മമ്മിയൂർ മഹാദേവക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മമ്മിയൂർ മഹാദേവക്ഷേത്രം
മമ്മിയൂർ ക്ഷേത്രഗോപുരം
മമ്മിയൂർ ക്ഷേത്രഗോപുരം
മമ്മിയൂർ മഹാദേവക്ഷേത്രം is located in Kerala
മമ്മിയൂർ മഹാദേവക്ഷേത്രം
മമ്മിയൂർ മഹാദേവക്ഷേത്രം
ക്ഷേത്രത്തിന്റെ സ്ഥാനം
നിർദ്ദേശാങ്കങ്ങൾ: 10°35′59″N 76°2′9″E / 10.59972°N 76.03583°E / 10.59972; 76.03583
സ്ഥാനം
രാജ്യം: ഇന്ത്യ
സംസ്ഥാനം/പ്രൊവിൻസ്: കേരളം
ജില്ല: തൃശ്ശൂർ
പ്രദേശം: ഗുരുവായൂർ
Architecture and culture
പ്രധാന പ്രതിഷ്ഠ:: പരമശിവൻ
പ്രധാന ഉത്സവങ്ങൾ: ശിവരാത്രി

തൃശ്ശൂർ ജില്ലയിലെ ഗുരുവായൂരിനടുത്ത് സ്ഥിതിചെയ്യുന്ന പുരാതന ശിവക്ഷേത്രമാണ് മമ്മിയൂർ മഹാദേവക്ഷേത്രം. പഴയ കേരളത്തിലെ നൂറ്റെട്ട് ശിവക്ഷേത്രങ്ങളിൽ പറയപ്പെടുന്ന ശിവക്ഷേത്രമാണ്.[1]. വൈഷ്ണവാംശഭൂതനായ ശ്രീ പരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ടു എന്ന് ഐതിഹ്യമുള്ള ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠയായ മമ്മിയൂരപ്പന്റെ (ശിവൻ) സാന്നിധ്യം ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്ര പ്രതിഷ്ഠാസമയത്ത് ഉണ്ടായിരുന്നുവെന്ന് ഐതിഹ്യം[2]. ഗുരുവായൂർ ക്ഷേത്രത്തിനു അടുത്തായി വടക്കുപടിഞ്ഞാറ്‌ ഭാഗത്തു സ്ഥിതി ചെയ്യുന്നു. ഗുരുവായൂരിൽ പോകുന്ന എല്ലാ ഭക്തജനങ്ങളും ഇവിടെയും പോകണം എന്നാണ് ആചാരം.

മമ്മിയൂർ മഹാദേവക്ഷേത്രം

ക്ഷേത്രത്തിൽ ഹിന്ദുക്കൾക്ക് മാത്രമേ പ്രവേശനമുള്ളൂ ശിവനാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ . ശിവൻറെ ശ്രീകോവിലിൻറെ പിന്നിൽ പാർവതി സാന്നിധ്യമരുളുന്നു. കൂടാതെ വിഷ്ണുവും ക്ഷേത്രത്തിൽ പ്രധാനമാണ്. ശിവനും വിഷ്ണുവും കിഴക്കോട്ട് ദർശനമായാണ്. സ്വയംഭൂവാണ് ശിവലിംഗം. ശിവൻ ഇവിടെ രൗദ്രഭാവത്തിലാണ്. അതൊഴിവാക്കാനാണത്രേ സമീപത്തുതന്നെ വിഷ്ണുപ്രതിഷ്ഠയും നടത്തിയത്. ശിവൻ ഇവിടെ ഗൃഹസ്ഥനായി വാഴുന്നു. വാമാംഗത്തിൽ പാർവതിയും ചുറ്റും പുത്രന്മാരായ ഗണപതി, സുബ്രഹ്മണ്യൻ, അയ്യപ്പൻ എന്നിവരും പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു.

ഉപദേവതകൾ[തിരുത്തുക]

ക്ഷേത്രത്തിലെ ഉപദേവതകൾ- ഗണപതി, സുബ്രഹ്മണ്യൻ, അയ്യപ്പൻ, ഭഗവതി, രക്ഷസ്സ്, നാഗദേവത എന്നിവരാണ്.

വിശേഷങ്ങൾ[തിരുത്തുക]

ക്ഷേത്രത്തിൽ മൂന്ന്‌ പൂജയുണ്ട്‌. പുഴക്കര ചേന്നാസ്സ് നമ്പൂതിരിയാണ്‌ ഈ ക്ഷേത്രത്തിലെയും തന്ത്രി. ശിവരാത്രിയാണ് മുഖ്യ ആഘോഷം. വിഷ്ണുവിന് അഷ്ടമിരോഹിണി വിശേഷാൽ പൂജയും ആഘോഷങ്ങളും ഉണ്ട്‌. ക്ഷേത്രം മുമ്പ്‌ 72 ഇല്ലക്കാരുടെതായിരുന്നു എന്നും അവർ അന്യം വന്നപ്പോൾ സാമൂതിരിയുടേതായിത്തീർന്നു എന്നും പറയുന്നു. ഇപ്പോൾ മലബാർ ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിലുള്ള കമ്മിറ്റിയാണ് ഭരണം നടത്തുന്നത്‌.

ഐതിഹ്യങ്ങൾ[തിരുത്തുക]

പാതാള അഞ്ജനം കൊണ്ടു വിഷ്ണു തന്നെ തീർത്ത ഗുരുവായൂരിലെ വിഷ്ണുവിഗ്രഹത്തെ ശിവൻ ആരാധിച്ചിരുന്നു എന്നാണ് ഐതിഹ്യം. ബ്രഹ്മാവിന് ശിവൻ ഈ വിഗ്രഹം സമ്മാനിച്ചു. പ്രജാപതിയായ സുതപനും അദ്ദേഹത്തിന്റെ പത്നിയായ പ്രശ്നിയും ബ്രഹ്മാവിനെ വിളിച്ച് തപസ്സനുഷ്ഠിച്ചു. ഈ തപസ്സിൽ സം‌പ്രീതനായ ബ്രഹ്മാവ് ഇവർക്ക് ഈ വിഗ്രഹം സമ്മാനിച്ചു. വിഗ്രഹത്തെ അതിഭക്തിയോടെ ഇവർ ആരാധിക്കുന്നതു കണ്ട വിഷ്ണു ഇവരുടെ മുൻപിൽ അവതരിച്ച് വരം ചോദിക്കുവാൻ ആവശ്യപ്പെട്ടു. വിഷ്ണുവിനെ കണ്ട ആഹ്ലാദത്തിൽ ഇരുവരും നാലുതവണ “വിഷ്ണുസമാനനായ ഒരു മകനെ വേണം” എന്ന് ആവശ്യപ്പെട്ടു. വിഷ്ണു നാലുജന്മങ്ങളിൽ ഇവരുടെ മകനായി ജനിക്കാമെന്നും ഈ നാലുജന്മങ്ങളിലും ഇവർക്ക് ബ്രഹ്മാവിൽ നിന്ന് വിഗ്രഹം ലഭിക്കും എന്നും വരം കൊടുത്തു.

സത്യയുഗത്തിലെ ഒന്നാം ജന്മത്തിൽ മഹാവിഷ്ണു സുതപന്റെയും പ്രശ്നിയുടെയും മകനായി പ്രശ്നിഗർഭൻ ആയി ജനിച്ചു. പ്രശ്നിയുടെ ഗർഭത്തിൽ പിറന്നവനെന്നാണ് ആ പേരിന്റെ അർത്ഥം തന്നെ. പ്രശ്നിഗർഭൻ ലോകത്തിന് ബ്രഹ്മചാര്യത്തിന്റെ പ്രാധാന്യം പഠിപ്പിച്ചു കൊടുത്തു.

ത്രേതായുഗത്തിൽ സുതപനും പത്നി പ്രശ്നിയും യഥാക്രമം കശ്യപനും അദിതിയുമായി ജനിച്ചു. മഹാവിഷ്ണു രണ്ടാമത്തെ ജന്മത്തിൽ അവരുടെ മകനായ വാമന'നായി ജനിച്ചു. വാമനൻ മഹാബലിയുടെ ഗർവ്വ് ഒഴിവാക്കി പാദംകൊണ്ട് അദ്ദേഹത്തെ അനുഗ്രഹിച്ച് പാതാളത്തിലെത്തിച്ചു.

ത്രേതായുഗത്തിൽത്തന്നെ സുതപനും പ്രശ്നിയും യഥാക്രമം ദശരഥനും കൗസല്യയുമായി ജനിച്ചു. മഹാവിഷ്ണു മൂന്നാമത്തെ ജന്മത്തിൽ അവരുടെ മകനായ ശ്രീരാമനായി ജനിച്ചു. ശ്രീരാമൻ മനുഷ്യനായി ജീവിച്ചുകാണിച്ചു.

ദ്വാപരയുഗത്തിൽ സുതപനും പ്രശ്നിയും യഥാക്രമം വസുദേവരും ദേവകിയുമായി ജനിച്ചു. മഹാവിഷ്ണു നാലാമത്തെ ജന്മത്തിൽ അവരുടെ മകനായ ശ്രീകൃഷ്ണനായി ജനിച്ചു. ശ്രീകൃഷ്ണൻ ഉപദേശങ്ങൾ ചെയ്തുപോന്നു.

ധൗമ്യനാണ് ഇവർക്ക് ഈ വിഗ്രഹം ആരാധനയ്ക്കായി നൽകിയത് എന്നു കരുതപ്പെടുന്നു. ശ്രീകൃഷ്ണൻ ദ്വാരകയിൽ ഒരു വലിയ ക്ഷേത്രം നിർമ്മിച്ച് ഈ വിഗ്രഹം ഇവിടെ പ്രതിഷ്ഠിച്ചു. സ്വർഗ്ഗാരോഹണ സമയത്ത് കൃഷ്ണൻ തന്റെ ഭക്തനായ ഉദ്ധവനോട് ഈ വിഗ്രഹം ദേവലോകത്തെ ഗുരുവായ ബൃഹസ്പതിയുടെയും വായു ദേവന്റെയും സഹായത്തോടെ ഒരു പുണ്യസ്ഥലത്ത് പ്രതിഷ്ഠിക്കുവാൻ പറഞ്ഞു. ഗുരുവും വായുവും ഈ വിഗ്രഹവുമായി തെക്കുള്ള ഒരു സ്ഥലത്തെത്തി വിഗ്രഹം പ്രതിഷ്ഠിച്ചു. ഗുരുവും വായുവും വന്ന ഊര് (സ്ഥലം) എന്നതിൽ നിന്നാണ് ഗുരുവായൂർ എന്ന സ്ഥലപ്പേര് ഉണ്ടായത്. ശിവനും പാർവ്വതിയും ഈ വിഗ്രഹം പ്രതിഷ്ഠിക്കുന്ന പുണ്യമുഹൂർത്തത്തിൽ അവിടെ ഉണ്ടായിരുന്നു എന്നും എല്ലാവർക്കും നിൽക്കുവാൻ ക്ഷേത്രത്തിനടുത്ത് സ്ഥലം ഇല്ലാത്തതുകൊണ്ട് ശിവൻ അല്പം മാറി മമ്മിയൂർ ക്ഷേത്രം നിൽക്കുന്ന സ്ഥലത്തുനിന്ന് അനുഗ്രഹങ്ങൾ വർഷിച്ചു എന്നുമാണ് ഐതിഹ്യം. ഗുരുവായൂർ ക്ഷേത്രത്തിൽ നിന്നും 10 മിനിറ്റ് നടക്കാവുന്ന ദൂരത്തിലാണ് മമ്മിയൂർ ക്ഷേത്രം.

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

Commons:Category
വിക്കിമീഡിയ കോമൺസിലെ Mammiyoor Temple എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
  1. കുഞ്ഞികുട്ടൻ ഇളയതിൻറെ “108 ശിവക്ഷേത്രങ്ങൾ
  2. കുഞ്ഞികുട്ടൻ ഇളയതിൻറെ “108 ശിവക്ഷേത്രങ്ങൾ
"http://ml.wikipedia.org/w/index.php?title=മമ്മിയൂർ_മഹാദേവക്ഷേത്രം&oldid=2119575" എന്ന താളിൽനിന്നു ശേഖരിച്ചത്