ഈശാനമംഗലം
കേരളത്തിലെ അറുപത്തിനാലു നമ്പൂതിരി ഗ്രാമങ്ങളിൽ യജുർവേദ പ്രധാനമായ ഗ്രാമമാണ് ഈശാനമംഗലം[1][2]. കണ്ണൂർ ജില്ലയിൽ തളിപ്പറമ്പ് താലൂക്കിൽ ചേലേരി വില്ലേജിൽ സ്ഥിതി ചെയ്യുന്നു. വില്ലേജുകളുടെ പുനഃസംഘടനയ്ക്കു മുമ്പ് ചേലേരി വില്ലേജ് എന്ന് പറയുന്നത് കണ്ണാടിപ്പറമ്പ്, നാറാത്ത്, കമ്പിൽ എന്നീ സ്ഥലങ്ങളും കൂടി ചേർന്നതാണ്. എൈതീഹ്യമനുസരിച്ച് "ചെല്ലൂർ" എന്ന പേരു ലോപിച്ചുണ്ടായതാണ് "ചേലേരി" എന്ന പേര്. അവിടത്തെ വടക്ക്-കിഴക്കു പ്രദേശം [ഈശാനകോണിലുള്ള സ്ഥലം] ആകുന്നു ഈശാനമംഗലം എന്നറിയപ്പെടുന്ന ഈ ഗ്രാമം. "ഈശാന" എന്നത് കണ്ണാടിപ്പറമ്പിലെ ശിവക്ഷേത്രത്തിനെ സൂചിപ്പിക്കുന്നു.
- എടച്ചിലാട്ട് മംഗലശ്ശേരി ഇല്ലം
- കീഴ്പാട്ട് അണിമംഗലം ഇല്ലം
- ഓലാത്ത് പന്നിയോട്ട് ഇല്ലം
- കുറുങ്ങാട്ട് ചെപ്പന്നൂർ ഇല്ലം
- പടിഞ്ഞിറ്റാട്ട് ചെപ്പന്നൂർ ഇല്ലം
- എടയത്ത് ചെപ്പന്നൂർ ഇല്ലം
- മുല്ലമംഗലം ഇല്ലം
- കരുമാരത്ത് ഇല്ലം
- മണിയങ്ങാട് ഇല്ലം
ശ്രീ ഈശാനമംഗലം സഭായോഗം
[തിരുത്തുക]ബ്രാഹ്മണർക്ക് പരശുരാമദത്തമായ കേരളത്തിൽ ഗ്രാമക്ഷേത്രങ്ങളെ കേന്ദ്രമാക്കി ഗ്രാമസ ഭായോഗങ്ങൾ ഉണ്ടായിരുന്നു. സമുദായകാര്യങ്ങളിലും ക്ഷേത്രകാര്യങ്ങളിലും തീരുമാനങ്ങൾ കൈക്കൊണ്ടിരുന്നത് സഭായോഗങ്ങൾ ആയിരുന്നു. അവരിൽ AD 793ൽ കണ്ണൂർ ജില്ലയിൽ ചേലേരി ഗ്രാമത്തിൽ ശ്രീ ഈശാനമംഗലം ആസ്ഥാനമായി സ്ഥാപിതമായ ഒരു പാരമ്പര്യ ധർമ്മ സംഘമാണ് ശ്രീ ഈശാനമംഗലം സഭായോഗം.
ആരാധനാലയങ്ങൾ
[തിരുത്തുക]ശ്രീ ഈശാനമംഗലം മഹാവിഷ്ണു ക്ഷേത്രം
[തിരുത്തുക]പരശുരാമനാൽ പ്രതിഷ്ഠിതമെന്നു ഐതീഹ്യമുള്ള ഒരു പുരാതനക്ഷേത്രമാണ് ശ്രീ ഈശാനമംഗലം മഹാവിഷ്ണു ക്ഷേത്രം. ഈ ക്ഷേത്രം ഈശാനമംഗലം സഭായോഗ ക്ഷേത്രമാണ്. മേൽ ക്ഷേത്ര ദേവസ്വം മംഗലശ്ശേരി ഇല്ലം, പന്നിയോട്ട് ഇല്ലം എന്നീ നമ്പൂതിരി കുടുംബങ്ങളുടെ പാരമ്പര്യ ഉടമ ഊരായ്‌മ അവകാശത്തിലുള്ളതാണ്.
മേൽക്ഷേത്രത്തിൽ, വേദോപാസനയുടെ ഭാഗമായി പല ഗ്രാമങ്ങളിൽ നിന്നും എത്തിച്ചേരുന്ന ഏറെ ബ്രാഹ്മണർ പങ്കെടുക്കുന്ന മുറജപം നടത്തിവന്നിരുന്നു. 56 ദിവസം നീളുന്ന ഈ യജ്ഞത്തെ 7 ആയി ഭാഗിച്ചിരിക്കുന്നു. അതിൽ ഒന്നാണ് ഒരു മുറ.
ശ്രീ തേത്തോത്ത് മഹാവിഷ്ണു ക്ഷേത്രം
[തിരുത്തുക]പുരാതന ക്ഷേത്രമായ ശ്രീ തേത്തോത്ത് മഹാവിഷ്ണു ക്ഷേത്രം നവീകരണത്തിൻറെ പാതയിലാണ്. ഈ ക്ഷേത്രം തേത്തോത്ത് ദേവസ്വം ക്ഷേത്രമാണ്. മേൽ ദേവസ്വം മംഗലശ്ശേരി ഇല്ലം എന്ന നമ്പൂതിരി കുടുംബത്തിൻറെ പാരമ്പര്യ ഊരായ്‌മ അവകാശത്തിലുള്ളതാണ്. വേദജ്ഞർ പങ്കെടുക്കുന്ന ഓത്തൂട്ടിനു പ്രാധാന്യമുള്ളതാണ് ഈ ക്ഷേത്രം, എങ്കിലും ഏറെ കാലമായി മുടങ്ങിക്കിടക്കുകയാണ്.
ക്ഷേത്രത്തിന് കിഴക്കു ദർശനം ആകുന്നു. ക്ഷേത്രക്കുളം, ആൽത്തറ എന്നിവ ഉൾപ്പെടെ നാശോന്മുഖമായ നിലയിലാണ്.
മറ്റു ക്ഷേത്രങ്ങൾ:
[തിരുത്തുക]- മണിയറമ്പൻകാവ്
- കൊറ്റാളിക്കാവ്
- എടച്ചിലാട്ട് ക്ഷേത്രം
ഐതിഹ്യം / ചരിത്രം
[തിരുത്തുക]ഋഷിമാർ / മുനിമാർ
[തിരുത്തുക]പന്നിയോട്ട് സ്വാമികൾ
[തിരുത്തുക]പന്നിയോട്ട് സ്വാമികൾ ഉപയോഗിച്ചിരുന്നെന്നു കരുതപ്പെടുന്ന ആശ്രമം കണ്ണാടിപ്പറമ്പ് തെരുവിൽ സ്ഥിതി ചെയ്യുന്നു [ആനന്ദാലയം].
ഗുഹകൾ
[തിരുത്തുക]വർഷങ്ങൾക്കു മുൻപ് ഋഷിമാർ തപസ്സു ചെയ്യുവാൻ ഉപയോഗിച്ചിരുന്നെന്നു പറയുന്ന പാതാളപ്രദേശങ്ങൾ ഇവിടെ ഈശാനമംഗലം ദേവസ്വം ഭൂമിയിൽ ഇന്നും കാണാൻ കഴിയും.
എഴുത്തുപള്ളി
[തിരുത്തുക]പഴയകാല വിദ്യാലയമായ എഴുത്തുപള്ളി ഈശാനമംഗലത്ത് ഉണ്ടായിരുന്നു. ഭാഷയുടെ അടിത്തറയും അക്ഷരജ്ഞാനവും ആവശ്യമായ അറിവുകളും കുട്ടികൾക്ക് പകർന്നു നൽകുന്നതിന് മുൻകാലങ്ങളിൽ കേരളത്തിൽ ഉണ്ടായിരുന്ന പാഠശാലയായിരുന്നു എഴുത്തുപള്ളി. ആശാൻ പള്ളിക്കൂടം, കുടിപ്പള്ളിക്കൂടം എന്നീ പേരുകളിലും ഇവ അറിയപ്പെട്ടിരുന്നു. നിലത്തെഴുത്ത് ആശാന്മാരാണ് കുടിപ്പള്ളിക്കൂടം നടത്തിയിരുന്നത്. അക്ഷരമാലകളും പ്രാഥമിക ഗണിതവും അഭ്യസിപ്പിക്കുന്നതിനൊപ്പം അനുസരണശീലവും ഗുരുത്വവും ശുചിത്വവും സാമാന്യവിജ്ഞാനവും കുടിപ്പള്ളിക്കൂടങ്ങൾ വഴി വിദ്യാർത്ഥികൾക്ക് പകർന്നു നൽകിയിരുന്നു.
തുടക്കത്തിൽ മണലിലെഴുതിയാണ് കുട്ടികളെ പരിശീലിപ്പിക്കുന്നത്. തുടർന്ന് എഴുത്തോലയും എഴുത്താണിയും ഉപയോഗിച്ചും എഴുതുന്നു.
ഒത്തൂട്ടുവാരം
[തിരുത്തുക]തേത്തോത്ത് ക്ഷേത്രവുമായി ബന്ധപ്പെട്ട് ഒത്തൂട്ടുവാരം നടത്തിവന്നിരുന്നതായി പുരാരേഖകൾ സൂചിപ്പിക്കുന്നു. വേദജ്ഞന്മാരെ ഇതിനായി സ്വീകരിച്ച് ആനയിച്ചുകൊണ്ടുവരുന്ന കവാടത്തെ ഓത്തുക്കണ്ടി എന്നു പറയുന്നു. ഇന്നും അവിടം അതേ പേരിൽ അറിയപ്പെടുന്നു.
കളരി
[തിരുത്തുക]കളരിപയറ്റ് നടത്താറുണ്ടായിരുന്നതിനാൽ കളരി എന്നു അറിയപ്പെടുന്ന പ്രത്യേക സ്ഥലം നിലനിന്നിരുന്നതായി കേട്ടുകേൾവിയുണ്ട്.
മംഗലശ്ശേരി ജ്യോതിഷാചാര്യർ
[തിരുത്തുക]ജ്യോതിഷരംഗത്ത് പരമഗുരുസ്ഥാനീയനായിട്ടുള്ള ബ്രഹ്മശ്രീ മംഗലശ്ശേരി ദാമോദരൻ നമ്പൂതിരി, ഏറെ വർഷങ്ങൾക്കു മുൻപ് ഈ ഗ്രാമത്തിലെ മംഗലശ്ശേരി ഇല്ലത്ത് ജീവിച്ചിരുന്നതായി ഐതീഹ്യമുണ്ട്. ജ്യോതിഷികളുടെ ഗുരുവന്ദന ശ്ലോകങ്ങളിൽ ഇതിനെ കുറിക്കുന്ന ഭാഗം താഴെ ഉദ്ധരിക്കുന്നു:
"നമഃ ശ്രീ മംഗലശ്രേണീനിവാസായ മഹാത്മനേ സർവം ജാനന്തി ദൈവജ്‌നോ യദ്ദത്തശ്രുതി ചക്ഷുഷഃ" (പ്രശ്‌നമാർഗ്ഗം പേജ് 2)[3]