Jump to content

ക്യൂബ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റിപബ്ലിക്ക്‌ ഓഫ്‌ ക്യൂബ
ദേശീയ പതാക ദേശീയ ചിഹ്നം
ദേശീയ പതാക ദേശീയ ചിഹ്നം
ആപ്തവാക്യം: പാട്രിയ ഒ മുയാർതെ,
(മാതൃഭൂമി അല്ലെങ്കിൽ മരണം)
ദേശീയ ഗാനം: ലാ ബയമേസ
തലസ്ഥാനം ഹവാന
രാഷ്ട്രഭാഷ സ്പാനിഷ്
ഗവൺമന്റ്‌
പ്രസിഡന്റ്‌
കമ്മ്യൂണിസ്റ്റ് റിപ്പബ്ലിക്
റൗൾ കാസ്ട്രോ
സ്വാതന്ത്ര്യം ഒക്ടോബർ 10, 1868
വിസ്തീർണ്ണം
 
1,10,860ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ
 • ജനസാന്ദ്രത
 
11,177,743(2002)
102/ച.കി.മീ
നാണയം പെസോ (CUP)
ആഭ്യന്തര ഉത്പാദനം 39, 170 ദശലക്ഷം ഡോളർ (90)
പ്രതിശീർഷ വരുമാനം $3,500 (121)
സമയ മേഖല UTC -5
ഇന്റർനെറ്റ്‌ സൂചിക .cu
ടെലിഫോൺ കോഡ്‌ +53

ക്യൂബ, വടക്കേ അമേരിക്കൻ വൻ‌കരയുടെ തെക്കെഅറ്റത്തു നിന്ന് നൂറുമൈൽ തെക്കു കിഴക്കായി കിടക്കുന്ന ദ്വീപു രാജ്യമാണ്. ക്യൂബ, യൂത്ത് ഐലൻഡ് എന്ന താരതമ്യേന വലിയ രണ്ടു ദ്വീപുകളും വേറേയും ഒട്ടേറെ ദ്വീപസമൂഹങ്ങളും ഉൾക്കൊള്ളുന്ന രാജ്യമാണ് ക്യൂബ. കരീബിയൻ കടലിൽ ഗൾഫ് ഓഫ് മെക്സിക്കോയും അറ്റ്ലാന്റിക് മഹാസമുദ്രവും ചേരുന്നിടത്താണ് ക്യൂബയുടെ സ്ഥാനം. അമേരിക്കൻ ഐക്യനാടുകളുടെ തെക്കേ അറ്റത്തെ സംസ്ഥാനമായ ഫ്ലോറിഡയ്ക്കു തൊട്ടു താഴെയാണ് ക്യൂബ സ്ഥിതി ചെയ്യുന്നത്. ബഹാമാസ്, ഹെയ്റ്റി, മെക്സിക്കോ, ജമൈക്ക എന്നിവയാണ് ഇതര അയൽ രാജ്യങ്ങൾ.

കരീബിയൻ രാജ്യങ്ങളിൽ ഏറ്റവും ജനവാസമുള്ളത് ക്യൂബയിലാണ്. സ്പാനിഷ് കോളനിവൽക്കരണത്തിന്റെ ബാക്കിപത്രങ്ങളാണ് ക്യൂബയിലെ സംസ്ക്കാരത്തെയും ജീവിത ശൈലിയെയും രൂപപ്പെടുത്തിയിരിക്കുന്നത്. ലോകഭൂപടത്തിൽ അവശേഷിക്കുന്ന ചുരുക്കം കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങളിൽ ഒന്നാണിത്.

കരീബിയൻ ദ്വീപസമൂഹങ്ങളിൽ വലിപ്പത്തിലും ജനസംഖ്യയിലും തന്ത്രപ്രാധാന്യത്തിന്റെ കാര്യത്തിലും ക്യൂബ നിർണായക സ്ഥാനം വഹിക്കുന്നു. പശ്ചിമാർദ്ധഗോളത്തിൽ സ്പെയിനിന്റെ അവസാനത്തെ കോളനിയായിരുന്നു ക്യുബ.അമേരിക്കൻ ഐക്യനാടുകളുടെ സഹായത്തോടെയാണ് ക്യൂബ കോളനി ഭരണത്തിൽ നിന്നും സ്വാതന്ത്യം നേടിയതെങ്കിലും പിന്നീട് ബന്ധം വഷളായി[1] .1959-മുതൽ 2008വരെ ക്യൂബൻ ജനതയുടെ ഭരണാധികാരി വിപ്ലവ നായകൻ ഫിഡൽ കാസ്ട്രോ ആയിരുന്നു. അഴിമതിവീരനും, ഏകാധിപതിയും,സ്വജനപക്ഷപാതിയുമായിരുന്ന ഫുൾഹെൻസിയൊ ബാറ്റിസ്റ്റിയെ സ്ഥാനഭ്രഷ്ടനാക്കിയാണ് അദ്ദേഹം അധികാരത്തിലെത്തിയത്. അമേരിക്കയും ക്യൂബയും തമ്മിൽ 40 -ൽപരം വർഷങ്ങൾ മുടങ്ങിക്കിടന്ന നയതന്ത്രബന്ധം പുനഃസ്ഥാപിക്കപ്പെട്ടത് 2014-ലാണ് . ഇതോടെ അമേരിക്കൻ പൗരൻമാർക്ക്‌ ക്യുബയിൽ പോകുവാൻ അനുമതി ലഭിച്ചു. എങ്കിലും ഈയടുത്തകാലത്ത് പ്രസിഡന്റ് ട്രംപിന്റെ ചില വിദേശനയങ്ങൾ ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ട്[2][3]

ചരിത്രം

[തിരുത്തുക]

കൊളംബസിനു മുമ്പ് (പ്രികൊളംബിയൻ കാലഘട്ടം)

[തിരുത്തുക]

ബിസി നാലാം സഹസ്രാബ്ദത്തിൽ ക്യൂബയടെ പശ്ചിമഭാഗത്ത് ഗ്വാനാഹാബേ ഗോത്രക്കാരും തെക്കുഭാഗത്ത് സിബൊണി ഗോത്രക്കാരും വസിച്ചിരുന്നു എന്നാണ് അനുമാനം. വളരെ പിന്നീട് ക്രി.വ അഞ്ചാം നൂറ്റാണ്ടിനോടടുത്ത് ദക്ഷിണഅമേരിക്കയിൽ നിന്ന് തായ്നോ ഇന്ത്യക്കാർ ക്യൂബയിലേക്ക് കുടിയേറി. അവരായിരിക്കണം കൃഷി തുടങ്ങിയത്.[4]

കൊളംബസും സ്പാനിഷ് അധിനിവേശവും

[തിരുത്തുക]

28 ഒക്റ്റോബർ 1492-ലാണ് ക്രിസ്റ്റഫർ കൊളംബസ് ക്യൂബൻ ദ്വീപുസമൂഹത്തിൽ കാലു കുത്തിയതും സ്പെയിനിന്റെ ആധിപത്യം ഉറപ്പിച്ചതും[5]. സ്പാനിഷുകാർ അധികം താമസിയാതെ കുടിയേറ്റവും തുടങ്ങി. പതിനാറാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽത്തന്നെ ഭരണസൗകര്യാർഥം ക്യൂബ ഏഴു പ്രവിശ്യകളായി വിഭജിക്കപ്പെട്ടു[6]. എൻകൊമീയെൻഡ എന്ന കുടിയായ്മ വ്യവസ്ഥ പ്രാബല്യത്തിൽ വന്നു. ഇതനുസരിച്ച് സ്പാനിഷുകാർ ജന്മികളും , അമേരിന്ത്യൻ വംശജർ അവരുടെ കുടികിടപ്പുകാരുമായി[7][8]. ആഫ്രിക്കയിൽ നിന്ന് തോട്ടവേലക്കായി നീഗ്രോ അടിമകളും എത്തി. ഇവർക്കിടയിലെ വിവാഹങ്ങൾ സ്പാനിഷ്-അമേരിന്ത്യൻ- നീഗ്രോ വംശജർ ഇടകലർന്നുള്ള സങ്കരവർഗത്തിന് രൂപം കൊടുത്തു[9]. കരിമ്പും പുകയിലയും ക്യൂബയുടെ പ്രധാന കയറ്റുമതി ചരക്കുകളായി. സ്പെയിനും ദക്ഷിണഅമേരിക്കയിലെ സ്പാനിഷ് കോളണികളുമായുള്ള സമുദ്ര പാതയിൽ ക്യൂബ പ്രധാനപ്പെട്ട താവളമായിത്തീർന്നു. യു.എസ്.എ വലിയ തോതിൽ ക്യൂബയിൽ മുതൽ മുടക്കി. അതുകൊണ്ടതന്നെ പത്തൊമ്പതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ ക്യൂബ വിലക്കെടുക്കാനായി യു.എസ്.എ വിഫല ശ്രമങ്ങൾ നടത്തി[10],[11]. പക്ഷെ സ്പെയിൻ വഴങ്ങിയില്ല.

ക്യൂബൻ സ്വാതന്ത്ര്യസമരം

[തിരുത്തുക]

നികുതി വർദ്ധനവും രാഷ്ട്രീയ- സാമൂഹ്യ അസമത്വങ്ങളും ക്യൂബൻ ജനതയെ അസ്വസ്ഥരാക്കി[12]. സ്പെയിനിനെതിരെ ക്യൂബ നടത്തിയ സ്വാതന്ത്ര്യസമരം മൂന്നു ഘട്ടങ്ങളിലായിട്ടാണ് നടന്നത്. 1868മുതൽ 78 വരെ നീണ്ടുനിന്ന മഹായുദ്ധം(Guerra grande പത്തുവർഷയുദ്ധമെന്നും ഇതിനെ വിശേഷിപ്പിക്കാറുണ്ട്,) 1879 മുതൽ 80 വരെ ഏതാനും മാസങ്ങൾ മാത്രം നീണ്ടുനിന്ന ഹ്രസ്വ യുദ്ധം(La guerre chiquita) , 1895മുതൽ 98വരെ മൂന്നു വർഷം നീണ്ടുനിന്ന അന്തിമ സ്വാതന്ത്ര്യ സമരം. ഇത് അവസാനഘട്ടത്തിൽ പൂർണതോതിലുളള സ്പാനിഷ്-അമേരിക്കൻ യുദ്ധമായി പരിണമിച്ചു .

പത്തുവർഷയുദ്ധം

[തിരുത്തുക]

1868-ൽ കാർലോസ് മാനുവെൽ ഡെസെസ്പെഡെസ് എന്ന തോട്ടമുടമയുടെ നേതൃത്വത്തിൽ ക്യൂബ സ്വാതന്ത്ര്യത്തിനു വേണ്ടി പ്രക്ഷോഭം തുടങ്ങി[13]. പത്തു വർഷം നീണ്ടുനിന്ന സംഘർഷത്തിനുശേഷം സ്പെയിൻ ഇളവുകൾ അനുവദിച്ചു കൊടുത്തെങ്കിലും അവയൊന്നും വേണ്ടപോലെ നടപ്പാക്കിയില്ല. സംഘർഷം തുടർന്നു.

ഹ്രസ്വ യുദ്ധം

[തിരുത്തുക]

.പത്തുവർഷയുദ്ധതിന്റെ അവശിഷ്ടമായിരുന്നു ഇത്. അമേരിക്കൻ മണ്ണിൽ അഭയം തേടിയ ക്യൂബൻ ദേശീയവാദികളാണ് ഇത് ആസൂത്രണം ചെയ്തത്. 1879 ഓഗസ്റ്റ് മുതൽ 1880സെപ്റ്റമ്പർ വരെ കഷ്ടിച്ച് പന്ത്രണ്ടു മാസക്കാലത്തേക്കു മാത്രമേ പ്രക്ഷോഭകാരികൾക്കു പടിച്ചു നില്ക്കാനായുള്ളു. സ്പാനിഷ് സൈന്യം അവരെ നിശ്ശേഷം പരാജയപ്പെടുത്തി.

അന്തിമ സ്വാതന്ത്ര്യസമരം

[തിരുത്തുക]

പതിനഞ്ചു വർഷത്തെ കാലയളവിൽ ക്യൂബയിലെ രാഷ്ട്രീയ-സാമ്പത്തിക- സാമൂഹ്യ സാഹചര്യങ്ങൾ ഏറെ വഷളായിരുന്നു. അമേരിക്കൻ പത്രങ്ങൾ സ്ഥിതിഗതികൾ പെരുപ്പിച്ചു സ്പെയിനിനെതിരെ പൊതുജനവിദ്വേഷം വളർത്തി എന്നും അഭിപ്രായമുണ്ട്[14]. തുടക്കത്തിൽ നേതൃത്വം വഹിച്ചത് ഹോസെ മാർട്ടി എന്ന ക്യൂബൻ ചിന്തകനും വിപ്ലവ കവിയും ആയിരുന്നു[15]. 1897 അവസാനത്തോടെ സ്പെയിൻ വിട്ടുവീഴ്ചകൾക്കു തയ്യാറായി ക്യൂബയിൽ സ്വതന്ത്ര ഭരണകൂടം നിലവിൽ വന്നു[16] .File:Guantanamo Naval Base aerial photo 1962.jpg

സ്പാനിഷ്-അമേരിക്കൻ യുദ്ധം

[തിരുത്തുക]

സ്പെയിനിനോടു കൂറു പുലർത്തിയിരുന്ന ഒരു വിഭാഗം ജനങ്ങൾ അക്രമാസക്തരായി. 1898 ഫെബ്രുവരി 15-ന് ഹവാന തുറമുഖത്ത് നങ്കുരമിട്ടിരുന്ന യു.എസ്.എസ്. മെയിൻ എന്ന കപ്പൽ സ്ഫോടനത്തിനിരയായി മുങ്ങി[17]. സ്ഫോടനത്തിന്റെ യഥാർഥകാരണം സ്ഥിരീകരിക്കപ്പെട്ടില്ല. പ്രമുഖ അമേരിക്കൻ പത്രങ്ങൾ വാർത്തകൾ പെരുപ്പിച്ചു. ക്യൂബയുടെ ആഭ്യന്തരസമരത്തിൽ ഇടപെടാൻ യു.എസ്. ഈ അവസരം സമർഥമായി ഉപയോഗപ്പെടുത്തി[18]. സ്പെയിനിനെതിരായി ക്യൂബയടക്കം കരീബിയനിലെ സ്പാനിഷ് കോളണികളിൽ യു.എസ്. സൈന്യം ഇറങ്ങി. ഈ ഏറ്റുമുട്ടലിൽ സ്പെയിനിന് ഫിലിപ്പീൻസും പോർടോറിക്കോയും നഷ്ടപ്പെട്ടു. പാരിസ് സമാധാന ഉടമ്പടിയനുസരിച്ച് ക്യൂബക്കു മേലുളള സർവ അധികാരാവശ്യങ്ങളും ക്യൂബ യു.എസിനു കൈമാറി.1899 ജനവരി ഒന്നിന് ക്യൂബ നാനൂറു വർഷത്തെ സ്പാനിഷ് അധീനതയിൽ നിന്ന് സ്വതന്ത്രയായി.[19]

അമേരിക്കൻ അധീനതയിൽ

[തിരുത്തുക]

യുദ്ധാനന്തര ക്യൂബയിൽ നിയമവും സമാധാനവും പുനഃസ്ഥാപിക്കാനായി അമേരിക്കൻ സൈനിക മേധാവി മേജർ ജനറൽ ബ്രുക്കിന്റെയും പിന്നീട് ജനറൽ വുഡിന്റേയും നേതൃത്വത്തിൽ അമേരിക്കൻ സൈന്യം മുൻകൈയെടുത്തു[20]. അമേരിക്കൻ പ്രസിഡണ്ടിന്റെ യുദ്ധച്ചെലവിനുള്ള ഫണ്ടിൽനിന്ന് ക്യൂബക്ക് ധനസഹായവും ല ഭിച്ചു[21] സ്വയം ഭരണത്തിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ക്യൂബൻ ഭരണഘന നിലവിൽ വന്നു. പക്ഷെ സ്വന്തം താത്പര്യങ്ങൾ നിരുപാധികം സംരംക്ഷിക്കാനായി അമേരിക്ക പ്ലാറ്റ് ഭേദഗതി മുന്നോട്ടു വെച്ചു. ഇതിലെ ഉപാധികൾ ക്യൂബയുടെ സർവാധികാരത്തിൽ കൈകടത്തുന്നവയായിരുന്നു. എങ്കിലും ഇത് അംഗീകരിക്കയല്ലാതെ ക്യൂബക്ക് മറ്റു മാർഗ്ഗമൊന്നുമില്ലായിരുന്നു. 1901 ഡിസമ്പർ 25-ന് ക്യൂബ സ്വന്തം ഭരണഘടനയിൽ പ്ലാറ്റ് ഭേദഗതി ഉൾപ്പെടുത്തി.[22] ഗ്വാണ്ടനാമോയിൽ സ്ഥിരസൈനികത്താവളം നിലനിർത്താൻ യു.എസിന് അവകാശം ലഭിച്ചു.

സ്വതന്ത്ര ക്യൂബ

[തിരുത്തുക]

അമേരിക്കയിൽ പ്രവാസിയായിരുന്ന ടോമസ് എസ്റ്റ്രാഡ പാമ ക്യൂബയുടെ പ്രഥമ പ്രസിഡന്റായി ഐക്യകണ്ഠേന തെരഞ്ഞെടുക്കപ്പെട്ടു,1902-ൽ സ്ഥാനമേറ്റു. [23] സ്ഥിതിഗതികൾ വളരെയൊന്നും പൂർണമായും ശാന്തമായിരുന്നില്ല. ആഭ്യന്തരലഹളകൾ അടിച്ചമർത്താനായി യു.എസ്. പല തവണ ഇടപെട്ടു. 1933-ൽ ഫുൾജെൻസിയോ ബാറ്റിസ്റ്റ രാഷ്ട്രീയ-സൈനിക അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുത്തു. 1944-ൽ സ്ഥാനമൊഴിഞ്ഞെങ്കിലും 1952-ൽ വീണ്ടും അധികാരം കൈയടക്കി. ബറ്റിസ്റ്റയുടെ ദുർഭരണത്തിനെതിരായി 1953-ൽ ഫിദൽ കാസ്ട്രോ പ്രക്ഷോഭം സംഘടിപ്പിച്ചു,പക്ഷെ വിജയിച്ചില്ല.

ക്യൂബൻ വിപ്ലവം

[തിരുത്തുക]

പ്രധാന ലേഖനം ക്യൂബൻ വിപ്ലവം

1956-ൽ ഒരു ചെറിയ സംഘം സൈനികരോടൊപ്പം കാസ്ട്രോ ക്യൂബയുടെ തെക്കു കിഴക്കൻ തീരത്തെ ,സിയേറാ മയിസ്ത്ര മലനിരകളിൽ താവളമുറപ്പിച്ചു. ചെ ഗെവാറയുടെ സഹായത്തോടെ ഗറില്ലാ യുദ്ധം ആരംഭിച്ചു. ഗറില്ലായുദ്ധം ചെറുത്തു നില്ക്കാനാവാതെ 1959-ൽ ബാറ്റിസ്റ്റ ക്യൂബ യിൽ നിന്നു പാലായനം ചെയ്തു. കാസ്ട്രോ ക്യൂബയുടെ ഭരണാധികാരിയായി. 1965 -ൽ കമ്യൂണിസ്റ്റ് പാർട്ടി ക്യൂബയിലെ ഏക രാഷ്ട്രീയ പാർട്ടിയായി. ക്യൂബയുടെ റഷ്യൻ ചായ്വ് അമേരിക്കയെ അലോസരപ്പെടുത്തി, അണുയുദ്ധത്തിനറെ വക്കു വരെ എത്തിച്ചു[24]

ക്യൂബ ഇന്ന്

[തിരുത്തുക]

2008-ൽ ഫിദൽ കാസ്ട്രോ സ്ഥാനമൊഴിഞ്ഞശേഷം അടുത്ത പത്തു വർഷം റൗൾ കാസ്ട്രോ ആയിരുന്നു പ്രസിഡന്റ് . 2018 ഏപ്രിൽ 1-ന് മിയേൽ ഡയസ് കനേൽ ക്യൂബയുടെ ഇരപത്തഞ്ചാമത്തെ പ്രസിഡന്റായി[25]. യു. എസ്.എ യുമായുള്ള ബന്ധത്തിൽ അയവു വന്നിട്ടുണ്ട്. ക്യൂബക്കകത്ത് വ്യാവസായിക-സാമ്പത്തിക നയങ്ങളും ഉദാരവത്കരിക്കപ്പെട്ടിരിക്കുന്നു[26].

ഭൂപ്രകൃതി

[തിരുത്തുക]

ക്യൂബക്ക് കേരളത്തിന്റെ നാലിരട്ടി വലിപ്പമുണ്ട്. അറ്റ്ലാന്റിക് സമുദ്രത്തിൽ നിന്ന് കരീബിയൻ കടലിലേക്കും മെക്സിക്കോ ഉൾക്കടലിലേക്കുമുള്ള സഞ്ചാരം നിയന്ത്രിക്കവുന്ന തന്ത്രപധാനമായ സ്ഥാനത്താണ് ക്യൂബ സ്ഥിതിചെയ്യുന്നത്. ക്യൂബക്ക് വടക്കുഭാഗത്തു അറ്റ്ലാന്റിക് മഹാസമുദ്രവും ബഹാമാസ് ദ്വീപുകളും ആണ്. മയാമി ബീച്ച് ഹവാനയിൽ നിന്നും 145 കിലോ മീറ്റർ മാത്രം വടക്കാണ്. തെക്ക് മെക്സിക്കോ ഉൾക്കടലും കിഴക്ക് ഹെയിറ്റി ഉൽപ്പെടുന്ന ഹിസ്പാനിയോള ദ്വീപുമാണ്.

ക്യൂബയുടെ നാലിലൊന്ന് മലമ്പ്രദേശമാണ്. ഇരുനൂറ്റിയമ്പതു കിലോമീറ്റർ നീളത്തിൽ തെക്കുകിഴക്കൻ തീരത്തോടു ചേർന്നു കിടക്കുന്ന സിയേറാ മയെസ്ത്രാ മലനിരകളാണ് ഏറ്റവും വലിയത്. ടോർക്വിനോ(1974 മീറ്റർ ) ബയമേസ(1730 മീറ്റർ ) ഇവയാണ് ഏറ്റവും ഉയർന്ന കൊടുമുടികൾ. ദ്വീപിന്റെ മധ്യഭാഗത്തായി സാന്റാക്ലാര പീഠഭൂമിയും എസ്കാംബ്രേ, ട്രിനിഡാഡ് എന്ന കുഞ്ഞു പർവതനിരകളും സ്ഥിതി ചെയ്യുന്നു. പടിഞ്ഞാറെ അരികുചേർന്ന് തെക്കുവടക്കായി ഒർഗാനോസ്,റോസാരിയോ മലനിരകൾ.

സമതലപ്രദേശത്ത് കരിമ്പും പുകയിലയുമാണ് പ്രധാന കാർഷികവിളവുകൾ. 3500 കി.മീ. ദൈർഘ്യമുള്ള ക്യൂബൻ സമുദ്രതീരം ഉൾക്കടലുകളാലും കണ്ടൽക്കാടുകളാലും സമൃദ്ധമാണ്.

ജനത, ജനസംഖ്യ

[തിരുത്തുക]

ഇന്ന് ക്യൂബയിൽ ജനങ്ങളിൽ പകുതിയോളം മുളാത്തോസ് വിഭാഗത്തിൽപ്പെട്ടവരാണ്( യൂറോപ്യൻ വർഗത്തിൽപ്പെട്ടവരും ആഫ്രിക്കൻ വംശജരും ചേർന്നുണ്ടാകുന്ന സമ്മിശ്രവർഗത്തെയാണ് മുളാത്തോസ് എന്നു വിളിക്കുന്നത്). ക്യൂബയിൽ ഏകദേശം 37%-ത്തോളം തനി വെള്ളക്കാരാണ്. സ്പെയിനിൽനിന്നും കുടിയേറ്റക്കരായി വന്നവരാണ് ഇവർ. ജനസംഖ്യയുടെ 12%-ത്തോളം കറുത്തവർഗ്ഗക്കാരാണ്. 1%-ത്തോളം ചൈനീസ് വംശജരാണ്. തോട്ടങ്ങളിൽ പണിയെടുക്കുവാനായി വന്ന അടിമകളുടെ‍ പിന്മുറക്കാരാണ് ഇവർ.

ക്യുബ 100% സ്പാനിഷ് സംസാരിക്കുന്ന രാജ്യമാണ്.

അവലംബം

[തിരുത്തുക]
  1. "Cuba". Retrieved 2018-06-20.
  2. "Information Cuba". Retrieved 2018-06-20.
  3. "Yes Americans can still go to Cuba". Retrieved 2018-06-20.
  4. Johnson, Willis Fletcher (1920). History of Cuba Vol.I. New York: BF Buck & Company New York. pp. 1–10.
  5. Johnson, Willis Fletcher (1920). The History of Cuba. New York: BF Buck and Company. pp. 12.
  6. Johnson, Willis Fletcher (1920). The History of Cuba. New York. pp. 68-70.{{cite book}}: CS1 maint: location missing publisher (link)
  7. Johnson, Willis Fletcher (1920). The History of Cuba. New York: BF Buck & Company. pp. 71-73.
  8. "Encomienda". Encyclopedia Britannica. Retrieved 2018-06-25.
  9. Johnson, Willis Fletcher (1920). The History of Cuba. New York. pp. 71.{{cite book}}: CS1 maint: location missing publisher (link)
  10. Johnson, Willis Fletcher (1920). The History of Cuba Vol.2. New York: BF Buck & Company. pp. 256–267.
  11. Johnson, Willis Fletcher (1920). The History of Cuba Vol.3. Mew York: BF Buck & Co. pp. 132–145.
  12. Johnson, Willis Fletcher (1920). The History of Cuba Vol.2. New York. pp. 215–230.{{cite book}}: CS1 maint: location missing publisher (link)
  13. Johnson, Willis Fletcher (1920). The History of Cuba Vol.3. New York: BF Buck & Co. pp. 155–300.
  14. Johnson, Willis Fletcher (1920). The History of Cuba Vol.4. New York: BF Buck & Company. pp. 65–80.
  15. Johnson, Willis Fletcher (1920). The History of Cuba Vol.4. New York: BF Buck & Company. pp. 1–30.
  16. Johnson, Willis Fletcher (1920). The History of Cuba Vol. 4. New York: BF Buck & Company. pp. 47–60.
  17. Johnson, Willis Fletcher (1920). The History of Cuba. New York: BF Buck & Company. pp. 103-118.
  18. Johnson, Willis Fletcher (1920). The History of Cuba Vol.4. New York: BF Buck & Company. pp. 106–111.
  19. Johnson, Willis Fletcher. The History of Cuba Vol.4. New York. p. 122.
  20. Johnson, Willis Fletcher (1920). The History of Cuba Vol.4. New York: BF Buck & Company. pp. 158–185.
  21. Johnson, Willis Fletcher (1920). The History of Cuba Vol.4. New York: BF Buck & Company. pp. 137–139, 145–150.
  22. Johnson, Willis Fletcher (1920). The History of Cuba Vol.4. New York: BF Buck & Company. pp. 204–240.
  23. Johnson, Willis Fletcher (1920). The History of Cuba Vol4. New York: BF Buck & Company. pp. 241–242.
  24. "Cuban Missile crisis". Retrieved 2018-06-27.
  25. "Cuba now has a non-Castro President". Retrieved 2018-06-27.
  26. Rivera, Mario. "A PRELIMINARY NETWORK ANALYSIS OF ECONOMIC LIBERALIZATION IN CUBA". Researchgate. Retrieved 2018-06-27.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ക്യൂബ&oldid=3778769" എന്ന താളിൽനിന്ന് ശേഖരിച്ചത്