നാദസ്വരം
തെക്കേ ഇന്ത്യയുടെ ഒരു പരമ്പരാഗത സംഗീതോപകരണമാണ് നാഗസ്വരം. മരം കൊണ്ടുടാക്കിയ ലോകത്തിലെ ഏറ്റവും ശബ്ദം കൂടിയ ഒരു സുഷിര വാദ്യമാണിത്[അവലംബം ആവശ്യമാണ്]. ഹിന്ദു വിവാഹവേളകളിലും അമ്പലങ്ങളിലും ഉപയോഗിക്കുന്ന ഈ ഉപകരണം വളരെ ദൈവിക മൂല്യങ്ങൾ ഉള്ളതായി കണക്കാക്കുന്നതിനാൽ ഇതിനെ ഒരു മംഗള വാദ്യമായി പറയുന്നു. തമിഴ്നാടിന്റെ തനത് വാദ്യോപകരണങ്ങളിലൊന്നാണെങ്കിലും കേരളം, കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാണ തുടങ്ങിയ സംസ്ഥാനങ്ങളിലും ഇത് ഉപയോഗിച്ചുവരുന്നുണ്ട്.
ഘടന
[തിരുത്തുക]തടിയിൽ നിർമിച്ച ഒരു സുഷിരവാദ്യമാണിത്. ലോകത്തിലെ തന്നെ ലോഹേതര സുഷിരവാദ്യങ്ങളിൽ മുൻനിരയിലുള്ള വാദ്യമായാണ് ഇത് വിലയിരുത്തപ്പെട്ടിട്ടുള്ളത്. . നാഗസ്വരത്തിൽ ഒരു ലോഹത്തകിടിനുള്ളിലാണ് വായിക്കുന്നതിനുള്ള റീഡ് സ്ഥാപിക്കുക. തടികൊണ്ട് തീർത്ത ഒരു കുഴലാണ് നാഗസ്വരത്തിന്റെ മുഖ്യഭാഗം. അത് ഒരറ്റം വിസ്താരം കുറഞ്ഞ് കൂർത്തിരിക്കും. ഇതാണ് വായിക്കുന്ന ഭാഗം. ഇതിന് ഓരിക അഥവാ ഓരികൈ എന്നാണ് പേര്. ഈ ഭാഗത്ത് ഒരു ലോഹത്തകിടിനുള്ളിൽ ഞാണപ്പുല്ലിന്റെ ഇരട്ട റീഡ് ഘടിപ്പിച്ചിരിക്കും. ഇതിലൂടെ ഊതിയാണ് വാദനം. വായിക്കുന്ന ഭാഗത്തുനിന്ന് കീഴോട്ട് വിസ്താരം കൂടി, മറുവശത്തെ വായ്ഭാഗം ഒരു കോളാമ്പിയുടെ ആകൃതിയിൽ പുറത്തേക്ക് പരന്നിരിക്കും. മേലറ്റം ഒളവ് എന്നു പറയുന്നു
നാഗസ്വരത്തിന്റെ കുഴലിൽ ആകെ 12 സുഷിരങ്ങളാണുള്ളത്. അതിൽ ഒരെണ്ണം മെഴുകു കൊണ്ട് അടച്ചിരിക്കും. ശുദ്ധമദ്ധ്യമം ശ്രുതി ചേർക്കാൻ ആണ് അങ്ങനെ ചെയ്യുന്നത് .മുകൾ ഭാഗത്ത് കാണുന്ന ഏഴ് സുഷിരങ്ങളിൽ വിരലുകൾ അമർത്തിയും വിടർത്തിയും വായുസഞ്ചാരം നിയന്ത്രിച്ചാണ് നാഗസ്വരം വായിക്കുക. റീഡിലൂടെ ഊതുന്ന കാറ്റിനെ ഇത്തരത്തിൽ സ്വരനിയന്ത്രണം ചെയ്ത് സ്വരസ്ഥാനങ്ങൾ ജനിപ്പിക്കുകയാണ് രീതി. ഊതുന്ന കാറ്റിന്റെ ശക്തിവ്യത്യാസങ്ങൾ, വിരലുകളുടെ ചലനം എന്നിവയാൽ സ്വരങ്ങളെ ഇഷ്ടത്തിനനുസരിച്ച് പാകപ്പെടുത്താമെന്നതിനാൽ ഇത് ഒരു ഗീതവാദ്യമായാണ് ഉപയോഗിക്കപ്പെടുന്നത്. മംഗളകർമ്മങ്ങൾക്ക് അഭിവാജ്യ ഘടകമായതിനാൽ മംഗള വാദ്യമായി അറിയപ്പെടുന്നു.
നിർമ്മിതി
[തിരുത്തുക]തഞ്ചാവൂർ ഭാഗങ്ങളിൽ ആച്ചാമരം എന്ന തടിയാണ് ഇതിന്റെ നിർമ്മാണത്തിന് പ്രധാനമായും ഉപയോഗിക്കുന്നത്. ചന്ദനത്തടി, കുങ്കുമത്തടി എന്നിവയും ഉപയോഗിക്കാറുണ്ട്. വെള്ളി, സ്വർണം എന്നീ ലോഹങ്ങൾകൊണ്ട് കുഴൽ പൊതിയുന്ന പതിവും കാണാം. അപൂർവമായി കല്ലിൽ കൊത്തിയെടുത്ത കുഴലുകളും ഉപയോഗിച്ചിരുന്നു എന്നതിനു തെളിവുകളുണ്ട്. അത്തരത്തിൽ ഒരു നാഗസ്വരം തിരുനെൽവേലിയിലെ ആഴ്വാർ തിരുനഗരിക്ഷേത്രത്തിലും ഓമല്ലൂർ രക്തകണ്ഠേശ്വര ക്ഷേത്രത്തിലും ഉണ്ട്. നീളമുള്ള കുഴൽ പോലുള്ള ഈ ഉപകരണം മരം കൊണ്ട് ഉണ്ടാക്കിയതും ലോഹഭാഗങ്ങളുള്ളതും ഇരട്ട ഞാങ്ങണകൾ (റീഡ്) കൊണ്ട് വായിക്കുന്നതുമാണ്. മുകളിൽ ഏഴു സുഷിരങ്ങളും താഴെ അഞ്ചു സുഷിരങ്ങളുമുള്ള ഈ ഉപകരണം പുറത്തുള്ള സ്ഥലങ്ങളിൽ വായിക്കുവാനാണ് ആദ്യകാലങ്ങളിൽ ഉപയോഗിച്ചിരുന്നത്. തെക്കേ ഇന്ത്യയുടെ സംഗീതോപകരണമാണെങ്കിലും വടക്കേ ഇന്ത്യയിലും മറ്റു രാജ്യങ്ങളിലും ഈ ഉപകരണം പലപ്പോഴും ഉപയോഗിച്ചുവരുന്നുണ്ട്.
പ്രമുഖ നാഗസ്വരവിദ്വാന്മാർ
[തിരുത്തുക]തമിഴ്നാട്ടുകാർ
[തിരുത്തുക]- ടി.എൻ. രാജരത്നം പിള്ള
- കാരക്കുറിച്ചി അരുണാചലം
- തിരുമരുക്ൽ നടരാജപിള്ള
- വീരുസ്വാമിപിള്ള
- മധുരൈ പൊന്നുച്ചാമി
- ഷെയ്ക്ക് ചിന്ന മൌലാന
- നാമഗിരിപ്പേട്ട കൃഷ്ണൻ
കേരളീയർ
[തിരുത്തുക]- അമ്പലപ്പുഴ സഹോദരന്മാർ
- തിരുവിഴ സഹോദരന്മാർ
- ഹരിപ്പാട് സഹോദരന്മാർ
- തിരുവിഴ ജയശങ്കർ
- നല്ലേപ്പിള്ളി ബ്രദേഴ്സ്
ഭാരതീയേതര നാഗസ്വരവാദകർ
[തിരുത്തുക]ചിത്രശാല
[തിരുത്തുക]-
നാദസ്വരം
-
നാദസ്വരവാദകർ; ഓമല്ലൂർ ഉൽസവവേളയിൽ