അൽബേർ കാമ്യു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Albert Camus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അൽബേർ കാമ്യു
Portrait from New York World-Telegram and the Sun Newspaper Photograph Collection, 1957
ജനനം(1913-11-07)7 നവംബർ 1913
Dréan, El Taref, French Algeria
മരണം4 ജനുവരി 1960(1960-01-04) (പ്രായം 46)
Villeblevin, Yonne, Burgundy, France
കാലഘട്ടം20th century philosophy
പ്രദേശംWestern philosophy
ചിന്താധാരAbsurdism
പ്രധാന താത്പര്യങ്ങൾനീതിശാസ്ത്രം, Humanity, നീതിന്യായം, സ്നേഹം, രാഷ്ട്രതന്ത്രം

ആൽബർട്ട് കാമ്യു (French pronunciation: [al.bɛʁ ka.my] (ജനനം - 1913 നവംബർ 7, മരണം - 1960 ജനുവരി 4) പ്രശസ്തനായ ഫ്രഞ്ച് തത്ത്വചിന്തകനും നോവലിസ്റ്റുമാണ്. സാർത്രെയോടൊത്ത് അസ്തിത്വവാദം (എക്സിസ്റ്റെൻഷ്യലിസം) എന്ന പ്രസ്ഥാനത്തിന്റെ മുഖ്യ വക്താവായിരുന്നെങ്കിലും ഒരു മനുഷ്യനായും ചിന്തകനായും അറിയപ്പെടാനാണ് കാമ്യു ആഗ്രഹിച്ചത്. കാമ്യു ആശയങ്ങളെക്കാളും മനുഷ്യരെ ഇഷ്ടപ്പെട്ടു. 1945-ൽ നൽകിയ ഒരു അഭിമുഖത്തിൽ കാമ്യു ഏതെങ്കിലും തത്ത്വചിന്താധാരയുമായുള്ള ബന്ധത്തെ നിരാകരിച്ചു. “ഞാൻ ഒരു അസ്തിത്വവാദിയല്ല, സാർത്രും ഞാനും ഇതുമായി ബന്ധപ്പെട്ട് ഞങ്ങളുടെ പേരുകാണുന്നതിൽ എപ്പോഴും അതിശയിക്കാറുണ്ട്”. (ലെ നുവെല്ല് ലിറ്റെറേർ (പുതിയ സാഹിത്യം), നവംബർ 15, 1945).

സാഹിത്യത്തിനു നോബൽ സമ്മാനം ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ മനുഷ്യരിൽ രണ്ടാമനാണ് കാമ്യു. (നോബൽ സമ്മാനം ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞയാൾ റുഡ്യാർഡ് കിപ്ലിംഗ് ആണ്). 1957-ൽ കാമ്യുവിന് സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു. നോബൽ സമ്മാനം ലഭിച്ച ശേഷം ഏറ്റവും കുറഞ്ഞകാലം ജീവിച്ചിരുന്ന സാഹിത്യകാരനും കാമ്യു തന്നെ (മൂന്നു വർഷത്തിനുശേഷം ഒരു കാർ അപകടത്തിൽ കാമ്യു അന്തരിച്ചു).

'അബ്സർഡിസം' എന്ന ചിന്താശാഖയുടെ പ്രധാന പ്രണേതാവാണ് കമ്യു. പ്രധാന കൃതികളിലൊന്നാണ് "ദ് റബൽ".

ആദ്യകാലം[തിരുത്തുക]

അൾജീരിയയിലുള്ള മൊണ്ടോവി എന്ന സ്ഥലത്ത് ഒരു ഫ്രഞ്ച് അൾജീരിയൻ കുടിയേറ്റ കുടുംബത്തിൽ കാമ്യു ജനിച്ചു. അമ്മ സ്പാനിഷ് വംശജയായിരുന്നു. അച്ഛൻ ലൂഷ്യേൻ ഒന്നാം ലോകമഹായുദ്ധത്തിലെ മാർനെ യുദ്ധത്തിൽ 1914-ൽ മരിച്ചുപോയി. അൾജീരിയയിലെ ബെൽകോർട്ട് എന്ന സ്ഥലത്തു വളർന്ന കാമ്യുവിന്റെ ബാല്യം കഷ്ടപ്പാടുകൾ നിറഞ്ഞതായിരുന്നു. 1923-ൽ കാമ്യുവിന് ലൈസീ യിൽ പ്രവേശനം ലഭിച്ചു. പിന്നീട് അൾജീരിയൻ സർവകലാശാലയിലും പ്രവേശനം ലഭിച്ചു. ഒരു ഫുട്ബോൾ ഗോളിയായിരുന്നു കാമ്യു. ഫുട്ബോൾ ഗോളിയായിരുന്ന തന്റെ ജീവിതം തന്റെ സാഹിത്യ ജീവിതത്തെ ഒരുപാട് സ്വാധീനിച്ചിരുന്നു എന്ന് കാമ്യു പറഞ്ഞു. 1930-ൽ ക്ഷയരോഗം ബാധിച്ചത് കാമ്യുവിന്റെ ഫുട്ബോൾ ജീവിതത്തിനു വിരാമമിടുകയും മുഴുവൻ സമയ പഠനം ഉപേക്ഷിക്കുവാൻ നിർബന്ധിതമാക്കുകയും ചെയ്തു. സ്വകാര്യ ട്യൂട്ടർ, കാ‍ർ ഭാഗങ്ങൾ വിൽക്കുന്ന കടയിലെ ക്ലാർക്ക്, കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിലെ ജോലി എന്നിങ്ങനെ പല ജോലികളും ഈ കാലത്ത് കാമ്യു ചെയ്തു. അദ്ദേഹം 1935-ൽ തന്റെ തത്ത്വശാസ്ത്രത്തിലെ ബിരുദം പൂർത്തിയാക്കി. 1936 മെയ് ഇൽ അദ്ദേഹം തന്റെ ബിരുദാനന്തര ബിരുദത്തിനുള്ള പ്രബന്ധം അവതരിപ്പിച്ച് ബിരുദാനന്തര ബിരുദം കരസ്ഥമാക്കി.(പ്ലോട്ടോണിയസ്, നിയോ പ്ലേറ്റോയിസവും ക്രിസ്ത്യൻ ചിന്തയും എന്ന പ്രബന്ധം).

കാമ്യു 1934-ൽ ഫ്രഞ്ച് കമ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്നു. മാർക്സിസ്റ്റ്-ലെനിനിസ്റ്റ് തത്ത്വചിന്തയെക്കാളും സ്പെയിനിലെ ആഭ്യന്തരയുദ്ധത്തിനോടുള്ള അനുഭാവമായിരുന്നു കാമ്യുവിനെ ഇതിനു പ്രേരിപ്പിച്ചത്. 1936-ൽ സ്വതന്ത്രചിന്താഗതിയുള്ള അൾജീരിയൻ കമ്യൂണിസ്റ്റ് പാർട്ടി (പി.സി.എ) സ്ഥാപിച്ചു. കാമ്യു ഈ പാർട്ടിയിൽ ചേർന്നത് തന്റെ ഫ്രഞ്ച് കമ്യൂണിസ്റ്റ് പാർട്ടി സുഹൃത്തുക്കളുമായി തെറ്റുന്നതിനു കാരണമായി. ഇതുകാരണം ഒരു ട്രോട്സ്കിയിസ്റ്റ് എന്നു പേരുചാർത്തി കാമ്യു ആക്ഷേപിക്കപ്പെട്ടു. കാമ്യു 1936-ൽ പാർട്ടി വിട്ടു. 1934-ൽ കാമ്യു സിമ്യോൺ ഹൈയെ വിവാഹം കഴിച്ചു. സിമ്യോൺ മോർഫിൻ എന്ന മയ ക്കു മരുന്നിന് അടിമയായിരുന്ന വിവരം കാമ്യുവന് അറിയില്ലായിരുന്നു. ഇതും രണ്ടുപേരുടെയും വിവാഹേതര ബന്ധങ്ങളും കാരണം വിവാഹം അധികകാലം നീ ണ്ടു നിന്നില്ല. 1935-ൽ അദ്ദേഹം തൊഴിലാളികളുടെ നാടകവേദി (തിയേറ്റർ ദു ത്രവയി) എന്ന നാടകവേദി സ്ഥാപിച്ചു. (1937-ൽ ഇത് ‘തിയെറ്റർ ദ്ലെക്യ്‌വിപ്പെ’ (ടീമിന്റെ നാടകവേദി) എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു). 1939 വരെ ഈ നാടകവേദി നിലനിന്നു. 1937 മുതൽ 1939 വരെ അദ്ദേഹം അൾജെർ-റിപ്പബ്ലിക്കൻ എന്ന പത്രത്തിനായി എഴുതി. കബ്യിലെ എന്ന മേഖലയിലെ പാവപ്പെട്ട കർഷകരുടെ ദുരിതത്തെപ്പറ്റിയുള്ള കാമ്യുവിന്റെ ലേഖനങ്ങൾ അദ്ദേഹത്തിന്റെ ഈ പത്രത്തിലെ ജോലി നഷ്ടപ്പെടുത്തി. 1939 മുതൽ 1940 വരെ അദ്ദേഹം സായാഹ്ന-റിപ്പബ്ലിക്കൻ (സുവാർ-റിപബ്ലിക്കൻ) എന്ന പത്രത്തിനുവേണ്ടി എഴുതി. ഫ്രഞ്ച് കരസേനയിൽ ചേരുവാൻ ശ്രമിച്ചെങ്കിലും ക്ഷയരോഗം കാരണം അദ്ദേഹത്തിനു പ്രവേശനം നിഷേധിക്കപ്പെട്ടു. 1940-ൽ അദ്ദേഹം ഫ്രാൻസീൻ ഫാവേർ എന്ന സ്ത്രീയെ വിവാഹം ചെയ്തു. പിയാനോ വായനക്കാരിയും ഗണിത വിദഗ്ദ്ധയുമായിരുന്നു അവർ. ഫ്രാൻസീനുമായി ഗാഢമായി പ്രണയത്തിലായിരുന്നുവെങ്കിലും അദ്ദേഹം വിവാഹം എന്ന സമ്പ്രദായത്തിനെതിരെ ശക്തിയുക്തം വാദിക്കുകയും വിവാഹത്തെ പ്രകൃതിവിരുദ്ധം എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. 1945-ൽ പ്രാൻസീൻ കാതറീൻ കാമ്യു, ജാക്വേ കാമ്യു എന്നീ ഇരട്ടക്കുട്ടികളെ പ്രസവിച്ച ശേഷവും കാമ്യു തന്റെ സുഹൃത്തുക്കളോട് ഒരു വിവാഹ ജീവിതത്തിനു യോജിച്ചയാളല്ല താൻ എന്നു പരാതി പറഞ്ഞിരുന്നു. കാമ്യുവിന്റെ വിവാഹേതരബന്ധങ്ങൾ അവരുടെ വിവാഹജീവിതത്തെ ബാധിച്ചു. പ്രത്യേകിച്ച് ഒരു സ്പാനിഷ് നടിയായ മരിയ സിസാറെയുമായുള്ള കാമ്യുവിന്റെ ബന്ധം കുപ്രസിദ്ധമായിരുന്നു. 1945-ൽ പാരീസ് സായാഹ്നം (പാരീസ് സുവാർ) എന്ന മാസികയ്ക്കുവേണ്ടി കാമ്യു എഴുതിത്തുടങ്ങി. പൊയ് യുദ്ധം (ഫോണി വാർ) എന്നു വിളിക്കപ്പെടുന്ന രണ്ടാം ലോകമഹായുദ്ധത്തിന്റെ ആദ്യഘട്ടത്തിൽ കാമ്യു ഒരു സമാധാനവാദിയായിരുന്നു. എങ്കിലും 1941-ൽ ഹിറ്റ്ലറിന്റെ വെഹെർമാച്റ്റ് പാരീസ് കീഴ്പ്പെടുത്തിയത് കാമ്യു തന്റെ കണ്ണുകൊണ്ട് കണ്ടു. ഡിസംബർ 15 1941-നു കാമ്യു ഗബ്രിയേൽ പെരിയുടെ കൊലപാതകത്തിനു സാക്ഷ്യം വഹിച്ചു. ഈ സംഭവം കാമ്യുവിൽ ജെർമനിക്കെതിരായ രോഷം നിറച്ചു എന്ന് കാമ്യു പിൽക്കാലത്ത് പറഞ്ഞു. പാരീസ് സായാഹ്നത്തിലുള്ള മറ്റു ജീവനക്കാരോടൊത്ത് കാമ്യു ബോർദോവിലേക്ക് താമസം മാറ്റി. ഈ വർഷത്തിൽ കാമ്യു ‘ദ് സ്ട്രേഞ്ജർ’ (അപരിചിതൻ), ‘സിസിഫസിന്റെ കടങ്കഥ’ (ദി മിത്ത് ഓഫ് സിസിഫസ്) എന്നീ തന്റെ ആദ്യകാല കൃതികൾ രചിച്ചു. 1942-ൽ അദ്ദേഹം കുറച്ചുനാളത്തേക്ക് അൾജീരിയയിലുള്ള ഒറാനിലേക്ക് പോയി.

സാഹിത്യ ജീവിതം[തിരുത്തുക]

രണ്ടാം ലോകമഹായുദ്ധത്തിന്റെ കാലത്ത് കാമ്യു ‘കോംബാറ്റ്‘ എന്ന ഫ്രഞ്ച് ചെറുത്തുനിൽപ്പു പ്രസ്ഥാനത്തിൽ ചേർന്നു. നാസികൾക്ക് എതിരായി പ്രവർത്തിച്ച ഈ പ്രസ്ഥാനത്തിൽ കാമ്യു ‘ബുച്ചാർഡ്‘ എന്ന അപരനാമം സ്വീകരിച്ചു. കോംബാറ്റ് എന്ന അതേ പേരിൽ പ്രസിദ്ധീകരിച്ച ഒളിപ്പത്രത്തിൽ കാമ്യു ഒരു ലേഖകനായി പ്രവർത്തിച്ചു. 1943-ൽ സഖ്യകക്ഷികൾ പാരീസിനെ മോചിപ്പിച്ചപ്പോൾ അവസാനത്തെ യുദ്ധങ്ങൾ റിപ്പോർട്ട് ചെയ്തത് കാമ്യു ആയിരുന്നു. 1947-ൽ കോംബാറ്റ് ഒരു വാണിജ്യ പത്രമായി രൂപാന്തരപ്പെട്ടപ്പോൾ കാമ്യു പത്രത്തിൽനിന്നും രാജിവയ്ച്ചു. ഈ കാലയളവിലാണ് കാമ്യു സാർത്രുമായി പരിചയപ്പെടുന്നത്.

യുദ്ധത്തിനുശേഷം കാമ്യു സാർത്രിന്റെ സുഹൃത്ത് സംഘത്തിൽ ഒരാളായി. പാരീസിലെ കഫേ ദ് ഫ്ലോറെ, ബുളിവാർഡ് സാന്ത്-ജെർമൈൻ എന്നിവയിലെ സ്ഥിരം സന്ദർശകനായിരുന്നു കാമ്യു. ഈ കാലയളവിൽ ഫ്രഞ്ച് അസ്തിത്വവാദത്തെക്കുറിച്ച് പഠിപ്പിക്കുവാൻ കാമ്യു അമേരിക്കയിൽ ചുറ്റി സഞ്ചരിച്ചു. ഇടതു ചായ്‌വുള്ളവനായിരുന്നെങ്കിലും കാമ്യുവിന്റെ വീക്ഷണങ്ങളും കമ്യൂണിസ്റ്റ് തത്ത്വങ്ങൾക്കുനേരെയുള്ള കാമ്യുവിന്റെ വിമർശനങ്ങളും കാമ്യുവിനെ സുഹൃത്തുക്കൾക്കിടയിൽ ഒറ്റപ്പെടുത്തുകയും ഒടുവിൽ സാർത്രുമായുള്ള സൗഹൃദം അവസാനിക്കുവാൻ കാരണമാവുകയും ചെയ്തു.

1949-ൽ കാമ്യുവിനു വീണ്ടും ക്ഷയരോഗം ബാധിച്ചു. ഇതിനെത്തുടർന്ന് അദ്ദേഹം രണ്ടുവർഷത്തോളം ഏകാന്തജീവിതം നയിച്ചു. 1951-ൽ അദ്ദേഹം ‘ദ് റിബൽ’ എന്ന പുസ്തകം ഇറക്കി. വിപ്ലവത്തിന്റെയും എതിർപ്പിന്റെയും ഒരു തത്ത്വചിന്താപരമായ വിശകലനമാ‍യ ഈ ഗ്രന്ഥം കമ്യൂണിസത്തെ വ്യക്തമായി നിരാകരിച്ചു. ഈ പുസ്തകം കാമ്യുവിന്റെ ഒരുപാടു സുഹൃത്തുക്കളെയും സമകാലികരെയും അലോസരപ്പെടുത്തി. ഈ പുസ്തകം സാർത്രുമായുള്ള സൗഹൃദത്തിന്റെ അവസാന കണ്ണികളും വിച്ഛേദിച്ചു. പുസ്തകത്തിനോടുള്ള ഈ പ്രതികരണം കാമ്യുവിനെ അസ്വസ്ഥനാക്കി. അദ്ദേഹം നോവൽ രചന നിറുത്തി നാടകങ്ങൾ പരിഭാഷ ചെയ്യുന്നതിലേക്കു തിരിഞ്ഞു.

കാമ്യുവിന്റെ തത്ത്വചിന്തയിലുള്ള ഏറ്റവും മൗലികമായ സംഭാവന ‘നിരർത്ഥകം’ എന്ന ആശയമായിരുന്നു (idea of absurd). അർത്ഥമോ വ്യക്തതയോ പ്രദാ‍നം ചെയ്യാത്ത ഒരു ലോകത്തിൽ അർത്ഥത്തിനും വ്യക്തതയ്ക്കും വേണ്ടിയുള്ള നമ്മുടെ ദാഹത്തിന്റെ ഫലമാണ് ഈ നിരർത്ഥകത എന്ന് കാമ്യു വിശ്വസിച്ചു. സിസിഫസിന്റെ കടങ്കഥ (ദ് മിത്ത് ഓഫ് സിസിഫസ്) എന്ന തന്റെ ലേഖനത്തിലും പ്ലേഗ് മുതലായ മറ്റു പല കൃതികളിലും കാമ്യു ഈ ആശയം വിശദീകരിക്കുന്നു. (സിസിഫസ് എന്ന ഗ്രീക്ക് കഥാപാത്രത്തിന് കേരള പുരാ‍ണത്തിലെ നാറാണത്തുഭ്രാന്തനുമായി വളരെ സാമ്യമുണ്ട്. നാറാണത്തു ഭ്രാന്തൻ തനിയേ ഒരു കല്ലുരുട്ടി മലയുടെ മുകളിൽ നിന്നു താഴേക്കു തള്ളിയിടുന്നു, സിസിഫസ് സേയൂസിന്റെ ശിക്ഷയുടെ ഫലമായി ജീവിതകാലം മുഴുവൻ ഒരു മലയുടെ മുകളിലേക്ക് കല്ലുന്തിക്കയറ്റുവാനും കല്ലു തള്ളി താഴേക്കിടുവാനും വിധിക്കപ്പെട്ടവനാണ്). സിസിഫസിന്റെ സന്തോഷമാണ് യഥാർത്ഥ സന്തോഷം എന്ന് കാമ്യു പറയുന്നു. പലരുടെയും അഭിപ്രായത്തിൽ കാമ്യു ഒരു അസ്തിത്വവാദിയല്ല, മറിച്ച്, ഒരു നിരർത്ഥകവാദിയാണ്.

1950-കളിൽ കാമ്യു തന്റെ ശ്രദ്ധ മനുഷ്യാവകാശത്തിനുവേണ്ടി കേന്ദ്രീകരിച്ചു. 1952-ൽ ഐക്യരാഷ്ട്ര സഭ (ജനറൽ ഫ്രാങ്കോ ഭരിക്കുന്ന) സ്പെയിനെ ഒരു അംഗമായി ചേർത്തപ്പോൾ കാമ്യു യുനെസ്കോയിൽ നിന്നും രാജിവെച്ചു. 1953-ൽ സോവിയറ്റ് യൂണിയൻ കിഴക്കേ ബർലിനിലെ ഒരു തൊഴിലാളി പ്രക്ഷോഭത്തെ അടിച്ചമർത്തിയപ്പോൾ അതിന്റെ മാർഗ്ഗങ്ങളെ എതിർത്ത ചുരുക്കം ചില ഇടതുപക്ഷവാദികളിൽ ഒരാളായിരുന്നു കാമ്യു. 1956-ൽ പോളണ്ടിനെതിരെയും ഹംഗറിക്കെതിരെയുമുള്ള സോവിയറ്റ് അടിച്ചമർത്തലുകളെ കാമ്യു എതിർത്തു.

തൂക്കിക്കൊലയ്ക്ക് എതിരായ തന്റെ സമാധാനപരമായ എതിർപ്പ് കാമ്യു നിലനിർത്തി. കാമ്യുവിന്റെ ഏറ്റവും ശ്രദ്ധേയമായ ഒരു സംഭാവന ആർതർ കോസ്റ്റ്ലറുമൊത്ത് എഴുതിയ തൂക്കിക്കൊലയ്ക്ക് എതിരായ ഒരു ലേഖനമാണ്. (ആർതർ കോസ്റ്റ്ലർ - എഴുത്തുകാരനും ചിന്തകനും തൂക്കിക്കൊലയ്ക്ക് എതിരായ ലീഗിന്റെ സ്ഥാപകനുമാണ്).

അൾജീരിയൻ സ്വാതന്ത്ര്യസമരം 1954-ൽ പൊട്ടിപ്പുറപ്പെട്ടപ്പോൾ അത് കാമ്യുവിന് ഒരു പ്രഹേളികയായി. അദ്ദേഹം പിയേദ്-നുവാറുകളെ അനുകൂലിക്കുകയും ഫ്രഞ്ച് ഗവർണ്മെന്റിനെ പിന്താങ്ങുകയും ചെയ്തു. ഈജിപ്തിന്റെ അറബ് സാമ്രാജ്യത്വവാദവും റഷ്യയുടെ, യൂറോപ്പിനെ വളയാനും അമേരിക്കയെ ഒറ്റപ്പെടുത്തുവാനുമുള്ള പ്രയത്നങ്ങളുമാണ് ഈ യുദ്ധത്തിനു കാരണമായതെന്ന് കാമ്യു വിശ്വസിച്ചു. അൾജീരിയയ്ക്ക് കൂടുതൽ സ്വാതന്ത്ര്യം നൽകുന്നതിനെയും ഒരു ഫെഡറേഷൻ രൂപവത്കരിക്കുന്നതിനെയും കാമ്യു പിന്താങ്ങിയെങ്കിലും അൾജീരിയക്ക് പൂർണ്ണ സ്വാതന്ത്ര്യം നൽകുന്നതിൽ കാമ്യു വിശ്വസിച്ചില്ല. പിയെദ് നുവാറുകൾക്കും അറബുകൾക്കും ഒരുമിച്ച് ജീവിക്കാമെന്നു കാമ്യു വിശ്വസിച്ചു. യുദ്ധത്തിനിടയിൽ കാമ്യു സാധാരണ ജനങ്ങളെ യുദ്ധം ബാധിക്കരുത്, സൈന്യങ്ങൾ മാത്രമേ യുദ്ധത്തിൽ പങ്കുചേരാവൂ എന്ന ആശയത്തിന്റെ വക്താവായിരുന്നു. രണ്ടു ഭാഗങ്ങളും ഈ ആശയത്തെ വിഡ്ഢിത്തം എന്നു പുച്ഛിച്ചു തള്ളി. കൊലക്കുറ്റത്തിനു വിധിക്കപ്പെട്ട അൾജീരിയക്കാരെ രക്ഷിക്കുവാൻ കാമ്യു രഹസ്യമായി പ്രവർത്തിച്ചു.

1955 മുതൽ 1956 വരെ കാമ്യു ല് എക്സ്പ്രസ് എന്ന പത്രത്തിന്റെ ലേഖകനായി പ്രവർത്തിച്ചു. 1957-ൽ കാമ്യുവിന് സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു. നോബൽ സമ്മാനം അദ്ദേഹത്തിന്റെ ‘ഗില്ലറ്റിന്റെ മുകളിൽ നിന്നുകൊണ്ടുള്ള ചിന്തകൾ’ എന്ന തൂക്കിക്കൊലയ്ക്ക് എതിരായ ലേഖനത്തിനാണ് എന്നാണ് ഔദ്യോഗികപ്രഖ്യാപനം. സ്റ്റോൿഹോം സർവകലാശാലയിൽ വിദ്യാർത്ഥികളോടു സംസാരിക്കവേ അൾജീരിയൻ പ്രശ്നത്തിലുള്ള തന്റെ നിഷ്കർമ്മതയെ കാമ്യു നീതീകരിക്കുകയും അൾജീരിയയിൽ അപ്പോഴും ജീവിച്ചിരുന്ന തന്റെ അമ്മയ്ക്ക് എന്തു സംഭവിക്കും എന്ന് താൻ വ്യാകുലനായിരുന്നു എന്ന് പറയുകയും ചെയ്തു. ഇത് കാമ്യുവിനെ ഫ്രഞ്ച് വലതുപക്ഷ ബുദ്ധിജീവികൾ കൂടുതൽ ഒറ്റപ്പെടുത്തുന്നതിനു കാരണമായി.

വില്ലെബ്ലെവിൻ എന്ന ഫ്രാൻസിലെ ഒരു ചെറിയ പട്ടണത്തിൽ 1960 ജനുവരി 4 നു ഒരു കാർ അപകടത്തിൽ കാമ്യു കൊല്ലപ്പെട്ടു. അദ്ദേഹത്തിന്റെ പോക്കറ്റിൽ ഉപയോഗിക്കാത്ത ഒരു തീവണ്ടി ടിക്കറ്റ് ഉണ്ടായിരുന്നു. കാമ്യു ട്രെയിനിൽ യാത്രചെയ്യാൻ തീരുമാനിച്ച് അവസാന നിമിഷം മനസ്സുമാറ്റിയതായിരിക്കാം എന്ന് അനുമാനിക്കപ്പെടുന്നു. വിധി വൈപിരിത്യമെന്നു പറയട്ടെ, കാമ്യുവിന്റെ അഭിപ്രായത്തിൽ ഏറ്റവും നിരർത്ഥകമായ രീതിയിലെ മരണം ഒരു കാർ അപകടത്തിൽ മരിക്കുക എന്നതായിരുന്നു.

കാമ്യുവിന്റെ മരണശേഷം അദ്ദേഹത്തിന്റെ രണ്ടു പുസ്തകങ്ങൾ പ്രകാശനം ചെയ്യപ്പെട്ടു. ആദ്യത്തേത് 1970-ൽ പ്രസിദ്ധീകരിച്ച ‘സന്തുഷ്ട മരണം’ (എ ഹാപ്പി ഡെത്ത്) ആയിരുന്നു. രണ്ടാമത്തെ പുസ്തകം - ആദ്യത്തെ മനുഷ്യൻ (ദ് ഫസ്റ്റ് മാൻ) - അപൂർണമായ തന്റെ ആത്മകഥയായിരുന്നു. കാമ്യുവിന്റെ അൾജീരിയൻ കുട്ടിക്കാലം 1995-ൽ പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിൽ പ്രതിപാദിക്കുന്നു.

സാഹിത്യസംഭാവനകൾ[തിരുത്തുക]

നോവലുകൾ[തിരുത്തുക]

 • അപരിചിതൻ (ദ് സ്ട്രേഞ്ജർ, അഥവാ ദ് ഔട്ട്‌സൈഡർ‍(ല്’എതാൻ‌ജേ),(1942)
 • പ്ലേഗ് (ലെ പെസ്റ്റെ), 1947
 • വീഴ്ച (‘ല് ച്യൂട്ട്’) 1956
 • സന്തുഷ്ടമരണം (എ ഹാപ്പി ഡെത്ത് (ലെ മോർട്ട് ഹ്യൂറ്യൂസ്സ്)) (1936 മുതൽ 1938 വരെ എഴുതി, മരണശേഷം 1971-ൽ പ്രസിദ്ധീകരിച്ചു).
 • ആദ്യത്തെ മനുഷ്യൻ (ദ് ഫസ്റ്റ് മാൻ - ല് പ്രിമിയേർ ഹോമ്മ്) (അപൂർണ്ണ കൃതി, മരണശേഷം 1995-ൽ പ്രസിദ്ധീകരിച്ചു).

ചെറുകഥകൾ[തിരുത്തുക]

നാടകങ്ങൾ[തിരുത്തുക]

ഉപന്യാസങ്ങൾ[തിരുത്തുക]

തെരഞ്ഞെടുത്ത ലേഖനങ്ങൾ[തിരുത്തുക]

 • Resistance, Rebellion, and Death (1961) – a collection of essays selected by the author.
 • Lyrical and Critical Essays (1970)
 • Youthful Writings (1976)
 • Between Hell and Reason: Essays from the Resistance Newspaper "Combat", 1944–1947 (1991)
 • Camus at "Combat": Writing 1944–1947 (2005)
 • Albert Camus Contre la Peine de Mort (2011)
 • Albert Camus, Maria Casarès. Correspondance inédite  (1944-1959). Édition de Béatrice Vaillant. Avant-propos de Catherine Camus. Collection Blanche, Gallimard. Parution : 09-11-2017.

കണ്ണികൾ[തിരുത്തുക]

വിക്കിചൊല്ലുകളിലെ ആൽബർട്ട് കാമ്യു എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:


സാഹിത്യത്തിനുള്ള നോബൽ സമ്മാനം: ജേതാക്കൾ (1951-1975)

1951: ലാഗെർക്വിസ്റ്റ് | 1952: മൗറിയാക് | 1953: ചർച്ചിൽ | 1954: ഹെമിംഗ്‌വേ | 1955: ലാക്സ്നെസ്സ് | 1956: ജിമെനെസ്സ് | 1957: കാമ്യു | 1958: പാസ്തനാർക്ക് | 1959: ക്വാസിമൊഡോ | 1960: പെർസെ | 1961: ആൻഡ്രിക്ക് | 1962: സ്റ്റെയിൻബെക്ക് | 1963: സെഫെരിസ് | 1964: സാർത്ര് | 1965: ഷോലൊക്കോവ് | 1966: ആഗ്നോൺസാഷ് | 1967: അസ്റ്റൂറിയാസ് | 1968: കവബാത്ത | 1969: ബെക്കറ്റ് | 1970: സോൾഷെനിറ്റ്സിൻ | 1971: നെരൂദ | 1972: ബോൾ | 1973: വൈറ്റ് | 1974: ജോൺസൺമാർട്ടിൻസൺ | 1975: മൊണ്ടേൽ


"https://ml.wikipedia.org/w/index.php?title=അൽബേർ_കാമ്യു&oldid=3650234" എന്ന താളിൽനിന്ന് ശേഖരിച്ചത്