വാസ്തുവിദ്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ലോകമഹാത്ഭുതങ്ങളിൽ ഒന്നായ താജ്‌മഹൽ
ഫ്ളോറൻസ് ദേവാലയമകുടം, ഫിലിപ്പോ ബ്റണൽഷി രൂപകൽപന ചെയ്തത്.

കെട്ടിടങ്ങളുടെയും മറ്റു ഭൗതിക നിർമ്മിതികളുടെയും രൂപപ്പെടുത്തുന്നതിലെ കലയും ശാസ്ത്രവും കൂടിച്ചേർന്നതാണ് വാസ്തുവിദ്യ ( ലാറ്റിൻ architectura; ഇംഗ്ലീഷ്: Architecture, ഗ്രീക്: Αρχιτεκτονική; സംസ്കൃതം: वास्तुशास्त्रम्). മനുഷ്യന്റെ ക്രിയാത്മകവും കലാപരവുമായ മനസ്സിന്റെ സൃഷ്ടികളാണ് വാസ്തുവിദ്യ എന്ന വാക്കിനു അർഥം നൽകുന്നത്.[1] വാസ്തുവിദ്യ, ശില്പകല, തച്ചു ശാസ്ത്രം, രൂപഭംഗി എന്നീ മലയാള പദങ്ങൾ ആർക്കിട്ടെക്ച്ചറുമായി ബന്ധപ്പെട്ടതാണ്.[2]

വാസ്തുശിൽപി[തിരുത്തുക]

വാസ്തു ശാസ്ത്രം ഒരു തൊഴിലായി സ്വീകരിച്ചു കെട്ടിടത്തിന്റെയും മറ്റു നിർമ്മിതികളുടെയും രൂപരേഖ തയ്യാറാക്കി നിർമ്മാണ മേൽനോട്ടം വഹിക്കുകയും ചെയ്യുന്ന ആളെയാണ് സ്ഥപതി, വാസ്തുശിൽപി അല്ലെങ്കിൽ തച്ചുശാസ്ത്രി അല്ലെങ്കിൽ വാസ്തുവിദ്വാൻ എന്ന് പറയുന്നത്.

വാസ്തുവിദ്യയിലെ തത്ത്വങ്ങൾ[തിരുത്തുക]

ചരിത്രപ്രധാനമായ പ്രബന്ധങ്ങൾ[തിരുത്തുക]

ഗ്രീസിലെ പാർഥിനോൺ ക്ഷേത്രം, പൗരാണിക യവന വാസ്തുവിദ്യയുടെ അതിശ്രേഷ്ഠമായ ഉദാഹരണം[3]

വാസ്തുസംബന്ധിയായ ചരിത്ര പ്രമാണങ്ങളിൽ വെച്ച് ഇന്ന് ഏറ്റവും പ്രസിദ്ധമായത് ക്രി.മു ഒന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന വിട്രൂവിയസിന്റെ ഡി ആർക്കിറ്റെക്ചുറ എന്ന ഗ്രന്ഥമാണ്.[4] വിട്രൂവിയസിന്റെ അഭിപ്രായത്തിൽ ഒരു മികച്ച നിർമ്മിതി ഫെർമിറ്റാസ്, യൂട്ടിലിറ്റാസ്, വെന്യൂസ്റ്റാസ് എന്നീ മൂന്നു കാര്യങ്ങൾ തൃപ്‌തിപ്പെടുത്തേണ്ടതാണ്.[5][6] ഇവയുടെ തർജ്ജമ യഥാക്രമം

  • സ്ഥിരത– നിർമ്മിതികൾ ബലവർദ്ധകമായി നിലനിൽക്കുന്നവയും വളരെനാൾ ഈടുനിൽക്കുന്നവയും ആയിരിക്കണം.
  • ഉപയോഗയോഗ്യത– നിർമ്മിതിയുടെ പ്രയോജനത്വം എല്ലാ ഉപഭോക്താക്കൾക്കും ലഭിക്കണം, പ്രവർത്തനത്തെ സംബന്ധിച്ച കാര്യങ്ങളിൽ വിട്ടുവീഴ്ച്ച പാടില്ല
  • സൗന്ദര്യാഌഭൂതി– ദർശനമാത്രേ ജനങ്ങളുടെ മനസ്സിന് ആനന്ദം നൽകാൻ കഴിയുന്നവായിരിക്കണം, ഓരോ മികച്ച നിർമ്മിതിയും.

വാസ്തുവിദ്യയിലെ ആധുനിക ആശയങ്ങൾ[തിരുത്തുക]

19ആം നൂറ്റാണ്ടിലെ പ്രശസ്ത വാസ്തുശില്പി ലൂയിസ് സള്ളിവെൻ മുന്നോട്ടുവെച്ച ആകൃതി ആവശ്യത്തെ അനുഗമിക്കുന്നു(Form follows function) എന്ന ആശയം, ആധുനികവാസ്തുവിദ്യയിലെ ഏറ്റവും അടിസ്ഥാനമായ തത്ത്വമായ് കണക്കാക്കുന്നു

20ആം നൂറ്റാണ്ടായപ്പോഴേക്കും മറ്റൊരു സുപ്രധാന ആശയവും വാസ്തുശില്പികൾക്കിടയിൽ ശ്രദ്ധനേടി: സുസ്ഥിരത. കെട്ടിടത്തിന്റെ ധർമ്മത്തെയും, ഘടനയെയും പോലെത്തന്നെ സുസ്ഥിരതയും പ്രാധാന്യം നേടി. നിർമ്മാണ സാമഗ്രികൾ, നിർമ്മാണ രീതികൾ എന്നിവയെല്ലാം പാരിസ്ഥിതിക സൗഹാർദ്ദത ഉറപ്പുവരുത്തേണ്ട ഒന്നായ് മാറി. നിർമ്മിതികൾ പരിസ്ഥിതിയിൽ സൃഷ്ടിക്കുന്ന ആഘാതങ്ങളും അവലോകന വിഷയമായ് തീർന്നു.

ചരിത്രം[തിരുത്തുക]

വാസ്തുവിദ്യയുടെ ചരിത്രത്തിനു മനുഷ്യനോളം പഴക്കമുണ്ട്. ഈജിപ്തിലെയും മറ്റു പുരാതന യൂറോപ്യൻ രാജ്യങ്ങളിലെയും നാഗരികതയുടെ ഉടലെടുക്കലോടെയാണ് വാസ്തുവിദ്യയും വാസ്തുവിദ്വാനും സജീവമാകുന്നത്. അന്നത്തെ രാജാക്കന്മാർക്കിടയിൽ സംഗീതജ്ഞനെക്കാൾ വാസ്തു വിദ്വാനയിരുന്നു ആവശ്യകത കൂടുതൽ.

തദ്ദേശീയ വാസ്തുവിദ്യയുടെ ഉത്ഭവം[തിരുത്തുക]

ആവശ്യങ്ങളും (അഭയം, സുരക്ഷിതസ്ഥാനം, ആരാധനാകേന്ദ്രം ഇത്യാദി) ഉപാധികളുമാണ് (നിർമ്മാണവസ്തുകളുടെ ലഭ്യത, നിർമ്മാണശൈലി, നിർമ്മാണ നൈപുണ്യം തുടങ്ങിയവ) ആദ്യ കാലങ്ങളിൽ കെട്ടിടങ്ങളുടെ നിർമ്മാണത്തിന് കാരണഭൂതമായത്. മനുഷ്യകുലത്തിനുണ്ടായ സാംസ്കാരിക ഉന്നമനവും, വിഞ്ജാനവും കെട്ടിടനിർമ്മാണത്തെ വൈദഗ്‌ദ്ധ്യവും കരകൗശലവും സമ്മേളിക്കുന്ന ഒരു മേഖലയാക്കി മാറ്റി. പ്രാദേശികമായ് ലഭിക്കുന്ന നിർമ്മാണ സാമഗ്രികൾ പ്രയോജനപ്പെടുത്തിയുള്ള കെട്ടിടനിർമ്മാണമാണ് പിന്നീട് പ്രാദേശിക വാസ്തുവിദ്യക്ക് തുടക്കം കുറിച്ചത്. അപ്രകാരം ലോകത്തിലെ ഓരോ പ്രദേശത്തിനും അതിന്റേതായ തനതു വാസ്തുശൈലി കരസ്ഥമായ്.

The three main Pyramids at Gizeh are shown rising from the desert sanആധുനികh three smaller pyramids in front of them
ഗിസയിലെ പിരമിഡുകൾ

പ്രാചീന വാസ്തുവിദ്യ[തിരുത്തുക]

ഈജിപ്റ്റ്, മെസപ്പൊട്ടേമിയ തുടങ്ങിയ പ്രാചീന സംസ്കാരങ്ങളിലെല്ലാം വാസ്തുവിദ്യയിലും നാഗരികതയിലും അവരവരുടെ വിശ്വാസങ്ങളും, ആദ്ധ്യാത്മികമായ കാര്യങ്ങളും, സംസ്കാരവും സ്പഷ്ടമായി പ്രതിഫലിച്ചിരുന്നു. ഈജിപ്റ്റിലെ പിരമിഡുകളും മെസൊപൊട്ടേമിയയിലെ സിഗുറെറ്റുകളും ഇതിനുദാഹരണമാണ്. കൂടാതെ പ്രാചീന സംസ്കാരങ്ങളിലെ വാസ്തുസൃഷ്ടികൾ സ്മാരകത്വത്തെ അവലംബിക്കുന്നതും ഭരണാധികാരികളുടെ രാഷ്ട്രീയ ശക്തിയെ പ്രതീകവൽക്കരിക്കുന്നതും രാഷ്ട്രത്തിന്റെ സാമൂഹികവും സാംസ്കാരികവുമായ അവസ്ഥയെ വിളിച്ചോതുന്നതുമായിരുന്നു.

അതേസമയം യവന- റോമൻ വാസ്തുവിദ്യകൾ പൗരസംബന്ധിയായ ആദർശങ്ങളിൽ നിന്ന് പരിണമിച്ചുണ്ടായതാണ്, മതപരമായ വിശ്വാസങ്ങൾക്കും സാമ്രാജ്യത്വത്തിനും ഇവിടങ്ങളിലെ വാസ്തുവിദ്യകളിൽ അത്യധികം സ്വാധീനം ചെലുത്താൻ കഴിഞ്ഞില്ല.എന്നിരുന്നാലും ക്ഷേത്രങ്ങളും കൊട്ടാരങ്ങളും ഇവർ നിർമ്മിച്ചിരുന്നു. ഏതൻസിലെ പാർഥിനോൺ ക്ഷേത്രം ഇന്ന് പൗരാണിക ഗ്രീക്ക് വാസ്തുവിദ്യയുടെ മകുടോദാഹരണമായി വർത്തിക്കുന്നു.

വാസ്തുസംബന്ധിയായ കൃതികളും ലേഖനങ്ങളും പ്രാചീനകാലം മുതൽക്കേ എഴുതപ്പെട്ടിരുന്നു. ഇത്തരം പ്രമാണങ്ങൾ വാസ്തുനിർമ്മാണത്തിൽ പാലിക്കേണ്ട നിയമങ്ങളേയും പൊതു നിർദ്ദേശങ്ങളേയും ഉൾക്കൊള്ളുന്നവയായിരുന്നു. ക്രിസ്തുവിനുമുൻപ് ഒന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന വിട്രൂവിയസ് എന്ന വാസ്തുശില്പിയുടെ സാമാന്യ നിയമങ്ങളുടെ സംഗ്രഹം ഇത്തരത്തിലൊന്നാണ്.

സാഞ്ചിയിലെ മഹാസ്തൂപം
ഹെറാത്തിലെ വെള്ളിയാഴ്ചനമസ്കാരപ്പള്ളി

വാസ്തുവിദ്യ ഏഷ്യയിൽ[തിരുത്തുക]

ചൈനയിലെ കവോ ഗോങ് ജി, ഇന്ത്യയിലെ വാസ്തുശാസ്ത്രം തുടങ്ങിയവയാണ് വാസ്തുവിദ്യയെ സംബന്ധിക്കുന്ന ഏഷ്യൻ നിയമസംഹിതകൾ. യൂറോപ്പിൽനിന്നും വിഭിന്നമായാണ് ഏഷ്യൻ വാസ്തുവിദ്യയുടെ വികാസം. ബുദ്ധ-ഹൈന്ദവ-ജൈന-സിഖ് നിർമ്മിതികളാണ് ഏഷ്യൻ വാസ്തുവിദ്യയുടെ മുഖമുദ്ര. ഇവ ഓരോന്നും വ്യത്യസ്തമായ പ്രത്യേകതകൾ പുലർത്തിയിരുന്നു. ബുദ്ധവാസ്തുവിദ്യയിൽ പ്രാദേശികമായ വ്യത്യാസങ്ങൾ പ്രകടമായിരുന്നു. അനേകം സ്തൂപങ്ങളും, പഗോഡകളും ഇവർ ഏഷ്യയൊട്ടാകെ നിർമിച്ചു. പുരാതന ഏഷ്യൻ നിർമ്മിതികളിൽ ഭൂരിഭാഗവും നൈസ്സർഗിക ഭൂപ്രകൃതിയോട് ഇണങ്ങും വിധം രൂപകല്പന ചെയ്തവയാണ്.

ഹൈന്ദവ ക്ഷേത്ര വാസ്തുവിദ്യ[തിരുത്തുക]

ഹൈന്ദവക്ഷേത്രങ്ങളുടെ വാസ്തുവിദ്യയെ രണ്ടായി തിരിക്കാം. ദ്രാവിഡശൈലി എന്നും ഉത്തരേന്ത്യൻ ശൈലി എന്നും. അലങ്കാരങ്ങൾക്കും കൊത്തുപണികൾക്കും ഹിന്ദുക്ഷേത്രങ്ങളിൽ വളരെ വലിയ സ്ഥാനം കല്പിച്ചിരുന്നു. ക്ഷേത്രഗോപുരങ്ങളും മറ്റും അലങ്കരിക്കുവാൻ ദേവീ ദേവന്മാർ, പക്ഷിമൃഗാദികൾ, മാനവർ, ദാനവർ തുടങ്ങിയ ശില്പങ്ങൾ ഉപയോഗിച്ചിരുന്നു. ആയതിനാൽ വാസ്തുവിദ്യയോടനുബന്ധിച്ചുതന്നെ ശില്പകലയും വികാസം പ്രാപിച്ചു. ഖജുരാഹോ, മധുര മീനാക്ഷി എന്നീ ക്ഷേത്രങ്ങളിലെ ശില്പങ്ങൾ ലോകപ്രശസ്തമാണ്. വാസ്തുശാസ്ത്രം അനുശാസിക്കുന്ന നിയമങ്ങൾ അനുസരിച്ചാണ് ഹൈന്ദവക്ഷേത്രങ്ങൾ നിർമ്മിക്കുന്നത്.

ഇസ്ലാമിക വാസ്തുവിദ്യ[തിരുത്തുക]

ക്രിസ്ത്വബ്ദം ഏഴാം നൂറ്റാണ്ടിലാണ് ഇസ്ലാമിക വാസ്തുവിദ്യയുടെ ഉദ്ഭവം. പ്രാചീന മദ്ധ്യപൂർവേഷ്യൻ വാസ്തുവിദ്യയുടേയും ബൈസാന്റൈൻ വാസ്തുവിദ്യയുടെയും മിശ്രരൂപമായിരുന്നു ആദ്യകാലങ്ങളിൽ ഇസ്ലാമിക വാസ്തുവിദ്യ. മതം വാസ്തുവിദ്യയെ വളരെയേറെ സ്വാധീനിച്ചിരുന്നു എന്ന് നിസ്സംശയം പറയാം. മദ്ധ്യപൂർവേഷ്യ, സ്പെയിൻ, ഉത്തര ആഫ്രിക്ക, ഇന്ത്യ എന്നിവിടങ്ങളിൽ എല്ലാം ഇസ്ലാമികവാസ്തുവിദ്യയുടെ പ്രൗഢിവിളിച്ചോതുന്ന നിർമ്മിതികൾ ധാരാളാമാണ്.

ഫ്രാൻസിലെ നോത്ര ദാം കത്തീഡ്രൽ; ഫ്രഞ്ച് ഗോതിക് ശൈലിയിലാണ് ഇത് പണിതിരിക്കുന്നത്

മദ്ധ്യകാല വാസ്തുവിദ്യ[തിരുത്തുക]

മദ്ധ്യകാലഘട്ടത്തിലെ വാസ്തുശില്പികളെ കുറിച്ചുള്ള വിവരങ്ങൾ വിരളമാണെങ്കിലും ഈ കാലഘട്ടത്തിലെ നിർമ്മിതികൾ അനേകമാണ്. മതപരമായ കെട്ടിടങ്ങളായിരുന്നു ഇവയിൽ അധികവും.

നവോത്ഥാനകാല വാസ്തുവിദ്യ (Renaissance Architecture)[തിരുത്തുക]

ക്രി.വ 1700കളിലാണ് യൂറോപ്പിൽ നവോത്ഥാനകാലഘട്ടം ആരംഭിക്കുന്നത്. വാസ്തുവിദ്യ യുടെ ചരിത്രത്തിലെ സുവർണ്ണനാളുകളായിരുന്നു ഇത്. ഫില്ലിപ്പോ ബ്രണൽസ്കി, ആൽബർട്ടി, മൈക്കളാഞ്ചലോ, ആന്ദ്രേയ പല്ലാഡിയൊ തുടങ്ങിയ പ്രശസ്ത വാസ്തുശില്പികൾ ഈ കാലഘട്ടത്തിലാണ് ജീവിച്ചിരുന്നത്. ശില്പി, വാസ്തുവിദ്വാൻ, യന്ത്രഞ്ജൻ എന്നിവരെ വേർത്തിരിക്കുന്ന ഒരു രേഖയും നവോത്ഥാനകാലത്ത് ഉണ്ടായിരുന്നില്ല.

പ്രമാണയോഗ്യമായ വാസ്തുവിദ്യയുടെ പുനരുത്ഥാനം ശാസ്ത്രവുമായ് സംജോജിച്ചായിരുന്നു എന്നത് മറ്റൊരു പ്രത്യേകത. അതുവരെ കെട്ടിടനിർമ്മാണത്തിന് അനുവർത്തിച്ചുപോന്നിരുന്ന അനുപാതങ്ങളിലും, കെട്ടിടങ്ങളുടെ ഘടനയിലും ഇത് പരിവർത്തനം സൃഷ്ടിച്ചു. സംരചനാശാസ്ത്ര സംബന്ധിയായ ഗണിതക്രിയകൾ കലാകാരന്മാർക്കുപോലും അറിയാമായിരുന്ന നവോത്ഥാനകാലത്ത് സൃഷ്ടിക്കപെട്ട ശില്പങ്ങളും ചിത്രങ്ങളും കെട്ടിടങ്ങളെപോലെതന്നെ പ്രശസ്തിയാർജ്ജിച്ചവയാണ്

ആധുനിക വാസ്തുവിദ്യ(Modern architecture)[തിരുത്തുക]

പ്രധാന ലേഖനം: ആധുനിക വാസ്തുവിദ്യ
കോലാലമ്പൂറിലെ പെട്രോണാസ് ഇരട്ട ഗോപുരങ്ങൾ, 1998 മുതൽ 2004ൽതായ്പെയ് 101ന്റെ നിർമ്മാണം തീരുന്നത് വരെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം ഇതായിരുന്നു

ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭകാലങ്ങളിൽ വാസ്തുവിദ്യാ സിദ്ധാന്തങ്ങളും ശാസ്ത്രസാങ്കേതികവിദ്യയും ഇടകലർന്നപ്പോഴാണ് ആധുനിക വാസ്തുവിദ്യ (Modern architecture) രൂപം കൊള്ളുന്നത്. രണ്ടാം ലോകമഹായുദ്ധത്തിനുശേഷമാണ് ആധുനിക വാസ്തുവിദ്യ കൂടുതൽ പ്രശസ്തിയാർജ്ജിച്ചത്. തുടർന്ന് 21ആം നൂറ്റാണ്ടിൽ നിർമ്മിക്കപെട്ട വ്യാപാര, സഹകരണ ആവശ്യങ്ങൾക്കായുള്ള പല മന്ദിരങ്ങളുടെയും നിർമ്മാണശൈലി ആധുനികരീതിയിലായിരുന്നു. കെട്ടിടങ്ങളുടെ ആകൃതിയിലെ ലാളിത്യവും ഘടനയെ അടിസ്ഥാനമാക്കിയുള്ള നിർമ്മിതികളുമാണ് ആധുനിക വാസ്തുവിദ്യ എന്ന വാസ്തുകലാപ്രസ്ഥാനത്തിന്റെ പ്രധാന മുഖമുദ്ര. എല്ലാറ്റിനും ഉപരിയായ വാസ്തുവിദ്യാ പ്രസ്ഥാനമായും ആധുനിക വാസ്തുവിദ്യയെ കണക്കാക്കുന്നു. ആധുനിക വാസ്തുവിദ്യയുടെ നിർവചനവും വ്യാപ്തിയും ദേശവ്യാപകമായി വ്യത്യാസപ്പെടുന്ന ഒന്നാണ്.

വാസ്തുവിദ്യ ഇന്ന്[തിരുത്തുക]

1980-കളോടെ കെട്ടിട നിർമ്മാണത്തിലെ സങ്കീർണ്ണത വർധിക്കുകയും(ഘടനാ വ്യവസ്ഥ, ഊർജ്ജോപയോഗം, സേവനങ്ങൾ തുടങ്ങിയവയിൽ) വാസ്തുവിദ്യ എന്നത് വിവിധ ശാസ്ത്രശാഖകളുമായ് അഭേദ്യം ബന്ധപ്പെട്ടിരിക്കുന്ന ഒന്നായി തീരുകയും ചെയ്തു. വലിയ കെട്ടിടങ്ങളുടെ രൂപകല്പനയ്ക്ക് മുന്നോടിയായ പ്രക്രിയകൾ അതീവ സങ്കീർണമാകുകയും കൂടാതെ, ഈട്, സുസ്ഥിരത, ഗുണം, നിർമ്മാണ ചിലവ്, പ്രാദേശിക കെട്ടിട നിർമ്മാണ നിയമങ്ങൾ തുടങ്ങിയ വസ്തുതകളെ കുറിച്ചുള്ള പഠനവും അനിവാര്യമായ് തീർന്നു. ഒരു വലിയ നിർമ്മിതി ഒരു വ്യക്തിയുടെ എന്നതിൽനിന്നും ഒരുകൂട്ടം ആളുകളുടെ പ്രവർത്തനഫലമായ് രൂപംകൊള്ളുന്നതായ് മാറി.

വാസ്തുവിദ്യയെ സംബന്ധിച്ചിടത്തോളം പാരിസ്ഥിതികമായുള്ള സുസ്ഥിരത ഒരു പ്രധാന വിഷയമായിരുന്നു. ഹരിത മേൽക്കൂരകൾ, പരിസ്ഥിതിക്ക് അധികം ആഘാതം സൃഷ്ടിക്കാത്ത നിർമ്മാണ സാമഗ്രികൾ, കെട്ടിടത്തിന്റെ ഊർജ്ജോപഭോഗ സാധ്യതകൾ തുടങ്ങിയവ കൂടുതൽ ആളുകളുടെ ശ്രദ്ധയാകർഷിച്ചു. വാസ്തുകലാ വിദ്യാലയങ്ങളിലും ഈ ചിന്താധാര പരിസ്ഥിതിയോടിണങ്ങിയ വാസ്തുസൃഷ്ടികളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുവാൻ കാരണമായി. സുസ്ഥിര വാസ്തുവിദ്യ എന്ന ആശയത്തിന് ഫ്രാങ്ക് ലോയ്ഡ് റൈറ്റാണ് വഴിയൊരുക്കിയത്.[7]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. http://www.gov.ns.ca/legislature/legc/bills/60th_1st/3rd_read/b115.htm
  2. English English Malayalam Dictionary by T Ramalingam Pillai
  3. Banister Fletcher, A History of Architecture on the Comparative Method
  4. D. Rowland – T.N. Howe: Vitruvius. Ten Books on Architecture. Cambridge University Press, Cambridge 1999, ISBN 0-521-00292-3
  5. Translated by Henry Wotton, in 1624, as "firmness, commodity and delight" [1]
  6. "Vitruvius". Penelope.uchicago.edu. ശേഖരിച്ചത്: 2011-07-02.
  7. vastu shastra in flats

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വാസ്തുവിദ്യ&oldid=2616687" എന്ന താളിൽനിന്ന് ശേഖരിച്ചത്