അവയവം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Organ (anatomy) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു പ്രത്യേകധർമം നിർവഹിക്കുന്ന വ്യതിരിക്ത ശരീരഭാഗമാണ് അവയവം. പരസ്പരബദ്ധമായ ഒരു പറ്റം കലകൾ (tissues) ചേർന്നതാണ് ഓരോ അവയവവും. ഒന്നോടൊന്നു കൂടിച്ചേരാതെ വേറിട്ടുനില്ക്കുന്നത് എന്നാണ് 'അവയവ' ശബ്ദത്തിന്റെ അർഥം. ജീവന്റെ എല്ലാ പ്രത്യേക സ്വഭാവങ്ങളും പ്രദർശിപ്പിക്കുന്ന ഏറ്റവും ചെറിയ ഘടകമാണ് കോശം. ഒരേ ധർമമുള്ള കോശങ്ങളുടെ സമൂഹത്തെ കല എന്നു വിളിക്കുന്നു. അവയവം എന്നത് കുറേക്കൂടി ബൃഹത്തായ ഒരു ഘടനാവിശേഷമാണ്. നഗ്നനേത്രങ്ങളാൽ കാണാൻ കഴിയുന്ന ഇത് രണ്ടോ അതിലധികമോ കലകൾ ചേർന്നുണ്ടാകുന്നു. ഒരു ശരീരധർമം നിർവഹിക്കാൻ സഹകരിച്ചു പ്രവർത്തിക്കുന്ന ഒരുകൂട്ടം അവയവങ്ങളാണ് അവയവവ്യൂഹം എന്ന പേരിലറിയപ്പെടുന്നത്. ഉദാഹരണത്തിന് അന്നനാളി, ആമാശയം, കരൾ തുടങ്ങിയ അവയവങ്ങൾ ചേർന്നു ദഹനേന്ദ്രിയവ്യൂഹം രൂപംകൊള്ളുന്നു. രക്തപര്യയനവ്യൂഹത്തിലെ അവയവങ്ങളാണ് ഹൃദയം, ധമനികൾ, സിരകൾ, കാപ്പിലറികൾ എന്നിവ. ഇല, തണ്ട്, വേര് എന്നിവ സസ്യങ്ങളുടെ വളർച്ചയ്ക്കാവശ്യമായ ശരീരഭാഗങ്ങളാണ്; പുഷ്പങ്ങൾ പ്രജനനാവയവങ്ങളും.

പരിണാമം[തിരുത്തുക]

അവയവങ്ങൾ, വിശേഷിച്ചും മൃഗങ്ങളിൽ, ഘടനയുടെ കാര്യത്തിൽ വൈവിധ്യം നിറഞ്ഞവയാണ്. തലമുറകളിലൂടെ ആവർത്തിക്കപ്പെട്ട പ്രകൃതിനിർധാരണത്തിന്റെ (natural selection) ഫലമാണിത്. അവയവങ്ങൾ കുറവും ലളിതവുമായിരിക്കുമ്പോൾ ഒരേ അവയവത്തിനു പല ധർമങ്ങളുണ്ടായിരിക്കുക സ്വാഭാവികമാണ്. എന്നാൽ സാധാരണഗതിയിൽ ഓരോ പ്രത്യേകധർമത്തിനും പ്രത്യേകാവയവങ്ങളോ അവയവഭാഗങ്ങളോ ഉള്ളതായാണ് കണ്ടുവരുന്നത്. പരിണാമചരിത്രത്തിൽ ഏറ്റവും മുകളിലത്തെ പടിയിൽ എത്തിനില്ക്കുന്ന മനുഷ്യനെ സംബന്ധിച്ചിടത്തോളം ഇതു വളരെ ശരിയായിരിക്കുന്നു. ദഹനേന്ദ്രിയത്തിന്റെ ഏറ്റവും ലളിതമായ രൂപമാണ് അമീബയിലും മറ്റു പ്രോട്ടോസോവ(Protozoa)കളിലും കാണുന്നത്. സ്പോഞ്ചുകളിലും (Sponges) മണ്ണിരകളിലും ഇതു കുറേക്കൂടി പുരോഗമിച്ചിരിക്കുന്നു. പരിണാമഫലമായി ഉയർന്ന ജന്തുക്കളിലും മനുഷ്യനിലും വിവിധഭാഗങ്ങളുള്ള ഭിന്നാവയവങ്ങൾ ചേർന്നാണ് ദഹനേന്ദ്രിയവ്യൂഹം രൂപംകൊണ്ടിരിക്കുന്നത്.

ശരീരത്തിൽ അവയവങ്ങളുടെ സ്ഥാനം അവയുടെ ധർമത്തിന് ഏറ്റവും അനുയോജ്യമായവിധത്തിലായിരിക്കും. അവയവങ്ങളുടെ ആകൃതി, ഘടന, രൂപം എന്നിവ നിർണയിക്കുന്നതും പ്രധാനമായി അവയുടെ ധർമംതന്നെ. അണ്ഡവിഭജനാരംഭത്തോടെ പ്രാവർത്തികമാകുന്ന പല യാന്ത്രികതത്ത്വങ്ങളും തുടർച്ചയായ പ്രകൃതിനിർധാരണത്തിലൂടെ ജീവജാലങ്ങളുടെ സമമിതിയെയും ക്രമീകരണത്തെയും നിയന്ത്രിച്ചുവരുന്നു. സമമിതി രണ്ടുതരമുണ്ട്: സസ്യങ്ങളിലും താഴ്ന്നതരം ജീവികളിലും കാണപ്പെടുന്ന ആരീയസമമിതിയും (radial or axial symmetry), ആർത്രോപ്പോഡുകളിലും കശേരുകികളിലും (Vertebrates) കാണപ്പെടുന്ന ദ്വിപാർശ്വസമമിതിയും (bilateral symmetry). എന്നാൽ ബാഹ്യമായി കാണുന്ന ദ്വിപാർശ്വസമമിതി പലപ്പോഴും ആന്തരികാവയവങ്ങളെ ബാധിക്കാറില്ല. ചില പ്രോട്ടോസോവകളിൽ ഗോളാകാര (spherical) സമമിതിയും കാണുന്നുണ്ട്.

ധർമങ്ങൾ[തിരുത്തുക]

ഒരു അവയവത്തിന്റെ രൂപവത്കരണത്തിനു സഹായിക്കുന്ന ഓരോ കലയ്ക്കും പ്രത്യേക സ്ഥാനവും ധർമവും ഉണ്ടായിരിക്കും. ഒരു പ്രത്യേക കലയ്ക്കായിരിക്കും ആ അവയവത്തിന്റെ പരമമായ ധർമത്തിന്റെ ചുമതല. മറ്റു കലകൾ അതിന്റെ സഹായകഘടകങ്ങളായിരിക്കും. ദഹനേന്ദ്രിയവ്യൂഹം പരിശോധിച്ചാൽ ദഹനവും അവശോഷണവും പോഷകകോശങ്ങൾ (nutritive cells) നിർവഹിക്കുന്നതായി കാണാം. ആഹാരത്തെ മുന്നോട്ടു നയിക്കുന്ന മാംസപേശികൾ, ദഹനത്തിനുശേഷം പോഷകവസ്തുക്കൾ വലിച്ചെടുത്ത് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിക്കുന്ന രക്തക്കുഴലുകൾ, പലതരം കോശങ്ങളുടെ പ്രവർത്തനം ഏകോപിപ്പിക്കുന്ന നാഡീകല, നാനാതരം കോശങ്ങളെ ചേർത്തു നിർത്തുന്ന സംയോജകകല (connective tissue) ഇവയൊക്കെ സഹായഘടകങ്ങളാണ്. മറ്റൊരു അവയവമായ കണ്ണിൽ നാഡികളുടെ ഒരു മിശ്രപാളിയായ (complex layer of nerve elements) ദൃഷ്ടിപടലം (retina) ആണ് പ്രധാനഭാഗം. പ്രകാശരശ്മികൾ ദൃഷ്ടിപടലത്തിൽ പതിച്ച് നാഡികളെ (nerves) ഉത്തേജിപ്പിക്കുന്നു. നാഡീ-ആവേഗങ്ങൾ (nerve impulses) തലച്ചോറിലെത്തിക്കുന്ന നാഡീതന്തുക്കൾ (nerve fibres), പ്രകാശരശ്മികളെ ദൃഷ്ടിപടലത്തിലേക്കു കേന്ദ്രീകരിക്കുന്ന സുതാര്യകാചം (lens), കണ്ണിനെ പരിരക്ഷിക്കുകയും വിവിധ കലകളെ ഒന്നിച്ചു ചേർക്കുകയും ചെയ്യുന്ന സംയോജകകല, കണ്ണിന്റെ ചലനം സാധ്യമാക്കുന്നതും കണ്ണിലേക്കു വീഴുന്ന പ്രകാശരശ്മികളുടെ അളവ് നിയന്ത്രിക്കുന്നതുമായ മാംസപേശികൾ, രക്തക്കുഴലുകൾ എന്നിവയാണ് കണ്ണിന്റെ പ്രവർത്തനത്തെ സഹായിക്കുന്ന മറ്റു ഘടകങ്ങൾ.

വിവിധതരം അവയവങ്ങൾ.[തിരുത്തുക]

വിഭിന്ന സാഹചര്യങ്ങളിൽ ജീവിക്കുന്ന വ്യത്യസ്തസ്വഭാവികളായ ജന്തുക്കളുടെ അവയവങ്ങൾക്കു വൈവിധ്യമുണ്ടായിരിക്കും. ഉദാഹരണത്തിന് ജലജീവികളുടെ ചലനാവയവങ്ങൾ പത്രങ്ങളായിരിക്കുമ്പോൾ(fin), പക്ഷികളിൽ അതേ അവയവം ചിറകുകളായും(wing) കരയിൽ ജീവിക്കുന്നവയിൽ കാലുകളും കൈകളുമായും രൂപാന്തരപ്പെട്ടിരിക്കുന്നു. കശേരുകികളുടെ പാർശ്വാംഗങ്ങൾ (lateral appendages) ഓടുക, ചാടുക, നീന്തുക, പറക്കുക, പിടിച്ചു തൂങ്ങുക തുടങ്ങിയ കൃത്യങ്ങൾക്ക് അനുയോജ്യമായ വിധത്തിൽ രൂപഭേദം പ്രാപിക്കുന്നതിനു തെളിവാണ് ഇത്. മനുഷ്യന്റെ കൈ, പക്ഷികളുടെ ചിറക്, കുതിരയുടെ മുൻകാലുകൾ, തിമിംഗിലത്തിന്റെ ഫ്ളിപ്പറുകൾ (flippers) എന്നിവ വ്യത്യസ്തമാണെന്നു തോന്നാമെങ്കിലും ഇവയുടെ എല്ലുകൾ, സിരകൾ, മാംസപേശികൾ, നാഡികൾ എന്നിവ സൂക്ഷ്മമായി പഠിക്കുമ്പോൾ ഇവയുടെ ഘടനാസാമ്യം ബോധ്യമാകും. ഈ സാമ്യം പൊതുവായ ഒന്നിൽനിന്നു രൂപമെടുക്കുന്നതുകൊണ്ടുള്ളതാകാം. പലപ്പോഴും ഇവയുടെ ധർമവും ഒരേതരത്തിലാകുന്നു (ഉദാ. നായ്, തവള, പല്ലി ഇവയുടെ മുൻകാലുകൾ). മനുഷ്യന്റെ കൈ, പക്ഷിയുടെ ചിറക്, മാനിന്റെ മുൻകാലുകൾ എന്നിവ ഒരേ സമയത്ത് വ്യത്യസ്തരീതിയിലുള്ള കൃത്യങ്ങൾ നിർവഹിക്കുന്നു. സസ്യങ്ങളിലും ഈ സ്ഥിതിവിശേഷം കാണാം. വരണ്ട ഭൂമിയിൽ വളരുന്ന ചെടികളിലെ മുള്ളുകൾ സാധാരണ ചെടികളിൽ കാണുന്ന ഇലകൾക്കോ ശാഖകൾക്കോ പകരമുള്ളവയാകാം. ഡാൻഡെലിയോൺ (Dandelion) പൂവും പൈൻ മരത്തിന്റെ കോണും ഉദ്ഭവപരമായി ഒന്നുതന്നെ (homologous structure).

അവശോഷാവയവങ്ങൾ[തിരുത്തുക]

അപ്പെൻഡിക്സ് (Vermiform appendix), സീക്കം (Caecum) തുടങ്ങിയ അവയവങ്ങൾ മനുഷ്യനിൽ വളരെ ചെറുതായും ഉപയോഗശൂന്യമായും ആണ് കാണപ്പെടുന്നത്. മുയൽ തുടങ്ങിയ ചില ജന്തുക്കളിൽ ഇവ വളരെ വികസിച്ച അവസ്ഥയിലും ദഹനേന്ദ്രിയവ്യൂഹത്തിലെ പ്രവർത്തനക്ഷമമായ ഒരു ഭാഗമായും കാണാം. നിമേഷകപടലം (nictitating membrane) അഥവാ മൂന്നാമത്തെ കൺപോള മനുഷ്യനിൽ കാണപ്പെടുന്നില്ല. പക്ഷേ പക്ഷികൾ, ഇഴജന്തുക്കൾ, ഉഭയജീവികൾ (Amphibians) എന്നിവയിൽ ഇതു കൂടുതൽ വികസിച്ചിരിക്കുന്നു. ചെവികളും വാലുകളും ചലിപ്പിക്കുന്നതിനുള്ള മാംസപേശികൾ പല കശേരുകികളിലും നന്നായി പ്രവർത്തിക്കുന്നുവെങ്കിലും മനുഷ്യനിൽ പ്രായേണ പ്രവർത്തനശൂന്യമാണ്. മുൻതലമുറക്കാരിൽ ഉണ്ടായിരുന്നതും ഉപയോഗരാഹിത്യം മൂലം ശോഷിച്ചുപോയതുമായ ഈ അവയവങ്ങൾ പാരമ്പര്യസിദ്ധിമൂലമാണ് കാണാനിടയാകുന്നത്. മനുഷ്യനിൽ കാണുന്ന 150-ഓളം 'അവശോഷാവയവങ്ങൾ' (vestigial organs) പരിണാമസിദ്ധാന്തത്തിനു തെളിവായി നിലനില്ക്കുന്നു. ഭ്രൂണത്തിലും ഇപ്രകാരമുള്ള അവശോഷാവയവങ്ങൾ കാണാം. ഉരുളക്കിഴങ്ങിന്റെ 'കണ്ണി'ന് അടുത്തുകാണുന്ന സൂക്ഷ്മമായ ഇലകൾ, കള്ളിച്ചെടിയുടെ മുള്ളുകൾ എന്നിവ സസ്യങ്ങളിലെ അവശോഷാവയവങ്ങൾക്ക് ഉദാഹരണങ്ങളാണ്. ഒരേതരത്തിൽ ഉദ്ഭവിച്ച അവയവങ്ങളിൽ കാണുന്ന ഉപരിപ്ളവമായ വ്യത്യാസങ്ങളും അവയുടെ ധർമങ്ങളിലുള്ള വ്യത്യാസങ്ങളും ജൈവപരിണാമത്തെയാണ് സൂചിപ്പിക്കുന്നത്.

അവയവവ്യൂഹങ്ങൾ.[തിരുത്തുക]

മനുഷ്യനിൽ പ്രധാനമായി എട്ട് അവയവവ്യൂഹങ്ങളാണ് പ്രവർത്തിക്കുന്നത്. അസ്ഥിവ്യൂഹം, പേശീവ്യൂഹം എന്നിവ ശരീരത്തിനു താങ്ങും സംരക്ഷണവും ചലനക്ഷമതയും നല്കുന്നു; ദഹനേന്ദ്രിയവ്യൂഹം കഴിക്കുന്ന ഭക്ഷണത്തിലെ പോഷകപദാർഥങ്ങളെ ശരീരത്തിലേക്ക് അവശോഷണം ചെയ്യത്തക്കവണ്ണം രൂപാന്തരപ്പെടുത്തുന്നതിനും രക്തചംക്രമണവ്യൂഹം ഓക്സിജൻ, പോഷകസാധനങ്ങൾ എന്നിവയുടെ സംവഹനത്തിനും വിസർജ്യവസ്തുക്കളുടെ നിഷ്കാസനത്തിനും സഹായിക്കുന്നു. ശ്വസനേന്ദ്രിയവ്യൂഹം ശ്വാസകോശങ്ങൾക്കകത്തുവെച്ച് വാതകങ്ങളുടെ പരസ്പരമാറ്റം നടക്കുന്നതിനും ശബ്ദം പുറപ്പെടുവിക്കുന്നതിനും സഹായിക്കുന്നു. വിസർജനേന്ദ്രിയവ്യൂഹം ശാരീരികപ്രവർത്തനങ്ങളുടെ ഫലമായുണ്ടാകുന്ന വിസർജ്യപദാർഥങ്ങൾ പുറംതള്ളുവാൻ ഉപകരിക്കുന്നു. പ്രജനനവ്യൂഹം വംശവർധനവിനു കാരണമാകുന്നു; നാഡീവ്യൂഹം, അന്തഃസ്രാവിവ്യൂഹം എന്നിവ എല്ലാ വ്യൂഹങ്ങളുടെയും പരസ്പരസഹകരണത്തിനു സഹായിക്കുന്നു.

അപ്രധാനാവയവങ്ങൾ.[തിരുത്തുക]

സവിശേഷവും എന്നാൽ പരിമിതവുമായ ധർമങ്ങളുള്ള ചില 'അപ്രധാനാവയവ'ങ്ങളും (lesser organs) ശരീരത്തിൽ കാണപ്പെടുന്നു. ഇവയെ സംബന്ധിച്ച പ്രധാന കണ്ടുപിടിത്തങ്ങൾ നടത്തിയവരുടെ പേരുകളുമായി ബന്ധപ്പെട്ടാണ് ഇവ അറിയപ്പെടുന്നത്. ജേക്കബ്സൺ അവയവം (Jacobson's Organ); മനുഷ്യനിൽ അപുഷ്ടമായി കാണപ്പെടുന്നതെങ്കിലും നാല്ക്കാലികളിൽ വളരെയധികം വികാസം പ്രാപിച്ചിട്ടുള്ള ഒരു ഘ്രാണേന്ദ്രിയം (organ of smell); കോർട്ടി അവയവം (Organ of Corti); ചെവിയിലെ കോക്ളിയാർ നാള(cochlear duct)ത്തിൽ കാണപ്പെടുന്നതും ശബ്ദഗ്രഹണസംബന്ധിയുമായ ഒരു അവയവം. 'സ്പൈറൽ അവയവം' എന്നും ഇതിനു പേരുണ്ട്); ഗോൾഗി അവയവം (Organ of Golgi); സ്നായു (tendon) വിനടുത്ത് പേശിയുടെ ഉപരിഭാഗത്തായി കാണപ്പെടുന്ന ഒരു അഗ്രാവയവം) തുടങ്ങിയവ അപ്രധാനാവയവങ്ങൾക്ക് ഉദാഹരണങ്ങളാണ്.

അവലംബം[തിരുത്തുക]

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അവയവം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അവയവം&oldid=2950188" എന്ന താളിൽനിന്ന് ശേഖരിച്ചത്