അമ്പലപ്പുഴ സഹോദരന്മാർ
അമ്പലപ്പുഴക്കാരായ പ്രശസ്ത നാദസ്വര വിദഗ്ദരാണ് അമ്പലപ്പുഴ സഹോദരന്മാർ. കെ. ശങ്കരനാരായണപ്പണിക്കർ, കെ. ഗോപാലകൃഷ്ണപ്പണിക്കർ , കെ. രാമകൃഷ്ണപ്പണിക്കർ എന്നിവരാണു അമ്പലപ്പുഴ സഹോദരന്മാരായി അറിയപ്പെട്ടിരുന്നത്[1] അമ്പലപ്പുഴ സഹോദരന്മാർ എന്ന പേരിൽ ആദ്യം അറിയപ്പെട്ടിരുന്നതു ശങ്കരനാരായണപ്പണിക്കരും ഗോപാലകൃഷ്ണപ്പണിക്കരുമാണ്. എന്നാൽ ശങ്കരനാരായണപ്പണിക്കരുടെ നിര്യാണാനന്തരം (1967 ഡിസംബർ 5) ഗോപാലകൃഷ്ണപ്പണിക്കരും രാമകൃഷ്ണപ്പണിക്കരുമാണ് ഈ പേരിൽ അറിയപ്പെട്ടത്.
ആദ്യകാല ജീവിതം
[തിരുത്തുക]പ്രസിദ്ധ നാഗസ്വരവിദ്വാനായിരുന്ന വൈക്കം കുട്ടപ്പപ്പണിക്കരും ശാസ്ത്രീയ സംഗീതത്തിൽ നല്ല ജ്ഞാനമുണ്ടായിരുന്ന തോട്ടയ്ക്കാട്ടു കുട്ടിയമ്മയുമാണ് ഇവരുടെ അച്ഛനമ്മമാർ. 1911 ജനു. 9-ന് ശങ്കരനാരായണപ്പണിക്കരും 1914 ന. 11-ന് ഗോപാലകൃഷ്ണപ്പണിക്കരും 1917 മാ.-ൽ രാമകൃഷ്ണപ്പണിക്കരും ജനിച്ചു. ശങ്കരനാരായണപ്പണിക്കർ വർക്കല ശങ്കുപ്പണിക്കരുടെ കീഴിൽ നാഗസ്വരം പഠിക്കാൻ തുടങ്ങി. അതിനുശേഷം മാന്നാർ രാമപ്പണിക്കരുടെ അടുത്തും ചിദംബരം വൈദ്യനാഥന്റെ അടുത്തും അഭ്യസനം നടത്തി. ഒരു വർഷത്തോളം വൈദ്യനാഥന്റെ കീഴിൽ പഠിച്ചതിനുശേഷം തിരുവിടമരുതൂർ വീരസ്വാമിപ്പിള്ളയുടെ ശിഷ്യത്വം സ്വീകരിച്ചു. ഈ സമയം ഗോപാലകൃഷ്ണപ്പണിക്കർ മാന്നാർ രാമപ്പണിക്കരുടെ അടുത്തുനിന്നു വേണ്ട പരിശീലനം നേടിക്കഴിഞ്ഞിരുന്നു. അനന്തരം അദ്ദേഹവും വീരസ്വാമിപ്പിള്ളയുടെ ശിഷ്യത്വം സ്വീകരിച്ചു. വീരസ്വാമിപ്പിള്ളയുടെ അടുത്തു താമസിക്കുന്ന കാലത്തുതന്നെ ശങ്കരനാരായണപ്പണിക്കരും ഗോപാലകൃഷ്ണപ്പണിക്കരും അമ്പലപ്പുഴ സഹോദരൻമാരെന്നനിലയിൽ അറിയപ്പെട്ടുതുടങ്ങി.
പുരസ്കാരങ്ങൾ
[തിരുത്തുക]1946-ൽ മുംബൈയിൽ നടന്ന അഖിലേന്ത്യാ സംഗീത സമ്മേളനം ഈ സഹോദരന്മാർക്കു പാരിതോഷികങ്ങളും കീർത്തിമുദ്രയും നല്കി. 1963-ൽ കേരള സംഗീതനാടക അക്കാദമിയുടെ സംഗീതത്തിനുള്ള അവാർഡ് ശങ്കരനാരായണപ്പണിക്കർക്കും ഗോപാലകൃഷ്ണപ്പണിക്കർക്കും ലഭിച്ചു. അതേ വർഷംതന്നെ നൃത്തത്തിനുള്ള അവാർഡ് രാമകൃഷ്ണപ്പണിക്കർക്കും നല്കപ്പെട്ടു. തിരുവിതാംകൂർ മഹാരാജാവിൽനിന്നും ഒട്ടേറെ പാരിതോഷികങ്ങളും രാമനാഥപുരം രാജാവിൽനിന്നും പൊന്നാടയും കീർത്തിമുദ്രയും ഇവർ നേടി. ചെന്നൈയിൽവച്ച് 'കീർത്തനാലങ്കാര നാഗസ്വരഭൂഷണം' എന്ന ബഹുമതി ശങ്കരനാരായണപ്പണിക്കർക്കു നല്കപ്പെട്ടു. ഇദ്ദേഹം കേരള സംഗീതനാടക അക്കാദമിയുടെ, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗമായിരുന്നിട്ടുണ്ട്. മൈസൂർ രാജാവിന്റെ കീർത്തനാലങ്കാര ഭൂഷിതർ പുരസ്കാരം, കേരള സാംഗീത നാടക അക്കഡമി പുരസ്കാരം, തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കലാരത്നം പുരസ്കാരം തുടങ്ങി നിരവധി സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്.
രാമകൃഷ്ണപ്പണിക്കർ നൃത്തം, സംഗീതം, കഥകളി, പുല്ലാങ്കുഴൽ, വാദ്യമേളങ്ങൾ തുടങ്ങി മിക്ക കലകളിലും പ്രാവീണ്യംനേടിയിട്ടുണ്ട്. ചെമ്പകശ്ശേരി നടനകലാമണ്ഡലം, നാട്യകലാനിലയം തുടങ്ങിയ നൃത്തകലാലയങ്ങളുടെ സ്ഥാപകൻ രാമകൃഷ്ണപ്പണിക്കരാണ്. രാമുണ്ണി എന്ന പേരിലാണ് ഇദ്ദേഹം അറിയപ്പെട്ടിരുന്നത്. അരവിന്ദന്റെ കുമ്മാട്ടി ചലച്ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.
ഗോപാലകൃഷ്ണപ്പണിക്കർ 1976 ന. 28-നും രാമകൃഷ്ണപ്പണിക്കർ 1980 ജൂല. 5-നും നിര്യാതരായി.
ഒരു കാലഘട്ടത്തിലെ കേരളീയ ക്ഷേത്രോൽസവങ്ങളിലെ ഒഴിവാക്കാനാവാത്ത ഘടകമായിരുന്നു അമ്പലപ്പുഴ സഹോദരന്മാരുടെ നാദസ്വര കച്ചേരി. അമ്പലപ്പുഴ സഹോദരന്മാരുടെ ബഹുമാനാർഥം അമ്പലപ്പുഴ ക്ഷേത്രത്തിലെ 'പന്ത്രണ്ട് കളഭം' "ശങ്കര നാരായണ കലോൽസവ"മായി ആഘോഷിക്കപ്പെടുന്നു.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അമ്പലപ്പുഴ സഹോദരന്മാർ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2010-04-03. Retrieved 2010-12-10.