മലങ്കര മെത്രാപ്പോലീത്ത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ചരിത്രപരമായി അവിഭക്ത മലങ്കര സഭയുടെ മെത്രാപ്പൊലീത്തക്ക് കൊടുത്തിരുന്ന സ്ഥാനപ്പേരാണ് മലങ്കര മെത്രാപ്പൊലീത്ത. മലങ്കര സഭാതർക്കം മൂലം മലങ്കര സഭ വിവിധ വിഭാഗങ്ങളായി പിരിഞ്ഞതിനു ശേഷം പല സഭകളും ഇതേ സ്ഥാനത്തിന്റെ പിന്തുടർച്ച അവകാശപ്പെടുന്നു. എന്നാൽ ഇന്ന് ഈ സ്ഥാനം സുപ്രീം കോടതിയുടെ വിധിപ്രകാരം ഇന്ത്യൻ ഓർത്തഡോക്സ് സഭ(മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ)യുടെ പരമാധ്യക്ഷന്റെ സ്ഥാനനാമങ്ങളിലൊന്നാണ് മലങ്കര മെത്രാപ്പോലീത്ത. പൗരസ്ത്യ കാതോലിക്കോസ് ആണ് മറ്റൊരു സ്ഥാനനാമം.[1] ഒരേ വ്യക്തി തന്നെ ഇരു സ്ഥാനങ്ങളും വഹിക്കുന്നതാണ് ഇപ്പോഴത്തെ പതിവെങ്കിലും കാതോലിക്കായുടെയും മലങ്കര മെത്രാപ്പോലീത്തയുടെയും അധികാര അവകാശങ്ങൾ സഭാഭരണഘടനയിൽ വെവ്വേറെയായി നിർവചിക്കുകയും 1935-വരെ ഈ സ്ഥാനം കാതോലിക്കയല്ലാതെയിരുന്ന വട്ടശ്ശേരിൽ മാർ ദീവന്നാസ്യോസ് വഹിക്കുകയും ചെയ്തിരുന്നു. കാതോലിക്കോസ് എപ്പിസ്കോപ്പൽ സുന്നഹദോസ് എന്ന മെത്രാൻ സംഘത്തിന്റെ അദ്ധ്യക്ഷനും സഭയുടെ 'ആത്മീയ' മേലദ്ധ്യക്ഷനുമാണ്. എന്നാൽ സഭയുടെ 'ലൗകിക' ഭരണത്തിന്റെ പ്രധാന ഉത്തരവാദിത്തം മലങ്കര മെത്രാപ്പോലീത്തയ്ക്കാണ്.മലങ്കര മെത്രാപ്പോലീത്തക്കുള്ള അധികാരങ്ങൾ മലങ്കര അസോസിയേഷൻ,മലങ്കര അസോസിയേഷൻ മാനേജിങ് കമ്മറ്റി മുതലായ സമിതികൾ വിളിച്ചു കൂട്ടുക അവയിൽ ആധ്യക്ഷം വഹിക്കുക, സമുദായ സ്വത്തുക്കളുടെ ട്രസ്റ്റി എന്ന നിലയിൽ വൈദിക-അൽമായ ട്രസ്റ്റിമാരോടൊപ്പം ഭരണം നിർവഹിക്കുക എന്നിവയാണ്.

ചരിത്രം[തിരുത്തുക]

മലങ്കര സഭയിൽ കാതോലിക്കാ സ്ഥാനം 1912 മുതലാണ് പ്രാബല്യത്തിൽ വന്നതെങ്കിലും മലങ്കര മെത്രാപ്പോലീത്ത സ്ഥാനം ആദിമകാലം മുതലേ നിലനിന്നതായി കണക്കാക്കപ്പെടുന്നു. ഈ സ്ഥാനം ആദ്യം അർക്കദിയക്കോൻ എന്ന പേരിലും 1653 മുതൽ മാർത്തോമാ മെത്രാൻ എന്ന പേരിലും 1815 മുതൽ മലങ്കര മെത്രാൻ എന്ന പേരിലും അറിയപ്പെട്ടിരുന്നു. 1876-ലെ മുളന്തുരുത്തി സുന്നഹദോസിന് മുൻപ് സഭയിൽ മലങ്കര മെത്രാൻ എന്ന ഈ ഒരു മെത്രാപ്പോലിത്ത സ്ഥാനം മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഈ സുന്നഹദോസിലാണ് സഭയെ ഭദ്രാസനങ്ങളായി വിഭജിക്കുന്നതും ഒരോ ഭദ്രാസനങ്ങൾക്കും മെത്രാപ്പോലീത്തമാരെ നിയമിക്കാൻ തുടങ്ങിയതും. 1912-ൽ നടന്ന കാതോലിക്കാസ്ഥാപനം മുതൽ വട്ടശ്ശേരിൽ മോർ ദീവന്നാസ്യോസ് ഈ സ്ഥാനം വഹിക്കുകയും കാതോലിക്ക സഹകാരിയായിരിക്കുകയും ചെയ്തു. പിന്നീട് 1934-ൽ കൂടിയ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ പൗരസ്ത്യ കാതോലിക്കേസിനെ മലങ്കര മെത്രാപ്പോലീത്തയായി തിരഞ്ഞെടുത്തതിന് ശേഷം ഈ രണ്ടു സ്ഥാനങ്ങളും ഒരാൾ തന്നെ വഹിക്കുന്ന പതിവ് തുടർന്ന് വരുന്നു.എങ്കിലും മലങ്കര മെത്രാപ്പോലീത്തയ്ക്കു പൂർണ്ണ വിധേയരായിട്ടാണ് ഭദ്രാസന മെത്രാപ്പോലീത്തമാർക്ക് അധികാരങ്ങളും സ്ഥാനങ്ങളും നൽകി വന്നത്.

സഭാ പിളർപ്പ്[തിരുത്തുക]

അവിഭക്ത മലങ്കര സഭയിൽ ഉണ്ടായ 1912-ൽ സംഭവിച്ച പിളർപ്പ് മുതൽ യാക്കോബായ വിഭാഗവും ഈ സ്ഥാനം അവകാശപ്പെട്ടിരുന്നെങ്കിലും 1995-ലെ സുപ്രീം കോടതി വിധിപ്രകാരം നടന്ന തെരഞ്ഞെടുപ്പ് യാക്കോബായ വിഭാഗം ബഹിഷ്കരിക്കുകയും അത്‌വഴി ഈ സ്ഥാനം ഓർത്തഡോക്സ് സുറിയാനി സഭയ്ക്ക് മാത്രമായി നിശ്ചയപ്പെടുത്തുകയായിരുന്നു[2]. യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ കാതോലിക്ക ഇന്ന് 1876-ലെ മുളന്തുരുത്തി സുന്നഹദോസ് തീരുമാനപ്രകാരമുള്ള കൂട്ട്ട്രസ്റ്റിസമ്പ്രദായത്തിനനുസൃതമായി മെത്രാപ്പൊലീത്തൻ ട്രസ്റ്റി എന്ന സ്ഥാനപ്പേരാണ് ഉപയോഗിക്കുന്നത്.

അവലംബം[തിരുത്തുക]