അമൃത്
| Tinospora cordifolia | |
|---|---|
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Plantae |
| Division: | Magnoliophyta |
| ക്ലാസ്സ്: | Magnoliopsida |
| നിര: | Ranunculales |
| കുടുംബം: | Menispermaceae |
| ജനുസ്സ്: | Tinospora |
| വർഗ്ഗം: | T. cordifolia |
| ശാസ്ത്രീയ നാമം | |
| Tinospora cordifolia (Thunb.) Miers |
|
| Synonyms | |
|
ഗുഡൂചി, ഗുളൂചി, അമൃത് (സം.) |
|
| അമൃത് | |
|---|---|
| സംസ്കൃതത്തിലെ പേര് | ഗുളൂചി |
| വിതരണം | ഇന്ത്യയിലെ ഉഷ്ണമേഖലാവനങ്ങൾ |
| രാസഘടങ്ങൾ | ബെർബെറിൻ,കാണ്ഡത്തിൽ ഗ്ലൂചിസത്ത് |
| രസം | തിക്തം,കടു |
| ഗുണം | ഉഷ്ണം,സ്നിഗ്ധം,ലഘു |
| വീര്യം | ഉഷ്ണം |
| വിപാകം | മധുരം |
| ഔഷധഗുണം | ശരീരതാപം ക്രമീകരിക്കും,രക്തശുദ്ധി,ദഹനശക്തി,ധാതുപുഷ്ടി,ചർമരോഗം,വാതരക്തം,പ്രമേഹം |
ഹാർട്ട്‌ലീഫ് മൂൺ സീഡ് Heartleaf moon seed എന്ന ആംഗലേയ നാമവും, മെനിസ്പെർമോസി കുടുംബത്തിലെ റ്റീനോസ്പോറ കോർഡിഫോലിയ എന്ന ശാസ്ത്ര നാമവുമുള്ള അമൃത്, ശ്രീലങ്ക, ഇൻഡ്യ എന്നിവിടങ്ങളിലെ വനങ്ങളിൽ മരങ്ങളെ ചുറ്റി വളരുന്ന ഒരു വള്ളിച്ചെടിയാണ്[1]. രസായന ഔഷധമായി ഉപയോഗിക്കുന്ന അമൃത് രോഗങ്ങളെ ഇല്ലാതാക്കുകയും, മരണത്തെ അകറ്റുകയും ചെയ്യും എന്ന് ആയുർവേദമതം.[1] [2].ഇൻഡ്യൻ ജേണൽ ഒഫ് ഫാർമ്മക്കോളജി</ref> [1]. അമൃതിന്റെ ഇലകളിൽ 11.2% മാംസ്യവും നല്ലയളവിൽ കാത്സ്യം, ഫോസ്ഫറസ് എന്നിവയും കാണുന്നതിനാൽ കാലിത്തീറ്റയായി ഉപയോഗിക്കുന്നുണ്ട്[2][3] സാധാരണ കാലാവസ്ഥകളിൽ വളരുന്ന ഒരു വള്ളിച്ചെടിയാണിത്. ഇത് ഔഷധമായി ഉപയോഗിക്കപ്പെടുന്നു.
ഉള്ളടക്കം |
[തിരുത്തുക] തരങ്ങൾ
- ചിറ്റമൃത് റ്റീനൊസ്പോറ കോർഡിഫോലിയ ഔഷധമായുപയോഗിക്കുന്നു. വള്ളികളിൽ നിന്ന് പച്ച നിറത്തിൽ സ്വാംശീകാരവേരുകൾ തൂങ്ങിക്കിടക്കുന്നു.[1].
- കാട്ടമൃത് റ്റീനോസ്പോറ മലബാറിക്ക ചിറ്റമൃതിനേക്കാൾ വലിയ ഇലകൾ, ഇളം തണ്ടിലും ഇലകളുടെ അടിവശത്തും വെള്ള രോമങ്ങൾ കാണുന്നു.[1].
- കിഴങ്ങിൽ നിന്ന് മുളച്ചു വരുന്ന തരം ചിറ്റമൃതിന് കന്ദോത്ഭവ, കന്ദാമൃതാ, പിണ്ഡഗുളൂചിക തുടങ്ങിയ പര്യായങ്ങളുമുണ്ട്.[4]
[തിരുത്തുക] പ്രത്യേകതകൾ
കടും പച്ചനിറവും ഹൃദയാകാരവുമുള്ള ഇലകൾ ഏകാന്തരന്യാസത്തിൽ ക്രമീകരിച്ചിരിക്കുന്നു. വള്ളിക്ക് വിരലിന്റെ കനമേ കാണുകയുള്ളു. വള്ളിയുടെ പുറത്ത് ഇളം തവിട്ടുനിറത്തിൽ നേരിയ ഒരു തൊലിയുണ്ട്. ഈ തൊലി മാറ്റിയാൽ നല്ല പച്ചനിറമായിരിക്കും. ആകൃതിയിൽ അല്പംകൂടി ചെറുതും നിറം അല്പം കുറഞ്ഞതുമായ അമൃതിനെ ചിറ്റമൃത് എന്നു വിളിക്കുന്നു. കാട്ടമൃതിന്റെ (ടി. മലബാറിക്ക) ഇല വലുപ്പം കൂടിയതാണ്. ഇളംതണ്ടിലും ഇലയുടെ അടിവശത്തും വെള്ളലോമങ്ങളുണ്ട്.
ചിറ്റമൃതിന്റെ വള്ളിയാണ് സാധാരണ ഔഷധമായി ഉപയോഗിക്കുന്നത്; കാട്ടമൃതും ഉപയോഗിക്കാറുണ്ട്. ചില സ്ഥലങ്ങളിൽ വേരും ഉപയോഗപ്പെടുത്തുന്നു. അനവധി രോഗങ്ങളെ ശമിപ്പിക്കാനുള്ള ശക്തി ഇതിനുണ്ട്. അതുകൊണ്ടാവാം, ഒരു പക്ഷേ, ഇതിന് അമൃത് എന്ന പേരുണ്ടായത്. പാലാഴിമഥനംത്തിൽകിട്ടിയ അമൃതം ഏതാനും തുള്ളികൾ സന്ദർഭവശാൽ ഭൂമിയിൽ വീഴാൻ ഇടയായെന്നും, അവ മുളച്ചുവളർന്നുണ്ടായതാണ് ഈ ചെടിയെന്നും ഒരു ഐതിഹ്യം ഉണ്ട്.
[തിരുത്തുക] ആയുർവേദ ഉപയോഗങ്ങൾ
ആയുർവേദ ഗ്രന്ഥങ്ങളിൽ ചിറ്റമൃതിന്റെ എല്ലാ ഭാഗങ്ങളും കറയും ഔഷധമായി ഉപയോഗിക്കുന്നു.മൂത്രാശയ രോഗങ്ങളിലും, ആമാശയ രോഗങ്ങളിലും, കരൾ സംബന്ധിയായ രോഗങ്ങളിലും, ത്വക് രോഗങ്ങളിലും, മറ്റ് ഔഷധങ്ങളുടെ കൂടെ പാമ്പ്, തേൾ വിഷ ചികിത്സയിലും ഉപയോഗിക്കുന്നു[3] തണ്ടിൽ നിന്ന് നിർമ്മിക്കുന്ന അരിഷ്ടം ലൈംഗികശേഷി വർദ്ധിപ്പിക്കും.[4][2] അമൃതാദി എണ്ണ ഉണ്ടാക്കുവാൻ ഉപയോഗിക്കുന്നു. [5]
ആയുർവേദവിധിപ്രകാരമുള്ള മിക്ക ഔഷധങ്ങളിലും അമൃത് ഒരു മുഖ്യഘടകമാണ്. കടുത്ത കയ്പുള്ള അമൃത് പചിച്ചുകഴിഞ്ഞാൽ മധുരരസമായിത്തീരുന്നു. രസായനഗുണമുള്ള ഈ പദാർഥത്തിന് മലത്തെ ശോഷിപ്പിക്കാൻ കഴിവുണ്ട്. കഷായാനുസരവും ലഘുവും ആയതിനാൽ ബലത്തേയും ജഠരാഗ്നിയേയും ഇത് വർധിപ്പിക്കുന്നു.
കാമില, കുഷ്ഠം, വാതവ്യാധികൾ, രക്തദൂഷ്യം, ജ്വരം, കൃമി, ഛർദി ഇവയെ നശിപ്പിക്കുകയും പ്രമേഹം, ശ്വാസരോഗം, കാസരോഗം, അർശസ്, മൂത്രകൃച്ഛ്രം, ഹൃദ്രോഗം എന്നിവയെ ശമിപ്പിക്കുകയും ചെയ്യുന്നു.
[തിരുത്തുക] ആധുനിക ഔഷധ ശാസ്ത്രം
അമൃതിൽ നിന്ന് വേർതിരിച്ചെടുത്തിട്ടുള്ള പ്രധാന ഘടകങ്ങൾ റ്റീനോകോർഡിഫോലിൻ tinocordifolin, റ്റീനോകോർഡിഫോലിയൊസൈഡ് tinocordifolioside, റ്റീനോസ്പോണോൺ tinosponone, റ്റീനോകോർഡിയോസൈഡ് tinocordioside, കോർഡിയോസൈഡ് cordioside, പൈക്രോരെറ്റിൻ picroretine, കൊളൊംബിൻ colombine, കൊളൂമ്പിൻ columbin, അറബിനോഗാലക്റ്റിൻ പോളീസാക്കറൈഡ് arabinogalactan polysaccharide തുടങ്ങിയവയാണ്[6][2]തണ്ടിൽ നിന്ന് വേർതിരിച്ചെടുത്ത അറബിനോഗാലക്റ്റിൻ പോളീസാക്കറൈഡ് എന്ന ഘടകം ശരീരത്തിന്റെ രോഗപ്രതിരോധ പ്രക്രീയയെ അത്യന്തം വേഗത്തിലാക്കുന്നു[2]. ത്വക്കിനെ ബാധിക്കുന്ന അർബുദം മറ്റ് ശരീര ഭാഗങ്ങളിലേക്ക് രക്തത്തിൽ കൂടി പകരുന്നത് തടയുന്നതിന് ഈ ഘടകത്തിന് സാധിക്കുന്നു.[2]. മറ്റ് ഔഷധങ്ങളുടെ കൂടെ ഉപയോഗിക്കുമ്പോൾ പ്രമേഹരോഗികളുടെ കാലുകളിൽ ഉണ്ടാകുന്ന ത്വക്-രോഗങ്ങളും നേത്രരോഗങ്ങളും ശമിപ്പിക്കുകയും, മുറിവുകൾ ഉണങ്ങുവാനുള്ള ശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു.[2][3]
പ്രമേഹ രോഗികളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുവാൻ അമൃതിനു സാധിക്കും[3]
ചില ഘടകങ്ങൾ ആസ്പിരിൻ, ഇന്റോമെതാസിൻ പോലെയുള്ള ആധുനിക ഔഷധങ്ങളോടൊപ്പം തന്നെ ഫലം നൽകുന്ന വേദന സംഹാരിയായി കണ്ടെത്തിയിട്ടുണ്ട്[3]. അമൃതിലെ സ്ജീവഘടകങ്ങൾക്ക് വാർദ്ധക്യത്തെ തടയുവാനുള്ള ശേഷിയുണ്ട്[7]
[തിരുത്തുക] ഔഷധ ഉപയോഗം (ആയുർവേദം)
അമൃതാരിഷ്ടം, ധന്വന്തരം തൈലം, ചെറിയ രാസ്നാദി കഷായം, വലിയ മർമ്മ ഗുളിക എന്നിവയിൽ ഉപയോഗിക്കുന്നു. [8]
[തിരുത്തുക] അവലംബം
- ↑ 1.0 1.1 1.2 1.3 1.4 വി. വി. ബാലകൃഷ്ണൻ; ചെടികളും അവയുടെ ഔഷധഗുണങ്ങളും; ഡി. സി. ബുക്സ് ISBN 81-713-0363-3
- ↑ 2.0 2.1 2.2 2.3 2.4 2.5 2.6 എൻസൈക്ലോപ്പീഡിയ ബ്രിട്ടാണിക്ക
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>ടാഗ്;ijpഎന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല. - ↑ 4.0 4.1 അഷ്ടാംഗഹൃദയം, സൂത്രസ്ഥാനം; വിവ., വ്യാ. വി. എം. കുട്ടികൃഷ്ണമേനോൻ; സാംസ്കാരിക വകുപ്പ്,(താളുകൾ 442-445)കേരള സർക്കാർ ISBN 81-86365-06-0
- ↑ ഔഷധ സസ്യങ്ങളുടെ അത്ഭുത പ്രപഞ്ചം- ശ്രീ. മാത്യു മടുക്കക്കുഴി- കറന്റു ബുക്സ്.
- ↑ മതർ ഹെർബ്
- ↑ VEENA R DESAI, J P KAMAT and K B SAINIS,Cell Biology Division, Bhabha Atomic Research Centre, Trombay; Immunomodulator from Tinospora cordifolia with antioxidant activity in cell-free systems;Indian Academy of Science (Chem. Sci.), Vol. 114, No. 6, December 2002, pp 713–719
- ↑ എം. ആശാ ശങ്കർ, പേജ്10 - ഔഷധ സസ്യങ്ങൾ കൃഷിയും ഉപയോഗവും, കേരള കാർഷിക സർവകലശാല.
| കടപ്പാട്: ഈ ലേഖനം, കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അമൃതവള്ളി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്കു് പകർത്തിയതിനു് ശേഷം പ്രസ്തുത ഉള്ളടക്കത്തിനു് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |