വധശിക്ഷ സ്വീഡനിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വധശിക്ഷ 1910 വരെ സ്വീഡനിൽ ഉപയോഗത്തിലുണ്ടായിരുന്നു. ഇപ്പോൾ ഭരണഘടന പ്രകാരം വധശിക്ഷയും പീഡനവും ശാരീരികമായ ശിക്ഷാരീതികളും നിരോധിതമാണ്.

വധശിക്ഷ നിർത്തലാക്കൽ[തിരുത്തുക]

  • സമാധാനകാലത്ത് നടക്കുന്ന കുറ്റങ്ങൾക്ക് വധശിക്ഷ നങ്കുന്നത് 1921 ജൂൺ 30-ന് നിർത്തലാക്കപ്പെട്ടിരുന്നു.
  • യുദ്ധസമയത്തുൾപ്പെടെയുള്ള എല്ലാ കുറ്റങ്ങൾക്കും വധശിക്ഷ നൽകുന്നത് 1976 ജനുവരി 1-ന് നിർത്തലാക്കപ്പെട്ടു.

വധശിക്ഷ നിരോധിക്കുന്ന വ്യവസ്ഥ 1975 മുതൽ ഭരണഘടനയുടെ ഭാഗമാണ്. പൊതുവും രാഷ്ട്രീയവുമായ അവകാശങ്ങളുടെ അന്താരാഷ്ട്ര ഉടമ്പടിയുടെ നിർബന്ധമല്ലാത്ത രണ്ടാം പ്രോട്ടോക്കോളിലും; മനുഷ്യാവകാശങ്ങൾക്കായുള്ള യൂറോപ്യൻ ഉടമ്പടിയുടെ ആറാം പ്രോട്ടോക്കോളിലും (1984-ൽ അംഗീകരിച്ചു); പതിമൂന്നാം പ്രോട്ടോക്കോളിലും (2003-ൽ അംഗീകരിച്ചു) സ്വീഡൻ അംഗമാണ്. [1]

പ്രാതിനിദ്ധ്യസഭയിൽ (Riksdag of the Estates) ഭൂരിഭാഗം കർഷകത്തൊഴിലാളികളും വധശിക്ഷ നിർത്തലാക്കാനാണ് യത്നിച്ചത് (ഉദാഹരണത്തിന് 1864-ൽ പുതിയ ശിക്ഷാ കോഡ് ചർച്ച ചെയ്തപ്പോൾ). [2]

ആരാച്ചാരുടെ പദവി[തിരുത്തുക]

സ്വീഡനിൽ ആരാച്ചാർക്ക് രണ്ട് സ്ഥാനപ്പേരുകളാണ് നൽകപ്പെട്ടിരുന്നത്. ശിരഛേദം നടത്തിയിരുന്നയാളെ സ്കാർപ്രാറ്റർ (Skarprättare) എന്നും, തൂക്കിലേറ്റി വധശിക്ഷ നടപ്പാക്കിയിരുന്നയാളെ ബോഡൽ (Bödel) എന്നുമാണ് വിളിച്ചിരുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കം വരെ സാധാരണക്കാരെ തൂക്കിലേറ്റുകയും കുലീനരെ ഗളഛേദത്തിലൂടെ വധിക്കുകയുമായിരുന്നു ചെയ്തിരുന്നത്. 19-ആം നൂറ്റാണ്ടിൽ സ്വീഡനിലെ പ്രവിശ്യകളിൽ ഓരോ ആരാച്ചാർമാരെ നിയമിച്ചിട്ടുണ്ടായിരുന്നു. ശിക്ഷ നടപ്പാക്കാനായി ഇയാൾ വിവിധ പ്രദേശങ്ങളിലേയ്ക്ക് യാത്ര ചെയ്യുകയായിരുന്നു പതിവ്. 1900-ൽ ഒരു ദേശീയ ആരാച്ചാരെ നിയമിക്കുകയുണ്ടായി. ആൽബർട്ട് ഗുസ്താഫ് ഡാൽമാൻ എന്നയാളായിരുന്നു ഈ പദവിയിൽ നിയമിതനായത്. ഇദ്ദേഹമായിരുന്നു സ്വീഡനിലെ അവസാന ആരാച്ചാർ.

അവസാന വധശിക്ഷ[തിരുത്തുക]

സ്വീഡനിൽ അവസാനമായി വധിക്കപ്പെട്ടയാൾ ജോഹാൻ ആൽഫ്രഡ് ആൻഡർ എന്നയാളായിരുന്നു. 1910 ജനുവരിയിൽ കൊള്ളയ്ക്കിടെ കൊലപാതകം നടത്തി എന്ന കുറ്റത്തിനായിരുന്നു ഇയാൾക്ക് വധശിക്ഷ വിധിച്ചത്. ശിക്ഷ ഇളവുചെയ്തു കൊടുക്കപ്പെടാത്തതിനെത്തുടർന്ന് നവംബർ 23-ന് ഗില്ലറ്റിനുപയോഗിച്ച് സ്റ്റോക്ഹോമിൽ വച്ച് ഇയാളെ ശിരഛേദം ചെയ്തു വധിക്കുകയാണുണ്ടായത്. ഈയൊരു പ്രാവശ്യമേ സ്വീഡനിൽ ഗില്ലറ്റിൻ ഉപയോഗിക്കപ്പെട്ടിരുന്നുള്ളൂ. ആൽബർട്ട് ഗുസ്താവ് ഡാൽമാൻ ആയിരുന്നു ആരാച്ചാർ. 1920-ൽ ഡാൽമാൻ മരിച്ചതിനെത്തുടർന്ന് അടുത്ത ആരാച്ചാരെ കണ്ടെത്താനുണ്ടായ വിഷമവും അതിനടുത്ത വർഷം വധശിക്ഷ നിർത്തലാക്കാൻ കാരണമായിരുന്നിരിക്കാം എന്ന് കരുതപ്പെടുന്നുണ്ട്.

ഒരു സ്ത്രീക്കു നൽകപ്പെട്ട അവസാന വധശിക്ഷ[തിരുത്തുക]

1890 ആഗസ്റ്റ് 7-ന് മഴുവുപയോഗിച്ച് ശിരഛേദം ചെയ്യപ്പെട്ട അന്ന മാൻസ്ഡോട്ടറാണ് അവസാനമായി വധശിക്ഷയ്ക്ക് വിധേയയാക്കപ്പെട്ട സ്ത്രീ. മാൻസ്ഡോട്ടറും മകൻ പെർ എന്നയാളും ചേർന്ന് പെറിന്റെ ഭാര്യ ഹന്ന ജൊഹാൻസ്ഡോട്ടർ എന്ന സ്ത്രീയെ കൊലചെയ്തു എന്നതായിരുന്നു കുറ്റം. സ്വന്തം പുത്രനോട് ലൈംഗികബന്ധം പുലർത്തി എന്ന കുറ്റവും അന്ന മാൻസ്ഡോട്ടറിൽ ആരോപിക്കപ്പെട്ടിരുന്നു. പെറിനെ ജീവപര്യന്തം തടവിനു ശിക്ഷിക്കുകയും 1914-ൽ വിടുതൽ ചെയ്യുകയും ചെയ്തിരുന്നു.

അവസാന പരസ്യ വധശിക്ഷകൾ[തിരുത്തുക]

1876 മേയ് 18-നാണ് സ്വീഡനിലെ അവസാന പരസ്യ വധശിക്ഷ നടന്നത്. അന്നു കാലത്ത് 7 മണിക്ക് രണ്ടു പേരെ ശിരഛേദം ചെയ്തു വധിക്കുകയായിരുന്നു. കോൺറാഡ് ലണ്ട്ക്വിസ്റ്റ് പെറ്റേഴ്സൺ ടെക്റ്റർ എന്നയാളെയും ഗുസ്താവ് എറിക്സൺ ഹ്ജെർട്ട് എന്നയാളെയുമായിരുന്നു വധിച്ചത്. മോഷണശ്രമത്തിനിടെ രണ്ടു പേരെ കൊന്നു എന്നതായിരുന്നു ഇവർ ചെയ്ത കുറ്റം. [3]

ശിരഛേദമല്ലാത്ത വധശിക്ഷാരീതിയുടെ അവസാന ഉപയോഗം[തിരുത്തുക]

1836-ലായിരുന്നു തൂക്കുകയറുപയോഗിച്ച് അവസാനം വധശിക്ഷ നടപ്പാക്കിയത്. 1864-ലെ പീനൽ കോഡ് തൂക്കിക്കൊല ഒഴിവാക്കുന്നതുവരെ ഈ രീതിയും നിയമപുസ്തകങ്ങളിൽ തുടർന്നു.

കൊലപാതകമല്ലാത്ത കുറ്റകൃത്യത്തിന് അവസാനം നടന്ന വധശിക്ഷ[തിരുത്തുക]

1853 ആഗസ്റ്റ് 10-ന് മാർട്ടൻ പെഹൃസ്സൺ എന്നയാളെ വധിച്ചത് ആക്രമിച്ച് പരിക്കേൽപ്പിച്ചു എന്ന കുറ്റത്തിനാണ്. [4]

1800-നും 1866-നുമിടയിലും 1867-നും 1921-നുമിടയിലും നടന്ന വധശിക്ഷകൾ[തിരുത്തുക]

1800-നും 1866-നുമിടയിൽ 644 വധശിക്ഷകൾ സ്വീഡനിൽ നടപ്പിലാക്കപ്പെട്ടിട്ടുണ്ട്. പ്രതിശീർഷക്കണക്കെടുത്താൽ യൂറോപ്പിൽ സ്പെയിനിനു പിന്നിൽ രണ്ടാമതായിരുന്നു സ്വീഡന്റെ സ്ഥാനം. [5][6] 1864-ൽ പീനൽ കോഡ് പരിഷ്കരിക്കുകയും വധശിക്ഷയുടെ ഉപയോഗം കുറയ്ക്കുകയും ചെയ്യപ്പെട്ടു. 1866-മുതലുള്ള വർഷങ്ങളിൽ (1921-ൽ വധശിക്ഷ നിർത്തലാക്കുന്നതു വരെ)15 ആൾക്കാരെ വധിച്ചിരുന്നു. 1864-നു ശേഷം നിർബന്ധമായി വധശിക്ഷ നൽകേണ്ട കുറ്റം ജയിൽ ജീവനക്കാരനെ ജീവപര്യന്തം തടവനുഭവിക്കുന്ന പ്രതി കൊലപ്പെടുത്തുന്നതു മാത്രമായിരുന്നു. 1864-നു ശേഷം നടപ്പിലായ രണ്ട് വധശിക്ഷകൾ ഈ കുറ്റത്തിനായിരുന്നു.

വധശിക്ഷയോട് പൊതുജനങ്ങൾക്കുള്ള നിലപാട്[തിരുത്തുക]

സ്വീഡനിൽ 30-40% ആൾക്കാർ വധശിക്ഷയെ പിന്തുണയ്ക്കുന്നവരാണ്. 2006-ലെ ഒരു പഠനം കാണിക്കുന്നത് 36% ജനങ്ങളും വധശിക്ഷ ലഭിക്കേണ്ട കുറ്റങ്ങൾ നിലവിലുണ്ടെന്നാണ് വിശ്വസിക്കുന്നതെന്നാണ്. യുവാക്കളിലാണ് വധശിക്ഷയ്ക്ക് കൂടുതൽ പിന്തുണയുള്ളത്. പ്രായമനുസരിച്ചുള്ള ഒരു വിഭാഗത്തിലും വധശിക്ഷയ്ക്കനുകൂലമായ നിലപാടെടുക്കുന്നവർക്ക് ഭൂരിപക്ഷമില്ല. [7][8]

അവലംബം[തിരുത്തുക]

  1. Second Optional Protocol Archived 2007-11-21 at the Wayback Machine. to ICCPR; Protocol No. 6 and Protocol No. 13 to ECHR - text of the treaties, dates of signatures and ratifications
  2. Seth, Ivar: Överheten och svärdet – dödsstraffsdebatten i Sverige 1809–1974 (1984).
  3. "Brott och straff - Hjert och Tector". Archived from the original on 2012-02-17. Retrieved 2012-07-03.
  4. Nättidningen RÖTTER - för dig som släktforskar! (Avrättade)
  5. "Brott och straff". Archived from the original on 2012-05-24. Retrieved 2012-07-03.
  6. Oscar Bernadotte, Om Straff och Straffanstalter (1840), unknown page
  7. http://theses.lub.lu.se/archive/2005/05/23/1116838386-25347-80/buppsats.pdf[പ്രവർത്തിക്കാത്ത കണ്ണി]
  8. Metro: 4 out of 10 favour Saddam's death - in Swedish
  • "Sveriges Siste Skarprättare A. G. Dalman – Föregångare och Förrättningar" i Skandinaviska Pressförlaget, Stockholm, 1934
  • Hanns v. Brott och straff i Sverige: Historisk kriminalstatistik 1750-1984 Sthlm 1985 (SCB).
"https://ml.wikipedia.org/w/index.php?title=വധശിക്ഷ_സ്വീഡനിൽ&oldid=3970180" എന്ന താളിൽനിന്ന് ശേഖരിച്ചത്