അനൂബിസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അനൂബിസ്

ഈജിപ്ഷ്യൻ പുരാണത്തിലെ ചെന്നായയുടെ തലയുള്ള ഒരു ദേവനാണ് അനൂബിസ്. മരണാനന്തര ജീവിതത്തിന്റേയും മമ്മിവൽക്കരണത്തിന്റേയും ദേവനാണ് അനൂബിസ്. പുരാതന ഈജിപ്ഷ്യൻ ഭാഷയിൽ ഇൻപു എന്ന പേരിലാണ് ഈ ദേവൻ അറിയപ്പെടുന്നത്. കറുത്ത മനുഷ്യശരീരവും ചെന്നായയുടെയൊ കുറുക്കന്റെയോ ശിരസ്സും ചേർന്ന രൂപത്തിലും രോമനിബിഡമായ വാലോടുകൂടിയ കറുത്ത കുറുക്കന്റെ രൂപത്തിലും ഈ ദേവൻ ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്.

പുരാതന ഈജിപ്ത് രാജവംശങ്ങളിൽ ഏറ്റവും പ്രമുഖസ്ഥാനം ഉള്ള ദേവനായിരുന്നു അനൂബിസ്. എന്നാൽ മദ്ധ്യകാല രാജവംശത്തിൽ ആ സ്ഥാനം ഒസൈറിസ്സിന് നല്കപ്പെട്ടു. മരിച്ചവർക്ക് പരലോകത്തേക്കുള്ള വഴി തുറന്നുകൊടുക്കുന്നത് അനൂബിസ് ആണെന്ന സങ്കല്പത്തിന്റെ അടിസ്ഥാനത്തിൽ 'ആത്മാക്കളുടെ മാർഗദർശി' എന്നും ഇതിനെ വിളിക്കുന്നു. ആത്മാക്കളുടെ മാർഗദർശി എന്ന നിലയിലുള്ള പ്രവർത്തനങ്ങൾ മൂലം യവനദേവതയായ ഹെർബിസ് ആയിക്കരുതി ഇതിന് 'ഹെർമാനുബിസ്' എന്ന പേര് പില്ക്കാലത്ത് നല്കിയിട്ടുള്ളതായും കാണുന്നു. മൃതദേഹം കേടുകൂടാതെ 'മമ്മി'യായി സൂക്ഷിക്കുന്ന വിദ്യ കണ്ടുപിടിച്ചയാൾ എന്ന നിലയിലും അനൂബിസ് ആരാധിക്കപ്പെട്ടിരുന്നു. ഒസൈറിസ്സിന്റെ ജഡത്തെയാണ് ആദ്യമായി അനൂബിസ് ഇതിന് വിധേയമാക്കിയതെന്നാണ് വിശ്വാസം. ശവസംസ്കാരപ്രാർഥനകളിൽ അധികവും അനൂബിസിനെ സംബന്ധിച്ചവയാണ്. ഒസൈറിസ്സിന്റെ ഗണത്തിൽപ്പെട്ട ദേവതയെന്ന നിലയ്ക്ക് അനൂബിസ് വളരെക്കാലം ആരാധിക്കപ്പെട്ടിരുന്നു.

"https://ml.wikipedia.org/w/index.php?title=അനൂബിസ്&oldid=2398527" എന്ന താളിൽനിന്നു ശേഖരിച്ചത്