അതിരപ്പിള്ളി വെള്ളച്ചാട്ടം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അതിരപ്പിള്ളി വെള്ളച്ചാട്ടം
അതിരപ്പിള്ളി വെള്ളച്ചാട്ടം വിദൂര ദൃശ്യം
Locationചാലക്കുടി തൃശ്ശൂർ, കേരളം,ഇന്ത്യ
TypeSegmented
Elevation120 m (390 ft)
Total height25 m (82 ft)
Number of drops4
Total width100 m (330 ft)
Average
flow rate
52 m3/s (1,836 cu ft/s)
അതിരപ്പിള്ളി വെള്ളച്ചാട്ടം

കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ചാലക്കുടിക്ക് കിഴക്കായി അതിരപ്പിള്ളി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ജലപാതമാണ് അതിരപ്പിള്ളി വെള്ളച്ചാട്ടം. ഏതാണ്ട് 24 മീ. ഉയരത്തിൽ നിന്നും താഴേക്കുപതിക്കുന്ന ഈ ജലപാതം ചാലക്കുടിപ്പുഴയിലാണ്.

വനത്താൽ ചുറ്റപ്പെട്ടതും, ധാരാളം പക്ഷികളുടെ വാസസ്ഥലവുമാണ്‌ ഇവിടം. ജില്ലാ വിനോദസഞ്ചാര വികസന കോർപ്പറേഷന്റെ വികസന പദ്ധതികളുടെ ഭാഗമായി വിനോദസഞ്ചാരികൾ കൂടുതലായി സന്ദർശിക്കാൻ തുടങ്ങിയിട്ടുണ്ട്. വിനോദസഞ്ചാരികളുടെ ബാഹുല്യം ഇവിടത്തെ പ്രകൃതി-പരിസ്ഥിതി വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചു[അവലംബം ആവശ്യമാണ്]. അടുത്ത് രണ്ടു സ്ഥലങ്ങളിലായി ചാർപ്പ വെള്ളച്ചാട്ടം, വാഴച്ചാൽ വെള്ളച്ചാട്ടം എന്നിവ കാണാം.

സവിശേഷതകൾ.

അതിരപ്പള്ളി ജലപാതത്തിന് ഇരു പാർശ്വങ്ങളിലുമായി സ്ഥിതിചെയ്യുന്ന നിബിഢ വനങ്ങൾ അപൂർവ ജൈവസമ്പത്തിന്റെ കലവറയാണ്. ഇരുൾ, ഇലവ്, വെൺതേക്ക്, മരുത്, വേങ്ങ, കാഞ്ഞിരം, മരോട്ടി, തേക്ക്, വീട്ടി തുടങ്ങിയ വാണിജ്യപ്രാധാന്യമുള്ള നിരവധി വൃക്ഷങ്ങൾ ഇവിടെ വളരുന്നു. വേഴാമ്പൽ, വാനമ്പാടി, കൃഷ്ണപ്പരുന്ത്, മാടത്ത, കാട്ടിലക്കിളി, ശരപക്ഷി തുടങ്ങിയ നിരവധി പക്ഷികളുടെയും ആന, കാട്ടുപോത്ത്, വെരുക്, കടുവ, കരിങ്കുരങ്ങ്, സിംഹവാലൻ കുരങ്ങ്, കുട്ടിതേവാങ്ക് തുടങ്ങിയ ജന്തുക്കളുടെയും വിവിധയിനം ചിത്രശലഭങ്ങളുടെയും ആവാസകേന്ദ്രം കൂടിയാണ് ഈ വനപ്രദേശം. കാടർ, മലയർ, തുടങ്ങിയ ആദിവാസിവിഭാഗങ്ങൾ ഇവിടത്തെ വനങ്ങളിൽ നിവസിക്കുന്നു.

വംശനാശഭീഷണി നേരിടുന്നതും അതിരപ്പിള്ളി വാഴച്ചാൽ വനമേഖലയിൽ കാണപ്പെടുന്നതുമായ തദ്ദേശീയ മൽസ്യയിനങ്ങൾ[1][തിരുത്തുക]

നമ്പർ തദ്ദേശീയ നാമം ശാസ്ത്രീയ നാമം സംരക്ഷണ പദവി
1 കൊയ്മ Mesonoemacheilus herrei ഗുരുതരമായ വശനാശഭീഷണിയിൽ
2 നെടും കൽനക്കി Travancoria elongata വംശനാശഭീഷണിയിൽ
3 കുള്ളൻ കൽനക്കി Travancoria jonesi വംശനാശഭീഷണിയിൽ
4 കാളക്കൊടിയൻ Dawkinsia assimilis വംശനാശസാധ്യതയുള്ളവ
5 ഞെഴു/കല്ലേമുട്ടി Garra surendranathanii വംശനാശഭീഷണിയിൽ
6 കുഴികുത്തി Gonoproktopterus thomassi ഗുരുതരമായ വശനാശഭീഷണിയിൽ
7 വെള്ളിച്ചി/വരയൻ ചീല Laubuca fasciata വംശനാശസാധ്യതയുള്ളവ
8 മോഡോൻ Osteochilus longidorsalis വംശനാശഭീഷണിയിൽ
9 ചെങ്കണ്ണിയാൻ Sahyadria chalakkudiensis വംശനാശഭീഷണിയിൽ
10 ചൂര/കുയിൽ Tor khudree വംശനാശഭീഷണിയിൽ
11 നീലക്കൂരി Batasio travancoria വംശനാശസാധ്യതയുള്ളവ
12 മഞ്ഞക്കൂരി Horabagrus brachysoma വംശനാശസാധ്യതയുള്ളവ
13 കറുകഴുത്തൻ മഞ്ഞക്കൂരി Horabagrus nigricollaris വംശനാശഭീഷണിയിൽ
14 വെള്ളിവാള Pseudeturopius mitchelli വംശനാശഭീഷണിയിൽ
15 ആറ്റുണ്ട Carinotteraodon travancoricus വംശനാശസാധ്യതയുള്ളവ

വാഴച്ചാൽ ജലപാതത്തിന് സു. 400 മീ. മുകളിലായി ജലവൈദ്യുതോർജ്ജ ഉത്പാദനം ലക്ഷ്യമാക്കി നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന അണക്കെട്ട് ഉൾപ്പെടെയുള്ള അതിരപ്പള്ളി ജല വൈദ്യുത പദ്ധതി, നിർമ്മാണ പ്രവർത്തനങ്ങൾ ഇവിടുത്തെ പരിസ്ഥിതിയെ പ്രതികൂലമായി ബാധിക്കുമെന്ന പരിസ്ഥിതി പ്രവർത്തകരുടെ എതിർപ്പിനെ തുടർന്ന് അനിശ്ചിതാവസ്ഥയിലാണ്.

മലയാളം, തമിഴ്, ഹിന്ദി സിനിമകളുടെ ഒരു ഇഷ്ടലൊക്കേഷൻ കൂടിയാണ്‌ ആതിരപ്പിള്ളി. സംവിധയകൻ മണിരത്നത്തിന്റെ 'രാവൺ' എന്ന സിനിമയിലെ ഒരു പ്രശസ്തമായ സംഗീതരംഗം ചിത്രീകരിച്ചത് ഇവിടെയാണ്‌. ബഹുഭാഷാ ബിഗ് ബജറ്റ് ചിത്രമായ ബാഹുബലിയിലെ പ്രശസ്തമായ വെള്ളച്ചാട്ട രംഗങ്ങൾ അതിരപ്പിള്ളിയിൽ ചിത്രീകരിച്ച് ഗ്രാഫിക്സിൻറെ സഹായത്തോടെ വിപുലീകരിച്ചവയാണ്.[2]

വാഴച്ചാലിൽ പാറക്കെട്ടുകൾക്കിടയിലൂടെ ഒഴുകുന്ന വെള്ളത്തിന്റെ അപകട സാദ്ധ്യതയും മുന്നറിയിപ്പ് ബോർഡുകളും വകവയ്ക്കാതെ അലക്ഷ്യമായി വെള്ളത്തിലിറങ്ങിയുള്ള വിനോദങ്ങൾ പലപ്പോഴായി 35-ൽ ഏറെ ആളുകളുടെ- കൂടുതലും യുവാക്കളുടെ - ജീവഹാനിക്ക് ഇടയാക്കിയിട്ടുണ്ട്.

വിവാദങ്ങൾ[തിരുത്തുക]

അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയെപ്പറ്റി അടുത്തിടെ ഉണ്ടായിട്ടുള്ള വിവാദങ്ങൾ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു[3]. വാഴച്ചാൽ ജലപാതത്തിന് സു. 400 മീ. മുകളിലായി ജലവൈദ്യുതോർജ്ജ ഉത്പാദനം ലക്ഷ്യമാക്കി നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന അതിരപ്പള്ളി അണക്കെട്ടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഇവിടുത്തെ പരിസ്ഥിതിയെ പ്രതികൂലമായി ബാധിക്കുമെന്ന പരിസ്ഥിതി പ്രവർത്തകരുടെ എതിർപ്പിനെ തുടർന്ന് അനിശ്ചിതാവസ്ഥയിലാണ്. അതിരപ്പിള്ളി പദ്ധതിയ്ക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നിയോഗിച്ച മാധവ് ഗാഡ്ഗിൽ സമിതി 2011 സെപ്റ്റംബറിൽ അനുമതി നിഷേധിച്ചു[4]. 2009-ലാണ് പരിസ്ഥിതി മന്ത്രാലയം ഈ സമിതിയെ നിയോഗിച്ചത്.

എത്തിച്ചേരാൻ[തിരുത്തുക]

ചാലക്കുടിക്ക് 30 കിലോമീറ്റർ കിഴക്കായും,തൃശ്ശൂരിൽനിന്നും ഏകദേശം 32 കിലോമീറ്റർ തെക്കു കിഴക്കായുമാണ് ചാലക്കുടിപ്പുഴയിലുള്ള ഈ വെള്ളച്ചാട്ടം. ഇത് ചാലക്കുടി - വാൽപ്പാ‍റ റോഡിനരികിലാണ് . വാഴച്ചാൽ വെള്ളച്ചാട്ടം 5 കിലോമീറ്റർ അകലെ ഇതേ റോഡരുകിൽ തന്നെയാണ്.

സമീപ ആകർഷണ കേന്ദ്രങ്ങൾ[തിരുത്തുക]

ചിത്രശാല[തിരുത്തുക]

ഇതുകൂടി കാണുക[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. കൂട് മാസിക, മാർച്ച് 2015, താൾ 37
  2. "waterfalls used in BAHUBALI movie- Athirapally". Archived from the original on 2016-03-22. Retrieved 7 മാർച്ച് 2016.
  3. http://www.mail-archive.com/greenyouth@googlegroups.com/msg00176.html
  4. "http://www.mathrubhumi.com/story.php?id=213090 മാതൃഭൂമി ഓൺലൈൻ". {{cite news}}: |access-date= requires |url= (help); Check date values in: |accessdate= (help); External link in |title= (help)