തലശ്ശേരി നഗരസഭ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


തലശ്ശേരി നഗരസഭ

തലശ്ശേരി നഗരസഭ
11°45′N 75°29′E / 11.75°N 75.49°E / 11.75; 75.49
Map
ഭൂമിശാസ്ത്ര പ്രാധാന്യം നഗരസഭ
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല കണ്ണൂർ
താലൂക്ക്
റവന്യൂ വില്ലേജുകൾ
നിയമസഭാ മണ്ഡലം തലശ്ശേരി നിയമസഭാമണ്ഡലം
ലോകസഭാ മണ്ഡലം വടകര ലോകസഭാമണ്ഡലം
ഭരണസ്ഥാപനങ്ങൾ നഗരസഭ
ചെയർപേഴ്സൺ
വൈസ് ചെയർപേഴ്സൺ
മുനിസിപ്പൽ സെക്രട്ടറി
വിസ്തീർണ്ണം 23.96ചതുരശ്ര കിലോമീറ്റർ
വാർഡുകൾ {{{വാർഡുകൾ}}} എണ്ണം
ജനസംഖ്യ 99386
ജനസാന്ദ്രത 4323/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
670xxx
+0490
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

കണ്ണൂർ ജില്ലയിലെ തലശ്ശേരി നഗരമുൾക്കൊള്ളുന്ന നഗരസഭയാണ് തലശ്ശേരി നഗരസഭ. 23.96 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള[1] ഈ നഗരസഭയിൽ ആകെ 50 വാർഡുകളാണുള്ളത്. ആകെ ജനസംഖ്യ 99386 ആണ്. കണ്ണൂർ ജില്ലാ തലസ്ഥാനത്തുനിന്നും 21 കി.മീ അകലെയാണ് തലശ്ശേരി. തെലിച്ചേരി എന്നത് തലശ്ശേരിയുടെ ആംഗലേയവൽക്കരിക്കപ്പെട്ട പേരാണ്. തീരദേശ പ്രദേശമായതുകൊണ്ട് തലശ്ശേരി ബ്രിട്ടീഷ് ഭരണ കാലത്ത് ഒരു പ്രധാന വാണിജ്യ കേന്ദ്രമായിരുന്നു. ക്രിക്കറ്റിന്റെയും സർക്കസിന്റെയും കേക്കിന്റെയും നഗരമായി തലശ്ശേരി അറിയപ്പെടുന്നു. ഇന്ത്യൻ സർക്കസിന്റെ ജന്മദേശമായാണ് തലശ്ശേരി അറിയപ്പെടുന്നത്. [2] 1866ലാണ് തലശ്ശേരി നഗരസഭ രൂപീകൃതമായത്. തലശ്ശേരി നഗരസഭയിൽ തലശ്ശേരി, തിരുവങ്ങാട് വില്ലേജുകൾ ഉൾപ്പെടുന്നു.

പ്രാക് ചരിത്രം[തിരുത്തുക]

മലബാറിലെ ആദ്യത്തെ ബ്രിട്ടീഷ് ആധിപത്യ സ്ഥലമാണ് തലശ്ശേരി. മലബാറിലെ പ്രമുഖ തുറമുഖ നഗരങ്ങളിലൊന്നായിരുന്നു തലശ്ശേരി. കിഴക്കൻ മലയോരങ്ങളിൽ സമൃദ്ധമായിരുന്ന സുഗന്ധ വ്യഞ്ജനങ്ങളുടെ സംഭരണവും കയറ്റുമതിയും ലക്ഷ്യം വച്ച് ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനി ഈ പ്രദേശത്ത് 1683 ൽ ഒരു പാണ്ടികശാല സ്ഥാപിച്ചു. പഴശ്ശി വീര കേരള വർമ്മയും ബ്രിട്ടീഷുകാരും തമ്മിൽ നടന്ന യുദ്ധങ്ങളുടേയും സന്ധി സംഭാഷണങ്ങളുടേയും സിരാകേന്ദ്രം തലശ്ശേരിയായിരുന്നു. [3][4]

സ്ഥലനാമോൽപത്തി[തിരുത്തുക]

നിരവധി ചേരികളുടെ തലസ്ഥാനമായതുകൊണ്ട് ഈ പ്രദേശം തലച്ചേരി എന്നും പിന്നീട് തലശ്ശേരിയായി എന്നുമാണ് പറയപ്പെടുന്നത്. സർക്കാർ സ്ഥാപനങ്ങളുടെ കേന്ദ്ര സ്ഥാനം എന്നർത്ഥത്തിൽ തലക്കച്ചേരി കാലാന്തരത്തിൽ തലശ്ശേരിയായി എന്നും ഇവ രണ്ടുമല്ല, തളിയിൽ ച്ചേരിയാണ് (ബ്രാഹ്മണർ താമസിച്ചിരുന്ന പ്രദേശം തളി എന്നാണ് അറിയപ്പെട്ടിരുന്നത്. ഒരു കാലത്ത് ധാരാളം ബ്രഹ്മണർ ഇവിടെ താമസിച്ചിരുന്നു) പിന്നീട് തലശ്ശേരിയായതെന്നും പറയപ്പെടുന്നു.

അതിരുകൾ[തിരുത്തുക]

വടക്ക് ധർമ്മടം പുഴ, തെക്ക് ന്യൂമാഹി, കിഴക്ക് എരഞ്ഞോളി, തലശ്ശേരി പുഴ പടിഞ്ഞാറ് അറബിക്കടലും സ്ഥിതി ചെയ്യുന്നു. [5]

ഭൂപ്രകൃതി[തിരുത്തുക]

ഭൂപ്രകൃതിയനുസരിച്ച് നഗരസഭയെ കുന്നുകൾ, സമതലം, തീരപ്രദേശം, ജലാശയങ്ങൾ എന്നിങ്ങനെ തരം തിരിക്കാം. മണൽ മണ്ണും, ലാറ്ററൈറ്റുമാണ് പ്രധാന മണ്ണിനങ്ങൾ. ഈ പ്രദേശത്തെ ഭൂനിരപ്പ് പടിഞ്ഞാറോട്ട് ചരിഞ്ഞ് കിടക്കുന്നതാണ്.

സ്വാതന്ത്ര്യസമര/ദേശീയപ്രസ്ഥാനം[തിരുത്തുക]

1934-ൽ ഗാന്ധിജി തലശ്ശേരി സന്ദർശിച്ചിരുന്നു. എൽ.എസ്.പ്രഭു, കമലാ പ്രഭു, സി.കെ. ഗോവിന്ദൻ നായർ, കിനാത്തി നാരായണൻ, ഡോ. ടി.വി.എൻ നായർ, അഡ്വ.പി.കുഞ്ഞിരാമൻ, മൊയ്യാരത്ത് ശങ്കരൻ, സർദാർ ചന്ദ്രോത്ത് കുഞ്ഞിരാമൻ നായർ, മുകുന്ദ മല്ലർ, എൻ.പി.ദാമോദരൻ, കെ.പി.രാഘവൻ നായർ, നെട്ടൂർ പി.ദാമോദരൻ എന്നിവർ ഈ പ്രദേശത്തെ പ്രധാന സ്വാതന്ത്ര്യ സമര സേനാനികളായിരുന്നു. 1940 - ൽ തലശ്ശേരി ജവർഘട്ടിൽ നടന്ന പൊതുയോഗത്തിന് നേരെ വെടിയുതിർത്തപ്പോൾ രക്സാക്ഷിത്വം വരിച്ചത്‌ 21 ഉം 18 ഉം വയസ്സ് പ്രായമായ ചെറുപ്പക്കാരായിരുന്നു അബ്ദുള്ള എന്ന അബുവും ചാത്തുക്കുട്ടിയും.

സാമൂഹ്യ രാഷ്ട്രീയ സാംസ്ക്കാരിക പ്രസ്ഥാനങ്ങൾ[തിരുത്തുക]

മലയാളത്തിലെ ആദ്യത്തെ പത്രമായ രാജ്യ സമാചാരം തലശ്ശേരിയിലാണ് പ്രസിദ്ധീകരിച്ചത്. ഇന്ദുലേഖയുടെ കർത്താവായ ഒ.ചന്തുമേനോൻ, ഹാസ്യ സാമ്രാട്ടായ സഞ്ജയൻ, ഡോ.ഹെർമൻ ഗുണ്ടർട്ട്, വ്യാകരണ മിത്രം എഴുതിയ ശേഷഗിരി പ്രഭു തുടങ്ങിയ അനേകം സാഹിത്യ നായകൻമാരുടെ കർമ്മ ഭൂമിയായിരുന്നു തലശ്ശേരി. 1933 ൽ സി.വി.ബാലൻ നായർ സ്ഥാപിച്ച കേരളത്തിലെ സ്വകാര്യ മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട വിദ്യാലയമായ കേരള സ്കൂൾ ഓഫ് ആർട്സ്, ചേമഞ്ചേരി കുഞ്ഞിരാമൻ നായർ സ്ഥാപിച്ച ഭാരതീയ നാട്യ കലാലയം, ബാലൻ മാസ്റ്റർ സ്ഥാപിച്ച ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മ്യൂസിക്, പപ്പു വൈദ്യർ സ്ഥാപിച്ച തിരുമുളം സംഗീതസഭ എന്നീ പ്രധാന സ്ഥാപനങ്ങൾ ഈ നഗരസഭയിലാണ് സ്ഥിതി ചെയ്യുന്നത്. വടക്കെ മലബാറിലെ ആദ്യത്തെ ഇംഗ്ലീഷ് സ്കൂളായ ബി.ജി.എം.സ്കൂൾ ബാസൽ ജർമ്മൻ മിഷൻ 1856-ൽ തലശ്ശേരിയിൽ സ്ഥാപിച്ചു.

ആരാധനാലയങ്ങൾ[തിരുത്തുക]

ശ്രീ രാമസ്വാമി ക്ഷേത്രം, ഓടത്തിൽ മുസ്ലീം പള്ളി (1792), സെന്റ് ജോൺസ് ചർച്ച് (1869), സി.എസ്.ഐ. പള്ളി (1839) എന്നിവയാണ് പ്രധാന ആരാധനാലയങ്ങൾ.

വിനോദസഞ്ചാര കേന്ദ്രങ്ങൾ[തിരുത്തുക]

കരിംപാറകൾ നിറഞ്ഞ സമുദ്ര തീരം, 1708 ൽ ബ്രിട്ടീഷുകാർ പണിത തലശ്ശേരി കോട്ട, 1800 ആർതർ വെല്ലസ്ലി പ്രഭു താമസിച്ചിരുന്ന കോട്ടയോട് ചേർന്ന ബംഗ്ലാവ്, ഓവർസീസ് ഫോളി, ഗുണ്ടർട്ട് ബംഗ്ലാവ്, എന്നിവയാണ് പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങൾ.

വാണിജ്യ-ഗതാഗത പ്രാധാന്യം[തിരുത്തുക]

കേരളത്തിലെ ആദ്യത്തെ ബേക്കറി വ്യവസായ സ്ഥാപനമായ മമ്പള്ളി ബേക്കറി 1880 ൽ തലശ്ശേരിയിൽ പ്രവർത്തനം ആരംഭിച്ചു. വർഷങ്ങൾക്ക് മുമ്പ് സ്ഥാപിതമായ വോൾക്കാട്ട് ബ്രദേഴ്സ് എന്ന യൂറോപ്യൻ കമ്പനി ഇന്ന് കൺസോളിഡേറ്റഡ് കോഫി എന്ന വ്യവസായ സ്ഥാപനമായാണ് അറിയപ്പെടുന്നത്. നാഷണൽ ഹൈവേയും, റയിൽവേ പാതയും (മദ്രാസ് മംഗലാപുരം ലെയിൻ) നഗരസഭയിൽ കൂടി കടന്നു പോകുന്നുണ്ട്.

നഗരസഭാ രൂപീകരണം[തിരുത്തുക]

1865 ലെ പത്താം ആക്ടനുസരിച്ച് 1866 നവംബർ 1 ന് രൂപീകൃതമായ ആദ്യ നഗരസഭകളിൽ ഒന്നാണ് തലശ്ശേരി. 1880 ലും 1941 ലും 1961 ലും ഈ നഗരസഭയുടെ അതിരുകൾ വിപുലപ്പെടുത്തി. 1990 കൊടിയേരി പഞ്ചായത്തിനെ നഗരസഭയോട് ചേർത്തെങ്കിലും 1993-ൽ ഈ പഞ്ചായത്തിനെ നഗരസഭയിൽ നിന്നും വേർപെടുത്തി. വീണ്ടും 2000ൽ കോടിയേരി പഞ്ചായത്തിനെ നഗരസഭയിൽ ഉൾപ്പെടുത്തി. തലശ്ശേരി നഗരസഭയിൽ സമീപ പഞ്ചായത്തുകൾ ചേർത്തു മുനിസിപ്പൽ കോർപറേഷൻ രൂപീകരിക്കണമെന്ന ആവശ്യം ശക്‌തമാണ്.

പുറമേ നിന്നുള്ള കണ്ണികൾ[തിരുത്തുക]

http://www.thalasserymunicipality.in Archived 2011-07-21 at the Wayback Machine.

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2009-06-27. Retrieved 2010-11-14.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-07-21. Retrieved 2010-11-14.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-10-05. Retrieved 2012-06-22.
  4. നഗരസഭയുടെ ഔദ്യോഗിക വെബ്‌സൈറ്റ്
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-10-05. Retrieved 2012-06-22.


"https://ml.wikipedia.org/w/index.php?title=തലശ്ശേരി_നഗരസഭ&oldid=3912816" എന്ന താളിൽനിന്ന് ശേഖരിച്ചത്