സൂര്യകാന്തി (കവിത)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ജ്ഞാനപീഠ ജേതാവായ ജി. ശങ്കരക്കുറുപ്പിന്റെ ഒരു കവിതയാണ് സൂര്യകാന്തി. ജിയുടെ കാല്പനിക കവിതകളിലൊന്നാണ് സൂര്യകാന്തി. സൂര്യനും സൂര്യകാന്തിയും തമ്മിലുള്ള വിശുദ്ധ പ്രണയമാണ് കവിതയുടെ പ്രമേയം.

ആശയം[തിരുത്തുക]

സൂര്യകാന്തി എന്ന പൂവിന്റെ ചിന്തകളിൽ മാനുഷികത സമന്വയിപ്പിച്ചുകൊണ്ടാണ് കവി അവളിലെ പ്രണയ ചാപല്യങ്ങൾ വരച്ചുകാട്ടുന്നത്. കവിതയുടെ ആഖ്യാതാവ് സൂര്യകാന്തി തന്നെയാണ്.കാമുകനായ സൂര്യൻറെ വിദൂര ദർശനത്തിൽ പോലും ഹർഷപുളകിതയാകുന്ന സൂര്യകാന്തി കാല്പനിക കവിതകളുടെ ഒരു പ്രധാന സവിശേഷതയാണ് വെളിപ്പെടുത്തുന്നത്.എങ്കിലും സൂര്യകാന്തിയുടെ പ്രണയം കണ്ടില്ലെന്നു നടിച്ചുകൊണ്ടാണ് സൂര്യൻ അവളെ "ആരുനീയനുജത്തി?"എന്ന് സംബോധന ചെയ്തത്. നിരാശാജനകമായ ഈ ചോദ്യത്തോട്‌ പ്രതികരിക്കാൻ സൂര്യകാന്തി തയ്യാറാകുന്നില്ല.'സർവസന്നുതനായ സവിതാവായ' സൂര്യനോട്‌ സംസാരിക്കാൻ കേവലം ഒരു നിർഗന്ധം മാത്രമാണ് താൻ എന്ന മിഥ്യാബോധമുള്ളവളാണ് സൂര്യകാന്തി. സൂര്യകാന്തിക്ക് സൂര്യനോടുള്ള പ്രണയത്തെ ലോകം പുച്ചിക്കുമ്പോൾ അവൾക്ക് തന്നെക്കുറിച്ച് അപഹർഷതബോധമുണ്ടാകുന്നു. പ്രണയചാപല്യം കൊണ്ട് ആനന്ദാശ്രു പൊഴിക്കുമ്പോഴും കവിൾ തുടുത്തുവരുമ്പോഴും ഭാവപാരവശ്യമുണ്ടാകുമ്പോഴുമെല്ലാം തന്നെ തന്നെ നിസ്സാരയായി കാണുകയാണ് സൂര്യകാന്തി. 'ക്ഷുദ്രമാം പുഷ്പം','നിർഗന്ധം പുഷ്പം' തുടങ്ങിയ പ്രയോഗങ്ങൾ കാല്പനിക കവിതകളുടെ ഒരു പ്രധാന സവിശേഷത വരച്ചുകാട്ടുന്നു. നായകനെ വാനോളം പുകഴ്ത്ത്ത്തുമ്പോൾ നായിക നിസ്സാരയായി പരിഗണിക്കപ്പെടുന്നു. സൂര്യനും സൂര്യകാന്തിയും തമ്മിൽ ബാഹ്യമായ വൈരുദ്ധ്യങ്ങൾ നിലനിൽക്കുമ്പോഴും അവരുടെ പാവനമായ സ്നേഹമാണ് അവരെ വ്യത്യസ്തരാക്കുന്നത്. സ്നേഹത്തിന് മുന്നിൽ സ്വശരീരം പോലും സൂര്യകാന്തി അപ്രധാനമായി കാണുന്നു.

"ദേഹമിന്നതിൻ ചൂടിൽ
ദഹിച്ചാൽ ദഹിക്കട്ടെ
മോഹനപ്രകാശമെ-
ന്നാത്മാവ് ചുംബിച്ചല്ലോ"

എന്ന വരികൾ ഈ വസ്തുത ശരി വയ്ക്കുന്നു. സൂര്യൻ സൂര്യകാന്തിയെ പ്രണയിച്ചു തുടങ്ങുമ്പോഴാണ് രാത്രി കടന്നു വരുന്നത്. 'രംഗബോധമില്ലാത്ത കോമാളിയെ' പോലെ കടന്നു വന്ന രാത്രിയെ 'കറമ്പിരാവ്' എന്നാണ് കവി വിശേഷിപ്പിക്കുന്നത്.

"https://ml.wikipedia.org/w/index.php?title=സൂര്യകാന്തി_(കവിത)&oldid=2286534" എന്ന താളിൽനിന്ന് ശേഖരിച്ചത്