Jump to content

വിനോദസഞ്ചാരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇന്ത്യയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ താജ് മഹൽ, ആഗ്ര

പ്രധാനമായും വിനോദത്തിനും ആനന്ദത്തിനുമായി സ്വന്തം നാട് വിട്ട് നടത്തുന്ന യാത്രകളാണ് വിനോദസഞ്ചാരം അല്ലെങ്കിൽ ടൂറിസം (Tourism) എന്ന് അറിയപ്പെടുന്നത്. കൂടാതെ വാണിജ്യാവശ്യത്തിനും മെഡിക്കൽ ആവശ്യത്തിനും സുഖചികിത്സയ്ക്കും ഒക്കെയായി നടത്തുന്ന ദൂരയാത്രകളും സാധാരണയായി വിനോദ സഞ്ചാരത്തിന്റെ പരിധിയിൽ ഉൾപ്പെടുത്താറുണ്ട്. ടൂറിസം, ആഭ്യന്തരമോ (യാത്രക്കാരന്റെ സ്വന്തം രാജ്യത്തിനുള്ളിൽ) അല്ലെങ്കിൽ അന്തർദ്ദേശീയമോ ആകാം. ഇത് ലോക വ്യാപകമായി നടക്കുന്ന ഒരു പ്രധാന വ്യവസായം കൂടിയാണ്. പല രാജ്യങ്ങൾക്കും വിദേശ നാണ്യം നേടിത്തരുന്ന വമ്പൻ സാധ്യതകളുള്ള ഒരു വ്യവസായം കൂടിയാണ് വിനോദ സഞ്ചാരം അഥവാ ടൂറിസം. ഇത്തരം രാജ്യങ്ങളിലെ അല്ലെങ്കിൽ വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ വൃത്തിയും മനോഹാരിതയും സൗന്ദര്യവൽക്കരണവും ആകർഷണണീയമായ നിർമ്മിതികളും എടുത്തു പറയേണ്ടതുണ്ട്. ഇവ ലോകമെമ്പാടുമുള്ള സഞ്ചാരികളെ ധാരാളമായി ആകർഷിക്കുന്നു. ടൂറിസത്തിനെ മാത്രം ആശ്രയിച്ചു മുന്നോട്ട് പോകുന്ന സമ്പത് വ്യവസ്ഥകളും രാജ്യങ്ങളും ലോകത്തുണ്ട്. ഇത്തരം രാജ്യങ്ങളിൽ സഞ്ചരികൾക്ക് ആവശ്യമായ ഉയർന്ന നിലവാരത്തിലുള്ള സൗകര്യങ്ങളും സുരക്ഷിതത്വവും ഉറപ്പ് വരുത്താറുണ്ട്. വികസിത രാജ്യങ്ങൾ ഇക്കാര്യത്തിൽ ഏറെ മുന്നിലാണ്. ഫ്രാൻസ്, സ്പെയിൻ, അമേരിക്കൻ ഐക്യനാടുകൾ, യുകെ, ജർമ്മനി, ഇറ്റലി, ഓസ്ട്രേലിയ, ന്യൂസീലൻഡ്, സ്വിറ്റ്സർലാന്റ്, കാനഡ, ഓസ്ട്രിയ, ജപ്പാൻ, ദക്ഷിണ കൊറിയ, തായ്‌ലൻഡ്, നെതർലന്റ്സ്, ചൈന, യുഎഇ തുടങ്ങിയ രാജ്യങ്ങൾ അവയിൽ ചിലത് മാത്രം. യാത്രകൾ പല ജന വിഭാഗങ്ങളെയും അടുത്തറിയാനും, ജീവിത രീതികളെയും സംസ്കാരങ്ങളെയും രാജ്യത്തിന്റെ വികസനത്തേയും പറ്റി മനസിലാക്കാനും, കൂടുതൽ അറിവു നേടാനും, ആധുനിക സൗകര്യങ്ങൾ ആസ്വദിക്കാനും ഉപയുക്തമാകുന്നു.

വേൾഡ് ഇക്കണോമിക് ഫോറം പ്രസിദ്ധീകരിച്ച ട്രാവൽ & ടൂറിസം കോമ്പറ്റീറ്റീവ്നെസ് റിപ്പോർട്ടിൽ ഇന്ത്യ നിലവിൽ 34-ാം സ്ഥാനത്താണ്.[1] ഇന്ത്യയുടെ ജിഡിപിയിൽ യാത്രാ, ടൂറിസം മേഖലയുടെ മൊത്തം സംഭാവന 2017 ൽ 15.24 ലക്ഷം കോടി രൂപ (234.03 ബില്യൺ യുഎസ് ഡോളർ) ആയിരുന്നു.[1]

അന്താരാഷ്ട്ര ടൂറിസം മേഖലയിൽ അറിയപ്പെടുന്ന കേരളത്തിന്റെ ഒരു പ്രധാന വരുമാന മാർഗ്ഗമാണ് ടൂറിസം. 2018 ലെ കണക്കനുസരിച്ച് ആഭ്യന്തര-വിദേശ വിനോദസഞ്ചാരത്തിൽ നിന്ന് കേരളം പ്രതിവർഷം നേടുന്നത് 30,000 കോടിയിലേറെ രൂപയാണ്.[2] 2019 ൽ ആകെ 1.96 കോടി ആഭ്യന്തര വിദേശ വിനോദ സഞ്ചാരികൾ കേരളത്തിൽ എത്തിയിരുന്നു, 2018 ൽ ഇത് 1.67 കോടിയായിരുന്നു.[3] 2019 ലെ ആകെ വിനോദ സഞ്ചാരികളിൽ 1.83 കോടി ആഭ്യന്തര വിനോദസഞ്ചാരികൾ ആയിരുന്നു, ബാക്കി 11.89 ലക്ഷം പേർ വിദേശികൾ ആയിരുന്നു.[3] ടൂറിസത്തിൽ നിന്നുള്ള വരുമാനം 2019 ൽ 45010.69 കോടിയായി ഉയർന്നു.[3]

നിർവചനങ്ങൾ

[തിരുത്തുക]

1936 ൽ ലീഗ് ഓഫ് നേഷൻസ് ഒരു വിദേശ ടൂറിസ്റ്റിനെ "കുറഞ്ഞത് ഇരുപത്തിനാലു മണിക്കൂറെങ്കിലും വിദേശത്തേക്ക് യാത്ര ചെയ്യുന്ന ഒരാൾ" ആയി നിർവചിച്ചു. അതിന്റെ പിൻഗാമിയായ ഐക്യരാഷ്ട്രസഭ 1945 ൽ, പരമാവധി ആറുമാസം താമസം എന്നു ചേർത്ത് ഈ നിർവചനം ഭേദഗതി ചെയ്തു.[4]

ടൂറിസം സ്ഥിതിവിവരക്കണക്കുകൾ സംബന്ധിച്ച ശുപാർശകളിൽ (Recommendations on Tourism Statistics) 1994-ൽ ഐക്യരാഷ്ട്രസഭ മൂന്ന് തരത്തിലുള്ള ടൂറിസത്തെ നിർവചിച്ചു:[5]

  • ആഭ്യന്തര ടൂറിസം: ഇതിൽ സ്വന്തം രാജ്യത്തിനുള്ളിൽ യാത്ര ചെയ്യുന്ന ആളുകൾ ഉൾപ്പെടുന്നു (ഉദാ: കേരളം സന്ദർശിക്കുന്ന ഗുജറാത്തികൾ)
  • ഇൻ‌ബൌണ്ട് ടൂറിസം: ഇത് ഒരു രാജ്യത്തേക്ക് മറ്റ് രാജ്യത്തെ പൗരൻമാർ നടത്തുന്ന സന്ദർശനമാണ് (ഉദാ: ഇന്ത്യ സന്ദർശിക്കുന്ന അമേരിക്കക്കാർ)
  • ഔട്ട് ബൌണ്ട് ടൂറിസം: ഇത് സ്വന്തം നാട്ടിലെ പൗരൻമാർ മറ്റൊരു രാജ്യം സന്ദർശിക്കുന്നതാണ് (ഉദാ: യൂറോപ്പ് സന്ദർശിക്കാൻ പോകുന്ന ഇന്ത്യക്കാർ)

മേലേ സൂചിപ്പിച്ചതിൽ നിന്നും ഉരുത്തിരിഞ്ഞ മറ്റ് ഗ്രൂപ്പിംഗുകൾ:[6]

  • നാഷണൽ ടൂറിസം: ഇത് ആഭ്യന്തര, ഔട്ട്‌ബൗണ്ട് ടൂറിസങ്ങൾ ചേരുന്നതാണ്
  • റീജിയണൽ ടൂറിസം: ഇത് ആഭ്യന്തര, ഇൻ‌ബൗണ്ട് ടൂറിസങ്ങൾ ചേരുന്നതാണ്
  • ഇൻ്റർനാഷണൽ ടൂറിസം: ഇത് ഇൻ‌ബൗണ്ട്, ഔട്ട്‌ബൗണ്ട് ടൂറിസങ്ങൾ ചേരുന്നതാണ്

വിനോദസഞ്ചാരം, യാത്ര എന്നീ പദങ്ങൾ ചിലപ്പോൾ പരസ്പരം മാറി ഉപയോഗിക്കാറുണ്ട്. ഈ സാഹചര്യത്തിൽ, യാത്രയ്ക്ക് ടൂറിസത്തിന് സമാനമായ നിർവചനമുണ്ടെങ്കിലും, വിനോദസഞ്ചാരം കൂടുതൽ ലക്ഷ്യബോധമുള്ള യാത്രയെ സൂചിപ്പിക്കുന്നു.

ടൂറിസം ഉൽപ്പന്നങ്ങൾ

[തിരുത്തുക]

ഒരു പ്രത്യേക ലക്ഷ്യസ്ഥാനത്തോട് അനുബന്ധിച്ചുള്ള പ്രകൃതി, സാംസ്കാരിക, മനുഷ്യനിർമിത വിഭവങ്ങൾ, ആകർഷണങ്ങൾ, സൗകര്യങ്ങൾ, സേവനങ്ങൾ, പ്രവർത്തനങ്ങൾ എന്നിങ്ങനെ ദൃശ്യവും അദൃശ്യവുമായ ഘടകങ്ങളെല്ലാം ടൂറിസം ഉൽപ്പന്നത്തിന്റെ പരിധിയിൽ വരുമെന്ന് വേൾഡ് ടൂറിസം ഓർഗനൈസേഷൻ നിർവ്വചിക്കുന്നു.[7] അവരുടെ നിർവചന പ്രകാരം ഒരു ടൂറിസം ഉൽ‌പ്പന്നം വില നിശ്ചയിക്കപ്പെടുകയും, അത് ഒരു വിതരണ ചാനലിലൂടെ വിതരണം ചെയ്യപ്പെടുകയും ചെയ്യുന്നു.[7]

ടൂറിസം ഉൽ‌പ്പന്നം എന്ന് പറയുന്നവയിൽ താഴെപ്പറയുന്നവ‌യെല്ലാം ഉൾ‌പ്പെടുന്നു:[8]

  • കുറഞ്ഞ നിരക്കിൽ ഹോംസ്റ്റേകളിൽ തുടങ്ങി പഞ്ചനക്ഷത്ര ഹോട്ടലുകളിൽ വരെയുള്ള താമസ സേവനങ്ങൾ.
  • ആസ്വാദ്യകരമായ ഭക്ഷണ പാനീയങ്ങൾ ഉൾപ്പെടെയുള്ള ഹോസ്പിറ്റാലിറ്റി സേവനങ്ങൾ.
  • മസാജ് പാർലർ, സ്പാ, ആയുർവേദ ചികിൽസാ കേന്ദ്രങ്ങൾ, സുഖ ചികിത്സ കേന്ദ്രങ്ങൾ, ആധുനിക വൈദ്യശാസ്ത്ര ചികിത്സകൾ, മികച്ച ആശുപത്രികൾ പോലുള്ള ആരോഗ്യ പരിരക്ഷാ സേവനങ്ങൾ.
  • റോഡ്, റെയിൽ, ജല, വായു മാർഗ്ഗങ്ങൾ ഉൾപ്പടെ എല്ലാ തരത്തിലുമുള്ള ഗതാഗത രീതികളും, അതിന്റെ ബുക്കിംഗും വാടകയും.
  • ട്രാവൽ ഏജൻസികൾ, ഗൈഡഡ് ടൂറുകൾ, ടൂറിസ്റ്റ് ഗൈഡുകൾ മുതലായവ.
  • ക്ഷേത്രങ്ങൾ, പള്ളികൾ, തീർത്ഥാടന കേന്ദ്രങ്ങൾ, ഉത്സവ സ്ഥലങ്ങൾ, മ്യൂസിയങ്ങൾ, ചരിത്ര സ്ഥലങ്ങൾ തുടങ്ങിയ സാംസ്കാരിക സേവനങ്ങൾ.
  • പ്രാദേശിക വിഭവങ്ങളുടെ ഉൾപ്പടെയുള്ള ഷോപ്പിംഗ്, അനുബന്ധ കച്ചവടങ്ങൾ.
  • പബ്ബുകൾ, ഡാൻസ് ബാറുകൾ, ബിയർ പാർലറുകൾ, ആധുനിക മദ്യ ശാലകൾ തുടങ്ങിയവ.
  • വിനോദ സാഹസിക പാർക്കുകൾ, സിനിമ തിയേറ്ററുകൾ തുടങ്ങിയവ.

ഇന്ത്യയുടെ വിനോദസഞ്ചാര മേഖല

[തിരുത്തുക]

ഇന്ത്യയുടെ ജിഡിപിയിൽ യാത്രാ, ടൂറിസം മേഖലയുടെ മൊത്തം സംഭാവന 2017 ൽ 15.24 ലക്ഷം കോടി രൂപയിൽ (234.03 ബില്യൺ യുഎസ് ഡോളർ) നിന്ന് 2028 ൽ 32.05 ലക്ഷം കോടി (492.21 ബില്യൺ യുഎസ് ഡോളർ) ആയി വർദ്ധിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.[1] ഇന്ത്യയിലെ ഈ മേഖലയിൽ നിന്നുള്ള മൊത്തം വരുമാനം 2022 ഓടെ 50 ബില്യൺ യുഎസ് ഡോളറിലെത്താൻ ലക്ഷ്യമിടുന്നു.[1] 2019 ൽ ഇന്ത്യയിലെ വിദേശ വിനോദ സഞ്ചാരികളുടെ എണ്ണം 10.89 ദശലക്ഷമായിരുന്നു, അതേവർഷം വിദേശ വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ 3.20% വളർച്ചാ നിരക്ക് നേടുകയും ചെയ്തിട്ടുണ്ട്.[1]

ലോക ടൂറിസം സ്ഥിതിവിവരക്കണക്കുകളും റാങ്കിംഗുകളും

[തിരുത്തുക]

അതിർത്തി കടന്നുള്ള വിനോദ സഞ്ചാര യാത്രയുടെ ആകെ എണ്ണം

[തിരുത്തുക]

അന്താരാഷ്ട്ര വിനോദസഞ്ചാരികളുടെ എണ്ണം 2012 ൽ 1.035 ബില്യണിലെത്തി (2011 ൽ ഇത് 996 ദശലക്ഷവും, 2010 ൽ 952 ദശലക്ഷവുമായിരുന്നു).[9] 2011 ലും 2012 ലും വിനോദസഞ്ചാര മേഖല 2000 ത്തിന്റെ അവസാനത്തിൽ ഉണ്ടായ സാമ്പത്തിക മാന്ദ്യത്തിന്റെ ഫലമായുണ്ടായ നഷ്ടത്തിൽ നിന്ന് കരകയറുകയാണ് ഉണ്ടായത്. 2008 രണ്ടാം പകുതി മുതൽ 2009 അവസാനം വരെ ടൂറിസത്തിന് ശക്തമായ മാന്ദ്യം നേരിട്ടു. 2007 ൽ 7% വർദ്ധനവിനെ അപേക്ഷിച്ച് 2008 ന്റെ ആദ്യ പകുതിയിലെ 5% വർദ്ധനവിന് ശേഷം, 2008 ന്റെ രണ്ടാം പകുതിയിൽ അന്താരാഷ്ട്ര വിനോദസഞ്ചാരികളുടെ വരവ് നെഗറ്റീവ് ആയി 2% ൽ ആണ് അവസാനിച്ചത്.[10] 2009 ൽ നെഗറ്റീവ് പ്രവണത രൂക്ഷമായി, എച്ച് 1 എൻ 1 ഇൻഫ്ലുവൻസ വൈറസ് പടർന്നുപിടിച്ചതിനാൽ ചില രാജ്യങ്ങളിൽ നെഗറ്റീവ് പ്രവണത വർദ്ധിച്ചു. 2009 ൽ വിനോദസഞ്ചാരികളുടെ എണ്ണം ലോകവ്യാപകമായി 4.2 ശതമാനം ഇടിഞ്ഞ് അന്താരാഷ്ട്ര വിനോദ സഞ്ചാരികളുടെ എണ്ണം 880 ദശലക്ഷം ആവുകയും അന്താരാഷ്ട്ര ടൂറിസം വരുമാനത്തിൽ 5.7 ശതമാനവും കുറവ് രേഖപ്പെടുത്തുകയും ചെയ്തു.[11]

2020 ൽ കോവിഡ്-19 പാൻഡെമിക് ലോക്ക്- ഡൌൺ, യാത്രാ നിരോധനം, വിമാന-കപ്പൽ യാത്രയിലെ നിയന്ത്രണങ്ങൾ എന്നിവ മൂലം വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്.[12]

ലോകത്തെ മികച്ച ടൂറിസം ലക്ഷ്യസ്ഥാനങ്ങൾ

[തിരുത്തുക]

അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തിൽ 2019 ൽ ഏറ്റവുമധികം ആളുകൾ സന്ദർശിച്ചതായി യുണൈറ്റഡ് നേഷൻസ് വേൾഡ് ടൂറിസം ഓർഗനൈസേഷൻ പറയുന്ന ഇരുപത് രാജ്യങ്ങൾ ഇവയാണ്.[13]

റാങ്ക് രാജ്യം അന്താരാഷ്ട്ര ടൂറിസ്റ്റ്
ആഗമനങ്ങൾ
(2019) [13]
1  ഫ്രാൻസ് 90.2 ദശലക്ഷം
2  സ്പെയിൻ 83.8 ദശലക്ഷം
3  അമേരിക്കൻ ഐക്യനാടുകൾ 78.7 ദശലക്ഷം
4  China 67.5 ദശലക്ഷം
5  ഈജിപ്റ്റ് 52.5 ദശലക്ഷം
6  ഇറ്റലി 46.5 ദശലക്ഷം
7  തുർക്കി 39.7 ദശലക്ഷം
8  ജർമ്മനി 39.4 ദശലക്ഷം
9  യുണൈറ്റഡ് കിങ്ഡം 36.9 ദശലക്ഷം
11  ജപ്പാൻ 32.1 ദശലക്ഷം
12  മെക്സിക്കോ 31.7 ദശലക്ഷം
13  ഗ്രീസ് 31.2 ദശലക്ഷം
14  തായ്‌ലാന്റ് 26.8 ദശലക്ഷം
15  റഷ്യ 24.4 ദശലക്ഷം
16  പോർച്ചുഗൽ 24.3 ദശലക്ഷം
17  ഹോങ്കോങ് 23.8 ദശലക്ഷം
18  കാനഡ 22.2 ദശലക്ഷം
19  പോളണ്ട് 21.4 ദശലക്ഷം
20  നെതർലന്റ്സ് 20.2 ദശലക്ഷം

അന്താരാഷ്ട്ര ടൂറിസം വരുമാനം

[തിരുത്തുക]

അന്താരാഷ്ട്ര ടൂറിസം വരുമാനം 2018 ൽ 1.7 ട്രില്യൺ യുഎസ് ഡോളറായിരുന്നുവെന്ന് ലോക ടൂറിസം ഓർഗനൈസേഷൻ റിപ്പോർട്ട് ചെയ്യുന്നു, ഇത് 2017 നെ അപേക്ഷിച്ച് 4% വർദ്ധനവാണ്. [13] 2018 ലെ മികച്ച പത്ത് ടൂറിസം വരുമാന രാജ്യങ്ങൾ:

റാങ്ക് രാജ്യം / പ്രദേശം അന്താരാഷ്ട്ര
ടൂറിസം വരുമാനം
(2018) [13]
1  അമേരിക്കൻ ഐക്യനാടുകൾ 214 ബില്യൺ ഡോളർ
2  സ്പെയിൻ 74 ബില്യൺ ഡോളർ
3  ഫ്രാൻസ് 67 ബില്യൺ ഡോളർ
4  തായ്‌ലാന്റ് 63 ബില്യൺ ഡോളർ
5  യുണൈറ്റഡ് കിങ്ഡം 52 ബില്യൺ ഡോളർ
6  ഇറ്റലി 49 ബില്ല്യൺ ഡോളർ
7  ഈജിപ്റ്റ് 45 ബില്യൺ ഡോളർ
8  ജർമ്മനി 43 ബില്ല്യൺ ഡോളർ
9  ജപ്പാൻ 41 ബില്ല്യൺ ഡോളർ
10  China 40 ബില്ല്യൺ ഡോളർ

അന്താരാഷ്ട്ര ടൂറിസം ചെലവ്

[തിരുത്തുക]

2018 ൽ അന്താരാഷ്ട്ര ടൂറിസത്തിനായി ഏറ്റവും കൂടുതൽ ചെലവഴിച്ച പത്ത് രാജ്യങ്ങളായി ലോക ടൂറിസം ഓർഗനൈസേഷൻ റിപ്പോർട്ട് ചെയ്യുന്ന രാജ്യങ്ങൾ ഇവയാണ്. [13]

റാങ്ക് രാജ്യം അന്താരാഷ്ട്ര
ടൂറിസം
ചെലവ്
(2018) [13]
1  China 277 ബില്യൺ ഡോളർ
2  അമേരിക്കൻ ഐക്യനാടുകൾ 144 ബില്യൺ ഡോളർ
3  ജർമ്മനി 94 ബില്യൺ ഡോളർ
4  യുണൈറ്റഡ് കിങ്ഡം 76 ബില്യൺ ഡോളർ
5  ഫ്രാൻസ് 48 ബില്ല്യൺ ഡോളർ
6  ഓസ്ട്രേലിയ 37 ബില്യൺ ഡോളർ
7  റഷ്യ 35 ബില്ല്യൺ ഡോളർ
8  കാനഡ 33 ബില്ല്യൺ ഡോളർ
9  ദക്ഷിണ കൊറിയ 32 ബില്യൺ ഡോളർ
10  ഇറ്റലി 30 ബില്ല്യൺ ഡോളർ

യൂറോമോണിറ്റർ ഇന്റർനാഷണൽ ടോപ്പ് സിറ്റി ഡെസ്റ്റിനേഷൻ റാങ്കിംഗ്

[തിരുത്തുക]

2017 ൽ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിച്ച നഗരങ്ങൾ, യൂറോമോണിറ്റർ ഇന്റർനാഷണൽ റേറ്റുചെയ്ത പ്രകാരം:[14]

റാങ്ക് നഗരം രാജ്യം അന്താരാഷ്ട്ര
വിനോദസഞ്ചാരികളുടെ വരവ്[15]
1 ഹോങ്കോംഗ്  China 27.88 ദശലക്ഷം
2 ബാങ്കോക്ക്  തായ്‌ലാന്റ് 22.45 ദശലക്ഷം
3 ലണ്ടൻ  United Kingdom 19.82 ദശലക്ഷം
4 സിംഗപ്പൂർ  സിംഗപ്പൂർ 17.61 ദശലക്ഷം
5 കെയ്‌റോ  ഈജിപ്റ്റ് 17.33 ദശലക്ഷം
6 പാരീസ്  ഫ്രാൻസ് 15.83 ദശലക്ഷം
7 ദുബായ്  ഐക്യ അറബ് എമിറേറ്റുകൾ 15.79 ദശലക്ഷം
8 ന്യൂ യോർക്ക് നഗരം  അമേരിക്കൻ ഐക്യനാടുകൾ 13.10 ദശലക്ഷം
9 മക്കാവു  മകൗ 12.84 ദശലക്ഷം
10 ക്വാലലംപൂര്  മലേഷ്യ 12.47 ദശലക്ഷം

വേൾഡ് ട്രാവൽ ആൻഡ് ടൂറിസം കൗൺസിൽ

[തിരുത്തുക]
2010 നും 2016 നും ഇടയിൽ ശക്തമായ അന്താരാഷ്ട്ര യാത്രയും ടൂറിസം വളർച്ചയും കാണിക്കുന്ന രാജ്യങ്ങൾ [16]
റാങ്ക് രാജ്യം ശതമാനം
1 മ്യാൻമാർ 73.5%
2 സുഡാൻ 49.8%
3 അസർബെയ്ജാൻ 36.4%
4 ഖത്തർ 34.1%
5 സാവോ ടോം ആൻഡ് പ്രിൻസിപ്പെ 30.1%
6 ശ്രീലങ്ക 26.4%
7 കാമറൂൺ 25.5%
8 ജോർജിയ 22.7%
9 ഐസ്‌ലാന്റ് 20.0%
10 കിർഗ്ഗിസ്ഥാൻ 19.5%
2016 ൽ അതിവേഗം വളരുന്ന ടൂറിസം, യാത്രാ വ്യവസായത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച രാജ്യങ്ങൾ [17]
റാങ്ക് രാജ്യം ശതമാനം
1 അസർബെയ്ജാൻ 46.1%
2 മംഗോളിയ 24.4%
3 ഐസ്‌ലാന്റ് 20.1%
4 സൈപ്രസ് 15.4%
5 കസാഖ്സ്ഥാൻ 15.2%
6 മൊൾഡോവ 14.2%
7 കോസ്റ്റ റീക്ക 12.1%
8 ജോർജിയ 11.2%
9 ശ്രീലങ്ക 10.7%
10 തായ്‌ലാന്റ് 10.7%

ചരിത്രം

[തിരുത്തുക]

പുരാതനകാലം

[തിരുത്തുക]
ബർകോള, പുരാതന കാലം തൊട്ടുള്ള ഒരു ഹോളിഡെ റിസോർട്ട്

പുരാതനകാലത്ത് വിനോദത്തിനായി ഒരു വ്യക്തിയുടെ പ്രദേശത്തിന് പുറത്തേക്കുള്ള യാത്രകൾ പ്രധാനമായും സമ്പന്ന വർഗ്ഗത്തിൽ മാത്രമായി ഒതുങ്ങിയിരുന്നു. സാമ്പത്തികമായി ഉയർന്ന നിലയിലുള്ളവർ ചിലപ്പോൾ ലോകത്തിന്റെ വിദൂര പ്രദേശങ്ങളിലേക്ക് പോയി, മികച്ച കെട്ടിടങ്ങളും കലാസൃഷ്ടികളും കാണാനും, പുതിയ ഭാഷകൾ പഠിക്കാനും, പുതിയ സംസ്കാരങ്ങൾ അനുഭവിക്കാനും, പ്രകൃതിദൃശ്യങ്ങൾ ആസ്വദിക്കാനും, വ്യത്യസ്ത രുചികൾ ആസ്വദിക്കാനും ഒക്കെ ശ്രമിച്ചിരുന്നു. സുമേറിയൻ രാജാവ് ഷുൽഗിയുടെ തുടക്ക കാലഘട്ടത്തിൽ, റോഡുകൾ സംരക്ഷിക്കുന്നതിലും യാത്രക്കാർക്ക് വേ സ്റ്റേഷനുകൾ നിർമ്മിക്കുന്നതിലും ഒക്കെ ശ്രദ്ധിച്ചിരുന്നു. [18] ബിസി 1500 മുതൽ ഈജിപ്തിൽ ആനന്ദത്തിനായുള്ള യാത്രകൾ കാണാൻ കഴിയും.[19] റോമൻ റിപ്പബ്ലിക്കിൽ, സ്പാകളും ബയേ പോലുള്ള തീരദേശ റിസോർട്ടുകളും സമ്പന്നർക്കിടയിൽ പ്രചാരത്തിലുണ്ടായിരുന്നു. റോമൻ സവർണ്ണർ തങ്ങളുടെ ഒഴിവു സമയം കരയിലോ കടലിലോ ചെലവഴിക്കുകയും അവരുടെ വില്ല ഉർബാനയിലേക്കോ വില്ല മാരിടിമയിലേക്കോ പോകുകയും ചെയ്യുമായിരുന്നു. എ.ഡി രണ്ടാം നൂറ്റാണ്ടിൽ പൌസാനിയാസ് ഡിസ്ക്രിപ്ഷൻ ഓഫ് ഗ്രീസ് എഴുതി. പുരാതന ചൈനയിൽ, പ്രഭുക്കന്മാർ ചിലപ്പോൾ തായ് പർവതവും, ചില അവസരങ്ങളിൽ അഞ്ച് പവിത്ര പർവതങ്ങൾ മുഴുവനായും ഒക്കെ സന്ദർശിക്കാറുണ്ടായിരുന്നു.[അവലംബം ആവശ്യമാണ്]

മദ്ധ്യ കാലം

[തിരുത്തുക]

മധ്യകാലഘട്ടം മുതൽക്കു തന്നെ ക്രിസ്തുമതത്തിനും ബുദ്ധമതത്തിനും ഇസ്ലാമിനും തീർത്ഥാടന പാരമ്പര്യമുണ്ടായിരുന്നു. ചോസറുടെ കാന്റർബറി കഥകളും, വു ചെങ്‍എൻ‍ന്റെ ജേർണി ടു വെസ്റ്റ് എന്നിവയും ഇംഗ്ലീഷ് ചൈനീസ് സാഹിത്യങ്ങളിലെ ക്ലാസിക്കുകളാണ്.[അവലംബം ആവശ്യമാണ്]

ഒരു ജാപ്പനീസ് ടൂറിസ്റ്റ് ഒരു ടൂർ ഗൈഡും ഒരു ഗൈഡ് പുസ്തകവും പരിശോധിക്കുന്നു. അക്കിസാറ്റോ റിറ്റെയുടെ മിയാക്കോ മെയ്‌ഷോ സ്യൂ (1787) ൽ നിന്നുള്ള ചിത്രം.

പത്താം നൂറ്റാണ്ടിനും പതിമൂന്നാം നൂറ്റാണ്ടിനും ഇടയിലുള്ള സോങ് രാജവംശത്തിൽ മതേതര സഞ്ചാരസാഹിത്യകാരന്മാരായ സു ഷി (പതിനൊന്നാം നൂറ്റാണ്ട്), ഫാൻ ചെങ്‌ഡ (പന്ത്രണ്ടാം നൂറ്റാണ്ട്) എന്നിവർ ചൈനയിൽ നിന്ന് മറ്റ് രാജ്യങ്ങൾ സഞ്ചരിച്ചു. മിങ്ങിനു കീഴിൽ, സൂ സിയാക്ക് യാത്രകൾ തുടർന്നു.[20] മധ്യകാല ഇറ്റലിയിൽ, ഫ്രാൻസെസ്കോ പെട്രാർക്ക് തന്റെ 1336 മൌണ്ട് വെന്റൌക്സ് കയറ്റത്തെക്കുറിച്ച് ഒരു സാങ്കൽപ്പിക വിവരണം എഴുതി, ഇതിൽ യാത്രയെ പ്രശംസിക്കുകയും ഫ്രിജിഡ ഇൻകുരിയോസിറ്റാസിനെ വിമർശിക്കുകയും ചെയ്തു. ബർഗുണ്ടിയൻ കവി മൈക്കോൾട്ട് ടെയിൽ‌വെൻറ് (Michault Taillevent (fr)) പിന്നീട് ജൂറ പർവതനിരകളിലൂടെയുള്ള 1430 യാത്രയുടെ ഭയാനകമായ ഓർമ്മകൾ രചിച്ചു.[21]

ഗ്രാൻഡ് ടൂർ

[തിരുത്തുക]
പോളണ്ടിലെ പ്രിൻസ് ലാഡിസ്ലാവ് സിജിസ്മണ്ട് 1624 ൽ ബ്രസ്സൽസിലെ ഗാലറി ഓഫ് കോർനെലിസ് വാൻ ഡെർ ഗീസ്റ്റ് സന്ദർശിക്കുന്നു

ആധുനിക ടൂറിസത്തിന്റെ തുടക്കം ഗ്രാൻഡ് ടൂർ എന്നറിയപ്പെട്ടിരുന്ന യൂറോപ്യൻ രാജ്യങ്ങളിലെ (പ്രത്യേകിച്ച് ജർമ്മനി, ഇറ്റലി) ഒരു പരമ്പരാഗത യാത്രയായിരുന്നു. യാത്രികർ പ്രധാനമായും ഉയർന്ന ക്ലാസ് യൂറോപ്യൻ ചെറുപ്പക്കാർ, പ്രധാനമായും പടിഞ്ഞാറൻ, വടക്കൻ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ളവർ ആയിരുന്നു. 1624-ൽ പോളണ്ടിലെ യുവ രാജകുമാരൻ സിഡിസ്മണ്ട് മൂന്നാമന്റെ മൂത്തമകനായ ലാഡിസ്ലാവ് സിഗിസ്മണ്ട് വാസ യൂറോപ്പിലുടനീളം യാത്ര ചെയ്തു. ഇത്തരം യാത്രകൾ പോളിഷ് പ്രഭുക്കന്മാർക്കിടയിൽ പതിവായിരുന്നു.[22] ഇന്നത്തെ ജർമ്മനി, ബെൽജിയം, നെതർലാന്റ്സ് എന്നീ പ്രദേശങ്ങളിലൂടെ അദ്ദേഹം സഞ്ചരിച്ചു. ഇതൊരു വിദ്യാഭ്യാസ യാത്രയായിരുന്നു.[23] പോളിഷ്-ലിത്വാനിയൻ കോമൺ‌വെൽത്തിൽ ഇറ്റാലിയൻ ഓപ്പറ അവതരിപ്പിച്ചതാണ് ഈ യാത്രയുടെ ഒരു ഫലം.[24]

1660 മുതൽ ഈ സമ്പ്രദായം അഭിവൃദ്ധി പ്രാപിക്കുകയും,1840 കളിൽ വലിയ തോതിലുള്ള റെയിൽ‌ ഗതാഗതം വരുന്നതുവരെ സാധാരണ യാത്രാമാർഗ്ഗം പിന്തുടരുകയും ചെയ്തു. ആദ്യകാലങ്ങളിൽ ബ്രിട്ടീഷ് പ്രഭുക്കന്മാരും സമ്പന്നരായ ലാൻഡഡ് ജെന്റിയുമാണ് പ്രധാന യാത്രികർ. എന്നിരുന്നാലും, ഭൂഖണ്ഡത്തിലെ പ്രൊട്ടസ്റ്റന്റ് നോർത്തേൺ യൂറോപ്യൻ രാജ്യങ്ങളിലെ സമ്പന്നരായ ചെറുപ്പക്കാരും, പതിനെട്ടാം നൂറ്റാണ്ടിന്റെ രണ്ടാം പകുതി മുതൽ ചില തെക്കേ അമേരിക്കൻ, യുഎസ്, മറ്റ് വിദേശ യുവാക്കൾ എന്നിവരും സമാനമായ യാത്രകൾ നടത്തിയിട്ടുണ്ട്. റെയിൽ, സ്റ്റീംഷിപ്പ് യാത്രകൾ യാത്ര സുഗമമാക്കിയതിനുശേഷം കൂടുതൽ മധ്യവർഗത്തെ ഉൾപ്പെടുത്തുന്നതിനായി ഈ പാരമ്പര്യം വിപുലീകരിച്ചു.[അവലംബം ആവശ്യമാണ്]

18, 19 നൂറ്റാണ്ടുകളിൽ ഗ്രാൻഡ് ടൂർ ഉയർന്ന ക്ലാസ് വിദ്യാർത്ഥികളുടെ സ്റ്റാറ്റസ് ചിഹ്നമായി മാറി. ഈ കാലഘട്ടത്തിൽ, ക്ലാസിക് സംസ്കാരത്തിന്റെ മേധാവിത്വത്തെക്കുറിച്ചുള്ള ജോഹാൻ ജോക്കിം വിൻകെൽമാന്റെ സിദ്ധാന്തങ്ങൾ യൂറോപ്യൻ അക്കാദമിക് ലോകത്ത് വളരെ പ്രചാരത്തിലായി. ഇറ്റലി, ഫ്രാൻസ്, ഗ്രീസ് എന്നിവ ക്ലാസിക് കലയുടെ മികച്ച ഉദാഹരണങ്ങൾ നൽകുന്നരാജ്യങ്ങളായി അംഗീകരിക്കപ്പെട്ടതിനാൽ, ഗ്രാൻഡ് ടൂറിന്റെ പ്രധാന ലക്ഷ്യസ്ഥാനങ്ങൾ ആ കേന്ദ്രങ്ങളിലായിരുന്നു. അവിടെ ഉയർന്ന ക്ലാസ് വിദ്യാർത്ഥികൾക്ക് ക്ലാസിക് കലയുടെയും ചരിത്രത്തിന്റെയും അപൂർവ ഉദാഹരണങ്ങൾ കണ്ടെത്താൻ കഴിയുമായിരുന്നു.[അവലംബം ആവശ്യമാണ്]

ഒഴിവുസമയ യാത്രയുടെ ആവിർഭാവം

[തിരുത്തുക]
ഇംഗ്ലീഷ്‍മാൻ ഇൻ ദ ചംപഗ്ന. കാൾ സ്പിത്ജ്വെഗ് (സി. 1845)

ഒഴിവു സമയ വിനോദയാത്രകൾ യുണൈറ്റഡ് കിംഗ്ഡത്തിലെ വ്യാവസായിക വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു. വർദ്ധിച്ചുവരുന്ന വ്യാവസായിക ജനസംഖ്യയിൽ ഒഴിവുസമയം പ്രോത്സാഹിപ്പിച്ച ആദ്യത്തെ യൂറോപ്യൻ രാജ്യം യുകെ ആണ്.[25] തുടക്കത്തിൽ, ഇത് ഉൽപാദന യന്ത്രങ്ങളുടെ ഉടമകൾ, സാമ്പത്തിക പ്രഭുവർഗ്ഗം, ഫാക്ടറി ഉടമകൾ, വ്യാപാരികൾ എന്നിവർക്ക് ബാധകമായിരുന്നു. 1758 ൽ രൂപീകരിച്ച ആദ്യത്തെ ഔദ്യോഗിക യാത്രാ കമ്പനിയാണ് കോക്സ് & കിംഗ്സ്.[26]

ടൂറിസം, സാംസ്കാരിക പൈതൃകം, യുനെസ്കോ

[തിരുത്തുക]

സാംസ്കാരികവും പ്രകൃതിദത്തവുമായ പൈതൃകം പലയിടത്തും ലോകമെമ്പാടുമുള്ള ടൂറിസത്തിന്റെ പരമമായ അടിസ്ഥാനമാണ്. സാംസ്കാരിക വിനോദസഞ്ചാരം നിലവിലെ മെഗാട്രെൻഡുകളിൽ ഒന്നാണ്. വിനോദസഞ്ചാരത്തിന് സാംസ്കാരിക പൈതൃകം ആവശ്യമാണ് എങ്കിലും അത് പൈതൃകത്തെ അപകടത്തിലാക്കുകയും ചെയ്യുന്നു എന്ന് അഭിപ്രായങ്ങളുണ്ട്. 1999 മുതൽ "ഐക്കോമോസ് - ഇന്റർനാഷണൽ കൾച്ചറൽ ടൂറിസം ചാർട്ടർ" ഈ പ്രശ്നങ്ങളെല്ലാം കൈകാര്യം ചെയ്യുന്നു. പ്രാദേശിക ജനതയ്ക്ക് ഭാവിയിൽ ഈ സുപ്രധാന സാമ്പത്തിക അടിത്തറ നിലനിർത്തുന്നതിന് സാംസ്കാരിക പൈതൃകത്തിന്റെ സംരക്ഷണം ഉറപ്പാക്കുക എന്നതാണ് യുദ്ധമേഖലകളിൽ യുനെസ്കോയുടെ ശ്രദ്ധ. യുനെസ്കോ, ഐക്യരാഷ്ട്രസഭ, ഐക്യരാഷ്ട്രസഭയുടെ സമാധാന സേന, ബ്ലൂ ഷീൽഡ് ഇന്റർനാഷണൽ എന്നിവ തമ്മിൽ ശക്തമായ സഹകരണമുണ്ട്. ടൂറിസത്തിന്റെ അപകട ഫലങ്ങളിൽ നിന്നും യുദ്ധത്തിൽ നിന്നും ഒക്കെ സാംസ്കാരിക സ്വത്തുക്കളെ സംരക്ഷിക്കുന്നതിനുള്ള വിപുലമായ അന്താരാഷ്ട്ര, ദേശീയ പരിഗണനകളും പഠനങ്ങളും പരിപാടികളും ഉണ്ട്.[27][28][29][30]

വിവിധ തരത്തിലുള്ള ടൂറിസം തരങ്ങൾ

[തിരുത്തുക]

കാർഷിക ടൂറിസം

[തിരുത്തുക]

കൃഷിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഉൾക്കൊള്ളുന്ന വിനോദസഞ്ചാരമാണ് കാർഷിക ടൂറിസം, അഗ്രിടൂറിസം അല്ലെങ്കിൽ അഗ്രൊടൂറിസം എന്ന് അറിയപ്പെടുന്നത്. ഇന്ത്യൻ ജനസംഖ്യയുടെ 85 ശതമാനവും നേരിട്ടോ അല്ലാതെയോ കാർഷിക മേഖലയെയും അനുബന്ധ പ്രവർത്തനങ്ങളെയും ആശ്രയിച്ചിരിക്കുന്നവരാണ്.[31] അതുപോലെ ഇന്ത്യയുടെ ജിഡിപിയുടെ 26 ശതമാനവും കാർഷിക മേഖലയിൽ നിന്നാണ്.[31] അതിനാൽ തന്നെ ഇന്ത്യൻ സാമ്പത്തിക മേഖലയിൽ നിർണ്ണായക സ്വാധീനം ചെലുത്താൻ കഴിയുന്ന ഒരു വിനോദസഞ്ചാരമേഖലയാണ് കാർഷിക ടൂറിസം.

സാംസ്കാരിക ടൂറിസം

[തിരുത്തുക]
ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ സംരക്ഷണയിലുള്ള, ബേക്കൽ കോട്ടയ്ക്കുള്ളിലെ സന്ദർശകർ.

ഒരു സ്ഥലത്തെ ദൃശ്യവും അദൃശ്യവുമായ സാംസ്കാരിക ആകർഷണങ്ങൾ ലക്ഷ്യമിട്ട് നടത്തുന്ന വിനോദസഞ്ചാരമാണ് സാംസ്കാരിക ടൂറിസം. സാംസ്കാരിക ടൂറിസം അനുഭവങ്ങളിൽ കല, വാസ്തുവിദ്യ, പുരാവസ്തുക്കൾ, ഭക്ഷണം, ഉത്സവങ്ങൾ, ചരിത്രപരമോ പൈതൃകമോ ആയ ഇടങ്ങൾ, സ്മാരകങ്ങൾ, മ്യൂസിയങ്ങൾ, ദേശീയ പാർക്കുകൾ, വന്യജീവി സങ്കേതങ്ങൾ, ആരാധനാലയങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുന്നു.

പുരാവസ്തു ടൂറിസം

[തിരുത്തുക]

പുരാവസ്തുക്കളിൽ പൊതുതാൽപര്യവും ചരിത്രപരമായ സ്ഥലങ്ങളുടെ സംരക്ഷണവും ലക്ഷ്യമിടുന്ന സാംസ്കാരിക ടൂറിസത്തിന്റെ ഒരു രൂപമാണ് പുരാവസ്തു ടൂറിസം.

കുളിനറി ടൂറിസം

[തിരുത്തുക]

അടുത്തും അകലെയുമുള്ള അതുല്യവും അവിസ്മരണീയവുമായ ഭക്ഷണപാനീയങ്ങൾ അനുഭവിക്കാനുള്ള യാത്രയാണ് കുളിനറി ടൂറിസം അല്ലെങ്കിൽ ഫുഡ് ടൂറിസം എന്ന് അറിയപ്പെടുന്നത്.[32] ഇതിന്റെ ഒരു ഉപ വിഭാഗമാണ് വീഞ്ഞ് ആസ്വദിക്കാനുള്ള യാത്രയായ വൈൻ ടൂറിസം. കാലാവസ്ഥ, താമസം, പ്രകൃതിദൃശ്യങ്ങൾ എന്നിവയ്‌ക്കൊപ്പം വിനോദസഞ്ചാര അനുഭവത്തിന്റെ സുപ്രധാന ഘടകമായി ഭക്ഷണവും കണക്കാക്കപ്പെടുന്നു.[33]

വിന്റർ ടൂറിസം

[തിരുത്തുക]
ടെന്നസിയിലെ പീജിയൺ ഫോർജിലെ ഒരു വിനോദസഞ്ചാര കേന്ദ്രത്തിന്റെ ഉദാഹരണം

1860 കളിൽ സ്വിറ്റ്‌സർലൻഡിലെ സെന്റ് മോറിറ്റ്‌സ് ശൈത്യകാല ടൂറിസത്തിന്റെ തൊട്ടിലായി മാറി. ഹോട്ടൽ മാനേജർ ജോഹന്നാസ് ബദ്രത് ഇംഗ്ലണ്ടിൽ നിന്നുള്ള ചില വേനൽക്കാല അതിഥികളെ മഞ്ഞുകാലത്തെ കാഴ്ചകൾ ക്ഷണിക്കുക വഴി ഒരു ജനപ്രിയ പ്രവണതയ്ക്ക്തുടക്കം കുറിച്ചു.[34][35]

സുസ്ഥിര ടൂറിസം

[തിരുത്തുക]

സംസ്കാരം, പരിസ്ഥിതി, ജൈവ വൈവിധ്യങ്ങൾ, ജീവിത പിന്തുണാ സംവിധാനങ്ങൾ എന്നിവ നിലനിർത്തിക്കൊണ്ടുതന്നെ സാമ്പത്തിക, സാമൂഹിക, സൗന്ദര്യാത്മക ആവശ്യങ്ങൾ നിറവേറ്റാൻ കഴിയുന്ന തരത്തിൽ എല്ലാ വിഭവങ്ങളും കൈകാര്യം ചെയ്യുന്നതിലേക്ക് നയിക്കുന്ന ഒന്നായി സുസ്ഥിര ടൂറിസത്തെ വിഭാവനം ചെയ്യുന്നു.

ആഗോള ഹരിതഗൃഹ-വാതക ഉദ്‌വമനത്തിന്റെ 8% വിനോദ സഞ്ചാരത്തിൽ നിന്നാണ്, ഇതിൽ തന്നെ ഭൂരിഭാഗവും വിമാനയാത്രയിൽ നിന്നാണ്.[36] അതുപോലെ തന്നെ പ്രാദേശിക സമൂഹങ്ങൾക്കും അവരുടെ സമ്പദ്‌വ്യവസ്ഥയ്ക്കും എല്ലായ്പ്പോഴും പ്രയോജനകരമല്ലാത്ത മറ്റ് പാരിസ്ഥിതികവും സാമൂഹികവുമായ പ്രത്യാഘാതങ്ങൾ എന്നിവയും ടൂറിസത്തിൽ നിന്ന് ഉണ്ടാകാം. ഇത്തരം പ്രശ്നങ്ങളുള്ളതിനാൽ ടൂറിസം വികസനം സുസ്ഥിരമായിരിക്കണമെന്ന് ഇപ്പോൾ പൊതുവായ അഭിപ്രായമുണ്ട്.[37]

ടെക്സ്റ്റൈൽ ടൂറിസം

[തിരുത്തുക]

ടെക്സ്റ്റൈൽ ടൂറിസം എന്നത് തുണിത്തരങ്ങളുമായി ബന്ധപ്പെട്ട സ്ഥലങ്ങൾ അനുഭവിക്കാൻ യാത്ര ചെയ്യുന്ന ആളുകളെയാണ് സൂചിപ്പിക്കുന്നത്. വ്യത്യസ്ത തുണിത്തരങ്ങൾ, നെയ്ത് പ്രക്രിയ, നെയ്ത്ത് പരിശീലനം, കൈത്തറി, ഗ്രാമീണ കരകൌശലം എന്നിവ ഉൾപ്പെടുന്ന സാങ്കേതികതകളെക്കുറിച്ച് അറിവ് നൽകുന്നതോടൊപ്പം, ജയ്പൂർ, മൈസൂർ, വാരണാസി, കാഞ്ചീപുരം പോലെയുള്ള നെയ്തുമായി ബന്ധപ്പെട്ട ചരിത്രപരമായ സ്ഥലങ്ങൾ അനുഭവിക്കാനുള്ള യാത്രയും ഇതിൽ ഉൾപ്പെടുന്നു.[38][39][40]

എക്കോടൂറിസം

[തിരുത്തുക]

പരിസ്ഥിതി സൌഹൃദ ടൂറിസം എന്നറിയപ്പെടുന്ന ഇക്കോടൂറിസം ദുർബലവും, സ്വാഭാവികവും, സാധാരണയായി സംരക്ഷിതവുമായ പ്രദേശങ്ങളിലേക്കുള്ള ഉത്തരവാദിത്വത്തോടു കൂടിയ യാത്രകളാണ്. ഇത് യാത്രക്കാരനെ ബോധവൽക്കരിക്കുന്നതിനോടൊപ്പം, പരിസ്ഥിതി സംരക്ഷണത്തിനായി ഫണ്ട് നൽകുകയും, പ്രാദേശിക സമൂഹങ്ങളുടെ സാമ്പത്തിക വികസനത്തിനും രാഷ്ട്രീയ ശാക്തീകരണത്തിനും നേരിട്ട് പ്രയോജനം ചെയ്യുകയും ചെയ്യുന്നു. സംരക്ഷിത പ്രദേശങ്ങളിൽ വളരെ സാധാരണമായ ഒരു മുദ്രാവാക്യമാണ് Take only memories and leave only footprints (ഓർമ്മകൾ മാത്രം കൊണ്ടുപോവുക, കാൽപ്പാടുകൾ മാത്രം ഉപേക്ഷിക്കുക) എന്നത്.[41]

ഇന്ത്യയിലെ തന്നെ ആദ്യത്തെ ആസൂത്രിത പരിസ്ഥിതി സൗഹൃദ വിനോദ സഞ്ചാര പദ്ധതിയാണ് കേരളത്തിലെ തെന്മല ഇക്കോ ടൂറിസം പദ്ധതി.[42] ഇതുകൂടാതെ അറുപതിൽ അധികം ഇക്കോടൂറിസം കേന്ദ്രങ്ങൾ കേരളത്തിലുണ്ട്.[43]

ഫിലിം ടൂറിസം

[തിരുത്തുക]
റാമോജി ഫിലിം സിറ്റിയിലെ സന്ദർശകർ

ഫിലിം, ടെലിവിഷൻ ലൊക്കേഷനുകൾ സന്ദർശിക്കുന്ന ടൂറിസത്തിന്റെ ഒരു രൂപമാണ് ഫിലിം ടൂറിസം അല്ലെങ്കിൽ മൂവി ടൂറിസം എന്ന് അറിയപ്പെടുന്നത്. ഫിലിം ടൂറിസത്തിന് പ്രാധാന്യം നൽകുന്ന ഇന്ത്യയിലെ ഒരു പ്രധാന സ്ഥാപനമാണ് ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റി. വിജയ ചിത്രമായ ബാഹുബലിയുടെ സെറ്റ് പൊളിച്ചുമാറ്റാതെ നിലനിർത്തി വിനോദസഞ്ചാരികൾക്കായി തുറന്ന് കൊടുത്തത് ഒരു ഉദാഹരണമാണ്.[44]

മെഡിക്കൽ ആൻഡ് വെൽനസ് ടൂറിസം

[തിരുത്തുക]

ഒരു പ്രത്യേക മെഡിക്കൽ നടപടിക്രമത്തിനായി രാജ്യങ്ങൾക്കിടയിൽ കാര്യമായ വില വ്യത്യാസമുണ്ടാകുമ്പോൾ, (പ്രത്യേകിച്ചും തെക്കുകിഴക്കൻ ഏഷ്യ, ഇന്ത്യ, കിഴക്കൻ യൂറോപ്പ്, ക്യൂബ , കാനഡ[45] എന്നീ രാജ്യങ്ങളിൽ) പ്രത്യേക മെഡിക്കൽ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് (ഉദാ. ദന്തചികിത്സ), വില അല്ലെങ്കിൽ നിയന്ത്രണങ്ങളിലുള്ള വ്യത്യാസങ്ങൾ പ്രയോജനപ്പെടുത്തുന്നതിനുള്ള യാത്രയെ പലപ്പോഴും "മെഡിക്കൽ ടൂറിസം" എന്ന് വിളിക്കുന്നു. മറ്റു രാജ്യങ്ങളെക്കാൾ ചിലവ് കുറഞ്ഞതും എന്നാൽ ഗുണമേന്മയുള്ളതുമായ ചികിത്സ ലഭിക്കുന്നതുമായ മികച്ച ആശുപത്രികൾ ഈ മേഖലയിൽ പ്രവർത്തിക്കുന്നു. തുർക്കി പോലെയുള്ള പല രാജ്യങ്ങളിലെ മികച്ച ആശുപത്രികൾ മെഡിക്കൽ ടൂറിസ്റ്റുകൾക്കായി എല്ലാവിധ സൗകര്യങ്ങളും ഒരുക്കി കൊടുക്കുന്നു. അതുവഴി ചികിത്സ ആവശ്യമുള്ള വിദേശികളെ ആകർഷിക്കുന്നു. മെഡിക്കൽ ടൂറിസത്തോടൊപ്പം ചേർത്ത് പറയുന്ന മറ്റൊന്നാണ് വെൽനസ് ടൂറിസം. രോഗത്തിനുള്ള ചികിൽസ എന്നതിന് പകരം ശാരീരികവും മാനസികവുമായ ആരോഗ്യവും സൌഖ്യവും ലക്ഷ്യമിട്ട് നടത്തുന്ന യാത്രയാണ് വെൽനസ് ടൂറിസം എന്ന് അറിയപ്പെടുന്നത്.[46] ഇന്ത്യയിൽ മെഡിക്കൽ ടൂറിസം, വെൽനസ് ടൂറിസം, യോഗ, ആയുർവേദ ടൂറിസം, ഇന്ത്യൻ മെഡിസിൻ എന്നിവയുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സർക്കാർ സ്ഥാപനമാണ് നാഷണൽ മെഡിക്കൽ ആൻഡ് വെൽനസ് ടൂറിസം ബോർഡ്.[47]

മെഡിക്കൽ ടൂറിസം രംഗത്ത് നിന്നും കാര്യമായ വരുമാനം നേടുന്ന സംസ്ഥാനമാണ് കേരളം. 2018 ൽ, കേരളത്തിന്റെ ആകെടൂറിസം വരുമാനത്തിന്റെ 30%, ഏകദേശം 9000 കോടി രൂപയാണ് മെഡിക്കൽ ടൂറിസത്തിലൂടെ നേടിയത്.[2]

പഠനയാത്രകൾ

[തിരുത്തുക]

അറിവ് നേടുന്നതിനായി ക്ലാസ് റൂം പരിതസ്ഥിതിക്ക് പുറത്തേക്കുള്ള യാത്രകളാണ് പഠനയാത്രകൾ. മറ്റൊരു രാജ്യം അല്ലെങ്കിൽ പ്രദേശം സന്ദർശിച്ച് സംസ്കാരത്തെക്കുറിച്ച് മനസിലാക്കുക, അല്ലെങ്കിൽ ക്ലാസ് റൂമിനുള്ളിൽ പഠിച്ച കഴിവുകൾ മറ്റൊരു പരിതസ്ഥിതിയിൽ പ്രവർത്തിക്കുകയും പ്രയോഗിക്കുകയും ചെയ്യുക, സാമൂഹിക ജീവിതത്തിലേക്കുള്ള അടിസ്ഥാനപാഠങ്ങൾ പകരുക, സാമൂഹിക ഇടപെടലും ആശയ വിനിമയവും മെച്ചപ്പെടുത്തുക എന്നിവയെല്ലാം പഠന യാത്രകളുടെ ഭാഗമാണ്.[48][49]

ഇവന്റ് ടൂറിസം

[തിരുത്തുക]

ഒരു പ്രദേശത്തെ ഒരു പ്രധാന പരിപാടിയിൽ പങ്കെടുക്കുന്നതിന് ആയി സംഘടിപ്പിക്കുന്ന ടൂറിസം ആണ് ഈവന്റ് ടൂറിസം.[50] ഈവ്ന്റ് ടൂറിസത്തിന്റെ ഒരു മികച്ച ഉദഹരണമാണ് ദുബായ് ഷോപ്പിങ് ഫെസ്റ്റിവലുമായി ബന്ധപ്പെട്ട് നടത്തുന്ന ടൂർ പാക്കേജുകൾ.[51] അന്താരാഷ്ട്ര സമകാലീന കലാ മേളയായ കൊച്ചി-മുസിരിസ് ബിനാലെയുമായി ബന്ധപ്പെട്ടും വിനോദ സഞ്ചാരം നിലവിലുണ്ട്.[52]

ഡാർക്ക് ടൂറിസം

[തിരുത്തുക]
ഡാർക്ക് ടൂറിസത്തിന്റെ ഒരു ഉദാഹരണമാണ് പോളണ്ടിലെ സ്കൾ ചാപ്പൽ . ഇതിന്റെ ആന്തരിക മതിലുകളും സീലിംഗും അടിത്തറയും മനുഷ്യ അസ്ഥികളും തലയോട്ടികളും കൊണ്ട് അലങ്കരിച്ചിരിക്കുന്നു. ഇത്തരത്തിലുള്ള യൂറോപ്പിലെ ആറിൽ ഒന്നും, പോളണ്ടിലെ ഒരേയൊരു സ്മാരകവും ഇതാണ്.

പ്രത്യേക താൽപ്പര്യമുള്ള ഒരു മേഖലയെന്ന് ലെന്നൻ ആൻഡ് ഫോളി (2000)[53] [54] വിശേഷിപ്പിച്ച ഒന്നാണ് ഡാർക്ക് ടൂറിസം. മരണത്തോടും ദുരന്തത്തോടും ചരിത്രപരമായി ബന്ധപ്പെട്ടിരിക്കുന്ന സ്ഥലങ്ങൾ സന്ദർശിക്കുന്നതാണ് ഡാർക്ക് ടൂറിസം അല്ലെങ്കിൽ ഗ്രീഫ് ടൂറിസം എന്ന് അറിയപ്പെടുന്നത്.[55] മനുഷ്യരുടെ കഷ്ടപ്പാടുകളും രക്തച്ചൊരിച്ചിലുകളും ഓർമ്മപ്പെടുത്തുന്ന സ്ഥലങ്ങൾ ഡാർക്ക് ടൂറിസത്തിന്റെ ഉപവിഭാഗങ്ങളാണ്. യുദ്ധക്കളങ്ങൾ, ഭയാനകമായ കുറ്റകൃത്യങ്ങളുടെ ഇടങ്ങൾ അല്ലെങ്കിൽ വംശഹത്യകൾ നടന്ന സ്ഥലങ്ങൾ എന്നിവ പോലുള്ള "ഇരുണ്ട" സൈറ്റുകളിലേക്കുള്ള സന്ദർശനങ്ങൾ ഈ തരത്തിലുള്ള ടൂറിസത്തിൽ ഉൾപ്പെടുന്നു.[56]

ഉത്തരാഖണ്ഡിലെ രൂപ്കുണ്ഡ് തടാകം, ഡൽഹിയിലെ ഗാന്ധി സ്മൃതി മണ്ഡപം, ഗുജറാത്തിലെ ഭുജ്, ആന്ഡമാൻ നിക്കോബാർ ദ്വീപുകളിലെ സെല്ലുലാർ ജയിൽ, ജാലിയൻവാല ബാഗ് എന്നിവ ഇന്ത്യയിലെ ഡാർക്ക് ടൂറിസം സൈറ്റുകളാണ്.[55]

ഡൂം ടൂറിസം

[തിരുത്തുക]
പെരിറ്റോ മൊറേനോ ഗ്ലേസിയർ, പാറ്റഗോണിയ, അർജന്റീന

"ടൂറിസം ഓഫ് ഡൂം" അല്ലെങ്കിൽ "ലാസ്റ്റ് ചാൻസ് ടൂറിസം" എന്നും അറിയപ്പെടുന്ന ഈ പ്രവണതയിൽ, പാരിസ്ഥിതികമോ മറ്റ് ഭീഷണികളോ ഉള്ള സ്ഥലങ്ങളിലേക്കുള്ള (ഉദാ: കിളിമഞ്ചാരോ പർവതത്തിന്റെ ഹിമപാതങ്ങൾ, പാറ്റഗോണിയയിലെ ഉരുകുന്ന ഹിമാനികൾ അല്ലെങ്കിൽ ഗ്രേറ്റ് ബാരിയർ റീഫ് ) യാത്ര ഉൾപ്പെടുന്നു.ആഗോളതാപനം, അമിത ജനസംഖ്യ അല്ലെങ്കിൽ കാലാവസ്ഥാ വ്യതിയാനം പോലുള്ള പാരിസ്ഥിതിക ഘടകങ്ങളാൽ ഈ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പലതും ഭീഷണിയാണെന്ന് കണക്കാക്കപ്പെടുന്നതിനാൽ സുസ്ഥിര ടൂറിസവുമായോ ഇക്കോടൂറിസവുമായോ ബന്ധപ്പെട്ട പ്രവണതയാണ് ഇതിനെ ചിലർ കാണുന്നത്. ഭീഷണി നേരിടുന്ന പല സ്ഥലങ്ങളിലേക്കുള്ള യാത്ര ഒരു വ്യക്തിയുടെ കാർബൺ ഫൂട്ട്പ്രിന്റുകൾ വർദ്ധിപ്പിക്കുമെന്നും ഭീഷണി നേരിടുന്ന സ്ഥലങ്ങൾ ഇതിനകം നേരിടുന്ന പ്രശ്‌നങ്ങൾ വേഗത്തിലാക്കുന്നുവെന്നും മറ്റുള്ളവർ ആശങ്കപ്പെടുന്നു.[57][58][59][60] [61]

വാർ ടൂറിസം

[തിരുത്തുക]

കാണാൻ മാത്രമായൊ ചരിത്രപഠനങ്ങൾക്കു വേണ്ടിയോ ആയി സജീവമായതോ അല്ലാത്തതോ ആയ യുദ്ധമേഖലകളിലേക്കുള്ള വിനോദ യാത്രയാണ് വാർ ടൂറിസം.[62] ഇറാഖ്, സൊമാലിയ, സിറിയ, ഇസ്രായേൽ എന്നിങ്ങനെയുള്ള രാജ്യങ്ങളിലെ യുദ്ധമേഖലകൾ, ബോർഡറുകൾ, സംഘട്ടന മേഖലകൾ എന്നിങ്ങനെയുള്ള സ്ഥലങ്ങളിലേക്ക് പ്രത്യേക യാത്രാ പാക്കേജുകൾ നൽകുന്ന യഥാർത്ഥ യാത്രാ കമ്പനികൾ പോലുമുണ്ട്.[62]

റിലീജ്യസ് ടൂറിസം

[തിരുത്തുക]
ലോകത്തിലെ ഏറ്റവും വലിയ മത ടൂറിസം സൈറ്റുകളിൽ ഒന്നായ സെന്റ് പീറ്റേഴ്സ് ബസിലിക്ക, വത്തിക്കാൻ സിറ്റി, റോം,

മതപരമായ ആവശ്യങ്ങൾക്കായി നടത്തുന്ന യാത്രകൾ തീർത്ഥാടനം എന്ന പേരിലാണ് അറിയപ്പെടുന്നത്.[63] മതപരമായ ആവശ്യത്തിന് മാത്രം പോകുന്ന തീർഥാടന കേന്ദ്രങ്ങളും, മതപരമായും വിനോദ സഞ്ചാരപരമായും ഒരു പോലെ പ്രാധാന്യമുള്ള തീർഥാടന കേന്ദ്രങ്ങളും ഉണ്ട്.[64] ശബരിമല,[65] കാശി, തിരുപ്പതി, മൂകാംബിക, ആറ്റുകാൽ,[66] ഹജ്,[67] വേളാങ്കണ്ണി,[68] ജെറുസലേം തീർഥാടനവുമെല്ലാം പൊതുവേ മതപരമായി മാത്രം പ്രാധാന്യമുള്ള സ്ഥലങ്ങളാണ്, അതേസമയം ജൈനക്ഷേത്രമായ ഗോൾഡൻ ടെമ്പിൾ, സിഖ് ആരാധനാലയമായ സുവർണ്ണ ക്ഷേത്രം എന്നിവിടങ്ങളിൽ വിനോദസഞ്ചാരത്തിനായും ആളുകൾ പോകാറുണ്ട്.

ബഹിരാകാശ ടൂറിസം

[തിരുത്തുക]

ഉയർന്നുവരുന്ന ഒരു ടൂറിസം മേഖലയാണ് ബഹിരാകാശ ടൂറിസം. ബഹിരാകാശ ടൂറിസത്തെക്കുറിച്ചുള്ള 2010 ലെ ഒരു റിപ്പോർട്ട് 2030 ഓടെ ഇത് ഒരു ബില്യൺ ഡോളർ വിപണിയായി മാറുമെന്ന് പ്രതീക്ഷിക്കുന്നു.[69]

കായിക വിനോദസഞ്ചാരം

[തിരുത്തുക]

19-ആം നൂറ്റാണ്ടിന്റെ മധ്യത്തിൽ യൂറോപ്പിൽ എത്തിയ വ്യവസായവൽക്കരണത്തെ തുടർന്നാണ് കായിക വിനോദസഞ്ചാരം അഥവാ സ്പോർട്സ് ടൂറിസം കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്.[70] റഗ്ബി, ഒളിമ്പിക്സ്, കോമൺ‌വെൽത്ത് ഗെയിംസ്, ഫിഫ ലോകകപ്പ് എന്നിവ പോലുള്ള ഇവന്റുകൾ സ്പെഷ്യലിസ്റ്റ് ട്രാവൽ കമ്പനികൾക്ക് ഔദ്യോഗിക ടിക്കറ്റ് വിഹിതം നേടാനും തുടർന്ന് വിമാനങ്ങൾ, ഹോട്ടലുകൾ, ഉല്ലാസയാത്രകൾ എന്നിവ ഉൾപ്പെടുന്ന പാക്കേജുകളിൽ വിൽക്കാനും പ്രാപ്തമാക്കി.

സെക്സ് ടൂറിസം അഥവാ റൊമാന്റിക് ടൂറിസം

[തിരുത്തുക]

ലൈംഗിക പ്രവർത്തനങ്ങളിലോ അല്ലെങ്കിൽ അതുപോലെയുള്ള ബന്ധങ്ങളിലോ ഏർപ്പെടുക എന്ന ഉദ്ദേശ്യത്തോടെ വിദേശ രാജ്യങ്ങളിലേക്ക്, അല്ലെങ്കിൽ മറ്റൊരു പ്രദേശത്തേക്ക് യാത്ര ചെയ്യുന്ന രീതിയെ സെക്‌സ് ടൂറിസം എന്ന് വിളിക്കുന്നു. ചില രാജ്യങ്ങളിൽ ഇത് റൊമാന്റിക് ടൂറിസം എന്നും അറിയപ്പെടുന്നു. ദശലക്ഷക്കണക്കിന് ലൈംഗികത്തൊഴിലാളികളെ ആഗോളതലത്തിൽ പിന്തുണയ്ക്കുന്ന,[71] എയർലൈൻ, ടാക്‌സി, റസ്റ്റോറന്റ്, ഹോട്ടൽ വ്യവസായങ്ങൾ തുടങ്ങിയ സേവന വ്യവസായങ്ങൾക്ക് നേരിട്ട് പ്രയോജനം നൽകുന്ന ഒരു മൾട്ടി-ബില്യൺ ഡോളർ വ്യവസായമായാണ് സെക്‌സ് ടൂറിസം അറിയപ്പെടുന്നത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഏഷ്യൻ രാജ്യങ്ങളായ തായ്‌ലാന്റ് (പ്രധാനമായും ബാങ്കോക്ക്, പട്ടായ, ഭുക്കറ്റ് തുടങ്ങിയവ), ഫിലിപ്പീൻസ് (പ്രധാനമായും മനില, ബൊറാകേ, ഒലൊംഗാപ്പോ സിറ്റി, എയ്ഞ്ചൽസ് സിറ്റി എന്നിവ) വിയറ്റ്നാം, കംബോഡിയ, നേപ്പാൾ കൂടാതെ മധ്യ- തെക്കൻ അമേരിക്കൻ രാജ്യങ്ങളായ മെക്സിക്കോ, ബ്രസീൽ തുടങ്ങിയവ ലോകത്തിൽ സെക്സ് അല്ലെങ്കിൽ റൊമാന്റിക് ടൂറിസത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന രാജ്യങ്ങളാണ്. യൂറോപ്പിൽ നെതർലന്റ്സ് (പ്രത്യേകിച്ച് ആംസ്റ്റർഡാം), സ്പെയിൻ,ജർമ്മനി തുടങ്ങിയ രാജ്യങ്ങളും ഇക്കാര്യത്തിൽ മുൻപിലാണ്.[72],[73][74],[75][76][77] ഡൊമിനിക്കൻ റിപ്പബ്ലിക്,[78],[79][80] കെനിയ,[81] കൊളംബിയ,[82] ക്യൂബ,[83] ഇന്തോനേഷ്യ (പ്രത്യേകിച്ച് ബാലി)[84][85] കെനിയ[86]ഡൊമിനിക്കൻ റിപ്പബ്ലിക്, മലേഷ്യ (പെനാങ്ക്, ക്വാല ലമ്പുർ, ഇപോഹ് തുടങ്ങിയവ), കൊളംബിയ ഉൾപ്പെടെ നിരവധി രാജ്യങ്ങൾ സെക്‌സ് ടൂറിസത്തിന്റെ ജനപ്രിയ കേന്ദ്രങ്ങളായി മാറിയിരിക്കുന്നു. ലൈസൻസ് ഉള്ള ലൈംഗികത്തൊഴിലാളികൾ പല രാജ്യങ്ങളിലും കാണപ്പെടുന്നു. ലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗങ്ങൾ തടയാൻ പുരുഷന്മാർക്കുള്ള ഗർഭനിരോധന ഉറ അഥവാ കോണ്ടം, സ്ത്രീകൾക്കുള്ള കോണ്ടം അഥവാ ആന്തരിക കോണ്ടം, റബ്ബർ ദന്തമൂടികൾ തുടങ്ങിയ സുരക്ഷാമാർഗങ്ങളും ഇവിടങ്ങളിൽ സർക്കാർ നൽകി വരുന്നുണ്ട്. ലൈംഗികത്തൊഴിൽ നിയമപരമാക്കിയ രാജ്യങ്ങളിൽ ലൈംഗികദാരിദ്ര്യം അനുഭവിക്കുന്ന സമൂഹങ്ങളിൽ നിന്ന് ധാരാളം വിനോദ സഞ്ചാരികൾ എത്താറുണ്ട്. ഇതുവഴി വലിയ വരുമാനമാണ് ഈ രാജ്യങ്ങൾക്ക് ലഭിക്കുന്നത്. ഇന്ത്യയിൽ സോനാഗച്ചി കൽകട്ടയിലെ സോനഗച്ചി, മുംബൈയിലെ കാമാത്തിപുര, അലഹബാധിലേ മീർഗുഞ്, ഡൽഹിയിലെ ഗർസ്ഷൻ ബാസ്ഷൻ റോഡ് തുടങ്ങിയവ സെക്സ് നടക്കുന്ന ഇടങ്ങളാണ്.

ഡിഎൻ‌എ ടൂറിസം

[തിരുത്തുക]

ഡി‌എൻ‌എ ടെസ്റ്റിംഗിനെ അടിസ്ഥാനമാക്കിയുള്ള ടൂറിസമാണ് ഡി‌എൻ‌എ ടൂറിസം. ഈ ടൂറിസ്റ്റുകൾ അവരുടെ വിദൂര ബന്ധുക്കളെയോ അവരുടെ പൂർവ്വികർ വന്ന സ്ഥലങ്ങളോ ബന്ധുക്കൾ താമസിക്കുന്ന സ്ഥലങ്ങളൊക്കെ സന്ദർശിക്കുന്നു. ഡിഎൻ‌എ പരിശോധന 2019 ൽ വർദ്ധിച്ചുവരുന്ന പ്രവണതയായി മാറിയിട്ടുണ്ട്.[87] [88]

ബർത്ത് ടൂറിസം

[തിരുത്തുക]

പ്രസവത്തിനായി മറ്റൊരു രാജ്യത്തേക്ക് യാത്ര ചെയ്യുന്ന രീതിയാണ് ബർത്ത് ടൂറിസം. ബർത്ത്‍റൈറ്റ് സിറ്റിസൺഷിപ്പ് ഉള്ള രാജ്യത്ത് ജനിക്കുകവഴി ആ രാജ്യത്ത് കുട്ടിക്ക് പൗരത്വം നേടുക എന്നതാണ് ബർത്ത് ടൂറിസത്തിന്റെ പ്രധാന ഉദ്ദേശ ലക്ഷ്യം. ബർത്ത് ടൂറിസത്തിന്റെ മറ്റ് കാരണങ്ങൾ, പൊതുവിദ്യാലയത്തിലേക്കുള്ള പ്രവേശനം, ആരോഗ്യ സംരക്ഷണം, ഭാവിയിൽ മാതാപിതാക്കൾക്കുള്ള സ്പോൺസർഷിപ്പ്,[89] അല്ലെങ്കിൽ ചൈന പോലെയുള്ള രാജ്യങ്ങളിൽ നിലവിലുള്ള ടൂ-ചൈൾഡ് പോളിസിയുടെ ലംഘനം എന്നിവയാണ്.

പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ

[തിരുത്തുക]

ടൂറിസം പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പാരിസ്ഥിതിക പ്രത്യാഘാതങ്ങളിൽ വാഹന, വിമാന യാത്രയിൽ നിന്നുള്ള ഹരിതഗൃഹ വാതക ഉദ്‌വമനം, ജനപ്രിയ സ്ഥലങ്ങളിലെ മാലിന്യങ്ങൾ എന്നിവ ഉൾപ്പെടുന്നു. [90]

നിയമവിരുദ്ധ പ്രവർത്തനങ്ങൾ

[തിരുത്തുക]

വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങൾ അല്ലെങ്കിൽ ചില സാംസ്കാരിക കരകൌശല വസ്തുക്കൾ എന്നിവയുടെ വ്യാപാരം, നിയമവിരുദ്ധമായ ലൈംഗിക പ്രവർത്തനങ്ങൾ എന്നിവ പോലുള്ള പ്രവർത്തികൾ ചിലപ്പോൾ ടൂറിസവുമായും ബന്ധപ്പെട്ടിരിക്കുന്നു. [91]

വളർച്ച

[തിരുത്തുക]

അന്താരാഷ്ട്ര ടൂറിസം മേഖല ശരാശരി 4% വാർഷിക നിരക്കിൽ വളർച്ച കൈവരിക്കുമെന്ന് ലോക ടൂറിസം ഓർഗനൈസേഷൻ (യുഎൻ‌ഡബ്ല്യുടിഒ) പ്രവചിക്കുന്നു. [92] ഇ-കൊമേഴ്‌സിന്റെ വരവോടെ ടൂറിസം ഉൽ‌പ്പന്നങ്ങൾ‌ ഇൻറർ‌നെറ്റിലെ പ്രധാന ട്രേഡഡ് ഇനങ്ങളായി മാറിയിട്ടുണ്ട്. [93] [94] ചെറുകിട ഓപ്പറേറ്റർമാർ ഉൾപ്പെടെയുള്ള ടൂറിസം ദാതാക്കൾക്ക് (ഹോട്ടലുകൾ, എയർലൈൻസ് മുതലായവ) അവരുടെ സേവനങ്ങൾ നേരിട്ട് ലഭ്യമാക്കാൻ കഴിയുമെങ്കിലും, ടൂറിസം ഉൽ‌പ്പന്നങ്ങളും സേവനങ്ങളും ഇടനിലക്കാർ വഴിയും ലഭ്യമാക്കിയിട്ടുണ്ട്. [95] [96]

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 1.3 1.4 "Indian Tourism And Hospitality Industry Analysis Presentation | IBEF". www.ibef.org. 16 ഡിസംബർ 2020. Archived from the original on 2020-12-16. Retrieved 2020-12-16.{{cite web}}: CS1 maint: bot: original URL status unknown (link)
  2. 2.0 2.1 "മെഡിക്കൽ ടൂറിസം: കേരളത്തിന് ഇനിയും സാധ്യതകൾ | Medical Tourism | Tourism | Medical Tourism in Kerala | Business News | Malayalam News | Manorama Online". www.manoramaonline.com. 15 ഡിസംബർ 2020. Archived from the original on 2020-12-15. Retrieved 2020-12-15.{{cite web}}: CS1 maint: bot: original URL status unknown (link)
  3. 3.0 3.1 3.2 "പ്രളയം തളർത്താത്ത കുതിപ്പ്; വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ റെക്കോർഡ്-Kerala bounces back after floods, records highest tourist footfall in 24 years". 2021-02-03. Archived from the original on 2021-02-03. Retrieved 2021-02-03.{{cite web}}: CS1 maint: bot: original URL status unknown (link)
  4. Theobald, William F. (1998). Global Tourism (2nd ed.). Oxford [England]: Butterworth–Heinemann. pp. 6–7. ISBN 978-0-7506-4022-0. OCLC 40330075.
  5. "Recommendations on Tourism Statistics" (PDF). Statistical Papers. M (83): 5. 1994. Retrieved 12 July 2010.
  6. "Glossary:Tourism - Statistics Explained". 2020-10-30. Archived from the original on 2020-10-30. Retrieved 2020-12-16.{{cite web}}: CS1 maint: bot: original URL status unknown (link)
  7. 7.0 7.1 "Product Development | UNWTO". www.unwto.org. 21 November 2020. Archived from the original on 2020-11-21. Retrieved 2020-12-17.{{cite web}}: CS1 maint: bot: original URL status unknown (link)
  8. "Introduction to tourism | VisitBritain". www.visitbritain.org. 11 April 2020. Archived from the original on 2020-04-11. Retrieved 2020-12-17.{{cite web}}: CS1 maint: bot: original URL status unknown (link)
  9. "UNWTO World Tourism Barometer" (PDF). UNWTO World Tourism Barometer. 11 (1). January 2013. Archived from the original (PDF) on 28 February 2013. Retrieved 9 April 2013.
  10. "International tourism challenged by deteriorating global economy" (PDF). UNWTO World Tourism Barometer. 7 (1). January 2009. Archived from the original (PDF) on 17 October 2013. Retrieved 17 November 2011.
  11. "UNWTO World Tourism Barometer Interim Update" (PDF). UNWTO World Tourism Barometer. August 2010. Archived from the original (PDF) on 17 October 2013. Retrieved 17 November 2011.
  12. Tate, Curtis. "International tourism won't come back until late 2021, UN panel predicts". USA TODAY (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2020-11-24.
  13. 13.0 13.1 13.2 13.3 13.4 13.5 International Tourism Highlights. UNWTO. 2020. doi:10.18111/9789284421152. ISBN 9789284421152.
  14. "World's most visited cities". CNN. 3 December 2018.
  15. "Top 100 City Destinations Ranking". Euromonitor International. 27 December 2018.[പ്രവർത്തിക്കാത്ത കണ്ണി]
  16. "Countries Showing Strong International Travel and Tourism Growth" (PDF). Archived from the original (PDF) on 2018-11-13. Retrieved 2020-12-15.
  17. "Which Countries Performed Best In 2016?" (PDF). p. 7. Archived from the original (PDF) on 2018-11-13. Retrieved 2020-12-15.
  18. Jayapalan, N. (2001). Introduction To Tourism (in ഇംഗ്ലീഷ്). Atlantic Publishers & Dist. ISBN 978-81-7156-977-9.
  19. Casson, Lionel (1994). Travel in the Ancient World. Baltimore: Johns Hopkins University Press. p. 32.
  20. Hargett, James (1985). "Some Preliminary Remarks on the Travel Records of the Song Dynasty (960-1279)". Chinese Literature: Essays, Articles, Reviews. 7 (1/2): 67–93. doi:10.2307/495194. JSTOR 495194.
  21. Deschaux, Robert; Taillevent, Michault (1975). Un poète bourguignon du XVe siècle, Michault Taillevent: édition et étude. Librairie Droz. pp. 31–32. ISBN 978-2-600-02831-8.
  22. Tomasz Bohun, Podróże po Europie, Władysław IV Wasa, Władcy Polski, p. 12
  23. Adam Kucharski. "Dyplomacja i turystyka – królewicz Władysław Waza w posiadłościach hiszpańskich (1624–1625)". Silva Rerum. Archived from the original on 2019-08-14. Retrieved 7 June 2017.
  24. The Oxford Illustrated History of Opera, ed. Roger Parker (1994): a chapter on Central and Eastern European opera by John Warrack, p. 240; The Viking Opera Guide, ed. Amanda Holden (1993): articles on Polish composers, p. 174
  25. Singh, L.K. (2008). "Issues in Tourism Industry". Fundamental of Tourism and Travel. Delhi: Isha Books. p. 189. ISBN 978-81-8205-478-3.
  26. "History: Centuries of Experience". Cox & Kings. Archived from the original on 2011-05-25. Retrieved 23 December 2011.
  27. Rick Szostak: The Causes of Economic Growth: Interdisciplinary Perspectives. Springer Science & Business Media, 2009, ISBN 9783540922827; Markus Tauschek "Kulturerbe" (2013), p 166; Laurajane Smith "Uses of Heritage" (2006).
  28. "UNESCO Legal Instruments: Second Protocol to the Hague Convention of 1954 for the Protection of Cultural Property in the Event of Armed Conflict 1999".; Roger O’Keefe, Camille Péron, Tofig Musayev, Gianluca Ferrari "Protection of Cultural Property. Military Manual." UNESCO, 2016, p 73; Action plan to preserve heritage sites during conflict - UNITED NATIONS, 12 Apr 2019
  29. "Austrian Armed Forces Mission in Lebanon" (in ജർമ്മൻ).; Jyot Hosagrahar: Culture: at the heart of SDGs. UNESCO-Kurier, April-Juni 2017.
  30. Simon Osborne (2016-09-27). "Don't look now, Venice tourists – the locals are sick of you". The Guardian (in ഇംഗ്ലീഷ്). Retrieved 2018-05-10.
  31. 31.0 31.1 "The Evolution of Agri-Tourism practices in India: Some Success Stories | Madridge Publishers". 2021-01-12. Archived from the original on 2021-01-12. Retrieved 2021-01-12.{{cite web}}: CS1 maint: bot: original URL status unknown (link)
  32. "World Food Travel Association" (in അമേരിക്കൻ ഇംഗ്ലീഷ്). World Food Travel Association. Retrieved October 8, 2017.
  33. McKercher, Bob; Okumus, Fevzi; Okumus, Bendegul (2008). "Food Tourism as a Viable Market Segment: It's All How You Cook the Numbers!". Journal of Travel & Tourism Marketing. 25 (2): 137–148. doi:10.1080/10548400802402404.
  34. "Birthplace of winter tourism". Archived from the original on 17 October 2013.
  35. "Early Winter Tourism". Tradition & History. St. Moritz: Kulm Hotel. Archived from the original on 19 December 2011. Retrieved 23 December 2011.
  36. Lenzen, Manfred; Sun, Ya-Yen; Faturay, Futu; Ting, Yuan-Peng; Geschke, Arne; Malik, Arunima (7 May 2018). "The carbon footprint of global tourism". Nature Climate Change. 8 (6). Springer Nature Limited: 522–528. doi:10.1038/s41558-018-0141-x. ISSN 1758-6798. S2CID 90810502. [...] between 2009 and 2013, tourism's global carbon footprint has increased from 3.9 to 4.5 GtCO2e, four times more than previously estimated, accounting for about 8% of global greenhouse gas emissions. Transport, shopping and food are significant contributors. The majority of this footprint is exerted by and in high-income countries.
  37. Peeters P., Gössling S., Ceron J.P., Dubois G., Patterson T., Richardson R.B., Studies E. (2004). The Eco-efficiency of Tourism.
  38. Tourism Review International, Volume 8, Number 4, 2005, pp. 323-338(16)
  39. telegraphindia.com/india/textile-circuit-on-tourist-map/cid/1473289
  40. Wijaya, Karto; Permana, Asep Yudi (2018). "Textile Tourism Image as an Identity of Cigondewah in Bandung City". Iop Conference Series: Earth and Environmental Science. 213 (1): 012012. Bibcode:2018E&ES..213a2012W. doi:10.1088/1755-1315/213/1/012012.
  41. "Morgan Gamble". Pinterest. Retrieved 9 June 2015.
  42. "തെന്മല". www.keralatourism.org. 15 ഡിസംബർ 2020. Archived from the original on 2020-12-15. Retrieved 2020-12-15.{{cite web}}: CS1 maint: bot: original URL status unknown (link)
  43. "നിങ്ങളുടെ കാടുകയറ്റം നിയമപരമാണോ? സഞ്ചാരികൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ | Responsible Tourism| legal trekking| Monsoon Trekking| Travel Tips". www.mathrubhumi.com. 15 ഡിസംബർ 2020. Archived from the original on 2020-12-15. Retrieved 2020-12-15.{{cite web}}: CS1 maint: bot: original URL status unknown (link)
  44. "Baahubali Sets Retained By Ramoji Film City For Tourist Attraction". www.ndtv.com. NDTV. 15 ഡിസംബർ 2020. Archived from the original on 2020-12-15. Retrieved 2020-12-15.{{cite web}}: CS1 maint: bot: original URL status unknown (link)
  45. "Evolving medical tourism in Canada | Deloitte Canada". Deloitte Canada. Retrieved 12 September 2016.
  46. Dimon, Anne (2013-10-24). "Wellness Travel: 10 Trends for 2014 and Beyond". Travelmarketreport.com. Retrieved 2013-12-01.
  47. "Medical & Wellness Tourism Board for India | IMTJ". www.imtj.com. 23 ജനുവരി 2021. Archived from the original on 2021-01-23. Retrieved 2021-01-23.{{cite web}}: CS1 maint: bot: original URL status unknown (link)
  48. "Educational Tours or Field Trips as a Benefit to Students" (in അമേരിക്കൻ ഇംഗ്ലീഷ്). 2019-06-03. Retrieved 2023-07-17.
  49. കെ.വി., മനോജ്. "പഠനയാത്ര പോകാം പുതുവഴിയേ". Retrieved 2023-07-17.
  50. Getz, Don (2014), Jafari, Jafar; Xiao, Honggen (eds.), "Festival and event, tourism", Encyclopedia of Tourism (in ഇംഗ്ലീഷ്), Springer International Publishing, pp. 1–4, doi:10.1007/978-3-319-01669-6_84-1, ISBN 978-3-319-01669-6, retrieved 2023-07-17
  51. "ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന് തുടക്കം". Retrieved 2023-07-17.
  52. "Air India to associate with Kochi Muziris Biennale as official travel partners" (in ഇംഗ്ലീഷ്). 2022-12-22. Retrieved 2023-07-17.
  53. Quinion, Michael (26 November 2005). "Dark Tourism". World Wide Words. Retrieved 9 April 2010.
  54. Lennon, J. John; Foley, Malcolm (2000). Dark Tourism. London: Continuum. ISBN 978-0-8264-5063-0. OCLC 44603703.
  55. 55.0 55.1 "Dark tourism in India, list of dark tourism sites | Times of India Travel". timesofindia.indiatimes.com. 12 ഫെബ്രുവരി 2020. Archived from the original on 2020-02-12. Retrieved 2020-12-16.{{cite web}}: CS1 maint: bot: original URL status unknown (link)
  56. Cooper, Chris; et al. (2005). Tourism: Principles and Practice (3rd ed.). Harlow: Pearson Education. ISBN 978-0-273-68406-0. OCLC 466952897.
  57. Lemelin, H., Dawson, J., & Stewart, E.J. (Eds.). (2013). Last chance tourism: adapting tourism opportunities in a changing world. Routledge.
  58. Frew, E. (2008). Climate change and doom tourism: Advertising destinations 'before they disappear'. In J. Fountain & K. Moore (Chair), Symposium conducted at the meeting of the New Zealand Tourism & Hospitality Research Conference.
  59. Tsiokos, C. (2007). Doom tourism: While supplies last. Population Statistics.
  60. Hall, C.M. (2010). Crisis events in tourism: subjects of crisis in tourism. Current Issues in Tourism, 13(5), 401–17.
  61. Olsen, D.H., Koster, R.L., & Youroukos, N. (2013). 8 Last chance tourism?. Last Chance Tourism: Adapting Tourism Opportunities in a Changing World, 105.
  62. 62.0 62.1 "War Tourism". www.outlookindia.com. 17 ഏപ്രിൽ 2017. Archived from the original on 2017-04-17. Retrieved 2020-12-16.{{cite web}}: CS1 maint: bot: original URL status unknown (link)
  63. "തീർഥാടനം - സർവ്വവിജ്ഞാനകോശം". Retrieved 2023-07-17.
  64. "Tourism and Religion". 2022. {{cite journal}}: Cite journal requires |journal= (help)
  65. "Sabarimala, Hill Temple of Lord Ayyappa, Pathanamthitta" (in ഇംഗ്ലീഷ്). Retrieved 2023-07-17.
  66. "Mookambika Temple | Temple in karnataka" (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Retrieved 2023-07-17.
  67. "ഹാജിമാർക്ക് സഹായത്തിന് മൂന്നു ലക്ഷം ഉദ്യോഗസ്ഥർ -ഖാലിദ് അൽഫൈസൽ". 2019-07-30. Retrieved 2023-07-17.
  68. Doe, John. "Velankanni | Pilgrim Centre | Tamil Nadu Tourism" (in ഇംഗ്ലീഷ്). Retrieved 2023-07-17.
  69. "The Economic Impact of Commercial Space Transportation on the U. S Economy in 2009" (PDF). Federal Aviation Administration. September 2010. p. 11. Retrieved 5 May 2012.
  70. Zarotis, George F. (June 2019). "Development of sports tourism" (PDF). International Journal of Humanities and Social Science Invention.
  71. Hannum, Ann Barger (2002). "Sex Tourism in Latin America". ReVista: Harvard Review of Latin America (Winter). Archived from the original on 4 സെപ്റ്റംബർ 2014. Retrieved 6 ഒക്ടോബർ 2011.
  72. "La explotación sexual de menores en Kenia alcanza una dimensión horrible" [The sexual exploitation of children in Kenya reaches a horrible dimension] (PDF) (in ഫ്രഞ്ച്). Spain: Unicef España. 17 ജനുവരി 2007. Archived from the original (PDF) on 24 മാർച്ച് 2010. Retrieved 6 ഒക്ടോബർ 2011.
  73. "Brazil". The Protection Project. Archived from the original on 28 September 2007. Retrieved 20 December 2006. Brazil is a major sex tourism destination. Foreigners come from Germany, Italy, the Netherlands, Spain, Latin America, and North America ...
  74. Gentile, Carmen J. (2 February 2006). "Brazil cracks down on child prostitution". San Francisco Chronicle. Chronicle foreign service. ... young prostitutes strut in front of middle-aged American and European tourists ...
  75. Kovaleski, Serge F. (2 January 2000). "Child Sex Trade Rises in Central America". The Washington Post foreign service. Washington Post foreign service. Retrieved 20 December 2006. ... "an accelerated increase in child prostitution" in the country ... blamed largely on the unofficial promotion of sex tourism in Costa Rica over the Internet.
  76. "Costa Rica" (PDF). The Protection Project. Retrieved 20 December 2006.
  77. Zúñiga, Jesús. "Cuba: The Thailand of the Caribbean". The New West Indian. Archived from the original on 23 April 2001. Retrieved 20 December 2006.
  78. "Dominican Republic". The Protection Project. Archived from the original on 28 September 2007. Retrieved 20 December 2006. The Dominican Republic is one of the most popular sex tourism destinations in the world, and it is advertised on the Internet as a "single man's paradise."
  79. Menon, Mandovi (13 November 2012). "MensXP, Top 5 Sex Tourism Destinations". MensXP. Retrieved 8 December 2013.
  80. Scheeres, Julia (7 July 2001). "The Web, Where 'Pimps' Roam Free". Wired. CondéNet. Retrieved 20 December 2006.
  81. Hughes, Dana. "Sun, Safaris and Sex Tourism in Kenya". Travel. ABC News. Retrieved 25 October 2008. Tourists Gone Wild: 'They Come Here They Think "I Can Be Whatever I Want to Be" and That's How They Behave'
  82. Cruey, Greg. "Thailand's Sex Industry". About: Asia For Visitors. About (the New York Times Co.). Archived from the original on 25 ഡിസംബർ 2006. Retrieved 20 ഡിസംബർ 2006. Nowhere else is it so open and prevalent. Individual cities or regions have acquired a reputation as sex tourist destinations. Many of these have notable red-light districts, including de Wallen in Amsterdam, the Netherlands, Zona Norte in Tijuana, Mexico, Boy's Town in Nuevo Laredo, Mexico, Fortaleza and Rio de Janeiro in Brazil, Bangkok, Pattaya and Phuket in Thailand
  83. Taylor, Jacqueline (September 1995). "Child Prostitution and Sex Tourism CUBA" (PDF). Department of Sociology, University of Leicester, UK. ECPAT International. Archived from the original (PDF) on 2014-01-04. Retrieved 2022-04-08. In Cuba, the link between tourism and prostitution is perhaps more direct than in any other country which hosts sex tourists
  84. "Bali News: Sex and Drug Parties in Bali?". balidiscovery.com. Archived from the original on 15 December 2013. Retrieved 25 June 2016.
  85. Campbell, Charlie (15 October 2013). "Bali's 'Gigolos,' Carefree Sex Industry Lead to HIV Crisis". Time. Retrieved 25 June 2016 – via world.time.com.
  86. Clarke, Jeremy (25 November 2007). "Older white women join Kenya's sex tourists". Reuters. Retrieved 30 November 2007.
  87. "Why DNA tourism may be the big travel trend of 2019". NBC News (in ഇംഗ്ലീഷ്). Retrieved 7 October 2019.
  88. Okona, Nneka M. (18 September 2019). ""Heritage travel" is surging in the era of DNA testing. It has a special significance for black Americans". Vox (in ഇംഗ്ലീഷ്). Retrieved 7 October 2019.
  89. Grant, Tyler. "MADE IN AMERICA: MEDICAL TOURISM AND BIRTH TOURISM LEADING TO A LARGER BASE OF TRANSIENT CITIZENSHIP" (PDF). Virginia Journal of Social Policy & the Law (in ഇംഗ്ലീഷ്). 22.1. Archived from the original (PDF) on 2021-04-14. Retrieved 2020-11-24.
  90. "Why Tourism Should Die—and Why It Won't". Chuck Thompson. The New Republic.
  91. Biagi, Bianca, and Claudio Detotto. "Crime as tourism externality." Regional Studies 48.4 (2014): 693-709.
  92. "Long-term Prospects: Tourism 2020 Vision". World Tourism. 2004. Archived from the original on 19 June 2004.
  93. Lock, S. (3 July 2018). "Online travel market - Statistics & Facts". Statista.
  94. Statista Research Department (23 July 2019). "Digital travel sales worldwide from 2014 to 2020". Statista.
  95. Lu, Jie; Lu, Zi (1 July 2004). "Development, Distribution and Evaluation of Online Tourism Services in China". Electronic Commerce Research (in ഇംഗ്ലീഷ്). 4 (3): 221–39. doi:10.1023/B:ELEC.0000027981.81945.2a. ISSN 1389-5753.
  96. Karanasios, Stan; Burgess, Stephen (1 March 2008). "Tourism and internet adoption: a developing world perspective". International Journal of Tourism Research (in ഇംഗ്ലീഷ്). 10 (2): 169–82. doi:10.1002/jtr.649. ISSN 1522-1970.
"https://ml.wikipedia.org/w/index.php?title=വിനോദസഞ്ചാരം&oldid=4141209" എന്ന താളിൽനിന്ന് ശേഖരിച്ചത്