Jump to content

ഹൃദയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മനുഷ്യശരീരത്തിലെ ആന്തരികാവയവമാണ് ഹൃദയം. ശരീരത്തിലെ എല്ലാ ഭാഗങ്ങളിലേക്കും രക്തം ശുദ്ധീകരിച്ച് പമ്പ് ചെയ്യുകയാണ്‌ ഈ അവയവത്തിന്റെ പ്രധാന ധർമ്മം. മാംസപേശികൾ കൊണ്ട് ഉണ്ടാക്കപ്പെട്ടിരിക്കുന്ന ഈ അവയവം മനോനിയന്ത്രണത്തിന്റെ പരിധിക്ക് പുറത്താണ്‌. ഓരോ മിനിറ്റിലും പുരുഷന്മാർക്ക് 70-72 തവണയും സ്ത്രീകൾക്ക് 78-82 തവണയും[1] (വിശ്രമാവസ്ഥയിൽ) സ്പന്ദിക്കേണ്ടിയിരിക്കുന്ന ഈ അവയവത്തെ പണ്ട് കാലങ്ങളിൽ മനസ്സിന്റെ മൂലസ്ഥാനമെന്ന് കല്പിച്ചിരുന്നു. ഇന്നും സ്നേഹത്തിന്റെ പ്രതീകമായി ഹൃദയത്തെയാണ്‌ കണക്കാക്കുന്നത്. കുഞ്ഞുങ്ങളിൽ ഹൃദയം ഏകദേശം 130 പ്രാവശ്യവും സ്പന്ദിക്കുന്നുണ്ട്. ഓരോ സ്പന്ദനത്തിലും 72 മില്ലീലിറ്റർ രക്തം പമ്പുചെയ്യുന്നു. അതായത് 1 മിനിറ്റിൽ ഏകദേശം 5 ലിറ്റർ. ശരാശരി 9800 ലിറ്റർ മുതൽ 12600 ലിറ്റർ വരെ രക്തം ഓരോ ദിവസവും ഹൃദയം പമ്പ് ചെയ്യുന്നു. [2]മനുഷ്യനു പുറമേ മൃഗങ്ങളിലും ആർത്രോപോഡ, മൊള്ളുസ്ക തുടങ്ങിയ വർഗ്ഗങ്ങളിലും സമാനമായ ഹൃദയമാണ്‌ ഉള്ളത്.

ഹൃദയമിടിപ്പ് പരിശോധിക്കുന്നതിന് സ്റ്റെതോസ്കോപ്പ്ഉപയോഗിക്കുന്നു.

പേരിനു പിന്നിൽ

[തിരുത്തുക]

"ഹൃദ്" എന്ന സംസ്കൃത പദത്തിൽ നിന്നുത്ഭവിച്ച പദമാണ് ഹൃദയം. അർത്ഥം കേന്ദ്രം, മദ്ധ്യം എന്നൊക്കെയാണ്.

പരിണാമം

[തിരുത്തുക]

വികാസഘട്ടങ്ങൾ

[തിരുത്തുക]
ഭ്രൂണത്തിലെ വിവിധ കോശങ്ങളിൽ ഹൃദയം രൂപമെടുക്കാൻ സഹായിക്കുന്നവയുടെ രേഖാ ചിത്രം. ഗ്രേയ്’സ് അനാട്ടമിയിൽ നിന്ന്

ഹൃദയമാണ്‌ നട്ടെല്ലുള്ള ജീവികളിൽ ഭ്രൂണാവസ്ഥയിൽ വച്ച് ഉണ്ടാവുന്ന ആദ്യത്തെ അവയവം.

മാംസ പേശികൾ കൊണ്ടുണ്ടാക്കിയ ഒരു അവയവമാണ് ഹൃദയം. ഓരോരുത്തരുടേയും ഹൃദയത്തിന്‌ അവരവരുടെ മുഷ്ടിയോളം വലിപ്പമുണ്ടാകും. ഏകദേശം 250ഗ്രാം മുതൽ 300ഗ്രാം വരെ തൂക്കവുമുണ്ടാകും. നെഞ്ചിന്റെ മദ്ധ്യഭാഗത്തുനിന്നും അല്പം ഇടത്തേക്ക് മാറിയാണ് ഹൃദയം സ്ഥിതി ചെയ്യുന്നത്. മുൻവശത്ത് നെഞ്ചെല്ല്, വാരിയെല്ല് എന്നിവയാലും പിറകിൽ നട്ടെല്ല് വാരിയെല്ല് എന്നിവയാലും കൊണ്ടുള്ള ഒരു പ്രത്യേക അറയാൽ അത് സം‌രക്ഷിക്കപ്പെട്ടിരിക്കുന്നു. ഏറ്റവും ഭദ്രമായി പ്രകൃത്യാ സൂക്ഷിക്കപ്പെട്ടിരിക്കുന്ന രണ്ട് അവയവങ്ങളിൽ ഒന്നാണ് ഇത് (മറ്റേത് തലച്ചോർ ആണ്).

ശരീരഘടനാശാസ്ത്രം (അനാട്ടമി)

[തിരുത്തുക]
ഹൃദയസ്പന്ദനം
ഇ.സി.ജി.

പ്രധാന ഭാഗങ്ങൾ

[തിരുത്തുക]

ഹൃദയപേശിയുടെ പുറത്തെ ആവരണത്തെ "എപ്പിക്കാർഡിയം" എന്ന് പറയുന്നു. അതിനുള്ളിലെ സഞ്ചിയെ "പെരികാർഡിയം" എന്നും അതിനുള്ളിലെ മാംസപേശിയെ "മയോ കാർഡിയം" എന്നും പറയുന്നു. ഏറ്റവും ഉള്ളിലെ പാളിയെ "എൻഡൊകാർഡിയം" എന്ന് അറിയപ്പെടുന്നു. മനുഷ്യ ഹൃദയത്തിന് നാലു അറകളാണുള്ളത്‌. ഇവയിലെ മുകൾഭാഗത്തെ രണ്ട്‌ അറകളെ ഏട്രിയ അല്ലെങ്കിൽ ഓറിക്കിളുകൾ (auricles)എന്നും കീഴ്ഭാഗത്തു സ്ഥിതി ചെയ്യുന്ന അറകളെ വെന്‌ട്രിക്കിളുകള് (ventricles)എന്നും വിളിക്കുന്നു.ഓറിക്കിളുകൾക്കു വളരെ ലോലമായ ഭിത്തികളും, വെന്‌ട്രിക്കിളുകൾക്ക്‌ തടിച്ച ഭിത്തികളുമാണുള്ളത്‌.

വലത്തുവശത്തേയും ഇടത്തുവശത്തേയും അറകൾ തമ്മിൽ നേരിട്ടു ബന്ധമില്ല. എന്നാൽ ഗർഭസ്ഥശിശുവിൻറെ വലതുവശത്തേയും ഇടതുവശത്തേയും ഓറിക്കിളുകൾ തമ്മിൽ നേരിട്ട്‌ ബന്ധമുണ്ട്‌. പക്ഷേ പ്രസവിച്ചുകഴിഞ്ഞാൽ ഉടൻ ഈ ദ്വാരം അടഞ്ഞുപോകുന്നു.

വിശ്രമമില്ലാതെ പ്രവർത്തിക്കുന്ന ഹൃദയപേശികളുടെ പ്രവർത്തനത്തിന് ശുദ്ധരക്തം അത്യാവശ്യമാണ്. അയോർട്ടയുടെ തുടക്കത്തിൽനിന്നും രണ്ട്‌ കൊറോണറി ആർട്ടറികൾ ഉത്ഭവിക്കുന്നു. ഇടത്തേതെന്നും വലത്തേതെന്നും ആണ് ഇവ അറിയപ്പെടുക. ഈ ആർട്ടറികളാണ് ഹൃദയപേശികൾക്ക്‌ വേണ്ട ശുദ്ധരക്തം എത്തിക്കുക.

വാൽവുകൾ

[തിരുത്തുക]

നാലുവാൽവുകളാണു മനുഷ്യ ഹൃദയത്തിലുള്ളത്. ഹൃദയത്തിൽ രക്തത്തിന്റെ ഒരു ദിശയിലേക്ക് മാത്രമുള്ള സഞ്ചാരം ഏകമുഖങ്ങളായ വാൽവുകളെ ആശ്രയിച്ചാണു നടക്കുന്നത്. വലത്തെ ഏട്രിയവും വെൻട്രിക്കിളും തമ്മിൽ ബന്ധിപ്പിക്കുന്ന കവാടത്തിലെ വാൽവിനെ "ട്രൈകസ്പിഡ് വാൽവ്" എന്നാണു വിളിക്കുന്നത്. ഇതിനു മൂന്ന് ഇതളുകളുണ്ട്. ഇടത്തെ ഏട്രിയവും വെൻട്രിക്കിളും തമ്മിൽ ബന്ധിപ്പിക്കുന്ന കവാടത്തിലെ വാൽവിനെ 'മൈട്രൽ വാൽവ്' എന്നു വിളിക്കുന്നു. ഇതിന്നു രണ്ടിതളുകളാണുള്ളത്. വലത്തെ വെൻട്രിക്കിൾ: പൾമൊണറി ആർട്ടറിയിലേക്കു തുറക്കുന്ന കവാടത്തിലെ വാൽവിനെ 'പൾമൊണറി വാൽവ്' എന്നു വിളിക്കുന്നു. ഇടത്തെ വെൻട്രിക്കിൾ: അയോർട്ടയിലേക്കു തുറക്കുന്ന കവാടത്തിലെ വാൽവാണു 'അയോർട്ടിക് വാൽവ്'. അർദ്ധചന്ദ്രാക്രുതിയിലുള്ള ഈ രണ്ട് വാൾവുകൾക്കും മൂന്ന് ഇതളുകളാണുള്ളത്.

ധമനികളും സിരകളും

[തിരുത്തുക]

ശുദ്ധ രക്തം ഹൃദയത്തിൽ നിന്നും പുറത്തേക്ക് വഹിക്കുന്ന രക്തക്കുഴലുകളെ ധമനികൾ അഥവാ ആർട്ടറികൾ എന്നും ശരീരഭാഗങ്ങളിൽ നിന്നും ഹൃദയത്തിലേക്ക് രക്തം കൊണ്ടുവരുന്ന രക്തക്കുഴലുകളെ സിരകൾ അഥവാ വെയിനുകൾ എന്നും പറയുന്നു.

പ്രവർത്തനം

[തിരുത്തുക]

ഹൃദയത്തിന്റെ അറകൾ വികസിക്കുകയും ചുരുങ്ങുകയും ചെയ്യുന്നതിന്റെ ഫലമായി ഉണ്ടാകുന്നതാണ്‌ ഹൃദയസ്പന്ദനം. വൈദ്യുത തരംഗങ്ങൾ വലത്തേ എട്രിയത്തിന്‌ മുകൾഭാഗത്ത് ഊർദ്ധ്വമഹാസിര ചേരുന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന 'സൈനസ് നോഡ്' എന്ന മുഴ ഉത്പാദിപ്പിക്കുന്ന വൈദ്യുത തരംഗങ്ങളാണ്‌ ഇത് സാധ്യമാക്കുന്നത്. ഇതിനെ പേസ് മേക്കർ എന്ന് പറയുന്നു. ശരീരം മുഴുവൻ കറങ്ങി വരുന്ന രക്തം ആദ്യം വരുന്നത് ഹൃദയത്തിലെ വലത് എട്രിയത്തിലാണ്[2].

ഇ.സി.ജി

[തിരുത്തുക]

ഹൃദയമിടിപ്പിന്റെ തോതിലും താളത്തിലുമുള്ള പിഴവ് കണ്ടു പിടിക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ്‌ ഇ.സി.ജി..എന്ന ഇലക്‌ട്രോ കാർഡിയോ ഗ്രാഫ്.ഡച്ചുകാരനായ വില്യം ഐന്തോവനനാണ്‌ ഇതു കണ്ടുപിടിച്ചത്.

ഹൃദയാഘാതം

[തിരുത്തുക]

ഹൃദയപേശിയുടെ സഹായത്താലാണ് ഹൃദയത്തിന്റെ താളാത്മകമായ പ്രവർത്തനം സംജാതമാകുന്നത്. ചില പ്രത്യേക പേശികൾ ഹൃദയം നിരന്തരമായി ഒരു പ്രത്യേക കണക്കനുസരിച്ച് പ്രവർത്തിക്കുന്നതിലേയ്ക്കായി ആവേഗങ്ങളെ സൃഷ്ടിക്കുന്നതിനും പ്രവാഹത്തിനും സഹായിക്കുന്നു. സൈനോ‌-ഏട്രിയൽനോഡ് ആണു ഹൃദയത്തിന്റെ പേസ് മേക്കർ. ഇവിടെ നിന്ന് മിനിറ്റിൽ 70 തവണ ആവേഗങ്ങൾ ഉൽപ്പാദിക്കപ്പെടുന്നു. ഈ പ്രവർത്തനം ഏട്രിയൽ പേശികൾ വഴി ഏട്രിയോ വെൻട്രിക്കുലർ നോഡിലും തുടർന്ന് ഹിസ്ബണ്ഡിൽ എന്നു വിളിക്കുന്ന രണ്ടു ശാഖകളുള്ള പേശീവ്യൂഹം വഴി വെൻട്രിക്കിലും എത്തുന്നു. ഇതിലെ ആവേഗങ്ങളുടെ സ്വാഭാവികമായി ഉൽപ്പാദിപ്പിക്കുന്ന ഹൃദയപേശികൾക്കുണ്ടാവുന്ന തകരാറുകളാണു നെഞ്ചിടിപ്പായും ഹൃദയസ്തംഭനമായും പ്രകടമാകുന്നത്. നിരന്തരം പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഹൃദയത്തിനും രക്തം ആവശ്യമാണു. ഇടത്തും വലത്തുമായ രണ്ടു കൊറൊണറി ധമനികൾ മുഖേനയാണു ഹൃദയപേശികൾക്ക് രക്തമെത്തിക്കുന്നത്. ഇവയിലുണ്ടാകുന്ന തടസ്സങ്ങളാണു. ഹൃദയാഘാതത്തിന്നും(മയോകാർഡിയൽ ഇൻഫാർക് ഷൻ) ഹൃദ്രോഗനെഞ്ചുവേദനയ്ക്കും (അൻജൈന പെക്ടൊറിസ്) കാരണമാകുന്നത്.

ചിത്രശാല

[തിരുത്തുക]

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. പേജ് 25, All about human body-Addone Publishing group
  2. 2.0 2.1 ബാലമംഗളം,2007 ജനുവരി 8 ലെ എപ്ലസ് എന്ന വിഭാഗത്തിലെ ലേനം. താൾ 53 മുതൽ 55 വരെ

പുറമെനിന്നുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഹൃദയം&oldid=3809591" എന്ന താളിൽനിന്ന് ശേഖരിച്ചത്