൊണ്ടുതന്നെ ഒരു പ്ലാസെന്റ പോലെയായിത്തീരുന്നു. ഇവയുടെ ആന്തര ബീജസങ്കല(Internal fertilization)ശേഷമാണ് തവളക്കുഞ്ഞുങ്ങളുണ്ടാകുന്നത്. ഭ്രൂണത്തിന്റെ നീളം വർധിക്കുകയും മുൻഭാഗം ഉരുണ്ട് ചൂഷകാവയവ(sucker)മായി രൂപപ്പെടുകയും പിന്നറ്റത്ത് വാൽ രൂപംകൊള്ളുകയും ചെയ്യുന്നു. തലയുടെ ഇരുവശങ്ങളിലുമായി രണ്ട് ജോഡി ഗില്ലുകളും രൂപപ്പെടുന്നു. ഈ അവസ്ഥയിലാണ് വാൽമാക്രി ജെല്ലി പൊട്ടിച്ചു പുറത്തു വരുന്നത്. ഇവ ജലത്തിൽ നീന്തുകയോ ജലസസ്യങ്ങളിൽ ഒട്ടിപ്പിടിച്ചിരിക്കുകയോ ചെയ്യുന്നു.

മുട്ടയിൽനിന്നും വാൽമാക്രി ഉണ്ടാവുന്നത്
വാൽമാക്രി


വാൽമാക്രികൾ ഘടനയിലും സ്വഭാവത്തിലും തവളകളിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്. ലാർവ എന്നും അറിയപ്പെടുന്ന വാൽമാക്രി പൂർണ വളർച്ചയെത്തി തവളയായി മാറുന്ന പ്രക്രിയയെ കായാന്തരണം (Metamorphosis) എന്നു പറയുന്നു. രണ്ടാഴ്ച പ്രായമാകുമ്പോഴേക്കും വാൽമാക്രി ഭക്ഷണം നിറുത്തുകയും വായ വിസ്തൃതമായി പല്ലുകളുണ്ടാവുകയും ചെയ്യുന്നു. ഗില്ലുകൾ ചുക്കിച്ചുളിഞ്ഞു പോകുന്നതിനാൽ ചർമത്തിൽക്കൂടിയും ശ്വാസകോശത്തിൽക്കൂടിയും ശ്വസിക്കാൻ തുടങ്ങുകയും ചെയ്യുന്നു. വാൽ ചുരുങ്ങാൻ തുടങ്ങുമ്പോഴേക്കും ഇവ ഭക്ഷണം കഴിക്കാനാരംഭിക്കുന്നു. പ്രാണികളേയും ചെറിയ അകശേരുകി ഇനങ്ങളേയും മാത്രം ആഹാരമാക്കുന്ന ഈ ഘട്ടത്തിലാണ് കൈകാലുകൾ പൂർണ്ണ വളർച്ച പ്രാപിക്കുന്നത്. സ്വഭാവത്തിലും ഘടനയിലും വാൽമാക്രിക്ക് മത്സ്യങ്ങളോടു സാമ്യമുണ്ട്. ഹൃദയത്തിന് മൂന്ന് അറകളാണുള്ളത്. ഈ സവിശേഷതകൾ മത്സ്യങ്ങളെപ്പോലെയുള്ള പൂർവികരിൽ നിന്നായിരിക്കാം തവളകൾ പരിണമിച്ചതെന്ന അഭിപ്രായത്തെ സ്ഥിരീകരിക്കുന്നു. ജന്തുക്കളുടെ പരിണാമ ചരിത്രത്തെ പ്രതിഫലിപ്പിക്കുന്ന തവളയുടെ ജീവിതചക്രം പുനരാവർത്തന സിദ്ധാന്തം (recapitulation theory) എന്നറിയപ്പെടുന്നു.

ഏകദേശം മൂന്ന് വർഷം കൊണ്ടാണ് തവളകൾ പ്രായപൂർത്തിയെത്തുന്നത്. ആൺതവളകളാണ് പെൺതവളകളേക്കാൾ വേഗത്തിൽ പ്രായപൂർത്തിയെത്തുന്നത്. തവളകൾക്ക് ഏഴ് മുതൽ പന്ത്രണ്ട് വർഷം വരെ ആയുസ്സുള്ളതായി കണക്കാക്കപ്പെടുന്നു. ബുഫോ ബുഫോ എന്നയിനം തവളയ്ക്ക് 36 വർഷം വരെ ആയു സ്സുണ്ടായിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. --വരി വര (സംവാദം) 16:50, 23 ഏപ്രിൽ 2015 (UTC)

വിവിധയിനം തവളകൾ

[തിരുത്തുക]

പശ്ചിമ മധ്യ ആഫ്രിക്കൻ പ്രദേശങ്ങളിൽ കണ്ടുവരുന്ന ഗോലിയാത്ത് (Gigantorana goliath) തവളകളാണ് ഏറ്റവും വലിപ്പം കൂടിയ ഇനം. ഇവയ്ക്ക് 30 സെ.മീറ്ററോളം നീളമുണ്ട്. എന്നാൽ ഏറ്റവും വലിപ്പം കുറഞ്ഞവയ്ക്ക് ഒരു സെ.മീ. വരെ മാത്രമേ നീളമുള്ളൂ. 10-12.5 സെ.മീ. വരെയാണ് സാധാരണ തവളകളുടെ നീളം. കുഴികളിലും മാളങ്ങളിലും വസിക്കുന്ന മൺവെട്ടിക്കാലൻ (spade foot toads) തവളകളുടെ പാദത്തിന്റെ ഒരു വശത്തായി മൺവെട്ടി പോലുള്ള സവിശേഷമായ ഒരവയവമുണ്ട്. ഇവയുടെ പേരിനു നിദാനമായി വർത്തിക്കുന്ന ഈ അവയവമുപയോഗിച്ചാണ് ഇവ മണ്ണിൽ കുഴികളുണ്ടാക്കുന്നത്. രാത്രിയിലും മഴദിവസങ്ങളിലും മാത്രമേ ഇവ കുഴികളിൽ നിന്നു പുറത്തു വരാറുള്ളൂ. വൃക്ഷങ്ങളിൽ കാണുന്ന തവളകളെ പൊതുവേ മരത്തവളകൾ എന്നു പറയുന്നു. മരത്തവളകൾ (tree frogs) ഹൈലിഡേ (Hylidae) കുടുംബത്തിൽപ്പെടുന്നു. ഇവയുടെ വിരലുകളും പാദാഗ്രങ്ങളും നന്നെ വികസിതമാണ്. ഇത് മരത്തിൽ കയറാനുള്ള അനുകൂലനമാണ്. തണുപ്പു കൂടുതലുള്ള പ്രദേശങ്ങളിൽ മരത്തവളകളേയും പച്ചത്തവളകളേയും കാണുന്നില്ല. ഇന്ത്യയിൽ സാധാരണ കണ്ടുവരുന്നത് റാണാ ഹെക്സാ ഡാക്ടൈല (Rana hexadactyla) എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്നയിനമാണ്. അരുവികൾ, കുളങ്ങൾ, തടാകങ്ങൾ, തോടുകൾ എന്നിവിടങ്ങളിലും അവയോടടുത്ത പ്രദേശങ്ങളിലുമാണ് ഇവയുടെ വാസം. സദാസമയവും ഒരു സ്ഥലത്തുതന്നെ അനങ്ങാതെ ഇരിക്കുന്ന ഇവ പെട്ടെന്ന് എന്തെങ്കിലും ശബ്ദമുണ്ടായാൽ അപകടസൂചന എന്നപോലെ കരയിൽ നിന്നു വെള്ളത്തിലേക്ക് എടുത്തുചാടി രക്ഷപ്പെടുന്നു.

വിവിധ നിറങ്ങളിലുള്ള തവളകളുണ്ട്. ചില തവളകളുടെ ചർമത്തിൽ തവിട്ടോ കറുപ്പോ നിറത്തിലുള്ള അടയാളങ്ങളുണ്ടായിരിക്കും. ആകർഷണീയമായ നിറങ്ങളുള്ള ഡെൻഡ്രോബേറ്റ്സ് (Dendrobates) ഇനത്തിൽപ്പെടുന്ന തവളകളെല്ലാം തന്നെ വിഷാംശം ഉള്ളവയാണ്. ശരീരത്തിന്റെ അടിഭാഗത്തിന് ഇളം മഞ്ഞ നിറമാണ്. തവളകൾക്ക് അന്തരീക്ഷത്തിലെ ഊഷ്മാവിനും പ്രകാശത്തിനും ഈർപ്പത്തിനും അനുസൃതമായി ചർമത്തിന്റെ നിറം മാറ്റാൻ കഴിവുണ്ട്. ഇത്തരത്തിൽ നിറഭേദം വരുത്തി ശത്രുക്കളിൽ നിന്നു രക്ഷനേടുന്ന പ്രതിഭാസത്തെ പ്രച്ഛന്നാവരണം (camouflage) എന്നു പറയുന്നു. ചുറ്റുപാടിനനുയോജ്യമായി നിറം മാറ്റാൻ തവളകളെ സഹായിക്കുന്നത് അവയുടെ കണ്ണുകളാണ്. കാഴ്ചശക്തിയില്ലാത്ത തവളകൾക്ക് നിറഭേദാനുകൂലനത്തിനുള്ള ശേഷിയില്ല. തവളയുടെ ചർമം ഒരു ബാഹ്യാവരണം എന്നതിലുപരി ശരീരോഷ്മാവ് ക്രമീകരിച്ചു സൂക്ഷിക്കാനും ജലം വലിച്ചെടുത്ത് ശരീരത്തിലെ ഈർപ്പം നിലനിർത്തുന്നതിനും സഹായകമാണ്. ത്വക്കിലെ ഗ്രന്ഥികളിൽ നിന്നുള്ള സ്രവമാണ് ഇതിനെ വഴുവഴുപ്പുള്ളതാക്കുന്നത്. ചർമത്തിലെ സംവഹനക്ഷമതയുള്ള നിരവധി രക്തസിരകൾ ഇതിനെ ഒരു ശ്വസനേന്ദ്രിയമാകാൻ (cutaneous respiration) സഹായിക്കുന്നു.

ഇതും കാണുക

[തിരുത്തുക]

പിലിഗിരിയൻ തവളകളുടെ നിലനിൽപ്പിനുള്ള ഭീഷണികൾ

[തിരുത്തുക]
പ്രധാന ലേഖനം: പിലിഗിരിയൻ തവളകൾ

തവളകൾ കാണപ്പെടുന്ന വനങ്ങൾ ഖനിവ്യവസായത്തിനും കൃഷിക്കും മറ്റുമായി വ്യാപകമായി നശിപ്പിക്കപ്പെടുന്നതും, കാലാവസ്ഥയിലെ മാറ്റംമൂലം ഇവയുടെ പ്രജനനകേന്ദ്രങ്ങളായ നീരൊഴുക്കുകൾ അകാലത്ത് വറ്റിവരളുന്നതും, പിലിഗിരിയൻ തവളകളുടെ നിലനിൽപ്പ് അപകടത്തിലാക്കുന്നതായി ഗവേഷകർ പറയുന്നു. മറ്റിനം തവളകളുമായി താരതമ്യം ചെയ്താൽ, ആവാസവ്യവസ്ഥയിലെ മാറ്റങ്ങളോട് പൊരുത്തപ്പെടാൻ തീരെ കഴിവുകുറഞ്ഞ തവളകളാണ് ഇവ. 2006 ൽ ഓരോ പ്രജനന സീസണിലും ഇത്തരം 400 മുതൽ 500 തവളകളെ വരെ കൺറ്റെത്തിയിരുന്നെങ്കിലും ഈയിടെ നടത്തിയ ഗവേഷണങ്ങളിൽ അവയുടെ എണ്ണം നൂറിൽ കുറവു മാത്രമാണ് രേഖപ്പെടുത്തിയത്.[1]

മനുഷ്യനുള്ള ഉപയോഗങ്ങൾ

[തിരുത്തുക]

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ തവളക്കാൽ ഭക്ഷണമായി ഉപയോഗിച്ചുവരുന്നു. ചൈനയിൽ ഉണക്കിയ തവളകളെ ഔഷധ നിർമ്മാണത്തിനുപയോഗിക്കാറുണ്ട്. ജപ്പാനിലും മറ്റും നേർത്ത തോലിനു പകരമായി പേക്കാന്തവളയുടെ ചർമം ഉപയോഗിക്കുന്നു.

ജന്തുശരീരത്തിന്റെ ഘടനയും പ്രവർത്തനക്രമവും മനസ്സിലാക്കാനുള്ള പഠനങ്ങൾക്ക് തവളകളെ ഉപയോഗപ്പെടുത്തുന്നു. ഭ്രൂണവികാസ ഗവേഷണങ്ങൾക്ക് തവളയുടെ മുട്ടകൾ ഉപയോഗിച്ചുവരുന്നു. റാണാ ടെംപൊറേറിയ (Rana temporaria) എന്ന യൂറോപ്യൻ തവളയിനത്തിന്റേയും അമേരിക്കയിലെ റാണാ പൈപ്പിയെൻസ് (Rana pipiens) എന്നയിനത്തിന്റേയും മുട്ടകളാണ് ഭ്രൂണശാസ്ത്ര പഠനങ്ങൾക്ക് വളരെ കൂടുതൽ ഉപയോഗിക്കുന്നത്. വാൽമാക്രികളെ പുനരുത്ഭവപ്രതിഭാസ പഠനങ്ങൾക്കും പ്രയോജനപ്പെടുത്തുന്നു. കാർഷിക വിളകൾക്കു ഹാനികരമായ നിരവധി കീടങ്ങളേയും പ്രാണികളേയും തവളകൾ വൻതോതിൽ തിന്നു നശിപ്പിക്കുന്നതിനാൽ ഇവയെ കർഷക മിത്രങ്ങളായി കണക്കാക്കാം.

ഭക്ഷണത്തിനും ഗവേഷണാവശ്യങ്ങൾക്കുമായി തവളകളെ കൊന്നൊടുക്കുന്നത് വൻതോതിൽ തവളകളുടെ വംശനാശത്തിനു കാരണമാകുന്നു. പാടശേഖരങ്ങളിലും മറ്റും കീടനാശിനിയുടെ കൂടിയ തോതിലുള്ള ഉപയോഗവും തവളകൾ ചത്തൊടുങ്ങുന്നതിന് കാരണമാകുന്നു.

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-05-08. Retrieved 2014-05-08.

\

പുറമെ നിന്നുള്ള കണ്ണികൾ

[തിരുത്തുക]


കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ തവള എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=തവള&oldid=4017920" എന്ന താളിൽനിന്ന് ശേഖരിച്ചത്