Jump to content

ഇളിത്തേമ്പൻ തവള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(പച്ചിലപ്പാറാൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇളിത്തേമ്പൻ തവള (Malabar Flying Frog)
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Subphylum:
Class:
Subclass:
Order:
Suborder:
Family:
Subfamily:
Genus:
Species:
R. malabaricus
Binomial name
Rhacophorus malabaricus
Jerdon, 1870
ആവാസവ്യവസ്ഥകൾ

പശ്ചിമഘട്ട മഴക്കാടുകളിലെയും പശ്ചിമഘട്ടത്തോട് ചേർന്നുള്ള നിത്യ/അർദ്ധ നിത്യഹരിത വനങ്ങളിലും സാധാരണയായി കാണപ്പെടുന്ന പറക്കും തവളയാണ് ഇളിത്തേമ്പൻ തവള അഥവാ പച്ചിലപ്പാറൻ (Malabar Flying Frog-Rhacophorus malabaricus)

പ്രത്യേകതകൾ[തിരുത്തുക]

തട്ടേക്കാട്, ഭൂതത്താൻകെട്ട് അണക്കെട്ടിന്റെ ഉൾപ്രദേശത്തുനിന്നും

വൻവൃക്ഷങ്ങളിൽ നിന്ന് വൻ വൃക്ഷങ്ങളിലേക്ക്‌ ഒഴുകി പറക്കാൻ(Gliding) കഴിവുള്ള ഈ തവള അധികനേരവും ഇലക്കൂട്ടങ്ങൾക്കിടയിൽ ഒളിച്ചിരിക്കുന്നു. ശരീരത്തിന്റെ പുറംഭാഗം കടുത്ത പച്ച നിറത്തിൽ ഉള്ള ഈ ജീവികളുടെ അടിഭാഗം മുഷിഞ്ഞ വെള്ളനിറമായിരിക്കും. കൈകാലുകളും ഉരസുമായി ബന്ധിക്കപ്പെട്ട ഒരു നേർത്ത സ്തരവും ശരീരത്തിന്റെ അടിഭാഗത്തുണ്ട്‌. വളരെ മെലിഞ്ഞ ശരീരമാണിവക്കുള്ളത്‌. കൈകാലുകൾ തീരെ നേർത്തതും, വിരലുകൾ വളരെ ചെറുതുമാണ്‌. ശരീരത്തിനു യോജിക്കാത്തത്ര വലിയ കണ്ണുകൾ ഇളിത്തേമ്പനു ഒരു കോമാളി രൂപം നൽകുന്നു. വിടർത്തിയ വിരലുകൾക്കിടയിലും കടും ചുവപ്പു നിറത്തിൽ ഒരു നേർത്ത പാട കാണാം.

കൈകാലുകൾ വളരെ നേർത്തതെങ്കിലും വൃക്ഷങ്ങളിൽ പിടിച്ചിരിക്കാനും ഉയരങ്ങളിലേക്ക്‌ പിടിച്ചുകയാറാനും സാധിക്കുന്നത്‌, വിരലുകളുടെ അറ്റത്തുള്ള വൃത്താകൃതിയിലുള്ള പരന്ന പ്രതലമാണ്‌. ഈ പ്രതലത്തിലെ സൂക്ഷ്മങ്ങളായ മുഴകളും കുഴികളും പിടുത്തം ഉറപ്പിക്കാൻ സഹായിക്കുന്നു. കൂടാതെ വിരലുകൾക്കിടയിലെ പശിമയുള്ള സ്രവവും പിടി അയയാതിരിക്കാൻ സഹായിക്കുന്നു. പശിമയുള്ള സ്രവം ഈ ജീവികളുടെ ശരീരത്തിലും കാണാറുണ്ട്‌.

ഇളിത്തേമ്പൻ പകൽസമയം ഉറങ്ങുകയും രാത്രിയിൽ സഞ്ചരിക്കുകയും ഇരപിടിക്കുകയും ചെയ്യുന്നു. കൈകാലുകൾ മടക്കി ഏതെങ്കിലും ഇലയുടെ അടിയിൽ ഇരിക്കുന്ന ഇവയെ ഒറ്റനോട്ടത്തിൽ തിരിച്ചറിയാൻ സാധിക്കില്ല വലിയകണ്ണിലെ കൃഷ്ണമണി ചുരുങ്ങി ഒരു വര പോലെയാകുന്നതിനാൽ കണ്ണും തിരിച്ചറിയാൻ സഹായിക്കില്ല.

പറക്കൽ[തിരുത്തുക]

ഇളിത്തേമ്പൻ പറക്കാനായി ശരീരത്തിനടിയിലുള്ള നേർത്ത പാട ഉപയോഗിക്കുന്നു. വൃക്ഷങ്ങളുടെ ഉയരത്തിൽ നിന്ന് താഴോട്ടു പറക്കാനായി ആദ്യം തന്നെ ഒരു കുതിപ്പു നടത്തും. അതോടൊപ്പം തന്നെ ശരീരത്തിലെ പാട കാറ്റുപിടിക്കത്തക്കവണ്ണം വിടർത്തുകയും കൈകാലുകൾ വലിച്ചുനീട്ടി ശരീരം പരത്തുകയും ചെയ്യുന്നു. കൈകാലുകൾ ഉപയോഗിച്ച്‌ ഗതിനിയന്ത്രിക്കാനും ഇച്ചെറിയ ജീവികൾക്കു സാധിക്കും ഇരയുടെ സമീപമോ അടുത്ത മരത്തിന്റെ സമീപമോ എത്തുമ്പോൾ ശരീരം വില്ലുപോലെ വളക്കുകയും വിരലുകളിലെ പാട വേഗത കുറക്കാൻ പാകത്തിൽ പിടിക്കുകയും ചെയ്യുന്നു. ആകാശക്കുടയുടെ(Parachute) പ്രവർത്തനം പോലെയുള്ള ഈ പ്രവർത്തനം കൊണ്ട്‌. വേഗത അവിശ്വസനീയമായ വിധത്തിൽ നിയന്ത്രിക്കാൻ ഇവക്കു കഴിയും. 15 മീറ്റർ ദൂരം വരെ ഇവ ഇങ്ങനെ പറക്കാറുണ്ട്‌.

ഇരയെ കണ്ടെത്തിയാലുടൻ ഇളിത്തേമ്പൻ കുതിച്ചെത്തുകയും പശയുള്ള നാവുനീട്ടി ഇരയെ പിടിക്കുകയും ചെയ്യുന്നു.

Malabar Flying Frogs in amplexusNote much smaller male on top.
close up of snout

പ്രത്യുത്പാദനം[തിരുത്തുക]

മഴക്കാലത്തിനു തൊട്ടുമുമ്പാണ്‌ ഇവയുടെ പ്രത്യുത്പാദന കാലം. ആൺതവള ഒരു ഉയർന്ന വൃക്ഷത്തിൽ ആസനസ്ഥനായി ഉറക്കെ ശബ്ദിക്കാൻ തുടങ്ങുന്നു. ശബ്ദം കേട്ടാണ്‌ പെൺതവളയെത്തുന്നത്‌. മഴക്കാലങ്ങളിൽ കേരളത്തിലെ മഴക്കാടുകളിലൂടെ സഞ്ചരിക്കുന്നവർക്ക്‌ ഇവയുടെ ശബ്ദം കേൾക്കാൻ കഴിയും. ഇണചേരൽ കഴിഞ്ഞാൽ പെൺതവള മുട്ടയിടാനുള്ള സ്ഥലം തിരയുന്നു. സാധാരണതവളകൾ വെള്ളത്തിലാണ്‌ മുട്ടയിടുന്നതെങ്കിലും ഇളിത്തേമ്പൻ അപ്രകാരം ചെയ്യാറില്ല ഇലക്കൂട്ടങ്ങൾക്കിടയിലോ പാറയിടുക്കുകളിലോ മുട്ടയിടുന്ന ഇവ സ്ഥലം കണ്ടെത്തിയാലുടൻ ശരീരദ്രവങ്ങൾ ഉത്പാദിപ്പിക്കുന്നു. അക്കൂടെ വരുന്ന പതയിലാണ്‌ മുട്ടയിടുന്നത്‌. ഇത്തരം പതക്കുള്ളിൽ ഈർപ്പം നിലനിർത്തിയിരിക്കും. മഴ ശക്തിപ്രാപിക്കുമ്പോൾ മഴവെള്ളത്തോടൊപ്പം ഒലിച്ചു പോകുന്ന മുട്ട പൊയ്കകളിലും മറ്റും എത്തുകയും ജീവിതചക്രം പൂർത്തിയാക്കുകയും ചെയ്യുന്നു.

മഴക്കാടുകളുടെ നാശം ഈ ജീവികൾക്കും ദോഷകരമായി ഭവിക്കുന്നു. വംശനാശത്തിന്റെ വക്കിലുള്ള ഈ ജീവികളെ റെഡ്‌ ഡാറ്റാ ബുക്കിലും പരാമർശിച്ചിട്ടുണ്ട്‌[1].

ഇതും കാണുക[തിരുത്തുക]

പുള്ളിപ്പച്ചിലപ്പാറാൻ

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

കൂടുതൽ അറിവിന്[തിരുത്തുക]

  1. പുറം താളുകൾ
    1. http://www.amphibiaweb.org/cgi-bin/amphib_query?query_src=aw_lists_genera_&table=amphib&where-genus=Rhacophorus&where-species=malabaricus
    2. http://mampam.50megs.com/coorg/pages/malabaricus_jpg.htm
    3. നാശോന്മുഖ ജീവികളുടെ പട്ടികയിൽ
  2. ചിത്രങ്ങൾ
    1. http://www.agpix.com/view_caption.php?image_id=115879&photog=1
"https://ml.wikipedia.org/w/index.php?title=ഇളിത്തേമ്പൻ_തവള&oldid=3731028" എന്ന താളിൽനിന്ന് ശേഖരിച്ചത്