ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രം
Gurovayoor.jpg
പേരുകൾ
ശരിയായ പേര്: ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രം
സ്ഥാനം
സ്ഥാനം: ഗുരുവായൂർ
Architecture and culture
പ്രധാന പ്രതിഷ്ഠ:: ശ്രീകൃഷ്ണൻ (വിഗ്രഹം ചതുർബാഹുവായ മഹാവിഷ്ണുവിന്റേതാണ്)
History
സൃഷ്ടാവ്: ബൃഹസ്പതിയും വായുദേവനും വിശ്വകർമ്മാവും

ദക്ഷിണഭാരതത്തിലെ പ്രധാനപ്പെട്ട ഒരു ഹൈന്ദവ ക്ഷേത്രമാണ് ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രം. കേരളത്തിലെ തൃശ്ശൂർ പട്ടണത്തിൽ നിന്ന്‌ 26 കി.മീ വടക്കുപടിഞ്ഞാറുമാറി ഗുരുവായൂർ പട്ടണത്തിൽ സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രത്തിൽ മഹാവിഷ്ണു ഗുരുവായൂരപ്പനായി പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. റോഡ്, റെയിൽ മാർഗ്ഗങ്ങളിലൂടെ ഈ ക്ഷേത്രത്തിൽ എത്തിച്ചേരാം.

ഉള്ളടക്കം

ഭരണം[തിരുത്തുക]

ഗുരുവായൂർ ദേവസ്വം ആക്റ്റ് 1971 മാർച്ച് 9ന് നിലവിൽ വന്നു. 1978 ൽ പരിഷ്കരിച്ച നിയമ പ്രകാരമാണ് ഭരണം നടത്തുന്നത്. കേരള സർക്കാർ നാമനിർദ്ദേശം ചെയ്യുന്ന സമിതിയാണ് ക്ഷേത്രഭരണം നടത്തുന്നത്. സാമൂതിരി രാജാവ്, മല്ലിശ്ശേരി നമ്പൂതിരി, ക്ഷേത്രം തന്ത്രി, ക്ഷേത്രം ജീവനക്കാരുടെ ഒരു പ്രതിനിധി, മറ്റ് അഞ്ചുപേർ (ഇതിൽ ഒരാൾ പട്ടിക ജാതിയിൽ നിന്നായിരിക്കണം). ചേർന്നതാണ് സമിതി. സർക്കാർ ഡെപ്യുട്ടേഷനിൽ നിയമിക്കുന്ന ഉദ്യോഗസ്ഥനായ അഡ്മിനിസ്ട്രേറ്ററാണ് സമിതി സെക്രട്ടറി. ഡെപ്യൂട്ടി കളക്ടറുടെ റാങ്കിൽ താഴെയുള്ളയാളാവരുത്, അഡ്മിനിസ്‌ട്രേറ്റർ.[1] എന്നാൽ 2013ൽ ഈ നിയമത്തിന് വിരുദ്ധമായി അഡ്മിനിസ്ട്രേറ്ററെ നിയമിച്ചത് വിവാദത്തിനിടയാക്കി.

പാരമ്പര്യമായി പുഴക്കര ചേന്നാസ് നമ്പൂതിരിയാണ് തന്ത്രി. [1]

പഴയം, മുന്നൂലം, പൊട്ടക്കുഴി, കക്കാട് എന്നീ ഇല്ലക്കാരാണ് ഓതിക്കന്മാർ. പന്തീരടി പൂജയ്ക്ക് മേൽശാന്തിയെ ഓതിക്കൻ സഹായിക്കും. തന്ത്രി ഇല്ലാത്ത സമയത്ത് ആ ചുമതലകൾ ചെയ്യുന്നതും ഓതിക്കനാണ്.[1]

മേൽശാന്തിയെ ഭരണസമിതി ആറുമാസത്തേക്ക് നിയമിക്കുന്നു. ആ കാലയളവിൽ മേൽശാന്തി അമ്പലപരിസരം വിട്ടുപോകാൻ പാടില്ലാത്തതാണ്.തന്ത്രിയുടേയും ഓതിക്കന്റേയും കീഴിൽ രണ്ടാഴ്ച ക്ഷേത്രത്തേയും ആചാരങ്ങളേയും പൂജകളേയും പറ്റി പഠിച്ച് മൂലമന്ത്രം ഗ്രഹിച്ചാണ് ചുമതലയേക്കുന്നത്.

മേൽശാന്തിയെ സഹായിക്കാൻ രണ്ട് കീഴ്ശാന്തിമാർ ഉണ്ടായിരിക്കും.കാരിശ്ശേരിയിലെ പതിനലു നമ്പൂതിരി ഇല്ലങ്ങളിൽ നിന്ന്, ഒരു മാസം രണ്ട് ഇല്ലക്കാർ വീതം ഊഴം വച്ചാണ് കീഴ്ശാന്തി ചെയ്യുന്നത്.[1]

പ്രതിഷ്ഠ[തിരുത്തുക]

വിഷ്ണുവിന്റെ പരിപൂർണ്ണാവതാരമായ ശ്രീകൃഷ്ണൻ എന്ന രൂപത്തിലാ‍ണ് ഗുരുവായൂരിലെ പ്രതിഷ്ഠ. പാതാളാഞ്ജനം എന്ന വിശിഷ്ടവും അപൂർവ്വവും ആയ കല്ലുകൊണ്ടാണ് വിഗ്രഹം നിർമ്മിച്ചിരിക്കുന്നത്.[അവലംബം ആവശ്യമാണ്] നിൽക്കുന്ന രൂപത്തിൽ കാണപ്പെടുന്ന ഭഗവാൻ 4 കൈകളിൽ പാഞ്ചജന്യം (ശംഖ്‌), സുദർശനചക്രം, കൗമോദകി (ഗദ), താമര എന്നിവ ധരിച്ചിരിക്കുന്നു. മാറിൽ ശ്രീവത്സം എന്ന അടയാളവും, കൗസ്തുഭം തുടങ്ങിയ ആഭരണങ്ങളും, മഞ്ഞപ്പട്ടും ധരിച്ച് കിഴക്കോട്ട് ദർശനമായാണ് ഗുരുവായൂരപ്പൻ വാഴുന്നത്. 4 അടി ഉയരം വിഗ്രഹത്തിന് ഏകദേശം കാണും.[അവലംബം ആവശ്യമാണ്]

പേരിനു പിന്നിൽ[തിരുത്തുക]

കുരവയൂർ എന്നായിരുന്നു ഗുരുവായൂരിന്റെ ആദികാല നാമം[അവലംബം ആവശ്യമാണ്].14-)ം നൂറ്റാണ്ടിലെ കോകസന്ദേശത്തിൽ കുരുവയൂർ എന്നാൺ പരാമർശിച്ചിരിക്കുന്നത്. ഗുരുവും വായുവും ചേർന്ന ഗുരുവായൂരാക്കിയതും അതിനെ ക്ഷേത്രവുമായി ബന്ധിച്ച് വളർത്തിയെടുത്തതും ആധുനികകാലത്താണ്‌[അവലംബം ആവശ്യമാണ്]. എങ്കിലും ഐതിഹ്യമായി പ്രചരിക്കുന്ന അത്തരം കഥകൾക്കാണ്‌ കൂടുതൽ ശ്രോതാക്കൾ

. [2] കുരവക്കൂത്ത് നടന്നിരുന്ന സ്ഥലമായതിനാലാവാം കുരവയൂർ എന്ന പേരു വന്നതെന്ന് വി.വി.കെ വാലത്ത് ഊഹിക്കുന്നു.

[3]

ഐതിഹ്യം[തിരുത്തുക]

ഗുരുവായൂരപ്പൻ
ദേവനാഗരി गुरुवायूरप्पन्
ബന്ധം ദേവൻ
വസതി ഗുരുവായൂർ
മന്ത്രം ഓം നമോ നാരായണായഃ, ഓം നമോ ഭഗവതേ വാസുദേവായഃ
ആയുധം സുദർശനചക്രം, കൗമോദകി (ഗദ), പാഞ്ചജന്യം (ശംഖ്)
വാഹനം ഗരുഡൻ

ക്ഷേത്രത്തിൽ ഇന്നു കാണപ്പെടുന്ന വിഗ്രഹം ചതുർബാഹുവും ശംഖചക്രഗദാപത്മധാരിയുമായ മഹാവിഷ്ണുവിന്റേതാണ്. സ്വയംഭൂവാണെന്ന് വിശ്വസിക്കപ്പെടുന്ന ഈ വിഗ്രഹത്തിന് ഉദ്ദേശം നാലടി ഉയരം വരും. നിൽക്കുന്ന രൂപത്തിലുള്ള വിഗ്രഹത്തിന്റെ ദർശനം കിഴക്കോട്ടാണ്. പാതാളാഞ്ജനശിലയിൽ തീർത്ത ഈ വിഗ്രഹം വിഷ്ണുതന്നെ സൃഷ്ടിച്ചതാണെന്നും പറയാം. വൈകുണ്ഠത്തിൽ ഭക്തർക്കും ഇന്ദ്രാദിദേവകൾക്കും ദർശനം നൽകുന്ന വിഷ്ണുവിന്റെ തിരുരൂപമാണ് വിഗ്രഹത്തിന്. വിഷ്ണു ഈ വിഗ്രഹം ശിവനു സമ്മാനിച്ചു. ശിവനുശേഷം ബ്രഹ്മാവും ഇത് സ്വന്തമാക്കി. ഒടുവിൽ സന്താനസൗഭാഗ്യമില്ലാതെ കഴിഞ്ഞിരുന്ന സുതപസ്സ് എന്ന രാജാവിന് ബ്രഹ്മാവ് ഇത് സമ്മാനിച്ചു. നാലുജന്മങ്ങളിൽ അദ്ദേഹത്തിന്റെ പുത്രനായി മഹാവിഷ്ണു അവതരിച്ചു (പ്രശ്നിഗർഭൻ, വാമനൻ, ശ്രീരാമൻ, ശ്രീകൃഷ്ണൻ). ഒടുവിൽ ദ്വാരക കടലിൽ മുങ്ങിയപ്പോൾ ദേവഗുരുവായ ബൃഹസ്പതിയും അദ്ദേഹത്തിന്റെ ശിഷ്യനായ വായുദേവനും ചേർന്ന് ഈ വിഗ്രഹം പ്രതിഷ്ഠിച്ചു. അങ്ങനെ സ്ഥലത്തിന് ഗുരുവായൂർ എന്നും പ്രതിഷ്ഠയ്ക്ക് ഗുരുവായൂരപ്പൻ എന്നും പേരുകൾ വന്നു.

ശിവനും പ്രചേതസ്സുകളും അനേകകാലം[4] തപസ്സു ചെയ്തെന്നു കരുതുന്ന പൊയ്കയെ രുദ്രതീർത്ഥമെന്ന്‌ വിളിക്കുന്നു (ഇപ്പോഴുള്ള ഗുരുവായൂർ ശ്രീകൃഷ്ണസ്വാമീ ക്ഷേത്രത്തിന്റെ വടക്കു ഭാഗത്താണിത്‌.) ശ്രീകൃഷ്ണൻ ഉദ്ധവനോട്‌ ദേവഗുരു ബൃഹസ്പതിയെകൊണ്ട്‌ ഉചിതമായ സ്ഥലത്ത്‌ പ്രതിഷ്ഠിക്കുവാൻ ആവശ്യപ്പെടുകയുണ്ടായ മഹാവിഷ്ണു വിഗ്രഹമാണ്‌ ഗുരുവായൂരിലെ പ്രതിഷ്ഠയെന്ന്‌ വിശ്വാസം. ഗുരുവും വായുഭഗവാനും കൂടി സ്ഥലം കണ്ടെത്തി പ്രതിഷ്ഠ നടത്തിയതിനാൽ ഗുരുവായൂരെന്നു നാമമുണ്ടായെന്ന്‌ സ്ഥലനാമ പുരാണം. ശിവനും പാർവ്വതിയും ഈ വിഗ്രഹം പ്രതിഷ്ഠിക്കുന്ന പുണ്യമുഹൂർത്തത്തിൽ അവിടെ ഉണ്ടായിരുന്നു എന്നും എല്ലാവർക്കും നിൽക്കുവാൻ ക്ഷേത്രത്തിനടുത്ത് സ്ഥലം ഇല്ലാത്തതുകൊണ്ട് ശിവൻ അല്പം മാറി മമ്മിയൂർ ക്ഷേത്രം നിൽക്കുന്ന സ്ഥലത്തുനിന്ന് അനുഗ്രഹങ്ങൾവർഷിച്ചു എന്നുമാണ് ഐതീഹ്യം. ഗുരുവായൂർ ക്ഷേത്രത്തിൽ നിന്നും 10 മിനിറ്റ് നടക്കാവുന്ന ദൂരത്തിലാണ് മമ്മിയൂർ ക്ഷേത്രം. ഗുരുവായൂർ ക്ഷേത്രം ദേവശില്പിയായ വിശ്വകർമ്മാവ് ആണ് നിർമ്മിച്ചത്.[4]

ചരിത്രം[തിരുത്തുക]

ഗുരുവായൂർ ക്ഷേത്രത്തിന് 5,000 വർഷം എങ്കിലും പഴക്കം ഉണ്ട് എന്നു വിശ്വസിക്കുന്നു.[ആര്?] ആദ്യകാലത്ത് ഇത് ഒരു ദ്രാവിഡ ക്ഷേത്രമായിരുന്നു. പിന്നീട് ബുദ്ധക്ഷേത്രമായും മാറി. ഗുരുവായൂർ ക്ഷേത്രത്തെ പ്രതിപാദിക്കുന്ന ഏറ്റവും പഴയ കൃതി 14-ആം നൂറ്റാണ്ടിലെ തമിഴ് പുസ്തകമായ ‘കോകസന്ദേശം’ ആണ്. ഇതിൽ കുരവൈയൂർ എന്ന് പ്രതിപാദിച്ചിരിക്കുന്നു. 16-ആം നൂറ്റാണ്ടിലെ പല കൃതികളിലും ഗുരുവായൂരിനെ കുറിച്ചുള്ള കുറിപ്പുകളും വർണ്ണനയും കാണാം. എങ്കിലും മേൽപ്പത്തൂരിന്റെ നാരായണീയം ആണ് ഗുരുവായൂർ ക്ഷേത്രത്തെ പ്രശസ്തമാക്കിയത്. "തിരുന്നാവായ കഴിഞ്ഞാൽ പ്രാധാന്യം കൊണ്ടു രണ്ടാമതുവരുന്നതു പൊന്നാനി താലൂക്കിലുള്ള (ഗുരുവായൂർ ഇന്ന് തൃശ്ശൂർ ജില്ലയിൽ ചാവക്കാട് താലൂക്കിലാണ്) ഗുരുവായൂർ ക്ഷേത്രമാണ്.തളർവാതരോഗശാന്തിക്കു പുകൾപ്പെറ്റതാണ് ഈ ഹൈന്ദവാരാധന കേന്ദ്രം". വില്യം ലോഗൻ മലബാർ മാനുവലിൽ ഇങ്ങനെയാണ് ഗുരുവായൂർക്ഷേത്രത്തെ രേഖപ്പെടുത്തിയിരിക്കുന്നത്.

വൈദേശികാക്രമണം[തിരുത്തുക]

നൂറുകണക്കിന് വർഷങ്ങളിൽ ഗുരുവായൂർ മുസ്ലീം - യൂറോപ്യൻ കടന്നുകയറ്റക്കാരുടെ ആക്രമണത്തിനു പാത്രമായി.[അവലംബം ആവശ്യമാണ്] 1716-ൽ ഡച്ചുകാർ ഗുരുവായൂർ ക്ഷേത്രം ആക്രമിച്ച് ക്ഷേത്രത്തിലെ വിലപിടിച്ച വസ്തുക്കളും സ്വർണ്ണക്കൊടിമരവും കൊള്ളയടിച്ച് പടിഞ്ഞാറേ ഗോപുരത്തിന് തീവെച്ചു[1].[അവലംബം ആവശ്യമാണ്] ക്ഷേത്രം 1747-ൽ പുനരുദ്ധരിച്ചു. 1755-ൽ സാമൂതിരിയുമായുള്ള യുദ്ധത്തിൽ ഡച്ചുകാർ തൃക്കുന്നവായ് ക്ഷേത്രം നശിപ്പിച്ചു[1].[അവലംബം ആവശ്യമാണ്] ഇവിടെ നിന്ന് ബ്രാഹ്മണർ പലായനം ചെയ്തു. പിന്നീട് സാമൂതിരി ഗുരുവായൂരിന്റെയും തൃക്കുന്നവായ് ക്ഷേത്രത്തിന്റെയും സംരക്ഷകനായി. ഈ ക്ഷേത്രങ്ങളിലെ മേൽക്കോയ്മ സാമൂതിരിക്കായിരുന്നു.

1766-ൽ മൈസൂരിലെ ഹൈദരലി കോഴിക്കോടും ഗുരുവായൂരും പിടിച്ചടക്കി. ഗുരുവായൂർ ക്ഷേത്രം നശിപ്പിക്കാതിരിക്കാൻ ഹൈദരലി 10,000 പണം കപ്പം ചോദിച്ചു[1].[അവലംബം ആവശ്യമാണ്] ഈ സംഖ്യ നൽകിയെങ്കിലും അരക്ഷിതാവസ്ഥയെ തുടർന്ന് ക്ഷേത്രത്തിലേക്കുള്ള തീർത്ഥാടകരുടെ എണ്ണം കുറഞ്ഞു. മലബാർ ഗവർണ്ണറായിരുന്ന ശ്രീനിവാസ റാവുവിന്റെ അഭ്യർത്ഥനയെത്തുടർന്ന് ഹൈദരലി ദേവദയ നൽകുകയും ക്ഷേത്രം നാശോന്മുഖമാവാതെ ഇരിക്കുകയും ചെയ്തു. എങ്കിലും 1789-ൽ ഹൈദരലിയുടെ മകനായ ടിപ്പു സുൽത്താൻ സാമൂതിരിയുടെ സാമ്രാജ്യം ആക്രമിച്ചു. മുൻപ് പല ക്ഷേത്രങ്ങളും ടിപ്പു സുൽത്താൻ നശിപ്പിച്ചിരുന്നു. ടിപ്പുവിന്റെ ആക്രമണത്തെ ഭയന്ന് ഉത്സവ വിഗ്രഹവും മൂർത്തിയും മല്ലിശ്ശേരി നമ്പൂതിരിയും കക്കാട് ഓതിക്കനും ചേർന്ന് അമ്പലപ്പുഴയിലേക്ക് കൊണ്ടുപോയി. ടിപ്പു ക്ഷേത്രത്തിനു ചുറ്റുമുള്ള ചെറിയ കോവിലുകൾ നശിപ്പിക്കുകയും ക്ഷേത്രത്തിന് തീവെക്കുകയും ചെയ്തു[1].[അവലംബം ആവശ്യമാണ്] എങ്കിലും പെട്ടെന്ന് ഉണ്ടായ മഴയെത്തുടർന്ന് ക്ഷേത്രം രക്ഷപെട്ടു. പിന്നീട് 1792-ൽ സാമൂതിരിയും[1][അവലംബം ആവശ്യമാണ്] ബ്രിട്ടീഷുകാരും ചേർന്ന് ടിപ്പു സുൽത്താനെ തോൽപ്പിച്ചു. സംരക്ഷിച്ചിരുന്ന മൂർത്തിയും ഉത്സവ വിഗ്രഹവും 1792 സെപ്റ്റംബർ 17-നു പുനഃസ്ഥാപിച്ചു. പക്ഷേ ഈ സംഭവ ഗതികൾ ക്ഷേത്രത്തിലെ നിത്യ പൂജയെയും ആചാരങ്ങളെയും സാരമായി ബാധിച്ചിരുന്നു.

ഹിന്ദുക്കളല്ലാത്തവർ ക്ഷേത്രത്തിൽ കയറരുതെന്ന ബോർഡ്

ഗുരുവായൂർ സത്യാഗ്രഹം[തിരുത്തുക]

കേരളത്തിലെ മിക്ക ക്ഷേത്രങ്ങളെയും പോലെ ഗുരുവായൂർ ക്ഷേത്രത്തിലും അവർണ്ണ സമുദായക്കാർക്ക് പ്രവേശനമുണ്ടായിരുന്നില്ല. ഈ അനാചാരത്തിനെതിരെ കെ. കേളപ്പൻ, എ. കെ. ജി., പി. കൃഷ്ണപിള്ള, സുബ്രഹ്മണ്യൻ തിരുമുമ്പ് എന്നിവരുടെ നേതൃത്വത്തിൽ നടത്തപ്പെട്ട സമരമായിരുന്നു ഗുരുവായൂർ സത്യാഗ്രഹം. എ. കെ. ജി.യായിരുന്നു സത്യഗ്രഹ വോളന്റിയർമാരുടെ നേതാവ്. സമരത്തെ പ്രതിരോധിക്കാൻ ക്ഷേത്രാധികാരികൾ അമ്പലത്തിന് ചുറ്റും മുള്ളുവേലി കെട്ടുകയും സത്യഗ്രഹികളെ അടിച്ചുകൊല്ലുമെന്ന് യാഥാസ്ഥിതികർ ഭീഷണി മുഴക്കുകയും ചെയ്തു. ഒരു സംഘം വോളന്റിയർമാർ കണ്ണൂരിൽ നിന്ന് കാൽനടയായി ഗുരുവായൂരേക്ക് മാർച്ച് ചെയ്തു.[5]. കെ. കേളപ്പൻ പന്ത്രണ്ടു് ദിവസത്തെ നിരാഹാരം കിടന്നു. നവംബർ ഏഴിന് സുബ്രഹ്മണ്യൻ തിരുമുമ്പ് അറസ്റ്റിലായി. ജനുവരി നാലിന് എ. കെ. ജി.യെയും അറസ്റ്റ് ചെയ്തു. ഗാന്ധിജി ഇടപെട്ടതിന് ശേഷം സത്യഗ്രഹം അവസാനിപ്പിക്കുകയും പിന്നീട് പൊന്നാനി താലൂക്കിൽ ക്ഷേത്രം അവർണർക്ക് തുറന്നുകൊടുക്കേണ്ട കാര്യത്തിൽ ഹിന്ദുക്കൾക്കിടയിൽ വോട്ടെടുപ്പ് നടത്തുകയും ചെയ്തു. 1947 ജൂൺ 12ന് മദിരാശി സർക്കാരിന്റെ ക്ഷേത്രപ്രവേശന ഉടമ്പടിക്ക് ശേഷം ഗുരുവായൂർ ക്ഷേത്രത്തിൽ എല്ലാ വിഭാഗം ജനങ്ങൾക്കും പ്രവേശനം ലഭിച്ചു.

എല്ലാ വിശ്വാസികൾക്കും ക്ഷേത്രത്തിൽ പ്രവേശിക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് 2007ൽ ഡി.വൈ.എഫ്.ഐ.യുടെ നേതൃത്വത്തിൽ രണ്ടാം ഗുരുവായൂർ സത്യഗ്രഹം നടത്തി.[6]

തീപിടിത്തം[തിരുത്തുക]

1970 നവംബർ 30-നു ക്ഷേത്ര സമുച്ചയത്തിൽ ഒരു തീപിടിത്തം ഉണ്ടായി. പടിഞ്ഞാറേ ചുറ്റമ്പലത്തിൽ നിന്ന് തുടങ്ങിയ തീ അഞ്ചുമണിക്കൂറോളം ആളിക്കത്തി. ശ്രീകോവിൽ ഒഴിച്ച് മറ്റെല്ലാം ഈ തീയിൽ ദഹിച്ചു. വിഗ്രഹവും ഗണപതി, ശാസ്താവ്, ഭഗവതി എന്നിവരുടെ കോവിലുകളും കൊടിമരവും മാത്രം അത്ഭുതകരമായി തീയിൽ നിന്ന് രക്ഷപ്പെട്ടു. എന്നാൽ വിഗ്രഹം ഇപ്പോൾ അംഗഭംഗം സംഭവിച്ച നിലയിലാണ്. കിഴക്കോട്ട് ദർശനമായ പ്രതിഷ്ഠയായതിനാൽ രാവിലെ വരുന്നവർക്ക് അവ വ്യക്തമായി കാണാം.

ഏകാദശിവിളക്ക് സമയത്തായിരുന്നു ഈ തീപിടിത്തം നടന്നത്. ഈ ഉത്സവ സമയത്ത് വിളക്കുമാടത്തിലെ എല്ലാ വിളക്കുകളും ജ്വലിപ്പിച്ചിരുന്നു. ശീവേലി പ്രദക്ഷിണത്തിനു ശേഷം ഉത്സവ പരിപാടികൾ കഴിഞ്ഞ് ഗോപുരത്തിന്റെ എല്ലാ നടകളും അടച്ചുകഴിഞ്ഞിട്ടായിരുന്നു ഈ തീപിടിത്തം. പടിഞ്ഞാറേ ചുറ്റമ്പലത്തിനു സമീപം താമസിക്കുന്ന ആരോ ക്ഷേത്രത്തിനുള്ളിൽ തീ കണ്ട് മറ്റ് ആൾക്കാരെ വിളിച്ചുകൂട്ടുകയായിരുന്നു. ജാതി മത പ്രായ ഭേദമന്യേ ആയിരക്കണക്കിന് ആളുകൾ മണ്ണും വെള്ളവും ഉപയോഗിച്ച് ഈ തീ അണയ്ക്കാൻ പരിശ്രമിച്ചു. പൊന്നാനി, തൃശ്ശൂർ, ഫാക്ട് എന്നിവിടങ്ങളിലെ അഗ്നിശമന സേനാംഗങ്ങളും തീയണയ്ക്കാൻ പരിശ്രമിച്ചു. രാവിലെ 5.30-ഓടു കൂടി തീ പൂർണ്ണമായും അണഞ്ഞു.

അനിയന്ത്രിതമായ തീ കണ്ട് അധികാരികൾ വിലപിടിപ്പുള്ളതെല്ലാം ശ്രീകോവിലിനുള്ളിൽ നിന്നു മാറ്റിയിരുന്നു. ഗണപതി മൂർത്തി, ശാസ്താവിന്റെ മൂർത്തി, ഗുരുവായൂരപ്പന്റെ പ്രധാന മൂർത്തി എന്നിവ ചുറ്റമ്പലത്തിലേക്കും പിന്നീട് കൂടുതൽ സുരക്ഷിതമായ ഇടം എന്ന നിലയ്ക്ക് തന്ത്രിയുടെ ഗൃഹത്തിലേക്കും മാറ്റി. ചുറ്റമ്പലവും പടിഞ്ഞാറേ വിളക്കുമാടവും തെക്ക്, വടക്കു വശങ്ങളും മുഴുവനായി അഗ്നിക്കിരയായി. ശ്രീകോവിലിൽ നിന്നും 3 വാര മാത്രം അകലത്തായിരുന്നു ചുറ്റമ്പലം എങ്കിലും ശ്രീകോവിലിൽ മാത്രം തീ സ്പർശിച്ചില്ല.

പുനരുദ്ധാരണം[തിരുത്തുക]

കേരള സർക്കാർ തീപ്പിടുത്തത്തെ കുറിച്ച് അന്വേഷിക്കാൻ കമ്മിഷനെ നിയോഗിച്ചു. അന്വേഷണത്തിൽ ക്ഷേത്രഭരണത്തിൽ വളരെയധികം ക്രമകേടുകൾ നടക്കുന്നതായി കണ്ടെത്തി. അതിനുശേഷം കേരളസർക്കാർ ക്ഷേത്ര ഭരണം ഏറ്റെടുക്കാൻ ഉത്തരവു പുറപ്പെടുവിച്ചു. 1977 ൽ ഗുരുവായൂർ ദേവസ്വം നിയമം നിലവിൽ വന്നു.

തീപിടിത്തത്തിനു ശേഷം വൻ തോതിലുള്ള പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടന്നു. പൊതുജനങ്ങളുടെ‍ നിർലോഭമായ സഹകരണം മൂലം Rs. 26, 69,000/- പിരിച്ചെടുക്കാൻ സാധിച്ചു. കേരളത്തിലെ പ്രശസ്തരായ ജ്യോത്സ്യരെ സമ്മേളിപ്പിച്ച് ക്ഷേത്രാധികാരികൾ ഭഗവാന്റെ ഇംഗിതം എന്താണെന്ന് ആരാഞ്ഞു. വടക്ക്, കിഴക്ക് വാതിലുകൾക്ക് വീതികൂട്ടുവാനുള്ള ആശയം ഒഴിച്ച് ഈ യോഗം തീരുമാനിച്ച മറ്റെല്ലാ നിർദ്ദേശങ്ങളും അംഗീകരിച്ചു. പുനരുദ്ധാരണത്തിനുള്ള തറക്കല്ല് ജഗദ്ഗുരു കാഞ്ചി കാമകോടി മഠാതിപതി ജയേന്ദ്ര സരസ്വതി സ്വാമികൾ ആണ് സ്ഥാപിച്ചത്. രണ്ട് വാതിൽമാടങ്ങളിലെ പത്ത് ഉരുണ്ട തൂണുകൾ മനോഹരമായി കൊത്തുപണി ചെയ്തു. ഇവിടെ ഇരുന്നായിരുന്നു മേൽപ്പത്തൂർ നാരായണ ഭട്ടതിരി നാരായണീയം എഴുതിയത്. തീപിടുത്തത്തിനു ശേഷം വിളക്കുമാടത്തിൽ ആദ്യമായി തിരിതെളിച്ചത് 1973 ഏപ്രിൽ 14-നു (വിഷു ദിവസം) ആയിരുന്നു.


ക്ഷേത്ര വാസ്തുവിദ്യ[തിരുത്തുക]

തനതായ കേരളീയ വാസ്തുവിദ്യാ ശൈലിയിലാണ് ഗുരുവായൂർ ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. ദേവശില്പിയായ വിശ്വകർമ്മാവ് ആണ് ഇവിടെ ആദ്യത്തെ ക്ഷേത്രം നിർമ്മിച്ചത് എന്നു വിശ്വസിക്കപ്പെടുന്നു. വിഷുദിവസത്തിൽ സൂര്യന്റെ ആദ്യ കിരണങ്ങൾ ഗുരുവായൂരിലെ വിഷ്ണുവിന്റെ കാൽക്കൽ വീഴുന്ന വിധത്തിലാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത് (കിഴക്കോട്ട് ദർശനം). ഇങ്ങനെ സൂര്യൻ വിഷു ദിവസത്തിൽ ആദ്യമായി വിഷ്ണുവിന് വന്ദനം അർപ്പിക്കുന്നു.

ക്ഷേത്രത്തിന് കിഴക്കുവശത്തും പടിഞ്ഞാറുവശത്തും ഓരോ കവാടങ്ങളുണ്ട്. ഭഗവദ്ദർശനവശമായ കിഴക്കുവശത്തുള്ളതാണ് പ്രധാനം. തിരക്കില്ലാത്തപ്പോൾ അവിടെനിന്നുനോക്കിയാൽത്തന്നെ ഭഗവദ്വിഗ്രഹം കാണാൻ സാധിക്കും.

ഗരുഡൻ
എ കെ ജി കവാടം

ശ്രീകോവിൽ[തിരുത്തുക]

ശ്രീകോവിൽ രണ്ടു തട്ടുകളായി സ്വർണ്ണം പൂശിയ ചെമ്പോലകൾ കൊണ്ടു മേഞ്ഞതാണ്. മൂലവിഗ്രഹം പാതാളാഞ്ജന ശിലകൊണ്ടുള്ളതാണ്. കൂടാതെ വെള്ളികൊണ്ടും സ്വർണ്ണംകൊണ്ടുള്ള രണ്ടു വിഗ്രഹങ്ങൾ കൂടിയുണ്ട്. വെള്ളികൊണ്ടുള്ളതും പഴയതുമയ വിഗ്രഹമാണ് ശീവേലികൾക്കും പ്രദക്ഷിണത്തിനും ഉപയോഗിക്കുന്നത്. വിശേഷാവസരങ്ങളിൽ മാത്രം സ്വർണ്ണവിഗ്രഹം എഴുന്നെള്ളിയ്ക്കും. [1]

ശ്രീകോവിലിന്റെ പുതിയ വാതിലുകൾ സ്വർണ്ണത്തിൽ പൊതിഞ്ഞ ബാറുകൾകൊണ്ട് ബലപ്പെടുത്തിയതാണ്. വാതിലിൽ വെള്ളികൊണ്ടുണ്ടാക്കി സ്വർണ്ണം പൊതിഞ്ഞ 101 മണികളുണ്ട്. ശ്രീകോവിലിന്റെ പടികളായ സോപാനം കല്ലുകൾ കൊണ്ടുണ്ടാക്കിയതാണ്.[1]

നാലമ്പലം[തിരുത്തുക]

ഗുരുവായൂർ ക്ഷേത്രത്തിലെ വിവിധ ഭഗങ്ങൾ

അങ്കണം[തിരുത്തുക]

ശ്രീകോവിലിനു ചുറ്റുമുള്ള മുറ്റവും നടവഴിയും വാതിൽമാടങ്ങളും ചേർന്നതാണ്.

വാതിൽമാടം[തിരുത്തുക]

കിഴക്കുവശത്തുകൂടി അങ്കണത്തിലേക്ക് കടക്കുമ്പോൾ ഇരുവശത്തുമുള്ള ഉയർന്ന പ്ലാറ്റ്ഫോമുകളാണ് വതിൽമാടം. തെക്കേ വാതിമാടത്തിന്റെ കിഴക്കേ തൂണിൽ ചരിയിരുന്നാണ് മേൽപ്പത്തൂർ നാരായണീയം രചിച്ചതെന്ന് വിശ്വസിക്കുന്നു. പണ്ട് വടക്കേ വാതിൽമാടം പരദേശി ബ്രാഹ്മണന്മാർക്കുള്ളതായിരുന്നു.

നമസ്കാരമണ്ഡപം[തിരുത്തുക]

നാലമ്പല/ചുറ്റമ്പലത്തിനു നടുവിൽ ശ്രീകോവിലിനു മുന്നിൽ നാലു കരിങ്കൽ തൂണുകളോടു കൂടിയതാണ്.

നാലമ്പലം[തിരുത്തുക]

അങ്കണത്തിനു ചുറ്റും മേൽക്കൂരയോടുകൂറ്റിയതാണ് നാലമ്പലം.

തിടപ്പള്ളി[തിരുത്തുക]

ഭഗവനുള്ള നിവെദ്യം തയ്യാറാക്കുന്ന മുറിയാണ്.

പടക്കളം[തിരുത്തുക]

ഭഗവാനു നിവേദിച്ച പടച്ചോറ് വിതരണം ചെയ്യുന്നതിവിടെയാണ്.

തുറക്കാ അറ[തിരുത്തുക]

തറയ്ക്കടിയിൽ ഒരിക്കലും തുറക്കാത്ത അറയാണിത്.

സരസ്വതി അറ[തിരുത്തുക]

നവരാത്രികലത്ത് ഓലകൾ വച്ചിരുന്ന സ്ഥലമാണ്. സ്ഥലക്കുറവുകാരണം ഇപ്പോഴത് കൂത്തമ്പലത്തിലേക്ക് മാറ്റി.

നൃത്തപുര[തിരുത്തുക]

ചോറ്ററയുടെ വടക്കുഭാഗത്താണ്. ഇവിടെ വച്ചാണ് വില്വമംഗലത്തിന് ശ്രീകൃഷ്ണന്റെ നൃത്തം ദർശിക്കാനായത്.

മുളയറ[തിരുത്തുക]

ഇവിടെയാണ് ഉൽസവകാലത്ത് മണ്ണുനിറച്ച് വിവിധ ഇനം വിത്തുകൾ വിതച്ച കുടങ്ങൾ വയ്ക്കുന്നത്.

കോയ്മ അറ[തിരുത്തുക]

പഴയ ഭരണസംവിധനത്തിൽ പൂജകളുടെ മേൽനോട്ടം വഹിച്ചിരുന്ന കോയ്മകളുടെ മുറി.

പുണ്യ കിണർ[തിരുത്തുക]

ശീകോവിലിനകത്തെ പൂജയ്ക്കും അഭിഷേകത്തിനും വെള്ളം എടുക്കാനുള്ള കിണറാണിത്.

നടപ്പുര[തിരുത്തുക]

ബഹ്യാങ്കണം[തിരുത്തുക]

ശീവേലി നടക്കുന്നതിവിടെയാണ്.കോൺക്രീറ്റ് മേൽക്കൂരയ്ക്ക് ശങ്കരാചാര്യരുടെ വീഴ്ച ഓർമ്മിക്കുന്നതിന്, ആചാര്യവന്ദനത്തിന് ഒരു ഭാഗം ഒഴിച്ചിട്ടിട്ടുണ്ട്.

ഗോപുരങ്ങൾ[തിരുത്തുക]

കിഴക്കും പടിഞ്ഞാറും പ്രവേശന വഴികളിൽ പതിനാറാം നൂറ്റാണ്ടിലെ അപൂർവങ്ങളായ ചുമർചിത്രങ്ങളുള്ള രണ്ടുനില ഗോപുരങ്ങളുണ്ട്. 1970ലെ തീപിടുത്തത്തിൽ നശിച്ച് ചില ചിത്രങ്ങൾ പുനഃനിർമിച്ചിട്ടുണ്ട്. മറ്റു ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമായ ശൈലിയിലും വിഷയത്തിലുമുള്ള ചുമർചിത്രങ്ങളാണിവിടെ.

വിളക്കുമാടം[തിരുത്തുക]

നാലമ്പലത്തിനു ചുറ്റും ചുമരിലുറപ്പിച്ചിട്ടുള്ള മരച്ചള്ളകളിൽ ഉറപ്പിച്ചിട്ടുള്ള 8000 പിച്ചള വിളക്കുകളുള്ളതാണ് വിളക്കുമാടം.

നടപ്പുര[തിരുത്തുക]

കിഴക്കേഗോപുരം മുതൽ ബലിക്കല്പ്പുരവരെയുള്ള ഭാഗത്ത് മേൽക്കൂറയുള്ള ഭാഗമാണിത്. നടപ്പുരയുടെ വടക്കുഭഗത്തുള്ള ഉയരംകൂടിയ ഭാഗമാണ് ആനപ്പന്തൽ.

ധ്വജസ്തംഭം (കൊടിമരം)[തിരുത്തുക]

കിഴക്കേ ബാഹ്യാങ്കണത്തിൽ നിൽക്കുന്ന ധ്വജസ്തംഭം അഥവാ കൊടിമരം 600അടി ഉയരമുള്ളതും സ്വർണ്ണം പൊതിഞ്ഞതുമാണ്. ഉത്സവത്തിന് ഇതിൽ കയറ്റുന്ന കൊടി ആറാട്ടു ദിവസം വരെ ഉണ്ടായിരിക്കും. മറ്റുക്ഷേത്രങ്ങളിൽനിന്നും വ്യത്യസ്തമായി നടപ്പുരയ്ക്കകത്തുതന്നെയാണ് കൊടിമരം സ്ഥിതിചെയ്യുന്നത്.

വലിയ മണി[തിരുത്തുക]

ബാഹ്യാങ്കണത്തിൽ വടക്കുകിഴക്കേ മൂലയിലുല്ലതാണ് വലിയ മണി. ഇത് സമയം അറിയിക്കാൻ മുഴക്കുന്നതാണ്.

കൂത്തമ്പലം[തിരുത്തുക]

ചാക്യാർകൂത്ത് ഇവിടെ നടത്തുന്നു. അതിലെ തൂണുകളും മേൽക്കൂരയും കൊത്തുപണികളും ചിത്രപ്പണികളും ഉള്ളവയാണ്.

ദീപസ്തംഭം[തിരുത്തുക]

ക്ഷേത്രത്തിനകത്ത് നാല് ദീപസ്തംഭങ്ങളുണ്ട്. ക്ഷേത്രത്തിനു മുന്നിലുള്ള കൂറ്റൻ ദീപസ്തംഭത്തിന് 24 അടി ഉയരം ഉണ്ട്. പാദം അടക്കം 13 തട്ടുകളുമുണ്ട്.

രുദ്രതീർഥം[തിരുത്തുക]

ഊട്ടുപുരയ്ക്ക് പുറകിലുള്ള കുളമാണ്. ഇവിടെയാണ് ആറാട്ട് നടക്കാറുള്ളത്. ഗുരുവും വായുവും കൂടി കൊണ്ടുവന്ന വിഗ്രഹം ശിവൻ പ്രതിഷ്ഠയ്ക്കുന്നതിനുമുമ്പ് ആറാട്ടു നടത്തിയത് രുദ്രതീർഥത്തിലാണ്.

ഉപദേവതമാർ[തിരുത്തുക]

ഗണപതി - നാലമ്പലത്തിനകത്ത് തെക്കുപടിഞ്ഞാറേ മൂലയിലാണ് ഗണപതി പ്രതിഷ്ഠ. ഏകദേശം ഒരടി മാത്രമേ ഉയരമുള്ളൂ. കിഴക്കോട്ടാണ് ദർശനം. മുമ്പ് ഇവിടെ പ്രദക്ഷിണം വെയ്ക്കാൻ സൗകര്യമുണ്ടായിരുന്നില്ല. തീപിടുത്തത്തിനുശേഷം പുതുക്കി പണിതപ്പോൾ ഇവിടെ പ്രദക്ഷിണത്തിന് സൗകര്യമുണ്ടാക്കിയിട്ടുണ്ട്.[7]

ശാസ്താവ് - നാലമ്പലത്തിനു പുറത്ത്, പ്രദക്ഷിണവഴിയിൽ തെക്കുകിഴക്കേ മൂലയിലാണ് ശാസ്താപ്രതിഷ്ഠ. പടിഞ്ഞാട്ടാണ് ദർശനം. നാലമ്പലത്തിനു പുറത്തുള്ള ഏക ഉപദേവനും ഇതാണ്. ഒരു മീറ്റർ ഉയരത്തിൽ കറുത്ത കരിങ്കല്ലിൽ ഉണ്ടാക്കിയതാണ് പ്രതിഷ്ഠ. ശ്രീകോവിലിനു മുന്നിൽ നാളികേരം എറിഞ്ഞുടക്കുന്നതിന് ചെരിച്ചുവച്ച കരിങ്കല്ലും ചെറിയ ദീപസ്തംഭവുമുണ്ട്.[7]

ഇടത്തരികത്തു ദേവി - ഗുരുവായൂർ ക്ഷേത്രത്തിനു പുറത്തായാണ് ഈ പ്രതിഷ്ഠയെ കാണുന്നത്. വനദുർഗ്ഗയാണ് പ്രത്ഷ്ഠയെന്നാണ് വിശ്വാസം. അതിനാൽ ശ്രീകോവിലിന് മേൽക്കൂരയില്ല.[7] അഴൽ ആണ് പ്രധാന വഴിപാട്. ഇവിടെ സ്ഥിരം വെളിച്ചപ്പാടുണ്ട്. ധനുമാസത്തിൽ ഇവിടെ രണ്ടു തലപ്പൊലി ആഘോഷമായുണ്ട്. ഒന്ന് സ്ഥലത്തെ കുട്ടികളുടെ വകയാണ്; മറ്റേത് ദേവസ്വം വകയും. [1]

കാര്യാലയ ഗണപതി - കിഴക്കേ നടയിൽ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിനു പിന്നിൽ പഴയ ദേവസ്വം ഓഫീസിന്റെ പരിസരത്താണ് ഈ പ്രതിഷ്ഠ.ഈ ശ്രീകോവിലിനും മേൽക്കൂരയില്ല. മറ്റുള്ള ഗണപതി വിഗ്രഹങ്ങളിൽ നിന്ന് വ്യത്യസ്തമായി തുമ്പിക്കൈ ഇടതുഭാഗത്തേക്കാണ്.[7]

കൂടാതെ ഭഗവതിക്ഷേത്രത്തിനു സമീപം ഒരു സ്ഥലത്ത് മമ്മിയൂർ ക്ഷേത്രദർശനം നടത്താൻ കഴിയാത്തവർ ആ ദേവാലയത്തിന്റെ ദിശയിലേക്കുനോക്കി പാർവതീപരമേശ്വരന്മാരെ വന്ദിക്കാറുണ്ട്. മാത്രവുമല്ല, നാലമ്പലത്തിനകത്തുതന്നെ പടിഞ്ഞാറേനടയിൽ അനന്തപദ്മനാഭസ്വാമിയുടെയും, പടിഞ്ഞാറുഭാഗത്ത് ചില കരിങ്കൽത്തൂണുകളിൽ വിഷ്ണുഭഗവാന്റെ ദശാവതാരങ്ങളുടെയും സാന്നിദ്ധ്യങ്ങളുണ്ട്. വടക്കുപടിഞ്ഞാറുഭാഗത്ത് മറ്റൊരു കരിങ്കൽത്തൂണിൽ സുബ്രഹ്മണ്യൻ, വടക്കേനടയിൽ മറ്റൊരു കരിങ്കൽത്തൂണിൽ ഹനുമാൻ എന്നിവരുടെയും സാന്നിദ്ധ്യമുണ്ട്.

ക്ഷേത്രത്തിലെ നിത്യനിദാനം[തിരുത്തുക]

ഗുരുവായൂരിൽ നിത്യേന അഞ്ചു പൂജകളും മൂന്നു ശീവേലികളുമുണ്ട്.

പള്ളിയുണർത്ത്[തിരുത്തുക]

ക്ഷേത്രത്തിന്റെ ശ്രീകോവിൽനട തുറക്കുന്നത് പുലർച്ചെ മൂന്ന് മണിക്കാണ്. ആ സമയത്ത് മേൽപ്പത്തൂർ നാരായണ ഭട്ടതിരിപ്പാട് രചിച്ച നാരായണീയവും എഴുത്തച്ഛൻ രചിച്ച ഹരിനാമകീർത്തവും പൂന്താനം നമ്പൂതിരി രചിച്ച ജ്ഞാനപ്പാനയും ശംഖനാദവും തകിലും നാദസ്വരവും കൊണ്ട് ഭഗവാൻ പള്ളിയുണർത്തപ്പെടുന്നു.

നിർമാല്യ ദർശനം[തിരുത്തുക]

തലേന്നു ചാർത്തിയ അലങ്കാരങ്ങളോടെ വിരാജിക്കുന്ന ഭഗവത് വിഗ്രഹം ദർശിച്ച് ഭക്തജനങ്ങൾ നിർവൃതി നേടുന്നു. ഈ ദർശനത്തിനെ നിർമാല്യ ദർശനം എന്ന് പറയുന്നു. പുലർച്ചെ 3.00 മുതൽ 3.20 വരെയാണ് നിർമ്മല്യ ദർശനം.[1]

തൈലാഭിഷേകം[തിരുത്തുക]

തലേ ദിവസത്തെ മാല്യങ്ങൾ മാറ്റിയ ശേഷം[8] ബിംബത്തിൽ എള്ളെണ്ണകൊണ്ട് അഭിഷേകം നടത്തുന്നു.ആടിയ ഈ എണ്ണ ഭക്തർക്ക് പ്രസാദമായി നൽകുന്നു.[8]

വാകച്ചാർത്ത്[തിരുത്തുക]

തുടർന്ന് എണ്ണയുടെ അംശം മുഴുവനും തുടച്ചുമാറ്റിയ ശേഷം ബിംബത്തിന്മേൽ നെന്മേനി വാകയുടെ പൊടി തൂവുന്നു. ഇതാണ് പ്രശസ്തമായ വാകച്ചാർത്ത്. വാകച്ചാർത്തിനു ശേഷം ശംഖാഭിഷേകം നടത്തുന്നു. മന്ത്രപൂതമായ തീർത്ഥം ശംഖിൽ നിറച്ച് അഭിഷേകം നടത്തുന്നു. ഇതാണ് ശംഖാഭിഷേകം. പിന്നീട് സുവർണ്ണ കലശത്തിലെ ജലാഭിഷേകത്തോടെ അഭിഷേകചടങ്ങുകൾ സമാപിക്കുന്നു. ഭഗവാന്റെ പള്ളിനീരാട്ടാണ് ഇത്. പിന്നെ മലർ നിവേദ്യമായി. മലർ,ശർക്കര,കദളിപ്പഴം എന്നിവയാണ് അപ്പോഴത്തെ നൈവേദ്യങ്ങൾ. രാവിലെ 3:20 തൊട്ട് 3:30 വരെയാണിത്.[1]

മലർനിവേദ്യവും വിഗ്രഹാലങ്കാരവും[തിരുത്തുക]

അഭിഷേകത്തിനുശേഷം മലർ നിവേദ്യവും വിഗ്രഹാലങ്കാരവുമാണ്. ഇതിന് നട അടച്ചിരിയ്ക്കും. ഈ സമയത്ത് ദർശനം ഇല്ലെങ്കിലും നാലമ്പലത്തിനകത്ത് നിൽക്കാൻ ഭകതന് അനുവാദമുണ്ട്.[9]

ഉഷ:പൂജ[തിരുത്തുക]

മലർനിവേദ്യത്തെ തുടർന്ന് ഉഷ:പൂജയായി. ഇതിനു അടച്ചു പൂജയുണ്ട്.ധാരാളം ശർക്കര ചേർത്ത നെയ്പ്പായസം, വെണ്ണ, കദളിപ്പഴം, പഞ്ചസാര, വെള്ളനിവേദ്യം എന്നിവയാണ് ഉഷ:പൂജയുടെ നിവേദ്യങ്ങൾ .4.15 മുതൽ 4.30 വരെയാണ് ഉഷഃപൂജ. അതിനു ശേഷം 5.45 വരെ ദർശന സമയമാണ്.

ഇതോടെ ആദ്യ പൂജ അവസാനിക്കുന്നു.[8]

എതിർത്ത് പൂജ[തിരുത്തുക]

ഈ സമയമാകുമ്പോഴേക്കും സൂര്യോദയമാകും. ഈ പൂജയ്ക്കാണ് "എതിർത്ത് പൂജ" അഥവാ “എതിരേറ്റ് പൂജ” എന്ന് പറയുന്നത്. ബാലഭാസ്കരനഭിമുഖമായി വിരാജിക്കുന്ന ഭഗവത്ബിംബത്തിന്മേൽ നിർവഹിക്കുന്ന പൂജയായതിനാലാണ് ഈ പൂജയ്ക്ക് എതിർത്ത് പൂജ എന്ന പേർ സിദ്ധിച്ചത്. ഈ പൂജയുടെ സമയത്ത് തിടപ്പള്ളിയിൽ ഗണപതിഹോമം നിർവഹിക്കപ്പെടുന്നു. ഗണപതിഹോമത്തിലെ അഗ്നികുണ്ഡത്തിൽ നിന്നുമെടുത്ത അഗ്നി കൊണ്ടായിരുന്നുവത്രെ പണ്ട് തിടപ്പള്ളിയിൽ തീ പിടിപ്പിച്ചിരുന്നത്.

ഈ സമയത്തു തന്നെ ക്ഷേത്രത്തിലെ ഉപദേവന്മാർക്കും കീഴ്ശാന്തിമാർ പൂജ നടത്തുന്നു. അകത്ത് കന്നിമൂലയിൽ (തെക്കുപടിഞ്ഞാറേമൂല]] ഗണപതി, പുറത്ത് തെക്കുഭാഗത്തെ പ്രദക്ഷിണവഴിയിൽ അയ്യപ്പൻ, വടക്കുകിഴക്കുഭാഗത്ത് ഇടത്തരികത്തുകാവിൽ വനദുർഗ്ഗാഭഗവതി എന്നിവരാണ് ഉപദേവതകൾ. ഗണപതിക്കും അയ്യപ്പനും വെള്ളനിവേദ്യമാണ്. കദളിപ്പഴം, പഞ്ചസാര, ത്രിമധുരം എന്നിവ സാമാന്യമായി എല്ലാ ഉപദേവന്മാർക്കും നിവേദിക്കപ്പെടുന്നു. രാവിലെ 7 മണി വരെയാണിത്.[1] അതിനു ശേഷം 20 മിനിട്ട് നേരം ദർശന സമയമായതിനാൽ പൂജകളില്ല. [8]

കാലത്തെ ശീവേലി[തിരുത്തുക]

തന്റെ ഭൂതഗണങ്ങൾക്ക് നിവേദ്യം നൽകുന്നത് ഭഗവാൻ നേരിൽ കാണുകയാണ് ശീവേലിയുടെ ആന്തരാർത്ഥം. അവർക്ക് നൽകുന്ന ബലിയാണ് ശ്രീബലി-ശീവേലി. ദ്വാരപാലകരും ഭൂതഗണങ്ങളും ഈ സമയത്ത് തങ്ങൾക്കുള്ള നിവേദ്യം സ്വീകരിക്കുന്നു എന്നാണ് വിശ്വാസം. ജലഗന്ധ പുഷ്പാദികളായി മേൽശാന്തിയും ഹവിസ്സിന്റെ പാലികയിൽ നിവേദ്യവുമായി കീഴ്ശാന്തിയും നടക്കുന്നു. ഭൂതഗണങ്ങളെ പ്രതിനീധീകരിക്കുന്ന ബലിക്കല്ലുകളിന്മേലാണ് ബലി തൂവുക. ക്ഷേത്രത്തിന്റെ നാലമ്പലത്തിനു വെളിയിൽ എത്തുമ്പോൾ ഭഗവാന്റെ തിടമ്പുമായി കീഴ്ശാന്തി ആനപ്പുറത്ത് കയറുന്നു. തിടമ്പു പിടിയ്ക്കുന്ന മേൽശാന്തിയെ ശാന്തി ഏറ്റ നമ്പൂതിരി എന്നാണ് പറയുന്നത്. [9]മുമ്പിൽ 12 കുത്തുവിളക്കുകളും വാദ്യഘോഷങ്ങളുടെ അകമ്പടിയുമായി ശ്രീബലിയുടെ മേൽനോട്ടം വഹിച്ചുകൊണ്ട് ഭഗവാൻ പ്രദക്ഷിണമായി നീങ്ങുന്നു. മൂന്ന് പ്രദക്ഷിണശേഷം ഉത്സവവിഗ്രഹവുമായി കീഴ്ശാന്തി ശ്രീലകത്തേക്ക് പോകുന്നു.

ശീവേലി, പാലഭിഷേകം, നവകാഭിഷേകം, പന്തീരടി നിവേദ്യം എന്നിവ 7.15 തൊട്ട് 9.00 വരെയാണ്.[1]

നവകാഭിഷേകം[തിരുത്തുക]

ശീവേലിക്ക് ശേഷം രുദ്രതീർത്ഥത്തിൽ നിന്നും എടുക്കുന്ന ജലം കൊണ്ട് അഭിഷേകം നടത്തുന്നു. ഇളനീരും പശുവിൻപാലും പനിനീരും കൊണ്ടും വിഗ്രഹത്തിന്മേൽ അഭിഷേകം ചെയ്യുന്നുണ്ട്. തുടർന്ന് ഒൻപത് വെള്ളിക്കലശങ്ങളിൽ തീർത്ഥജലം നിറച്ച് മന്ത്രപൂർവ്വം അഭിഷേകം ചെയ്യുന്നതിനെയാണ് “നവകാഭിഷേകം” എന്ന് പറയുന്നത്. ഈ പൂജ നടത്തുന്നത് ഓതിക്കന്മാരാണ്.[9] തുടർന്ന് ബാലഗോപാല രൂപത്തിൽ കളഭം ചാർത്തുന്നു.[8]

പന്തീരടി പൂജ[തിരുത്തുക]

നിഴലിനു പന്ത്രണ്ട് നീളം ഉണ്ടാകുന്ന സമയമാണ് പന്തീരടി. ഉദ്ദേശം കാലത്ത് 8 മണിക്കും 9 മണിക്കും ഇടയ്ക്കായിരിക്കും ഇത്. ഈ സമയത്ത് നിർവഹിക്കപ്പെടുന്ന പൂജയായതിനാലാണ് ഇതിനെ “പന്തീരടി പൂജ” എന്ന് വിശേഷിപ്പിക്കുന്നത്. മേൽശാന്തി ഈ സമയത്ത് വിശ്രമത്തിന് പോകുന്നതു കൊണ്ട് തന്ത്രിയോ ഓതിക്കനോ ആണ് ഈ പൂജ ചെയ്യുന്നത്. 8.10 മുതൽ 9.10 വരെ ദർശനമുണ്ടായിരിക്കും. [9]

ഉച്ചപൂജ[തിരുത്തുക]

ഇത് നടയടച്ചുള്ള പൂജയാണ്. ദേവനും ഉപദേവതകൾക്കും നിവേദ്യം അർപ്പിക്കുന്ന പൂജയാണിത്. [8] സധാരണാ മേൽശാന്തിയാണ് ഈ പൂജ നടത്തുന്നത്. ഉദയാസ്തമന പൂജ, മണ്ഡലക്കാലം, ഉത്സവം എന്നീ അവസരങ്ങളിൽ ഓതിയ്ക്കന്മാരും കളാശം, പുത്തരി നിവേദ്യം എന്നീ ദിവസങ്ങളിൽ തന്ത്രിയും ഈ പൂജ ചെയ്യുന്നു. [9] ഇടയ്ക്കയുടെ അകമ്പടിയോടെ ഈ സമയത്ത് ‘അഷ്ടപദി’ ആലപിക്കുന്നു. ഇടിച്ചുപിഴിഞ്ഞപായസമാണ് നിവേദ്യം. ഉച്ചപൂജയ്ക്ക് ശേഷം ഒരു മണിയ്ക്ക് നട അടയ്ക്കുന്നു. ഉച്ചപൂജസമയത്ത് ദേവപ്രതിനിധി എന്ന സങ്കൽപ്പത്തിൽ ഒരു ബ്രാഹ്മണനെ ഊട്ടാറുണ്ട്[8]. 11.30 മുതൽ 12.30 വരെയാണ് ഉച്ചപൂജ.

നിവേദ്യത്തിന് വെള്ളി ഉരുളിയിൽ വെള്ളനിവേദ്യം. നാലുകറികൾ, കൂടാതെ പാൽപ്പായസം, പഴം, തൈര്, വെണ്ണ, പാൽ, ശർക്കര, നാളികേരം, കദളിപ്പഴം എന്നിവ വെള്ളി, സ്വർണ്ണം പാത്രങ്ങളിലായി ഉണ്ടാവും. ഇതിനു പുറമെ ഭകതരുടെ വഴിപാടായി പാൽപ്പായസം, തൃമധുരം, പാലടപ്രഥമൻ, ശർക്കരപ്പായസം, ഇരട്ടിപ്പായസം, വെള്ളനിവേദ്യം എന്നിവ വേറേയും. ഇതിനു ശേഷം നടയടച്ച് അലങ്കാരമാണ്. മേൾശാന്തി മൻസ്സിൽ തോന്നുന്ന പോലെ ഓറോ ദിവസവും വേറെ വേറെ രുപത്തിലും ഭാവത്തിലും ഭഗവാനെ അലങ്കരിക്കും. അതിനുശേഷം 12.30 ന് നടയടയ്ക്കും.

വൈകീട്ടത്തെ ശീവേലി[തിരുത്തുക]

വൈകുന്നേരം നാലര മണിക്ക് വീണ്ടും തുറക്കുന്നു. പിന്നീട് 4.45 വരെ ദർശനം. നട തുറന്ന് താമസിയാതെ ഉച്ച ശീവേലിയായി. ദേവന്റെ തിടമ്പ് ആനപ്പുറത്തേറ്റി മൂന്ന് പ്രദക്ഷിണം ഉള്ള ഇതിനെ കാഴ്ചയ്ക്ക് ഹൃദ്യമായതിനാൽ കാഴ്ച ശീവേലി എന്ന് വിശേഷിക്കപ്പെടുന്നു. പിന്നെ ദീപാരാധന വരെ ദർശനമുണ്ട്.

ദീപാരാധന[തിരുത്തുക]

നാലമ്പലത്തിനുള്ളിലും പുറത്തുമുള്ള ദീപങ്ങൾ തെളിയിക്കപ്പെടുന്നു. ദീപസ്തംഭങ്ങളും അടിമുടി ദീപാലംകൃതങ്ങളാകുന്നു. ദീപാരാധനയ്ക്ക് ഉപയോഗിക്കുന്ന വെള്ളിവിളക്കുകൾ കത്തിച്ചുകൊണ്ട് മേൽശാന്തി നട തുറക്കുന്നു. ദീപത്താലും കർപ്പൂരദീപത്താലും ഭഗവത് വിഗ്രഹത്തെ ഉഴിഞ്ഞുണ്ട് ദീപാരാധന നടത്തപ്പെടുന്നു. ആറു മണി മുതൽ ആറേ മുക്കാൽ വരെയാണിത്.[1] പിന്നെ 7.30 വരെ ദർശനമുണ്ട്. [9]

അത്താഴ പൂജ[തിരുത്തുക]

ദീപാരാധനയ്ക്ക് ശേഷം ഒരു മണിക്കൂർ കഴിഞ്ഞ് അത്താഴ പൂജ തുടങ്ങുകയായി. ഈ പൂജയ്ക്കുള്ള പ്രധാന നിവേദ്യങ്ങൾ ഉണ്ണിയപ്പം, ഇലയട, വെറ്റില, അടയ്ക്ക, പാലടപ്രഥമൻ, പാൽപ്പായസം എന്നിവയാണ്. 7.30 മുതൽ 7.45 വരെയാണ് അത്താഴപൂജ നിവേദ്യത്തിന്റെ സമയം. 7.45 മുതൽ 8.15 വരെ അത്താഴ പൂജയും[1]. അത്താഴ പൂജ കഴിഞ്ഞാൽ ഉത്സവ വിഗ്രഹവുമായി ‘രാത്രി ശീവേലി‘ക്ക് തുടക്കംകുറിക്കും. 8.45 മുതൽ 9.00 വരെയാണ് ശീവേലി. [1]

അത്താഴപൂജയ്ക്ക് വെള്ളനിവേദ്യം, അവിൽ കുഴച്ചത്, പാൽപ്പായസം എന്നിവയും അടച്ചുപൂജയ്ക്ക് വെറ്റില, അടയ്ക്ക, അട, അപ്പം, കദളിപ്പഴം എന്നിവയും നിവേദിയ്ക്കും. അത്താഴപൂജയ്ക്ക് അടയും അപ്പവും എത്രയുണ്ടെങ്കിലും ശ്രീകോവിലിൽ കൊണ്ടുപോകും എന്ന പ്രത്യേകതയുണ്ട്. [9]

രാത്രിശീവേലി[തിരുത്തുക]

അത്താഴപ്പുജ കഴിഞ്ഞാൽ രാത്രിശീവേലി തുടങ്ങുന്നു. മൂന്ന് പ്രദിക്ഷണമാണ്. രണ്ടാമത്തെ പ്രദിക്ഷണം ഇടയ്ക്ക കൊട്ടിയുള്ളതാണ്. ചുറ്റുവിളക്കുള്ള ദിവസം നാലമ്പലത്തിൽ പ്രവേശനമില്ല.[9]

=തൃപ്പുകയും ഓലവായനയും[തിരുത്തുക]

ശീവേലി കഴിഞ്ഞാൽ തൃപ്പുക എന്ന ചടങ്ങാണ്. ചന്ദനം, അഗരു, ഗുൽഗുലു തുടങ്ങിയ സുഗന്ധദ്രവ്യങ്ങൾ പൊടിച്ചുള്ള വെള്ളിപാത്രത്തിൽ വെച്ചിട്ടുള്ള നവഗന്ധ ചൂർണ്ണമാണ് തൃപ്പുകയ്ക്ക് ഉപയോഗിക്കുന്നത്. സൗരഭ്യം നിറഞ്ഞ ധൂമം ശ്രീകോവിലിനകത്തേക്ക് പ്രവേശിക്കുന്നു. തൃപ്പുക നടത്തുന്നത് അന്നത്തെ ശാന്തിയേറ്റ നമ്പൂതിരിയായിരിയ്ക്കും. തൃപ്പുക കഴിഞ്ഞാൽ അന്നത്തെ വരവുചെലവു കണക്കുകൾ പത്തുകാരൻ വാര്യർ ഓലയിൽ എഴുതി, വായിച്ചതിനു ശേഷം തൃപ്പടിമേൽ സമർപ്പിക്കുന്നു. 9.00 മുതൽ 9.15 വരെയാണിത്. ശാന്തിയേറ്റ നമ്പൂതിരി നട അടയ്ക്കുന്നു, മേൽശാന്തിയുടെ ഉത്തരവാദിതത്തിൽ താഴിട്ടുപൂട്ടുന്നു.

അങ്ങനെ ഗുരുവായൂർ ക്ഷേത്രത്തിലെ ഒരു ദിവസത്തെ പൂജകൾ സമാപിക്കുന്നു. നിർമ്മാല്യം മുതൽ തൃപ്പുക വരെയുള്ള ഈ ചടങ്ങുകൾക്ക് 12ദർശനങ്ങൾ എന്നു പറയുന്നു.

വിശേഷദിവസങ്ങളിൽ ഇതിന് മാറ്റം വരും, വിശേഷിച്ച് വിഷു, ഉത്സവം, ഗുരുവായൂർ ഏകാദശി, അഷ്ടമിരോഹിണി, തിരുവോണം തുടങ്ങിയ ദിവസങ്ങളിൽ. ഉദയാസ്തമനപൂജ നടക്കുന്ന ദിവസവും മാറ്റങ്ങൾ വരും. 18 പൂജകൾ നടക്കുന്നതിനാൽ അർദ്ധരാത്രി മാത്രമേ അന്ന് നടയടയ്ക്കൂ. വിളക്കുള്ള ദിവസം നടയടച്ചുകഴിഞ്ഞേ തൃപ്പുക നടത്താറുള്ളൂ. എന്നാൽ അവസാനം പറഞ്ഞ കാര്യം മാറ്റാൻ ചില തയ്യാറെടുപ്പുകൾ ദേവസ്വം നടത്തിവരുന്നുണ്ട്.

വഴിപാടുകൾ[തിരുത്തുക]

പാൽ പായസം, വെണ്ണ, അപ്പം, അട, പഴം, പഞ്ചസാര, ഉദയാസ്തമനപൂജ, ത്രിമധുരം, കളഭാഭിഷേകം, തുളസിമാല, ഉണ്ടമാല, തിരുമുടിമാല എന്നിവയാണ് ഗുരുവായൂരപ്പന്റെ പ്രധാന വഴിപാടുകൾ.

ഗണപതിഹോമം, അപ്പം, മോദകം എന്നിവ ഗണപതിക്കും നീരാഞ്ജനം, നെയ്യഭിഷേകം, അഷ്ടാഭിഷേകം എന്നിവ അയ്യപ്പനും.

അഴൽ, വെടി വഴിപാട്, മഞ്ഞൾ - കുങ്കുമം പ്രസാദം, ഗുരുതി എന്നിവ ഭഗവതിക്കും.

പ്രത്യേക വഴിപാടുകൾ[തിരുത്തുക]

ഉദയാസ്തമന പൂജ[തിരുത്തുക]

കേരളത്തിലെ മിക്ക മഹാക്ഷേത്രങ്ങളിലും നിലവിലുള്ള ഒരു വഴിപാടാണിത്. എന്നാൽ ഗുരുവായൂരിലെ ഉദയാസ്തമനപൂജയ്ക്ക് ധാരാളം പ്രത്യേകതകളുണ്ട്. കേരളത്തിൽ ഏറ്റവും കൂടുതൽ ഉദയാസ്തമനപൂജവഴിപാട് നടത്തുന്നത് ഗുരുവായൂരിലാണ്. അതിനാൽ പല അവസരത്തിലും ബുക്കിങ്ങ് ഇല്ലാതെ വന്നിട്ടുണ്ട്. 5,000 രൂപയിൽ കുറയാതെ തുക വരും. 18 പൂജകളാണ് ഉദയാസ്തമനപൂജ നടക്കുന്ന ദിവസം ഗുരുവായൂരിലുണ്ടാകാറുള്ളത്. ഉദയാസ്തമനപൂജദിവസം നടയടയ്ക്കുമ്പോൾ രാത്രി ഏകദേശം 11 മണിയാകും.

കൃഷ്ണനാട്ടം[തിരുത്തുക]

കൃഷ്ണനാട്ടം
പ്രധാന ലേഖനം: കൃഷ്ണനാട്ടം

ശ്രീകൃഷ്ണൻറെ അവതാരം മുതൽ സ്വർഗ്ഗാരോഹണം വരെയുള്ള ലീലകൾ എട്ടു കഥകളായി കൃഷ്ണനാട്ടത്തിൽ അവതരിപ്പിക്കുന്നു. അവതാരം, കാളീയമർദ്ദനം, രാസക്രീഡ, കംസവധം, സ്വയംവരം, ബാണയുദ്ധം, വിവിദ വധം, സ്വർഗ്ഗാരോഹണം എന്നിവയാണ് കളികൾ. സ്വർഗ്ഗാരോഹണം ബുക്ക് ചെയ്യുന്നവർ അവതാരം കൂടി ബുക്ക് ചെയ്യേണ്ടാതാണ്. ഈ വഴിപാട് ചൊവ്വാഴ്ചകളിലും ജൂൺ മുതൽ സെപ്തംബർ വരേയും നടത്താറില്ല. കോഴിക്കോട് സാമൂതിരിയായിരുന്ന മാനവേദൻ തമ്പുരാൻ രചിച്ച കൃഷ്ണഗീതി എന്ന സംസ്കൃതകാവ്യത്തെ ആസ്പദമാക്കിയാണ് കൃഷ്ണനാട്ടം എന്ന കലാരൂപം ഉത്ഭവിച്ചത്.

വിശേഷ ദിവസങ്ങൾ[തിരുത്തുക]

ഉത്സവം[തിരുത്തുക]

പ്രധാന ലേഖനം: ഗുരുവായൂർ ഉൽസവം

ഗുരുവായൂർ ഉത്സവം പത്ത് ദിവസം നീളുന്നു. ആനയോട്ടത്തോടെ ആരംഭിക്കുന്ന ഉത്സവം കുംഭമാസത്തിലെ പൂയം നാളിലാണ് കൊടിയേറുന്നത്. അവസാനദിവസം ആറാട്ടോടുകൂടി സമാപിക്കുന്നു. ഉത്സവത്തിന്നു മുന്നോടിയായി ബ്രഹ്മകലശ ചടങ്ങുകൾ നടത്തപ്പെടുന്നു.

ഒന്നാം ദിവസം ആനയില്ലാതെ ശീവേലി നടത്തുന്നു. അന്നേ ദിവസം ഉച്ചകഴിഞ്ഞ് ആനയോട്ടം നടക്കുന്നു. വൈകീട്ട് ആചാര്യവരണ്യവും കൊടിപൂജയും പിന്നീട് കൊടിയേറ്റവും നടക്കുന്നു. ചടങ്ങുകൾ നടത്തുന്നതിന് തന്ത്രിയ്ക്ക് ക്ഷേത്രം ഊരാളൻ കൂറയും പവിത്രവും നൽകുന്നതാണ് ആചാര്യവരണ്യം[8]. അന്നത്തെ വിളക്കിന് കൊടിപ്പുറത്ത് വിളക്ക് എന്നു പറയുന്നു. കിഴക്കേ നടപ്പുരയ്ക്കകത്തുതന്നെ ഭഗവദ്വാഹനമായ ഗരുഡനെ ശിരസ്സിലേറ്റുന്ന ഒരു സ്വർണ്ണക്കൊടിമരമുണ്ട്. ഉത്സവത്തിന് "മുളയിടൽ" ചടങ്ങ് ഉണ്ട് . നവധാന്യങ്ങൾ വെള്ളി കുംഭങ്ങളിൽ തന്ത്രി വിതയ്ക്കുന്നു. ഇവ മുളയറയിൽ(വാതിൽമാടം) സൂക്ഷിക്കുന്നു. പള്ളിവേട്ടകഴിഞ്ഞ് ഭഗവാൻ ഉറങ്ങുന്നത് ഈ മുളച്ച ധാന്യങ്ങൾക്കിടയിൽ ആണ്. രണ്ടാം ദിവസം ക്ഷേത്രത്തിൽ ദിക്ക് കൊടിയും കൂറയും സ്ഥാപിക്കുന്നു. ഉൽസവകലത്ത്എല്ലാ ദിവസവും കാലത്ത് പന്തീരടി പൂജയ്ക്ക് ശേഷം കാലത്ത് 11മണിയ്ക്ക് നാലന്പലത്തിനകത്ത് ശ്രീഭൂതബലി ദർശനവും[1]രാത്രി അത്താഴ പൂജയ്ക്ക് ശേഷം അമ്പലത്തിന്റെ വടക്കുഭാഗത്ത് സ്വർണ്ണം കൊണ്ടുണ്ടാക്കിയ പഴുക്കാമണ്ഡപത്തിൽ ഗുരുവായൂരപ്പനെ എഴുന്നള്ളിച്ചുവെയ്ക്കലുമുണ്ട്[8]. എട്ടാം ദിവസം മുപ്പത്തിമുക്കോടി ദേവഗണങ്ങൾക്കും ഭഗവാനെ സാക്ഷി നിർത്തി പാണികൊട്ടി പൂജയോടുകൂടി ബലി ഇടുന്നു. ഉത്സവകാലത്തെ ഏറ്റവും പ്രധാന ചടങ്ങുകളിൽ ഒന്നാണിത്.[1] ആ ദിവസം എട്ടാം വിളക്ക് എന്ന് അറിയപ്പെടുന്നു. ആ ദിവസം ഗുരുവായൂരിലെ ഒരു ജീവിയും പട്ടിണികിടക്കരുത് എന്നാണ് വിശ്വാസം. ഒൻപതാം ദിവസം പള്ളിവേട്ട . അന്ന് ഭഗവാൻ ദീപാരാധനയ്ക്ക് ശേഷം[1] നഗരപ്രദക്ഷിണത്തിനായി ഇറങ്ങുന്നു. ഭക്തർ നിറപറയും വിളക്കുമായി ഭഗവാനെ എതിരേൽക്കുന്നു. നഗരപ്രദക്ഷിണശേഷമാണ് പള്ളിവേട്ട. പിഷാരടി പന്നി മാനുഷങ്ങളുണ്ടോ എന്നു ചോദിക്കുന്നതോടെ പള്ളിവേട്ട തുടങ്ങും[1]. ഭക്തർ നാനാജാതി മൃഗങ്ങളുടെ വേഷമണിഞ്ഞ് (പ്രത്യേകിച്ച് പന്നിയുടെ) ക്ഷേത്രത്തിനകത്ത് പ്രവേശിച്ച് [1] 9 പ്രദക്ഷിണം നടത്തുന്നു. 9ആം പ്രദക്ഷിണത്തിൽ പന്നിയെ ഭഗവാൻ കീഴടക്കുന്നു. പത്താം ദിവസം ആറാട്ട്. പള്ളിവേട്ട കഴിഞ്ഞ് ക്ഷീണിച്ച ഭഗവാൻ പിറ്റെദിവസം 6 മണിക്ക് ഉണരുന്നു. ഉഷപൂജ, ഒഴികെയുള്ള ചടങ്ങുകൾ ആ ദിവസം നടത്താറുണ്ട്. അന്ന് ഉത്സവവിഗ്രഹമാണ് എഴുന്നള്ളത്തിന് ഉപയോഗിക്കുന്നത്. നഗരപ്രദക്ഷിണം രുദ്രതീർഥകുളത്തിന്റെ വടക്കുഭാഗത്തെത്തുമ്പോൾ സകലവാദ്യങ്ങളും നിറുത്തി അപമൃത്യുവടഞ്ഞ കണ്ടിയൂർ പട്ടത്തെ ന‌മ്പീശന്റെ[10] ഓർമ്മ പുതുക്കുന്നു. കണ്ടിയൂർ പട്ടത്തെ ന‌മ്പീശന്റെ അനന്തരാവകാശികൾ വന്ന് സങ്കടമില്ലെന്ന് അറിയിച്ചതിനുശേഷം എഴുന്നെള്ളിപ്പ് തുടരും. അതിനുശേഷം തിടമ്പ് ഭഗവതി അമ്പലത്തിലൂടെ ആറാട്ടുകടവിൽ എത്തിയ്ക്കും[10]. ഇരിങ്ങപ്പുറത്തെ തമ്പുരാൻപടിയ്ക്കൽ കിട്ടയുടെ അനന്തരാവകാശികളും ഭക്തജനങ്ങളും[10] ഇളനീർ കൊണ്ടുവന്നിട്ടുണ്ടാവും. തന്ത്രിയുടെ നേതൃത്വത്തിൽ എല്ലാ തീർത്ഥങ്ങളേയും രുദ്രതീത്ഥത്തിലേക്ക് ആവാഹിക്കും. ആറാട്ടു തിടമ്പിൽ മഞ്ഞളും ഇളനീരുംകൊണ്ട് അഭിഷേകം നടത്തുന്നു.[10] അതിനുശേഷം രുദ്രതീർഥകുളത്തിൽ ഭഗവാന്റെ വിഗ്രഹവുമായി മൂന്നുപ്രാവശ്യം തന്ത്രിയും മേൽശാന്തിയും ഓതിക്കന്മാരും കീഴ്ശാന്തിക്കാരും മുങ്ങുന്നു. ഭഗവാന്റെ ആറാട്ടോടെ പരിപാവനമായ തീത്ഥത്തിൽ ഭക്തജനങ്ങൾ ആറാടുന്നു. ആറാട്ടിനുശേഷം ഭഗവതി അമ്പലത്തിൽ ഉച്ചപൂജ. ആറാട്ടുദിവസം മാത്രമേ ഭഗവാന് ശ്രീലകത്തിനു പുറത്ത് ഉച്ചപൂജ പതിവുള്ളു[10]. ആറാട്ട് ദിവസം രാവിലെ 11 മണിയോടെയാണ് ഉച്ചപൂജ. അതിനുശേഷം കിഴക്കേ ഗോപുരത്തിലൂടെ അകത്തു പ്രവേശിച്ച്, 11 വട്ടം ഓട്ടപ്രദക്ഷിണം. അവസാനം കൊടിയിറക്കം.

കലശം തുടങ്ങിയാൽ ഉൽസവം കഴിയുന്നതു വരെ അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളെ അമ്പലത്തിൽ പ്രവേശിപ്പിക്കുകയില്ല.[8]

ആനയോട്ടം[തിരുത്തുക]

പുന്നത്തൂർകോട്ടയിലെ ആനത്താവളം
പ്രധാന ലേഖനം: ഗുരുവായൂർ ആനയോട്ടം

ഗുരുവായൂരമ്പലത്തിൽ ആനയില്ലാതിരുന്ന കാലത്ത് തൃക്കണാമതിലകം ക്ഷേത്രത്തിൽ നിന്നായിരുന്നു ആനകളെ ഉത്സവത്തിനായി കൊണ്ടുവന്നിരുന്നത്. എന്തോ കാരണങ്ങളാൽ ആനകളെ അയക്കില്ല എന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. ഉച്ച തിരിഞ്ഞ് 3 മണിയോടെ ഒരു കൂട്ടം ആനകൾ തൃക്കണാമതിലകം ക്ഷേത്രത്തിൽ നിന്നു ഗുരുവായൂരിലേക്ക് ഓടി വന്നു എന്ന് ഐതീഹ്യം. അതിന്റെ ഓർമ്മയ്ക്കായി എല്ലാവർഷവും ഗുരുവായൂർ ഉത്സവം ആരംഭിക്കുന്നത് ആനയോട്ടത്തോടെ ആണ്. ക്ഷേത്രത്തിന്റെ കിഴക്കുള്ള മഞ്ജുളാൽ പരിസരത്ത് നിന്ന് ആരംഭിക്കുന്ന ആനയോട്ടം അമ്പലത്തിലെ ഉള്ളിൽ ഏഴു പ്രദക്ഷിണത്തോടെ അവസാനിക്കുന്നു. ആദ്യം കൊടിമരം തൊടുന്ന ആനയെ വിജയിയായി പ്രഖ്യാപിക്കും. ആ ആനയെ ആയിരിക്കും 10 ദിവസവും എഴുന്നള്ളിപ്പിനായി ഉപയോഗിക്കുക.

ഇല്ലം നിറ[തിരുത്തുക]

പുതിയ കതിർകറ്റകൾ അഴീക്കൽ മനയം കുടുംബക്കാർ ക്ഷേത്ര മതിൽക്കെട്ടിനു പുരത്തെത്തിയ്ക്കും. അന്നത്തെ ശാന്തിയേറ്റ നമ്പൂതിരിയുടെ നേതൃത്വത്തിൽ ശംഖനാദവും ചെണ്ടയുമായി അമലം പ്രദക്ഷിണം ചെയ്ത് നമസ്കാരമണ്ടപത്തിൽ വെയ്ക്കുന്നു. മേൽശാന്തിയുടെ പൂജിച്ചശേഷം നെൽക്കതിരുകൾ സ്രീകോവിലുകളിലും തിടപ്പള്ളിയിലും വച്ചശേഷം ബാക്കി ഭക്തർക്ക് വിതരണം ചെയ്യും.[11]

പുത്തരി നിവേദ്യം[തിരുത്തുക]

പുതിയതായി കൊയ്ത നെല്ലിനെ അരിയാക്കി, അതുകൊണ്ട് നിവേദ്യങ്ങൾ ഉണ്ടാക്കി, നല്ല മുഹൂർത്തത്തിൽ ഭഗവാന് നിവേദിക്കുന്നതാണിത്. മണിക്കിണറിനരികിൽ ഗണപതിയ്ക്ക് പുതിയ അരി നിവേദിച്ചതിനു ശേഷം അരിഅളക്കലുണ്ടാകും. ആ അരികൊണ്ട് ഇടിച്ചുപിഴിഞ്ഞ പായസമുണ്ടാക്കി ഉച്ചപൂജയ്ക്ക് ഭഗവാന് നിവേദിയ്ക്കും. അന്ന് പതിവു വിഭവങ്ങൾക്ക് പുറമെ അപ്പം, പഴം നുറുക്ക്, ഉപ്പുമാങ്ങ, ഇലക്കറികൾ എന്നിവയുമുണ്ടാകും. അന്നു മാത്രമെ ഉച്ചപൂജയ്ക്ക് അപ്പം നിവേദിക്കുകയുള്ളു.[11]

ഏകാദശി[തിരുത്തുക]

വൃശ്ചികമാസത്തിലെ ശുക്ലപക്ഷ ഏകാദശി - അന്നാണ്‌ ഗുരുവായൂരിലെ പ്രതിഷ്ഠാ ദിനാചരണം നടത്തുന്നത്. കൂടാതെ, ഭഗവാൻ കുരുക്ഷേത്ര ഭൂമിയിൽ വെച്ച്‌ അർജ്ജുനന്‌ ഗീതോപദേശം നടത്തിയ ദിവസം എന്ന പ്രത്യേകത കൂടി ഈ ദിവസത്തിന്‌ ഉണ്ട്. അതിനാൽ ഈ ദിവസം ഗീതാദിനമായും ആഘോഷിക്കുന്നു.[8] ഏകാദശി ദിനത്തിൽ ഭഗവാനെ ദർശിക്കുവാനും പ്രസാദ ഊട്ടിനുമായി ഗുരുവായൂരിൽ ഭക്തലക്ഷങ്ങളാണ്‌ എത്തുക. ഏകാദശി ദിവസം ഭക്തർക്ക് അരിഭക്ഷണമില്ല; എന്നാൽ ഭഗവാന് സധാരണ പോലെയാണ്.[11]

വലിയ ആഘോഷ പരിപാടികൾ ആണ്‌ ഗുരുവായൂരിൽ ഒരുക്കുന്നത്‌. ഗോതമ്പു ചോറും പായസവും അടങ്ങുന്ന ഏകാദശി പ്രസാദം രാവിലെ മുതൽ വിതരണം അന്നത്തെ പ്രത്യേകതയാണ്. നാമജപഘോഷയാത്രയും രഥഘോഷയാത്രയുമെല്ലാം ഇതിന്റെ ഭാഗമായി നടക്കും. ആയിരക്കണക്കിനു നെയ്‌ വിളക്കാണ്‌ ഇന്നു തെളിയുക. രാത്രി വിളക്കെഴുന്നള്ളിപ്പാണ്‌ മറ്റൊരു ചടങ്ങ്‌. നാലാം പ്രദക്ഷിണത്തിൽ ഭഗവാൻ എഴുന്നള്ളും. ഭഗവാന്റെ സ്വർണ്ണക്കോലം പുന്നത്തൂർ കോട്ടയിലെ പ്രധാന കരിവീരനു സ്വന്തം. പണ്ടുകാലത്ത് ഇത് ഗുരുവായൂർ കേശവനവകാശപ്പെട്ടതായിരുന്നു. 1976ലെ ഏകാദശിദിവസമാണ് (ഡിസംബർ 2) കേശവൻ ചരിഞ്ഞതും എന്നത് മറ്റൊരു അത്ഭുതം. പുലർച്ചയോടെ കൂത്തമ്പലത്തിൽ ദ്വാദശിപ്പണസമർപ്പണം ആരംഭിക്കും. അടുത്ത ദിവസം രാവിലെ വരെ അതുതുടരും. പിന്നീട് നടയടച്ചു കഴിഞ്ഞാൽ പിന്നെ വൈകുന്നേരമേ തുറക്കാള്ളൂ. ഈ സമയത്ത് വിവാഹം, ചോറൂൺ, തുലാഭാരം തുടങ്ങിയവ നടത്താറില്ല.

ഏകാദശിയ്ക്ക് മുന്നോടിയായി ഒരുമാസം വിളക്കു് ഉണ്ടായിരിക്കും. ഏകാദശിയ്ക്ക് ഉദയാസ്തമനപൂജയും വിളക്കും ഗുരുവായൂർ ദേവസ്വത്തിന്റേതാണ്. അഷ്ടമിയ്ക്ക് പുളിക്കീഴേ വാരിയകുടുംബവും നവമി നെയ്വിളക്ക് കൊളാടി കുടുംബവും ദശമിയ്ക്ക് ഗുരുവായൂരപ്പൻ സ്ങ്കീർത്തന ട്രസ്റ്റും വിളക്ക് നടത്തും.[11]

ദ്വാദശി പണം വെയ്ക്കൽ[തിരുത്തുക]

ഏകാദശി കഴിഞ്ഞ് ദ്വാദശി ദിവസം കൂത്തമ്പലത്തിൽ നടക്കുന്ന ചടങ്ങാണിത്. അന്ന് കാലത്ത് 9.00 ന് നടയടച്ചാൽ 4.30 നെ തുറക്കുകയുള്ളു.[8]

മണ്ഡല പൂജ/വിശേഷാൽ കളഭാഭിഷേകം[തിരുത്തുക]

വൃശ്ചികം ഒന്നിനാണ് മണ്ഡല കാലം ആരംഭിക്കുന്നത്. ഈ ദിവസങ്ങളിൽ പഞ്ചഗവ്യ അഭിഷേകം ഗുരുവായൂരപ്പനു നടത്തപ്പെടുന്നു. മൂന്നു നേരം കാഴ്ചശീവേലി ഈ ദിവസങ്ങളുടെ പ്രത്യേകതയാണ്. മണ്ഡല കാലത്തിന്റെ അവസാന ദിവസം ഗുരുവായൂരപ്പനു കളഭം ആടുന്നു (അഭിഷേകം നടത്തുന്നു) . ഏകാദശി, നാരായണീയ ദിനം, മേല്പത്തൂർ പ്രതിമ സ്ഥപനം ഇവ മണ്ഡല കാലത്തുള്ള വിശേഷദിവസങ്ങൾ .

അഷ്ടമി രോഹിണി[തിരുത്തുക]

ഭഗവാന്റെ ജന്മദിനം വളരെ വിപുലമായി ഗുരുവായൂർ ദേവസ്വം ആഘോഷിക്കുന്നു. ഭഗവാന്റെ പ്രിയപ്പെട്ട അപ്പം വഴിപാട് ഏകദേശം ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ ശീട്ടാക്കാറുണ്ട്.

ഗുരുവായൂർ ദേവസ്വം നടത്തുന്ന ഭാഗവതസപ്താഹയജ്ഞത്തിലെ ശ്രീകൃഷ്ണാവതാരപാരായണം ഈ ദിവസമാണ്. അന്നത്തെ പ്രസാദഊട്ടിന് പിറന്നാൾ സദ്യയാണ് നൽകുന്നത്.[8]

നാരായണീയദിനം[തിരുത്തുക]

മേല്പത്തൂർ നാരായണഭട്ടതിരിപ്പാട് നാരായണീയം എഴുതി തീർന്ന ദിവസം. വൃശ്ചികത്തിലെ 28ആം ദിവസമാണ് നാരായണീയദിനമായ ആഘോഷിക്കുന്നത്.

പൂന്താന ദിനം[തിരുത്തുക]

കുംഭമാസത്തിലെ അശ്വതി നക്ഷത്രത്തിലാണ് പൂന്താനദിനം ആഘോഷിക്കുന്നത്.

കൃഷ്ണഗീതി ദിനം[തിരുത്തുക]

തുലാം 30, 1161 നു സാമൂതിരി രാജാവായിരുന്ന മാനവേദരാജയാൽ കൃഷ്ണഗീതി രചിക്കപ്പെട്ടു. ഇതിന്റെ ഓർമ്മയ്ക്കായ് ഗുരുവായൂർ ദേവസ്വം ഈ ദിവസം ആഘോഷിക്കുന്നു.

കുചേലദിനം[തിരുത്തുക]

ധനുമാസത്തിലെ ആദ്യത്തെ ബുധനാഴ്ച കുചേലദിനമായി ആഘോഷിക്കപെടുന്നു. ദാരിദ്ര്യത്താൽ ഉഴഞ്ഞ കുചേലൻ ഒരു പിടി അവിലുമായി ശ്രീ കൃഷ്ണനെ ദ്വാരകയിൽ കാണാൻ വന്നതിന്റെ ഓർമ്മയ്കായാണ് ഈ ദിനം ആഘോഷിക്കുന്നത്. ഈ ദിവസം അനേകായിരം ഭക്തന്മാർ തങ്ങളുടെ ദാരിദ്രനിർമ്മാർജനത്തിനായി അവിലുമായി ഗുരുവായൂരപ്പനെ ദർശ്ശിക്കാനെത്തുന്നു.

അക്ഷയതൃതീയ[തിരുത്തുക]

വൈശാഖത്തിലെ ആദ്യത്തെ തൃതീയ ദിനം ആഘോഷിക്കപ്പെടുന്നു. ഈ ദിവസം “ബലരാമജയന്തി“ എന്നു അറിയപ്പെടുന്നു. കൂടാതെ ഗുരുവായൂരമ്പലത്തിന്റെ കീഴേടമായ നെന്മിനി ബലരാമക്ഷേത്രത്തിലും അതിഗംഭീരമായി ആഘോഷിക്കുന്നു.

മേട വിഷു[തിരുത്തുക]

വിഷുദിനത്തിൽ ഭഗവാനെ കണികാണാൻ ആയിരങ്ങൾ എത്തുന്നു. എല്ലാദിവസവും മൂന്നു മണിക്കു തുറക്കുന്ന ഗുരുവായൂർ ക്ഷേത്രം വിഷുദിനത്തിൽ രണ്ടരയ്ക്ക് തുറക്കും. അതിനു മുമ്പായി മേൽശാന്തിയും കീഴ്ശാന്തിക്കാരും മറ്റും രുദ്രതീർത്ഥത്തിൽ കുളിച്ച് വന്ന് കണിയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങും. [12]

ശ്രീകോവിലിന്റെ മുഖമണ്ഡപത്തിൽ അഞ്ചുവെള്ളിക്കവര വിളക്കുകൾ കത്തുന്നതിന്റെ തെക്കുവശത്തായിട്ടാണ് കണി ഒരുക്കുന്നത്. സ്വർണ്ണസിംഹാസനത്തിൽ ആനത്തലേക്കെട്ടുവച്ച് അതിന്മേലാണ് സ്വർണ്ണത്തിടമ്പ് എഴുന്നെള്ളിച്ചു വയ്ക്കുന്നു. അതിനു മുന്നിലായി ഒരു ഉരുളിയിളാണ് കണി ഒരുക്കുന്നത്. ഉറുളിയിൽ അക്ഷതം (ഉണങ്ങല്ലരിയും നെല്ലും) നിരത്തി, അതിനുമുകളിൽ അലക്കിയ മുണ്ട്, ഗ്രന്ഥം, വാൽക്കണ്ണാടി, കണിവെള്ളരി, കണിക്കൊന്ന, ചക്ക, മാങ്ങ, നാളികേരം, ഉടച്ച രണ്ടു മുറി നാളികേരത്തിൽ നെയ് നിറച്ച് തിരിയിട്ട് കത്തിച്ചു വെച്ചത് എന്നിവയാണ് കണിക്കോപ്പുകൾ.

കണി സമയത്തിനു മുമ്പ് മേൽശാന്തിയും കൂട്ടരും ശ്രീലകത്ത് പ്രവേശിച്ച് നെയ്വിളക്കുകളെല്ലാം കത്തിച്ചുവെയ്ക്കും. സോപാനത്തും അഞ്ചു തിരിയിട്ട വിളക്ക് കത്തിച്ചു വെച്ചിട്ടുണ്ടാവും. മേൽശാന്തി ആദ്യം ഗുരുവായ്യൂരപ്പനെ കണികാണിച്ച ശേഷം രണ്ടരയ്ക്കു തന്നെ ശ്രീകോവിലിന്റെ നട ഭക്തർക്ക് കണികാണാനായി തുറന്നുകൊടുക്കും. കണ്ണടച്ചും കണ്ണുകെട്ടിയും നിൽക്കുന്ന ഭക്തർ ശ്രീകോവിലിനു മുന്നിലെത്തി കണ്ണുതുറന്ന് കണികണ്ട് കാണിക്കയർപ്പിക്കും. നാലമ്പലത്തിനകത്ത് പ്രദക്ഷിണം വച്ച്, ഗണപതിയെ വണങ്ങി, ആദ്യമെത്തുന്ന കുറച്ചുപേർക്ക് മേൽശാന്തിയിൽ നിന്ന് കൈനീട്ടം കിട്ടും. നാലമ്പലത്തിനകത്തുനിന്നും പുറത്തുകടന്ന് ഭഗവതിയേയും അയ്യപ്പനേയും തൊഴുത് പ്രദക്ഷിണമായി പുറത്തുകടന്നാൽ കണിദർശനം മുഴുവനാകും.[12]

ചെമ്പൈ സംഗീതോത്സവം[തിരുത്തുക]

സംഗീതസാമ്രാട്ട് ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ സ്മരണയ്ക്കായി ഗുരുവായൂർ ദേവസ്വം എല്ലാ വർഷവും നടത്തുന്ന സംഗീതസദസ്സാണ്‌ ഇത്. ഏകാദശിയോട് അനുബന്ധിച്ച് പതിനഞ്ച് ദിവസങ്ങളിലായി ഈ ഉത്സവം നടത്തപ്പെടുന്നു. ക്ഷേത്രത്തിനു പുറത്ത് മേല്പത്തൂർ ഓഡിറ്റോറിയത്തിൽ പ്രത്യേകം തയ്യാറാക്കിയ സംഗീതമണ്ഡപമാണ്‌ ഇതിന്റെ വേദി. പ്രശസ്ത സംഗീത വിദ്വാന്മാരും സംഗീത വിദ്യാർത്ഥികളും ഇതിൽ പങ്കെടുക്കുന്നു. ഇതിൽ പഞ്ചരത്ന കീർത്തനാലാപനമാണ് ഏറ്റവും പ്രധാനം. ഏകാദശി ദിവസം രാത്രി ശ്രീരാഗത്തിലുള്ള “കരുണ ചെയ് വാനെന്തു താമസം കൃഷ്ണാ” എന്ന സങ്കീർത്തനത്തോടെ സംഗീതോത്സവം സമാപിക്കുന്നു.

വൈശാഖം[തിരുത്തുക]

മേടമാസത്തിലെ കറുത്തവാവ് കഴിഞ്ഞാൽ “വൈശാഖ പുണ്യകാലം” ആരംഭിക്കുന്നു. ഈ സമയത്ത് ഗുരുവായൂർ ക്ഷേത്രത്തിൽ വമ്പിച്ച ഭക്തജനത്തിരക്ക് അനുഭവപ്പെടുന്നു. വൈശാഖ കാലം മുഴുവൻ ക്ഷേത്രം ഊട്ടുപുരയിൽ വച്ച് “ഭാഗവത സപ്താഹപാരായണം” നടത്തപ്പെടുന്നു. വൈശാഖത്തിലെ വെളുത്ത പക്ഷത്തിലെ തൃതി (അക്ഷയതൃതീയ) ‘ബലരാമ ജയന്തി’ എന്ന പേരിൽ ആചരിക്കപ്പെടുന്നു.

അക്ഷരശ്ലോക മത്സരം[തിരുത്തുക]

ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ചു അക്ഷരശ്ലോക മത്സരം നടത്താറുണ്ട്‌. കേരളത്തിന്റെ എല്ലാ ഭാഗത്തുനിന്നും ആളുകൾ ഇതിൽ പങ്കെടുക്കാൻ വരാറുണ്ട്. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്തമാക്കുന്നവർക്ക് സ്വർണപ്പതക്കങ്ങൾ സമ്മാനിക്കും.

ഗീതാദിനം[തിരുത്തുക]

ഏകാദശി ദിവസം ഗീതാദിനമായി ആഘോഷിക്കുന്നു. രാവിലെ ഏഴു മണിമുതൽ കൂത്തമ്പലത്തിൽ ഗീത പാരായണം നടത്താറുണ്ട്‌.

ഭഗവത സപ്താഹം[തിരുത്തുക]

ശ്രീമത് ഭാഗവതം ഏഴു ദിവസകൊണ്ട് പാരായണം ചെയ്തു വിശദീകരിക്കുന്ന യജ്ഞമാണ് ഭഗവത സപ്താഹം. 1159ൽ ഊട്ടുപുരയിലാണ് ഗുരുവായൂരിലെ ആദ്യത്തെ സപ്താഹം തുടങ്ങിയത്[13]. പിന്നീട് എല്ലാ വർഷവും ക്ഷേത്രത്തിൽ സപ്താഹം നടത്തുന്നുണ്ട്. അഷ്ടമി രോഹിണിക്ക് ഏഴു ദിവസം മുൻപാണ് സപ്താഹം തുടങ്ങുക.

ശ്രീ നാരായണീയ സപ്താഹം[തിരുത്തുക]

നാരായണീയദിനത്തോടനുബന്ധിച്ചാണ് ക്ഷേത്രത്തിൽ നാരായണീയ സപ്താഹം നടത്തുന്നത്. നാരായണീയ ദിനത്തിന് ഏഴു ദിവസം മുൻപ് തുടങ്ങി നാരായണീയ ദിനത്തിന്റെ അന്ന് വൈകുന്നേരത്തോടെ അവസാനിക്കുന്നു. ക്ഷേത്രം ആദ്ധ്യാത്മിക ഹാളിലാണ് നാരായണീയ സപ്താഹം നടക്കാറ്.

സംക്രമ സന്ധ്യ[തിരുത്തുക]

എല്ലാ മാസാവസാനവും (സംക്രമ ദിവസം) അത്താഴ പൂജക്ക്‌ ശേഷം പ്രഭാഷങ്ങളും സാംസ്കാരിക പരിപാടികളും മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ നടത്താറുണ്ട്‌.

കീഴേടങ്ങൾ[തിരുത്തുക]

ഗുരുവായൂർ ക്ഷേത്രം ഒരുകാലത്ത് കൊടുങ്ങല്ലൂരിനടുത്തുള്ള തൃക്കണാമതിലകം ശിവക്ഷേത്രത്തിന്റെ കീഴേടമായിരുന്നു.[അവലംബം ആവശ്യമാണ്] അതിനാൽ അക്കാലത്ത് എന്തുകാര്യത്തിനും ആ ക്ഷേത്രം തന്നെയായിരുന്നു ആശ്രയം.[അവലംബം ആവശ്യമാണ്] പിന്നീട് ഗുരുവായൂർ ക്ഷേത്രം ലോകപ്രസിദ്ധമാകുകയും ഗുരുവായൂർ ദേവസ്വം രൂപീകരിക്കപ്പെടുകയും ചെയ്തപ്പോൾ ഗുരുവായൂരിനുചുറ്റും സ്ഥിതിചെയ്യുന്ന ഏതാനും ചെറിയ ക്ഷേത്രങ്ങളെ ദേവസ്വത്തിന്റെ നിയന്ത്രണത്തിനുകീഴിൽ കൊണ്ടുവന്നു. അവയാണ് ഗുരുവായൂർ ക്ഷേത്രത്തിന്റെ കീഴേടങ്ങൾ. ഇപ്പോൾ 12 കീഴേടങ്ങളാണ് ഗുരുവായൂർ ദേവസ്വത്തിനുള്ളത്. ഇവയിൽ രണ്ടെണ്ണമൊഴികെ ബാക്കിയെല്ലാം ഗുരുവായൂരിനുചുറ്റുമാണ് സ്ഥിതിചെയ്യുന്നത്.[അവലംബം ആവശ്യമാണ്]

നാരായണംകുളങ്ങര[തിരുത്തുക]

ഞാമെല്ലിയൂർ ഇല്ലവുമായി വളരെ അടുപ്പമുള്ള മമ്മിയൂർ അംശത്തിലെ ഒരു ക്ഷേത്രമാണ് നാരായണംകുളങ്ങര ഭഗവതി ക്ഷേത്രം. ചിരിച്ചുകൊട്ടിക്കാവ് എന്നും അറിയപ്പെടുന്നു. [4]മകരമാസത്തിലെ പത്താം ദിവസം രാത്രി പാനയും താലപ്പൊലിയും ആഘോഷിക്കുന്നു. നവരാത്രി, നിറ, പൂത്തരി, മണ്ഡലപൂജ, വിഷുവേല എന്നിവയും ആഘോഷിക്കുന്നു.[7]

താമരയൂർ അയ്യപ്പ- വിഷ്ണു ക്ഷേത്രങ്ങൾ[തിരുത്തുക]

ഗുരുവായൂർ ക്ഷേത്രത്തിന് രണ്ടര കി.മീറ്റർ വടക്ക്, താമരയൂർ ഇല്ലത്തിന്റെ ഒരു ക്ഷേത്രമാണ് താമരയൂർ അയ്യപ്പക്ഷേത്രം. പുന്നത്തൂർ കോട്ടയിലേക്കുള്ള വഴിയിലാണ് ശ്രീകണ്ഠപുരം വിഷ്ണുക്ഷേത്രം.[7]

അഞ്ഞൂർ അയ്യപ്പങ്കാവ് ക്ഷേത്രം[തിരുത്തുക]

ഗുരുവായൂർ നിന്നു തൃശ്ശൂർക്കുള്ള വഴിയിൽ ഗുരുവായൂരിൽക്ഷേത്രത്തിൽനിന്നും 16 കി.മീറ്റർ അകലെ മുണ്ടൂരിലാണ് ഈ ക്ഷേത്രം. കുംഭമാസത്തിലെ തിരുവാതിരയ്ക്ക് അയ്യപ്പൻ ഗുരുവായൂരിൽ ആറാട്ടിനു പോയിരുന്നുവെന്നും ടിപ്പുവിന്റെ പടയോട്ടത്തോടെയാണ് ഇത് നിന്നതെന്നും വിശ്വസിക്കുന്നു.[7]

വെർമാണൂർ ശിവക്ഷേത്രം[തിരുത്തുക]

പാലക്കാട് ജില്ലയിലെ കുനിശ്ശേരിയിലെ പാറക്കുളത്താണ് ഈ ശിവക്ഷേത്രം[7].

മാങ്ങാൻചിറ വിഷ്ണുക്ഷേത്രം[7][തിരുത്തുക]

പെരുവല്ലൂർ-തൃശ്ശൂർ വഴിയിൽ ഗുരുവായൂർ നിന്ന് 9 കി.മീറ്റർ അകലെ അന്നകരയിലെ പെരുവല്ലൂരിലാണ് ശ്രീകൃഷ്ണപ്രതിഷ്ഠയുള്ള ഈ ക്ഷേത്രം.[7]

തലക്കോട്ടുകര ശിവക്ഷേത്രം[തിരുത്തുക]

ഗുരുവായുർനിന്ന് 12 കി.മീറ്റർ അകലെ കേച്ചേരിക്കടുത്താണ് ഈ ക്ഷേത്രം. ചുറ്റമ്പലത്തിനകത്ത് രണ്ട് ശ്രീകോവിലുകളുണ്ട് ഇവിടെ. തെക്കുഭാഗത്തുള്ളതിൽ സ്വയംഭൂലിംഗമാണ്, മറ്റേതിൽ മനുഷ്യനിർമിതലിംഗവും. ഒരേ പൂജാരി തന്നെ രണ്ടിടത്തും പൂജ ചെയ്യുന്നു.[7]

പുന്നത്തൂർ ശിവ- ഭഗവതി ക്ഷേത്രങ്ങൾ[തിരുത്തുക]

ഗുരുവായൂർ നിന്ന് മൂന്നര കി.മീറ്റർ അകലെ പുന്നത്തൂരിലാണ് ഈ ക്ഷേത്രങ്ങൾ. 1975ൽ ദേവസ്വം വാങ്ങിയതാണിത്.

10 ഏക്കർ വിസ്തീർണ്ണത്തിലാണ് ഈ സ്ഥലം. പ്രധന പ്രതിഷ്ഠകൾ ശിവനും ഭഗവതിയുമാണ്. ശിവക്ഷേത്രം തെക്കേ അമ്പലം എന്നും ഭഗവതിക്ഷേത്രത്തെ പാതിക്കോട്ടുകാവ് എന്നും അറിയുന്നു.[7]

നെൻമിനി ബലരാമ-അയ്യപ്പ ക്ഷേത്രങ്ങൾ[തിരുത്തുക]

ഗുരുവായൂരിന് 4കി.മീറ്റർ കിഴക്ക് നെന്മിനിയിലാണ് 500 മീറ്റർ അകലത്തിലായുള്ള ഈ ക്ഷേത്രങ്ങളുള്ളത്. ബലരാമനും അയ്യപ്പനുമാണ് പ്രതിഷ്ഠകൾ. നെന്മിനി ഇല്ലത്തിന്റെ ഈ ക്ഷേത്രങ്ങൾ ഗുരുവായൂർ ദേവസ്വത്തിന് കൈമാറുകയാണുണ്ടായത്.[7]

കാവീട് ഭഗവതിക്ഷേത്രം[തിരുത്തുക]

108 ദുർഗ്ഗാക്ഷേത്രങ്ങളിൽ ഒന്നാണിത്. ഗുരുവായൂരിൽ നിന്നും ആറു കി.മീറ്റർ അകലെ പുന്നത്തൂർ കോട്ടയ്ക്കടുത്താണ്.[7]

പൂന്താനം വിഷ്ണുക്ഷേത്രം[തിരുത്തുക]

മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണ- നിലമ്പൂർ വഴിയിൽ ഗ്ഗുരുവായൂർ നിന്ന് 60 കി.മീറ്റർ അകലെ ഇടത്തുപുറത്ത് പൂന്താനം മനയിലാണ് ഈ വിഷ്ണുക്ഷേത്രം. വിഷ്ണുവാണ് പ്രതിഷ്ഠയെങ്കിലും ജ്ഞാനപ്പാനയുടെ കർത്താവ് പൂന്താനം നമ്പൂതിരി ആരാധിച്ചിരുന്ന ശ്രീകൃഷ്ണഭഗവാനാണ് ഏറെ പ്രശസ്തി. പൂന്താനം നമ്പൂതിരിയുടെ പിന്തുടർച്ചക്കാർ ഗുരുവായൂർ ദേവസ്വത്തിന് ഇത് കൈമാറി.[7]

മറ്റു സ്ഥാപനങ്ങൾ[തിരുത്തുക]

പുന്നത്തൂർ ആനക്കോട്ട[തിരുത്തുക]

പ്രധാന ലേഖനം: പുന്നത്തൂർ കോട്ട

ഗുരുവായൂർ ക്ഷേത്രത്തിലേക്ക് ഭക്തർ നടക്കിരുത്തുന്ന ആനകളെ സംരക്ഷിക്കുന്നതിനു ഗുരുവായൂർ ദേവസ്വം നടത്തുന്ന കേന്ദ്രമാണ് പുന്നത്തൂർ കോട്ട. ക്ഷേത്രത്തിൽ നിന്നും മൂന്നു കിലോമീറ്റർ വടക്കോട്ട്‌ മാറിയാണ് ഈ ആനതാവളം. 1975 ലാണ് ഗുരുവായൂർ ദേവസ്വം ഈ 10 ഏക്കർ സ്ഥലം വാങ്ങിയത്. ഗുരുവായൂർ കേശവന്റെ നേതൃത്വത്തിൽ ഘോഷയാത്രയായി എല്ലാ ആനകളെയും പുന്നത്തൂർ കോട്ടയിലേക്ക് മാറ്റി. ഇവിടെ 51 ആനകളെ സംരക്ഷിക്കുന്നുണ്ട്. കർക്കിടകമാസത്തിൽ ആനകൾക്ക് ഇവിടെ സുഖചികിത്സ നടത്തുന്നു.

വൃന്ദാവനം എസ്റ്റേറ്റ്[തിരുത്തുക]

മലപ്പുറം ജില്ലയിലെ വേങ്ങാട് ഗുരുവായൂർ ദേവസ്വത്തിന്റെ 100 ഏക്കറിലാണ് വൃന്ദാവനം എസ്റ്റേറ്റ്. പനക്ക് പുറമേ തെങ്ങ്, കശുവണ്ടി തുടങ്ങിയ മറ്റു കാർഷിക ഉൽപ്പന്നങ്ങളും ഇവിടെ ഉണ്ടാക്കുന്നുണ്ട്.

ഗോകുലം[തിരുത്തുക]

വൃന്ദാവനം എസ്റ്റേറ്റിനടുത്ത് 25 ഏക്കറിലാണ് ഗോകുലം. ഗുരുവായൂർ ക്ഷേത്രത്തിലേക്ക് ഭക്തർ സമർപ്പിക്കുന്ന പശുക്കളെ ഗോകുലത്തിലാണ് സംരക്ഷിക്കുന്നത്. ഇവിടെ 550 പശുക്കളെ സംരക്ഷിക്കുന്നു.

മറ്റുള്ളവ[തിരുത്തുക]

പുസ്തക വില്പനശാല, മത പുസ്തകശാല, ക്ഷേത്ര കല പഠനശാല, ചുമർ ചിത്രപഠനശാല, മ്യൂസിയം, മെഡിക്കൽ സെന്റർ, മേൽപ്പത്തൂർ സ്മരക ആയുർവേദ ആസ്പത്രി, ശ്രീകൃഷ്ണ കോളേജ്, ശ്രീകൃഷ്ണ ഹയർ സെക്കന്ററി സ്കൂൾ, ഇംഗ്ലീഷ് മീഡിയം സ്കൂൾ, അമ്പാടി ഹൗസിങ് കോംപ്ലക്സ് എന്നിവയുമുണ്ട്.

താമസ സൗകര്യം[തിരുത്തുക]

ഗുരുവായൂർ ദേവസ്വം നടത്തുന്ന സ്ഥാപനങ്ങളുണ്ട്. സത്രം, കൗസ്തുഭം റെസ്റ്റ് ഹൗസ്, പാഞ്ചജന്യം റെസ്റ്റ് ഹൗസ്, ശ്രീവൽസം ഗസ്റ്റ് ഹൗസ് ഇവയാണ് ഗുരുവായൂർ ദേവസ്വത്തിന്റെ കീഴിലുള്ള താമസസ്ഥലങ്ങൾ.

ഇവക്കു പുറമേ ക്ഷേത്രത്തിനു സമീപം ധാരാളം സ്വകാര്യ ഹോട്ടലുകളും അതിഥിമന്ദിരങ്ങളുമുണ്ട്.

ചിത്രശാല[തിരുത്തുക]

പ്രശസ്തരായ ഭക്തന്മാർ[തിരുത്തുക]

അവലംബം[തിരുത്തുക]

 1. 1.00 1.01 1.02 1.03 1.04 1.05 1.06 1.07 1.08 1.09 1.10 1.11 1.12 1.13 1.14 1.15 1.16 1.17 1.18 1.19 1.20 1.21 1.22 1.23 ഗുരുവായൂർ ക്ഷേത്രം ഗുരുവായൂർ ദേവസ്വത്തിന്റെ ഔദ്യോഗിക വെബ് വിലാസം
 2. [ആര്?]എസ്. ഗുപ്തൻ നായർ.
 3. വാലത്ത്, വി.വി.കെ. (1991). കേരളത്തിലെ സ്ഥലനാമചരിത്രങ്ങൾ എറണാകുളം ജില്ല. തൃശ്ശൂർ: കേരള സാഹിത്യ അക്കാദമി. ഐ.എസ്.ബി.എൻ. 81-7690-105-9. 
 4. 4.0 4.1 4.2 പേജ് 75, യാത്ര മാസിക, മെയ്2013.
 5. ഗുരുവായൂർ ദേവസ്വം
 6. ഗുരുവായൂർ സത്യഗ്രഹത്തിന് 80 വയസ്, ദേശാഭിമാനി ദിനപത്രം, ശേഖരിച്ചതു് 1 നവംബർ, 2011
 7. 7.00 7.01 7.02 7.03 7.04 7.05 7.06 7.07 7.08 7.09 7.10 7.11 7.12 7.13 7.14 [http://www.guruvayurdevaswom.org/ ഗുരുവായൂർ ദേവസ്വത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ്.
 8. 8.00 8.01 8.02 8.03 8.04 8.05 8.06 8.07 8.08 8.09 8.10 8.11 8.12 ശ്രീ ഗുരുവായൂരപ്പൻ, കുഞ്ഞുകുട്ടൻ ഇളയത് – എച്ച് ആന്റ് സി സ്റ്റോഴ്സ്
 9. 9.0 9.1 9.2 9.3 9.4 9.5 9.6 9.7 പേജ്15 , സുദർശനം, മംഗളം ഗുരുവായൂർ പ്രത്യേക പതിപ്പ്
 10. 10.0 10.1 10.2 10.3 10.4 പേജ്87, ഭക്തപ്രിയ മാസിക,ഏപ്രിൽ 2013
 11. 11.0 11.1 11.2 11.3 പേജ്27, വിശേഷാൽ മഹോൽസവങ്ങൾ - സുദർശനം, മഗളം ഗുരുവായൂർ സപ്ലിമെന്റ്
 12. 12.0 12.1 ഗുരു, ഗുരുവായൂർ,പേജ്37, ഏപ്രിൽ2013- ഭക്തപ്രിയ മാസിക.
 13. ഭാഗവതസപ്താഹംഗുരുവായൂർദേവസ്വം വെബ് വിലാസം

ഇതും കാണുക[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Commons:Category
വിക്കിമീഡിയ കോമൺസിലെ ഗുരുവായൂർ ക്ഷേത്രം എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:

Coordinates: 10°35′40″N 76°02′21″E / 10.5945°N 76.03905°E / 10.5945; 76.03905


തൃശ്ശൂരിലെ പ്രധാന സ്ഥലങ്ങൾ
അയ്യന്തോൾ‌ | മണ്ണുത്തി | താണിക്കുടം | രാമവർമ്മപുരം | ഒളരിക്കര | ഒല്ലൂർ | കൂർക്കഞ്ചേരി | മുളങ്കുന്നത്തുകാവ് | വിയ്യൂർ | പൂങ്കുന്നം | വെള്ളാനിക്കര | ആമ്പല്ലൂർ | അടാട്ട് | കേച്ചേരി | കുന്നംകുളം | ഗുരുവായൂർ | ചാവക്കാട് | ചേറ്റുവ | കാഞ്ഞാണി | വാടാനപ്പിള്ളി | തൃപ്രയാർ | ചേർപ്പ് | ഊരകം | പട്ടിക്കാട് | വടക്കാഞ്ചേരി | ചേലക്കര | ചെറുത്തുരുത്തി |കൊടകര | പുതുക്കാട് | മാള | പെരിങ്ങോട്ടുകര | ചാലക്കുടി | ഇരിങ്ങാലക്കുട | കൊടുങ്ങല്ലൂർ | വാടാനപ്പിള്ളി