ഉഗാണ്ട
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ആപ്തവാക്യം: ദൈവത്തിനു വേണ്ടിയും എന്റെ രാജ്യത്തിനു വേണ്ടിയും | |
| ദേശീയ ഗാനം: Oh Uganda, Land of Beauty.. | |
| തലസ്ഥാനം | കംപാല |
| രാഷ്ട്രഭാഷ | ഇംഗ്ലീഷ് |
| ഗവണ്‍മന്റ്
പ്രസിഡന്റ്
|
പാര്‍ലമെന്ററി ജനാധിപത്യം യോവരി മുസേവനി |
| സ്വാതന്ത്ര്യം | ഒക്ടോബര്‍ 9, 1962 |
| വിസ്തീര്‍ണ്ണം |
2,36,040ചതുരശ്ര കിലോമീറ്റര്‍ |
| ജനസംഖ്യ • ജനസാന്ദ്രത |
24,699,073(2000) 105/ച.കി.മീ |
| നാണയം | ഷില്ലിങ് (UGX) |
| ആഭ്യന്തര ഉത്പാദനം | {{{GDP}}} ({{{GDP Rank}}}) |
| പ്രതിശീര്‍ഷ വരുമാനം | {{{PCI}}} ({{{PCI Rank}}}) |
| സമയ മേഖല | UTC +3 |
| ഇന്റര്‍നെറ്റ് സൂചിക | .ut |
| ടെലിഫോണ്‍ കോഡ് | +256 |
ഉഗാണ്ട(Uganda) കിഴക്കന്‍ ആഫ്രിക്കയിലെ ഒരു രാജ്യമാണ്. കിഴക്ക് കെനിയ, പടിഞ്ഞാറ് കോംഗോ, വടക്ക് സുഡാന്‍, തെക്ക് ടാന്‍സാനിയ, തെക്കുപടിഞ്ഞാറ് റുവാണ്ട എന്നിവയാണ് അയല്‍ രാജ്യങ്ങള്‍. പരമ്പരാഗതമായ ബുഗാണ്ട രാജവംശത്തില്‍ നിന്നാണ് ഉഗാണ്ട എന്ന പേരു വന്നിരിക്കുന്നത്.
കോമണ്‍വെല്‍ത്ത് രാഷ്ട്രങ്ങളില്‍ പെടുന്ന ഉഗാണ്ട 1962 ലാണ് സ്വാതന്ത്ര്യം പ്രാപിച്ചത്. പാന്‍ ആഫ്രിക്കന്‍ പ്രസ്ഥാനം, ആഫ്രിക്കന്‍ ഐക്യദാര്‍ഢ്യസമിതി (Organization for African Unity) എന്നീ സംഘടനകളില്‍ സജീവാംഗത്വം പുലര്‍ത്തുന്ന ഈ രാജ്യം കെനിയ, ടാന്‍സാനിയ എന്നീ രാജ്യങ്ങളുമായിച്ചേര്‍ന്ന് ഈസ്റ്റാഫ്രിക്കന്‍ കമ്യൂണിറ്റി എന്ന വാണിജ്യസഖ്യവും സ്ഥാപിച്ചിരുന്നു. വ്യവസായവത്കരണത്തിലൂടെ സാമ്പത്തിക സുസ്ഥിരത നേടുവാനുള്ള തീവ്രമായ ശ്രമം സ്വാതന്ത്ര്യപ്രാപ്തിക്കു ശേഷം നടന്നുപോന്നിരുന്നുവെങ്കിലും ഇക്കാര്യത്തില്‍ വേണ്ടത്ര വിജയിച്ചിട്ടില്ല. സമ്പദ്‌വ്യവസ്ഥ പ്രധാനമായും കാര്‍ഷിക വിഭവങ്ങളെ, പ്രത്യേകിച്ച് കാപ്പി, പരുത്തി എന്നീ നാണ്യവിളകളെ ആശ്രയിച്ചിരിക്കുന്നു. ലോകവിപണില്‍ ഈ ഉത്പന്നങ്ങള്‍ക്കുണ്ടാവുന്ന വിലമാറ്റത്തിന് ആനുപാതികമായി ഉഗാണ്ടയുടെ സാമ്പത്തിക സ്ഥിതിയിലും ഏറ്റക്കുറച്ചിലുകളുണ്ടാകാറുണ്ട്.[1]
ഉള്ളടക്കം |
[തിരുത്തുക] ഭൗതിക ഭൂമിശാസ്ത്രം
[തിരുത്തുക] ഭൂപ്രകൃതി
മധ്യ ആഫ്രിക്കാ പീഠഭൂമിയുടെ ഭാഗമായി തെക്കുനിന്നും വടക്കോട്ടു ക്രമേണ ചരിഞ്ഞിറങ്ങുന്ന ഒരു ഉന്നതതടമാണ് ഉഗാണ്ട. തെക്കരികില്‍ 1,500 മീറ്ററും വടക്ക് 900 മീറ്ററുമാണ് ശരാശരി ഉയരം. രാജ്യത്തിന്റെ അതിര്‍ത്തികളില്‍ ഉയരംകൂടിയ പര്‍വതങ്ങളും താഴ്വരകളും ഉണ്ട്. ഉഗാണ്ടയുടെ പടിഞ്ഞാറെ അതിര്‍ത്തി നിര്‍ണയിക്കുന്നത് വിരുംഗ, റുവന്‍സോറി എന്നീ പര്‍വതങ്ങളും ഭാഗികമായി ആഫ്രിക്കയിലെ പ്രസിദ്ധമായ ഗ്രേറ്റ് റിഫ്റ്റ് വാലി (ഭ്രംശ താഴ്വര) യും ആണ്. ഉഗാണ്ടയ്ക്കുള്ളില്‍ വിരുംഗാപര്‍വതത്തിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടി മുഹാവുര (4,127 മീ.) ആണ്; ഉഗാണ്ടാ, സയര്‍, റുവാണ്ട എന്നീ രാജ്യങ്ങളുടെ അതിര്‍ത്തികള്‍ കൂട്ടിമുട്ടുന്നിടത്ത് സബീനിയോ എന്ന മറ്റൊരു കൊടുമുടിയുമുണ്ട്. വിരുംഗാ പര്‍വതത്തിനു വടക്കാണ് റൂവന്‍സോറി. ഈ പര്‍വതനിരകള്‍ക്കിടയ്ക്ക് എഡ്‌വേഡ്, ജോര്‍ജ് എന്നീ തടാകങ്ങള്‍ കിടക്കുന്നു. റൂവന്‍സോറിയിലെ മാഗരീതാ കൊടുമുടിയുടെ ഉയരം 5,109 മീ. ആണ്. ഈ പര്‍വതനിരയ്ക്കും വടക്കുള്ള ഉഗണ്ടാ അതിര്‍ത്തി റിഫ്റ്റ്വാലിയിലൂടെയാണ് നീളുന്നത്; ആല്‍ബര്‍ട്ട് തടാകവും, ആല്‍ബര്‍ട്ട്നൈല്‍ നദിയും ഈ ഭാഗത്താണ്. ഉഗാണ്ടയുടെ വടക്കുകിഴക്കുഭാഗത്ത് അഗ്നിപര്‍വതങ്ങളുടെ ഒരു ശൃഖല കാണപ്പെടുന്നു; സൂലിയ (2,148 മീ.), മൊരുന്‍ഗോള്‍ (2,750 മീ.), മൊറോതോ (3,083 മീ.), കാദാം (3,071 മീ.), എല്‍ഗണ്‍ (4,321 മീ.) എന്നിവ ഇക്കൂട്ടത്തില്‍ പെട്ട പര്‍വതങ്ങളാണ്. ഇവ ഒട്ടുമുക്കാലും നിദ്രിത (dormant) അവസ്ഥയിലാണ്. റിഫ്റ്റ്വാലിയുടെ ഒരു ശാഖ ഈ പര്‍വതങ്ങളുടെ തെക്കും പടിഞ്ഞാറും അരികുകളിലൂടെ നീളുന്നു; വിക്റ്റോറിയാ തടാകം ഈ ശാഖയിലാണ്. ഉഗാണ്ടായുടെ സുഡാനുമായുള്ള അതിര്‍ത്തി നിര്‍ണയിക്കുന്നത് ഇമാതോങ് (1,830 മീ.) പര്‍വതങ്ങളാണ്.[2]
[തിരുത്തുക] അപവാഹം
ആറു വന്‍തടാകങ്ങളും എട്ടു നദീ വ്യൂഹങ്ങളുമാണ് ഉഗാണ്ടയിലെ അപവാഹക്രമത്തിലെ പ്രധാന ഘടകങ്ങള്‍. രാജ്യത്തിന്റെ തെക്കുകിഴക്കായി സ്ഥിതിചെയ്യുന്ന വിക്റ്റോറിയാതടാകം (1,18,423 ച. കി. മീ.) വിസ്തീര്‍ണത്തില്‍ ലോകത്തിലെ ശുദ്ധജല തടാകങ്ങളില്‍ രണ്ടാം സ്ഥനത്താണ്. എഡ്‌വേഡ്, ജോര്‍ജ്, ആല്‍ബര്‍ട്ട്, കിഴക്കുഭാഗത്തുള്ള ക്യോഗ, ബൈസെന എന്നിവയാണ് മറ്റു പ്രധാന തടകങ്ങള്‍. രാജ്യത്തിന്റെ മധ്യഭാഗത്തു കൂടി ഒഴുകുന്ന വിക്റ്റോറിയാനൈല്‍, യുഗാണ്ടയിലെ അസ്വ, ഡോപെത്ത് ഒക്കോക്ക്, പാജര്‍, വ. പടിഞ്ഞാറു ഭാഗത്തെ ആല്‍ബര്‍ട്ട് നൈല്‍, പടിഞ്ഞാറന്‍ ഉഗാണ്ടയിലെ കാഫു, കടോങ്ഗാ, മ്‌പോങ്ഗോ എന്നിവയാണ് മുഖ്യനദികള്‍. രാജ്യത്തിന്റെ തെക്കുഭാഗത്തുള്ള ചെറുനദികള്‍ വിക്റ്റോറിയാ തടാകത്തിലേക്ക് ഒഴുകുന്നു. തടാകത്തിലെ അധികജലം ജീന്‍ജയ്ക്കു സമീപമുള്ള ഓവല്‍ വെള്ളചാട്ടത്തിലൂടെ ബഹിര്‍ഗമിച്ചാണ് വിക്റ്റോറിയാനൈല്‍ രൂപംകൊള്ളുന്നത്. വടക്കോട്ടൊഴുകുന്ന നദി ക്യോഗാതടാകത്തിന്റെ കിഴക്കന്‍ ശാഖയെ ഗ്രസിച്ച് പടിഞ്ഞാറോട്ടു തിരിയുകയും വീണ്ടും വടക്കോട്ടു തിരിഞ്ഞൊഴുകി ആല്‍ബര്‍ട്ടു തടാകത്തില്‍ പതിക്കുകയും ചെയ്യുന്നു. നദീമാര്‍ഗത്തിലെ അന്ത്യഭാഗത്ത് കരൂമ, മര്‍ക്കിസണ്‍ എന്നീ വെള്ളചാട്ടങ്ങള്‍ ഉണ്ട്. ആല്‍ബര്‍ട്ട് തടാകത്തിലെ അധികജലം വര്‍ന്നൊഴുകിയാണ് ആല്‍ബര്‍ട്ട് നൈല്‍ ഉണ്ടാകുന്നത്. സുഡാന്‍ അതിര്‍ത്തി മുതല്‍ ഈ നദി വൈറ്റ് നൈല്‍ (ബഹര്‍ അല്‍ ജബര്‍) എന്ന് അറിയപ്പെടുന്നു. വിക്റ്റോറിയാതടാകത്തിനു വടക്കുള്ള നദികള്‍ ക്യോഗാതടകത്തിലേക്കൊഴുകുന്നു. ക്യോഗയ്ക്കു വടക്കുള്ളവ ആല്‍ബര്‍ട്ട്നൈലിലേക്ക് ഒഴുകിച്ചേരുന്നു. യുഗാണ്ടയുടെ തെ. പ. ഭാഗത്ത് എഡ്‌വേഡ്, ജോര്‍ജ് എന്നീ തടാകങ്ങളിലേക്കൊഴുകുന്ന ചെറുനദികള്‍ കാണാം. വിക്റ്റോറിയാനൈല്‍, ആല്‍ബര്‍ട്ട്നൈല്‍ എന്നിവ ഒഴിച്ചുള്ള നദികളെല്ലാം കലങ്ങിമറിഞ്ഞും മാര്‍ഗമധ്യേ ചതുപ്പുകെട്ടിയും കാണപ്പെറ്റുന്നു. ഏറിയകൂറും നദികള്‍ മഴക്കാലത്തു മാത്രം നിറഞ്ഞൊഴുകുന്നവയാണ്. സദാ നിറഞ്ഞൊഴുകുന്ന വന്‍നദികളിലെ ജലൗഘങ്ങളില്‍ പോലും കാലഭേദമനുസരിച്ചുള്ള ഏറ്റക്കുറച്ചില്‍ കാണാം.[3]
[തിരുത്തുക] കാലാവസ്ഥ
തെ. ഉഗാണ്ടയിലൂടെയാണ് ഭൂമധ്യരേഖ കടന്നു പോകുന്നത്. എന്നാല്‍ സമുദ്രനിരപ്പില്‍നിന്നുള്ള ഉയരക്കൂടുതലും തടാകങ്ങള്‍ മൂലമുണ്ടാകുന്ന ആര്‍ദ്രോഷ്ണ വ്യതിയാനങ്ങളും കാലാവസ്ഥയില്‍ സമീകരണം ഏര്‍പ്പെടുത്തുന്നു. ഉഷ്ണമേഖലാ കാലാവസ്ഥയാണ് പൊതുവെ അനുഭവപ്പെടുന്നത്. താപനിലയിലെ വര്‍ഷിക വെത്യാസം വളരെകുറവണ്. ദിനരാത്രങ്ങളുടെ ദൈര്‍ഘ്യത്തിലും പറയത്തക്ക ഏറ്റകുറച്ചിലുകള്‍ ഉണ്ടാകുന്നില്ല. രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും സാമാന്യമായ മഴ ലഭിക്കുന്നു. വടക്കു കിഴക്കരികിലാണ് മഴ ഏറ്റവും കുറവ് (38 സെ. മീ.). വിക്റ്റോറിയാ തടാകത്തിലെ ദ്വീപുകളില്‍ ശരാശരി വര്‍ഷപാതം 200 സെ. മീ. ആണ്. ഉഗാണ്ടയുടെ വടക്കേ പകുതിയില്‍ ഏപ്രില്‍ മുതല്‍ ഒക്റ്റോബര്‍ വരെ മഴക്കാലവും നവമ്പര്‍ മുതല്‍ മാര്‍ച്ചുവരെ വര്‍ണ്ട കാലവും ആണ്. തെക്കന്‍ ഉഗാണ്ടയില്‍ ഏപ്രില്‍ - മേയ്, ഒക്റ്റോബര്‍ - നവമ്പര്‍ എന്നിങ്ങനെ രണ്ടു മഴക്കാലങ്ങളും അവയ്ക്കിടയ്ക്കുള്ള വരണ്ട കാലങ്ങളുമാണുള്ളത്; എന്നാല്‍ വരള്‍ച്ചയുടെ കാലത്തുപോലും ഇടയ്ക്കിടെ ഇടിമഴ പെയ്യാറുണ്ട്.[3]
[തിരുത്തുക] സസ്യജാലം
ഇരുമ്പ്, അലൂമിനിയം എന്നീ ധാത്വംശങ്ങള്‍ക്കു പ്രാമുഖ്യമുള്ള ഫെറലൈറ്റ് മണ്ണാണു പൊതുവേ ഉള്ളത്. എന്നാല്‍ ചതുപ്പു പ്രദേശങ്ങളില്‍, വിശിഷ്യാ കായലോരങ്ങളില്‍ ചെളിപരുവത്തിലുള്ള കളിമണ്ണും കാണപ്പെടുന്നു. പൊതുവേ ഫലപുഷ്ടിയുള്ള മണ്ണാണ്; വടക്കരികിലേക്കു നിങ്ങുന്തോറും മണ്ണിന്റെ ഉര്‍വരത കുറഞ്ഞുവരുന്നു.[3]
ഉഗാണ്ടയുടെ മധ്യ - ഉത്തര ഭാഗങ്ങളിലെ നൈസര്‍ഗിക പ്രകൃതി ഉയരം കുറഞ്ഞ വൃക്ഷങ്ങള്‍ ഉള്‍പ്പെട്ട സവന്നാ മാതൃകയിലുള്ള പുല്‍മേടുകളാണ്; മഴ കുറവായ പ്രദേശങ്ങളില്‍ അക്കേഷ്യ, കാന്‍ഡലാബ്ര, യൂഫോര്‍ബിയ എന്നീ ഇനങ്ങളിലെ ഒറ്റതിരിഞ്ഞു വളരുന്ന വൃക്ഷങ്ങളും ജല ലഭ്യതയുള്ള ഇടങ്ങളില്‍ പുല്‍ക്കൂട്ടങ്ങളും കാണപ്പെടുന്നു. നന്നേ വരണ്ട ഭാഗങ്ങളില്‍ സ്റ്റെപ്പ് മതൃകയിലുള്ള പുല്‍മേടുകളും കാണാം. വിക്റ്റോറിയാ തടാകത്തിന്റെ ചുറ്റുമുള്ള ഭാഗങ്ങളില്‍ നൈസര്‍ഗിക പ്രകൃതി മനുഷ്യാധിവാസം മൂലം ഏതാണ്ടു മയിക്കപ്പെട്ടനിലയില്‍ എത്തിയിട്ടുണ്ട്. ഉഷ്ണമേഖലാ വനങ്ങളുടെ സ്വഭാവമാണ് ഇവിടുത്തെ സസ്യജാലം പുലര്‍ത്തിപ്പോരുന്നത്. സാമാന്യം ഉയരത്തില്‍ വളരുന്ന സമ്പദ്പ്രധാനങ്ങളായ തടിയിനങ്ങള്‍ ഇവിടെ സുലഭമാണ്. റൂവന്‍സോറി, എല്‍ഗണ്‍ തുടങ്ങിയ പര്‍വതങ്ങളില്‍ 1800 മീ. ഉയരം വരെ നിത്യഹരിതവനങ്ങള്‍ കാണപ്പെടുന്നു. മുകളിലേക്കു പോകുന്തോറും ഇവ മുളങ്കാടുകളിലേക്കും ഈറക്കാടുകളിലേക്കും പുല്‍മേടുകളിലേക്കും സംക്രമിക്കുന്നു. പര്‍വത സാനുക്കളിലുള്ള ചതുപ്പു പ്രദേശങ്ങളില്‍ സമൃദ്ധമായി വളരുന്ന ഒരു സസ്യമാണ് പാപ്പിറസ്.[3]
[തിരുത്തുക] ജന്തുജാലം
ഉഗാണ്ടയിലെ വനപ്രദേശങ്ങളില്‍ സിംഹം, പുലി എന്നിവ ധാരാളമായി ഉണ്ട്. നദികളും തടാകങ്ങളും നീര്‍ക്കുതിര, ചീങ്കണ്ണി എന്നിവയുടെ വിഹാരരംഗങ്ങളാണ്. ആന, കാട്ടുപോത്ത് എന്നിവയും ഉഗാണ്ടാകോബ് എന്നറിയപ്പെടുന്ന ഒരിനം കലമാനും വടക്കും പടിഞ്ഞാറും ഭാഗങ്ങളില്‍ സുലഭമാണ്; കറുത്തതും വെളുത്തതുമായ കാണ്ടാമൃഗങ്ങളും ജിറാഫും വടക്കുഭാഗത്തുള്ള വനങ്ങളില്‍ മാത്രം കാണപ്പെടുന്നു. വരയന്‍കുതിര പലയിനം ഹരിണവര്‍ഗങ്ങള്‍, കാട്ടാട് എന്നിവ വ. കി. ഭാഗത്തെ വനങ്ങളില്‍ ധാരാളമായുണ്ട്. ഉഗാണ്ടയിലെ നദികളും തടാകങ്ങളും പൊതുവേ മത്സ്യസമൃദ്ധമാണ്. വിനാശകാരികളായ ക്ഷുദ്രജീവികളുടെ ബാഹുല്യം ഉഗണ്ടയുടെ ശാപമായി തുടരുന്നു. അനേകലക്ഷം ച. കി. മീ. പുല്‍മേടുകള്‍ മാരകങ്ങളായ ത്‌സെത്‌സീ ഈച്ചകളുടെ ബാധ മൂലം കന്നുകാലി വളര്‍ത്തലിനു പ്രയോജനപ്പെടുന്നില്ല. 1,500 മീ. - ല്‍ താഴെ ഉയരമുള്ള ഏതു പ്രദേശവും മലേറിയാവാഹികളായ അനോഫിലിസ് കൊതുകുകളുടെ ആക്രമണത്തിനു വിധേയമാണ്.[3]
ഉഗാണ്ടയില്‍ ധാരാളമായുള്ള വന്യമൃഗ സംരക്ഷണ കേന്ദ്രങ്ങള്‍ വൈവിധ്യമാര്‍ന്ന നിരധിയിനം ജന്തുവര്‍ഗങ്ങളെ ഉള്‍ക്കൊള്ളുന്നവയാണ്. വിക്റ്റോറിയാ നൈലിന്റെ ഇരു കരകളിലുമായി കിടക്കുന്ന കബറീഗ, റൂവന്‍സോറി, കിഡെപ്പോ മൃഗസംരക്ഷണ കേന്ദ്രങ്ങള്‍ ഇക്കൂട്ടത്തില്‍ എടുത്തു പറയാവുന്നവയാണ്.[3]
[തിരുത്തുക] ധതുസമ്പത്ത്
ചെമ്പ്, തകരം, ടങ്സ്റ്റന്‍, വൈഡൂര്യം മുതലായ ധാതുക്കളുടെ സമ്പന്നനിക്ഷേപങ്ങള്‍ ഉഗാണ്ടയില്‍ അവസ്ഥിതമായിരിക്കുന്നു. റൂവന്‍സോറി നിരകളുടെ കിഴക്കേച്ചരിവിലുള്ള കീലെംബേയില്‍ നിന്ന് ചെമ്പയിര് വന്‍തോതില്‍ ലഭിച്ചുവരുന്നു; മരു ധാതുക്കളും ഖനനവിധേയമായിട്ടുണ്ട്. ഉപ്പ്, കളിമണ്ണ്, വാസ്തുശിലകള്‍ എന്നിവയും സുലഭമാണ്. ഇരുമ്പു നിക്ഷേപങ്ങള്‍ക്കുള്ള സാധ്യത ഉണ്ടെങ്കിലും കല്‍ക്കരി തീരെ ഇല്ലെന്നുതന്നെ പറയാം. ബിസ്മഥ്, സ്വര്‍ണ്ണം, അഭ്രം, ഫോസ്ഫേറ്റ് എന്നീ ധാതുക്കളും കണ്ടെതിയിട്ടുണ്ട്. ഖനനവരുമാനത്തിന്റെ മുക്കാല്‍ പങ്കും ചെമ്പുഖനികളില്‍ നിന്നാണ്.[1]
[തിരുത്തുക] ജനങ്ങള്‍
[തിരുത്തുക] ജനവിതരണം
ജനവാസം താരതമ്യേന കുറവാണ്; ശരാശരി ജനസാന്ദ്രത ച. കി. മീറ്ററിന് 51 എന്ന നിരക്കിലാണ്. ജനവിതരണം സന്തുലിതമല്ല; വിജനമായ പ്രദേശങ്ങള്‍ കുറവല്ല. ബുഗിഷു, ബുക്കേഡി എന്നീ കിഴക്കന്‍ ജില്ലകളിലും തെ. പ. ജില്ലയായ കിഗേഷിയിലുമാണ് ജനവാസം അധികമായുള്ളത്. വിക്റ്റോറിയാ തടകതീരത്തെ ബുഗാണ്ട, ബുസോഗ എന്നീ ജില്ലകളും താരതമ്യേന ജനനിബിഡമാണ്. രാജ്യത്തെ പ്രധാന നഗരങ്ങളെല്ലാം ഈ ഭാഗത്താണ് ജനസംഖ്യ 1,01,27,000.[4]
വര്‍ധിച്ച് ജനനിരക്കും ക്രമമായി കുറഞ്ഞുവരുന്ന മരണനിരക്കും ജനപ്പെരുപ്പത്തിനു വഴിയൊരുക്കുന്നു. റുവണ്ട, ബുറുണ്ടി, കെനിയ, സുഡാന്‍ എന്നീ അയല്‍ രാജ്യങ്ങളില്‍ നിന്നുള്ള വമ്പിച്ച കുടിയേറ്റവും ജനസംഖ്യാ വര്‍ധനവിനു കാരണമായിട്ടുണ്ട്. 1965 - 72 കാലഘട്ടത്തില്‍ ഉഗാണ്ടാനിവാസികളായ ഏഷ്യന്‍ വംശജരെ കുടിയൊഴിപ്പിച്ചിട്ടും, വാര്‍ഷിക വര്‍ധനവ് 3% ആയി തുടരുന്നു.[4]
[തിരുത്തുക] വര്‍ഗങ്ങള്‍
ബന്തു, നിലോട്ടിക് എന്നീ വിഭാഗങ്ങളില്‍പ്പെട്ട ഗോത്രങ്ങളാണ് തദ്ദേശീയരില്‍ പൂരിഭാഗവും. നൂറ്റാണ്ടുകളായുള്ള സഹവര്‍ത്തിത്വം സങ്കരസ്വഭാവത്തിനു കാരണമായിട്ടുണ്ടെങ്കിലും വ്യതിരിക്തങ്ങളായ വര്‍ഗ സവിശേഷതള്‍ ഇന്നും പ്രകടമാണ്. ബന്തു വിഭാഗത്തിലെ ഗണ്ടാഗോത്രക്കാരാണ് അംഗസംഖ്യയില്‍ മുന്നിട്ടു നില്‍ക്കുന്നത്. സോഗ, ന്യോറോ, എന്‍കോള്‍, ടോറോ, കീഗ, ഗിസു, ഗിവെരേ, നിയോള്‍ എന്നിവയാണ് ഇതര ബന്തുഗോത്രങ്ങള്‍. നിലോട്ടിക് വിഭാഗക്കാരില്‍ അച്ചോളി, ലാങ്ഗോ, കാരമോജോങ്, ഇടീസോ, മാഡി, കക്ക്‌വ എന്നീ ഗോത്രങ്ങള്‍ക്കാണു ഗണ്യമായ പ്രാതിനിധ്യമുള്ളത്. ഭാഷ, ആചാരാനുഷ്ഠാനങ്ങള്‍, പാരമ്പര്യക്രമങ്ങള്‍ എന്നിവയില്‍ നിഷ്കര്‍ത്താ പൂര്‍വമുള്ള വൈവിധ്യം പുലര്‍ത്തിപ്പോരുന്നതുമൂലം വിവിധ ഭാഗങ്ങളെ വേര്‍തിരിച്ചറിയുന്നതിനു ബുദ്ധിമുട്ടുണ്ടാവുന്നില്ല.[4]
19 - ം ശതകത്തിന്റെ അന്ത്യത്തോടെയാണ് യൂറൊപ്യന്‍മാര്‍ ഉഗാണ്ട അധിനിവേശിച്ചത്. അതിനുമുമ്പ് ബന്തുജനത മുഖ്യമായും കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെട്ടു ജിവിച്ചു പോരുകയായിരുന്നു. തെ. പ. ഉഗാണ്ടയില്‍ ഹിമ എന്നറിയപ്പെട്ടിരുന്ന ഇടയവര്‍ഗക്കാരും ആധിപത്യം പുലര്‍ത്തിയിരുന്നു. ഉഗാണ്ടയുടെ വടക്കും വ. കിഴക്കും ഭാഗങ്ങളില്‍ അധികാരം സ്ഥാപിച്ചിരുന്ന ബുന്‌യാരോകള്‍ കൃഷിയും കാലിവളര്‍ത്തലും ഉപജീവന മാര്‍ഗങ്ങളായി സ്വീകരിച്ചിരുന്നു.[4]
തദ്ദേശീയ ജനതയിലെ 6% അയല്‍ രാജ്യങ്ങലില്‍ നിന്നുള്ള കുടിയേറ്റക്കാരാണ്. അടുത്തകാലത്ത് ഒഴിപ്പിക്കപ്പെടുന്നതിനുമുമ്പ് ഏഷ്യന്‍ വംശജര്‍, വിശിഷ്യാ ഇന്ത്യാക്കാര്‍, ന്യൂനപക്ഷമെങ്കിലും ഉഗാണ്ടയിലെ സമ്പദ്ഘടനയില്‍ നിര്‍ണായകമായ സ്വാധീനത പുലര്‍ത്തിയിരുന്ന ഒരു വിഭാഗമായിരുന്നു.[4]
[തിരുത്തുക] ഭാഷകള്‍
ബന്തു, നിലോട്ടിക്, നിലോഹെമിറ്റിക് എന്നി വിഭാഗങ്ങളില്‍ പെട്ട ഭാഷകള്‍ക്കാണ് ഏറെ പ്രചാരമുള്ളത്. രാജ്യത്തിന്റെ തെക്കും പടിഞ്ഞാറും കിഴക്കും ഭാഗങ്ങളിലെ ജനങ്ങളില്‍ 70% - വും ബന്തു വിഭാഗക്കാരാണ്; ഇവിടെ ബന്തുഭാഷ പ്രചരത്തിലിരിക്കുന്നു. വടക്കും വടക്കുപടിഞ്ഞാറും ഭാഗങ്ങളിലും ഉത്തരമധ്യഭാഗത്തും സുഡാനില്‍നിന്നു കുടിയേറിയ നിലോട്ടിക്കുകള്‍ക്കാണ് പ്രാമുഖ്യം. വ. കി. ഉഗാണ്ടയിലാണ് നിലോഹെമിറ്റിക് സംസാര ഭാഷയായുള്ളത്. പൊതുഭാഷകള്‍ സ്വാഹിലിയുംഇംഗ്ലീഷുമാണ്. ആഫ്രിക്കന്‍ ഭാഷകളില്‍ ഏറ്റവുമധികം പ്രചാരത്തിലുള്ളത് ലുഗാണ്ട ആണ്.[5]
[തിരുത്തുക] മതങ്ങള്‍
19 - ം നൂറ്റണ്ടു മുതലാണ് ക്രൈസ്തവ, ഇസ്ലാം വിശ്വാസങ്ങള്‍ ഉഗാണ്ടയില്‍ പ്രചരിച്ചത്. പ്രാകൃത വിശ്വാസങ്ങള്‍ തുടര്‍ന്നും നിലനില്‍ക്കുന്നു. ഏഷ്യന്‍ വംശജര്‍ ഒഴിവാക്കപ്പെട്ടതോടെ ഹിന്ദു, സിക്കു മതക്കാരായി ആരുംതന്നെ ശേഷിക്കുന്നില്ല. 1968 - ലെ കണക്കനുസരിച്ച് ഉഗാണ്ടയിലെ ജനങ്ങളില്‍ 60% ക്രൈസ്തവരും, 5% മുസ്ലീങ്ങളും ആയിരുന്നു; 33% ആളുകളും അന്ധവിശ്വാസജടിലങ്ങളായ പ്രാകൃത മതങ്ങളില്‍ വിശ്വസിക്കുന്നവരാണ്.[4]
[തിരുത്തുക] ചരിത്രം
ഗണ്ട എന്ന പദം മധ്യ - പൂര്‍വ ആഫ്രിക്കയിലെ ഒരു പ്രത്യേക ജനവിഭാഗത്തെ കുറിക്കുന്നു. ഗണ്ടകളുടെ രാജ്യത്തെ ബുഗാണ്ട എന്നും ഭാഷയെ ലുഗാണ്ട എന്നും ഗണ്ടവിഭാഗത്തിലെ ഓരോ അംഗത്തെയും മുഗാണ്ട എന്നും ഗണ്ടകളെ പൊതുവെ ബാഗണ്ട എന്നും വിളിക്കുന്നു. ബ്രിട്ടീഷുകാര്‍ രംഗപ്രവേശംചെയ്ത കാലത്ത് പൂര്‍വ ആഫ്രിക്കയിലെ ഏറ്റവും ശക്തമായ രാജ്യമായിരുന്നു ബുഗാണ്ട. ബുഗാണ്ടയില്‍ ആദ്യമായി (1862) എത്തിയ ബ്രിട്ടീഷ് ക്യാപ്റ്റന്‍ സ്പെക്കിന്റെ സ്വാഹിലി ഭാഷക്കാരായ വഴികാട്ടികളും ചുമട്ടുകാരും ബുഗാണ്ടയിലെ ബ എന്ന വ്യജ്ഞനം ഉപേക്ഷിച്ചിട്ട് ഉഗാണ്ട എന്നാണ് ഉച്ചരിച്ചുപോന്നത്. പില്‍ക്കാലത്ത് ബുഗാണ്ടയും ബുന്‍യോറോ, ടോറോ എന്നീ രാജ്യങ്ങളും ബ്രിട്ടിഷ് ആധിപത്യത്തില്‍ ആയപ്പോള്‍ ആ ഭൂവിഭാഗത്തിനൊന്നാകെ ഉഗാണ്ട എന്ന സംജ്ഞ നല്‍കപ്പെട്ടു. [6]
ഏകദേശം ഒരു സഹസ്രാബ്ദത്തോളം നിണ്ടുനിന്ന ഗോത്രവര്‍ഗാധിനിവേശം മൂലം 19 - ം ശതകത്തോടുകൂടി രണ്ടു തരത്തിലുള്ള രാഷ്ട്രീയസംവിധാനങ്ങള്‍ ഉഗാണ്ടയില്‍ നിലവില്‍ വന്നു. വടക്കും കിഴക്കും ഭാഗങ്ങളില്‍ ഗോത്രാധിപത്യമാണ് ഉണ്ടായിരുന്നത്; എന്നാല്‍ തെക്കും പടിഞ്ഞാറും ഭാഗങ്ങളിലെ നിരവധി ചെറുരാജ്യങ്ങള്‍, പരമ്പരയാ ഭരിച്ചുവന്നിരുന്ന് രാജാവിന്റെയും (കബാക) പാര്‍ലമെന്റിന്റെയും (ലുകികോ) കീഴിലുള്ള ഒരു കേന്ദ്രീകൃത ഭരണത്തില്‍കീഴിലായി.[7]
[തിരുത്തുക] ബ്രിട്ടീഷ് അധിനിവേശം
1862 - ല്‍ ബ്രിട്ടീഷുകാരായ സ്പെക്ക്, ഗ്രാന്റ് എന്നിവര്‍ ബുഗാണ്ട രാജാവായ മുടേസയെ സന്ദര്‍ശിച്ചു. അതിനു മുമ്പുതന്നെ സ്വാഹിലികളും കച്ചവടക്കാരായ അറബികളും ബുഗാണ്ടയില്‍ എത്തിയിരുന്നു. 1875 - ല്‍ അമേരിക്കക്കാരനായ സ്റ്റാന്‍ലി കബാകയെ സന്ദര്‍ശിച്ച് ക്രിസ്ത്യന്‍ മിഷണറിമാരുടെ പ്രവര്‍ത്തനത്തിനു കളമൊരുക്കി; തുടര്‍ന്ന് പ്രൊട്ടസ്റ്റന്റ് - റോമന്‍കത്തോലിക്കാ വിഭാഗങ്ങളില്‍പെട്ട മിഷനറിമാര്‍ ബുഗാണ്ടയിലെത്തി. ഏറെ താമസിയാതെ ഈ വിഭാഗക്കാര്‍ പരസ്പരം കലഹിച്ചു. കലാപങ്ങളില്‍ മുസ്ലീങ്ങളും പങ്കുചേര്‍ന്നു. കബാക ഇക്കാര്യത്തില്‍ നിസ്സഹായനായിരുന്നു.[1]
1884 - ല്‍ മുടേസ അന്തരിച്ചതിനെ തുടര്‍ന്ന് വാന്‍ഗാ പുതിയ കബാക ആയി സ്ഥാനാരോഹണം ചെയ്തു. ക്രൈസ്തവ വിരോധിയായ വാന്‍ഗാ ഒരു മെത്രന്‍ ഉള്‍പ്പെടെ നിരവധി മിഷണറിമാരെ വധിച്ചു; 1888 - ല്‍ മുസ്ലീങ്ങളും കബാകളുടെ ദേഷ്യത്തിനു പാത്രമായി. ക്രൈസ്തവ - മുസ്ലീം വിഭാഗങ്ങള്‍ താത്കാലികമായി യോജിച്ച് കബാകയ്ക്കെതിരായി തിരിഞ്ഞു; അദ്ദേഹത്തിനു രാജ്യം വിടേണ്ടതായി വന്നു. കലാപകാരികള്‍ വാന്‍ഗായുടെ ജ്യേഷ്ഠസഹോദരനായ കിവേഗയെ കബാകയായി വാഴിച്ചു.[1]
അധികം താമസിയതെ തന്നെ മുസ്ലീങ്ങള്‍ ക്രൈസ്തവര്‍ക്കെതിരായി തിരിയുകയും ഒട്ടേറെ ക്രിസ്ത്യാനികള്‍ കൊല്ലപ്പെടുകയുമുണ്ടായി. കബാക നിക്ഷ്പക്ഷത പാലിച്ചെങ്കിലും മുസ്ലീങ്ങള്‍ അദ്ദേഹത്തെ മതപരിവര്‍ത്തനം ചെയ്യാന്‍ ശ്രമിച്ചു. കുപിതനായ കബാക നിരവധി മുസ്ലീങ്ങളെ തടവിലാക്കി. തുടര്‍ന്നുണ്ടായ കലാപത്തില്‍ കിവേഗ വധിക്കപ്പെടുകയും വാന്‍ഗയുടെ മറ്റൊരു സഹോദരനായ കലേമ, കബാകയായി വാഴിക്കപ്പെറുകയുമുണ്ടായി. എന്നാല്‍ വാന്‍ഗാ ക്രിസ്ത്യാനികളുടെ പിന്തുണയോടെ അധികാരം വീണ്ടെടുത്തു. മതമാത്സര്യങ്ങളും തന്മൂലമുള്ള അസ്വസ്ഥതകളും അഭംഗുരം തുടര്‍ന്നു.[8]
ഇമ്പീരിയല്‍ ബ്രിട്ടീഷ് ഈസ്റ്റ് ആഫ്രിക്കന്‍ കമ്പനിയുടെ പ്രധിനിധിയായി ക്യാപ്റ്റന്‍ ഫ്രെഡറിക് ലുഗാര്‍ഡ് 1890 - ല്‍ ബുഗാണ്ടയിലെത്തി. മതമാത്സ്യര്യങ്ങള്‍ അവസാനിപ്പിക്കുക, ബുഗാണ്ടയെ ബ്രിട്ടീഷ്കമ്പനിയുടെ കീഴിലാക്കുക, എല്ലാ മതവിഭാഗങ്ങള്‍ക്കും തുല്ല്യമായ പരിഗണന ലഭ്യമാക്കുക എന്നീ ലക്ഷ്യത്തോടെയാണ് ലുഗാര്‍ഡ് ബുഗാണ്ടയിലെത്തിയത്. മുസ്ലീം - ക്രൈസ്തവ വിഭാഗങ്ങള്‍ പരസ്പരം കലഹിക്കുകയും യുദ്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തിരുന്നതിനാല്‍ ലൂഗാര്‍ഡിന്റെ ദൗത്യം ക്ലേശകരമായിരുന്നു. 1890 ഡിസമ്പര്‍ 26 - ന് കബാകയെയും മറ്റു നാട്ടുപ്രമാണിമാരെയും ഒരു കരാറില്‍ ഒപ്പുവൈപിക്കുന്നതില്‍ ലൂഗാര്‍ഡ് വിജയിച്ചു. ബുഗാണ്ട കമ്പനിയുടെ സംരക്ഷണയിലായി. ബുഗാണ്ടയിലേക്ക് ഒരു റസിഡന്റിനെ നിയോഗിക്കുക, രാജ്യത്തെ നികുതിയും ചുങ്കവും പിരിച്ച് ജനക്ഷേമത്തിനായി വിനിയോഗിക്കുക, ബ്രിട്ടീഷ് റസിഡന്റിന്റെ നേതൃത്വത്തില്‍ ഒരു നാലംഗമന്ത്രിസഭ ഉണ്ടാക്കുക എന്നീ വ്യവസ്ഥകള്‍ കരാറില്‍ ഉള്‍പ്പെടുത്തിയിരുന്നു. രാജ്യത്തെ ബാധിക്കുന്ന എല്ലാപ്രധാന നടപടികളെക്കുറിച്ചും റസിഡന്റിനോട് ആലോചിക്കുകയും അദ്ദേഹത്തിന്റെ അംഗീകാരം നേടുകയും ചെയ്യേണ്ടിയിരുന്നു.[8]
ഈ കരാര്‍ രാജ്യത്തെ ആഭ്യന്തര സമാധാനത്തിനു പര്യാപ്തമായിരുന്നില്ല. പ്രൊട്ടസ്റ്റന്റ് - കത്തോലിക്കാ വിഭാഗങ്ങള്‍ തുടര്‍ന്നും കലഹിച്ചുകൊണ്ടിരുന്നു. ലുഗാര്‍ഡിന്റെ പ്രേരണയാല്‍ 1891 - ല്‍ ഇവര്‍ രഞ്ജിപ്പിലെത്തുകയും മുസ്ലീങ്ങള്‍ക്കെതിരായി തിരിയുകയും ചെയ്തു. എന്നാല്‍ 1892 ജനുവരിയില്‍ കത്തോലിക്കരും പ്രൊട്ടസ്റ്റെന്റുകളും വീണ്ടും ഏറ്റുമുട്ടുകയും കത്തോലിക്കനായ കബാകയ്ക്ക് ഒളിച്ചോടേണ്ടതായി വരികയും ചെയ്തു.[8]
1892 ജൂണ്‍ മാസത്തില്‍ ലുഗാര്‍ഡ് ഇംഗ്ലണ്ടിലേക്കു മടങ്ങി. ഉഗാണ്ടയിലെ സ്ഥിതിവിശേഷങ്ങള്‍ കമ്പനി ഉദ്യോഗസ്ഥനായ ലുഗാര്‍ഡ് ബ്രിട്ടീഷ് ഗവണ്മെന്റിനെ ധരിപ്പിക്കുകയും ആ പ്രദേശത്ത് ഇടപെടുവാന്‍ ഗവണ്മെന്റില്‍ പ്രേരണ ചെലുത്തുകയും ചെയ്തു. ലുഗാര്‍ഡിനെ റെസിഡന്റായി വീണ്ടും അയക്കുവാന്‍ ആവശ്യപ്പെട്ടുകൊണ്ടും ബുഗാണ്ട ബ്രിട്ടീഷ് അധീനതയില്‍ തുടരണമെന്ന തന്റെ അഭിവാഞ്ഛ വ്യക്തമാക്കികൊണ്ടും കബാക ബ്രിട്ടീഷ് രാജ്ഞിക്ക് എഴുതി. കമ്പനിയേയും ഗവണ്മെന്റിനെയും വ്യതിരിക്തമായി കാണുവനുള്ള കഴിവുകേടുമൂലം താന്‍ കമ്പനിയുമായുണ്ടാക്കിയ കരാര്‍ ബ്രിട്ടീഷ് ഗവണ്മെന്റുമായുള്ള ബാധ്യതയായി കബാക തെറ്റിധരിക്കുകയാണുണ്ടായത്. ഉഗാണ്ടയിലെ സ്ഥിതിഗതികള്‍പഠിച്ചു റിപ്പോര്‍ട്ടു സമര്‍പ്പിക്കുവാന്‍ 1893 - ല്‍ ജെറാള്‍ഡ് പോര്‍ട്ടര്‍ നിയോഗിക്കപ്പെട്ടു. ഉഗാണ്ടയിലെ കാര്യങ്ങള്‍ നേരെയാക്കുവാന്‍ കമ്പനി അസമര്‍ഥമാണെന്ന പോര്‍ട്ടറുടെ നിഗമനം അംഗീകരിക്കപ്പെട്ടു. 1894 - ല്‍ ബുഗാണ്ടയെ ബ്രിട്ടന്റെ സംരക്ഷിത പ്രദേശമായി പ്രഖ്യാപിച്ചു; കബാകയും ലുകികോയും ഇതില്‍ പൂര്‍ണസംതൃപ്തി രേഖപ്പെടുത്തി. ഇമ്പീരിയല്‍ ബ്രിട്ടീഷ് ഈസ്റ്റ് ആഫ്രിക്കന്‍ കമ്പനിയുടെ നിലനില്പ് ഇതോടെ അവസാനിച്ചു. 1896 - ല്‍ ബുന്‍യോറോ, ടോറോ, അന്‍ഗോള, ബുസോഗ എന്നിവയും സംരക്ഷിത പ്രദേശങ്ങളായിത്തീര്‍ന്നു.[8]
[തിരുത്തുക] ഉഗാണ്ടാ കരാര്‍
ഉഗാണ്ടയില്‍ വ്യവസ്ഥാപിത ഭരണം ഏര്‍പ്പെടുത്തുവാന്‍ വേണ്ട നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനായി ഹാരി ഹാമില്‍ട്ടണ്‍ ജോണ്‍സ്റ്റന്‍ നിയോഗിതനായി. പൊതുമരാമത്ത്, റയില്‍വേ, ഖനികള്‍ എന്നിവ ബ്രിട്ടീഷ് ഉദ്യോഗസ്ഥന്മാരും, മറ്റുവകുപ്പുകള്‍ തദ്ദേശീയരും കൈകാര്യം ചെയ്യുമറുള്ള ഒരു സംവിധാനം അദ്ദേഹം നിര്‍ദേശിച്ചു. കലാപകലുഷിതമായ ഉഗാണ്ടയില്‍ ഭൂമിയുടെ ഉടമാവകാശം സംബന്ധിച്ച തര്‍ക്കം രൂക്ഷതരമാകയാല്‍ ഗവണ്മെന്റിന് വ്യക്തമായ ഒരു ഭൂനയം ഉണ്ടായിരിക്കണമെന്നും ജോണ്‍സ്റ്റന്‍ അഭിപ്രായപ്പെട്ടു. കബാകയും നാട്ടുപ്രമാണികളുമായി അദ്ദേഹം നടത്തിയ കൂടിയാലോചനകളുടെ ഫലമായി 1900 മാണ്ടു 10 - നു ഉഗാണ്ടാ കരാര്‍ നിലവില്‍ വന്നു.[9]
ഉഗാണ്ടാ കരാര്‍ യഥാര്‍ഥത്തില്‍ ബുഗാണ്ടയുമായി മാത്രം ഉള്ളതായിരുന്നു. കബാകയുടെ അധികാരവ്യാപ്തി ബുഗാണ്ടയില്‍ മാത്രമായി പരിമിതപ്പെടുത്തി. പ്രൊട്ടക്റ്ററേറ്റിന്റെ നിയമങ്ങള്‍ ബുഗാണ്ടായ്ക്കും ബാധകമായിരുന്നു. ബുഗാണ്ടയിലേയും മറ്റു പ്രവിശ്യകളിലെയും നികുതിപിരിവ് ഒന്നിച്ചായിരുന്നു. ലുകികോയില്‍ മൂന്നു മന്ത്രിമാര്‍ക്കും സസാ (കൗണ്ടി) കളിലെ പ്രധാനികള്‍ക്കും പുറമേ കബാക നാമനിര്‍ദേശം ചെയ്യുന്ന 66 പേര്‍ക്കു കൂടി അംഗത്വം നല്‍കപ്പെട്ടു. കബാകയെ ഉപദേശിക്കുവാന്‍ ലുകികോയ്ക്ക് അവകാശമുണ്ടായിരുന്നു എങ്കിലും ആ ഉപദേശങ്ങള്‍ അനുസരിക്കുവാന്‍ അദ്ദേഹം ബാധ്യസ്ഥനായിരുന്നില്ല. എങ്കിലും കരാര്‍ അനുസരിച്ച് കബാകയ്ക്കും അദ്ദേഹത്തിന്റെ ഗണ്മെന്റിനും പ്രൊട്ടക്റ്റ്റേറ്റ് നിയമങ്ങള്‍ അദരിക്കേണ്ടതുണ്ടായിരുന്നു. 1900 - ല്‍ ടോറോയുമായും 1901 - ല്‍ അന്‍ഗോളയുമയും 1933 ബുന്‍യോറോയുമയും ബ്രിട്ടന്‍ ഈമാതിരി കരാറുകള്‍ ഉണ്ടാക്കി.
[തിരുത്തുക] സ്വാതന്ത്ര്യപ്രാപ്തി
കരാറിനുശേഷവും ബുഗാണ്ടക്കാര്‍ സംതൃപ്തരായില്ല. ഉഗാണ്ടജനത എന്നതിനേക്കാള്‍ ബുഗാണ്ടജനത എന്ന സങ്കല്പമാണ് അവരെ നയിച്ചിരുന്നത്. 1921 - ല്‍ ഉഗാണ്ടയില്‍ ലജിസ്ലേറ്റീവ് കൗണ്‍സില്‍ രൂപവത്കൃതമായതോടെ അവരുടെ ഒറ്റതിരിഞ്ഞ നിലപാട് കൂടുതല്‍ വ്യക്തമായി. പുതിയ നിയമ നിര്‍മാണ സഭയില്‍ ആഫ്രിക്കക്കാര്‍ക്കുള്ള പ്രാതിനിധ്യം സംരക്ഷിക്കുന്നതിലേറെ, 1900 - ലെ കരാര്‍ അഭംഗുരം നിലനിറുത്തുന്നതില്‍ ആയിരുന്നു കബാകയ്ക്കും മന്ത്രിമാര്‍ക്കും താത്പര്യം.[10]
1921-ലെ നിയമനിര്‍മാണസഭയില്‍ 4 ഉദ്യോഗസ്ഥാംഗകളും 3 അനുദ്യോഗസ്ഥാംഗങ്ങളും ഉണ്ടായിരുന്നു. അനുദ്യോഗസ്ഥാംഗളില്‍ രണ്ടു പേര്‍ ഗവര്‍ണറാല്‍ നിയമിക്കപ്പെടുന്ന യൂറോപ്യരും മൂന്നാമത്തെ ആള്‍ ഇന്ത്യന്‍ അസോസിയേഷനാല്‍ നിയുക്തനും ആയിരിക്കണമെന്നു വ്യവസ്ഥയുണ്ടായിരുന്നു. ഇന്ത്യന്‍ അസോസിയേഷന്‍ തങ്ങള്‍ക്ക് രണ്ടു പ്രധിനിധികള്‍ വേണമെന്ന വാദത്തില്‍ ഉറച്ചുനിന്നതിനാല്‍ 1926-ല്‍ മത്രമേ അവരുടെ പ്രധിനിധി നിയമസഭയില്‍ അംഗമായിത്തിര്‍ന്നുള്ളു. 1933-ല്‍ രണ്ടാമതൊരു ഇന്ത്യന്‍ വംശജനു കൂടി അംഗത്വം നല്‍കപ്പെട്ടു. 1945-ല്‍ ആഫ്രിക്കക്കാര്‍ക്കും നിയമസഭയില്‍ അംഗത്വം ലഭിച്ചു. ആ വര്‍ഷം മൂന്നു ആഫ്രിക്കക്കാരെ ഗവര്‍ണര്‍ നാമനിര്‍ദേശം ചെയ്യുകയുണ്ടായി.[10]
ലുകികോയുടെയൊ പ്രൊട്ടക്റ്ററേറ്റ് ഗവണ്മെന്റിന്റെയോ പ്രവര്‍ത്തനത്തില്‍ ജനങ്ങള്‍ തൃപ്തരായിരുന്നില്ല. ഉത്തരവാദിത്വമുള്ള തെരഞ്ഞെടുക്കപ്പെട്ട ഒരു ഗവണ്മെന്റിനുവേണ്ടി അവര്‍വാദിച്ചു. ഈ ആവശ്യം മുന്‍നിറുത്തി മുലംബയുടെ നേതൃത്വത്തില്‍ ബതകാപാര്‍ട്ടി രൂപം കൊണ്ടു. കബാകയോടും മറ്റും ബതകാപാര്‍ട്ടിക്ക് സ്വരച്ചേര്‍ച്ചയില്ലാതായി. ഈ പാര്‍ട്ടി ഒരു തുറന്ന സമരത്തിനു ശ്രമിച്ചുവെങ്കിലും അത് അമര്‍ച്ചചെയ്യപ്പെട്ടു.[10]
ഉഗാണ്ട, കെനിയ, താങ്കനീക്ക എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് ഒരു ഫെഡറേഷന്‍ രൂപവത്കരിക്കുവാനുള്ള ബ്രിട്ടീഷ് നിര്‍ദേശം ഉഗാണ്ടജനതയെ ക്ഷുഭിതരക്കി. ബുഗാണ്ടയ്ക്ക് സ്വാതന്ത്ര്യം നല്‍കുവാന്‍ കബാക ആദ്യമായി ആവശ്യപ്പെട്ടു. ഉഗാണ്ടയിലെ ജനങ്ങളുടെ സ്വാതന്ത്ര്യവാഞ്ഛയ്ക്ക് എതിരായി നില്‍ക്കുവാന്‍ താത്പര്യമില്ലാതിരുന്നതുമൂലം ആ രാജ്യത്തിനു പടിപടിയയി സ്വാതന്ത്ര്യം നല്‍കുന്നതിനുള്ള നടപടികള്‍ ബ്രിട്ടീഷുകാര്‍ കൈക്കൊണ്ടു.[10]
1926 ഏപ്രിലില്‍ ഉഗാണ്ടയില്‍ നടന്ന ആദ്യത്തെ തെരഞ്ഞെടുപ്പിലൂടെ മില്‍ട്ടണ്‍ ഒബോട്ടോയുടെ നേതൃത്വത്തില്‍ ഉഗാണ്ട പീപ്പിള്‍സ് കോണ്‍ഗ്രസ് അധികാരത്തില്‍ വന്നു. 1926 ഒക്റ്റോബര്‍ 6-നു ഉഗാണ്ട സ്വതന്ത്രയായി. മുടേസ II പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ഉഗാണ്ട കോമണ്‍വെല്‍ത്തില്‍ അംഗമായി; 1962-ല്‍ അതിന് പ്രത്യേകമായ ഭരണഘടനയും ഉണ്ടായി[10]
1966 ഫെബ്രുവരിയില്‍ ഒബോട്ടോ തന്റെ മന്തിസഭയിലെ 5 അംഗങ്ങളെ തടവിലാക്കുകയും ഭരണഘടന റദ്ദാക്കുകയും ചെയ്തു. അക്കൊല്ലം ഏപ്രിലില്‍ നാഷണല്‍ അസംബ്ലി ഒരു പുതിയ ഭരണഘടനയ്ക്ക് അംഗീകാരം നല്‍കി. പക്ഷേ ലുകികൊ ഇത് അംഗീകരിക്കാന്‍ കൂട്ടാക്കിയില്ല. മേയ് 24-നു ഫെഡറല്‍ പട്ടാളം കബാകയുടെ കൊട്ടാരം ആക്രമിച്ചു. മുടേസ II ഇംഗ്ലണ്ടില്‍ അഭയം പ്രാപിച്ചു. ഒബോട്ടൊ ഏകാധിപതിയായി ഭരണം തുടര്‍ന്നു.[10]
1971-ല്‍ ഒരു സൈനിക കലാപത്തിലൂടെ ഇദി അമീന്‍ ഒബോട്ടൊയെ സ്ഥാനഭ്രഷ്ടനാക്കുകയും ഉഗാണ്ടയിലെ ആയുഷ്കാല പ്രസിഡന്റായി സ്വയം പ്രഖ്യാപിക്കുകയും ചെയ്തു. ഉഗാണ്ടയില്‍ സ്ഥിരവാസം ഉറപ്പിച്ചിരുന്ന ആയിരക്കണക്കിനുള്ള ഏഷ്യന്‍ വംശജരെ അമീന്‍ പുറത്താക്കി. ലണ്ടനില്‍വച്ച് 1977-ജൂണില്‍ നടന്ന കോമണ്‍വെല്‍ത്ത് സമ്മേളനത്തില്‍ അമീന്‍ ക്ഷണിക്കപ്പെടുകയുണ്ടായില്ല. ലോക ഭരണാധികാരികള്‍ക്കിടയിലെ ഏറ്റവും വലിയ വിവാദ പുരുഷനാണ് അമീന്‍.[10]
[തിരുത്തുക] സമ്പദ്‌വ്യവസ്ഥ
[തിരുത്തുക] കൃഷി
ദേശീയ വരുമാനത്തിന്റെ 2/3 ഭാഗവും കാര്‍ഷികാദായത്തില്‍ നിന്നാണ് ലഭ്യമാവുന്നത്. ഭക്ഷ്യകാര്യത്തില്‍ ഏറെക്കുറെ സ്വയമ്പര്യാപ്തമാണ്. ചോളം തുടങ്ങിയ പരുക്കന്‍ ധാന്യങ്ങളാണ് പ്രധാനവിളകള്‍. നേന്ത്രവാഴ, മരച്ചീനി, നിലക്കടല, എള്ള് എന്നിവയും ഭക്ഷ്യാവശ്യത്തിനായി കൃഷിചെയ്തു വരുന്നു. നാണ്യവിളകളില്‍ കാപ്പിക്കാണ് ഒന്നാം സ്ഥാനം. വിക്റ്റോറിയാ തടാകത്തിന്റെ തടപ്രദേശത്തും കിഴക്കന്‍ ഉഗാണ്ടയിലുമാണു കാപ്പികൃഷി അഭിവൃദ്ധിപ്പെട്ടിട്ടുള്ളത്. രാജ്യത്തിന്റെ പടിഞ്ഞാറും, തെക്കുകിഴക്കും ഭാഗങ്ങളില്‍ പരുത്തികൃഷി ഗണ്യമായ തോതില്‍ നടന്നുവരുന്നു. കാര്‍ഷികാദായത്തിലെ നല്ലൊരു ശതമാനം ഈ രണ്ടു വിളകളില്‍ നിന്നും ഉണ്ടാവുന്നു. കരിമ്പ്, തേയില എന്നിവ തോട്ടക്കൃഷികളായി വളര്‍ത്തുവാനുള്ള വ്യാപകമായ സംരംഭം നടന്നുവരുന്നു. ചെറിയ തോതില്‍ പുകയിലയും ഉദ്പാദിപ്പിക്കപ്പെടുന്നുണ്ട്.[4]
ഉഗാണ്ടയില്‍ മൊത്തം 16,10,700 ഹെക്റ്റര്‍ സംരക്ഷിത വനങ്ങളുണ്ട്. മുളയും വിറകുമാണ് പ്രധാന വന വിഭവങ്ങള്‍; തടിയിനങ്ങളും സാമാന്യമായ തോതില്‍ ലഭിച്ചുവരുന്നു.
രാജ്യത്തിന്റെ വടക്കുകിഴക്കും തെക്കുപടിഞ്ഞാറുമുള്ള ചുരുക്കം ജില്ലകളിലാണ് കന്നുകാലിവളര്‍ത്തല്‍ വികശിച്ചിട്ടുള്ളത്. 1970-ലെ കണക്കനുസരിച്ച് ഉഗാണ്ടയില്‍ 44 ലക്ഷം കാലികളും 19 ലക്ഷം കോലാടുകളും 9 ലക്ഷം ചെമ്മരിയാടുകളും 102 ലക്ഷം കോഴികളും 74,000 പന്നികളും വളര്‍ത്തപ്പെട്ടിരുന്നു.
[തിരുത്തുക] മത്സ്യബന്ധനം
വിക്റ്റോറിയ, ആല്‍ബര്‍ട്ട്, ജോര്‍ജ് എന്നീ തടാകങ്ങളില്‍ തോണികളും യന്ത്രവത്കൃത ബോട്ടുകളും ഉപയോഗിച്ച് സാമാന്യമായ തോതില്‍ മത്സ്യബന്ധനം നറ്റത്തിവരുന്നു. 1970-ല്‍ 1.3 ലക്ഷം ടണ്‍ മത്സ്യം പിടിക്കപ്പെട്ടു; ദേശീയ ഉപഭോഗത്തിനാണ് മുന്‍തൂക്കമെങ്കിലും സയീരെ, കെനിയ എന്നിവിടങ്ങളിലേക്ക് അല്‍പ്പമായ തോതില്‍ കയറ്റുമതി ചെയ്യപ്പെടുന്നു.
[തിരുത്തുക] ഊര്‍ജോത്പാദനം
കല്‍ക്കരിയുടെയും ധാതുഎണ്ണയുടെയും അഭാവത്തില്‍ ജലവൈദ്യുതി ഉത്പാദനത്തിനു സാരമായ പ്രാധാന്യം നല്‍കപ്പെടിരിക്കുന്നു. വിക്റ്റോറിയാനൈല്‍, കഗീര, കിരുരൂമ, നദികളില്‍ ഓരോ വൈദ്യുത പ്ലാന്റുകള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്; കൂടുതല്‍ ജലവൈദ്യുതപദ്ധതികള്‍ പൂര്‍ത്തിയായി വരുന്നു. വൈദ്യുതോര്‍ജത്തിന്റെ കാര്യത്തില്‍ മിച്ച രാജ്യമായ ഉഗാണ്ട, കെനിയക്ക് ഊര്‍ജം വില്‍ക്കുന്നു. ഗാസോലിന്‍, ഡീസലെണ്ണ മറ്റു പെട്രോളിയം ഉത്പന്നങ്ങള്‍ എന്നിവ ഇറക്കുമതി ചെയ്തുവരുന്നു.[4]
[തിരുത്തുക] വ്യവസായം
1962-നു ശേഷം ജനകീയ ഗവണ്മെന്റ് വ്യവസായവത്കരണത്തില്‍ ദത്തശ്രദ്ധമാണ്. കാര്‍ഷികോത്പന്നങ്ങളുടെ സംസ്ക്കരണമാണ് പ്രധാന വ്യവസായം; അതതു വിഭവങ്ങളുടെ ഉത്പാതന കേന്ദ്രങ്ങളില്‍ത്തന്നെ ഇവയും കേന്ദ്രീകരിച്ചിരിക്കുന്നു. ജിന്‍ജ ആണ് ഉഗാണ്ടയിലെ പ്രധാന വ്യവസായനഗരം. ചെമ്പുനിഷ്കര്‍ഷണവും, ഉരുക്കുഷീറ്റുകളുടെ നിര്‍മാണവുമാണ് ഇവിടെയുള്ള ഘനവ്യവസായങ്ങള്. പ്ലൈവുഡ്, തീപ്പെട്ടി, കടലാസ്, പരുത്തിത്തുണി, സിഗററ്റ്, മദ്യം, സിമന്റ്, ആസ്ബെസ്റ്റോസ്, രാസവളം എന്നിവ വന്‍തോതില്‍ നിര്‍മിക്കപ്പെട്ടുവരുന്നു. ധാന്യം പൊടിക്കല്‍ മറ്റൊരു വ്യവസായമാണ്.[4]
[തിരുത്തുക] ഗതാഗതം
സമുദ്ര സാമീപ്യം ഇല്ലാത്തതുമൂലം വിദേശ സമ്പര്‍ക്കത്തിന് ബുദ്ധിമുട്ട് ഉണ്ട്. എങ്കിലും ദേശീയഗതാഗതം തലസ്ഥാനമായ കാംപാലയില്‍ കേന്ദ്രീകരിച്ചുകൊണ്ട്, റയില്‍മാര്‍ഗവും ജലമാര്‍ഗവും വ്യോമമാര്‍ഗവും അന്താരാഷ്ട്രീയ സമ്പര്‍ക്കം പര്യാപ്തമാക്കുവാനുള്ള ആസൂത്രിതശ്രമം നടന്നുവരുന്നു. ഈ ശ്രമം ഏറെക്കുറെ ഫലപ്രാപ്തിയില്‍ എത്തിയിട്ടുണ്ടെന്നു പറയാം.
ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഏറ്റവും സുഗമമായ റോഡുവ്യവസ്ഥ ഉഗാണ്ടയിലേതാണെന്നു പറയാം. ഉഗാണ്ടയിലെ മൊത്തം റോഡുകളെ നാലു വ്യൂഹങ്ങളായി വിഭജിക്കാവുന്നതാണ്. കാംപാല, മാസാക എന്നീ നഗരങ്ങളെ കേന്ദ്രീകരിച്ച് നാലുപാടുമുള്ള പ്രദേശങ്ങളിലേക്ക് നീങ്ങുന്ന റോഡുകളാണ് ആദ്യത്തെ വിഭാഗ. നൈല്‍ നദി തരണം ചെയ്ത് ബുസോഗാ ജില്ലയിലേക്കു പോകുന്ന പ്രധാനപാതയും ശാഖകളും രണ്ടാമത്തെ വ്യൂഹത്തില്‍ പെടുന്നു. കിഴക്കന്‍ ഉഗാണ്ടയിലെ റ്റീസോ, ബുക്കേഡി, ബുഗിഷു ജില്ലകളിലെ പ്രധാന കേന്ദ്രങ്ങളെ പ്രസ്പരം ഘടിപ്പിക്കുന്ന റോഡുകള്‍ ആണ് മൂന്നാമത്തെ വ്യൂഹം. കിഗീഷ് ജില്ലയിലെ മലമ്പാതകളാണ് നാലാമത്തെ വിഭാഗം. എല്ലാക്കാലത്തും സഞ്ചരിക്കവുന്ന ഒന്നാന്തരം നിരത്തുകളാണിവയെല്ലാം.[4]
ഇന്ത്യാസമുദ്രതീരത്തെ മൊംബാസ തുറമുഖത്തുനിന്ന് കെനിയയ്ക്കു കുറുകേ വിക്റ്റോറിയ തടാക തീരത്തോളം എതുന്ന ഉഗാണ്ട റയില്‍പ്പാത 1901-ല്‍ പൂര്‍ത്തിയാക്കപ്പെട്ടു. 1912-ല്‍ ജീന്‍ജയ്ക്കും വിക്റ്റോരിയാ നൈല്‍ നാമാ സഗാളിക്കും ഇടയില്‍ മറ്റൊരുപാത നിര്‍മിക്കപ്പെട്ടു. 1928-ലാണ് ജീന്‍ജയും ഉഗാണ്ട റയില്‍വേയിലെ നകൂരു (കെനിയ) വുമായി ഘടിപ്പിക്കപ്പെട്ടത്. 1931-ല്‍ ജീന്‍ജ മുതല്‍ കാംപാലാവരെയും ടോറോ മുതല്‍ സൊറോത്തി വരെയും റയില്‍പാതകള്‍ നിര്‍മിച്ചു. കാംപാലയില്‍ നിന്നും ചെമ്പു ഖനനപ്രദേശമായ കീലോംബേയിലേക്കും കാസീസി പട്ടണത്തിലേക്കും റയില്‍ബന്ധം സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ ഉഗാണ്ടയിലെ റയില്‍ഗതാഗതം നിയന്ത്രിക്കുന്നത് ഈസ്റ്റ് ആഫ്രിക്കന്‍ കമ്യൂണിറ്റി ആണ്. ഇവിടെയുള്ള പാതകളെ കെനിയ-ഉഗാണ്ട റയില്‍വേ ശൃംഖലയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.[4]
റോഡു-റയില്‍ ഗതാഗതം അഭിവൃദ്ധിപ്പെടുന്നതിന് മുമ്പുതന്നെ ഉഗാണ്ടയിലെ വിക്റ്റോറിയ, ആല്‍ബര്‍ട്ട്, ക്യോഗാ എന്നീതടാകങ്ങളില്‍ സ്റ്റീമര്‍ ഗതാഗതം നിലവില്‍ വന്നിരുന്നു ആല്‍ബര്‍ട്ട് നൈല്‍ നദിയും ചെറുകിട കപ്പലുകള്‍ക്ക് ഗതാഗത ക്ഷമമാണ്. റയിവേ വികസനത്തെ തുടര്‍ന്ന് ജലഗതാഗതത്തിന്റെ പ്രാധാന്യം മങ്ങിപ്പോയിരിക്കുന്നു. തടാകതീരങ്ങളിലെ അധിവാസ കേന്ത്രങ്ങളെ സ്പര്‍ശിച്ചുകൊണ്ട് കപ്പല്‍ സര്‍വീസുകള്‍ ഉണ്ട്.
യൂറോപ്പ്-ദക്ഷിണാഫ്രിക്ക വ്യോമമാര്‍ഗത്തിലെ ഒരു പ്രധാന താവളമാണ് ഉഗാണ്ടയിലെ എന്റബേ ഇവിടെയുള്ള അന്താരാഷ്ട്ര വിമാന താവളത്തില്‍ നിന്നു യൂറോപ്പിലേക്കുള്ള അനേകം സര്‍വീസുകള്‍ പ്രതിദിനം നടന്നു വരുന്നു. പശ്ചിമാഫിക്കന്‍ രാജ്യങ്ങളുമായും ഇന്ത്യ, പാകിസ്ഥാന്‍, മധ്യ-പൂര്‍വേഷ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളുമായും പതിവായി വ്യോമ സമ്പര്‍ഗം പുലര്‍ത്തിവരുന്നുണ്ട്. ഉഗാണ്ടയില്‍ പന്ത്രണ്ടിലേറെ വിമാന താവളങ്ങളുണ്ട്. ഇവയില്‍ ഉഗാണ്ടാവ്യോമസേനയുടെ കേന്ദ്രമായ ഗുളു ആധുനീക സജ്ജീകരണങ്ങളുള്ള ഒന്നാംതരം താവളമാണ്.[4]
[തിരുത്തുക] വാണിജ്യം
ഉഗാണ്ട, കെനിയ, തന്‍സാനിയ എന്നീരജ്യങ്ങള്‍ ചേര്‍ന്ന് ഈസ്റ്റാഫിക്കന്‍ കമ്മ്യൂണിറ്റി എന്നറിയപ്പെടുന്ന സുശക്തമായ വാണിജ്യസഖ്യം ഉണ്ടാക്കിയിരിക്കുന്നു. തന്മൂലലം ഈ രാജ്യങ്ങളുമായുള്ള ചരക്കു വിനിമയം കയറ്റുമത്തിയായി കണക്കാക്കപ്പെടുന്നില്ല. കാപ്പി, പരുത്തി, ചെമ്പ്, തേയില, തുകല്‍, പരുത്തിക്കുരു എന്നിവയാണ് പ്രധാന കയറ്റുമതികള്‍. യു. എസ്സ്., യു.കെ., ജപ്പാന്‍, പശ്ചിമ ജര്‍മനി, ഇന്ത്യ എന്നീ രാജ്യങ്ങളിലേക്കാണു കയറ്റുമതി ചെയ്യുന്നത്. യന്ത്രങ്ങള്‍, വാഹനങ്ങള്‍ തുണിത്തരങ്ങള്‍ തുടങ്ങിയവയാണ് പ്രധാന ഇറക്കുമതികള്‍; യു.കെ, ജപ്പാന്‍, പ. ജര്‍മനി, യു.എസ്., ഇറ്റലി എന്നീ രാജ്യങ്ങളില്‍ നിന്നാണ് ഇറക്കുമതി ചെയ്യപ്പെടുന്നത്.[4]
ഈസ്റ്റ് ആഫ്രിക്കന്‍ കമ്യൂണിറ്റിയില്‍ പെട്ട സഖ്യരാജ്യങ്ങള്‍ക്കു പരുത്തിത്തുണി, ഇരുമ്പുരുക്ക്, സംസ്കരണ വിധേയമായ ഭക്ഷ്യപദാര്‍ഥങ്ങള്‍ എന്നിവ നല്‍കി പകരം പെട്രോളിയം ഉത്പന്നങ്ങള്‍, ഗോതമ്പ്, സോപ്പ്, കടലാസ്, പേപ്പര്‍ ബോര്‍ഡ്, ചാക്ക്, തുടങ്ങിയവ വാങ്ങുന്നു.
ഉഗാണ്ടയിലെ ധനവിതരണം നിയന്തിക്കുന്നത് ബാങ്ക് ഒഫ് ഉഗാണ്ട എന്ന ഗണ്മെന്റുടമയിലുള്ള കേന്ദ്രബാങ്ക് ആണ്. ഇതിന്റെ നിയന്ത്രണത്തിനു വിധേയമായി മറ്റു ബാങ്കിങ് സ്ഥാപനങ്ങളും ഉണ്ട്. വിദേശബാങ്കുകളുടെ ശാഖകളും ഉഗാണ്ടയില്‍ പ്രവര്‍ത്തിച്ചു വരുന്നു. സ്വാതന്ത്ര്യപ്രാപ്തിക്കു ശേഷം ഇന്‍ഷുറന്‍സ്, സഹകരണ പ്രസ്ഥാനം, ദേശീയ സമ്പാദ്യ പദ്ധതികള്‍ എന്നിവ സര്‍വതോമുഖമായ പുരോഗതി നേടിവരുന്നു.[4]
[തിരുത്തുക] അവലംബം
- ↑ 1.0 1.1 1.2 1.3 Mal Encyclopedia vol IV Page - 567 - 572 Official website of state institute of encyclopaedic publicatins
- ↑ Phyllis Martin and Patrick O'Meara. Africa. 3rd edition. Indiana University Press, 1995.
- ↑ 3.0 3.1 3.2 3.3 3.4 3.5 aids"East Africa Living Encyclopedia - Ethnic Groups", African Studies Center, University of Pennsylvania
- ↑ 4.00 4.01 4.02 4.03 4.04 4.05 4.06 4.07 4.08 4.09 4.10 4.11 4.12 4.13 2002 Uganda Population and Housing Census — Main Report (PDF). Uganda Bureau of Statistics. ശേഖരിച്ചത് 2008-03-26.
- ↑ "A Brief History of the Swahili Language", glcom.com
- ↑ Mwambutsya, Ndebesa, "Pre-capitalist Social Formation: The Case of the Banyankole of Southwestern Uganda." Eastern Africa Social Science Research Review 6, no. 2; 7, no. 1 (June 1990 and January 1991): 78-95.
- ↑ "Origins of Bunyoro-Kitara Kings", Bunyoro-Kitara website
- ↑ 8.0 8.1 8.2 8.3 "Background Note: Uganda", U.S. State Department
- ↑ Reanalyzing the 1900-1920 sleeping sickness epidemic in Uganda.(Perspectives). Emerging Infectious Diseases.
- ↑ 10.0 10.1 10.2 10.3 10.4 10.5 10.6 "A Country Study: Uganda", Library of Congress Country Studies
[തിരുത്തുക] പുറത്തേക്കുള്ള കണ്ണികള്‍
- Chief of State and Cabinet Members
- Uganda entry at The World Factbook
- Uganda from UCB Libraries GovPubs
- ഉഗാണ്ട at the Open Directory Project
- Wikimedia Atlas of Uganda
- Humanitarian news and analysis from IRIN - Uganda
- Country Profile from BBC News
- Uganda Tourist Board
- {{{2}}} travel guide from w:Wikitravel
- Uganga Humanist Schools Trust
- UG Pulse with daily photos of Uganda
- Radio France International - dossier on Uganda and Lord's Resistance Army
- Royaltee-Free images of Uganda
| (ഐക്യരാഷ്ട്രസഭയുടെ ഭൂവിഭജനം അനുസരിച്ച്) | ||
|
|
||
| വടക്ക് | അള്‍ജീരിയ · ഈജിപ്ത് · ലിബിയ · മൊറോക്കൊ · സുഡാന്‍ · ടുണീഷ്യ · പശ്ചിമ സഹാറ · സഹ്രാവി അറബ് ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് | |
| പടിഞ്ഞാറ് | ബെനിന്‍ · ബര്‍ക്കിനാ ഫാസോ · കേപ്പ് വേര്‍ഡ് · ഐവറി കോസ്റ്റ് · ഗാംബിയ · ഘാന · ഗിനിയ · ഗിനി-ബിസൗ · ലൈബീരിയ · മാലി · മൗറിത്താനിയ · നീഷര്‍ · നൈജീരിയ · സെനഗാള്‍ · സീറാ ലിയോണ്‍ · ടോഗോ | |
| മദ്ധ്യം | അംഗോള · കാമറൂണ്‍ · മദ്ധ്യ ആഫ്രിക്കന്‍ റിപ്പബ്ലിക്ക് · ഛാഡ് · ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ · ഇക്ക്വിറ്റോറിയല്‍ ഗിനിയ · ഗാബോണ്‍ · റിപ്പബ്ലിക്ക് ഓഫ് കോംഗോ · സാഒ ടോമെ പ്രിന്‍സിപ്പെ | |
| കിഴക്ക് | ബുറുണ്ടി · കൊമോറോസ് · ജിബൂട്ടി · എറിട്രിയ · എത്യോപ്യ · കെനിയ · മഡഗാസ്കര്‍ · മലാവി · മൗറീഷ്യസ് · മൊസാംബിക്ക് · റുവാണ്ട · സീഷെത്സ് · സൊമാലിയ · ടാന്‍സാനിയ · ഉഗാണ്ട · സാംബിയ · സിംബാബ്വെ | |
| തെക്ക് | ബോട്സ്വാന · ലെസോത്തോ · നമീബിയ · സൗത്ത് ആഫ്രിക്ക · സ്വാസിലാന്റ് | |
|
|
||
|
ആശ്രിത ഭൂവിഭാഗങ്ങളുടെ പട്ടിക |
||