Jump to content

താണിക്കുടം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
താണിക്കുടം

താണിക്കുടം
10°34′25″N 76°15′35″E / 10.5736°N 76.2597°E / 10.5736; 76.2597
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല തൃശൂർ
ഭരണസ്ഥാപനം(ങ്ങൾ) പഞ്ചായത്ത് ( മാടക്കത്തറ)
പ്രസിഡണ്ട്
'
'
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
680028
+91 0487269
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ ഭഗവതി ക്ഷേത്രം, ഉദ്യാനസസ്യത്തോട്ടങ്ങൾ

തൃശ്ശൂർ നഗരത്തിൽനിന്നും ഏകദേശം പത്തുകിലോമീറ്റർ വടക്കുകിഴക്കു സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമാണു് താണിക്കുടം. തൃശ്ശൂർ താലൂക്കിലെ ഒല്ലൂക്കര ബ്ലോക്കിൽ മാടക്കത്തറ പഞ്ചായത്തിലെ പ്രധാന കേന്ദ്രമായ ഈ പരമ്പരാഗതഗ്രാമപ്രദേശം അതിവേഗത്തിൽ ഒരു ചെറുപട്ടണമായി മാറിക്കൊണ്ടിരിക്കുന്നു. തൃശ്ശൂർ, മണ്ണുത്തി, വടക്കാഞ്ചേരി, വാഴാനി എന്നിവിടങ്ങളിലേക്കു് നേരിട്ട് പോകാവുന്ന പാതകളുണ്ട്.

ഭൂപ്രകൃതി

[തിരുത്തുക]

തൃശ്ശൂർ ജില്ലയിലെ മറ്റ് ഇടനാടൻ ഗ്രാമപ്രദേശങ്ങൾ പോലെത്തന്നെയാണു് താണിക്കുടത്തിന്റേയും ഭൂപ്രകൃതി. ജനനിബിഢമായ ഭാഗങ്ങളിൽ സമുദ്രനിരപ്പിൽനിന്നും ശരാശരി 20 മീറ്ററിനും 50 മീറ്ററിനും ഇടയിൽ ഉയരമുണ്ട്. ഭൂപ്രകൃതിയനുസരിച്ച് പഞ്ചായത്തിനെ കുന്നിൻപ്രദേശം, ചരിവ്, താഴ്വരകൾ എന്നിങ്ങനെ തരം തിരിക്കാം. കിഴക്കുഭാഗത്ത് വാഴാനിമലനിരകളുടെ തെക്കേ അറ്റവും പീച്ചി മലകളുടെ വടക്കുപടിഞ്ഞാറു് അറ്റവും ക്രമേണ വന്നവസാനിക്കുന്നത് ചെങ്കല്ലി എന്ന സാമാന്യം ഉയരമുള്ള (പരമാവധി ഉയരം സമുദ്രനിരപ്പിൽനിന്നും 200 മീറ്റർ)വലിയ കുന്നിലാണ്. മേപ്പാടം, തളിയൻപാറ തുടങ്ങിയ താരതമ്യേന ചെറിയ കുന്നുകൾകൂടി ഒഴിച്ചുനിർത്തിയാൽ ഏറെക്കുറെ സമതലപ്രദേശമാണ് മിക്കവാറും. എന്നിരുന്നാലും മലനാട്, ഇടനാട്, താഴ്‌വാര പ്രദേശം എന്നിങ്ങനെയുള്ള നിമ്നോന്നത ഭൂപ്രകൃതി എല്ലായിടത്തും പൊതുവായി കാണാം. ഈ ഗ്രാമപ്രദേശം മധ്യമേഖലയിലെ ഉത്തുംഗ-സമതല-അതിവർഷപാത ഉപമേഖലയിൽ പെടുന്നു. വടക്ക്, കിഴക്ക് ഭാഗങ്ങളാണ് ഏറ്റവും ഉയരം കൂടിയത്. ചുരുക്കത്തിൽ വിശാലമായ താഴ്വരകളും, ഉയർന്ന കുന്നിൻപ്രദേശങ്ങളും ഇവയെ ബന്ധിപ്പിക്കുന്ന ഇടത്തരം ഉയരമുള്ള പ്രദേശങ്ങളും സമതലങ്ങളും ചേർന്നതാണ് താണിക്കുടത്തിന്റെ പൊതുവായ ഭൂപ്രകൃതി.

ചെങ്കൽമണ്ണ്, കനം കുറഞ്ഞ മണ്ണ്, വനമണ്ണ്, എക്കൽ മണ്ണ്, മണൽ കലർന്ന മണ്ണ് എന്നിവയാണ് ഇവിടത്തെ പ്രധാന മണ്ണിനങ്ങൾ. പീച്ചി ,വാഴാനി സംഭരണികളുമായി തൊട്ടുകിടക്കുന്ന വൃഷ്ടിപ്രദേശവും, വെള്ളാനി പച്ച മലനിരകളുടെ പടിഞ്ഞാറേ അറ്റവും സ്വാഭാവിക വനങ്ങളാണ്. ഈ വനമേഖലയിൽനിന്നും ഔഷധസസ്യങ്ങൾ, തേൻ, ഇഞ്ച തുടങ്ങിയ ചെറുകിട വനവിഭവങ്ങൾ, പച്ചിലവളം, വിറക് എന്നിവയും ലഭിക്കുന്നു. ഈ മേഖലയിൽ മയിൽ അടക്കമുള്ള പക്ഷികളും, മാൻ, മുയൽ, വിവിധയിനം പാമ്പുകൾ, കാട്ടുപന്നി തുടങ്ങിയ വന്യജീവികളും ഉണ്ട്.

നാൽപതുകളിലുണ്ടായ രൂക്ഷമായ ഭക്ഷ്യക്ഷാമം കാരണം വനപ്രദേശം വെട്ടിത്തെളിച്ച് കൃഷിയിറക്കാൻ ജനങ്ങൾ നിർബന്ധിതരായി. ഇക്കാലഘട്ടത്തിൽ വ്യക്തികളും സംഘങ്ങളും ഒരുപോലെ വനഭൂമിയിൽ കൃഷിചെയ്യുന്നതിന് മുന്നിട്ടിറങ്ങി. തത്ഫലമായി സ്വാഭാവികവനങ്ങൾക്കു് ഗുരുതരമായ ക്ഷീണം സംഭവിച്ചിട്ടുണ്ട്. പരമ്പരാഗതമായി നെൽകൃഷി ചെയ്തുവന്നിരുന്ന നിരപ്പായ പ്രദേശങ്ങളിൽ എൺപതുകളോടെ മറ്റു കൃഷികൾക്കും താമസസ്ഥലങ്ങൾക്കും പ്രാമുഖ്യം കൂടിവന്നു


ഗ്രാമത്തിന്റെ വടക്കുകിഴക്കുനിന്നും തെക്കുപടിഞ്ഞാറു ദിശയിൽ ഒഴുകുന്ന താണിക്കുടം പുഴ (നടുത്തോട്) താണിക്കുടത്തിനെ രണ്ട് ഭാഗങ്ങളാക്കി വേർതിരിക്കുന്നു. വ്യാപാരസ്ഥാപനങ്ങൾ, ഓഫീസുകൾ, താണിക്കുടം അപ്പർ പ്രൈമറി സ്കൂൾ തുടങ്ങിയവയെല്ലാം പടിഞ്ഞാറുള്ള ഗ്രാമകേന്ദ്രത്തിലാണു്. ഇതിലൂടെയാണു് പ്രധാന ഗതാഗതമാർഗ്ഗമായ തൃശ്ശൂർ - കുണ്ടുകാട് - വടക്കാഞ്ചേരി റോഡ് കടന്നുപോവുന്നത്. എന്നാൽ കൂടുതൽ കൃഷിഭൂമിയും ജനവാസവും ഗ്രാമത്തിന്റെ തന്നെ പ്രധാനശ്രദ്ധാകേന്ദ്രമായ താണിക്കുടം ഭഗവതി ക്ഷേത്രവും പുഴയുടെ മറുകരയിലാണു് സ്ഥിതി ചെയ്യുന്നതു്. പീച്ചി ജലസേചനപദ്ധതിയുടെ പ്രധാന വലതുകര കനാൽ (RBMC - Right Branch Main Canal) ഈ ഗ്രാമത്തെ വലംവെച്ചു പോകുന്നു. അതിനാൽ താണിക്കുടം ഡിസ്ട്രിബ്യൂട്ടറി എന്നും ഈ കനാലിനു് പേരുണ്ട്.

താണിക്കുടത്തിന്റെ തെക്കുകിഴക്കു ഭാഗത്താണു് കേരളാ സർക്കാർ വിദ്യുച്ഛക്തി വകുപ്പിന്റേയും ദേശീയ പവർ ഗ്രിഡിന്റേയും മേൽനോട്ടത്തിലുള്ള പ്രധാന 400KV വിദ്യുച്ഛക്തി കേന്ദ്രം. ഇവിടെനിന്നും കേരളത്തിന്റെ മറ്റുഭാഗങ്ങളിലേക്കും സമീപസംസ്ഥാനങ്ങളിലേക്കും പോകുന്ന ഹൈ ടെൻഷൻ വിദ്യുച്ഛക്തി ലൈനുകൾ പ്രദേശത്തിന്റെ ഭൂപ്രകൃതിയേയും ഭൂവിനിയോഗരീതികളേയും വ്യാപകമായി മാറ്റിമറിച്ചിട്ടുണ്ടു്. തൃശ്ശൂരിന്റെ അതിദ്രുതമായ വികസനങ്ങൾക്കനുസരിച്ച് അനുബന്ധമായി താണിക്കുടവും ക്രമേണ തിരക്കേറിയ ഒരാവാസകേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്നു.

കാലാവസ്ഥ

[തിരുത്തുക]

തെക്കുപടിഞ്ഞാറുനിന്നുള്ള കാലവർഷവും കിഴക്ക് പാലക്കാടൻ ചുരം വഴിയെത്തുന്ന ശക്തമായ തുലാവർഷവും മൂലം ഇവിടെ വേണ്ടത്ര വർഷപാതം ലഭിക്കുന്നു. പക്ഷേ, അതിതീവ്രമായ മഴ പെയ്തുലഭിക്കുന്ന ജലത്തിൽ ഭൂരിഭാഗവും ഭൂമിയിലേക്ക് ആഴ്ന്നിറങ്ങുന്നതിനു് അവസരം ലഭിക്കുന്നതിനുമുൻപുതന്നെ പടിഞ്ഞാറോട്ട് ഒഴുകി ഏനാമ്മാവ്, ചേറ്റുവ കായൽ‌പ്പാടങ്ങളിൽ ചെന്നുചേരുന്നു. വർഷം മുഴുവനും സുലഭമായി ജലം ലഭിച്ചിരുന്ന ഈ പ്രദേശം കഴിഞ്ഞ പതിറ്റാണ്ടുകളിൽ മണ്ണൊലിപ്പും തെറ്റായ ഭൂവിനിയോഗരീതികളും മൂലം വേനൽക്കാലത്ത് തീവ്രജലദൌർലഭ്യമേഖലയായി മാറിവരുന്നു.

ജനങ്ങൾ

[തിരുത്തുക]

ജനസംഖ്യയിൽ ഒരു നല്ല ശതമാനം കൃഷി, കൈത്തൊഴിലുകൾ, മറ്റ് അനുബന്ധവ്യവസായങ്ങൾ എന്നിവയിൽ ഏർപ്പെട്ടിരിക്കുന്നു. സാമ്പത്തികമായി അധോ-മദ്ധ്യവർഗ്ഗത്തിൽ പെട്ടവരാണു് ഭൂരിപക്ഷവും. എങ്കിലും വിദ്യാഭ്യാസത്തിൽ പൊതുവേ മുന്നിട്ടുനിൽക്കുന്നു. കേരള കാർഷികസർവ്വകലാശാലയുടെ “പരീക്ഷണശാലയിൽനിന്നും പാടത്തേക്ക്”, “ഗ്രാമബന്ധപരിപാടി” തുടങ്ങിയ പല പദ്ധതികളിലും സജീവഭാഗഭാക്കാവുന്നതുകൊണ്ടു് ജനങ്ങൾ ശാസ്ത്രീയകൃഷിസമ്പ്രദായങ്ങളിൽ ഏറെക്കാലമായി ആഭിമുഖ്യം പുലർത്തിവരുന്നു. ശക്തവും സന്തുലിതവുമായ രാഷ്‌ട്രീയകാഴ്ച്ചപ്പാടുകളും ജനാധിപത്യബോധവും ജനങ്ങളിൽ പ്രകടമാണു്. വ്യത്യസ്ത ആശയഗതികൾ പങ്കുവെക്കുമ്പോഴും പൊതുവേ പരസ്പരസൌഹാർദ്ദവും സഹകരണവും അവർക്കിടയിൽ ദൃശ്യമാണു്. ദലിത് സമുദായാംഗങ്ങളായ ഒരു വിഭാഗം ഉൾപ്പെടെ മൊത്തത്തിൽ ഗണ്യമായ സാമൂഹ്യപുരോഗതിയും ക്ഷേമവും ഈ ഗ്രാമം കൈവരിച്ചിട്ടുണ്ട്. അമ്പതുവർഷങ്ങൾക്കുമുൻപു മുതൽ തന്നെ, ചുറ്റുപാടുമുള്ള ഒട്ടേറെ ജനങ്ങൾക്ക് അടിസ്ഥാനവിദ്യാഭ്യാസം ലഭിക്കാൻ താണിക്കുടം അപ്പർ പ്രൈമറി സ്കൂളും താണിക്കുടം ഗ്രാമീണവായനശാലയും സാദ്ധ്യതയൊരുക്കിയിട്ടുണ്ട് . എങ്കിലും ശരാശരിയിൽക്കവിഞ്ഞ സാമ്പത്തികനിലവാരമുള്ളവർ മിക്കവാറും എല്ലാവരും തന്നെഅവരുടെ കുട്ടികളെ നഗരത്തിലെ കൂടുതൽ സൌകര്യങ്ങളുള്ള സ്കൂളുകളിലാണു് ഇപ്പോൾ അയക്കുന്നതു്. താണിക്കുടത്തു ജനിച്ചുവളർന്നു് ക്രമത്തിൽ അഭ്യസ്തവിദ്യരായ ഒട്ടേറെ ഗ്രാമവാസികൾ ഇപ്പോൾ ഭാരതത്തിലും ലോകത്തിന്റെ മറ്റുഭാഗങ്ങളിലുമായി വിവിധ ഉദ്യോഗമേഖലകളിൽ പ്രവർത്തിച്ചുവരുന്നു.

മതവും ആരാധനാലയങ്ങളും

[തിരുത്തുക]

ജനസംഖ്യയിൽ ഭൂരിഭാഗവും ഹിന്ദുക്കളാണു്. അഞ്ചുശതമാനത്തിൽ കീഴെ ക്രിസ്ത്യാനികളും ഉണ്ട്. ഇതരമതക്കാർ ഇല്ലെന്നുതന്നെ പറയാം. ഹിന്ദുക്കളുടെ പ്രധാന ആരാധനാലയം താണിക്കുടം ഭഗവതി ക്ഷേത്രമാണു്. മദ്ധ്യകേരളത്തിൽ പൊതുവേ അറിയപ്പെടുന്ന ഈ ക്ഷേത്രത്തിലെ പ്രത്യേകത വർഷത്തിൽ രണ്ടോ മൂന്നോ പ്രാവശ്യം നടക്കുന്ന ‘ആറാട്ട്’ ആണു്. കാലവർഷത്തിൽ കരകവിഞ്ഞൊഴുകുന്ന പുഴയിൽ ക്ഷേത്രത്തിലെ പ്രതിഷ്ഠയും മറ്റും പൂർണ്ണമായി മുങ്ങിപ്പോവുന്നു. വിഷുവിനോടനുബന്ധിച്ചുള്ളവിഷുവേല’ ഉത്സവം, മകരച്ചൊവ്വ തുടങ്ങിയവയാണു് ക്ഷേത്രത്തിലെ പ്രധാന ആഘോഷങ്ങൾ. ക്രിസ്തുമതവിശ്വാസികളിൽ ഭൂരിപക്ഷവുമുള്ള കത്തോലിക്കാവിഭാഗം തൊട്ടടുത്ത പൊങ്ങണംകാട് സെന്റ് ആന്റണീസ് പള്ളിയിലെ ഇടവകയിൽ ഉൾപ്പെടുന്നു.

കൃഷിയും വ്യവസായവും

[തിരുത്തുക]
വിരിപ്പ് നെൽകൃഷി - കേരളത്തിലെ ഗ്രാമങ്ങളിൽ നിന്നും സാവധാനത്തിൽ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ഒരു കാഴ്ച്ച

ആദ്യകാലത്ത് നെൽകൃഷി ആയിരുന്നു ജനങ്ങളിൽ ഭൂരിഭാഗത്തിന്റേയും പ്രധാന ജീവിതമാർഗ്ഗം. ഉയർന്ന പ്രദേശങ്ങളിൽ റബ്ബർ, കശുമാവു്, കുരുമുളകു്, ഇഞ്ചിപ്പുല്ല് എന്നിവയും ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഇടനിലങ്ങളിൽ തെങ്ങ്, വാഴ, കവുങ്ങ്, മലക്കറികൾ എന്നിവയും വ്യാപകമായി കൃഷി ചെയ്തിരുന്നു. മാംസം, മുട്ട, പാൽ ഉൽ‌പ്പന്നങ്ങൾ എന്നീ ആവശ്യങ്ങൾക്കായി ആട്, കോഴി, കന്നുകാലി തുടങ്ങിയ കൃഷികളും സാധാരണമായിരുന്നു. മണ്ണുത്തി കാർഷികസർവ്വകലാശാല, വെറ്ററിനറി കോളേജ്, പട്ടാമ്പി നെല്ലുഗവേഷണകേന്ദ്രം തുടങ്ങിയ സ്ഥാപനങ്ങളുടെ മികച്ച ഗവേഷണഫലങ്ങൾ പരീക്ഷണാടിസ്ഥാനത്തിൽ ആദ്യം കൃഷിചെയ്യാൻ അവസരം ലഭിച്ചിരുന്നതു് ഈ പ്രദേശങ്ങളിലെ കർഷകർക്കായിരുന്നു.

ഇരുപതാംനൂറ്റാണ്ടിന്റെ അവസാനദശകങ്ങളിൽ ഈ അവസ്ഥക്കു് പ്രകടമായ മാറ്റങ്ങളുണ്ടായി. നെൽകൃഷി ഏകദേശം പൂർണ്ണമായും നിലച്ചു. തോട്ടവിളകൾ കൃഷിചെയ്തിരുന്ന മേപ്പാടം തുടങ്ങിയ കുന്നിൻപ്രദേശങ്ങൾ പുരയിടങ്ങൾക്കും മറ്റുമായി വൻ‌തോതിൽ മുറിച്ചുവിൽക്കപ്പെട്ടു. സമതലങ്ങളിൽ വാഴ, മലക്കറികൾ, തെങ്ങ്, മരച്ചീനി തുടങ്ങിയ കൃഷികൾക്കു വഴിമാറി. ഇതിനുപരി, ഉദ്യാനസസ്യങ്ങളും അലങ്കാരപ്പൂച്ചെടികളും മറ്റും പ്രജനനം ചെയ്തു വളർത്തിയെടുക്കുന്ന ധാരാളം നഴ്‌സറികളും സ്ഥലത്തെ പ്രധാന ആകർഷണകേന്ദ്രങ്ങളായി മാറി.

ഒരു ചെറിയ മരച്ചീനി (കപ്പ) (Cassava / Tapioca)കൃഷിയിടം - മൊത്തമായും നെല്ലു വിളഞ്ഞിരുന്ന ഇത്തരം പാടശേഖരങ്ങൾ തുണ്ടുവൽക്കരിക്കപ്പെട്ടതോടെ നെൽകൃഷി ലാഭകരമല്ലാതായി. ക്രമേണ, അവ മറ്റു പല വിളകൾക്കും വഴിമാറിക്കൊടുക്കുകയോ തരിശായിക്കിടക്കുകയോ ചെയ്തു. മൊത്തം ഉല്പാദനക്ഷമത കുറഞ്ഞു. പക്ഷേ കൃഷിവൈവിദ്ധ്യം വർദ്ധിച്ചു.

വർഷങ്ങൾക്കുമുൻപുതന്നെ, റബ്ബർ, ചൂള ഇഷ്ടിക, മണൽ, സ്വർണ്ണാഭരണനിർമ്മാണം തുടങ്ങിയ വ്യവസായങ്ങൾ താണിക്കുടത്ത് നിലനിന്നിരുന്നു. ഇരുപതാംനൂറ്റാണ്ടിന്റെ തുടക്കത്തിൽ ഇംഗ്ലീഷുകാർ തുടങ്ങിവെച്ച മേപ്പാടം റബ്ബർ ഫാക്ടറിയിൽ ബലൂണുകൾ, കളിപ്പാട്ടങ്ങൾ, റബ്ബർ റോളറുകൾ, യന്ത്രഭാഗങ്ങൾ തുടങ്ങിയവ നിർമ്മിച്ചിരുന്നു. എന്നാൽ 1950 കളിൽ ഇതൊരു സാധാരണ റബ്ബർപാൽ സംസ്കരണകേന്ദ്രമായി മാറി. ഇടക്കാലത്ത് രൂപപ്പെട്ട ഇഷ്ടികച്ചൂളകളും മണൽഖനനവും അസംസ്കൃതവസ്തുക്കൾ തീർന്നതോടെ ഇല്ലാതായി. 1980കളിൽ മേപ്പാടത്തുതുടങ്ങിവെച്ച താണിക്കുടം ഭഗവതി മിൽ‌സ് എന്ന ടെക്സ്റ്റൈൽ (സ്പിന്നിങ്ങ്) ഫാക്ടറിയാണു് എടുത്തുപറയാവുന്ന ഒരു വ്യവസായസ്ഥാപനം.

ആരോഗ്യം

[തിരുത്തുക]

ഒരു ഗവണ്മെന്റ് റൂറൽ ഡിസ്പെൻസറി, ഗവണ്മെന്റ് ഹോമിയൊ ഡിസ്പൻസറി, ഏതാനും സ്വകാര്യഡോക്ടർമാർ, മരുന്നുശാലകൾ, പരിശോധനാലബോറട്ടറി തുടങ്ങിയവയാണു് താണിക്കുടത്തെ പ്രധാന ആരോഗ്യസ്ഥാപനങ്ങൾ. കേരള മൃഗസംരക്ഷണവകുപ്പിന്റെ വക ഒരു മൃഗാശുപത്രിയും ഇവിടെയുണ്ടു്. പഞ്ചായത്തിന്റേതായി ഒരു മൃഗസംരക്ഷണകേന്ദ്രവും കൂടുതൽ മൃഗചികിത്സാകേന്ദ്രങ്ങളും സമീപഗ്രാമങ്ങളിൽത്തന്നെയുണ്ട്. ആയുർവ്വേദത്തിൽ പ്രാധാന്യമുള്ള പല അപൂർവ്വസസ്യങ്ങളും ഈ ഗ്രാമഭൂമിയിൽ ലഭ്യമാണു്. ജനങ്ങൾ പൊതുവേ ആരോഗ്യകാര്യങ്ങളിൽ മികച്ച ശ്രദ്ധയും പരിപാലനബോധവുമുള്ളവരാണു്. എന്നിരുന്നാലും മദ്യപാനം പോലുള്ള ദുശ്ശീലങ്ങൾ കേരളത്തിലെ മറ്റുപ്രദേശങ്ങളെ എന്നപോലെത്തന്നെ ഇവിടെയും വ്യാപകമാണു്.

ഗതാഗതം

[തിരുത്തുക]

തൃശ്ശൂർ നഗരത്തിൽനിന്നും രാമവർമ്മപുരം വഴിയോ കുറ്റുമുക്ക് വഴിയോ താണിക്കുടത്ത് എത്തിപ്പെടാം. ശരാശരി 5 മിനിറ്റ് കൂടുമ്പോൾ സ്വകാര്യബസ്സ് സൌകര്യം ഉണ്ട്. രാവിലെ നഗരത്തിലേക്കും വൈകുന്നേരം തിരിച്ചും ഈ ബസ്സുകളിൽ തിരക്ക് അനുഭവപ്പെടാം. സംസ്ഥാനറോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ വക ബസ്സുകൾ ഈ വഴിയിൽ ഓടുന്നില്ല. തൊട്ടടുത്ത മാടക്കത്രയിൽ നിന്നും മണ്ണുത്തി വഴിയ്ക്കും തൃശ്ശൂർക്ക് യാത്രാസൌകര്യമുണ്ട്. ഗുരുവായൂർ, വാഴാനി, വടക്കാഞ്ചേരി തുടങ്ങിയ സ്ഥലങ്ങളിലേക്കും ഇവിടെനിന്നു് നേരിട്ട് ബസ്സ് ലഭിയ്ക്കും. പ്രധാന ഗ്രാമകേന്ദ്രത്തിൽനിന്നും ഓട്ടോറിക്ഷ, കാർ, മിനി ട്രക്കുകൾ തുടങ്ങിയവയും വാടകയ്ക്ക് ലഭ്യമാണു്.

തൊട്ടടുത്ത റെയിൽ‌വേ സ്റ്റേഷൻ തൃശ്ശൂരും വിമാനത്താവളം നെടുമ്പാശ്ശേരിയും ആണു്.

ജനങ്ങൾ ധാരാളമായി ഇരുചക്രവാഹനങ്ങൾ ഉപയോഗിക്കുന്നു. സ്വകാര്യകാറുകൾ വളരെക്കുറച്ചുപേർക്കുമാത്രമാണുണ്ടായിരുന്നതു്. എങ്കിലും സ്വന്തമായി കാർ വാങ്ങുന്നവരുടെ നിരക്ക് ഈയിടെ ഗണ്യമായി വർദ്ധിച്ചുവരുന്നുണ്ട്.

തൃശ്ശൂരിന്റെ വടക്കുഭാഗത്തുള്ള മിക്ക മേഖലകളിലേക്കും താണിക്കുടത്തുനിന്നു് വലുതും ചെറുതുമായ റോഡുകളുണ്ട്‌. ദേശീയ പാത 47 മൂന്നുകിലോമീറ്റർ അകലെ മണ്ണുത്തിയിലൂടെ കടന്നുപോവുന്നു. കൊടുങ്ങല്ലൂർ - ഷൊർണ്ണൂർ സംസ്ഥാനപാതയ്ക്ക് ഏകദേശം സമാന്തരമായാണു് തൃശൂർ - താണിക്കുടം - വടക്കാഞ്ചേരി റോഡ് കടന്നുപോകുന്നതു്. പെരിങ്ങാവ്, വിയ്യൂർ, തിരൂർ, അത്താണി, വടക്കാഞ്ചേരി, ഓട്ടുപാറ എന്നീ സ്ഥാനങ്ങളിൽ ഈ രണ്ടു പാതകളും തമ്മിൽ ഇടറോഡുകളുണ്ടു്. സംഗമിക്കുന്നുണ്ടു്. തിരൂർക്കും അത്താണിയിലേക്കും ചെന്നെത്തുന്ന മലമ്പാതകളെ മണ്ണുത്തി തുടങ്ങിയ കിഴക്കൻപ്രദേശങ്ങളിൽനിന്നും മെഡിക്കൽ കോളേജ് മുതലായ കേന്ദ്രങ്ങളിൽ സുഗമമായി എത്തിച്ചേരാനുതകുന്ന ആസന്നഭാവിയിലെ പ്രധാന റോഡുകളായി തൃശ്ശൂർ നഗരവികസനസമിതി പരിഗണിക്കുന്നു. എങ്കിലും ഇതു സാദ്ധ്യമാവാൻ ഈ പാതകളെ നിലവിലുള്ളതിനേക്കാൾ ഏറെ വികസിപ്പിക്കേണ്ടതുണ്ടു്.

സമീപപ്രദേശങ്ങൾ

[തിരുത്തുക]

രാമവർമ്മപുരം: ഗവണ്മെന്റ് എഞ്ചിനീയറിങ്ങ് കോളേജ്, വിമലാ കോളേജ്, ജില്ലാ വിദ്യാഭ്യാസപരിശീലന ഇൻസ്റ്റിട്യൂട്ട്, ഹിന്ദി അദ്ധ്യാപകപരിശീലനഇൻസ്റ്റിട്യൂട്ട്, ഇംഗ്ലീഷ് കേന്ദ്രം, ആകാശവാണി, കേരള പോലീസ് അക്കാഡമി, ഒന്നാം സായുധപോലീസ് ബറ്റാലിയൻ ആസ്ഥാനം, മിൽമ ഡയറി തുടങ്ങി ഒട്ടനവധി പ്രമുഖസ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന രാമവർമ്മപുരം താണിക്കുടത്തുനിന്നു് അഞ്ചുകിലോമീറ്റർ പരിധിയിലാണു്.

കുണ്ടുകാട്: തൃശ്ശൂർ നിന്നും താണിക്കുടം വഴി മൂന്നുകിലോമീറ്റർ കൂടി സഞ്ചരിച്ചാൽ കുണ്ടുകാട് എന്ന സ്ഥലത്തെത്താം. മലയോരകർഷകർക്കു് പ്രാമുഖ്യമുള്ള ഈ സ്ഥലത്തുനിന്നും കട്ടിലപ്പൂവം, വീരോലിപ്പാടം, മച്ചാട്, വാഴാനി, വടക്കാഞ്ചേരി, അത്താണി, മുളങ്കുന്നത്തുകാവ് എന്നിവിടങ്ങളിലേക്ക് നേരിട്ടെത്തിച്ചേരാം.

മാടക്കത്ര (മാടക്കത്തറ): താണിക്കുടം ഉൾപ്പെടുന്ന പഞ്ചായത്തിന്റെ പേരിലുള്ള ഈ സ്ഥലം ഏകദേശം ഒരു കിലോമീറ്റർ മാറി തെക്കുകിഴക്കുഭാഗത്താണു സ്ഥിതിചെയ്യുന്നത്. KSEBയുടെ 400 കെ.വി. സബ്‌സ്റ്റേഷൻ, കേരള കാർഷികസർവ്വകലാശാലയുടെ കശുമാവുഗവേഷണകേന്ദ്രം തുടങ്ങിയവ ഇവിടെയാണുള്ളതു്. ഇവിടെനിന്നും സർവ്വകലാശാലയുടെ വെള്ളാനിക്കര കാമ്പസ്, മണ്ണുത്തി വെറ്ററിനറി കോളേജ്, വിത്തുൽ‌പ്പാദനകേന്ദ്രം, പീച്ചി അണക്കെട്ട്, കണ്ണാറ വാഴഗവേഷണകേന്ദ്രം, പീച്ചി വനഗവേഷണകേന്ദ്രം, കേരള എഞ്ചിനീയറിങ്ങ് റിസർച്ച് ഇൻസ്റ്റിട്യൂട്ട് തുടങ്ങിയ സ്ഥലങ്ങളിലേക്ക് എത്താവുന്നതാണു്.

കേരളത്തിന്റെ ഭൂഗർഭവിജ്ഞാനീയത്തിൽ

[തിരുത്തുക]

ക്രി.വ. 2000 ത്തിനോടടുത്ത വർഷങ്ങളിൽ മദ്ധ്യകേരളത്തിൽ അനുഭവപ്പെട്ട ഭൂകമ്പങ്ങളിൽ മിക്കവയുടേയും പ്രഭവസ്ഥാനം താണിക്കുടത്തിനു സമീപം പത്തുകിലോമീറ്റർ പരിധിയിൽ പെട്ട പ്രദേശങ്ങളിലായിരുന്നു. 2012 ഏപ്രിൽ 13നും ജൂലൈ 19നും അനുഭവപ്പെട്ട താരതമ്യേന പ്രകടമായ, എന്നാൽ ഭീഷണമല്ലാതിരുന്ന ഭൂകമ്പങ്ങളുടെ പ്രഭവസ്ഥാനങ്ങൾ താണിക്കുടത്തു തന്നെയായിരുന്നു. ഭൂഗർഭശാസ്ത്രമനുസരിച്ചു് പൊതുവേ നിഷ്ക്രിയമായിരുന്ന ഈ പ്രദേശത്തെ ഭൂചലനങ്ങൾ ഇൻഡോ-ആസ്ത്രേലിയൻ ഉൾപ്പെടെയുള്ള പ്രധാന ഫലകങ്ങളുടെ പരസ്പരപ്രതിപ്രവർത്തനമല്ലെന്നും സേലം, പാലക്കാടൻ ചുരങ്ങൾ എന്നിവ ഉൾപ്പെടുന്ന കിഴക്കുപടിഞ്ഞാറൻ ഉപഫലകങ്ങളുടെ മന്ദവലനത്തിന്റെ ഭാഗമാണെന്നും ശാസ്ത്രജ്ഞർ അനുമാനിക്കുന്നു[അവലംബം ആവശ്യമാണ്].



തൃശ്ശൂരിലെ പ്രധാന സ്ഥലങ്ങൾ
അയ്യന്തോൾ | മണ്ണുത്തി | താണിക്കുടം | രാമവർമ്മപുരം | ഒളരിക്കര | ഒല്ലൂർ | കൂർക്കഞ്ചേരി | മുളങ്കുന്നത്തുകാവ് | വിയ്യൂർ | പൂങ്കുന്നം | വെള്ളാനിക്കര | ആമ്പല്ലൂർ | അടാട്ട് | കേച്ചേരി | കുന്നംകുളം | ഗുരുവായൂർ | ചാവക്കാട് | ചേറ്റുവ | കാഞ്ഞാണി | വാടാനപ്പിള്ളി | തൃപ്രയാർ | ചേർപ്പ് | ഊരകം | പട്ടിക്കാട് | വടക്കാഞ്ചേരി | ചേലക്കര | ചെറുത്തുരുത്തി |കൊടകര | പുതുക്കാട് | മാള | പെരിങ്ങോട്ടുകര | ചാലക്കുടി | ഇരിങ്ങാലക്കുട | കൊടുങ്ങല്ലൂർ | വാടാനപ്പിള്ളി

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=താണിക്കുടം&oldid=3654395" എന്ന താളിൽനിന്ന് ശേഖരിച്ചത്