കാതോലിക്കോസ്
ചില ക്രിസ്തീയ സഭകളിൽ, പ്രത്യേകിച്ചു റോമാ സാമ്രാജ്യത്തിനു പുറത്ത് വളർന്നു വന്ന ഓർത്തഡോക്സ് സഭകളുടെ തലവന്മാരുടെ സ്ഥാനനാമമാണു് കാതോലിക്കോസ് അഥവാ കാതോലിക്കാ . ലോകത്തിൽ ഇന്ന് കിഴക്കിന്റെ അസ്സീറിയൻ സഭയുടെയും പുരാതന പൗരസ്ത്യ സഭയുടെയും അർമീനിയൻ അപ്പസ്തോലിക സഭയുടെയും ജോർജിയൻ ഓർത്തഡോക്സ് സഭയുടെയും മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെയും തലവന്മാരെ കാതോലിക്ക എന്ന് വിളിക്കുന്നു.
വാക്കിന്റെ അർത്ഥം
[തിരുത്തുക]കാതോലിക്കോസ് എന്ന പദം ഉണ്ടായിട്ടുള്ളത് കാത്,ഹോലിക്കോസ് എന്നീ ഗ്രീക്ക് പദങ്ങളിൽ നിന്നാണ്. പൊതു മേലദ്ധ്യക്ഷൻ, പൊതുവായ ആൾ എന്നൊക്കെയാണ് ഈ വാക്കിന്റെ അർത്ഥം.
ചരിത്രം
[തിരുത്തുക]റോമാ സാമ്രാജ്യത്തിനുള്ളിൽ വിസ്തൃതമായ ഒരു ഭൂഭാഗത്തിന്റെ സ്വതന്ത്രമായ ഭരണം നിർവ്വഹിച്ചു പോന്ന സർക്കാർ ഉദ്യോഗസ്ഥനെയും സാമ്പത്തിക ചുമതല വഹിച്ചിരുന്ന ഉദ്യോഗസ്ഥനെയും ഈ പേരിൽ അറിയപ്പെട്ടിരുന്നു. ഒരു പക്ഷേ സർക്കാർ തസ്തികയുടെ അതേ പേരിൽ അറിയപ്പെടാനുള്ള വിമുഖത കൊണ്ടാവാം സാമ്രാജ്യത്തിലെ സഭാ തലവന്മാർ പൊതുവെ പാത്രിയർക്കീസ് എന്ന സ്ഥാനനാമം സ്വീകരിച്ചത്. എന്നാൽ റോമാ സാമ്രാജ്യത്തിനു പുറത്തുള്ള സഭകൾ ഈ വിമുഖത കാട്ടിയില്ല. അതു കൊണ്ട് അർമ്മീനിയയിലെയും പേർഷ്യയിലെയും ജോർജ്ജിയയിലേയും സഭകളിലെ പൗരോഹിത്യ ശ്രേണിയുടെ തലപ്പത്തുള്ളവർ കാതോലിക്കോസ് എന്ന് അറിയപ്പെടാൻ തുടങ്ങി. പേർഷ്യൻ സഭയുടെ തലവൻ പാപ്പാ ബാർ ആഹായ് ക്രി വ 291-ൽ ഈ നാമം സ്വീകരിച്ചതായി കരുതപ്പെടുന്നു. പിന്നീട് നടന്ന നിഖ്യ സുന്നഹദോസ് ഈ സ്ഥാനത്തിന് സ്ഥിരത നൽകി. ആദ്യകാലത്ത് പേർഷ്യയിലെ പ്രാദേശിക സഭയുടെ അധ്യക്ഷന്മാർ മാത്രമാണ് ഈ സ്ഥാനപ്പേരിൽ അറിയപ്പെട്ടിരുന്നതെങ്കിലും ക്രമേണ പാത്രിയർക്കീസുമാരുമായി വിധേയപ്പെട്ട് നിൽക്കുന്ന പ്രാദേശിക സഭകളിലെ പ്രധാന മെത്രാപ്പോലീത്തമാർക്കും ഈ സ്ഥാനം നൽകപ്പെട്ടു തുടങ്ങി.[1] ഇപ്പോൾ ഓർത്തഡോക്സ് സഭകളുടെ തലവന്മാർക്ക് പുറമേ കത്തോലിക്കാസഭയിലെ സ്വയം ഭരണാധികാരമുള്ള ചില പൗരസ്ത്യ വ്യക്തിസഭകളുടെ തലവന്മാരും ഈ സ്ഥാനനാമത്തിൽ അറിയപ്പെടാറുണ്ട്.
കാതോലിക്ക സ്ഥാനം മലങ്കര സഭയിൽ
[തിരുത്തുക]1912-ൽ മലങ്കര ഓർത്തഡോക്സ് സഭയുടെ മേലധ്യക്ഷൻ പൗരസ്ത്യ കാതോലിക്കോസ് എന്ന സ്ഥാനനാമം സ്വീകരിച്ചതോടെ ആദ്യമായി കാതോലിക്കോസ് പദവി മലങ്കര സഭ സമൂഹത്തിൽ നിലവിൽ വന്നു. മലങ്കര സഭ മുഴുവനായും ഇത് അംഗീകരിക്കാതിരുന്നതിനെ തുടർന്ന് സഭ രണ്ടായി പിളരുകയും പിന്നീട് 1958-വരെ ഈ പിളർപ്പ് നിലനിൽക്കുകയും ചെയ്തു. 1964-ൽ ഇരു വിഭാഗങ്ങളും ചേർന്ന് ഒരു കാതോലിക്കയെ വാഴിച്ചിരുന്നു.
മലങ്കര ഓർത്തഡോക്സ് സഭ
[തിരുത്തുക]1912-ൽ മലങ്കര ഓർത്തഡോക്സ് സഭയുടെ മേലധ്യക്ഷൻ മഫ്രിയാനേറ്റ് എന്ന സ്ഥാനം അന്ത്യോഖ്യയുടെപാത്രിയർക്കീസ് ആയിരുന്ന ഇഗ്നാത്തിയോസ് അബ്ദുൾമിശിഹ സ്ഥാപിച്ചതോടു കൂടി ഈ സ്ഥാനം സഭയിൽ നിലവിൽ വന്നു. ഇന്ന് മോറാൻ മോർ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ ഈ സ്ഥാനം വഹിക്കുന്നു.
യാക്കോബായ സുറിയാനി സഭ
[തിരുത്തുക]1964-ൽ മലങ്കര സഭയിലെ സമാധാന കാലയളവിൽ ഇഗ്നാത്തിയോസ് യാക്കൂബ് തൃതിയൻ പാത്രിയർക്കീസ് യോജിച്ച സഭയ്ക്കായി ഒരു കാതോലിക്കയെ വാഴിക്കുകയും പിന്നീട് സഭ വീണ്ടും പിളർന്നപ്പോൾ യാക്കോബായ സഭ ഈ സ്ഥാനം നിലനിർത്തി മറ്റൊരു കാതോലിക്കയെ വാഴിക്കുകയും ചെയ്തു. 2002-ലെ പുതുക്കിയ ഭരണക്രമമനുസരിച്ച് യാക്കോബായ സഭയിലെ കാതോലിക്കാമാരുടെ ഔദ്യോഗികമായ സ്ഥാനപ്പേര് ‘ഇന്ത്യയുടെ മഫ്രിയോനോ & മെത്രാപ്പൊലീത്തൻ ട്രസ്റ്റി‘ എന്നതാണ്. ഇന്ത്യയിലെ സഭയുടെ തലവൻ എന്നതിനു പുറമെ അന്ത്യോഖ്യാ പാത്രിയർക്കീസിനെ തെരഞ്ഞെടുക്കുന്ന സുന്നഹദോസിന്റെ അധ്യക്ഷസ്ഥാനവും വാഴിക്കുവാനുള്ള അവകാശവും കാതോലിക്കയുടേതാണ്. ആഗോള സുറിയാനി സഭയിൽ രണ്ടാമൻ എന്ന ബഹുമാനസ്ഥാനം കൂടി വഹിക്കുന്നു. ഇന്ന് ആബൂൻ മോർ ബസേലിയോസ് ജോസഫ് മഫ്രിയോനോ ഈ സ്ഥാനം വഹിക്കുന്നു
സിറോ മലങ്കര സഭ
[തിരുത്തുക]മുകളിൽ പറഞ്ഞ സഭാവിഭാഗങ്ങളിലെ ഒരു സംഘം വിശ്വാസികൾ കത്തോലിക്ക സഭയുടെ ഭാഗമായപ്പോൾ നിലവിൽ വന്ന മലങ്കര സുറിയാനി കത്തോലിക്ക സഭ, 1995-ൽ സ്വയം ഭരണാവകാശം സിദ്ധിച്ചത് മുതൽ സഭയുടെ മേജർ ആർച്ച്ബിഷപ്പിനെ കാതോലിക്ക എന്ന് കൂടി വിളിച്ചു വരുന്നു. ഇന്ന് മോറാൻ മോർ ബസേലിയോസ് ക്ലീമിസ് ഈ സ്ഥാനം വഹിക്കുന്നു
അവലംബം
[തിരുത്തുക]- ↑ "കാതോലിക്കോസ്" (in ഇംഗ്ലീഷ്). എൻസൈക്ലോപീഡിയ ബ്രിട്ടാണിക്ക ഓൺലൈൻ പതിപ്പ്. Retrieved നവംബർ 1, 2012.