കോപ്റ്റിക് ഭാഷ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
5-6 നൂറ്റാണ്ടുകളിലെന്നോ എഴുതപ്പെട്ട ഒരു കോപ്റ്റിക് പ്രാർത്ഥനാലിഖിതം

പതിനേഴാം നൂറ്റാണ്ടു വരെയെങ്കിലും ഈജിപ്തിൽ സംസാരിക്കപ്പെട്ടിരുന്ന ആഫ്രോ-ഏഷ്യാറ്റിക് ഭാഷയുടെ ഇന്നത്തെ രൂപമാണ്, കോപ്റ്റിക് ഭാഷ അല്ലെങ്കിൽ "കോപ്റ്റിക് ഈജിപ്ഷ്യൻ".[1] ഈജിപ്ഷ്യൻ ഭാഷ എഴുതാൻ ഗ്രീക്ക് ലിപി ഉപയോഗിക്കാൻ തുടങ്ങിയത് ഒന്നാം നൂറ്റാണ്ടിലായിരുന്നു.[2] കാലക്രേമേണ, ഗ്രീക്കു ഭാഷയിൽ ഇല്ലാതിരുന്ന ഈജിപ്ഷ്യൻ ശബ്ദങ്ങൾ രേഖപ്പെടുത്താനായി ഡിമോട്ടിക്ക് ലിപിയിൽ നിന്നു കടമെടുത്ത ആറു ചിഹ്നങ്ങളും കൂടി ചേർന്ന കോപ്റ്റിക് ലിപിവ്യവസ്ഥ ഉരുത്തിരിഞ്ഞു വന്നു. കോപ്റ്റിക് ഭാഷയുടെ പല നാട്ടുഭേദങ്ങളും(dialects) തിരിച്ചറിയപ്പെട്ടിട്ടുണ്ട്. സാഹിദിക്, ബൊഹായ്റിക് എന്നിവയാണ് അവയിൽ പ്രധാനം.

ചിത്രലിപി(Hieroglyphic) ഉപയോഗിച്ച് എഴുതിയിരുന്ന പുരാതന ഈജിപ്ഷ്യൻ ഭാഷയുടെ പിൽക്കാലരൂപത്തോട് സാമ്യമുള്ളവയാണ് ഡെമോട്ടിക്ക് ഭാഷയും കോപ്റ്റിക് ഭാഷയും. സാഹിത്യഭാഷയെന്ന നിലയിൽ കോപ്റ്റിക് 2 മുതൽ 13 വരെ നൂറ്റാണ്ടുകളിൽ പുഷ്ടിപ്പെട്ടു. ആ ഭാഷയുടെ ബൊഹായ്റിക് നാട്ടുഭേദം ഇന്നും ഈജിപ്ഷ്യൻ ഓർത്തഡോക്സ് സഭയുടെയും റോമൻ തിരുസംഘവുമായി ഐക്യത്തിലുള്ള ഈജിപ്ഷ്യൻ കത്തോലിക്കാ സഭയുടെയും ആരാധനാ ഭാഷയായി തുടരുന്നു. സംസാരഭാഷ എന്ന നിലയിൽ അതിന്റെ പദവി, ആധുനികകാലത്തിന്റെ തുടക്കത്തിൽ അറബിഭാഷ കൈയ്യടക്കി. ഇൗ ഭാഷയെ പുനരുജ്ജീവിപ്പിക്കാൻ ഉള്ള പരിശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുന്നു.

ചരിത്രം[തിരുത്തുക]

ലോകത്തിലെ ഏറ്റവും പ്രാചീനമായ ഭാഷകളിൽ ഒന്നാണ് ഈജിപ്ഷ്യൻ ഭാഷ. 3200 ബിസിയിൽ സംസാരിച്ചിരുന്ന പ്രാചീന ഈജിപ്ഷ്യൻ ഭാഷ മുതൽ ആധുനിക കോപ്റ്റിക് ഭാഷ വരെ വിവിധ ഘട്ടങ്ങളിൽ ആണ് ഈജിപ്ഷ്യൻ ഭാഷയുടെ പരിണാമം.

മൂന്നാം നൂറ്റാണ്ടിലെ ഒരു കോപ്റ്റിക് ലിഖിതം

ക്രൈസ്തവവത്കരണത്തിന് മുൻപ്[തിരുത്തുക]

അലക്സാണ്ടർ ചക്രവർത്തി ബിസി രണ്ടാം നൂറ്റാണ്ടിൽ പേർഷ്യ സാമ്രാജ്യത്തിൽ നിന്ന് ഈജിപ്റ്റ് കീഴടക്കിയതോടെ ഈജിപ്ഷ്യൻ ഭാഷയും സംസ്കാരവും യവന സ്വാധീനത്തിൽ ആയി. അലക്സാണ്ടർ ചക്രവർത്തിക്ക്‌ ശേഷം ഈജിപ്റ്റ് യവനരായ ടോളമി രാജാക്കന്മാരുടെ അധീനതയിൽ ആയി. ഈ കാലഘട്ടത്തിൽ ആണ് ആദ്യമായി ഈജിപ്ഷ്യൻ ഭാഷ യവനലിപിയിൽ എഴുതിത്തുടങ്ങിയത്.

ക്രിസ്തുവർഷം ഒന്നാം നൂറ്റാണ്ടോടെ, അതായത് റോമൻ ഭരണകാലത്ത് ആണ് കോപ്റ്റിക് ഭാഷ അതിന്റെ പൂർവരൂപം പ്രാപിച്ചത്. ഈ കാലഘട്ടത്തിൽ ഈജിപ്റ്റിലെ പരമ്പരാഗത മതം ക്ഷയിച്ചത് ചിത്രലിപിയുടെ (Hieroglyphics) ക്ഷയത്തിന് കാരണമായി. ആ കാലത്ത് മതപുരോഹിതർക്കും പണ്ഡിതർക്കും മാത്രമേ ചിത്രലിപി വശമുള്ളായിരുന്നു. അതിനാൽ അക്കാലത്ത് സാധാരണക്കാർക്കിടയിൽ ഫോണെറ്റിക്‌ രീതിയിലുള്ള യവനലിപിക്ക്‌ പ്രചാരം ലഭിച്ചു. കോപ്റ്റിക് ഭാഷയുടെ ഈ ഘട്ടം പ്രാചീന കോപ്റ്റിക് (Old Coptic) ഭാഷയെന്ന് അറിയപ്പെടുന്നു. പ്രാചീന കോപ്റ്റിക് ലിഖിതങ്ങൾ പ്രധാനമായും പാഗൻ പ്രാർത്ഥനകളോ ജ്യോതിഷ സംബന്ധമായവയോ ആയിരുന്നു.

ക്രൈസ്തവവത്കരണത്തിന്‌ ശേഷം[തിരുത്തുക]

ക്രിസ്തുവർഷം ഒന്നാം നൂറ്റാണ്ടിൽ തന്നെ ക്രിസ്തുമതം ഈജിപ്തിൽ എത്തിയതായി ചരിത്രരേഖകൾ സാക്ഷ്യപ്പെടുത്തുന്നു. സുവിശേഷകനായ മർക്കോസ് ആണ് ഈജിപ്തിലേക്ക് ക്രൈസ്തവവിശ്വാസം കൊണ്ടുവന്നത് എന്ന് പരമ്പരാഗതമായി വിശ്വസിച്ച് പോരുന്നു.

ഈജിപ്ഷ്യൻ പാരമ്പര്യത്തിൽ നിർമ്മിക്കപ്പെട്ട അൾത്താര,ജെറുസലേം

എന്നാൽ ഈജിപ്തിലെ ആദ്യ ക്രൈസ്തവർ തുറമുഖനഗരമായ അലക്സാൻഡ്രിയായിലും പ്രാന്തപ്രദേശങ്ങളിലും ആയിരുന്നു ജീവിച്ചിരുന്നത്.ഈ പ്രദേശങ്ങളിൽ എല്ലാം പക്ഷെ അക്കാലത്ത് യവൻഭാഷയായിരുന്നു സംസാരിച്ചിരുന്നത്. അതിനാൽ യവന ഭാഷയായിരുന്നു ആരാധനാ ഭാഷയായി ഉപയോഗിച്ചിരുന്നത്.

പിലാക്കിലെ(ഫിലെ) ഇസിസ് (ഔസെറ്റ്) ദേവിയുടെ ക്ഷേത്രത്തിൽ ഉള്ള ഗ്രീക്ക് ലീഖിതവും കോപ്റ്റിക് കുരിശും

ക്രിസ്തുവർഷം നാലാം നൂറ്റാണ്ടോടെ ഈജിപ്ത് ഒരു ക്രൈസ്തവ ഭൂരിപക്ഷ മേഖലയായി തീർന്നു. അതിനാൽ സാധാരണക്കാരുടെ ഭാഷയായ കോപ്റ്റിക് ഭാഷയിലോട്ട്‌ ആരാധനക്രമം തർജ്ജമ ചെയ്യേണ്ടത് അനിവാര്യമായി. അക്കാലത്തെ പല സഭാപിതാക്കൻമാരും കോപ്റ്റിക് ഭാഷ ഉപയോഗിക്കാൻ തുടങ്ങി. പക്ഷെ നാലാം നൂറ്റാണ്ടിലെ സന്യാസവര്യനായ വി.ഷെനൗട്ടെ ആണ് കോപ്റ്റിക് ഭാഷയെ ഇന്ന് കാണുന്ന രീതിയിൽ ക്രമീകരിക്കുന്നതിന് മുഖ്യപങ്ക് വഹിച്ചത്.

ഇസ്ലാമിക അധിനിവേശവും കോപ്റ്റിക് ഭാഷയുടെ പതനവും[തിരുത്തുക]

എട്ടാം നൂറ്റാണ്ടിൽ ഈജിപ്ത് ഇസ്ലാമിക ഭാരണത്തിങ്കീഴിലായി. ഇതോടെ കോപ്റ്റിക് ഭാഷയുടെ പതനവും ആരംഭിച്ചു. ഇതേ നൂറ്റാണ്ടിൽ മുസ്ലീങ്ങളുടെ ഖലിഫയായ അബ്ദ്‌ അൽ മാലിക് ഇബ്ൻ മർവാൻ ഈജിപ്റ്റിൽ കോപ്റ്റിക്, ഗ്രീക്ക് എന്നീ ഭാഷകൾ നിരോധിക്കുകയും അറബി ഭാഷ ഭരണഭാഷ ആകുകയും ചെയ്തു.

പതിമൂന്നാം നൂറ്റാണ്ടിൽ മുതൽ പതിനാറാം നൂറ്റാണ്ട് വരെ മംലുക് രാജവംശത്തിലെ സുൽത്താന്മാർ കോപ്റ്റിക് ക്രൈസ്തവർക്ക് നേരെ കൊടിയ മതപീഡനം അഴിച്ചുവിടുകയും തന്മൂലം കോപ്റ്റിക് ഭാഷയുടെ നിലനിൽപ് ഭീഷണിയിലാകുകയും ചെയ്തു. അങ്ങനെ പതിനെട്ടാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ കോപ്റ്റിക് ഭാഷ കാലയവനികയ്ക്കു പുറകിൽ അസ്തമിച്ചു.

പത്തൊൻപതാം നൂറ്റാണ്ടിലെ ഒരു കോപ്റ്റിക് വ്യാകരണത്തിൽ നിന്ന്

ആധുനിക കാലത്ത് ഈജിപ്ഷ്യൻ സഭയുടെ നേതൃത്ത്വത്തിൽ കോപ്റ്റിക് ഭാഷയെ പുനരുജ്ജീവിപ്പിക്കാൻ ശ്രമങ്ങൾ നടന്നുവരുന്നു.

കോപ്റ്റിക് ലിപി[തിരുത്തുക]

യവനലിലിയുടെ ഒരു വകഭേദം ആണ് കോപ്റ്റിക് ഭാഷ എഴുതാനായി ഉപയോഗിക്കുന്നത്. ഇതിൽ യവന ഭാഷയിൽ ഇല്ലാത്ത ചില ശബ്ദങ്ങൾക്ക് ഡെമോട്ടിക് ലിപിയിൽ നിന്ന് ഉൾതിരിയുന്ന അക്ഷരങ്ങൾ ഉപയോഗപ്പെടുത്തുന്നു.

കോപ്റ്റിക് അക്ഷരങ്ങൾ
അക്ഷരം പേര് സ്വരം ഉദാഹരണം
Ⲁ ⲁ Ⲁⲗⲫⲁ (ആൽഫാ) അ,ആ Ⲁⲛⲍⲏⲃ (അൻസീബ്) വിദ്യാലയം
Ⲃ ⲃ Ⲃⲏⲧⲁ (വീറ്റ) ബ്,വ്‌ Ⲃⲱⲧⲥ (വൗറ്റ്സ്‌) യുദ്ധം
Ⲅ ⲅ Ⲅⲁⲙⲁ (ഘാമ) ഗ്,ഘ്‌ Ⲅⲁⲍⲁ (ഘാസാ) ഖജനാവ്
Ⲇ ⲇ Ⲇⲉⲗⲧⲁ (ഡെൽറ്റ) ദ്,ഡ് Ⲇⲣⲁⲕⲱⲛ (ദ്രകൗൺ) വ്യാളി
Ⲉ ⲉ Ⲉⲓ (ഏയ്) എ,ഏ Ⲉⲃⲓⲱ (എവിയൗ) തേൻ
Ⲋ ⲋ Ⲋ (സൗ) ഏഴ് എന്ന സംഖ്യയെ സൂചിപ്പിക്കുന്നു ഒരു വാക്കിലും ഉപയോഗിക്കാറില്ല
Ⲍ ⲍ Ⲍⲏⲧⲁ (സീറ്റ) Z (സ) Ⲍⲉⲛⲍⲉⲛ (സെൻസെൻ) ഓന്ത്

ഇതിൽ Ⲋ,Ϣ,Ϥ,Ϭ,Ϫ,Ϩ,Ϯ എന്നീ അക്ഷരങ്ങൾ ഡിമോട്ടിക് ലിപിയിൽ നിന്ന് ഉൾതിരിഞ്ഞവയാണ്.

അവലംബം[തിരുത്തുക]

  1. Coptic Encyclopedia; http://cdm15831.contentdm.oclc.org/cdm/ref/collection/cce/id/520
  2. Reintges, Chris H. (2004). Coptic Egyptian (Sahidic Dialect). Cologne: Rüdiger Köppe. ISBN 978-3-89645-570-3.
  • Wolfgang Kosack: Lehrbuch des Koptischen.Teil I:Koptische Grammatik.Teil II:Koptische Lesestücke, Graz 1974.
  • Wolfgang Kosack: Der koptische Heiligenkalender. Deutsch - Koptisch - Arabisch nach den besten Quellen neu bearbeitet und vollständig herausgegeben mit Index Sanctorum koptischer Heiliger, Index der Namen auf Koptisch, Koptische Patriarchenliste, Geografische Liste. Christoph Brunner, Berlin 2012, ISBN 978-3-9524018-4-2.
  • Wolfgang Kosack: Schenute von Atripe De judicio finale. Papyruskodex 63000.IV im Museo Egizio di Torino. Einleitung, Textbearbeitung und Übersetzung herausgegeben von Wolfgang Kosack. Christoph Brunner, Berlin 2013, ISBN 978-3-9524018-5-9.
  • Wolfgang Kosack: Koptisches Handlexikon des Bohairischen. Koptisch - Deutsch - Arabisch. Verlag Christoph Brunner, Basel 2013, ISBN 978-3-9524018-9-7.
  • Westendorf, Wolfhart. 1965/1977. Koptisches Handwörterbuch. Heidelberg: Carl Winter.
"https://ml.wikipedia.org/w/index.php?title=കോപ്റ്റിക്_ഭാഷ&oldid=3175459" എന്ന താളിൽനിന്ന് ശേഖരിച്ചത്