Jump to content

ഫിയോദർ ദസ്തയേവ്‌സ്കി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Fyodor Dostoevsky എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഫിയോദർ ദസ്തയേവ്‌സ്കി
ജനനംഫിയോദർ മൈക്കലോവിച്ച് ദസ്തയേവ്‌സ്കി
തൊഴിൽനോവലിസ്റ്റ്, കഥാകൃത്ത്
ഭാഷറഷ്യൻ
GenreSuspense, literary fiction
ശ്രദ്ധേയമായ രചന(കൾ)ഒളിവിൽ നിന്നുള്ള കുറിപ്പുകൾ
കുറ്റവും ശിക്ഷയും
ഇഡിയറ്റ്
കരമസോവ് ബ്രദേഴ്‌സ്
ചൂതാട്ടക്കാരൻ
പങ്കാളിമരിയ ഡിട്രിയേന ഇസവേയ (വിവാഹം: 1857-ൽ)
(1864-ൽ മരിയ മരണമടഞ്ഞു)
അന്ന ഗ്രിഗോറിയേന നിക്കിന (വിവാഹം:1867-ൽ)
കുട്ടികൾസോഫിയ,
ലൂബോ,
ഫിയോദർ
കയ്യൊപ്പ്

പ്രശസ്തനായ ഒരു റഷ്യൻ നോവലിസ്റ്റും ചെറുകഥാകൃത്തുമാണ് ഫിയോദർ മിഖായലോവിച്ച്‌ ദസ്തയേവ്‌സ്കി (ഇംഗ്ലീഷ്: Fyodor Mikhaylovich Dostoyevsky, റഷ്യൻ: Фёдор Михайлович Достоевский ) (നവംബർ 11, 1821 - ഫെബ്രുവരി 9, 1881).[൧] മനുഷ്യബന്ധങ്ങളുടെ തീവ്രത തന്റെ കൃതികളിലേക്ക്‌ ആവാഹിച്ച ദസ്തയേവ്‌സ്കി എഴുത്തിന്റെ ലോകത്തെ പ്രകാശഗോപുരമാണെന്നു പറയാം. 19, 20 നൂറ്റാണ്ടുകളിലെ റഷ്യൻ സമൂഹത്തിന്റെ സാംസ്കാരിക രാഷ്ട്രീയ സ്വാധീനമാണ് ഇദ്ദേഹത്തിന്റെ കൃതികളിൽ കാണുന്നത്.

ജീവിതരേഖ

[തിരുത്തുക]

ആദ്യകാല ജീവിതം

[തിരുത്തുക]

മോസ്കോയിലെ മിഖായേൽ -മരിയ ദമ്പതികളുടെ ഏഴുമക്കളിൽ രണ്ടാമനായാണ്‌ ഫിയോദർ ജനിച്ചത്‌. പതിനാറാം വയസിൽ ക്ഷയരോഗത്തെത്തുടർന്ന് അമ്മ മരിച്ചു. അതിനുശേഷം ഫിയോദറിനെയും സഹോദരൻ മിഖായേലിനെയും സെന്റ് പീറ്റേഴ്സ്ബർഗിലുള്ള സൈനിക അക്കാദമിയിലേക്ക്‌ പഠനത്തിനയച്ചു. അധികം താമസിയാതെ ദസ്തയേവ്‌സ്കിയുടെ പിതാവും മരിച്ചു.

സാർ ചക്രവർത്തിക്കെതിരായ വിപ്ലവ ശ്രമങ്ങളുടെ പേരിൽ 1849-ൽ ഫയദോർ അറസ്റ്റു ചെയ്യപ്പെട്ടു. ഭരണകൂടത്തിനെതിരേ ഗൂഢാലോചന നടത്തിയെന്ന പേരിൽ അതേവർഷം വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു. ക്രൂരമായ പീഡനങ്ങൾക്കൊടുവിൽ ദസ്‌തയേവ്‌സ്കിയെ സൈബീരിയയിലേക്ക്‌ നാടുകടത്തി. 1854-ൽ ശിക്ഷാകാലാവധിക്കു ശേഷം വീണ്ടും സൈനിക സേവനത്തിനു ചേർന്നു.

സൈനികനായി ഖസാഖ്‌സ്ഥാനിലെ സെമിപലാറ്റിൻസ്കിൽ കഴിഞ്ഞ അഞ്ചു വർഷമാണ്‌ ദസ്തയേവ്‌സ്കിയുടെ ജീവിതത്തെ മാറ്റിമറിച്ചത്‌. സ്വതന്ത്ര ചിന്താധാരകൾ വെടിഞ്ഞ അദ്ദേഹം തികഞ്ഞ കർക്കശക്കാരനും ഈശ്വരവിശ്വാസിയുമായി മാറി. സൈബീരിയയിലെ ഒരു യുദ്ധത്തടവുകാരന്റെ വിധവ മരിയയെ ഇതിനിടയിൽ അദ്ദേഹം വിവാഹം ചെയ്തിരുന്നു.

സാഹിത്യജീവിതം, രണ്ടാം വിവാഹം

[തിരുത്തുക]
ദസ്തയേവ്‌സ്കി 1863-ൽ

1860-ൽ സെന്റ് പീറ്റേഴ്സ്ബർഗിൽ മടങ്ങിയെത്തിയ ദസ്തയേവ്‌സ്കി മൂത്ത സഹോദരനുമായിച്ചേർന്ന് സാഹിത്യ പ്രസിദ്ധീകരണ രംഗത്തേക്കു കടന്നു. എന്നാൽ 1864-ൽ ഭാര്യയും തൊട്ടടുത്ത്‌ സഹോദരനും മരണമടഞ്ഞതോടെ അദ്ദേഹത്തിന്റെ ജീവിതം താളംതെറ്റി. കടത്തിനുമേൽ കടംകയറിയ ദസ്തയേവ്‌സ്കി ചൂതാട്ടകേന്ദ്രങ്ങളിൽ രാപകൽ തള്ളിനീക്കി. ചൂതാട്ടത്തിനുവേണ്ട പണം കണ്ടെത്തുവാനായി ദസ്തയേവ്‌സ്കി തന്റെ ഏറ്റവും മികച്ച നോവലായ കുറ്റവും ശിക്ഷയും ധൃതിയിലാണ് എഴുതിത്തീർത്തത്‌. ചൂതാട്ടഭ്രമം ജീവിതത്തെ കശക്കിയെറിയുന്നതിനിടയിൽ അദ്ദേഹം ചൂതാട്ടക്കാരൻ എന്ന പേരിൽ തന്നെ ഒരു നോവൽ എഴുതുവാൻ തീരുമാനിച്ചു. ഈ നോവൽ കരാർ പ്രകാരമുള്ള തീയതിക്കകം പൂർത്തിയാക്കിയിരുന്നില്ലെങ്കിൽ ദസ്തയേവ്‌സ്കിയുടെ എല്ലാ കൃതികളുടെയും പകർപ്പവകാശം അദ്ദേഹത്തിന്റെ പ്രസാധകൻ കൈവശപ്പെടുത്തുമായിരുന്നു.

ദസ്തയേവ്‌സ്കിയുടെ ശവകുടീരം

കടക്കാരിൽനിന്നും രക്ഷനേടുവാനും പുറംനാടുകളിലെ ചൂതാട്ടകേന്ദ്രങ്ങൾ സന്ദർശിക്കാനുമായി ദസ്തയേവ്‌സ്കി പശ്ചിമ യൂറോപ്പിലാകെ സഞ്ചരിച്ചു. ഈയവസരത്തിൽ മുൻപരിചയമുണ്ടായിരുന്ന അപ്പോളിനാറിയ സുസ്ലോവ എന്ന സ്ത്രീയുമായുള്ള സ്നേഹബന്ധം പുതുക്കുവാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും സുസ്ലോവ അദ്ദേഹത്തിന്റെ വിവാഹാഭ്യർത്ഥന നിരസ്സിച്ചു. ഇത് ദസ്തയേവ്സ്കിയെ തികച്ചും നിരാശനാക്കി. പിന്നീടാണ് അന്ന ഗ്രിഗോറിയേന നിക്കിന എന്ന പത്തൊൻപതുകാരിയെ ദസ്തയേവ്സ്കിയുടെ ജീവിതത്തിലേക്ക് കടന്നു വരുന്നതും ജീവിതസഖിയാവുന്നതും.1866 ഒക്ടോബറിൽ ചൂതാട്ടക്കാരൻ നോവലിന്റെ രചനയിൽ അദ്ദേഹത്തിന്റെ സ്റ്റെനോഗ്രാഫറായി എത്തിയതായിരുന്നു അന്ന. 1867 ഫെബ്രുവരിയിൽ ദസ്തയോവ്സ്കി അന്നയെ വിവാഹം ചെയ്തു. അദ്ദേഹത്തിന്റെ ഏറ്റവും മികച്ച കൃതികൾ പിറന്നത്‌ ഈ ഘട്ടത്തിലാണ്. എഴുത്തുകാരന്റെ ഡയറി എന്ന പേരിൽ ആരംഭിച്ച പ്രതിമാസ സാഹിത്യപ്രസിദ്ധീകരണവും വലിയ വിജയമായിത്തീർന്നു.

1881 ഫെബ്രുവരി 9-ന് സെന്റ് പീറ്റേഴ്സ്ബർഗിൽ വെച്ച് ദസ്തയേവ്സ്കി അന്തരിച്ചു.

പ്രശസ്ത കൃതികൾ

[തിരുത്തുക]
വിക്കിചൊല്ലുകളിലെ ഫിയോദർ ദസ്തയേവ്‌സ്കി എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:

ദസ്തയേവ്‌സ്കിയുടെ ജീവിതം മലയാള സാഹിത്യത്തിൽ

[തിരുത്തുക]

ദസ്തയേവ്‌സ്കിയുടെ ജീവിതത്തെ ആസ്പദമാക്കി പെരുമ്പടവം ശ്രീധരൻ രചിച്ച നോവലാണ് ഒരു സങ്കീർത്തനം പോലെ. അന്നയുമായുള്ള ദസ്തയേവ്‌സ്കിയുടെ പ്രേമജീവിതവും ചൂതാട്ടക്കാരൻ‍ എന്ന നോവലിന്റെ രചനാവേളയിൽ അരങ്ങേറുന്ന മറ്റ് സംഭവങ്ങളുമാണ് ഈ നോവലിന്റെ ഇതിവൃത്തം. വയലാർ അവാർഡ് അടക്കമുള്ള ഒട്ടനേകം പുരസ്കാരങ്ങൾ നേടിയ ഈ കൃതിയുടെ നിരവധി പതിപ്പുകൾ പുറത്തിറങ്ങിയിട്ടുണ്ട്.

കുറിപ്പുകൾ

[തിരുത്തുക]
  • ^ ജൂലിയൻ കലണ്ടർ പ്രകാരമുള്ള തീയതികൾ: ഒക്ടോബർ 30, 1821 - ജനുവരി 29, 1881


അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഫിയോദർ_ദസ്തയേവ്‌സ്കി&oldid=3747959" എന്ന താളിൽനിന്ന് ശേഖരിച്ചത്