പരുമല പള്ളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പരുമല പള്ളി

പത്തനംതിട്ട ജില്ലയിലെ പരുമല എന്ന ദ്വീപിൽ സ്ഥിതി ചെയ്യുന്ന ഒരു ക്രൈസ്തവ ദേവാലയവും പ്രമുഖ തീർഥാടന കേന്ദ്രവുമാണ് സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളി അഥവാ പരുമല പള്ളി. ഭാരതത്തിലെ ക്രൈസ്തവ സഭകളിൽ നിന്ന് ആദ്യം പരിശുദ്ധസ്ഥാനം നേടിയ പരുമല തിരുമേനിയുടെ കബറിടം സ്ഥിതി ചെയ്യുന്ന ഈ ദേവാലയം തിരുവല്ലയിൽ നിന്ന് 7 കിലോമീറ്ററും ചെങ്ങന്നൂരിൽ നിന്ന് 10 കിലോമീറ്ററും അകലെയാണ്. മലങ്കര ഓർത്തഡോക്സ് സഭയുടെ ചരിത്രത്തിൽ സുപ്രധാന സ്ഥാനം അലങ്കരിക്കുന്ന ഈ പള്ളി പല തവണ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന് വേദിയായിട്ടുണ്ട്. ഏറ്റവും കൂടുതൽ തവണ കാതോലിക്കാ സ്ഥാനാരോഹണം നടന്നിട്ടുള്ളതും പരുമല പള്ളിയിൽ വെച്ചാണ്.[1]

ചരിത്രം[തിരുത്തുക]

മലങ്കര സഭയിലെ വൈദിക വിദ്യാർത്ഥികളെ പരിശീലിപ്പിക്കുന്നതിന് കോട്ടയത്തിന് തെക്കായി ഒരു സെമിനാരി കൂടി വേണമെന്ന് അന്നത്തെ മലങ്കര മെത്രാപ്പോലീത്തയായിരുന്ന പുലിക്കോട്ടിൽ ജോസഫ് മാർ ദീവന്നാസ്യോസ് ആഗ്രഹിക്കുകയും അതിൻ പ്രകാരം അദ്ദേഹം കണ്ടെത്തുകയും ചെയ്ത സ്ഥലമാണ് പരുമല. പമ്പാനദി എരമല്ലിക്കര വെച്ച് രണ്ടായി പിരിഞ്ഞ് പന്നായി പാലത്തിന് കിഴക്കു വശത്തായി വീണ്ടും കൂടി ചേരുന്ന പത്തു ചതുരശ്ര കിലോമീറ്റർ പരുമല ദ്വീപിന്റെ ഒരു ഭാഗം നിരണം ഇടവകക്കാരനായിരുന്ന അരികുപുറത്ത് കോരുത് മാത്തന്റെ വകയായിരുന്നു. അതിൽ നിന്നും 2 ഏക്കർ സ്ഥലം അദ്ദേഹം 1872-ൽ മാർ ദീവന്നാസിയോസിന് സെമിനാരി സ്ഥാപനത്തിന് വിട്ടു കൊടുത്തു.

ഇവിടെ നിർമ്മിച്ച ഒരു ചെറിയ കെട്ടിടത്തിൽ താമസിച്ച് കൊണ്ട് മാർ ദീവന്നാസ്യോസ് വൈദിക വിദ്യാർത്ഥികളെ പഠിപ്പിക്കുവാൻ തുടങ്ങി. വൈദിക വിദ്യാർത്ഥികൾ "അഴിപ്പുര" എന്ന ഒരു പഴയ കെട്ടിടത്തിലും താമസിച്ചു. ഇതിനടുത്തായി കോരുതു മാത്തൻ സ്ഥാപിച്ച ഒരു ചെറിയ പള്ളിയും ഉണ്ടായിരുന്നു. എന്നാൽ പരുമലയിലെ പനയന്നാർ കാവിന്റെ തെക്കുഭാഗത്തായി പനക്കൂട്ടങ്ങൾ നിറഞ്ഞ ഈ പ്രദേശം അന്ന് ഭയപ്പെടുത്തുന്ന ഏകാന്തത നിറഞ്ഞതായിരുന്നു. ഭൂതപ്രേതാദികളുടെ കേളീരംഗമായി സാധാരണക്കാർ കരുതിയിരുന്ന ഈ പ്രദേശത്ത് ജനങ്ങളുടെ ഭയത്തെ മുതലെടുത്ത് സാമൂഹിക വിരുദ്ധർ കവർച്ചയും കൊള്ളിവെയ്പും നടത്തിയിരുന്നു. ഇതു പോലെയൊരു സ്ഥലത്ത് തന്നോടൊത്ത് പ്രവർത്തിക്കുവാൻ അനുയോജ്യനായി പുലിക്കോട്ടിൽ മാർ ദീവന്നാസ്യോസ് കണ്ടെത്തിയ വ്യക്തിയായിരുന്നു അന്നു വെട്ടിക്കൽ സെന്റ്.തോമസ് ദയറയിൽ താമസിക്കുകയായിരുന്ന ചാത്തുരുത്തിൽ ഗീവർഗീസ് കോറെപ്പിസ്ക്കോപ്പ. മാർ ദീവന്നാസ്യോസ് മെത്രാപ്പോലീത്ത ഗീവർഗീസ് കോറെപ്പിസ്ക്കോപ്പാക്ക് റമ്പാൻ സ്ഥാനം നൽകുകയും പരുമലയിലേക്ക് ക്ഷണിച്ചു കൊണ്ടുവരികയും ചെയ്തു. പരുമലയിലെത്തിയ ഗീവർഗീസ് റമ്പാൻ വൈദികപരിശീലനമടക്കമുള്ള സഭാകാര്യങ്ങളിൽ മാർ ദീവന്നാസ്യോസിനെ സഹായിച്ചു വന്നു. പിന്നീട് ഇദ്ദേഹം ഗീവർഗ്ഗീസ് മാർ ഗ്രീഗോറിയോസ് എന്ന പേരിൽ മെത്രാപ്പോലീത്തയായി നിരണം ഭദ്രാസനത്തിന്റെ അധികാരം ഏറ്റെടുത്തപ്പോഴും ഭദ്രാസനചുമതലയോടൊപ്പം ശെമ്മാശന്മാരെ പരിശീലിപ്പിക്കുന്നതിനായി തന്റെ താമസം പരുമല സെമിനാരിയിൽ തന്നെ തുടർന്നു. ഇക്കാലയളവിൽ പള്ളിയും സ്ഥലവും കൂടി കോരുത് മാത്തന്റെ മുൻ നിർദ്ദേശാനുസരണം അദ്ദേഹത്തിന്റെ മക്കൾ സഭക്കായി എഴുതി നൽകി. പരുമല തിരുമേനി എന്നറിയപ്പെടാൻ തുടങ്ങിയ മാർ ഗ്രീഗോറിയോസ് പള്ളിയുടെ വികസനത്തിൽ ബദ്ധശ്രദ്ധനായിരുന്നു. മുളയിലും പലകയിലും തീർത്ത പള്ളി പൊളിച്ച് മാറ്റി ദീർഘകാലത്തെ പ്രയത്നഫലമായി മൂന്ന് ത്രോണോസുകളോടു കൂടിയ സാമാന്യം വലിയ പള്ളി സ്ഥാപിക്കുവാൻ അദ്ദേഹത്തിന് സാധിച്ചു. തന്റെ യെരുശലേം തീർത്ഥാടനത്തിന് തൊട്ടു മുൻപായി പുലിക്കോട്ടിൽ ജോസഫ് മാർ ദീവന്നാസ്യോസിനൊപ്പം 1895 ജനുവരി 27 (1071 മകരം 15) -ന് ഈ ദേവാലയത്തിന്റെ കൂദാശ നടത്തിയതായി പരുമല തിരുമേനി തന്റെ ഊർശ്ലേം യാത്രാവിവരണത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

പരുമലയിലുണ്ടായിരുന്ന പഴയ പള്ളി

പരുമല തിരുമേനിയെ അദ്ദേഹത്തിന്റെ കാലശേഷം പരിശുദ്ധനായി സഭ പ്രഖ്യാപിക്കുകയും പരുമല പള്ളി കേരളത്തിലെ പ്രമുഖ തീർത്ഥാടന കേന്ദ്രങ്ങളിലൊന്നാകുകയും ചെയ്തു. ധാരാളമായി വന്നെത്തുന്ന തീർത്ഥാടകരെ ഉൾക്കൊള്ളുന്നതിനും കാലപ്പഴക്കത്താലുണ്ടായ കേടുപാടുകൾ തീർക്കുന്നതിനുമായി കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനം പ്രധാനഭാഗങ്ങൾ മാത്രം നിലനിർത്തിക്കൊണ്ട് പള്ളി വിപുലമായ രീതിയിൽ പുതുക്കി പണിയുകയുണ്ടായി. പരുമലയിൽ ഇപ്പോഴുള്ള പള്ളി രൂപകല്പന ചെയ്തത് പ്രശസ്ത വാസ്തുശില്പിയായ ചാൾസ് കൊറയ ആയിരുന്നു. പരുമല പള്ളിയുടെ രൂപകല്പനയ്ക്കായി മലങ്കരയിലെ പല പഴയ സുറിയാനി പള്ളികളും ഈജിപ്റ്റിലെ ചില കോപ്റ്റിക് ദേവാലയങ്ങളും ചാൾസ് കൊറയ സന്ദർശിച്ചിരുന്നു.[2]കൊറയ അവതരിപ്പിച്ച മാതൃക 1993-ൽ അംഗീകരിക്കപ്പെട്ടു. 1995 മാർച്ച് 19-ന് ശിലാസ്ഥാപനം നടത്തിയ ഈ പള്ളിയുടെ പണി പൂർത്തീകരിച്ച് കൂദാശ നടത്തിയത് 2000 ഒക്ടോബർ 27,28 തീയതികളിലായിരുന്നു. പുതുമയുടെയും പാരമ്പര്യത്തിന്റെയും സമന്വയമായ ഈ ദേവാലയത്തിൽ ഒരേ സമയത്ത് രണ്ടായിരത്തിലധികം ആളുകൾക്ക് ആരാധനയിൽ സംബന്ധിക്കാൻ സൗകര്യമുണ്ട്.

പെരുന്നാൾ[തിരുത്തുക]

എല്ലാ വർഷവും നവംബർ 1,2 തീയതികളിലാണ് ഇവിടുത്തെ പെരുന്നാൾ. കൊടിയേറ്റ് നടക്കുന്ന ഒക്ടോബർ 26 മുതൽ നവംബർ 2 വരെ തീർത്ഥാടന വാരം ആയി ആചരിച്ച് കൊണ്ട് വിവിധ ആദ്ധ്യാത്മിക പരിപാടികൾ നടത്തപ്പെടുന്നുണ്ട്. അനേകം ഭക്തർ പദയാത്രയായി വന്ന് ഇവിടുത്തെ പെരുന്നാളിൽ പങ്കെടുക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്. മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല താലൂക്കുകളിൽ പെരുന്നാൾ ദിവസം പൊതു അവധിയായി സർക്കാർ പ്രഖ്യാപിക്കാറുണ്ട്. പ്രധാന പെരുനാള് ദിനമായ നവംബര് 2 എന്നത് ഞായറാഴ്ച ദിവസം വന്നാല് ആ വര്ഷത്തെ പെരുനാള് നവംബര് 2,3 തീയതികളിലായിരിക്കും നടക്കുന്നത്. ഞായറാഴ്ച പ്രധാന പെരുനാള് നടത്തിയാല് ആ ദിവസം എല്ലാ പള്ളികളിലും വിശുദ്ധ കുര്ബ്ബാന ഉള്ളതിനാല് തീര്ഥാടകര്ക്കും പുരോഹിതര്ക്കും പരുമല പെരുനാളില് സംബന്ധിക്കുവാന് കഴിയാതെ വരുമെന്നതിനാലാണ് ഇത്തരത്തിലുള്ള ക്രമീകരണം. 2014 ലെ പെരുനാള് അത്തരത്തില് മാറ്റം വരുത്തിയാണ് നടത്തിയത്.

ചിത്രസഞ്ചയം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "കാതോലിക്കാ സ്ഥാനാരോഹണം കൂടുതൽ നടന്നത് പരുമലയിൽ". മലയാള മനോരമ. നവംബർ 02, 2010. 
  2. "പരുമല പള്ളി". മനോരമ ഓൺലൈൻ. സെപ്തംബർ 24, 2010. ശേഖരിച്ചത് നവംബർ 1, 2012.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |date= (സഹായം)
"https://ml.wikipedia.org/w/index.php?title=പരുമല_പള്ളി&oldid=2339563" എന്ന താളിൽനിന്നു ശേഖരിച്ചത്