Jump to content

പുരാവസ്തുശാസ്ത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(പുരാവസ്തുഗവേഷണം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്പെയിനിലെ ടാപ്യുർക പർവ്വതത്തിൽ നിന്നും പുരാവസ്തുക്കൾ ശേഖരിക്കുന്നു; 2008-ലെ ചിത്രം

മൺമറഞ്ഞു പോയ നമ്മുടെ ഭൂതകാലത്തെക്കുറിച്ച് ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിൽ പഠിക്കുന്ന ശാസ്ത്രമേഖലയാണ് പുരാവസ്തുശാസ്ത്രം. സംസ്കാരങ്ങളുടെ അവശേഷിപ്പുകളെ കണ്ടെത്തുകയും പിന്നീട് ഖനനം ചെയ്ത് കൂടുതൽ തെളിവുകൾ ശേഖരിക്കുകയും അതിനെ പഠനവിധേയമാക്കുകയുമാണ് പുരാവസ്തുഗവേഷകർ ചെയ്യുന്നത്.

പുരാതനമനുഷ്യസംസ്കാരങ്ങളുടെ ആരംഭവും അവ കൈവരിച്ച പുരോഗതിയും രേഖപ്പെടുത്തലും വിശദീകരിക്കലും, സംസ്കാരങ്ങളുടെ ചരിത്രം മനസ്സിലാക്കൽ, അവയുടെ പരിണാമദശകളുടെ കാലഗണന, അതിപുരാതനവും പുരാതനവുമായ സമൂഹങ്ങളിലെ മനുഷ്യസ്വഭാവത്തെക്കുറിച്ചും അവൻ ജീവിച്ചിരുന്ന പരിസ്ഥിതികളെക്കുറിച്ചും പഠിയ്ക്കൽ, എന്നിവയാണ് പുരാവസ്തുശാസ്ത്രത്തിന്റെ ചില ലക്ഷ്യങ്ങൾ.

പുരാവസ്തുഅവശേഷിപ്പുകൾ ഉള്ള ഭൂപ്രദേശങ്ങൾ തിരയുന്നതും, കണ്ടെത്തിയ പ്രദേശങ്ങൾ ഖനനം ചെയ്തു കൂടുതൽ തെളിവുകൾ ശേഖരിക്കുകയും, അവയെ തരംതിരിയ്ക്കുന്നതും, വിശകലനവിധേയമാക്കുന്നതും, സംരക്ഷിയ്ക്കുന്നതും എല്ലാം പുരാവസ്തുഗവേഷണത്തിന്റെ വിവിധഘട്ടങ്ങളാണ്. ഇവയെല്ലാം അറിവിന്റെ വളരെ പ്രധാനപ്പെട്ട ഉറവിടങ്ങളാണ്. വളരെ വിശാലമായ പഠനമേഖലയുള്ളതിനാൽ തന്നെ ഈ ശാസ്ത്രവിഭാഗം മറ്റു പല ശാസ്ത്രശാഖകളുമായി കോർത്തിണക്കപ്പെട്ടിരിക്കുന്നു. ആന്ത്രോപ്പോളജി, ചരിത്രം, കലയുടെ ചരിത്രം, ക്ലാസിക്കുകൾ, എതനോളജി, ഭൂമിശാസ്ത്രം, ഭൂഗർഭശാസ്ത്രം, ഭാഷാശാസ്ത്രം, ഭൗതികശാസ്ത്രം, വിവരസാങ്കേതികശാസ്ത്രങ്ങൾ, രസതന്ത്രം, സ്റ്റാറ്റിസ്റ്റിക്സ്, പാലിയോഇക്കോളജി, പാലിയെന്റോളജി, പാലിയോസുവോളജി, പാലിയോഎതനോബോട്ടണി, പാലിയോബോട്ടണി.

പുരാവസ്തുശാസ്ത്രത്തിന്റെ ചരിത്രം

[തിരുത്തുക]
Gilt-metal and jade-inlaid pot. Qianlong reign in the Qing dynasty of China (c. 1700)

ജനനവും നിർവ്വചനങ്ങളും

[തിരുത്തുക]

പണ്ടുമുതലേ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ, പഴക്കമുള്ള കൌതുകവസ്തുക്കൾ (പുരാവസ്തുക്കൾ) ശേഖരിയ്ക്കുന്ന സ്വഭാവം ചിലർക്കുണ്ടായിരുന്നു, അതുപോലെ ലാറ്റിൻ ഭാഷയും പുരാതനഗ്രീക്കുഭാഷയും പഠിയ്ക്കുവാൻ കാണിച്ചിരുന്ന താല്പര്യവും. സ്വാഭാവികമായി ഈ കൌതുകങ്ങൾ ചരിത്രവുമായി ബന്ധപ്പെട്ടു കിടന്നു. ലോകത്തിലെ ആദ്യത്തെ പുരാവസ്തുഗവേഷകരിൽ ഒരാളായി കണക്കാക്കുന്നതു് ഫ്ലാവിയോ ബിയോണ്ടോ (1392–1463) എന്ന ഇറ്റാലിയൻ നവോത്ഥാനചരിത്രകാരനെയാണു്. യൂറോപ്പിൽ 17-ഉം 18-ഉം നൂറ്റാണ്ടുകളിലാണു് ഒരു ശാസ്ത്രമെന്ന നിലയിലുള്ള പുരാവസ്തുഗവേഷണത്തിന്റെ മുന്നേറ്റം ഉണ്ടായത്.

പുരാവസ്തുക്കളോടുള്ള താല്പര്യം തന്നെയാണ് പുരാതനചൈനയിലും ഈ ശാസ്ത്രമേഖലയുടെ പുരോഗതിയ്ക്കു കാരണമായത്, പ്രത്യേകിച്ചും, ഉന്നതപഠനം നിർവ്വഹിച്ച മുഖ്യ സർക്കാർ ഉദ്യോഗസ്ഥർക്ക് രാജ്യത്തിന്റെ പുരാതന ആചാരങ്ങൾ തിരിച്ചുകൊണ്ടുവരുന്നതിനുണ്ടായിരുന്ന താല്പര്യം. തന്റെ സമകാലീനരുടെ ഇത്തരം പരിശ്രമങ്ങളെ ഷെൻ കുവോ‌‌‌‌‌‌ (1031–1095) വിമർശിച്ചിരുന്നു. പഴയകാലങ്ങളിലെ നിർമ്മാണരീതികളെക്കുറിച്ചും പ്രവർത്തനശൈലികളെക്കുറിച്ചും പഠിയ്ക്കുകയാണ് പുരാവസ്തുശാസ്ത്രജ്ഞന്മാർ ചെയ്യേണ്ടതെന്നു് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. കൂടാതെ ഈ പഠനങ്ങൾ മറ്റു ശാസ്ത്രശാഖകളുമായി കോർത്തിണക്കിവേണം നടത്തേണ്ടതെന്നും അദ്ദേഹം നിർദ്ദേശിച്ചു. ഷെൻ കുവോ കാണിച്ചപോലുള്ള അതേ ഗൗരവത്തോടെ ഈ ശാസ്ത്രത്തെ സമീപിച്ചവരും ഉണ്ടായിരുന്നു; ഉദ്യോഗസ്ഥനും, കവിയും, ചരിത്രകാരനും പ്രബന്ധകാരനുമായ ഔയാങ് ക്സിയു (1007-1072), പുരാതനമായ കല്ലുകളിലും ഓടിലുമെല്ലാം കണ്ടിരുന്ന വരകളും കുറികളുമെല്ലാം സമാഹരിച്ച് അപഗ്രഥനസ്വഭാവമുള്ള ഒരു നാമാവലി തയ്യാറാക്കി. ഇത് ശിലാലിഖിതപഠനമേഖലയിലെയും പുരാവസ്തുഗവേഷണത്തിലെയും ആദ്യപ്രവർത്തനങ്ങളായി കണക്കാക്കാം.

പുരാവസ്തുശാസ്ത്രത്തിന്റെ ഒരു പ്രധാനഭാഗമായ ഈജിപ്തോളജിയോടൊപ്പമാണ് (മധ്യകാല ഇസ്ലാം ഈജിപ്തിനെക്കുറിച്ചുള്ള പഠനം) മദ്ധ്യപൂർവ്വേഷ്യയിൽ പുരാവസ്തുശാസ്ത്രം തുടങ്ങിയതെന്ന് പറയാം. അക്കാലത്ത് പുരാതന ഈജിപ്തിലെ സംസ്കാരത്തെക്കുറിച്ചു പഠിയ്ക്കുന്നതിനായി മുസ്ലിം ചരിത്രകാരന്മാർ ശ്രമിച്ചു. ഒമ്പതാം നൂറ്റാണ്ടിൽ ദുൽ-നൺ അൽ-മിസ്രി, ഇബൻ വഹ്ഷിയ്യ എന്ന രണ്ടുപേരാണു് ഈജിപ്തിലെ പുരാതന ചിത്രലിപികൾ (ഹിറോഗ്ലിഫ്സ്) വായിച്ചെടുക്കുന്നതിനു വേണ്ടി ആദ്യത്തെ ശ്രമങ്ങൾ നടത്തിയത്. ഈ ചിത്രലിപികളിൽ എഴുതപ്പെട്ടിരിയ്ക്കുന്നത് ഭാഗികമായെങ്കിലും മനസ്സിലാക്കുവാൻ അവർക്ക് സാധിച്ചു. അവരുടെ കാലത്തെ കോപ്റ്റിക് പുരോഹിതന്മാർ ഉപയോഗിച്ചിരുന്ന, പതിനേഴാം നൂറ്റാണ്ടുവരെ ഈജിപ്തിൽ നിലവിലുണ്ടായിരുന്ന കോപ്റ്റിക് ഭാഷയുമായി ബന്ധപ്പെടുത്തിക്കൊണ്ടാണ് അവർ അത്രയും സാധിച്ചെടുത്തത്. പതിമൂന്നാം നൂറ്റാണ്ടിൽ കെയ്റോയിലെ അൽ-അഷർ സർവ്വകലാശാലയിലെ അദ്ധ്യാപകനായിരുന്ന അബ്ദുൾ ലത്തീഫ് അൽ-ബാഗ്ദാദി, ഈജിപ്തിലെ പുരാതനസ്മാരകങ്ങളെക്കുറിച്ച് വിശദമായ വിവരണങ്ങൾ എഴുതി. അതുപോലെ 15-ാം നൂറ്റാണ്ടിൽ ഈജിപ്ഷ്യൻ ചരിത്രകാരനായ അൽ-മാക്രിസി ഈജിപ്തിലെ പുരാവസ്തുക്കളെക്കുറിച്ചു് വിശദമായി എഴുതുകയുണ്ടായി.

വടക്കേ അമേരിയ്ക്കയിൽ പുരാവസ്തുശാസ്ത്രം, നരവംശശാസ്ത്രത്തിന്റെ നാലു വിഭാഗങ്ങളിൽ ഒന്നു മാത്രമാണ്. സാംസ്ക്കാരിക നരവംശശാസ്ത്രം (സചേതന സംസ്ക്കാരങ്ങളെക്കുറിച്ചും സമൂഹങ്ങളെക്കുറിച്ചുമുള്ള പഠനം), ഭാഷാശാസ്ത്രം (ഭാഷയെക്കുറിച്ചും ഭാഷയുടെ ജനനത്തെക്കുറിച്ചും ഭാഷാസഞ്ചയങ്ങളെക്കുറിച്ചുമുള്ള പഠനം), ഭൌതികനരവംശശാസ്ത്രം (മനുഷ്യന്റെ പരിണാമത്തെക്കുറിച്ചും ദൗതികവും ജനിതകവുമായ സവിശേഷതകളെക്കുറിച്ചും പഠിയ്ക്കുന്ന ശാസ്ത്രം) എന്നിവയാണ് മറ്റു മൂന്നു വിഭാഗങ്ങൾ.

1589-ൽ, ജോസ് ഡി അകോസ്റ്റ, Historia Natural y Moral de las Indias പ്രസിദ്ധീകരിയ്ക്കുകയുണ്ടായി. ഈ പുസ്തകത്തിൽ അദ്ദേഹം, മറ്റു പലതിന്റെയും കൂട്ടത്തിൽ, തദ്ദേശീയരായ അമേരിക്കക്കാരുടെ ഉത്ഭവത്തെക്കുറിച്ചും ചർച്ച ചെയ്യുന്നുണ്ട്.

ആധുനിക പുരാവസ്തുശാസ്ത്രം

[തിരുത്തുക]

അഭിവൃദ്ധിപ്പെട്ടുകൊണ്ടിരിയ്ക്കുന്ന ആധുനികവത്കരണത്തിന്റെ കൂടി ചരിത്രമാണ്. പുരാവസ്തുശാസ്ത്രത്തിന്റേത്, പരിശോധിയ്ക്കുന്ന സ്ഥലത്തു നിന്നു പരമാവധി വിവരങ്ങൾ കണ്ടെത്തുന്നതിന്, കൂടുതൽ കൂടുതൽ സങ്കേതികരീതികൾ ഇപ്പോൾ ഉപയോഗിച്ചു വരുന്നു.

ആയിരക്കണക്കിനു വർഷങ്ങൾക്കു മുൻപേ തന്നെ പുരാതനസ്മാരകങ്ങളിൽ ഖനനം നടത്തുകയും കൌതുകവസ്തുക്കൾ ശേഖരിയ്ക്കുകയും ചെയ്യുന്നത് പതിവായിരുന്നു, പക്ഷേ അവ കൂടുതലും വിലപിടിച്ചവയോ കൗതുകമേറിയവയോ ആയ വസ്തുക്കൾ കൈക്കലാക്കുവാനായിരുന്നു.

ആധുനിക പുരാവസ്തുശാസ്ത്രത്തിന്റെ പ്രവാചകനായും സ്ഥാപകനായും കണക്കാക്കപ്പെടുന്നതു് ജോഹൻ ജൊവാഷിം വിൻകെൽമാനെയാണു്. കലയുടേയും വാസ്തുവിദ്യയുടേയും (ഗ്രീസിലെയും റോമിലെയും) ചരിത്രത്തിലെ പരമ്പരാഗതശൈലികളെ ആദ്യമായി പ്രായോഗികമായി വിഭജിച്ചുകൊണ്ടു് വിൻകെൽമാൻ, ആധുനിക ശാസ്ത്രീയ പുരാവസ്തുശാസ്ത്രത്തിന്റെ സ്ഥാപകരിലൊരാളായി.

ആദ്യകാല പുരാവസ്തുഗവേഷകരിൽ ഒരാളാണു് റിച്ചാർഡ് കോൾട്ട് ഹോറെ (1758-1838). യൂറോപ്പിൽ നിന്നു് തനിക്ക് ലഭിച്ച പരിചയത്തിൽ നിന്നു് പ്രചോദിതനായിട്ടായിരിയ്ക്കണം, തോമസ് ജെഫെഴ്സൺ വടക്കേ അമേരിക്കയിലെ ആദ്യത്തെ ശാസ്ത്രവ്യവസ്ഥപ്രകാരമുള്ള പുരാവസ്തുഖനനം നടത്തി. വ്യാപകപ്രശസ്തി നേടിയ ചില ആദ്യ ഈജിപ്തോളജിസ്റ്റുകളിൽ ചിലരാണ് ജീൻ ഫ്രാൻസോയിസ് ഷാംപോള്യോണും ഇപ്പോളിറ്റോ റോസെല്ലിനിയും.

ഭൂതകാലത്തിനെ അതിന്റെ അവശേഷിപ്പുകളിൽ നിന്നു് കണ്ടെടുക്കുന്നതിനു് നേർദിശയിലുള്ള പഠനങ്ങൾ ആരംഭിച്ചത് പത്തൊമ്പതാം നൂറ്റാണ്ടിൽ മാത്രമാണു്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിയോളജിക്കൽ കറസ്പോണ്ടൻസിലെ എഡുവാഡ് ജേഹാഡും മറ്റുള്ളവരും ചേർന്നു്, 1829-ൽ റോമിനെ കണ്ടെടുത്തതാണ് എടുത്തുപറയാവുന്ന ആദ്യകാലപുരോഗതികളിലൊന്ന്. അഗസ്റ്റസ് പിറ്റ് റിവേഴ്സ്, വില്ല്യം ഫ്ലിന്റേഴ്സ് പെട്രി തുടങ്ങി വിദഗ്ദ്ധരും അവിദഗ്ദ്ധരുമായ, വിഷയത്തിൽ തല്പരരായ കുറച്ച് പേരാണ് പുരാവസ്തുശാസ്ത്രത്തിന്റെ പ്രവർത്തനരീതികൾ വികസിപ്പിച്ചെടുത്തത്.

ട്രോയിയിൽ ഹീൻറിച്ച് ഷ്ലീമാൻ നടത്തിയതും ക്രീറ്റിൽ ആർതർ ഇവാൻസ് നടത്തിയതുമായ ഖനനങ്ങളാണ് ഈജിയൻ സംസ്കാരത്തെക്കുറിച്ചുള്ള പഠനങ്ങൾക്ക് പ്രേരകമായത്. മദ്ധ്യഅമേരിക്കയിലെമ്പാടുനിന്നും മയസംസ്കാരത്തിന്റെ പുനർകണ്ടുപിടിത്തം നടത്തുവാൻ കാരണമായ പ്രധാന വ്യക്തി ജോൺ ലോയ്ഡ് സ്റ്റീഫൻസ് ആണ്.

ഇരുപതാംനൂറ്റാണ്ടിൽ മോർട്ടിമർ വീലർ തുടങ്ങിയവരാണു് ഈ പ്രവർത്തനങ്ങൾ മുന്നോട്ടു് കൊണ്ടുപോയതു്. അവരുടെ കൃത്യതയാർന്ന ഖനനരീതികൾ ലഭിയ്ക്കുന്ന തെളിവുകളുടെ നിലവാരം വളരെയധികം ഉയരുന്നതിനു് സഹായിച്ചു.

ഇരുപതാം നൂറ്റാണ്ടിലാണു് അർബൻ ആർക്കിയോളജിയും റെസ്ക്യൂ ആർക്കിയോളജിയും ഉദയം ചെയ്തത്. പുരാവസ്തുഗവേഷണശാസ്ത്രത്തിന്റെ കൈയിൽ ലഭ്യമായ വിവരങ്ങളുടെ അളവു് അതിന്റെ പരമാവധിയിലെത്തി. അധികം അറിയപ്പെടാത്ത ഒരു ശാഖയാണ് ആർക്കിയോആസ്ട്രോണമി, പുരാതനവും പാരമ്പര്യവുമായ ബഹിരാകാശങ്ങളെക്കുറിച്ചുള്ള, സംസ്കാരങ്ങളുമായി ബന്ധപ്പെട്ടുള്ള പഠനമാണു് ഇതു്.

പ്രാധാന്യവും പ്രയോഗവും

[തിരുത്തുക]

ഭൂതകാലത്തെ ജനങ്ങളുടെ അസ്തിത്വവും സ്വഭാവവിശേഷങ്ങളും പഠിയ്ക്കുന്നതിനുള്ള ഏകമാർഗ്ഗം പുരാവസ്തുശാസ്ത്രം മാത്രമാണു്. സഹസ്രാബ്ദങ്ങൾക്കിടയിൽ അനേകായിരം സംസ്കാരങ്ങളും സമൂഹങ്ങളും കോടിക്കണക്കിനു ജനങ്ങളും ജനിച്ചു ജീവിച്ചു മൺമറഞ്ഞുപോയി, പക്ഷേ ഇവയെക്കുറിച്ചു് കാര്യമായ ലിഖിതരേഖകളൊന്നും ഇല്ല, ഉള്ളവ തന്നെ വഴിതെറ്റിയ്ക്കുന്നവയും അപൂർണ്ണവുമാണു്. ബിസി നാലാം സഹസ്രാബ്ദം വരെ എഴുത്തു് മനുഷ്യസംസ്കാരത്തിന്റെ ഭാഗമായിട്ടില്ലായിരുന്നുവെന്നാണു് ഇന്നു് നാം മനസ്സിലാക്കുന്നതു്, സാങ്കേതികമായി പുരോഗമിച്ച താരതമ്യേന വളരെ കുറച്ച് സംസ്കാരങ്ങളിൽ മാത്രം. മനുഷ്യൻ തന്റെ ഇപ്പോഴത്തെ രൂപത്തിൽ ജീവിയ്ക്കാൻ തുടങ്ങിയിട്ടു് അപ്പോഴേയ്ക്കും 200,000 വർഷങ്ങൾ കഴിഞ്ഞിരുന്നുവെന്നു് ഓർക്കണം (മനുഷ്യപരിണാമം വായിയ്ക്കുക). ഈ സംസ്കാരങ്ങളെക്കുറിച്ചാണു് ഏറ്റവും അധികം അറിയാവുന്നതു്, അതും സാഹചര്യങ്ങൾ നിമിത്തം, കാരണം അവ നൂറ്റാണ്ടുകളായി ചരിത്രകാരന്മാരുടെ അന്വേഷണങ്ങൾക്കു് കീഴിലായിരുന്നു. എന്നാൽ അതിപുരാതനസംസ്കാരങ്ങളെക്കുറിച്ചുള്ള പഠനങ്ങൾക്കു് അടുത്തകാലത്തു മാത്രമാണു് തുടക്കമായതു്. സാക്ഷരസമൂഹങ്ങളിൽ പോലും ഒരുപാടു സംഭവങ്ങളും പ്രധാനപ്പെട്ടവയായിരുന്ന പ്രയോഗങ്ങളുമൊന്നും ഔദ്യോഗികമായി രേഖപ്പെടുത്തപ്പെട്ടിട്ടില്ല. മനുഷ്യസംസ്കാരത്തിന്റെ ആദ്യവർഷങ്ങളെക്കുറിച്ചുള്ള എന്തെങ്കിലും വിവരം നമുക്കിന്നുണ്ടെങ്കിൽ – കൃഷിയുടെ ആവിർഭാവവും പുരോഗതിയും, നാടൻ മതങ്ങളുടെ ആചാരാനുഷ്ഠാനങ്ങൾ, ആദ്യത്തെ നഗരങ്ങളുടെ വളർച്ച എന്നിവയെല്ലാം – അതെല്ലാം പുരാവസ്തുഗവേഷണത്തിൽക്കൂടി ലഭിച്ചതു തന്നെ.

ലിഖിതരേഖകൾ ലഭ്യമാകുന്ന അവസരങ്ങളിൽ പോലും, പലപ്പോഴും അവ അപൂർണ്ണമോ ശങ്കയില്ലാതവണ്ണം പക്ഷപാതപൂർണ്ണവുമോ ആയിട്ടാണു് കണ്ടുവരുന്നതു്. ഒട്ടുമിക്ക സമൂഹങ്ങളിലും, എഴുത്തുംവായനയും പുരോഹിതർ, കോടതിയിലേയോ ക്ഷേത്രത്തിലേയോ ഉദ്യോഗസ്ഥർ തുടങ്ങി ഏതാനും ഉയർന്ന ജാതികൾക്കിടയിൽ മാത്രമായി ഒതുങ്ങിയിരുന്നു. ഭരണവർഗ്ഗത്തിന്റെ സാക്ഷരത പലപ്പോഴും കരാറുകൾ തയ്യാറാക്കുന്നതിൽ ഒതുങ്ങിനിന്നു. ഉയർന്നജാതിക്കാരുടെ താല്പര്യങ്ങളും ലോകദർശനവും മിക്കപ്പോഴും പൊതുജനങ്ങളുടേതിൽ നിന്നും തികച്ചും വ്യത്യസ്തമായിരിയ്ക്കും. സാധാരണ ജനങ്ങളുടെ പ്രതിനിധ്യം ഏറെയുള്ള സാഹിത്യം ഗ്രന്ഥശേഖരങ്ങളിൽ കയറിക്കൂടുകയും സംരക്ഷിയ്ക്കപ്പെടുകയും ഉണ്ടാവുക എന്നതു് ഏതാണ്ടു് സാധ്യതയില്ലാത്ത കാര്യങ്ങളാണു്. അതിനാൽ, എഴുതപ്പെട്ട രേഖകൾ പക്ഷപാതിത്വം, ഊഹങ്ങൾ, മൊത്തം ജനസംഖ്യയുടെ വളരെ ചെറിയൊരു അംശം മാത്രം വരുന്ന ഒരു സംഘം ആളുകളുടെ സംസ്കാരിക മൂല്യങ്ങളും അസത്യങ്ങളും എന്നിവ അടങ്ങിയവയായിരിയ്ക്കുവാൻ ഇടയുണ്ടു്. അതിനാൽ, ചരിത്രത്തിന്റെ ഏകസ്രോതസ്സായി എഴുതപ്പെട്ട രേഖകളെ പരിഗണിയ്ക്കുവാൻ കഴിയുകയില്ല. ചരിത്രം ബാക്കിവെച്ചിട്ടു പോയ ഭൌതികാംശങ്ങളാണു് പൊതുസമൂഹത്തിനെ കുറേക്കൂടി ന്യായമായി പ്രതിനിധീകരിയ്ക്കുന്നതു്, അതിനും അതിന്റേതായ അകൃത്യതകളുണ്ടു്, മാതൃകകളെടുക്കുന്നതിൽ വരുന്ന പക്ഷപാതിത്വവും അവയുടെ സംരക്ഷണത്തിൽ ഏർപ്പെട്ട വൈവിധ്യങ്ങളും.

അവയുടെ ശാസ്ത്രീയപ്രാധാന്യം കൂടാതെ, പുരാവസ്തുക്കൾക്കു് ചിലപ്പോൾ അവയുടെ പൈതൃകാവകാശികൾക്കിടയിൽ രാഷ്ട്രീയമോ സാംസ്കാരികമോ ആയ പ്രാധാന്യവും, പുരാവസ്തുശേഖരങ്ങളുടെ ഉടമസ്ഥർക്കിടയിൽ സാമ്പത്തികലക്ഷ്യങ്ങളോ അല്ലെങ്കിൽ ശുദ്ധമായ സൌന്ദര്യാകർഷണമോ ഒക്കെ കൈവന്നേക്കാം. ഭൂതകാലത്തിന്റെ പുനർനിർമ്മാണം എന്നതിനേക്കാൾ ചില ആളുകൾക്കു് പുരാവസ്തുഗവേഷണം എന്നതു് സുന്ദരമോ മതപരമോ രാഷ്ട്രീയമോ സാമ്പത്തികമോ ആയ നിധികൾ കുഴിച്ചെടുക്കുന്ന ഒരു പ്രക്രിയ മാത്രമാണു്.

പ്രചാരം നേടിയ പല സാഹിത്യകൃതികളിലും ഇത്തരം പ്രവർത്തനങ്ങളെ പുകഴ്ത്തുന്നതു കാണാം, ഉദാഹരണത്തിനു് Raiders of the Lost Ark, The Mummy, King Solomon's Mines തുടങ്ങിയവയിൽ. ഇത്തരം അയഥാർത്ഥ വിഷയങ്ങളെ വളരെ ഗൌരവമായി കൈകാര്യം ചെയ്യുമ്പോൾ കപടശാസ്ത്രം യഥാർത്ഥ ശാസ്ത്രത്തെ വെല്ലുവാൻ കഴിവുനേടുന്നതു കാണാം (താഴെ വിശദീകരിയ്ക്കുന്ന കപടപുരാവസ്തുഗവേഷണം വായിയ്ക്കുക). ഏതായാലും ഇത്തരം ശ്രമങ്ങൾ, യഥാർത്ഥമായാലും സാഹിത്യത്തിലായാലും ആധുനിക പുരാവസ്തുഗവേഷണത്തിനെ പ്രതിനിധാനം ചെയ്യുന്നില്ല.

പുരാവസ്തുഗവേഷണസിദ്ധാന്തങ്ങൾ

[തിരുത്തുക]

പുരാവസ്തുഗവേഷണത്തിനായി ഒരു ഏകസിദ്ധാന്തമില്ല, നിർവ്വചനങ്ങൾ പോലും തർക്കത്തിലാണു്. ചരിത്രവുമായും ആന്ത്രപ്പോളജിയുമായും വളരെ ആഴത്തിൽ ബന്ധമുള്ളതാണു് പുരാവസ്തുഗവേഷണം എന്നു് ഇരുപതാം നൂറ്റാണ്ടിന്റെ മദ്ധ്യകാലം വരെ ഒരു പൊതുസമ്മതം നിലവിലുണ്ടായിരുന്നു.

അമേരിക്കൻ ഐക്യനാടുകളിലെ പുരാവസ്തുഗവേഷണസിദ്ധാന്തത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ പ്രധാനപ്പെട്ട കാലഘട്ടം പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനപാദവും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദവുമായിട്ടാണു്. അതിനെ സാധാരണയായി വിളിച്ചിരുന്നതു് സാംസ്കാരിക അല്ലെങ്കിൽ സംസ്കാര, ചരിത്രം എന്നായിരുന്നു. ഹിസ്റ്റോറിക്കൽ പാർട്ടിക്കുലറിസത്തിനുണ്ടായിരുന്ന പ്രാധാന്യം വളരെ പ്രസിദ്ധമാണു്.

1920-കളിൽ അമേരിക്കയുടെ തെക്കുപടിഞ്ഞാറൻ ഭാഗങ്ങളിൽ, സാംസ്കാരികചരിത്രപുരാവസ്തുഗവേഷണം തുടർചരിത്രസമീപനവുമായി ബന്ധിതമായിരുന്നു. ജീവിച്ചിരിയ്ക്കുന്ന സമൂഹങ്ങളും അവർക്കു് മുന്നേ ചരിത്രത്തിലേയ്ക്കു കയറിപ്പോയ സമൂഹങ്ങളും തമ്മിൽ ഒരു തുടർച്ചയുണ്ടായിരുന്ന അമേരിക്കയുടെ തെക്കുപടിഞ്ഞാറൻ പ്രദേശങ്ങളിലും വടക്കുപടിഞ്ഞാറൻ തീരങ്ങളിലും മെസോഅമേരിക്കയിലും, ആൻഡസിലും, ഓഷ്യാനിയയിലും, സൈബീരിയയിലും ഈ തുടർചരിത്രസമീപനം സ്വീകരിച്ചുപോന്നു. തുടർചരിത്രസമീപനത്തിൽ ആധുനികമനുഷ്യർക്കും അവരുടെ പുരാതനചരിത്രത്തിനും തമ്മിലുള്ള ബന്ധം പുനഃസൃഷ്ടിയ്ക്കുന്നതിനു് വംശചരിത്രമായതും അല്ലാത്തതുമായ എല്ലാ മുൻചരിത്രരേഖകളും വളരെ പ്രധാനപ്പെട്ട പങ്കുവഹിയ്ക്കുന്നു. സാഹിത്യവും ചില സന്ദർഭങ്ങളിൽ ഇത്തരം ചരിത്രാന്വേഷണപ്രക്രിയയിൽ സഹായകരമായ ഉറവിടങ്ങളാകാറുണ്ടു്. ഹാദ്രിയൻസ് വാൾ ഒരു നല്ല ഉദാഹരണമാണു്.

1960 കളിൽ വളരെയധികം അമേരിക്കൻ പുരാവസ്തുഗവേഷകർ, ലൂയിസ് ബിന്ഫോർഡ്, കെന്റ് ഫ്ളാനെറി തുടങ്ങിയവർ, സാംസ്കാരികചരിത്രത്തിന്റെ മാതൃകയ്ക്ക് എതിരു നിന്നവരായിരുന്നു. അവർ കൂടുതൽ ശാസ്ത്രീയവും നരവംശശാസ്ത്രപരവുമായ ഒരു ‘നവീന പുരാവസ്തുഗവേഷണം’ മുന്നോട്ടുവെച്ചു. ഇത് പരികല്പന പരിശോധനയിലൂടെയും ശാസ്ത്രീയ രീതികളിലൂടെയും പ്രാധാന്യമുൾക്കൊണ്ട് പിന്നീട് ‘പദ്ധതി അടിസ്ഥാന പുരാവസ്തുഗവേഷണം’ എന്നറിയപ്പെട്ടു.

ബ്രിട്ടീഷ് പുരാവസ്തുഗവേഷകരായ മൈക്കേൽ ഷാങ്ക്സ്, ക്രിസ്റ്റഫർ ടില്ലി, ഡാനിയൽ മില്ലർ, ഇയാൻ ഹോഡ്ഡർ തുടങ്ങിയവരാൽ നയിയ്ക്കപ്പെട്ട ഒരു പുതിയ ഉത്തരാധുനിക നീക്കം എൺപതുകളിൽ സജീവമായി. പ്രോസസ്സ്വലിസം അവകാശപ്പെടുന്ന ശാസ്ത്രീയഗുണകാംക്ഷയേയും പക്ഷപാതരാഹിത്യത്തേയും അതു് ചോദ്യം ചെയ്യുകയും സ്വയംവിമർശനപരവും സൈദ്ധാന്തികവുമായ റിഫ്ലക്സിവിറ്റിയുടെ പ്രധാന്യം ഉറപ്പിച്ചു പറയുകയും ചെയ്തു. ഈ സമീപനത്തെ പോസ്റ്റ് പ്രോസസ്സ്വൽ ആർക്കിയോളജി എന്നു പറയുന്നു. എന്നാൽ ഇതിനു് ശാസ്ത്രീയത്വര ഇല്ലെന്നും പറഞ്ഞു് പ്രോസസ്സ്വലിസ്റ്റുകൾ വിമർശിച്ചു. പ്രോസസ്സ്വലിസത്തിന്റേയും പോസ്റ്റ് പ്രോസസ്സ്വലിസത്തിന്റേയും സാംഗത്യം ഇന്നും വിവാദവിഷയമാണു്.

ഹിസ്റ്റോറിക്കൽ പ്രോസസ്സ്വലിസമെന്ന പേരിൽ ഒരു പുതിയ ഒരു ആശയം ഇപ്പോൾ ഉരുത്തിരിഞ്ഞു വരുന്നുണ്ടു്. പ്രോസസ്സ്വലിസത്തിന്റേയും പോസ്റ്റ് പ്രോസസ്സ്വലിസത്തിന്റേയും ഗുണവശങ്ങളിൽ ഒരുമിച്ചു ശ്രദ്ധകേന്ദ്രീകരിയ്ക്കുവാനാണു് ഈ ആശയത്തിലൂടെ ശ്രമിയ്ക്കുന്നതു്.

നിരവധി അന്യവിഷയങ്ങളിൽ നിന്നു് പുരാവസ്തുഗവേഷണ സിദ്ധാന്തങ്ങൾ കടം വാങ്ങുന്നുണ്ടു്. നിയോ-ഡാർവീനിയൻ ഇവല്യൂഷണറി തോട്ട്, ഫിനോമിനോളജി, പോസ്റ്റ്മോഡേണിസം, ഏജൻസി തിയറി, കോഗ്നിറ്റീവ് സയൻസ്, ഫങ്ഷണലിസം, ലിംഗാടിസ്ഥാനം, ഫെമിനിസ്റ്റ് ആർക്കിയോളജി, സിസ്റ്റംസ് തിയറി എന്നിവയെല്ലാം അക്കൂട്ടത്തിൽപ്പെട്ടവയാണു്.

രീതികൾ

[തിരുത്തുക]

സർവ്വെ

[തിരുത്തുക]
മോണ്ട് അൽബനിലെ പുരാവസ്തുഗവേഷണം നടക്കുന്ന സ്ഥലം

ആധുനിക പുരാവസ്തു ഗവേഷണങ്ങളെല്ലാം എപ്പോഴും ഒരു സർവ്വെയോടുകൂടിയാണു് ആരംഭിയ്ക്കുന്നതു്. ഒരു പ്രദേശത്തെ അറിയപ്പെടാത്ത പുരാവസ്തുകേന്ദ്രങ്ങൾ കണ്ടെത്തുവാനായിട്ടുള്ള ഒരു ആസൂത്രിത ശ്രമമാണു് പ്രാദേശികസർവ്വെകൾ. ഒരു പുരാവസ്തുസൈറ്റിനുള്ളിൽ ഗവേഷകരുടെ താല്പരവസ്തുക്കളായ പാർപ്പിടങ്ങളോ ചവറ്റുകൂനകളോ കണ്ടെത്തുവാനായിട്ടുള്ള ആസൂത്രിതമായ ശ്രമമാണു് സൈറ്റ് സർവ്വെ. മിക്കവാറും ഒരേ രീതികളിലൂടെ തന്നെ ഈ രണ്ടു ലക്ഷ്യങ്ങളും കൈവരിയ്ക്കുവാൻ സാധിയ്ക്കും. പുരാവസ്തുഗവേഷണത്തിന്റെ ആദ്യകാലങ്ങളിൽ കാര്യമായി സർവ്വെ നടത്താറുണ്ടായിരുന്നില്ല. പ്രാദേശികപ്രസിദ്ധിയുള്ള ചരിത്രസ്മാരകങ്ങൾ കണ്ടെത്തുന്നതിലും വ്യക്തമായി കാണാവുന്ന വസ്തുക്കളിൽ ഗവേഷണം ചെയ്യുന്നതിലും സാംസ്ക്കാരിക ചരിത്രകാരന്മാരും അതിനുമുമ്പുള്ള ഗവേഷകരും തൃപ്തരായിരുന്നു. 1949 – ൽ ഗോർഡൻ വില്ലി എന്ന ഗവേഷകൻ റീജണൽ സെറ്റിൽമെന്റ് പാറ്റേൺ സർവ്വെ എന്ന സർവ്വെ രൂപകല്പനചെയ്തു. പെറുവിന്റെ തീരപ്രദേശങ്ങളിലുള്ള വിരു താഴ്വരയിലാണു് ഈ സർവ്വെ ആദ്യം നടത്തിയതു്. ഏതാനും വർഷങ്ങൾക്കു ശേഷം പ്രോസസ്സ്വൽ പുരാവസ്തുഗവേഷണത്തിന്റെ വളർച്ചയോടെ എല്ലാ തലങ്ങളിലുമുള്ള സർവ്വെയ്ക്കു പ്രാധാന്യമേറി.

ഉത്ഖനനത്തിനു മുമ്പോ ഉത്ഖനനം നടക്കുന്ന സ്ഥലത്തോ സർവ്വെ നടത്തുന്നതിൽ വളരെയധികം ഗുണങ്ങളുണ്ടു്. താരതമ്യേന വളരെ കുറച്ചു സമയവും ചെലവും മതി അതിനു്, കാരണം പുരാവസ്തുക്കൾക്കു വേണ്ടി വൻതോതിൽ മണ്ണു നീക്കി പരിശോധിക്കേണ്ടി വരുന്നില്ല. (എങ്കിൽക്കൂടി, വലിയ പ്രദേശം മുഴുവനും അരിച്ചു പെറുക്കുവാൻ വളരെയധികം ചെലവു വരും, അതിനാൽ മിക്കപ്പോഴും പുരാവസ്തുഗവേഷകർ സാംപ്ലിങ് രീതികൾ ഉപയോഗിയ്ക്കുന്നു. നശീകരണസ്വഭാവമില്ലാത്ത പുരാവസ്തുഗവേഷണത്തിന്റെ മറ്റു രീതികളെപ്പോലെ തന്നെ സർവ്വെയും ഒരു സൈറ്റിനെ ഉത്ഖനനം ചെയ്തു് നശിപ്പിയ്ക്കുന്നതിനാലുണ്ടാകാവുന്ന ധാർമ്മികപ്രശ്നങ്ങളെ (ബന്ധപ്പെട്ട പിൻതലമുറക്കാരുടെ താല്പര്യങ്ങൾ മൂലം) ഒഴിവാക്കുന്നു. കുടിയിരുപ്പു മാതൃകയും ഘടനയും എല്ലാം മനസ്സിലാക്കുന്നതിനു് ഇതാണു് ഒരേയൊരു വഴി. സർവ്വെയിൽ നിന്നു ലഭിയ്ക്കുന്ന വിവരങ്ങൾ സാധാരണയായി ഭൂപടത്തിൽ രേഖപ്പെടുത്തും, ഇതിൽ പുരാവസ്തുക്കൾ കണ്ടെത്തിയ ഇടങ്ങൾ ഉപരിതല പ്രത്യേകതകളും കാണും.

ഏറ്റവും ലളിതമായ സർവ്വെ രീതിയാണു് ഉപരിതല സർവ്വെ. ഉപരിതലത്തിൽ കാണപ്പെടുന്ന പുരാവസ്തുക്കൾക്കു വേണ്ടി ഒരു പ്രദേശത്തെ അരിച്ചു പെറുക്കുകയാണു് ഇതിലെ പ്രധാനഭാഗം, ഇതു് സാധാരണയായി കാൽനടയായും ചിലപ്പോഴെല്ലാം വാഹനസഹായത്തോടെയും ചെയ്യും. തീർത്തും ഭൂമിയ്ക്കടിയിൽ മറഞ്ഞുപോയവയും ഉയരത്തിൽ വൃക്ഷലതാതികൾ കാടുപിടിച്ച ഇടങ്ങൾ കിടക്കുന്നവയും ആയ പുരാവസ്തുക്കളെ ഉപരിതല സർവ്വെയിലൂടെ കണ്ടെത്തുവാൻ സാധിയ്ക്കുകയില്ല. ലഘു ഉത്ഖനന വിദ്യകളായ തുളയിടൽ, ചെറിയ കുഴികൾ കുഴിയ്ക്കൽ തുടങ്ങിയവ ഉപരിതല സർവ്വെ നടത്തുമ്പോൾ ഉപയോഗിച്ചേക്കാം. യാതൊരു വസ്തുക്കളും കണ്ടുകിട്ടിയില്ലെങ്കിൽ, സർവ്വെ നടത്തിയ പ്രദേശം ശൂന്യമാണെന്നു കരുതാം.

വിമാനത്തിലോ, ബലൂണിലോ, പട്ടങ്ങളിലോ ഘടിപ്പിച്ച ക്യാമറ ഉപയോഗിച്ചു നടത്തുന്ന സർവ്വെയാണു് ആകാശസർവ്വെ. വിശാലമായ പ്രദേശങ്ങളും സങ്കീർണ്ണമായ സൈറ്റുകളും എളുപ്പം ഭൂപടത്തിലാക്കുന്നതിനു് ആകാശത്തു നിന്നുള്ള കാഴ്ച ഉപകാരപ്രദമാണു്. ഉത്ഖനനത്തിന്റെ പുരോഗമനം രേഖപ്പെടുത്തുന്നതിനു് ആകാശത്തുനിന്നെടുക്കുന്ന ചിത്രങ്ങൾ ഉപയോഗിയ്ക്കുന്നു. നടക്കുമ്പോൾ കണ്ണിൽപ്പെടാത്ത പലതും ആകാശത്തു നിന്നെടുക്കുന്ന ചിത്രങ്ങളിലൂടെ കണ്ടെത്തുവാനാകും.

മനുഷ്യനിർമ്മിതമായ കൽമതിലുകൾ പോലുള്ള വസ്തുക്കളുടെമേൽ ചെടികൾ വളരെ സാവധാനം മാത്രമേ വളരുകയുള്ളൂ, മറിച്ചു് കുപ്പക്കുഴികൾ പോലുള്ളവയുടെ പുറത്തു് വളരെ ഊർജ്ജിതമായ വളർച്ചയും കാണാം. വിളവു പാകമാകുന്ന ധാന്യങ്ങൾ വളരെ വേഗം നിറംമാറിക്കൊണ്ടിരിയ്ക്കും, അവയുടെ ആകാശചിത്രങ്ങൾ താഴെ ആണ്ടുകിടക്കുന്ന പുരാവസ്തുക്കളെ വളരെ കൃത്യയോടെ വെളിപ്പെടുത്തിയിട്ടുണ്ടു്. ഒരു ദിവസം തന്നെ പലസമയത്തായി എടുക്കുന്ന ആകാശചിത്രങ്ങൾ നിഴലുകളിൽ വരുന്ന മാറ്റത്തിലൂടെ താഴെയുള്ള പുരാവസ്തുക്കളുടെ രൂപം വെളിപ്പെടുത്തിയിട്ടുണ്ടു്. ഇൻഫ്രാറെഡ്, ഭൂമി തുളച്ചു പോകുന്ന റഡാർ, ലിഡാർ, തെർമോഗ്രാഫി തുടങ്ങിയവും ആകാശസർവ്വെയ്ക്കു് ഉപയോഗിയ്ക്കുന്നു.

ഭൂമിയ്ക്കടിയിൽ കിടക്കുന്ന വസ്തുക്കളെ കാണുവാനുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗം ജിയോഫിസിക്കൽ(ഭൂമിയെ സംബന്ധിയ്ക്കുന്ന ഭൌതികം) സർവ്വെയാണു്. ഇരുമ്പു വസ്തുക്കൾ, ചൂളകൾ, ചിലതരം കൽനിർമ്മിതികൾ, കൂടാതെ കുപ്പക്കുഴികൾ മുതലായവ ഭൂമിയുടെ കാന്തമണ്ഡലത്തിൽ വരുത്തുന്ന നേരിയ വ്യതിയാനം പോലും കണ്ടുപിടിയ്ക്കുവാൻ മാഗ്നെറ്റോമീറ്ററുകൾക്കു സാധിയ്ക്കും. മണ്ണിന്റെ വൈദ്യുതപ്രതിരോധം അളക്കുന്ന ഉപകരണങ്ങളും വ്യാപകമായി ഉപയോഗിയ്ക്കപ്പെടുന്നു. ചുറ്റുമുള്ള മണ്ണിന്റേതിൽ നിന്നും വ്യത്യസ്തമായിട്ടുള്ള വൈദ്യുതപ്രതിരോധം കാണിയ്ക്കുന്ന പുരാവസ്തുക്കളെ കണ്ടുപിടിയ്ക്കുവാനും ഭൂപടത്തിൽ രേഖപ്പെടുത്തുവാനും സാധിയ്ക്കും. കല്ലും ഇഷ്ടികയുമെല്ലാം സാധാരണമണ്ണിനേക്കാൾ കൂടുതൽ പ്രതിരോധം കാണിയ്ക്കുമ്പോൾ, ജൈവവസ്തുക്കളുടെ ശേഖരം ചുടാത്ത കളിമണ്ണു് മുതലായവ കുറവു് പ്രതിരോധം കാണിയ്ക്കുന്നു.

മെറ്റൽ ഡിറ്റക്ടർ ഉപയോഗിയ്ക്കുന്നതു് നിധിവേട്ടയ്ക്കു തുല്യമാണെന്നു് ചില പുരാവസ്തുഗവേഷകർ കരുതുന്നുണ്ടെങ്കിലും, മറ്റുള്ളവർ അതിനെ പുരാവസ്തുസർവ്വെയ്ക്കു ഉപകാരപ്രദമായ ഒരു ഉപകരണമായിട്ടാണു് കണക്കാക്കുന്നതു്. ഇംഗ്ലീഷ് സിവിൽ യുദ്ധം നടന്ന പടനിലത്തുനിന്നും പീരങ്കിയുണ്ടകളുടെ സ്ഥാനം കണ്ടെത്തി വിശകലനം ചെയ്യുവാനും, പത്തൊമ്പതാം നൂറ്റാണ്ടിലെ കപ്പൽഛേദത്തിന്റെ ഉത്ഖനനത്തിനു മുമ്പു് ലോഹഭാഗങ്ങളുടെ സ്ഥാനം നിർണ്ണയിയ്ക്കുവാനും മറ്റും മെറ്റൽഡിറ്റക്ടർ ഉപയോഗിച്ചിട്ടുണ്ടു്. പുരാവസ്തുക്കളെ അവയുടെ നിലവിലുള്ള സ്ഥാനത്തു നിന്നും നീക്കാതെ തന്നെ അവയുടെ വിശദമായ വിവരം രേഖപ്പെടുത്തുന്നതിൽ മെറ്റൽ ഡിറ്റക്ടർ വിദഗ്ദ്ധന്മാർ വളരെവലിയ പങ്കുവഹിച്ചിട്ടുണ്ടു്. ബ്രിട്ടണിലെ പോർട്ടബിൽ ആന്റിക്വിറ്റി സ്കീമിൽ (എടുത്തുകൊണ്ടുപോകാവുന്ന പുരാവസ്തുക്കൾക്കായിട്ടുള്ള പദ്ധതി) പങ്കെടുക്കുവാൻ മെറ്റൽ ഡിറ്റക്ടർ വിദഗ്ദ്ധന്മാരെ പ്രത്യേകം ക്ഷണിച്ചിട്ടുണ്ടു്.

ജലാന്തര പുരാവസ്തുഗവേഷണത്തിലെ റീജണൽ സർവ്വെയ്ക്കു വേണ്ടി ഭൌമഭൌതികമോ(ജിയോഫിസിക്കൽ) വിദൂരസംവേദനമോ(റിമോട്ട് സെൻസിങ്) ആയ ഉപകരണങ്ങളിൽപ്പെട്ട മെറൈൻ മാഗ്നെറ്റോമീറ്റർ, സൈഡ് സ്കാൻ സോണാർ, സബ് ബോട്ടം സോണാർ തുടങ്ങിയവ ഉപയോഗിയ്ക്കുന്നു. 

ഉത്ഖനനം

[തിരുത്തുക]
3800-വർഷം പഴക്കമുള്ള Edgewater Park Site, Iowa എന്ന സ്ഥലത്തു നടക്കുന്ന ഉത്ഖനനം.
Vill (Innsbruck), ആസ്ത്രിയ എന്ന സ്ഥലത്തു് ചരിത്രാതീതകാലത്തെ ഗുഹകൾ കണ്ടെത്തിയ ഉത്ഖനനം.
വേക്ക് ദ്വീപിൽ യുദ്ധതടവുകാരുടെ അവശിഷ്ടങ്ങൾക്കു വേണ്ടി മണ്ണു് അരിയ്ക്കുന്ന ഒരു പുരാവസ്തുഗവേഷകൻ.

പുരാവസ്തുഗവേഷണരംഗത്തു് വിദഗ്ദ്ധരുടെ പ്രവേശനത്തിനു മുമ്പു തന്നെ ഉത്ഖനനം നിലനിന്നിരുന്നു, വെളിമ്പ്രദേശത്തുള്ള ഒട്ടുമിക്ക ഗവേഷണങ്ങളിലും ഭൂരിഭാഗം വിവരങ്ങളും ലഭിച്ചിരുന്നതു് ഉത്ഖനനത്തിലൂടെയായിരുന്നു. പാറകളുടെ പാളികളിൽ നടത്തുന്ന പഠനത്തിനു (സ്ട്രാറ്റിഗ്രാഫി) ലഭ്യമാവാത്ത പല വിവരങ്ങളും അതിലൂടെ ലഭിയ്ക്കും, പുരാവസ്തുക്കൾ ത്രിമാനമായും അവയുടെ യഥാർത്ഥ പശ്ചാത്തലത്തിലും ലഭിയ്ക്കുന്നു.

ലഭിയ്ക്കുന്ന പുരാവസ്തുക്കളുടെ ഉത്ഭവസ്ഥാനം കൃത്യമായി രേഖപ്പെടുത്തണമെന്നതു് ആധുനിക ഉത്ഖനന വിദ്യകളിൽ നിർബന്ധമാണു്. അവയുടെ സ്ഥാനം തിരശ്ചീനമായും ചിലപ്പോൾ ലംബമായും കണക്കാക്കേണ്ടി വരും. (ഇതും വായിയ്ക്കുക പുരാവസ്തുഗവേഷണത്തിന്റെ അടിസ്ഥാനതത്വങ്ങൾ) അതുപോല, ചുറ്റുവട്ടത്തുള്ള മറ്റു വസ്തുക്കളുമായി അവയ്ക്കുള്ള ബന്ധമോ സഹവാസമോ എല്ലാം പിന്നീടു് വിശകലനം ചെയ്യുന്നതിനായി രേഖപ്പെടുത്തണം. ഏതെല്ലാം വസ്തുക്കളാണു് ഒരുമിച്ചുപയോഗിച്ചിരുന്നതു്, ഏതെല്ലാമാണു് ഒരു പ്രവൃത്തിയുടെ വിവിധഘട്ടങ്ങളിലായി ഉപയോഗിച്ചിരുന്നതു് എന്നെല്ലാം മനസ്സിലാക്കുവാൻ ഇതു് ഉപകരിയ്ക്കും. ഉദാഹരണത്തിനു്, ഒരു സൈറ്റിന്റെ ഉത്ഖനനം അതിന്റെ സ്ട്രാറ്റിഗ്രാഫി (പാളികൾ) വെളിപ്പെടുത്തും; വ്യത്യസ്ത സംസ്ക്കാരങ്ങൾ ഒരേ സ്ഥലത്തു് തന്നെ പിന്നാലെ പിന്നാലെ താമസിച്ചിരുന്നു എങ്കിൽ, അവസാനം താമസിച്ചിരുന്നവരുടെ അവശിഷ്ടങ്ങൾ അതിനും പുരാതനമായ സംസ്ക്കാരത്തിന്റേതിനേക്കാൾ മുകളിലായി കാണാൻ സാധിയ്ക്കും.

ആനുപാതികമായി നോക്കുകയാണെങ്കിൽ, ഉത്ഖനനമാണു് പുരാവസ്തുഗവേഷണത്തിലെ ഏറ്റവും ചെലവേറിയ ഘട്ടം. കൂടാതെ, നശീകരണസ്വഭാവമുള്ളതാണെന്നതിനാൽ, ഇതു മറ്റു ധാർമ്മികപ്രശ്നങ്ങൾക്കും വഴിതെളിയ്ക്കും. അതിനാൽ, സമ്പൂർണ്ണമായി ഉത്ഖനനം ചെയ്യപ്പെടുന്ന സൈറ്റുകൾ വളരെ ചുരുക്കമാണു്. കൂടാതെ, ഒരു സൈറ്റിൽ എത്രത്തോളം ഉത്ഖനനമാകാമെന്നു തീരുമാനിയ്ക്കുന്നതിൽ രാജ്യവും ഉത്ഖനനരീതിപ്രസ്താവനയും (മെത്തേഡ് സ്റ്റേറ്റ്മെന്റ്) വലിയ പങ്കുവഹിയ്ക്കുന്നു. ചിലയിടങ്ങളിൽ 90% ഉത്ഖനനം സാധാരണയാണു്. സാംപ്ലിങ്ങിനു് സർവ്വെയിലേതിനേക്കാൾ പ്രാധാന്യം ഉത്ഖനനത്തിലുണ്ടു്. വലിയ യന്ത്രങ്ങളായ ജെസിബി മുതലായവ ഉപയോഗിയ്ക്കുന്നതു് സാധാരണമാണു്. അടിഞ്ഞുകൂടിയിരിയ്ക്കുന്ന മേൽമണ്ണു നീക്കുവാനാണു് കൂടുതലും ഇത്തരം യന്ത്രങ്ങൾ ഉപയോഗിയ്ക്കുന്നതു്, അതും അതീവശ്രദ്ധയോടെ മാത്രമേ ഈ രീതികൾ കൈക്കൊള്ളുകയുള്ളൂ.ഈ വലിയ ഘട്ടം കടന്നുകഴിഞ്ഞാൽ, പിന്നെ തുറന്നുകിട്ടിയ സ്ഥലം സാധാരണയായി കൈകൾ കൊണ്ടാണു് വൃത്തിയാക്കുന്നതു്. ഒരു പോറൽപോലും ഏൽക്കാതെ പുരാവസ്തുക്കളെല്ലാം കണ്ടെടുക്കുവാനായിട്ടാണിതു്. കോലരി കൈക്കോട്ടു് മുതലായ ഉപകരണങ്ങൾ മാത്രമേ ഈ ഘട്ടത്തിൽ ഉപയോഗിയ്ക്കുകയുള്ളൂ.

അടുത്തതായി ചെയ്യുന്നതു് ഒരു സൈറ്റ് ആസൂത്രണം തയ്യാറാക്കുകയാണു്. ഉത്ഖനനരീതികൾ തീരുമാനിയ്ക്കുവാനായി ഈ ആസൂത്രണം ഉപയോഗിയ്ക്കുകയും ചെയ്യും. പ്രകൃതിദത്തമായ അടിമണ്ണിൽ ആണ്ടുകിടക്കുന്ന പുരാവസ്തുക്കളെ മണ്ണിന്റെ ഓരോ പാളികളായിട്ടാണു് ഉത്ഖനനം ചെയ്യുന്നതു്. ഇതിലൂടെ പുരാതനകാലത്തിന്റെ വ്യത്യസ്തഘട്ടങ്ങൾ വ്യക്തമായി കാണുകയും രേഖപ്പെടുത്തുകയും ചെയ്യാം. ഉദാഹരണമായി, ഒരു കുഴിയ്ക്കു് രണ്ടു ഭാഗങ്ങളുണ്ടു്. കുഴിയും അതിൽ നിറഞ്ഞിരിയ്ക്കുന്ന വസ്തുക്കളും. കുഴി എന്നതിനാൽ അർത്ഥമാക്കുന്നതു്, പ്രകൃതിദത്തമായ മണ്ണിന്റേയും കുഴിയുടേയും ഇടയിലുള്ള അതിരാണു്, കുഴിയുടെ വശങ്ങൾ. അതാണു് ആ പുരാവസ്തുവിന്റെ അതിർത്തി. കുഴിയിൽ നിറഞ്ഞിരിയ്ക്കുന്നതു്, തീർച്ചയായും പ്രകൃതിദത്തമായ മണ്ണിൽ നിന്നും തീർത്തും വ്യത്യസ്തമായിരിയ്ക്കും. രേഖകൾ തയ്യാറാക്കുവാനായി കുഴിയ്ക്കും കുഴിയിൽ നിറഞ്ഞിരിയ്ക്കുന്നവയ്ക്കും തുടർച്ചയുള്ള നമ്പറുകൾ നല്കും. ഓരോ പുരാവസ്തുവിന്റേയും രൂപരേഖയും പരിച്ഛേദവും സൈറ്റിൽ വെച്ചു തന്നെ വരയ്ക്കും, ബ്ലാക്ക് & വൈറ്റും കളർ ഫോട്ടോകളും എടുക്കും, കൂടാതെ ഓരോ വസ്തുവിന്റേയും സ്ഥാനം വിശദീകരിയ്ക്കുന്ന റെക്കോഡിങ് ഷീറ്റുകളും പൂരിപ്പിയ്ക്കും. ഉത്ഖനനത്തിലൂടെ നശിപ്പിയ്ക്കപ്പെടുന്ന പുരാവസ്തുകേന്ദ്രത്തിന്റെ സ്ഥിരമായ ഒരു രേഖപ്പെടുത്തലായി ഈ വിവരങ്ങൾ സൂക്ഷിയ്ക്കപ്പെടും, ആ സ്ഥലത്തെ വിശദീകരിയ്ക്കുവാനും വ്യാഖ്യാനിയ്ക്കുവാനും ഈ വിവരങ്ങൾ ഉപയോഗിയ്ക്കും.

അപഗ്രഥനം

[തിരുത്തുക]

ഉപരിതല സർവ്വെയിൽ നിന്നും ലഭിയ്ക്കുന്ന പുരാവസ്തുക്കളിൽ നിന്നു് പരമാവധി വിവരം ലഭിയ്ക്കുവാനായി അവയെ കൃത്യമായി പഠനവിധേയമാക്കേണ്ടതു് അത്യാവശ്യമാണു്. ഈ പ്രവർത്തനത്തെ ഉത്ഖനനാനന്തരപഠനം എന്നു വിളിയ്ക്കുന്നു, പുരാവസ്തുഗവേഷണത്തിലെ ഏറ്റവുമധികം സമയമെടുക്കുന്ന ഘട്ടമാണിതു്. വലിയ സൈറ്റുകളിൽ നടത്തിയ ഉത്ഖനനത്തിന്റെ അന്ത്യഫലം പുറത്തുവരുവാൻ വർഷങ്ങൾ തന്നെയെടുക്കുന്നതു് അസാധാരണമല്ല.

ലളിതമായി പറഞ്ഞാൽ, കണ്ടെടുക്കുന്ന പുരാവസ്തുക്കളെ വൃത്തിയാക്കി, പട്ടികപ്പെടുത്തുകയും നിലവിൽ പ്രസിദ്ധീകൃതമായിരിയ്ക്കുന്ന മറ്റു പുരാവസ്തുക്കളുമായി താരതമ്യപ്പെടുത്തി ഇനം തിരിയ്ക്കുകയും, സാമ്യമുള്ള പുരാവസ്തുക്കൾ ലഭിച്ച മറ്റു സൈറ്റുകളെ തിരിച്ചറിയുകയും ചെയ്യുകയാണു് ഈ ഘട്ടത്തിൽ ചെയ്യുന്നതു്. എന്നിരുന്നാലും, പുരാവസ്തുശാസ്ത്രത്തിൽ കൂടുതൽ സമ്പൂർണ്ണമായ വിശകലനവിദ്യകൾ ലഭ്യമാണു്. പുരാവസ്തുക്കളുടെ പഴക്കം കണ്ടെത്തുവാനും അവയുടെ സങ്കലനം തിരിച്ചറിയുവാനും എല്ലാം ശാസ്ത്രീയമായ വഴികളുണ്ടു്. ഉത്ഖനനത്തിലൂടെ ലഭിയ്ക്കുന്ന എല്ലു്, ചെടികൾ പൂമ്പൊടി എന്നിവയെയെല്ലാം അപഗ്രഥിയ്ക്കുവാൻ സൂആർക്കിയോളജി, പാലിയോഎത്തനോബോട്ടണി, പാലിനോളജി തുടങ്ങിയ ശാഖകളുണ്ടു്. അതേസമയം കണ്ടെടുക്കുന്ന എഴുത്തുകളിലെ ദുരൂഹതനീക്കി വായിച്ചെടുക്കുവാനും വിദ്യകളുണ്ടു്.

വേറൊരു വിധത്തിലും അറിയുവാൻ സാധ്യതയില്ലാത്ത വിവരങ്ങൾ നല്കുവാൻ ഈ വിദ്യകൾക്കു് മിക്കപ്പോഴും സാധിയ്ക്കുന്നു, അതിനാൽ തന്നെ ഒരു പുരാവസ്തു സൈറ്റിനെ മനസ്സിലാക്കുന്ന പ്രക്രിയയിൽ ഇവ വലിയ പങ്കു വഹിയ്ക്കുന്നു.

വിർച്ച്വൽ പുരാവസ്തുഗവേഷണം

[തിരുത്തുക]

ഏകദേശം 1995-നോടടുപ്പിച്ചു് പുരാവസ്തുഗവേഷകർ കംപ്യൂട്ടർ ഗ്രാഫിക്സ് ഉപയോഗിച്ചു് പുരാവസ്തുകേന്ദ്രങ്ങളുടെ ത്രിമാന രൂപങ്ങൾ നിർമ്മിയ്ക്കുവാൻ തുടങ്ങി. പുരാതന അസീറിയൻ കൊട്ടാരത്തിലെ സിംഹാസനമുറി, പുരാതന റോം മുതലായവ ഉദാഹരണങ്ങളാണു്.[1] സാധാരണ ഫോട്ടോകൾ ശേഖരിച്ചു് കംപ്യൂട്ടർ ഗ്രാഫിക്സ് ഉപയോഗിച്ചാണു് വിർച്ച്വൽ ത്രിമാന രൂപങ്ങൾ സൃഷ്ടിയ്ക്കുന്നതു്.[1] പൊതുവായി പറഞ്ഞാൽ, ഭൂതകാലത്തിലെ അന്തരീക്ഷവും അവസ്ഥകളും, കെട്ടിടങ്ങൾ ഭൂപ്രകൃതി, പുരാതനയുദ്ധങ്ങൾ എന്നിവയും കംപ്യൂട്ടറുകൾ ഉപയോഗിച്ചു് പുനഃസൃഷ്ടിയ്ക്കുവാൻ സാധിയ്ക്കും.[1] പുരാതനസമൂഹത്തിന്റെ ജീവിതസാഹചര്യങ്ങൾ കംപ്യൂട്ടർ സിമുലേഷനിലൂടെ പുനരവതരിപ്പിച്ചു് വിവിധങ്ങളായ സന്ദർഭങ്ങളിൽ അവർ എങ്ങനെ പ്രതികരിച്ചിരുന്നു എന്നു് മനസ്സിലാക്കുവാൻ ശ്രമിയ്ക്കാം (ഉദാഹരണമായി, എത്രത്തോളം കൃഷിചെയ്യണം, എത്ര മൃഗങ്ങളെ ഇറച്ചിയ്ക്കായി വെട്ടണം എന്നിങ്ങനെ.)[1] കംപ്യൂട്ടർ നിർമ്മിത സ്ഥലചിത്രീകരണവും ജ്യോതിശ്ശാസ്ത്ര കണക്കുകളും തമ്മിൽ താരതമ്യം ചെയ്തു്, ചില പുരാതനനിർമ്മിതികളായ തൂണുകൾ മുതലായവയ്ക്കു് ഏതെങ്കിലും ശൂന്യാകാശ സംഭവങ്ങളുമായി(ഉദാ: അയനകാലസൂര്യന്റെ സ്ഥാനം) ബന്ധമുണ്ടോയെന്നും പരിശോധിച്ചു കണ്ടുപിടിയ്ക്കാം.[1]

അക്കാദമിക ഉപവിഷയങ്ങൾ

[തിരുത്തുക]

മറ്റേതൊരു വിഷയത്തേയും പോലെ തന്നെ പുരാവസ്തുഗവേഷണത്തിനും ഒരുപാടു ഉപവിഭാഗങ്ങൾ / വിഷയങ്ങൾ ഉണ്ടു് (ഉദാ: ലിത്തിക് അനാലിസിസ്, സംഗീതം, ആർക്കിയോബോട്ടണി), ഭൂമിശാസ്ത്രപരമായതോ കാലഘട്ടങ്ങളെ സംബന്ധിച്ചതോ ആയ താല്പര്യം (ഉദാ: ഏഷ്യൻ ആർക്കിയോളജി, മദ്ധ്യകാല പുരാവസ്തുഗവേഷണം), മറ്റു പ്രത്യേകവിഷയങ്ങളുമായി ബന്ധപ്പെട്ടവ (ഉദാ: നാവിക പുരാവസ്തുഗവേഷണം, പ്രകൃതി പുരാവസ്തുഗവേഷണം, യുദ്ധഭൂമിയിലെ പുരാവസ്തുഗവേഷണം), കൂടാതെ കൂടുതൽ കൃത്യമായി പുരാതനസംസ്ക്കാരം അല്ലെങ്കിൽ സംസ്ക്കാരം (ഉദാ: ഈജിപ്തോളജി, ഇൻഡോളജി, സീനോളജി) തുടങ്ങിയവ.

ചരിത്ര പുരാവസ്തുഗവേഷണം

[തിരുത്തുക]

ഏതെങ്കിലും തരത്തിലുള്ള എഴുത്തുരൂപം ഉപയോഗിച്ചിരുന്ന സംസ്ക്കാരങ്ങളെക്കുറിച്ചുള്ള പഠനമാണു് ചരിത്ര പുരാവസ്തുഗവേഷണം (ഹിസ്റ്റോറിക്കൽ ആർക്കിയോളജി).

ഇംഗ്ലണ്ടിൽ, പതിനാലാം നൂറ്റാണ്ടിലെ പ്രതിസന്ധിയിൽ ഉപേക്ഷിയ്ക്കപ്പെട്ട മദ്ധ്യകാലഘട്ടത്തിലെ ഗ്രാമങ്ങളുടെ രൂപരേഖ പുരാവസ്തുഗവേഷകർ മറനീക്കി പുറത്തെടുത്തിട്ടുണ്ടു്.[അവലംബം ആവശ്യമാണ്] ന്യൂയോർക്ക് നഗരത്തിലെ പ്രാന്തപ്രദേശത്തു്, പതിനെട്ടാം നൂറ്റാണ്ടിലെ ഒരു ആഫ്രിക്കൻ ശ്മശാന അവശേഷിപ്പുകൾ പുരാവസ്തുഗവേഷകർ തോണ്ടിയെടുത്തിട്ടുണ്ടു്.


നരവംശപുരാവസ്തുഗവേഷണം

[തിരുത്തുക]

ജീവിച്ചിരിയ്ക്കുന്ന ജനങ്ങളെക്കുറിച്ചുള്ള പുരാവസ്തുപഠനത്തെയാണു് നരവംശപുരാവസ്തുഗവേഷണം(എത്തനോആർക്കിയോളജി) എന്നു പറയുന്നതു്.[2][3][4][5][6][7] അറുപതുകളിലെ പ്രോസസ്സ്വൽ സമീപനത്തിന്റെ ഒരു പ്രത്യേകതയായിരുന്ന മിഡിൽ റേഞ്ച് തിയറി പ്രാധാന്യം കൈവരിച്ച കാലത്തു് ഈ സമീപനം കുപ്രസിദ്ധിയാർജ്ജിച്ചു. ആദ്യകാല നരവംശപുരാവസ്തുഗവേഷണവുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾ നായാടികളായ സമൂഹങ്ങളിലായിരുന്നു ശ്രദ്ധകേന്ദ്രീകരിച്ചിരുന്നതു്. പോസ്റ്റ് പ്രോസസ്സ്വൽ തുടങ്ങിയ സമകാല പുരാവസ്തുഗവേഷണസമീപനങ്ങളിലെ ഒരു പ്രധാന ഘടകമായി നരവംശപുരാവസ്തുഗവേഷണം തുടരുന്നു.[8][9][10][11] അനലോഗുകളെ വർദ്ധിപ്പിയ്ക്കുകയും ഗുണമേറ്റുകയും പിന്നീടവയെ പുരാവസ്തുഗവേഷണത്തിലൂടെ ലഭിയ്ക്കുന്ന വിവരങ്ങളെ വ്യാഖ്യാനിയ്ക്കുകയും ചെയ്യുവാൻ വേണ്ടി നരവംശസാഹിത്യത്തെ ഉപയോഗിയ്ക്കുന്നതിനെയാണു് നരവംശപുരാവസ്തുഗവേഷണം എന്നു പറയുന്നതു്. ചുരുക്കത്തിൽ നരവംശസാഹിത്യത്തെ പുരാവസ്തുഗവേഷണത്തിൽ ഉപയോഗിയ്ക്കുന്നതിനെയാണു് നരവംശപുരാവസ്തുഗവേഷണം(എത്തനോആർക്കിയോളജി) എന്നു പറയുന്നതു്.[12]

പരീക്ഷണാർത്ഥ പുരാവസ്തുഗവേഷണം

[തിരുത്തുക]

പുരാവസ്തുരേഖകളുടെ സൃഷ്ടിയിലും പ്രതിഭാവത്തിലും ചെന്നെത്തുന്ന പ്രവർത്തനങ്ങളെ അറിയുവാനായിട്ടുള്ള അതിനിയന്ത്രിതമായ നിരീക്ഷണങ്ങൾ രൂപപ്പെടുത്തിയെടുക്കുന്ന രീതിയെയാണു് പരീക്ഷണാർത്ഥ പുരാവസ്തുഗവേഷണം എന്നു പറയുന്നതു്.[13][14][15][16][17] അർക്കിയോളജിക്കൽ എപിസ്റ്റമോളജികളെ ശാസ്ത്രീയമായ ത്വരയോടെ വർദ്ധമാനമാക്കുന്നതിനു വേണ്ടിയുള്ള പ്രോസസ്സ്വലിസത്തിന്റെ യുക്ത്യാനുസൃതമായ പുരോഗമനവീക്ഷണ പശ്ചാത്തലത്തിൽ പരീക്ഷണാർത്ഥ പുരാവസ്തുഗവേഷണം പ്രാധാന്യം നേടി. പുരാവസ്തുരേഖകളെ മനസ്സിലാക്കുന്നതിനായിട്ടുള്ള അനുമാനരീതികളെ മെച്ചപ്പെടുത്തുന്നതിൽ അതിപ്രധാനമായ ഒരു പങ്കു് പരീക്ഷണങ്ങൾക്കുണ്ടു്.

ആർക്കിയോമെട്രി

[തിരുത്തുക]

പുരാവസ്തുഗവേഷണവുമായി ബന്ധപ്പെട്ടു വരുന്ന അളവുകൾക്കു് ഒരു വ്യവസ്ഥിതിയുണ്ടാക്കുന്നതിനാണു് ആർക്കിയോമെട്രി ലക്ഷ്യം വെയ്ക്കുന്നതു്. ഭൌതികശാസ്ത്രത്തിലേയും രസതന്ത്രത്തിലേയും എഞ്ചിനീയറിങ്ങിലേയും വിശകലനവിദ്യകൾ പ്രയോഗിയ്ക്കണമെന്നു് ആർക്കിയോമെട്രി അനുശാസിയ്ക്കുന്നു. കുഴിച്ചെടുക്കുന്ന പുരാവസ്തുക്കളുടെ യഥാർത്ഥ ഉറവിടം കണ്ടെത്തുന്നതിനായി അവയുടെ രാസഘടന മനസ്സിലാക്കുന്നതിൽ ഏറെ ശ്രദ്ധചെലുത്തുന്ന ഈ വിഷയം ഗവേഷണങ്ങളിൽ വെച്ചു് ഏറ്റവും ജീവസ്സുറ്റതാണു്.[18] താരതമ്യേന അടുത്തകാലത്തായി വളർന്നു വരുന്ന ഒരു ഉപവിഷയം ഖനനം ചെയ്തെടുക്കുന്ന വസ്തുക്കളുമായി ബന്ധപ്പെട്ടതാണു്. മനുഷ്യപ്രവർത്തനവുമായി ബന്ധപ്പെട്ട വസ്തുക്കളുടെ രൂപവും സ്വഭാവവും ശാസ്ത്രീയമായ വിശകലനം ചെയ്തു് ചരിത്രാതീതകാലത്തെ സംസ്ക്കാരങ്ങളെ മനസ്സിലാക്കുവാനായി ശ്രമിയ്ക്കുകയാണു് ഈ വിഷയത്തിന്റെ ലക്ഷ്യം.[19]

സാംസ്ക്കാരിക മുദ്രകളുടെ കൈകാര്യം (കൾച്ചറൽ റിസോഴ്സസ് മാനേജ്മെന്റ്)

[തിരുത്തുക]

പുരാവസ്തുഗവേഷണം ഒരു ശുദ്ധശാസ്ത്രമായിരിയ്ക്കുന്നതിനോടൊപ്പം തന്നെ അതൊരു പ്രായോഗിക ശാസ്ത്രവുമാണു്, ഉദാഹരണമായി, പുരോഗമനം മൂലം പുരാവസ്തുകേന്ദ്രങ്ങൾക്കുണ്ടാകുന്ന നാശം ഒരു പ്രായോഗിക പഠനവിഷയമാണു്. ഇത്തരം അവസരങ്ങളിൽ യുകെയിൽ സാസ്ക്കാരിക മുദ്രകളുടെ കൈകാര്യം നിർവ്വഹിയ്ക്കുന്ന ഹെറിറ്റേജ് മാനേജ്മെന്റ് എന്നു വിളിയ്ക്കപ്പെടുന്ന വകുപ്പിന്റെ ഉപവകുപ്പായി പുരാവസ്തുഗവേഷണം പരിഗണിയ്ക്കപ്പെടുന്നു.[20] സി.ആർ.എം എന്ന ചുരുക്കപ്പേരിൽ വിളിയ്ക്കപ്പെടുന്ന കൾച്ചറൽ റിസോഴ്സസ് മാനേജ്മെന്റാണു് ഇന്നു് അമേരിക്കൻ ഐക്യനാടുകളിലും പടിഞ്ഞാറൻ യൂറോപ്പിലും ഒട്ടുമിക്ക പുരാവസ്തുഗവേഷണങ്ങളും നടത്തുന്നതു്. 1966-ലെ നാഷണൽ ഹിസ്റ്റോറിക് പ്രിസർവേഷൻ ആക്റ്റ് (NHPA) പാസാക്കിയതോടെ സിആർഎം പുരാവസ്തുഗവേഷണത്തിനു് അമേരിക്കൻ ഐക്യനാടുകളിൽ പ്രധാന്യമേറി. നഗരങ്ങളുടേയും ഡാമുകളുടേയും ഹൈവേകളുടേയും തള്ളിക്കയറ്റത്തിൽ നഷ്ടമാകാതെ രാജ്യത്തിന്റെ പുരാതനവും പ്രാചീനവുമായ ചരിത്രം ഒട്ടുമിക്കവാറും സംരക്ഷിയ്ക്കുന്നതിനു് സിആർഎം സഹായിച്ചിട്ടുണ്ടെന്നാണു് നികുതിദായകരുടേയും പണ്ഡിതരുടേയും രാഷ്ട്രിയക്കാരുടേയും എല്ലാം വിശ്വാസം. മറ്റു ചട്ടങ്ങൾക്കൊപ്പം തന്നെ NHPA ഉറപ്പാക്കുന്ന മറ്റൊരു കാര്യം, അമേരിക്കൻ ഭൂമിയിലോ അമേരിക്കൻ സർക്കാർ പണമോ അനുമതിയോ ഉപയോഗിച്ചു നടത്തുന്ന ഏതൊരു സംരംഭത്തിലും അതുൾപ്പെടുന്ന പുരാവസ്തുകേന്ദ്രത്തിനെ ബാധിയ്ക്കുന്ന എല്ലാ വശങ്ങളും പരിഗണിയ്ക്കണമെന്നതാണു്.

യുകെയിൽ കൾച്ചറൽ റിസോഴ്സസ് മാനേജ്മെന്റ് സർക്കാർ പണത്തിൽ നടക്കുന്ന സംരംഭങ്ങളിൽ മാത്രം ഒതുങ്ങി നില്ക്കുന്നില്ല. 1990 മുതൽ PPG 16[21] എന്ന നിയമത്തിലൂടെ എല്ലാ പുതിയ കെട്ടിടനിർമ്മാണപ്രവർത്തനങ്ങളും അപേക്ഷിയ്ക്കുമ്പോൾ പുരാവസ്തുഗവേഷണത്തെ ഒരു ഭൌതികഘടകമായി പരിഗണിയ്ക്കേണ്ടതു് എല്ലാ പ്ലാനർമാരുടേയും ചുമതലയാണു്.അതിന്റെ ഫലമായി, പുരാവസ്തുകേന്ദ്രമെന്നു് കരുതപ്പെടുന്ന സ്ഥലങ്ങളിലെല്ലാം കെട്ടിടനിർമ്മാണപ്രവർത്തനങ്ങൾ ആരംഭിയ്ക്കുന്നതിനു മുമ്പു് തന്നെയോ നിർമ്മാണത്തിനോടൊപ്പമോ പുരാവസ്തുക്കൾക്കായുള്ള തിരച്ചിലും നടത്തുന്നതിനായി പുരാവസ്തുസംഘടനകളുണ്ടു്. ഇതിന്റെ ചെലവുകളെല്ലാം കെട്ടിടഉടമസ്ഥന്റെ വകയായിരിയ്ക്കുകയും ചെയ്യും.

ഇംഗ്ലണ്ടിൽ, പുരാവസ്തുകേന്ദ്രങ്ങളുടെ സംരക്ഷണത്തിന്റെ ഉത്തരവാദിത്തം സമ്പൂർണ്ണമായും ഡിപ്പാർട്ടുമെന്റ് ഫോർ കൾച്ചർ, മീഡിയ ആന്റ് സ്പോർട്സിനാണു്[22], കൂടെ ഇംഗ്ലീഷ് ഹെറിറ്റേജിനും.[23] സ്കോട്ടുലന്റ്, വേൽസ്, വടക്കൻ അയർലന്റ് എന്നിവിടങ്ങളിൽ ഈ ഉത്തരവാദിത്തം ഹിസ്റ്റോറിക് സ്കോട്ടുലന്റിനാണു്,[24] Cadw[25] കൂടാതെ നോർത്തേൺ അയർലന്റ് എൻവയോൺമെന്റ് ഏജൻസിയ്ക്കും[26] ഉത്തരവാദിത്തങ്ങളുണ്ടു്.

കുറിപ്പുകൾ

[തിരുത്തുക]
  1. 1.0 1.1 1.2 1.3 1.4 Michael Bawaya, "Virtual Archaeologists Recreate Parts of Ancient Worlds", Science, 8 January 2010, vol. 327, p. 140.
  2. Gould (1971a)
  3. Gould (1971b)
  4. Yellen (1972)
  5. Yellen (1977)
  6. Gould and Yellen 1987
  7. Yellen (1991)
  8. Sillet et al. (2006)
  9. Schott and Sillitoe (2005)
  10. Ogundele (2005)
  11. Kuznar (2001)
  12. Ashcer (1961) as cited in Wylie (1985)
  13. Ascher (1961)
  14. Saraydar and Shimada (1971)
  15. Saraydar and Shimada (1973)
  16. Gifford-Gonzalez (1985)
  17. Frison (1989)
  18. Glascock et al. 1994
  19. "MIT Center for Materials Research in Archaeology and Ethnology". Archived from the original on 2010-01-01. Retrieved 2010-02-15.
  20. The University of Exeter - SoGAER - Department of Archaeology, Sogaer.ex.ac.uk, 2008-10-28, retrieved 2009-05-05
  21. "Planning Policy Guidance 16: Archaeology and planning - Planning, building and the environment - Communities and Local Government". Web.archive.org. Archived from the original on 2008-02-12. Retrieved 2009-07-25. {{cite web}}: More than one of |archivedate= and |archive-date= specified (help); More than one of |archiveurl= and |archive-url= specified (help)
  22. Department for Culture Media and Sport - historic environment, Culture.gov.uk, 2009-04-28, retrieved 2009-05-05
  23. English Heritage - Stonehenge & the History of England : English Heritage, English Heritage<!, retrieved 2009-05-05
  24. Bot generated title ->, Historic Scotland<!, archived from the original on 2009-04-26, retrieved 2009-05-05 {{citation}}: More than one of |archivedate= and |archive-date= specified (help); More than one of |archiveurl= and |archive-url= specified (help)
  25. Cadw, Cadw.wales.gov.uk, archived from the original on 2009-04-29, retrieved 2009-05-05
  26. Built Environment, Ehsni.gov.uk, archived from the original on 2007-12-25, retrieved 2009-05-05
  • Aldenderfer, M. S. & Maschner, H. D. G., ed. (1996), Anthropology, Space, and Geographic Information Systems, New York: Oxford University Press{{citation}}: CS1 maint: multiple names: editors list (link)
  • Ascher, R. (1961), "Analogy in archaeological interpretation", Southwestern Journal of Anthropology, vol. 17, no. 4, pp. 317–325
  • Ascher, R. (1961), "Experimental Archeology", American Anthropologist, vol. 63, pp. 793–816, doi:10.1525/aa.1961.63.4.02a00070
  • Billman, B. R. & Feinman, G. (1999), Settlement Pattern Studies in the Americas—Fifty Years Since Virú, Washington DC: Smithsonian Institution Press{{citation}}: CS1 maint: multiple names: authors list (link)
  • Binford, L. (1962), "Archaeology as Anthropology", American Antiquity, vol. 28, no. 4, pp. 217–225, doi:10.2307/278380
  • Denning, K. (2004), "The Storm of Progress' and Archaeology for an Online Public", Internet Archaeology, vol. 15
  • Ebrey, Patricia Buckley (1999), The Cambridge Illustrated History of China, Cambridge: Cambridge University Press, ISBN 0521435196, OCLC 223427870 33047244 59615754 {{citation}}: Check |oclc= value (help)
  • Flannery, K. V. (1967), "Culture History v. Culture Process: A Debate in American archaeology", Scientific American, vol. 217, pp. 119–122
  • Flannery, K. V. (1982), "The Golden Marshalltown: A Parable for the Archaeology of the 1980s", American Anthropologist, vol. 84, pp. 265–278, doi:10.1525/aa.1982.84.2.02a00010
  • Fraser, Julius Thomas and Francis C. Haber. (1986), Time, Science, and Society in China and the West, Amherst: University of Massachusetts Press
  • Frison, G. C. (1989), "Experimental Use of Clovis Weaponry and Tools on African Elephants", American Antiquity, vol. 54, no. 4, pp. 766–784, doi:10.2307/280681
  • Glascock, M. D., Neff, H., Stryker, K. S. & Johnson, T. N. (1994), "Sourcing Archaeological Obsidian by an Abbreviated NAA Procedure", Journal of Radioanalytical and Nuclear Chemistry, vol. 180, pp. 29–35, doi:10.1007/BF02039899{{citation}}: CS1 maint: multiple names: authors list (link)
  • Gifford-Gonzalez, D. P., Damrosch, D. B., Damrosch, D. R., Pryor, J. & Thunen, R. L. (1985), "The Third Dimension in Site Structure: An Experiment in Trampling and Vertical Dispersal", American Antiquity, vol. 50, no. 4, pp. 803–818, doi:10.2307/280169{{citation}}: CS1 maint: multiple names: authors list (link)
  • Gladfelter, B. G. (1977), "Geoarchaeology: The Geomorphologist and Archaeology", American Antiquity, vol. 42, no. 4, pp. 519–538, doi:10.2307/278926
  • Gould, R. (1971a), "The Archaeologist as Ethnographer: A Case from the Western Desert of Australia", World Archaeology, vol. 3, pp. 143–177, doi:10.1080/00438243.1969.9979499
  • Gould, R., Koster, D. A. & Sontz, A. H. L. (1971b), "The Lithic Assemblage of the Western Desert Aborigines of Australia", American Antiquity, vol. 36, no. 2, pp. 149–169, doi:10.2307/278668{{citation}}: CS1 maint: multiple names: authors list (link)
  • Gould, R. & Yellen, J. (1987), "Man the Hunted: Determinants of Household Spacing in Desert and Tropical Foraging Societies", Journal of Anthropological Archaeology, vol. 6, p. 77, doi:10.1016/0278-4165(87)90017-1{{citation}}: CS1 maint: multiple names: authors list (link)
  • Hodder, I. (1982), Symbols in Action, Cambridge: Cambridge University Press
  • Hodder, I. (1985), "Post-Processual Archaeology", in SCHIFFER, M. B. (ed.), Advances in Archaeological Method and Theory, New York: Academic Press
  • Hodder, I., ed. (1987), The Archaeology of Contextual Meaning, New York: Cambridge University Press
  • Hodder, I. (1990), "Style as Historical Quality", in HASTORF, M. C. A. C. (ed.), The Uses of Style in Archaeology, Cambridge: Cambridge University Press
  • Hodder, I. (1991), "Interpretive Archaeology and Its Role", American Antiquity, vol. 56, no. 1, pp. 7–18, doi:10.2307/280968
  • Hodder, I. (1992), Theory and Practice in Archaeology, London: Routeldge
  • Munson, C. A., Jones, M. M. & Fry, R. E. (1995), "The GE Mound: An ARPA Case Study", American Antiquity, vol. 60, no. 1, pp. 131–159, doi:10.2307/282080{{citation}}: CS1 maint: multiple names: authors list (link)
  • Kuznar, L, ed. (2001), Ethnoarchaeology of Andean South America, Ann Arbor: International Monographs in Prehistory
  • Miller, D. & Tilley, C. (1984), "Ideology, Power and Prehistory: An Introduction", in Miller, D. & Tilley, C. (ed.), Ideology, Power, and Prehistory, Cambridge: Cambridge University Press, ISBN 0521255260, OCLC 241599209 9827625 {{citation}}: Check |oclc= value (help)CS1 maint: multiple names: authors list (link)
  • Miller, D., Rowlands, M., Tilley, C., ed. (1989), Dominion and Resistance, New York: Routledge{{citation}}: CS1 maint: multiple names: editors list (link)
  • Munson, C. A., Jones, M. M. & Fry, R. E. (1995), "The GE Mound: An ARPA Case Study", American Antiquity, vol. 60, no. 1, pp. 131–159, doi:10.2307/282080{{citation}}: CS1 maint: multiple names: authors list (link)
  • Ogundele, S. O. (2005), "Ethnoarchaeology of Domestic Space and Spatial Behaviour Among the Tiv and Ungwai of Central Nigeria", African Archaeological Review, vol. 22, pp. 25–54, doi:10.1007/s10437-005-3158-2
  • Pauketat, T. R. (2001), "Practice and History in Archaeology: An Emerging Paradigm", Anthropological Theory, vol. 1, pp. 73–98, doi:10.1177/14634990122228638
  • Redman, C. L. (1974), Archaeological Sampling Strategies, Binghamton: State University of New York at Binghamton
  • Renfrew, C. & Bahn, P. G. (1991), Archaeology: Theories, Methods, and Practice, London: Thames and Hudson Ltd, ISBN 0500278679, OCLC 185808200 34521234 {{citation}}: Check |oclc= value (help)CS1 maint: multiple names: authors list (link)
  • Saraydar, S. & Shimada, I. (1971), "A Quantitative Comparison of Efficiency Between A Stone Axe and A Steel Axe", American Antiquity, vol. 36, no. 2, pp. 216–217, doi:10.2307/278680{{citation}}: CS1 maint: multiple names: authors list (link)
  • Saraydar, S. C. & Shimada, I. (1973), "Experimental Archaeology: A New Outlook", American Antiquity, vol. 38, no. 3, pp. 344–350, doi:10.2307/279722{{citation}}: CS1 maint: multiple names: authors list (link)
  • Sellet, F., Greaves, R. & Yu, P.-L. (2006), Archaeology and Ethnoarchaeology of Mobility, Gainesville: University Press of Florida{{citation}}: CS1 maint: multiple names: authors list (link)
  • Shanks, M. & Tilley, C. (1987), Reconstructing Archaeology, New York: Cambridge university Press{{citation}}: CS1 maint: multiple names: authors list (link)
  • Shanks, M. & Tilley, C. (1988), Social Theory and Archaeology, Albuquerque: University of New Mexico Press, ISBN 0745601847, OCLC 16465065 185783860 {{citation}}: Check |oclc= value (help)CS1 maint: multiple names: authors list (link)
  • Shanks, M. (1991), "Some recent approaches to style and social reconstruction in classical archaeology", Archaeological Review from Cambridge, vol. 10, pp. 164–174
  • Shanks, M. (1993), "Style and the design of a perfume jar from an Archaic Greek city state", Journal of European Archaeology, vol. 1, pp. 77–106
  • Sheets, P. D. (1973), "The Pillage of Prehistory", American Antiquity, vol. 38, no. 3, pp. 317–320, doi:10.2307/279718
  • Shott, M. J. & Sillitoe, P. (2005), "Use life and curation in New Guinea experimental used flakes", Journal of Archaeological Science, vol. 32, pp. 653–663, doi:10.1016/j.jas.2004.11.012{{citation}}: CS1 maint: multiple names: authors list (link)
  • Tassie, G. J., Owens, L.S. (2010), Standards of Archaeological Excavations: A Fieldguide to the Methology, Recording Techniques and Conventions, London: GHP, ISBN 978-1906137175{{citation}}: CS1 maint: multiple names: authors list (link)
  • Taylor, W. W. (1948), A Study of Archaeology, Menasha: American Anthropological Association, ISBN 0906367123, OCLC 9714935
  • Tilley, Christopher, ed. (1993), Interpretive Archaeology, Oxford: Berg, ISBN 0854968423, OCLC 185494001 26263158 {{citation}}: Check |oclc= value (help)
  • Trigger, B. G. (1989), A History of Archaeological Thought, Cambridge: Cambridge University Press
  • Watters, M.R. (1992), Principles of Geoarchaeology: A North American Perspective, Tucson: The University of Arizona Press
  • Watters, M.R. (2000), "Alluvial stratigraphy and geoarchaeology in the American Southwest", Geoarchaeology, vol. 15, pp. 537–557, doi:10.1002/1520-6548(200008)15:6<537::AID-GEA5>3.0.CO;2-E
  • Willey, G. R. (1953), Prehistoric Settlement Patterns in the Virú Valley, Perú, Washington DC{{citation}}: CS1 maint: location missing publisher (link)
  • Willey, G. (1968), Settlement Archaeology, Palo Alto: National Press
  • Wylie, A. (1985), "The Reaction Against Analogy", in Schiffer, Michael B. (ed.), Advances in Archaeological Method and Theory, Orlando, FL: Academic Press, pp. 63–111
  • Yellen, J. & Harpending, H. (1972), "Hunter-Gatherer Populations and Archaeological Inference", World Archaeology, vol. 4, pp. 244–253, doi:10.1080/00438243.1972.9979535{{citation}}: CS1 maint: multiple names: authors list (link)
  • Yellen, J. (1977), Archaeological Approaches to the Present, New York: Academic Press, ISBN 0127703500, OCLC 2911020

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=പുരാവസ്തുശാസ്ത്രം&oldid=4084582" എന്ന താളിൽനിന്ന് ശേഖരിച്ചത്