കൊക്കാത്തോട്
പത്തനംതിട്ട ജില്ലയിലെ ഒരു മലയോരഗ്രാമമാണ് കൊക്കാത്തോട്. വനമേഖലയായ ഈ പ്രദേശത്തേക്ക് കോന്നിയിൽ നിന്ന് കല്ലേലി, ഒരേക്കർ, അള്ളുങ്കൽ വഴി എത്തിച്ചേരാം. ഇതിനു പുറമേ കുമ്മണ്ണൂർ വനമേഖല വഴിയും കൊക്കാത്തോട്ടിലെത്താം. മലവേടന്മാർ അധിവസിക്കുന്ന ആദിവാസി ഗ്രാമങ്ങളും കൊക്കാത്തോട്ടിൽ കാണുവാൻ സാധിക്കും. ഏതാണ്ട് 50 വർഷങ്ങൾക്കു മുൻപ് ഇന്ത്യൻ കരസേനയിൽ നിന്നും പിരിഞ്ഞു പോന്ന 33 സൈനികർക്ക് അധിവസിക്കാൻ അഞ്ചേക്കർ ഭൂമി വീതം ഭാരതസർക്കാർ പതിച്ചു നൽകിയതിനെത്തുടർന്നാണ് ഈ മേഖലയിൽ ആധുനികജനവാസം ആരംഭിക്കുന്നത്.
അടിസ്ഥാനസൗകര്യങ്ങൾ
[തിരുത്തുക]ഇവിടത്തെ യാത്രാസൗകര്യങ്ങളുടെ കാര്യത്തിൽ ഈ വനമേഖല ഇന്നും വളരെ പിന്നാക്കമാണ്. ആദ്യകാലങ്ങളിൽ കല്ലേലിയിൽ നിന്നും നദി കടന്നാണ് കൊക്കാത്തോട്ടിലേക്ക് സഞ്ചരിച്ചിരുന്നത്. അന്ന് വർഷകാലങ്ങളിൽ നദി കടന്നുള്ള യാത്ര ദുഷ്കരമായിരുന്നു. ഇക്കാലയളവിൽ കൊക്കാത്തോട് ഏറെക്കുറെ ഒറ്റപ്പെട്ട അവസ്ഥയിലുമാവും. ദുഷ്കരമായ പാതയിലൂടെ എത്താൻ ജീപ്പ് സർവീസ് മാത്രമായിരുന്നു അക്കാലത്ത് ആശ്രയം. 2008 സെപ്റ്റംബറിൽ ഇവിടെ പാലം പണി പൂർത്തിയായി. ഇന്ന് കിഴക്ക് കൊക്കാത്തോട് കഴിഞ്ഞ് കോട്ടാമ്പാറ വരെ സ്വകാര്യബസുകൾ സേവനം നടത്തുന്നുണ്ട്. പത്തനംതിട്ടയിൽ നിന്ന് കൊക്കാത്തോട് എസ്.എൻ.ഡി.പി. ജംക്ഷൻ വരെ കെ.എസ്.ആർ.ടി.സി. ബസും സർവീസ് നടത്തുന്നുണ്ട്.
ടെലിഫോൺ സൗകര്യവും ഇവിടെയെത്തിയിട്ട് അധികനാൾ ആയിട്ടില്ല. 2008-ലാണ് ബി.എസ്.എൻ.എൽ. സേവനം കൊക്കാത്തോടിൽ ആരംഭിച്ചത്. 2009 മാർച്ചിൽ ഐഡിയ, വൊഡാഫോൺ എന്നീ സ്വകാര്യ സെല്ലുലാർ ഫോൺ സേവനങ്ങളും ഇവിടെ ലഭ്യമായി.
വൈദ്യുതിയുടെ കാര്യത്തിലും കൊക്കാത്തോട് വളരെ പിന്നാക്കം നിൽക്കുന്ന ഒരു പ്രദേശമാണ്. ഇവിടെ വളരെക്കുറച്ചു വീടുകൾ മാത്രമേ ഇതുവരെ വൈദ്യുതീകരിക്കപ്പെട്ടിട്ടുള്ളൂ. 3000-ത്തോളം കുടുംബങ്ങൾ ആശ്രയിക്കുന്ന സർക്കാർ ആശുപത്രിയിൽ ഇതുവരെ വൈദ്യുതി എത്തിച്ചേർന്നിട്ടില്ല.
വിനോദസഞ്ചാരം
[തിരുത്തുക]കൊക്കാത്തോടിലേക്കുള്ള വഴിയിൽ അള്ളുങ്കൽ പ്രദേശത്ത് ഇരുവശങ്ങളിലുമായി രണ്ടു മലകൾ സ്ഥിതിചെയ്യുന്നുണ്ട്. കാട്ടാത്തിപ്പാറ, ഒളക്കചാണ്ടിപ്പാറ എന്നിവയാണ് ഈ മലകൾ. ഐതിഹ്യപ്പെരുമയുടെ നിറവിൽ കരിവീരൻറെ ഗാംഭീര്യത്തോടെ വനമധ്യേ നില കൊള്ളുന്ന കാട്ടാത്തിപ്പാറ വിനോദസഞ്ചാരികളെ ആകർഷിക്കുന്നു.