ഖോൻസു
ഖോൻസു | ||||||
---|---|---|---|---|---|---|
ചന്ദ്രദേവൻ | ||||||
| ||||||
തീബ്സ് | ||||||
പ്രതീകം | the moon disk, the sidelock, falcon, crook and flail, was-scepter | |||||
ജീവിത പങ്കാളി | ബസ്ത് | |||||
മാതാപിതാക്കൾ | അമുൻ/റാ , മുട്ട്/ഹാത്തോർ | |||||
സഹോദരങ്ങൾ | Maat, Apis, Tefnut, Sekhmet, Bast, Shu |
പുരാതന ഈജിപ്ഷ്യൻ വിശ്വാസപ്രകാരം ചന്ദ്രദേവനാണ് ഖോൻസു (ഇംഗ്ലീഷ്: Khonsu). സഞ്ചാരി എന്നാണ് ഖോൻസു എന്ന വാക്കിനർഥം. രാത്രിയിൽ ചന്ദ്രന്റെ സ്ഥാനചലനത്തെ ഇത് ആഖ്യാനിക്കുന്നു. ഈജിപ്ഷ്യൻ ദേവനായ തോത്ത്, ഖോൻസുവുമായി ചേർന്നാണ് സമയത്തിന്റെ ഗമനം രേഖപ്പെടുത്തുന്നത്. തീബിയൻ ജനതയുടെ വിശ്വാസപ്രകാരം ഖോൻസു അമുനിന്റെയും മുട്ടിന്റെയും പുത്രനാണ്. ഇവർ മൂന്നുപേരും ചേർന്ന് ഒരു ദൈവിക ത്രയമായി അറിയപ്പെട്ടിരുന്നു. മെംഫിസ്, ഹിബിസ്, എഫ്ദു എന്നിവയാണ് ഖോൻസുവിന്റെ പ്രധാന ആരാധനാകേന്ദ്രങ്ങൾ.
രാത്രിയിൽ ചന്ദ്രൻ ആകാശത്ത് കിഴക്കുനിന്നും പടിഞ്ഞാറോട്ട് സഞ്ചരിക്കുന്നു. ഈ വസ്തുതയെ അവലംബമാക്കിയാണ് ചന്ദ്രദേവന് സഞ്ചാരി എന്നർത്ഥമുള്ള ഖോൻസു എന്ന നാമം നൽകിയിരിക്കുന്നത്. രാത്രികാലങ്ങളിൽ യാത്ര ചെയ്യുന്നവർ എപ്പോഴും ചന്ദ്രനെ ദർശിച്ചിരുന്നു. ആയതിനാൽ "ആശ്ലേഷിക്കുന്നവൻ", "മാർഗദർശകൻ", "പരിരക്ഷകൻ" എന്നീ വിശേഷണങ്ങളും ഖോൻസുവിനുണ്ട്. രാത്രിയിൽ പ്രകാശത്തിന്റെ ദേവനായതിനാൽ വന്യജീവികളിൽനിന്നുള്ള രക്ഷയ്ക്കായും, വേദന ശമനത്തിനായും ഖോൻസുവിനെ പ്രാർത്ഥിച്ചിരുന്നു.
സാധാരണയായി ഒരു മമ്മിയുടെ രൂപത്തിലാണ് ഖോൻസു ദേവനെ ചിത്രീകരിക്കാറുള്ളത്. മുടി വശങ്ങളിലേക്ക് പിന്നിയിട്ട് കഴുത്തിൽ മെനറ്റ് എന്നറിയപ്പെടുന്ന ആഭരണവും, കയ്യിൽ അധികാരചിഹ്നങ്ങളും ഉള്ള ഒരു രൂപമാണ് ഖോൻസുവിന്റെത്. ചിലപ്പോഴൊക്കെ ഹോറസ്സിനെപോലെ ഫാൽക്കൺ ശിരസ്സുള്ള മനുഷ്യരൂപത്തിലും ഖോൻസുവിനെ ചിത്രീകരിക്കാറുണ്ട്. ഖോൻസു ദേവന്റെ ശിരസ്സിൽ ഒരു ചന്ദ്രകലയും കാണാം. ഹോറസ് ദേവനുമായി ചേർന്ന് ഖോൻസുവിനെയും സംരക്ഷക ദൈവമായി ആരാധിച്ചിരുന്നു.[1]
റാംസ്സെസ് കാലഘട്ടത്തിൽ കർണ്ണാക്കിൽ നടന്ന ക്ഷേത്ര നിർമ്മാണ പ്രവർത്തനങ്ങളിൽ അധികവും ഖോൻസുവിന് വേണ്ടിയായിരുന്നു.[1] കർണ്ണാക്കിലെ ഖോൻസു ക്ഷേത്രം താരതമ്യേന നന്നായി സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. ഈ ക്ഷേത്രത്തിലെ ഒരു ചുവരിൽ കൊത്തിവച്ചിരിക്കുന്ന പ്രപഞ്ചോത്‌പത്തി സിദ്ധാന്തം പ്രകാരം, പ്രപഞ്ച അണ്ഡത്തെ ഫലദീകരിക്കുന്ന ഒരു സർപ്പത്തിന്റെ രൂപത്തിൽ ഖോൻസുവിനെ ചിത്രീകരിച്ചിട്ടുണ്ട്.[2]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "The Oxford Guide: Essential Guide to Egyptian Mythology", Edited by Donald B. Redford, pp. 186–187, Berkley, 2003, ISBN 0-425-19096-X
- ↑ Handbook of Egyptian Mythology, Geraldine Pinch, p156, ABC-CLIO, 2002, ISBN 1-57607-242-8