വയലാർ ഗ്രാമപഞ്ചായത്ത്
| വയലാർ | |
| 9.722500° N 76.337500° E | |
| ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമം |
| രാജ്യം | ഇന്ത്യ |
| സംസ്ഥാനം | കേരളം |
| ജില്ല | ആലപ്പുഴ |
| ഭരണസ്ഥാപനങ്ങൾ | ഗ്രാമപഞ്ചായത്ത് |
| പഞ്ചായത്ത് പ്രസിഡണ്ട് | |
| വിസ്തീർണ്ണം | 14.5ചതുരശ്ര കിലോമീറ്റർ |
| ജനസംഖ്യ | 24216 |
| ജനസാന്ദ്രത | 1670/ച.കി.മീ |
| കോഡുകൾ • തപാൽ • ടെലിഫോൺ |
688536 +91 478 |
| സമയമേഖല | UTC +5:30 |
| പ്രധാന ആകർഷണങ്ങൾ | വയലാർ രക്തസാക്ഷി മണ്ഡപം, വേമ്പനാട് കായൽ, തിരുനാഗംകുളങ്ങര ശ്രീമഹാദേവക്ഷേത്രം. |
|
|
കേരളത്തിലെ സ്ഥലങ്ങളുടെ ഭരണസംവിധാനങ്ങളുമായി ബന്ധപ്പെട്ട ഈ ലേഖനം വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. |
ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്ക് പരിധിയിൽ വരുന്ന ഒരു പഞ്ചായത്താണ് വയലാർ ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിന്റെ വിസ്തീർണ്ണം 14.5 ചതുരശ്ര കിലോമീറ്ററാണ്. കിഴക്ക് വേമ്പനാട് കായലിന്റെ ഭാഗമായ വയലാർ കായലും, തെക്കു കുറിയമുട്ടം കായലും അതിനോടു ചേർന്നുള്ള വെളുത്തേടത്തുതോടും പടിഞ്ഞാറ് നാഷണൽ ഹൈവേ- 47 ഉം വടക്ക് കാവിൽ പള്ളിത്തോടും ചേർന്ന പ്രദേശവും അതിരിടുന്നതാണ് വയലാർ ഗ്രാമപഞ്ചായത്ത്. ആലപ്പുഴ ജില്ലയുടെ വടക്കുഭാഗത്ത് ദേശീയ പാത- 47 ന് കിഴക്കുഭാഗത്തായി സ്ഥിതി ചെയ്യുന്നു. ചേർത്തലനഗരത്തിൽ നിന്നും 5 കി. മി. വടക്കോട്ട് യാത്ര ചെയ്താൽ വയലാറിൽ എത്തിച്ചേരാം. ഈ പഞ്ചായത്തിൻറെ ജനസംഖ്യ 24,216 ആണ് .സ്ത്രീ-പുരുഷാനുപാതം 1066 ആണ് . ജനസാന്ദ്രത ചതുരശ്ര കിലോമീറ്ററിൽ 1670 ആണ്. [1]. കയർ നിർമ്മാണം, മത്‌സ്യബന്ധനം തുടങ്ങിയവയാണ് ഇവിടുത്തെ പരമ്പരാഗത തൊഴിലുകൾ. ജനങ്ങളിലൊരുവിഭാഗം ചെമ്മീൻ കൃഷി, കെട്ടിട നിർമ്മാണം ,മത്സ്യ സംസ്കരണം തുടങ്ങിയ മേഖലകളിൽ ജോലി ചെയ്യുന്നു. മറ്റൊരു വിഭാഗം ചേർത്തല, ആലപ്പുഴ, കൊച്ചി തുടങ്ങിയ നഗരങ്ങളിലെ വ്യവസായ-വാണിജ്യ രംഗത്ത് പ്രവർത്തിക്കുന്നു. ഉത്തരവാദഭരണത്തിനായുള്ള പ്രക്ഷോഭകാലത്ത് സർ സി. പി. രാമസ്വാമി അയ്യരെ സന്ദർശിക്കാൻ വന്ന ബ്രിട്ടീഷ് വൈസ്രോയിയെ കരിങ്കൊടി കാണിച്ച് ഗോ ബാക്ക് വിളിച്ച സംഭവത്തിൽ പ്രതികളായ സ്വാതന്ത്ര്യസമരസേനാനികൾ കളവംകോടം ചൂഴാറ്റ് വീട്ടിൽ സി കെ രാഘവൻ, കെ ഡി പ്രഭാകരൻ എന്നിവർ ഈ പഞ്ചായത്തുകാരാണ്.
അമേരിക്കൻ മോഡൽ അറബിക്കടലിൽ എന്ന മുദ്രാവാക്യം മുഴക്കിക്കൊണ്ട് സ്വതന്ത്ര തിരുവിതാംകൂർ പ്രഖ്യാപനത്തിനെതിരെയും പ്രായപൂർത്തിവോട്ടവകാശത്തിനുവേണ്ടിയും ജന്മനാട്ടിലെ അനീതിക്കെതിരെയും സി. കെ. കുമാരപ്പണിക്കരുടെ നേതൃത്വത്തിൽ തൊഴിലാളി വർഗ്ഗം നയിച്ച ഐതിഹാസികമായ വയലാർ സമരം നടന്നത് ഈ പഞ്ചായത്തിലാണ്. തിരുവിതാംകൂറിൽ ഇദംപ്രഥമമായി ഒരു തൊഴിലാളി വർഗ്ഗപ്രസ്ഥാനം ഉടലെടുത്തതും വയലാറിലാണ്.
പുന്നപ്ര-വയലാർ സമരത്തിന്റെ സ്മരണകളിരമ്പുന്ന, കേരളത്തിലെ പ്രധാന സ്മാരകങ്ങളിലൊന്നായ വയലാർ രക്തസാക്ഷി മണ്ഡപം പഞ്ചായത്തിന്റെ തെക്കേയറ്റത്ത് സ്ഥിതിചെയ്യുന്നു. 1946 ഇൽ സി. പി. യുടെ പോലീസിനോട് ഏറ്റുമുട്ടി മരിച്ച രക്തസാക്ഷികളുടെ സ്മാരകമാണിത്. വാരിക്കുന്തവുമായ് വിപ്ലവത്തിനിറങ്ങിയവരെ നിറതോക്കുമായി പോലീസ് നേരിട്ടു. വിപ്ലവത്തിൽ കൊല്ലപ്പെട്ട രക്തസാക്ഷികളുടെ മൃതശരീരങ്ങൾ ഇപ്പോൾ രക്തസാക്ഷി മണ്ഡപം നിൽക്കുന്ന സ്ഥലത്തുണ്ടായിരുന്ന ഒരു കുളത്തിൽ ഇട്ടുമൂടി. എല്ലാ വർഷവും ഒൿറ്റോബർ 27 ന് (തുലാം പത്ത് എന്ന് പ്രാദേശികമായി അറിയപ്പെടുന്നു). ഈ സംഭവത്തിന്റെ സ്മരണയ്കായി എല്ലാ വർഷവും ഇവിടെ കേരളത്തിലെ പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാക്കളും അണികളും പങ്കെടുക്കുന്ന പരിപാടികളും പൊതുസമ്മേളനവും നടത്താറുണ്ട്.
വയലാർ പഞ്ചായത്തിന്റെ മധ്യഭാഗത്തായി തിരുനാഗംകുളങ്ങര ശ്രീമഹാദേവക്ഷേത്രം സ്ഥിതിചെയ്യുന്നു. കേരളത്തിൽ നാഗാരധനയ്ക്ക് പ്രശസ്തിയാർജ്ജിച്ച ക്ഷേത്രങ്ങളിലൊന്നാണിത്.
ലോകജനതയെ കവിതയുടെ കല്ലോലങ്ങളാൽ പുളകിതമാക്കിയ അനശ്വരകവി വയലാർ രാമവർമ്മയുടെ ജനനം കൊണ്ട് അനുഗൃഹീതമാണ് വയലാർ പഞ്ചായത്ത്. അദ്ദേഹത്തിന്റെ പുത്രനും ഗാനരചയിതാവുമായ വയലാർ ശരത്ചന്ദ്രവർമ്മ, രാഷ്ട്രീയ പ്രവർത്തകനും ഇപ്പോൾ കേന്ദ്രമന്ത്രിയുമായ വയലാർ രവി തുടങ്ങിയവർ ഈ നാടിന്റെ സംഭാവനകളാണ്. വയലാർ പഞ്ചായത്തിന്റെ വടക്കേയറ്റത്ത് വസുന്ധര സരോവർ പ്രീമിയർ എന്ന പേരിൽ ഒരു ഫൈവ് സ്റ്റാർ ഹോട്ടൽ സ്ഥിതിചെയ്യുന്നു. വിനോദസഞ്ചാരികളുടെ പ്രധാന ഇടത്താവളങ്ങളിലൊന്നാണ് ഈ കേന്ദ്രം.
വാർഡുകൾ [തിരുത്തുക]
- കാവിൽ
- എട്ടുപുരക്കൽ
- രാമവർമ്മ ഹൈസ്കൂൾ
- നാഗംകുളങ്ങര
- പി.എച്ച്.സി
- കേരളാദിത്യപുരം
- രാമവർമ്മ സ്മാരകം
- മണ്ഡപം
- ശക്തീശ്വരം
- കളവംകോടം
- കരപ്പുറം
- കൊല്ലപ്പള്ളി
- നീലിമംഗലം
- എ.കെ.ജി. ഗ്രന്ഥശാല
- ചാത്തഞ്ചിറ
- ഒളതല
-
വയലാർ കായൽ. സൂക്ഷിച്ചു നോക്കിയാൽ ചിത്രത്തിന്റെ മധ്യഭാഗത്തായി ഒരു ചീനവലയും കാണാം
-
വയലാർ രാമവർമ്മ സ്മൃതിമണ്ഡപം
അവലംബം [തിരുത്തുക]
- ↑ http://alappuzha.nic.in/dist_block_wise_popu.htm
- ↑ http://www.imagesfood.com/news.aspx? Id=969&topic=1
- ↑ http://www.hindu.com/2008/05/21/stories/2008052156180300.htm