നെല്‍‌സണ്‍ മണ്ടേല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നെല്‍സണ്‍ മണ്ടേല
നെല്‍‌സണ്‍ മണ്ടേല

ദക്ഷിണാഫ്രിക്കയിലെ 11-ആം പ്രസിഡണ്ട്
In office
ഏപ്രില്‍ 27 1994 – ജൂണ്‍ 14 1999
വൈസ് പ്രസിഡന്റ്   ഫ്രഡറിക്‌ ഡിക്ലര്‍ക്ക്
കലീമ മൊട് ലാന്ദ
മുന്‍‌ഗാമി താബോ മ്‌ബേകി
പിന്‍‌ഗാമി കലീമ മൊട് ലാന്ദ

ജനനം 18 ജൂലൈ 1918 (1918-07-18) (പ്രായം 91)
മ്‌വേസോ , ദക്ഷിണാഫ്രിക്ക
രാഷ്ട്രീയ പാര്‍ട്ടി ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ്‌


ദക്ഷിണാഫ്രിക്കയിലെ വര്‍ണ്ണവിവേചനത്തിനെതിരെ പോരാടിയ പ്രമുഖ നേതാവാണ്‌ നെല്‍സണ്‍ മണ്ടേല(ഇംഗ്ലീഷ്: Nelson Rolihlahla Mandela IPA: [xolíɬaɬa mandéːla] ജനനം 1918 ജൂലൈ 18) . ദക്ഷിണാഫ്രിക്കയിലെ എല്ലാ ജനവിഭാഗങ്ങളെയും ഉള്‍പ്പെടുത്തി നടത്തിയ ആദ്യത്തെ ജനാധിപത്യതിരഞ്ഞെടുപ്പില്‍ വിജയിച്ചു രാഷ്ട്രപതിയായ അദ്ദേഹം, ഫ്രഡറിക്‌ ഡിക്ലര്‍ക്കിനോടൊപ്പം 1993-ലെ സമാധാനത്തിനുള്ള നോബല്‍ സമ്മാനം പങ്കിട്ടു. 1990-ലെ ഭാരതരത്നം പുരസ്കാരം മണ്ടേലക്ക് ലഭിച്ചു, ഈ പുരസ്കാരം ലഭിക്കുന്ന ഭാരതീയവംശജനല്ലാത്ത ആദ്യത്തെ വ്യക്തിയായിരുന്നു അദ്ദേഹം.

മഹാത്മാഗാന്ധി മണ്ടേലയുടെ ജീവിതത്തില്‍ വളരെ സ്വാധീനം ചെലുത്തിയ വ്യക്തിയായിരുന്നു. ആഫ്രിക്കന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെയും അവരുടെ സായുധവിഭാഗമായ ഉംഖോണ്ടോ വി സിസ്‌വേയുടെയും നേതാവായിരുന്ന മണ്ടേലയെ വര്‍ണ്ണവിവേചനത്തെ എതിര്‍ത്തവര്‍ സ്വാതന്ത്ര്യത്തിന്റെയും തുല്യതയുടെയും പ്രതീകമായി കരുതുമ്പോള്‍, വര്‍ണ്ണവിവേചനത്തെ അനുകൂലിച്ചവര്‍ അദ്ദേഹത്തെയും എ എന്‍ സിയെയും കമ്യൂണിസ്റ്റ്‌ തീവ്രവാദികളായാണു കരുതിയിരുന്നത്‌, 2008 ജൂലൈ വരെ അമേരിക്കന്‍ ഗവണ്‍മെന്റ്‌, മണ്ടേലയെ തീവ്രവാദിപട്ടികയില്‍‌ ഉള്‍പ്പെടുത്തിയിരുന്നു‍.[1] വര്‍ണ്ണവിവേചനത്തിനെതിരെയുള്ള സമരത്തിന്റെ ഭാഗമായി നടന്ന അട്ടിമറിപ്രവര്‍ത്തനങ്ങളുടെയും മറ്റും കാരണത്താല്‍ മണ്ടേലക്ക്‌ 27 വര്‍ഷം ജയില്‍വാസമനുഷ്ഠിക്കേണ്ടതായി വന്നു. മണ്ടേലയുടെ വംശത്തില്‍പ്പെട്ട മുതിര്‍ന്നവരെ ബഹുമാനസൂചകമായി വിളിക്കുന്ന മാഡിബ എന്ന പേരാണ്‌ ദക്ഷിണാഫ്രിക്കക്കാര്‍ മണ്ടേലയെ വിളിക്കുന്നത്‌.

ഉള്ളടക്കം

[തിരുത്തുക] ആദ്യകാല ജീവിതം

[തിരുത്തുക] ജനനം

മണ്ടേല ദക്ഷിണാഫ്രിക്കയിലെ കേപ്‌ പ്രവിശ്യയിലെ ട്രാന്‍സ്കെയിന്‍ പ്രദേശം ഭരിച്ചിരുന്ന തെംബു വംശത്തില്‍പ്പെട്ടയാളാണ്‌ - ഉംടാട ജില്ലയിലെ മ്‌വേസോ ഗ്രാമത്തിലാണ്‌ അദ്ദേഹം ജനിച്ചത്‌. മണ്ടേലയുടെ പിതാവ് ഗാഡ്‌ല ഹെന്‍റി മ്‌ഫാകനൈസ്വ (1880-1928) പാരമ്പര്യനിയമപ്രകാരം പിന്തുടര്‍ച്ചാവകാശമില്ലായിരുന്നിട്ടും മ്‌വേസോയുടെ ഭരണാധികാരിയായി, എന്നാല്‍ കോളനിഭരണത്തിനോടുള്ള എതിര്‍പ്പ് കാരണം ഈ സ്ഥാനം അദ്ദേഹത്തിനു നഷ്ടപ്പെട്ടു, പ്രിവി കൗണ്‍സില്‍ അംഗമായിരുന്ന അദ്ദേഹം ഈ സ്ഥാനത്തേക്ക് ജോണ്‍ഗിന്റാബ ഡാലിന്‍ഡ്യേബോയെ അവരോധിക്കാന്‍ സഹായിച്ചു. ഗാഡ്‌ല ഹെന്‍റി മ്‌ഫാകനൈസ്വയുടെ മൂന്നാമത്തെ ഭാര്യയായ നോസികേനി ഫായിയായിരുന്നു മണ്ടേലയുടെ മാതാവ്‌. [2]

[തിരുത്തുക] വിദ്യാഭ്യാസം

ഏഴാമത്തെ വയസില്‍ മണ്ടേല വിദ്യാഭ്യാസമാരംഭിച്ചു. ഒന്‍പതാം വയസ്സില്‍ അദ്ദേഹത്തിന്റെ പിതാവ്‌ നിര്യാതനായി, തുടര്‍ന്ന് റീജന്റ്‌ ജോണ്‍ഗിന്റാബ മണ്ടേലയുടെ രക്ഷാകര്‍ത്തസ്ഥാനം ഏറ്റെടുത്തു. റീജന്റിന്റെ കൊട്ടാരത്തിനടുത്തുള്ള വെസ്ലിയന്‍ മിഷന്‍ സ്കൂളില്‍ വിദ്യാഭ്യാസം തുടര്‍ന്നു. ക്ലാര്‍ക്ക്ബറി ബോര്‍ഡിംഗ്‌ ഇന്‍സ്റ്റിറ്റിയൂട്ടില്‍ പതിനാറാമത്തെ വയസ്സില്‍ ചേര്‍ന്ന അദ്ദേഹം ജൂനിയര്‍ സര്‍ട്ടിഫിക്കറ്റ്‌ രണ്ട്‌ വര്‍ഷംകൊണ്ട്‌ പൂര്‍ത്തിയാക്കി. മട്രികുലേഷന്‍ പാസ്സായശേഷം ഫോര്‍ട്ട്‌ ഹെയര്‍ യൂണിവേര്‍സിറ്റിയില്‍ ചേര്‍ന്നു. അവിടെവച്ചാണ്‌ ദീര്‍ഘകാലസുഹൃത്തായിത്തീര്‍ന്ന ഒളിവര്‍ തംബുവിനെ പരിചയപ്പെട്ടത്. ആദ്യവര്‍ഷം തന്നെ സ്റ്റുഡന്റ്‌ റപ്രസന്റേറ്റിവ്‌ കൗണ്‍സില്‍ യൂണിവേര്‍സിറ്റി നിയമങ്ങള്‍ക്കെതിരെ നടന്ന സമരത്തില്‍ മണ്ടേല പങ്കെടുത്തു, തുടര്‍ന്ന് അദ്ദേഹത്തെ യൂണിവേര്‍സിറ്റി പുറത്താക്കി.

[തിരുത്തുക] ജോഹന്നാസ്‌ബര്‍ഗില്‍

ഫോര്‍ട്‌ ഹെയര്‍ വിട്ടതിനുശേഷം ജോണ്‍ഗിന്റാബ, മണ്ടേലയെ വിവാഹം കഴിപ്പിക്കാന്‍ തീരുമാനിച്ചു. വിവാഹത്തിനു താല്‍പര്യമില്ലത്തതിനാല്‍ മണ്ടേല ജോഹന്നാസ്ബര്‍ഗിലേക്ക്‌ ഓടിപ്പോയി ഒരു ഖനിയില്‍ കാവല്‍ക്കാരനായി ജോലിനോക്കാന്‍ തുടങ്ങി, എന്നാല്‍ റീജന്റിന്റെ ദത്തുപുത്രനാണെന്നറിഞ്ഞപ്പോള്‍ മണ്ടേലയെ അവിടെനിന്നും പിരിച്ചുവിട്ടു. പിന്നീട്‌ അദ്ദേഹം ഒരു വക്കീലോഫീസില്‍ അപ്പ്രന്റീസായി ജോലിചെയ്യാന്‍ തുടങ്ങുകയും യൂണിവേര്‍സിറ്റി ഒഫ്‌ സൗത്ത്‌ ആഫ്രിക്കയില്‍നിന്നും ബി. എ ബിരുദമെടുക്കുകയും യൂണിവേര്‍സിറ്റി ഒഫ്‌ വിറ്റ്‌വാട്ടേര്‍ഴ്‌സ്‌രാന്‍ഡില്‍ നിയമപഠനം തുടങ്ങുകയും ചെയ്തു.

[തിരുത്തുക] രാഷ്ട്രീയപ്രവര്‍ത്തനം

ആഫ്രിക്കാന്‍സ് ഭാഷ സംസാരിക്കുന്ന യൂറോപ്പിയന്‍ വംശജരായ ആഫ്രിക്കാനര്‍ ആധിപത്യമുള്ളതും, വര്‍ണ്ണവിവേചനത്തിനും വംശീയമായ വേര്‍‍തിരിവിനും വേണ്ടി നിലകൊണ്ടിരുന്നതുമായ നാഷണല്‍ പാര്‍ട്ടിയുടെ, 1948-ലെ തിരഞ്ഞെടുപ്പ്‌ വിജയത്തിനുശേഷം, മണ്ടേല ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ 1952-ലെ സമരത്തിലും 1955-ലെ പീപ്പിള്‍സ്‌ കോണ്‍ഗ്രസ്സിലും സജീവമായി പങ്കെടുക്കുകയുണ്ടായി. ഈ സമയത്ത്‌ മണ്ടേല ഒളിവര്‍ തംബുവിനോടൊന്നിച്ച്‌, കറുത്ത വര്‍ഗ്ഗക്കാര്‍ക്ക്‌ തുച്ചമായ ചിലവിലോ വെറുതെയോ നിയമസഹായം നല്‍കാനായി, മണ്ടേല ആന്റ്‌ തംബൊ എന്ന സ്ഥാപനം രൂപീകരിച്ചു.

മണ്ടേലയെയും തുടര്‍ന്നുവന്ന വര്‍ണ്ണവിവേചനവിരുദ്ധപ്രവര്‍ത്തകരെയും മഹാത്മാ ഗാന്ധിയുടെ ആശയങ്ങള്‍ സ്വാധീനിച്ചിരുന്നു. മഹാത്മാ ഗാന്ധി ദക്ഷിണാഫ്രിക്കയില്‍ സത്യാഗ്രഹം ആരംഭിച്ചതിന്റെ നൂറാം വാര്‍ഷികത്തിനോടനുബന്ധിച്ച്‌ 2007 ജനവരി 29/30 തീയ്യതികളില്‍ ദില്ലിയില്‍ നടന്ന സമ്മേളനത്തില്‍ മണ്ടേലയും സന്നിഹിതനായിരുന്നു.

അഹിംസാമാര്‍ഗ്ഗത്തില്‍ സമരം തുടങ്ങിയ മണ്ടേലയെയും 150 പ്രവര്‍ത്തകരേയും, 1956 ഡിസംബര്‍ അഞ്ചാം തീയ്യതി അറസ്റ്റ്‌ ചെയ്‌തു, 1961 വരെ നീണ്ടുനിന്ന വിചാരണയുടെ ഒടുവില്‍ എല്ലാവരെയും കുറ്റവിമുക്തരാക്കി. 1952 - 1959 കാലത്ത്‌ നാഷനല്‍ പാര്‍ട്ടിക്കെതിരായി കൂടുതല്‍ കടുത്ത സമരമുറകള്‍ക്കായി ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ്സിലെ പുതിയ തലമുറയില്‍‌പ്പെട്ടവര്‍ ആവശ്യപ്പെടാന്‍ തുടങ്ങി. ഏ എന്‍ സിയുടെ നേതാക്കളായ ആല്‍ബര്‍ട്ട്‌ ലിതൂലി, ഓളിവര്‍ ടാംബൊ, വാള്‍ട്ടര്‍ സിസുലു എന്നിവര്‍ക്ക്‌ കാര്യങ്ങള്‍ വളരെ വേഗത്തിലാണ്‌ നീങ്ങുന്നതെന്നും അവരുടെ നേതൃസ്ഥാനപദവികള്‍തന്നെ ചോദ്യം ചെയ്യപ്പെടുന്നുവെന്നും‌ തോന്നാന്‍ തുടങ്ങി. അതിനാല്‍ അവര്‍ ഇന്ത്യന്‍ വംശജര്‍, വര്‍ണ്ണവിവേചനത്തിനെതിരെ നിന്ന വളരെ ചെറിയ വിഭാഗം വെള്ളക്കാര്‍ എന്നിവരുമായി വ്യാപകമായ ഒരു സഖ്യമുണ്ടാക്കി. 1959-ല്‍ തീവ്രവാദികളായ പല ആളുകളും ഘാന, ട്രാന്‍സ്‌വാള്‍ ആസ്ഥാനമായുള്ള ബസോതോ എന്നിവയുടെ സഹായത്താല്‍, റോബര്‍ട്ട്‌ സൊബൂകെ, പോട്ട്‌ലാക്കോ ലെബാല്ലോ എന്നിവരുടെ നേതൃത്വത്തില്‍, പാന്‍ ആഫ്രിക്കനിസ്റ്റ്‌ കോണ്‍ഗ്രസ്‌ എന്ന സംഘടന രൂപീകരിച്ചു.

[തിരുത്തുക] ഗറില്ല പ്രവര്‍ത്തനങ്ങള്‍

മണ്ടേല 1961-ല്‍ എം കെ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെട്ടിരുന്ന, എ എന്‍ സിയുടെ സായുധവിഭാഗമായ, ഉംഖോണ്ടൊ വി സിസ്വെയുടെ തലവനായി സൈന്യത്തിനും ഗവണ്മെന്റിനുമെതിരെ അട്ടിമറിപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുകയും ഭാവിയില്‍ ഗറില്ല യുദ്ധം നടത്താന്‍ വേണ്ടിയുള്ള പദ്ധതികള്‍ തയ്യാറാക്കുകയുംചെയ്തു. 1980കളില്‍ എം. കെ നടത്തിയ ഗറില്ലയുദ്ധത്തില്‍ സിവിലിയന്മാരടക്കം പലരും കൊല്ലപ്പെട്ടിരുന്നു. മണ്ടേല എം. കെ.യ്ക്കുവേണ്ടി വിദേശരാജ്യങ്ങളില്‍നിന്നും ധനസഹായവും പല ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും സൈനികപരിശീലനവും സംഘടിപ്പിച്ചു.

വളരെക്കാലത്തെ അഹിംസാസമരം വിജയിക്കുന്നില്ലെന്നും ഭരണകൂടെത്തിന്റെ അടിച്ചമര്‍ത്തലും അക്രമവും വര്‍ധിക്കുകയാണെന്നും കണ്ടതിനാലുമാണ്‌, അവസാനത്തെ പോംവഴിയായി സായുധസമരത്തിലേക്കിറങ്ങിയതെന്നു മണ്ടേല പിന്നീട് പ്രസ്താവിക്കുകയിണ്ടായി. വര്‍ണ്ണവിവേചനത്തിനെതിരെയുള്ള ഈ സമരത്തില്‍ മനുഷ്യാവകാശലംഘനം നടന്നതായി അദ്ദേഹം പില്‍ക്കാലത്ത്‌ സമ്മതിക്കുകയുണ്ടായി.

[തിരുത്തുക] റിവോണിയ വിചാരണ

1962 ആഗസ്റ്റ്‌ 5-ആം തീയ്യതി, പതിനേഴു മാസത്തോളം ഒളിവില്‍ കഴിഞ്ഞ മണ്ടേല അറസ്റ്റ്‌ ചെയ്യപ്പെടുകയും ജോഹന്നാസ്ബര്‍ഗ്‌ കോട്ടയില്‍ തടവില്‍ പാര്‍പ്പിക്കപ്പെടുകയും ചെയ്തു. സി. ഐ. എ ഒറ്റിക്കൊടുത്തതിനാലാണ്‌ മണ്ടേലയെ അറസ്റ്റ്‌ ചെയ്യാന്‍ ഗവണ്‍മെന്റിനു സാധിച്ചത്‌. മൂന്നു ദിവസത്തിനു ശേഷം മണ്ടേലയെ കോടതിയില്‍ ഹാജരാക്കി. 1961-ല്‍ സമരത്തിനു ആഹ്വാനം നല്‍കിയതും, അനധികൃത്മായി രാജ്യം വിട്ടതുമായിരിന്നു അദ്ദേഹത്തിന്റെ പേരില്‍ ആരോപിക്കപ്പെട്ട കുറ്റങ്ങള്‍. 1962 ഒക്ടോബര്‍ 25-നു മണ്ടേലയെ അഞ്ചു വര്‍ഷത്തേക്ക്‌ തടവില്‍ കഴിയാനായി കോടതി വിധിച്ചു.

മണ്ടേല ജയിലില്‍ കഴിയുമ്പോള്‍, 1963 ജുലൈ‌ 11-ന്‍, റിവോണിയയിലെ ലിലിസ്‌ലീഫ്‌ ഫാര്‍മില്‍നിന്നും, പ്രധാന എ എന്‍ സി നേതാക്കളെ പോലീസ്‌ അറസ്റ്റ്‌ ചെയ്തു. റിവോണിയ വിചാരണയിലെ മണ്ടേലയെ കൂടാതെ അഹമ്മദ്‌ കത്രാഡ, വാള്‍ട്ടര്‍ സിസുലു, ഗോവന്‍ മ്‌ബേകി, ആന്‍ഡ്രൂ മ്‌ളാങ്ങേനി, റയ്‌മണ്ട്‌ മ്‌ലാബ, എലിയാസ്‌ മൊട്‌സൊഅലേദി, വാള്‍ട്ടര്‍ മ്‌ക്വായി, ആര്‍തര്‍ ഗോള്‍ഡ്‌റൈയ്ച്‌, ഡെന്നീസ്‌ ഗോല്‍ഡ്ബര്‍ഗ്‌, ലയണല്‍ ബേണ്‍സ്‌റ്റീന്‍ എന്നിവര്‍ക്കുമെതിരെ അട്ടിമറി തുടങ്ങിയ രാജ്യദ്രോഹക്കുറ്റങ്ങള്‍ ആരോപിച്ചു. മണ്ടേല ഈ കുറ്റാരോപണം നിഷേധിച്ചില്ലെങ്കിലും ദക്ഷിണാഫ്രിക്കയിലേക്ക്‌ വിദേശാധിപത്യത്തിനു വഴിതെളിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന ആരോപണം നിഷേധിച്ചു.

1964 ഏപ്രില്‍ 20 ന്‌ പ്രിടോറിയയിലെ സുപ്രീം കോടതിയില്‍ നടന്ന വിചാരണയ്ക്കിടയില്‍ ഏ എന്‍ സി അഹിംസാമാര്‍ഗ്ഗം വെടിഞ്ഞതിന്റെ കാരണങ്ങള്‍ മണ്ടേല വിശദമാക്കി. 1960 മാര്‍ച്ച് 21-നു ഷാര്‍പ്പ്‌വില്‍ കൂട്ടക്കൊല നടന്നതുവരെ, വര്‍ണ്ണവിവേചനത്തിനെതിരെ ഏ എന്‍ സി അവലംബിച്ചുവന്ന അഹിംസയിലൂന്നിയ സമരത്തിനെക്കുറിച്ചു മണ്ടേല വിവരിച്ചു. ഈ കൂട്ടക്കൊലയും, അടിയന്തരാവസ്ഥയുടെ പ്രഖ്യാപനവും എ എന്‍ സിയുടെ നിരോധനവും എല്ലാം കൂടിയപ്പോള്‍ അക്രമമാര്‍ഗ്ഗങ്ങളിലേക്കു തിരിയുകയല്ലാതെ വേറെ പോംവഴിയില്ലാതായി, അല്ലാതെ ചെയ്യുന്നത്‌ നിരിപാധികമായ കീഴടങ്ങലായിത്തീരുമായിരുന്നു. നാഷനല്‍ പാര്‍ട്ടിയുടെ നയങ്ങളുടെ പരാജയം രാജ്യത്തില്‍ വിദേശനിക്ഷേപം നിരുത്സാഹപ്പെടുത്തുമെന്നു തുറന്നുകാണിക്കുന്നതിനു വേണ്ടിയായിരുന്നു 1961 ഡിസംബര്‍ 16-നു എം കെ-യുടെ മാനിഫെ‌സ്‌റ്റോ ഉണ്ടാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. തന്റെ ജീവിതം ആഫ്രിക്കന്‍ വംശജരുടെ സമരത്തിനായി ഉഴിഞ്ഞുവച്ചിരിക്കുകയാണെന്നും വെള്ളക്കാരുടെയോ കറുത്തവരുടേയോ ആധിപത്യത്തിനു താന്‍ എതിരാണെന്നും എല്ലാവരും തുല്യവകാശത്തോടെയും സാഹോദര്യത്തോടെയും സഹവസിക്കുന്ന ജനാധിപത്യത്തിലൂന്നിയ സ്വതന്ത്ര സമൂഹത്തിനുവേണ്ടിയാണ്‌ താന്‍ ജീവിക്കുന്നതെന്നും വേണ്ടിവന്നാല്‍ ഇതിനുവേണ്ടി ജീവന്‍ പോലും പരിത്യാഗം ചെയ്യാന്‍ സന്നദ്ധനാണെന്നും മണ്ടേല പ്രസ്താവിച്ചു. [3]

ബ്രാം ഫിഷര്‍, വെ ര്‍ നോണ്‍ ബെറാന്‍ജ്‌, ഹാരി ഷ്വാര്‍ട്‌സ്‌ ജോ ജോഫി, ആര്‍തര്‍ ചാസ്‌കല്‍സണ്‍, ജോര്‍ജ്ജ്‌ ബിസോസ്‌ എന്നിവരായിരുന്നു പ്രതികള്‍ക്കുവേണ്ടി വാദിച്ചിരുന്നത്‌. റസ്റ്റി ബേണ്‍സ്റ്റീന്‍ ഒഴികെയുള്ളവര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തുകയും, 1964 ജൂണ്‍ 12-ന്‌ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കാന്‍ വിധിക്കപ്പെടുകയുമുണ്ടായി.

[തിരുത്തുക] ജയില്‍വാസം

റോബന്‍ ദ്വീപിലെ ജയില്‍

അടുത്ത പതിനെട്ടു വര്‍ഷക്കാലം മണ്ടേല റോബന്‍ ദ്വീപിലെ ജയിലിലായിരുന്നു ശിക്ഷ അനുഭവിച്ചത്‌. മറ്റു തടവുകാരോടൊപ്പം മണ്ടേലയെ ഒരു ക്വാറിയില്‍ ജോലിയെടുപ്പിച്ചു. തടവുകാരെ അവരുടെ വര്‍ണ്ണമനുസരിച്ച്‌ വേര്‍തിരിച്ചിരുന്നു, കറുത്ത വര്‍ഗ്ഗക്കാരായിരുന്നു താഴെത്തട്ടില്‍. കൂടാതെ രാഷ്ട്രീയത്തടവുകാര്‍ മറ്റുള്ള തടവുകാരെ അപേക്ഷിച്ച്‌ താഴ്‌ന്ന നിലയിലായിരുന്നു കണക്കാക്കിയിരുന്നത്‌. ഡി ഗ്രൂപ്പ്‌ തടവകാരനായതിനാല്‍ ആറു മാസത്തില്‍ ഒരു സന്ദര്‍ശകനേയും ഒരു കത്തുമായിരുന്നു മണ്ടേലക്ക്‌ നല്‍കിയിരുന്നത്‌, കത്തുകള്‍ പലപ്പോളും വൈകിയും, സെന്‍സര്‍ഷിപ്പ്‌ കാരണം വായിക്കാന്‍ പറ്റാത്ത അവസ്ഥയിലുമായിരുന്നു അദ്ദേഹത്തിനു ലഭിച്ചിരുന്നത്‌.

ഇക്കാലത്ത്‌ യൂണിവേര്‍സിറ്റി ഒഫ്‌ ലണ്ടന്റെ വിദൂരപഠനപരിപാടിയിലൂടെ ബാച്ചിലര്‍ ഒഫ്‌ ലോ ബിരുദം കരസ്ഥമാക്കി. 1981-ല്‍ മണ്ടേലയെ യൂണിവേര്‍സിറ്റി ഒഫ്‌ ലണ്ടന്റെ ചാന്‍സിലര്‍ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കിയെങ്കിലും ആന്‍ രാജകുമാരിയോട്‌ അദ്ദേഹം പരാജയപ്പെടുകയുണ്ടായി

1982 മാര്‍ച്ചില്‍, മുതിര്‍ന്ന എ എന്‍ സി നേതാക്കളായ വാള്‍ട്ടര്‍ സിസുലു, ആന്‍ഡ്രൂ മ്‌ളാങ്ങേനി, അഹമ്മദ്‌ കത്രാഡ, റയ്‌മണ്ട്‌ മ്‌ലാബ എന്നിവരോടൊപ്പം മണ്ടേലയെ പോള്‍സ്‌മൂര്‍ ജയിലിലേക്ക്‌ മാറ്റി. ചെറുപ്പക്കാരായ തടവുകാര്‍ക്ക്‌, മുതിര്‍ന്ന നേതാക്കളില്‍നിന്നുമുള്ള പ്രചോദനം ലഘിക്കുന്നത്‌ തടായാന്‍ വേണ്ടിയാണ്‌ ഇങ്ങനെ ചെയ്തതെന്ന് തടവുകാര്‍ കരുതി, എന്നാല്‍ തടവുകാരും സമ്പര്‍ക്കം സ്ഥാപിക്കാനാണ്‌ ഈ മാറ്റമെന്ന് നാഷണല്‍ പാര്‍ട്ടി മന്ത്രിയായ കോബി കോയെറ്റ്‌സി പ്രസ്താവിച്ചു.

1985 ഫെബ്രുവരിയില്‍ പ്രസിഡന്റ്‌ പി. ഡബ്ല്യു. ബോത്ത ഉപാധികള്‍ക്കു വിധേയമായി മണ്ടേലക്ക്‌ ജയില്‍മോചനം വാഗ്ദാനം ചെയ്തു, കോയെറ്റ്‌സിയടക്കമുള്ള മന്ത്രിമാര്‍ ഇതിനെ എതിര്‍ത്തു. എന്നാല്‍ എ എന്‍ സിയുടെ നിരോധനം നിലവിലുള്ള കാലത്തോളം തനിക്ക്‌ സ്വാതന്ത്ര്യം വേണ്ടെന്നു പ്രസ്താവിച്ച മണ്ടേല ഈ വാഗ്ദാനം നിരസിക്കുകയാണുണ്ടായത്‌.

മണ്ടേലയും നാഷനല്‍ പാര്‍ട്ടി ഗവണ്മെന്റും തമ്മിലുള്ള ആദ്യത്തെ കൂടിക്കാഴ്ച 1985 നവംബറില്‍ നടന്നു. പ്രോസ്റ്റേറ്റ്‌ ഓപ്പറേഷന്‍ കഴിഞ്ഞു കേപ്‌ ടൗണിലെ വോക്സ്‌ ഹോസ്പിറ്റലില്‍ കിടന്നിരുന്ന മണ്ടേലയെ നാഷണല്‍ പാര്‍ട്ടി മന്ത്രിയായ കോബി കോയെറ്റ്‌സി സന്ദര്‍ശിക്കുകയുണ്ടായി, ഇതിനെത്തുടര്‍ന്ന് അടുത്ത നാലുവര്‍ഷക്കാലത്തോളം ചര്‍ച്ചകള്‍ നടക്കുകയുണ്ടായെങ്കിലും കാര്യമായ പുരോഗതിയൊന്നും കൈവരിക്കാനായില്ല. മണ്ടേല വിട്ടയക്കാന്‍, ദക്ഷിണാഫ്രിക്കന്‍ ഗവണ്മെന്റില്‍, ദേശീയവും അന്തര്‍‌ദേശിയവുമായ സമ്മര്‍ദ്ദമുണ്ടായി. 1989-ല്‍ പ്രസിഡന്റ് ബോത്തയ്ക്ക് പക്ഷാഘാതമുണ്ടായതിനെത്തുടര്‍ന്ന് ഫ്രഡറിക്‌ ഡിക്ലര്‍ക്ക് സ്ഥാനെമേറ്റെടുത്തത് വലിയ മാറ്റങ്ങള്‍ക്ക് കളമൊരൊക്കുകയും 1990 ഫെബ്രുവരിയില്‍ മണ്ടേലയുടേ മോചനം പ്രഖ്യാപിക്കപ്പെടുകയും ചെയ്തു.

മണ്ടേല 1988-ല്‍ യു. എസ്. എസ്. ആര്‍ പുറത്തിറക്കിഅ തപാല്‍ സ്റ്റാമ്പ്

[തിരുത്തുക] ജയില്‍ മോചനം

1990 ഫെബ്രുവരി 20-ന്‌ പ്രസിഡന്റ്‌ ഡി ക്ലാര്‍ക്‌ , എന്‍. സിയുടെയും മറ്റു വര്‍ണ്ണവിരുദ്ധപ്രസ്ഥാനങ്ങളുടെയും മേലെയുണ്ടായിരുന്ന നിരോധനം എടുത്തുമാറ്റുകയും മണ്ടേലയെ തടവിലിനിന്നും വിട്ടയക്കുമെന്നും പ്രസ്താവിച്ചു. ഫെബ്രുവരി 11-നു മണ്ടേലയെ വിക്റ്റര്‍ വേര്‍സ്റ്റര്‍ ജയിലില്‍നിന്നും മോചിതനാക്കി. അന്നു നടത്തിയ പ്രസംഗത്തില്‍, സമാധാനത്തിനു വേണ്ടിയുള്ള തന്റെ പ്രതിബദ്ധതയെറിച്ചും ന്യൂനപക്ഷമായ വെള്ളക്കാരോടുള്ള ഒത്തുതീര്‍പ്പ്‌ ഉണ്ടാക്കുന്നതിനെക്കുറിച്ചും പ്രസ്താവിക്കുകയും, എന്നാല്‍ എ എന്‍ സിയുടെ സായുധസമരം അവസാനിച്ചിട്ടില്ലെന്നു ഓര്‍മ്മിപ്പിക്കുകയും ചെയ്തു. തന്റെ പ്രധാന ലക്ഷ്യം കറുത്തവര്‍ക്ക്‌ സമധാനം പുന:സ്ഥാപിക്കുകയും, അവര്‍ക്ക്‌ ദേശീയവും പ്രാദേശികവുമായ തിരഞ്ഞെടുപ്പുകളില്‍ വോട്ടവകാശം നേടിക്കൊടുക്കലുമാണെന്നും മണ്ടേല പറഞ്ഞു.


[തിരുത്തുക] സമാധാന ചര്‍ച്ചകള്‍

തടങ്കലില്‍ നിന്നും വിട്ടയച്ചതിനെത്തുടര്‍ന്ന് മണ്ടേല എ എന്‍ സിയുടെ നേതൃത്വത്തിലേക്ക്‌ മടങ്ങിവരികയും 1990-നും 1994-നും ഇടയില്‍, ആദ്യത്തെ ബഹുവര്‍ഗ്ഗപ്രാതിനിധ്യമുള്ള തിരഞ്ഞെടുപ്പിനു വഴിതെളിച്ച, ബഹുകക്ഷി ചര്‍ച്ചകള്‍ക്ക്‌ നേതൃത്വം നല്‍കുകയും ചെയ്തു.


എ എന്‍ സിയുടെ നിരോധനം നീക്കിയതിനെതുടര്‍ന്നുള്ള ആദ്യത്തെ ദേശീയസമ്മേളനം 1991-ല്‍ നടത്തുകയും, മണ്ടേലയെ പ്രസിഡന്റായും, അന്നുവരെ പാര്‍ട്ടിയെ നയിച്ച ഒളിവര്‍ തംബുവിനെ നാഷനല്‍ ചെയര്‍പേര്‍സണായും തിരഞ്ഞെടുത്തു. [4]

[തിരുത്തുക] ജീവചരിത്രം

ലോങ് വാക് റ്റു ഫ്രീഡം (Long Walk to Freedom) എന്ന ജീവചരിത്രം 1994-ലാണ്‌‍ പ്രസിദ്ധീകരിക്കപ്പെട്ടത്‌. ജയിലില്‍ കിടക്കുന്ന കാലത്തുതന്നെ ഇതിനെവേണ്ടിയുള്ള ജോലികള്‍ മണ്ടേല തുടങ്ങിയിരുന്നു. എണ്‍പതുകളിലും തൊണ്ണൂറുകളിലും നടന്ന അക്രമങ്ങളില്‍ ഡി. ക്ലര്‍ക്കിനും വിന്നി മണ്ടേലക്കും ഉണ്ടായിരുന്ന പങ്കിനെക്കുറിച്ച്‌ ഇതില്‍ വിവരണമൊന്നും നല്‍കിയിട്ടില്ല. മണ്ടേല ഇക്കാര്യങ്ങള്‍ തന്റെ സുഹൃത്തായ ആന്റണി സാംപ്‌സണുമായി ചര്‍ച്ചചെയ്യുകയും 'മണ്ടേല: ദ ഓതറൈസ്‌ഡ്‌ ബയോഗ്രാഫി' എന്ന പുസ്തകത്തില്‍ സാംപ്‌സണ്‍ ഇക്കാര്യങ്ങള്‍ പ്രസിധീകരിക്കുകയും ചെയ്തു.

ലണ്ടനിലെ പാര്‍ലിമെന്റ് സ്ക്വയറിലെ മണ്ടേലയുടെ പ്രതിമ

[തിരുത്തുക] ദക്ഷിണാഫ്രിക്കന്‍ പ്രസിഡണ്ട്

ദക്ഷിണാഫ്രിക്കയിലെ എല്ലാ ജനവിഭാഗങ്ങളെയും ഉള്‍പ്പെടുത്തി നടത്തിയ ആദ്യത്തെ ജനാധിപത്യതിരഞ്ഞെടുപ്പ് 27 ഏപ്രില്‍ 1994നു നടന്നു. എ. എന്‍. സി 62% വോട്ടുകള്‍ നേടുകയും 10 മേയ്‌ 1994-നു മണ്ടേല ദക്ഷിണാഫ്രിക്കയുടെ ആദ്യത്തെ കറുത്തവര്‍ഗ്ഗക്കാരനായ പ്രസിഡന്റായി സ്ഥാനമേറ്റെടുത്തു. നാഷനല്‍ പാര്‍ട്ടിയിലെ ഡി ക്ലാര്‍ക്ക്‌ ആദ്യത്തെ ഡെപ്യൂട്ടി പ്രസിഡെന്റായും , താബോ മ്‌ബേകി രണ്ടാമത്തെ ഡെപ്യൂട്ടി പ്രസിഡെന്റായും നാഷണല്‍ യൂണിറ്റി ഗവണ്‍മന്റ്‌ രൂപികരിക്കപ്പെട്ടു. 1999 ജൂണ്‍ വരെ പ്രസിഡണ്ട്‌ സ്ഥാനത്ത്‌ തുടര്‍ന്ന മണ്ടേല, വര്‍ണ്ണവിവേചനത്തില്‍നിന്നും ന്യൂനപക്ഷഭരണത്തില്‍നിന്നും രാജ്യത്തെ ഐക്യത്തിലേക്ക്‌ നയിച്ചത്‌ അന്താരാഷ്ട്ര ശ്രദ്ധയാകര്‍ഷിച്ചു. 1995-ല്‍ ദക്ഷിണാഫ്രിക്കയില്‍ വച്ചു നടന്ന ലോകകപ്പ്‌ റഗ്ബി മല്‍സരത്തില്‍, ദക്ഷിണാഫ്രിക്കയിലെ ദേശീയ റഗ്ബി ടീമായ സ്പ്രിങ്ങ്ബോക്സിനെ പ്രോല്‍സാഹിപ്പിക്കാന്‍ മണ്ടേല കറുത്തവര്‍ഗ്ഗക്കാരെ പ്രേരിപ്പിച്ചു. വാശിയേറിയ ഫൈനല്‍ മല്‍സരത്തില്‍ ന്യൂസിലാണ്ടിനെ തോല്‍പ്പിച്ച ദക്ഷിണാഫ്രിക്കന്‍ കാപ്റ്റ്യന്‍ ഫ്രാങ്കോയിസ്‌ പിയെന്നര്‍, സ്പ്രിങ്ങ്ബോക്സിന്റെ ജേഴ്സിയണിഞ്ഞ മണ്ടേലയില്‍നിന്നും ട്രോഫി ഏറ്റുവാങ്ങി.

[തിരുത്തുക] ലെസോതോയിലെ പട്ടാളനടപടി

1998 സെപ്റ്റംബറില്‍ ലെസോതോയിലെ പ്രധാനമന്ത്രിയായിരുന്ന പകലിത മോസിസിലിയുടെ ഗവണ്മെന്റിനെ സംരക്ഷിക്കാന്‍ സൈന്യത്തെ അയച്ചതായിരുന്നു മണ്ടേല സര്‍ക്കാര്‍ ചെയ്ത ആദ്യത്തെ സൈനികനീക്കം.

[തിരുത്തുക] എയ്ഡ്‌സിനെതിരേയുള്ള പോരാട്ടത്തിലെ പോരായ്‌മകള്‍

എഡ്‌വിന്‍ കാമറൂണ്‍ തുടങ്ങിയവര്‍ മണ്ടേലയുടെ നേതൃത്വത്തിലുള്ള ഗവണ്‍മന്റ്‌ എയ്ഡ്‌സിനെതിരേ കാര്യക്ഷമമായ നടപടികള്‍ കൈകൊണ്ടില്ലെന്ന് അഭിപ്രായപ്പ്പ്പെട്ടിരുന്നു. രാഷ്ട്രപതിസ്ഥാനത്തില്‍നിന്നും വിരമിച്ചശേഷം ഈ മാരകവിപത്തിനെതിരെ കൂടുതല്‍ നടപടികള്‍ എടുക്കാത്തത്‌ തന്റെ തെറ്റാണെന്ന് അദ്ദേഹം പ്രസ്താവിച്ചിരുന്നു.

[തിരുത്തുക] ലോക്കര്‍ബി വിചാരണ

1988 ഡിസംബര്‍ 21-ആം തീയ്യതി സ്കോട്ട്‌ലന്റിലെ ലോക്കര്‍ബീ പട്ടണത്തിനു സമീപം തകര്‍ക്കപ്പെട്ട പാന്‍ ആം 103 വിമാനത്തില്‍ ബോംബ്‌ വച്ച രണ്ട്‌ ലിബിയാക്കാരുടെ വിചാരണയെക്കുറിച്ച്‌, കേണല്‍ ഗദ്ദാഫിയുടെ നേതൃത്വത്തിലുള്ള ലിബിയയും അമേരിക്ക, ബ്രിട്ടണ്‍ തുടങ്ങിയ രാജ്യങ്ങളും തമ്മിലുള്ള തര്‍ക്കത്തില്‍ മണ്ടേല ഇടപെട്ടിരുന്നു. 1992-ല്‍ മണ്ടേല അന്നത്തെ അമേരിക്ക പ്രസിഡണ്ടായിരുന്ന ജോര്‍ജ്‌ ബുഷിനെ സമീപിച്ച്‌ ഒരു നിഷ്പക്ഷരാജ്യത്തില്‍ ഈ വിചാരണ നടത്താനുള്ള സാധ്യതകളെക്കുറിച്ച്‌ ചര്‍ച്ചചെയ്തിരുന്നു. ഫ്രഞ്ച്‌ പ്രസിഡന്റ്‌ മിത്തറാംഗ്‌, സ്പെയിനിലെ രാജാവ്‌ ജുവാന്‍ കാര്‍ലോസ്‌, ജോര്‍ജ്‌ ബുഷ്‌ എന്നിവര്‍ ഈ പദ്ധതിയെ അനുകൂലിച്ചെങ്കിലും ബ്രിട്ടീഷ്‌ പ്രധാനമന്ത്രിയായിരുന്ന ജോണ്‍ മേജര്‍ ഇതിനെ എതിര്‍ത്തു. ജൂലൈ 1997-ല്‍ ലണ്ടന്‍ സന്ദര്‍ശിച്ചപ്പോള്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ടോണി ബ്ലെയറുമായി ഒക്ടോബര്‍ 1997-ല്‍ എഡിന്‍ബര്‍ഗില്‍ നടന്ന കോമണ്‍വെല്‍ത്ത്‌ രാജ്യത്തലവന്മാരുടെ സമ്മേളനത്തിലും(ചോഗം) മണ്ടേല ഇക്കാര്യം ചര്‍‍ച്ചചെയ്തു. 1999 ഏപ്രിലില്‍ ഗദ്ദാഫിയുമായി മണ്ടേല ചര്‍ച്ചകള്‍ തുടരുകയും നെതര്‍ലാന്‍ഡ്‌സിലെ കാമ്പ്‌ സീസ്റ്റില്‍, സ്കോട്ട്‌ലാന്‍ഡ്‌ നിയമങ്ങള്‍ക്കു വിധേയമായ വിചാരണക്കായി കുറ്റമാരോപിക്കപ്പെട്ട മെഗ്രാഹി, ഫീമാ എന്നിവരെ വിട്ടുകൊടുക്കാന്‍ ധാരണയുണ്ടാക്കുകയും ചെയ്തു. 2001 ജനവരി 31ആം തീയ്യതി ഒന്‍പത്‌ മാസത്തെ വിചാരണയുടെ അവസാനം, ഫീമായെ വെറുതെ വിടാനും മെഗ്രാഹിയെ 27 വര്‍ഷക്കാലത്തേക്ക്‌, സ്കോട്ട്‌ലാന്റിലെ ജയിലില്‍ തടവിലിടാനും വിധിയുണ്ടായി.

[തിരുത്തുക] വിവാഹവും കുടുംബജീവിതവും

മൂന്നു തവണ വിവാഹിതനായ മണ്ടേലക്ക്‌ ആറു കുട്ടികളും 20 ചെറുമക്കളുമുണ്ട്‌.

[തിരുത്തുക] ആദ്യവിവാഹം

ജോഹന്നാസ്‌ബര്‍ഗില്‍വച്ച്‌ പരിചയപ്പെട്ട ഈവ്‌ലില്‍ ന്‌ടോക്കോ ആയിരുന്നു ആദ്യഭാര്യ. ഇവര്‍ക്ക്‌ മഡിബ തെംബേകൈല്‍(ജനനം 1946), മാക്‍ഗാതോ(ജനനം 1950) എന്നീ രണ്ട്‌ പുത്രന്മാരും മകാസിവേ (ജനനം 1947, മരണം 1947), മകാസിവേ (1953) എന്നീ പുത്രിമാരും ജനിച്ചു, ആദ്യത്തെ പുത്രി മകാസിവേ ഒന്‍പതാം മാസത്തില്‍ മരണമടഞ്ഞതിനാല്‍ രണ്ടാമത്തെ പുത്രിക്കും അതേ പേരാണ്‌ നല്‍കിയത്‌. മണ്ടേലക്ക്‌ രാഷ്ട്രീയകാരണങ്ങളാല്‍ കുടുംബകാര്യങ്ങളില്‍ ശ്രദ്ധ ചെലുത്താന്‍ കഴിയാതിരുന്നതിനാലും യഹോവസാക്ഷിയായ ഇവ്‌ലിന്റെ മതവിശ്വാസപ്രകാരം രാഷ്ട്രീയനിഷ്പക്ഷത ആഗ്രഹിച്ചതിനാലും പതിമൂന്നു വര്‍ഷത്തെ വിവാഹജീവിതം 1957-ല്‍ വിവാഹമോചനത്തില്‍ കലാശിച്ചു. ഈവ്‌ലിന്‍ 2004-ല്‍ നിര്യാതയായി.

[തിരുത്തുക] രണ്ടാം വിവാഹം

രണ്ടാം ഭാര്യയായ വിന്നി മഡികിസേല മണ്ടേലയും ജോഹന്നാസ്‌ബര്‍ഗില്‍വച്ചാണ്‌ മണ്ടേലയെ പരിചയപ്പെട്ടത്‌, ഇവര്‍ക്ക്‌ സേനി (ജനനം 1958 ഫെബ്രുവരി 4), സിന്‍ഡ്സിസ്വ( ജനനം 1960) എന്നീ രണ്ട്‌ പുത്രിമാര്‍ ജനിച്ചു. മണ്ടേല ജയിലില്‍ കിടക്കുന്ന കാലത്ത്‌ വിന്നിയുടെ പിതാവ്‌ റ്റ്രാന്‍സ്കേയിലെ കൃഷിവകുപ്പുമന്ത്രിയായി സ്ഥാനമേറ്റെടുക്കുകയും രാഷ്ടീയാദര്‍ശങ്ങള്‍ തമ്മിലുള്ള വ്യത്യാസം കുടുംബജീവിതത്തിലും പ്രശ്നങ്ങള്‍ സൃഷ്ടിച്ചപ്പോള്‍ 1992-ല്‍ ഇവര്‍ വേര്‍പിരിയുകയും 1996 മാര്‍ച്ച്‌ ഒന്നിനു വിവാഹമോചിതരാവുകയും ചെയ്തു.

[തിരുത്തുക] മൂന്നാം വിവാഹം

1998-ല്‍ തന്റെ എണ്‍പതാം ജന്മദിനത്തില്‍ ഗ്രാക മാചേല്‍ നീ സിംബൈനെ വിവാഹം കഴിച്ചു.മൊസാംബിക്കിലെ പ്രസിഡന്റും 1986-ല്‍ ഒരു വിമാനാപകടത്തില്‍ കൊല്ലപ്പെട്ടതുമായ സമോറ മാകേലിന്റെ വിധവയായിരുന്നു അവര്‍.

[തിരുത്തുക] അവലംബം

  1. http://news.bbc.co.uk/2/hi/americas/7484517.stm
  2. http://nobelprize.org/nobel_prizes/peace/laureates/1993/mandela-faq.html
  3. http://www.anc.org.za/ancdocs/history/mandela/1960s/rivonia.html
  4. http://www.anc.org.za/people/mandela.html


താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം