മരുത്തോർവട്ടം ധന്വന്തരിക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മരുത്തോർവട്ടം ശ്രീധന്വന്തരീക്ഷേത്രം
പേരുകൾ
ദേവനാഗിരി:मरुत्तोर्वट्टम श्री धन्वन्तरी मन्दिर
തമിഴ്:மருத்தோர்வட்டம் ஸ்ரீ தன்வந்தரி கோவில்
സ്ഥാനം
രാജ്യം:ഇന്ത്യ
സംസ്ഥാനം/പ്രൊവിൻസ്:കേരളം
ജില്ല:ആലപ്പുഴ
പ്രദേശം:മരുത്തോർവട്ടം
വാസ്തുശൈലി, സംസ്കാരം
പ്രധാന പ്രതിഷ്ഠ:ധന്വന്തരി
പ്രധാന ഉത്സവങ്ങൾ:തിരുവുത്സവം, ധന്വന്തരി ജയന്തി
ചരിത്രം
ക്ഷേത്രഭരണസമിതി:ശ്രീ ധന്വന്തരിവിലാസം എൻ.എസ്.എസ്. കരയോഗം

ആലപ്പുഴ ജില്ലയിലുള്ള പ്രസിദ്ധമായ ഒരു ക്ഷേത്രമാണ് മരുത്തോർവട്ടം ശ്രീധന്വന്തരീക്ഷേത്രം. ചേർത്തല താലൂക്കിൽ തണ്ണീർമുക്കം പഞ്ചായത്തിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ആയുർവ്വേദത്തിന്റെ ആധാരമൂർത്തിയായ ധന്വന്തരി മുഖ്യപ്രതിഷ്ഠയായി വരുന്ന ഭാരതത്തിലെ അപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണിത്. രോഗശാന്തിയ്ക്ക് ധന്വന്തരീഭജനം അത്യുത്തമമായി കണക്കാക്കപ്പെടുന്നു. അതിനാൽ, രോഗപീഡകൾ കൊണ്ട് വലയുന്നവർ ഇവിടെ വന്ന് പ്രാർത്ഥിയ്ക്കുന്നു. ഇവിടത്തെ മുക്കുടി നിവേദ്യവും താൾക്കറിയും പ്രസിദ്ധമാണ്. വേമ്പനാട്ട് കായലിന്റെ പടിഞ്ഞാറേക്കരയിൽ പടിഞ്ഞാറോട്ട് ദർശനമായാണ് മരുത്തോർവട്ടം ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഉപദേവതകളായി ഗണപതി, ശിവൻ, ശാസ്താവ്, ദുർഗ്ഗ, നാഗദൈവങ്ങൾ, ബ്രഹ്മരക്ഷസ്സ് തുടങ്ങിയവരും ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. കൂടാതെ, ക്ഷേത്രത്തിന് എതിർവശത്തായി ഒരു ഭദ്രകാളിക്ഷേത്രവുമുണ്ട്. മേടമാസത്തിലെ തിരുവോണം നാളിൽ ആറാട്ടായി നടത്തപ്പെടുന്ന പത്തുദിവസത്തെ കൊടിയേറ്റുത്സവമാണ് ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷം. കൂടാതെ തുലാമാസത്തിലെ ധന്വന്തരി ജയന്തി, ചിങ്ങമാസത്തിലെ അഷ്ടമിരോഹിണി, കർക്കടകം, തുലാം, കുംഭം എന്നീമാസങ്ങളിലെ അമാവാസി എന്നിവയും പ്രധാനമാണ്. ശ്രീ ധന്വന്തരിവിലാസം എൻ.എസ്.എസ്. കരയോഗമാണ് ക്ഷേത്രഭരണം നടത്തുന്നത്.

ഐതിഹ്യം[തിരുത്തുക]

അത്ര പുരാതനമായ ക്ഷേത്രമല്ല മരുത്തോർവട്ടത്തുള്ളതെന്ന് കവിയും ചരിത്രകാരനുമായിരുന്ന നാലാങ്കൽ കൃഷ്ണപിള്ള തന്റെ പ്രസിദ്ധ കൃതിയായ മഹാക്ഷേത്രങ്ങൾക്കു മുന്നിലിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അതിൽ പറയുന്ന കഥയനുസരിച്ച് ഏകദേശം മുന്നൂറു വർഷം പഴക്കമേ ക്ഷേത്രത്തിനുള്ളൂ. ആയുർവേദാചാര്യനായിരുന്ന വെള്ളാട് നമ്പൂതിരിയുമായി ബന്ധപ്പെട്ട കഥയാണത്. കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിലും ഈ കഥയെപ്പറ്റി പരാമർശമുണ്ട്.[1] അതിങ്ങനെ:

വെള്ളാട് നമ്പൂതിരിയുടെ ഇല്ലം ആദ്യകാലത്ത് രണ്ട് ഇല്ലങ്ങളായിരുന്നു. രണ്ടും കൊച്ചി രാജ്യത്താണ് താമസിച്ചിരുന്നത്. ഒരു ഇല്ലം ഇന്ന് തൃശ്ശൂർ ജില്ലയിലുള്ള ചാലക്കുടിയിലും, മറ്റൊരു ഇല്ലം ഇന്ന് എറണാകുളം ജില്ലയിലുള്ള എളങ്കുന്നപ്പുഴയിലും താമസിച്ചുവന്നു. ആദ്യത്തെ ഇല്ലം 'ഉഭയൂർ ഇല്ലം' എന്നും രണ്ടാമത്തെ ഇല്ലം 'അടിയാക്കൽ ഇല്ലം' എന്നും അറിയപ്പെട്ടു. രണ്ട് ഇല്ലക്കാരും കൊല്ലവർഷം 900-ത്തിലോ മറ്റോ തിരുവിതാംകൂറിൽ വരികയും, ഒരു ഇല്ലം വൈക്കത്തും മറ്റേ ഇല്ലം മരുത്തോർവട്ടത്തും താമസമാക്കുകയും ചെയ്തു. രണ്ടില്ലങ്ങളും അപ്പോൾ പേര് 'വെള്ളാട്ട് ഇല്ലം' എന്നാക്കി പേരുമാറ്റി. ഇവയിൽ വൈക്കത്തെ ഇല്ലം ഇപ്പോഴുമുണ്ട്. എന്നാൽ, ക്ഷേത്രം ഉണ്ടാകാൻ കാരണമായത് മറ്റൊരു സംഭവമാണ്. അതിങ്ങനെ:

ചേർത്തലയ്ക്കടുത്തുള്ള വയലാർ ഗ്രാമത്തിൽ തികഞ്ഞ ശിവഭക്തനായ ഒരു തമ്പാൻ താമസിച്ചിരുന്നു. ഒരിയ്ക്കൽ അദ്ദേഹത്തിന് അതികഠിനമായ വയറുവേദന അനുഭവപ്പെട്ടു. എത്ര ചികിത്സിച്ചിട്ടും വയറുവേദന ഭേദമായില്ല. അവസാനം അദ്ദേഹം വൈക്കം മഹാദേവക്ഷേത്രത്തിൽ ഭജനയ്ക്കെത്തി. ഒരു വർഷം കഠിനനിഷ്ഠയോടെ തമ്പാൻ വൈക്കത്തപ്പനെ ഭജിച്ചു. ഒടുവിൽ അദ്ദേഹത്തിന്റെ വയറുവേദനയ്ക്ക് വലിയൊരളവുവരെ ശമനമുണ്ടായി. എന്നാൽ, ഭജനം തീരുന്നതിന്റെ തലേദിവസം തമ്പാന് ജടാധാരിയായ ഒരു വൃദ്ധതാപസന്റെ വേഷത്തിൽ വൈക്കത്തപ്പന്റെ സ്വപ്നദർശനമുണ്ടായി. വൈക്കത്തപ്പൻ ഇങ്ങനെ പറഞ്ഞു:

ഭക്താ, നിന്റെ വയറുവേദന പൂർണ്ണമായി മാറിയിട്ടില്ല. അത് എന്റെ ഈ സന്നിധിയിലുള്ളപ്പോൾ നിനക്ക് വരില്ല. എന്നാൽ, ഇവിടം വിട്ടാൽ അത് പൂർവ്വാധികം ശക്തിയോടെ തിരിച്ചുവരും. വേദന പൂർണ്ണമായും മാറാൻ ഒരു വഴിയേയുള്ളൂ. ചേർത്തല തെക്കുമ്മുറിയിൽ 'കേളൻകുളം' എന്ന പേരിൽ അത്യഗാധമായ ഒരു കുളമുണ്ട്. അവിടെ നീ മുങ്ങിത്തപ്പണം. അവിടെ മൂന്ന് വിഗ്രഹങ്ങൾ ജലാധിവാസമേറ്റുകിടക്കുന്നുണ്ട്. അവയിൽ ആദ്യം ലഭിയ്ക്കുന്ന വിഗ്രഹം അത്യുഗ്രഭാവത്തിലുള്ളതാണ്. അത് പൂജിയ്ക്കാൻ ശക്തിയുള്ളവരാരും ഇന്നില്ല. രണ്ടാമത് കിട്ടുന്നത് ധന്വന്തരിമൂർത്തിയുടെ ഒരു വിഗ്രഹമാണ്. അത് ഒരു ഉത്തമബ്രാഹ്മണന് ദാനം ചെയ്യണം. മൂന്നാമത്തേത് ഒരു വിഷ്ണുവിഗ്രഹമായിരിയ്ക്കും. അത് നിന്റെ വീടിനടുത്ത് ക്ഷേത്രം പണിത് പൂജ നടത്തണം. ഇത്രയും ചെയ്താൽ നിന്റെ വേദന ഭേദമാകും.

തമ്പാൻ ഇത് ആദ്യം വിശ്വസിച്ചില്ല. ഇത്രയും ഭേദമായ വയറുവേദന തിരിച്ചുവരും എന്നൊക്കെ പറഞ്ഞത് അദ്ദേഹത്തിന് ദുസ്സഹമായി തോന്നി. എന്നാൽ, ഭജനം പൂർത്തിയാക്കി നാട്ടിൽ തിരിച്ചെത്തിയതും അദ്ദേഹത്തിന് വയറുവേദന പൂർവ്വാധികം ശക്തിയോടെ അനുഭവപ്പെടാൻ തുടങ്ങി. എന്തായാലും സ്വപ്നത്തിൽ പറഞ്ഞതുപ്രകാരം നോക്കാൻ തീരുമാനിച്ച അദ്ദേഹം കേളൻകുളത്തിൽ മുങ്ങിത്തപ്പി. ആദ്യം കിട്ടിയത് അത്യുഗ്രഭാവത്തിലുള്ള വിഗ്രഹമായിരുന്നു. അത് അദ്ദേഹം അവിടെത്തന്നെ ഉപേക്ഷിച്ചു. പിന്നീട് അദ്ദേഹത്തിന് ഒരു ധന്വന്തരീവിഗ്രഹവും അവസാനം ഒരു വിഷ്ണുവിഗ്രഹവും ലഭിച്ചു. ധന്വന്തരിവിഗ്രഹം അദ്ദേഹം വെള്ളാട് നമ്പൂതിരിയ്ക്ക് സമ്മാനിച്ചു. വിഷ്ണുവിഗ്രഹം അദ്ദേഹം തന്റെ വീടിനടുത്ത് ഒരു ക്ഷേത്രമുണ്ടാക്കി അവിടെ പ്രതിഷ്ഠിച്ചു. അതാണ് ഇപ്പോൾ കേരളാദിത്യപുരം ശ്രീകൃഷ്ണസ്വാമിക്ഷേത്രം എന്നറിയപ്പെടുന്നത്. ഇത് തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രമാണ്. ഇത്രയും ചെയ്തതോടെ തമ്പാന്റെ വയറുവേദന ഭേദമാകുകയും അദ്ദേഹം അരോഗദൃഢഗാത്രനായി ദീർഘനാൾ ജീവിയ്ക്കുകയും ചെയ്തു.

തമ്പാന്റെ കയ്യിൽ നിന്ന് ലഭിച്ച ധന്വന്തരിവിഗ്രഹം വെള്ളാട് നമ്പൂതിരി തന്റെ ഇല്ലത്തെ തേവാരപ്പുരയിൽ പ്രതിഷ്ഠിച്ച് ഭക്തിപൂർവ്വം ആരാധിച്ചുതുടങ്ങി. ഇക്കാലത്താണ് മലബാർ സ്വദേശിയായ അഷ്ടവൈദ്യൻ ചീരട്ടമൺ മൂസ് മരുത്തോർവട്ടത്തെത്തുന്നത്. ടിപ്പു സുൽത്താന്റെ പടയോട്ടമാണ് ചീരട്ടമണ്ണിനെ മരുത്തോർവട്ടത്തെത്തിച്ചത്. വെള്ളാട് നമ്പൂതിരിയുടെ കയ്യിൽ അതിതേജോമയമായ ഒരു ധന്വന്തരീവിഗ്രഹമുണ്ടെന്ന് മനസ്സിലാക്കിയ അദ്ദേഹം വെള്ളാടില്ലത്തെത്തുകയും ഇത്രയും തേജോമയമായ വിഗ്രഹം ഒരു ക്ഷേത്രം പണിത് പ്രതിഷ്ഠിയ്ക്കേണ്ടതാണെന്ന് വെള്ളാടിനോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ഒരു ക്ഷേത്രം പണിത് വിഗ്രഹം പ്രതിഷ്ഠിയ്ക്കാനുള്ള സാമ്പത്തികശേഷി വെള്ളാടിനില്ലായിരുന്നു. അപ്പോൾ താൻ എല്ലാവിധ സഹായവും ചെയ്യാമെന്നും വെള്ളാട് ഒന്നുകൊണ്ടും ഭയപ്പെടേണ്ടെന്നും ചീരട്ടമൺ അറിയിച്ചു. അതിൻപ്രകാരം ചീരട്ടമൺ ഉചിതമായ സ്ഥലം കണ്ടെത്തി അവിടെ ക്ഷേത്രം പണിയിയ്ക്കുകയും താന്ത്രികാചാര്യനായ കടിയക്കോൽ നമ്പൂതിരിയെക്കൊണ്ട് വിഗ്രഹപ്രതിഷ്ഠ നടത്തിയ്ക്കുകയും നിത്യനിദാനം, മാസവിശേഷം, ആട്ടവിശേഷം എന്നിവയ്ക്ക് വേണ്ടുന്ന ചെലവുകളെല്ലാം നൽകി വെള്ളാടിനെ സഹായിയ്ക്കുകയും ചെയ്തു. ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം ഇരുവരും വീതിച്ചെടുത്തു. അങ്ങനെയാണ് ഈ മഹാക്ഷേത്രം നിലവിൽ വന്നത്.

ക്ഷേത്രനിർമ്മിതി[തിരുത്തുക]

ക്ഷേത്രപരിസരവും മതിലകവും[തിരുത്തുക]

മരുത്തോർവട്ടം ഗ്രാമത്തിന്റെ ഒത്ത നടുക്കായാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പടിഞ്ഞാറുഭാഗത്തേയ്ക്കാണ് ക്ഷേത്രദർശനം. ഒരുപാടുകാലം ആ ഭാഗത്ത് മതിൽക്കെട്ടുണ്ടായിരുന്നില്ല. ക്ഷേത്രത്തിന്റെ ഒരുഭാഗത്തും ഗോപുരങ്ങളില്ല. ക്ഷേത്രക്കുളം വടക്കുഭാഗത്ത് സ്ഥിതിചെയ്യുന്നു. ശാന്തിക്കാരും ഭക്തരും ഇവിടെ കുളിച്ചാണ് ക്ഷേത്രദർശനത്തിനെത്തുന്നത്. കുളത്തിന്റെ മറുകരയിലാണ് ഉപക്ഷേത്രമായ ഭദ്രകാളിക്ഷേത്രം സ്ഥിതിചെയ്യുന്നത്. വെള്ളാട് നമ്പൂതിരിമാരുടെ ഉപാസനാമൂർത്തിയായിരുന്നു ഈ ഭദ്രകാളി. ഒരുപാടുകാലം മണൽപ്പരപ്പിന് നടുവിൽ കിടന്നിരുന്ന ഈ ക്ഷേത്രത്തിന്, 2008-ലാണ് മതിൽക്കെട്ടും പ്രത്യേകം വളപ്പുമൊക്കെ പണിതത്. ക്ഷേത്രത്തിലെ പ്രതിഷ്ഠയായ ഭദ്രകാളി, പടിഞ്ഞാറോട്ട് ദർശനമായി കുടികൊള്ളുന്നു. ക്ഷേത്രത്തിൽ നിന്ന് കുറച്ച് വടക്കുമാറി ഒരു ചെറിയ ഹനുമാൻ ക്ഷേത്രവുമുണ്ട്. ഇത് തുളു ബ്രാഹ്മണരുടെ വകയുള്ള ക്ഷേത്രമാണ്. പടിഞ്ഞാറോട്ട് ദർശനമായി കുടികൊള്ളുന്ന ഹനുമാൻ സ്വാമിയ്ക്ക് ഉപദേവതകളായി ഗണപതിയും നവഗ്രഹങ്ങളുമുണ്ട്. ഹനുമാൻ ജയന്തി, ശ്രീരാമനവമി, വിനായക ചതുർത്ഥി എന്നിവയാണ് ഇവിടെ പ്രധാന ആണ്ടുവിശേഷങ്ങൾ. ധന്വന്തരിക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിൽ വാഹനപാർക്കിങ് സൗകര്യമുണ്ട്. ഇതിനടുത്തായി വലിയൊരു അരയാൽമരം കാണാം. ഹൈന്ദവവിശ്വാസപ്രകാരം പുണ്യവൃക്ഷമായ അരയാലിന് മുകളിൽ ബ്രഹ്മാവും നടുക്ക് വിഷ്ണുവും അടിയിൽ ശിവനും കുടികൊള്ളുന്നു. അങ്ങനെ, ത്രിമൂർത്തികളുടെ സജീവസാന്നിദ്ധ്യമായി കണക്കാക്കപ്പെടുന്ന അരയാലിനെ രാവിലെ ഏഴുവലം വയ്ക്കുന്നത് അത്യുത്തമമായി കണക്കാക്കപ്പെടുന്നു. ഇവിടെത്തന്നെയാണ് ഉത്സവക്കാലത്ത് ഭഗവാന്റെ പള്ളിവേട്ടയും നടക്കുന്നത്. ഇവ കൂടാതെ ഏതാനും വീടുകളും ചായക്കടകളും ക്ഷേത്രകലാപീഠവുമൊക്കെയാണ് ക്ഷേത്രത്തിന്റെ നാലുമൂലകളിലുമായി നിലകൊള്ളുന്നത്. അരയാലിനെ വലംവച്ചശേഷം പടിഞ്ഞാറേ നടയിലൂടെ ക്ഷേത്രത്തിലേയ്ക്ക് കടക്കാം.

പടിഞ്ഞാറേ നടയിലൂടെ അകത്തുകടക്കുമ്പോൾ ആദ്യം ചെന്നെത്തുന്നത് നെടുനീളത്തിൽ പണിതിരിയ്ക്കുന്ന വലിയ ആനക്കൊട്ടിലിലാണ്. കിഴക്കുപടിഞ്ഞാറ് നീളത്തിലാണ് ഇത് പണിതിരിയ്ക്കുന്നത്. ഇതിന് ഇരുവശവുമായി ഒരു പേരാലും ഒരു അത്തിയുമുണ്ട്. എട്ടുതൂണുകളോടുകൂടിയ ഈ ആനക്കൊട്ടിൽ കടന്നാൽ കൂടുതൽ പഴക്കമുള്ള പ്രധാന ആനക്കൊട്ടിലിലെത്താം. ഇവിടെ വച്ചാണ് വിവാഹം, ചോറൂൺ, തുലാഭാരം, ഭജന തുടങ്ങിയ കാര്യങ്ങൾ നടത്തപ്പെടുന്നത്. രണ്ടിടങ്ങളിലും കൂടി ഏകദേശം എട്ട് ആനകളെ എഴുന്നള്ളിയ്ക്കാവുന്നതാണ്. കിഴക്കേ ആനക്കൊട്ടിലിൽ ചെറിയൊരു ദീപസ്തംഭം സ്ഥാപിച്ചിട്ടുണ്ട്. അഞ്ചുതട്ടുകളോടുകൂടിയ ഈ ദീപസ്തംഭത്തിന്റെ അടിയിൽ ആമയുടെയും മുകളിൽ ഭഗവദ്വാഹനമായ ഗരുഡന്റെയും രൂപങ്ങൾ കാണാം. ഇതിനുമപ്പുറമാണ് ഗരുഡാരൂഢമായ സ്വർണ്ണക്കൊടിമരം സ്ഥിതിചെയ്യുന്നത്. ഏകദേശം മുപ്പതടി ഉയരം വരുന്ന ഈ കൊടിമരം പ്രതിഷ്ഠിച്ചിട്ട് ഇരുപതുവർഷമാകുന്നതേയുള്ളൂ. കൊടിമരച്ചുവട്ടിൽ അഷ്ടദിക്പാലകരുടെ രൂപങ്ങളും കാണാം. ഇവിടെ നമസ്കരിയ്ക്കുന്നത് അതിവിശേഷമായി കണക്കാക്കപ്പെടുന്നു. കൊടിമരത്തിനപ്പുറം ബലിക്കൽപ്പുര. ക്ഷേത്രത്തിന്റെ പ്രധാന ബലിക്കല്ല് ഇവിടെ സ്ഥിതിചെയ്യുന്നു. താരതമ്യേന ഉയരം കുറഞ്ഞ ബലിക്കല്ലാണ് ഇവിടെ എന്നതിനാൽ പുറത്തുനിന്ന് നോക്കിയാൽത്തന്നെ വിഗ്രഹം വ്യക്തമായിക്കാണാം. ബലിക്കൽപ്പുരയുടെ മച്ചിൽ ബ്രഹ്മാവിന്റെയും അഷ്ടദിക്പാലകരുടെയും രൂപങ്ങൾ ആലേഖനം ചെയ്തിട്ടുണ്ട്. കൂടാതെ വേറെയും ദേവതാരൂപങ്ങൾ ഇവിടെ കാണാം.

ക്ഷേത്രത്തിന്റെ വടക്കേനടയിൽ നെടുനീളത്തിൽ ഊട്ടുപുര പണിതിട്ടുണ്ട്. മൂന്നുനിലകളോടുകൂടിയ ഭീമാകാരമായ ഈ ഊട്ടുപുരയിൽ ഏകദേശം ആയിരത്തിനടുത്ത് ആളുകൾക്ക് ഒരേസമയം ഭക്ഷണം കഴിയ്ക്കാനുള്ള സൗകര്യമുണ്ട്. 2023-ലാണ് ഇപ്പോഴത്തെ ഊട്ടുപുര പണിതത്. അതിനുമുമ്പ് ഒറ്റനില ഊട്ടുപുരയായിരുന്നു. 2019-ലാണ് ഇത് പൊളിച്ചുമാറ്റിയത്. വടക്കുകിഴക്കേമൂലയിൽ അടുത്തടുത്ത തറകളിൽ നാഗദൈവങ്ങളും ബ്രഹ്മരക്ഷസ്സും കുടികൊള്ളുന്നു. വൈഷ്ണവദേവാലയമായതിനാൽ മരുത്തോർവട്ടത്തെ നാഗത്തറയിൽ നാഗരാജാവ് അനന്തനാണ്. കൂടെ, നാഗയക്ഷിയും നാഗചാമുണ്ഡിയും ചിത്രകൂടവുമുണ്ട്. എല്ലാമാസവും ആയില്യം നാളിൽ ഇവർക്ക് വിശേഷാൽ പൂജകളും കന്നിമാസത്തിലെ ആയില്യത്തിന് സർപ്പബലിയുമുണ്ടാകും. ബ്രഹ്മരക്ഷസ്സിന് രണ്ടുസന്ധ്യയ്ക്കുമുള്ള വിളക്കുവയ്പും പാൽപ്പായസവുമൊഴിച്ചുനിർത്തിയാൽ വിശേഷാൽ പൂജകളൊന്നുമില്ല. ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ വിശേഷിച്ചൊന്നും കാണാനില്ല. തെക്കുഭാഗത്ത് വഴിപാട് കൗണ്ടർ കാണാം. കേരളത്തിന്റെ തനതുകലാരൂപങ്ങളിലൊന്നായ കഥകളിയാണ് ഇവിടെ പ്രധാന വഴിപാട്. നിത്യേന ഇവിടെ ഏതെങ്കിലും ഭക്തന്റെ/ഭക്തയുടെ വകയായി കഥകളിയുണ്ടാകാറുണ്ട്. അധികവും വൈഷ്ണവകഥകളാണ് നടത്താറ്. തിരുവല്ലയിലെ ശ്രീവല്ലഭ മഹാക്ഷേത്രം, സമീപഗ്രാമമായ പാണാവള്ളിയിലെ നാല്പത്തെണ്ണീശ്വരം മഹാദേവക്ഷേത്രം എന്നിവിടങ്ങളിൽ മാത്രമാണ് മരുത്തോർവട്ടം കൂടാതെ കഥകളി വഴിപാടായി നടത്താറുള്ളത്. കൂടാതെ മുക്കുടി നിവേദ്യം, പാൽപ്പായസം, വെണ്ണചാർത്തൽ തുടങ്ങിയവയും അതിവിശേഷമാണ്. കർക്കടകം, തുലാം, കുംഭം എന്നീമാസങ്ങളിലെ അമാവാസിയ്ക്ക് നടത്തുന്ന താൾക്കറി വഴിപാട് ഈ ക്ഷേത്രത്തിന്റെ തനത് ആകർഷണമാണ്. ഇത് വാങ്ങാനായി നിരവധി ആളുകൾ ഇവിടെ എത്തിച്ചേരാറുണ്ട്.

ശ്രീകോവിൽ[തിരുത്തുക]

സാമാന്യം വലുപ്പമുള്ള ഒറ്റനില വട്ടശ്രീകോവിലാണ് ഈ ക്ഷേത്രത്തിലുള്ളത്. കരിങ്കല്ലിൽ തീർത്ത ഈ ശ്രീകോവിലിന് ഏകദേശം നൂറടി ചുറ്റളവുണ്ടാകും. ഇതിന്റെ മേൽക്കൂര പൂർണ്ണമായും ചെമ്പുമേഞ്ഞിട്ടുണ്ട്. മുകളിൽ സ്വർണ്ണത്താഴികക്കുടം ശോഭിച്ചുനിൽക്കുന്നു. ശ്രീകോവിലിനകത്ത് മൂന്നുമുറികളുണ്ട്. അവയിൽ കിഴക്കേ അറ്റത്തുള്ളതാണ് വിഗ്രഹം പ്രതിഷ്ഠിച്ച ഗർഭഗൃഹം. ഏകദേശം മൂന്നടി ഉയരം വരുന്ന ധന്വന്തരിവിഗ്രഹം പടിഞ്ഞാറോട്ട് ദർശനമായി പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. ഒറ്റനോട്ടത്തിൽ വിഷ്ണുവിഗ്രഹമായിട്ടേ തോന്നൂ. പുറകിലെ വലതുകയ്യിൽ സുദർശനചക്രം, പുറകിലെ ഇടതുകയ്യിൽ പാഞ്ചജന്യം എന്ന ശംഖ്, മുന്നിലെ ഇടതുകയ്യിൽ കൗമോദകി എന്ന ഗദ എന്നിങ്ങനെയാണ് ഇവിടെ വിഗ്രഹരൂപം. എന്നാൽ, മുന്നിലെ വലതുകയ്യിൽ അമൃതകലശം കാണാം. ഇതാണ് ധന്വന്തരിഭാവം കൊണ്ടുവരുന്നത്. സാധാരണയായി ശംഖ്, ചക്രം, അട്ട, അമൃതകലശം എന്നിവ ധരിച്ചാണ് ധന്വന്തരിപ്രതിഷ്ഠയുണ്ടാകാറുള്ളത്. എന്നാൽ, ഇവിടെ വിഗ്രഹത്തിൽ അട്ടയെ കാണാൻ സാധിയ്ക്കില്ല. ഇത് വലിയൊരു പ്രത്യേകതയാണ്. അലങ്കാരസമയത്ത് വിഗ്രഹത്തിൽ നിറയെ പൂമാലകളും നവരത്നങ്ങൾ കോർത്ത ആഭരണങ്ങളും ചന്ദന-കളഭാദികളും ചാർത്തി വിഗ്രഹം ദർശിയ്ക്കുന്നത് മനോഹരമായ ഒരു കാഴ്ചയാണ്. വിശ്വപ്രകൃതിയുടെ മൂലതേജസ്സിനെ മുഴുവൻ ആവാഹിച്ചുകൊണ്ട് ധന്വന്തരിമൂർത്തി മരുത്തോർവട്ടത്തെ ശ്രീലകത്ത് വാഴുന്നു.

ശ്രീകോവിൽ, നിലവിൽ ചുവർച്ചിത്രങ്ങളാലോ ദാരുശില്പങ്ങളാലോ അലംകൃതമല്ല. സാധാരണ ക്ഷേത്രങ്ങളിൽ കാണാറുള്ള ചില നിർമ്മിതികൾ മാത്രമേ ഇവിടെയുള്ളൂ. സോപാനപ്പടികൾ അകത്തേയ്ക്ക് നേരിട്ട് കയറാവുന്ന രീതിയിലാണ് നിർമ്മിച്ചിരിയ്ക്കുന്നത്. ഇവ ഇപ്പോൾ സ്വർണ്ണം പൊതിഞ്ഞുവച്ചിട്ടുണ്ട്. പ്രവേശനകവാടത്തിന് ഇരുവശവുമായി രണ്ട് ദ്വാരപാലകരൂപങ്ങളും കാണാം. മഹാവിഷ്ണുവിന്റെ ദ്വാരപാലകരായ ജയനും വിജയനുമാണ് ഇവിടെ ദ്വാരപാലകരായി കുടികൊള്ളുന്നത്. വടക്കുവശത്ത്, അഭിഷേകജലം ഒഴുകിപ്പോകാനായി ഓവ് പണിതിട്ടുണ്ട്. ഓവുതാങ്ങിയായി ഒരു ഉണ്ണിഭൂതത്തെയും കാണാം.

നാലമ്പലം[തിരുത്തുക]

ശ്രീകോവിലിനെ ചുറ്റിപ്പറ്റി നാലമ്പലം പണിതിരിയ്ക്കുന്നു. താരതമ്യേന ചെറിയ നാലമ്പലമാണെങ്കിലും പ്രദക്ഷിണം നിർബാധം നടത്താം. കരിങ്കല്ലിൽത്തന്നെയാണ് നാലമ്പലവും തീർത്തിരിയ്ക്കുന്നത്. ഇതിന്റെ പുറംചുവരുകൾ വിളക്കുമാടം കൊണ്ട് അലംകൃതമാണ്. അഞ്ചുനിലകളോടുകൂടിയ വിളക്കുമാടം പൂർണ്ണമായും ഓട്ടുവിളക്കുകൾ നിറഞ്ഞതാണ്. ദീപാരാധനാസമയത്ത് ഇവ തെളിയിയ്ക്കുന്നു. നാലമ്പലത്തിനകത്തേയ്ക്ക് നാലുനടകളിൽ നിന്നും പ്രവേശനകവാടങ്ങളുണ്ട്. അവയിൽ, പടിഞ്ഞാറുനിന്നുള്ള പ്രധാന പ്രവേശനകവാടത്തിലൂടെ കടന്നുവരുമ്പോൾ ഇരുവശങ്ങളിലുമായി വാതിൽമാടങ്ങൾ കാണാം. അവയിൽ, വടക്കുവശത്തുള്ള വാതിൽമാടത്തിൽ വച്ചാണ് നിത്യേനയുള്ള ഗണപതിഹോമം അടക്കമുള്ള ഹോമങ്ങളും വിശേഷാൽ പൂജകളും നടത്തുന്നത്. തെക്കേ വാതിൽമാടത്തിൽ നിത്യേനയുള്ള നാമജപവും, പൂജയ്ക്കും ദീപാരാധനയ്ക്കുമുള്ള വാദ്യമേളവും നടക്കുന്നു. പൂജയും ദീപാരാധനയും ഒഴിച്ചുള്ള അവസരങ്ങളിൽ ചെണ്ട, മദ്ദളം തിമില, ഇടയ്ക്ക തുടങ്ങിയ വാദ്യങ്ങൾ ഇവിടെ തൂക്കിയിട്ടിരിയ്ക്കുന്നത് കാണാം. കൂടാതെ ചേങ്ങില, ഇലത്താളം തുടങ്ങിയ വാദ്യങ്ങൾ സൂക്ഷിയ്ക്കുന്നതും ഇവിടെത്തന്നെയാണ്. നാലമ്പലത്തിനകത്ത് തെക്കുകിഴക്കേമൂലയിൽ പതിവുപോലെ തിടപ്പള്ളി കാണാം; വടക്കുകിഴക്കേമൂലയിൽ കിണറും.

നാലമ്പലത്തിനകത്ത് വടക്കുകിഴക്കേമൂലയിൽ പ്രത്യേകം മുറിയിൽ പടിഞ്ഞാറോട്ട് ദർശനമായാണ് ശിവന്റെ പ്രതിഷ്ഠ. ഏകദേശം ഒരടി ഉയരം വരുന്ന, വളരെ ചെറിയൊരു ശിവലിംഗമാണ് ഇവിടെയുള്ളത്. ആദ്യകാലത്ത് തെക്കുപടിഞ്ഞാറുഭാഗത്തായിരുന്ന ശിവപ്രതിഷ്ഠ, പിന്നീട് ഇങ്ങോട്ട് മാറ്റിയതാണ്. വെള്ളാട് നമ്പൂതിരിയുടെ ഉപാസനാമൂർത്തിയായിരുന്ന വൈക്കത്തപ്പൻ തന്നെയാണ് ഇവിടെയുള്ളതെന്ന് വിശ്വസിച്ചുവരുന്നു. ശിവന്ന് നിത്യവും ശംഖാഭിഷേകവും ധാരയും പതിവുണ്ട്. തെക്കുപടിഞ്ഞാറുഭാഗത്ത് ഒറ്റമുറിയിൽ കിഴക്കോട്ട് ദർശനമായി മൂന്ന് പ്രതിഷ്ഠകൾ കാണാം - തെക്ക് ഗണപതി, നടുക്ക് ശാസ്താവ്, വടക്ക് ദുർഗ്ഗ. മൂന്നുപേരുടെയും വിഗ്രഹങ്ങൾ ശിലാനിർമ്മിതമാണ്. മൂന്നിനും ഏകദേശം രണ്ടടി ഉയരം കാണും. ഗണപതിവിഗ്രഹം സാധാരണ കാണുന്നതുപോലെ വലത്തോട്ട് തുമ്പിക്കൈ നീട്ടിയതും, പുറകിലെ വലതുകയ്യിൽ മഴുവും പുറകിലെ ഇടതുകയ്യിൽ കയറും മുന്നിലെ ഇടതുകയ്യിൽ മോദകവും ധരിച്ച്, മുന്നിലെ വലതുകൈ കൊണ്ട് ഭക്തരെ അനുഗ്രഹിയ്ക്കുന്ന രൂപത്തിലാണ്. അത്യപൂർവ്വമായ ധന്വന്തരിശാസ്താവാണ് ഇവിടെയുള്ളത്. ഇടതുകാൽ ഉയർത്തി, വലതുകാൽ മടക്കിവച്ചിരിയ്ക്കുന്ന ശാസ്താവിന്റെ വലതുകയ്യിൽ ഒരു അമൃതകലശം കാണാം. പ്രധാനപ്രതിഷ്ഠ ധന്വന്തരിയാണെന്നിരിയ്ക്കേ ഇവിടെയുള്ള ശാസ്താവും അമൃതകലശധാരിയാണെന്നത് ഇവിടത്തെ വലിയ പ്രത്യേകതയാണ്. ദുർഗ്ഗാദേവിയുടെ വിഗ്രഹം രൂപമില്ലാത്ത ഒരു ശിലയാണ്. ഇവരും വെള്ളാട് നമ്പൂതിരിയുടെ ഉപാസനാമൂർത്തികളായിരുന്നു. നിത്യേന ഗണപതിഹോമവും ഭഗവതിസേവയും നടക്കുന്ന ക്ഷേത്രമാണിത്. മരുത്തോർവട്ടത്തുനിന്നുള്ള ശബരിമല തീർത്ഥാടകർ മാലയിടുന്നതും കെട്ടുനിറയ്ക്കുന്നതുമെല്ലാം ഇവിടെയുള്ള ശാസ്താവിന്റെ നടയിലാണ്. ഇങ്ങനെ നിരവധി പ്രത്യേകതകൾ ഇവിടെയുണ്ട്.

ശ്രീകോവിലിന് ചുറ്റുമായി അകത്തെ ബലിവട്ടം പണിതിരിയ്ക്കുന്നു. അഷ്ടദിക്പാലകർ (പടിഞ്ഞാറ് - വരുണൻ, വടക്കുപടിഞ്ഞാറ് - വായു, വടക്ക് - കുബേരൻ, വടക്കുകിഴക്ക് - ഈശാനൻ, കിഴക്ക് - ഇന്ദ്രൻ, തെക്കുകിഴക്ക് - അഗ്നി, തെക്ക് - യമൻ, തെക്കുപടിഞ്ഞാറ് - നിരൃതി എന്നീ ക്രമത്തിൽ), സപ്തമാതൃക്കൾ (തെക്കുഭാഗത്ത് ഒറ്റക്കല്ലിൽ - കിഴക്കുനിന്ന് ബ്രാഹ്മി, മഹേശ്വരി, കൗമാരി, വൈഷ്ണവി, വരാഹി, ഇന്ദ്രാണി, ചാമുണ്ഡി എന്ന ക്രമത്തിൽ), വീരഭദ്രൻ (സപ്തമാതൃക്കൾക്കൊപ്പം - കിഴക്കുഭാഗം), ഗണപതി (സപ്തമാതൃക്കൾക്കൊപ്പം - പടിഞ്ഞാറുഭാഗം), ബ്രഹ്മാവ് (വടക്കുകിഴക്കിനും കിഴക്കിനുമിടയിൽ), അനന്തൻ (തെക്കുപടിഞ്ഞാറിനും പടിഞ്ഞാറിനുമിടയിൽ), ശാസ്താവ് (തെക്കിനും തെക്കുപടിഞ്ഞാറിനുമിടയിൽ), ദുർഗ്ഗ (പടിഞ്ഞാറിനും വടക്കുപടിഞ്ഞാറിനുമിടയിൽ), സുബ്രഹ്മണ്യൻ (വടക്കുപടിഞ്ഞാറിനും വടക്കിനുമിടയിൽ), നിർമ്മാല്യധാരി (വടക്കിനും വടക്കുകിഴക്കിനുമിടയിൽ ശിവലിംഗരൂപത്തിൽ - ഇവിടെ വിഷ്വക്സേനൻ) എന്നിവരെ പ്രതിനിധീകരിയ്ക്കുന്ന ബലിക്കല്ലുകൾ ഇവിടെ യഥാസ്ഥാനങ്ങളിൽ കാണാവുന്നതാണ്. വൈഷ്ണവ ദേവാലയമായതിനാൽ ഇവിടെ ഉത്തരമാതൃക്കൾ എന്ന പേരിൽ മറ്റൊരു സങ്കല്പവുമുണ്ട്. ഭാഗീശ്വരി, ക്രിയ, കീർത്തി, ലക്ഷ്മി, സൃഷ്ടി, വിദ്യ, ശാന്തി എന്നിവരാണ് ഉത്തരമാതൃക്കൾ.

നമസ്കാരമണ്ഡപം[തിരുത്തുക]

പ്രതിഷ്ഠ[തിരുത്തുക]

ശ്രീ ധന്വന്തരിമൂർത്തി[തിരുത്തുക]

ശ്രീ ഭദ്രകാളി[തിരുത്തുക]

ഉപദേവതകൾ[തിരുത്തുക]

ഗണപതി[തിരുത്തുക]

ശാസ്താവ്[തിരുത്തുക]

ശിവൻ[തിരുത്തുക]

ദുർഗ്ഗ[തിരുത്തുക]

നാഗദൈവങ്ങൾ[തിരുത്തുക]

നിത്യപൂജകൾ[തിരുത്തുക]

വിശേഷദിവസങ്ങൾ[തിരുത്തുക]

കൊടിയേറ്റുത്സവം[തിരുത്തുക]

ധന്വന്തരി ജയന്തി[തിരുത്തുക]

അമാവാസി താൾക്കറി[തിരുത്തുക]

അഷ്ടമിരോഹിണി[തിരുത്തുക]

മണ്ഡലകാലം[തിരുത്തുക]

  1. [https://ml.wikisource.org/wiki/ഐതിഹ്യമാല/വെള്ളാടു_നമ്പൂരി