കുളവെട്ടി
| കുളവെട്ടി | |
|---|---|
| പരിപാലന സ്ഥിതി | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Plantae |
| (unranked): | Angiosperms |
| (unranked): | Eudicots |
| (unranked): | Rosids |
| നിര: | Myrtales |
| കുടുംബം: | Myrtaceae |
| ജനുസ്സ്: | Syzygium |
| വർഗ്ഗം: | S. travancoricum |
| ശാസ്ത്രീയ നാമം | |
| Syzygium travancoricum Gamble |
|
'സൈസീജിയം ട്രാവൻകോറിക്കം' എന്ന ശാസ്ത്രനാമത്തിലറിയപ്പെടുന്ന വൃക്ഷത്തിന് കുളവെട്ടി, പൊരിയൻ, വാതംകൊല്ലി, തേന്മാവ് എന്നീ പേരുകളുമുണ്ട്. (ശാസ്ത്രീയനാമം: Syzygium travancoricum). ഞാവൽ ഉൾപ്പെടുന്ന മെറിട്ടേസി കുടുംബത്തിലുൾപ്പെടുന്ന മരം ഇരുന്നൂറ് അടി വരെ ഉയരത്തിലുള്ള ചെങ്കൽ കുന്നുകളിലാണ് വളരുക. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന മരങ്ങളാണിവ. ലോകത്ത് ആകെയുള്ള മുന്നൂറ് കുളവെട്ടി മരങ്ങളിൽ നൂറെണ്ണവും തൃശൂർ കുന്നംകുളം കലശമലയിലെ ശിവ വിഷ്ണു ക്ഷേത്രത്തിലെ കാവിലാണ് ഉള്ളത്. കൊല്ലത്തെ ഐക്കാട് ഒരു കാവിൽ നാലെണ്ണം കണ്ടെത്തിയിട്ടുണ്ട്. ഏതാണ്ട് 35 എണ്ണം കർണ്ണാടകയിലെ സിദ്ധാപുരം താലൂക്കിലും ഉണ്ട്. [1]അപൂർവമായി കാണുന്ന വൃക്ഷത്തെ ദർശിക്കാൻ വിദേശികളടക്കം നിരവധി പേർ കലശമലയിലെത്താറുണ്ട്.
ഭൂമിക്കടയിലേയ്ക്ക് ഊർന്നിറങ്ങുന്ന ജലത്തെ ആഴത്തിലുള്ള വേരുപടലം കൊണ്ട് തടഞ്ഞുനിർത്തി, വൃക്ഷം നിൽക്കുന്ന പ്രദേശം ചതുപ്പുനിലമാക്കി മാറ്റിയെടുക്കുവാൻ കുളവെട്ടിക്ക് കഴിയും. നീരുറവ് പിടിച്ചുനിർത്താൻ കുളവെട്ടിക്ക് കഴിയുമെന്നതിനാൽ പ്രദേശത്ത് ജലക്ഷാമം ഉണ്ടാവുകയില്ല. കടുത്ത വേനലിലും കലശമലക്കുന്നിൽ ജലസമൃദ്ധി ഉണ്ടാകുന്നത് കുളവെട്ടി മരങ്ങൾ ഉള്ളതുകൊണ്ടാണ്.
ആയുർവേദ മരുന്നുകൾക്കും പ്രയോജനപ്പെടുന്ന കുളവെട്ടി മരത്തെക്കുറിച്ച് ആദ്യം മനസ്സിലാക്കിയത് ബ്രിട്ടീഷ് വനശാസ്ത്രജ്ഞനായ ഗാംബിൾ ആണ്. 1910-12 കാലത്ത് കലശമലക്കുന്നിൽനിന്നാണ് മരത്തെക്കുറിച്ച് പഠിച്ചത്. മരത്തിന്റെ പ്രത്യേകതകളെക്കുറിച്ച് 'ഫ്ലോറ ഓഫ് ദി പ്രസിഡൻസി ഓഫ് മദ്രാസ്' എന്ന ഗ്രന്ഥത്തിൽ അദ്ദേഹം പ്രതിപാദിച്ചിട്ടുണ്ട്.
പാരിസ്ഥിതിക സമ്മർദ്ദമുള്ള സ്ഥലത്ത് വസിക്കുന്ന വൃക്ഷത്തെക്കുറിച്ച് പിന്നീട് മനസ്സിലാക്കിയത് കേരള കാർഷിക സർവകലാശാലയിലെ പ്രൊഫ. വിദ്യാസാഗറാണ്. 2005ലാണ് അദ്ദേഹം പഠനം നടത്തിയത്. തുടർന്ന് ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിലെ ബോട്ടണി വിഭാഗം പ്രൊഫസർമാരായ പി.എൻ. ഗണേശും ഡോ. ഹരിനാരായണനും ആണ് പഠനം നടത്തിയത്. പശ്ചിമഘട്ട മലനിരകളധിവസിക്കുന്ന കേരളത്തിൽ മാത്രമാണ് കുളവെട്ടി ഉള്ളതെന്നാണ് ഇവരുടെ കണ്ടെത്തൽ. കൊല്ലം ജില്ലയിൽ നാമമാത്രമായി ഉണ്ടെങ്കിലും കലശമലയാണ് വൃക്ഷത്തിന്റെ അധിവാസകേന്ദ്രമെന്ന് ഡോ. ഹരിനാരായണൻ ചൂണ്ടിക്കാട്ടുന്നു. ഒറ്റയ്ക്കും കൂട്ടമായും ഉയരത്തിൽ വളരുന്ന വൃക്ഷത്തിന് നൂറ്റാണ്ടുകളോളം പ്രായമുണ്ട്. വൻമരമായി മാറുന്ന വൃക്ഷത്തിന്റെ തടി ഫർണീച്ചറിന് ഉപയോഗിക്കാം. വൃക്ഷത്തിന്റെ ഇലയും തൊലിയും വാതരോഗങ്ങൾക്ക് മരുന്നായി ഉപയോഗിക്കാം.
വൃക്ഷത്തിന്റെ പ്രത്യേകതകൾ പരിഗണിച്ച് കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് കുളവെട്ടിയെ ലോക പൈതൃക സ്ഥാനത്ത് പ്രഖ്യാപിക്കാനുള്ള നീക്കത്തിലാണ്.[2] കൃത്രിമമായി തൈകൾ നിർമ്മിച്ചെടുക്കാനുള്ള ഗവേഷണങ്ങൾ വിജയപാതയിലാണ് [3]
പുതിയ വിവരങ്ങൾ[തിരുത്തുക]
കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഈയിടെ നടത്തിയ പഠനങ്ങളിൽ കുളവെട്ടി മറ്റു ചില സ്ഥലങ്ങളിൽ കൂടി കണ്ടെത്തുകയുണ്ടായി. കേരള വനഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് എം എസ്സ് സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷനുമായിച്ചേർന്ന് ഈ മരത്തെ വളരാൻ പറ്റുന്ന മറ്റു സ്ഥലങ്ങളിലും വ്യാപിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. [4]
അവലംബം[തിരുത്തുക]
- ↑ http://wgbis.ces.iisc.ernet.in/energy/water/paper/Relic/syzygium.htm
- ↑ http://www.mathrubhumi.com/thrissur/news/1641471-local_news-thrissur.html
- ↑ http://resources.metapress.com/pdf-preview.axd?code=w026h267863465v2&size=largest
- ↑ http://www.thehindu.com/news/national/kerala/study-brings-tree-out-of-red-list/article4676953.ece
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
- http://www.thehindu.com/todays-paper/tp-national/tp-kerala/kalassamala-grove-glows-green/article3224708.ece
- http://indiabiodiversity.org/species/show/228413
- http://link.springer.com/article/10.1023%2FA%3A1006235900696#page-2
- http://eprints.iisc.ernet.in/13301/1/1TOC%5B1%5D.pdf
- ചിത്രം ആവശ്യമുള്ള ലേഖനങ്ങൾ
- ഐ.യു.സി.എൻ. ചുവന്ന പട്ടിക പ്രകാരം ഗുരുതരമായ വംശനാശഭീഷണി നേരിടുന്ന ജീവികൾ
- സസ്യങ്ങൾ - അപൂർണ്ണലേഖനങ്ങൾ
- കേരളത്തിലെ വൃക്ഷങ്ങൾ
- വൃക്ഷങ്ങൾ
- ഔഷധസസ്യങ്ങൾ
- വംശനാശം നേരിടുന്ന വൃക്ഷങ്ങൾ
- പുഷ്പിക്കുന്ന സസ്യങ്ങൾ
- പശ്ചിമഘട്ടതദ്ദേശവാസിയായ സസ്യങ്ങൾ
- ഇന്ത്യയിലെ തദ്ദേശ സസ്യങ്ങൾ
- കേരളത്തിലെ അപൂർവ്വവും വംശനാശഭീഷണിയുള്ളതുമായ സസ്യങ്ങൾ