Jump to content

വൈദ്യുതക്കസേര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വൈദ്യുതക്കസേര എന്ന സംവിധാനമാണ് വൈദ്യുതാഘാതമേൽപ്പിച്ച് വധശിക്ഷനടപ്പാക്കുന്നതിനുപയോഗിക്കുന്നത്. അമേരിക്കൻ ഐക്യനാടുകളിലാണ് ഇതിന്റെ ഉദ്ഭവം. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടയാളെ പ്രത്യേകം തയ്യാറാക്കിയ മരക്കസേരയിൽ ബന്ധിച്ചശേഷം ശരീരത്തിൽ ഘടിപ്പിച്ച ഇലക്ട്രോഡുകളിലൂടെ വൈദ്യുതി പായിച്ചാണ് ശിക്ഷ നടപ്പാക്കുന്നത്. ഈ ശിക്ഷാ മാർഗ്ഗത്തിന്റെ സൃഷ്ടി നടത്തിയത് തോമസ് ആൽവ എഡിസന്റെ ജോലിക്കാരാണ്. അമേരിക്കൻ ഐക്യനാടുകളിലും,[1] കുറച്ചു പതിറ്റാണ്ടുകൾ ഫിലിപ്പീൻസിലും ഈ മാർഗ്ഗം ഉപയോഗിക്കപ്പെട്ടിരുന്നു (ഫിലിപ്പീൻസിൽ വൈദ്യുതക്കസേര ആദ്യമായി ഉപയോഗിച്ചത് 1924-ലും അവസാനമായി ഉപയോഗിച്ചത് 1976-ലുമായിരുന്നു).

ആളെ കസേരയിൽ ബന്ധിച്ച ശേഷം പല സൈക്കിൾ ആൾട്ടർനേറ്റിംഗ് കരണ്ട് ശരീരത്തിലൂടെ കടത്തിവിടുകയാണ് ചെയ്യുക. തലച്ചോറുൾപ്പെടെയുള്ള ആന്തരാവയവങ്ങൾക്ക് തകരാറുണ്ടായാണ് മരണം സംഭവിക്കുന്നത്. ആദ്യ ഷോക്ക് ഉടനടി അബോധാവസ്ഥയും മസ്തിഷ്കമരണവും നടക്കണം എന്ന ഉദ്ദേശത്തിലാണ് ക്രമീകരിക്കപ്പെട്ടത് [അവലംബം ആവശ്യമാണ്]. രണ്ടാമത്തെ ഷോക്ക് ആന്തരാവയവങ്ങൾക്ക് മാരകമായ തകരാറുണ്ടാക്കാൻ ഉദ്ദേശിച്ചുള്ളതാണ്. ഹൃദയത്തിന്റെ അമിതമായ വൈദ്യുത ഉത്തേജനത്താലാണ് സാധാരണ മരണമുണ്ടാകുക. .

അമേരിക്കൻ ഐക്യനാടുകളിൽ വൈദ്യുതക്കസേര മരണശിക്ഷയുടെ ഒരു പ്രതീകമായി മാറിയിട്ടുണ്ടെങ്കിലും ഇതിന്റെ ഉപയോഗം വിഷം കുത്തിവച്ചുള്ള മരണശിക്ഷയുടെ ആവിർഭാവത്തോടെ ക്ഷയിക്കാൻ തുടങ്ങി. കൂടുതൽ മനുഷ്യത്വപരമായ ശിക്ഷയാണ് വിഷം കുത്തിവയ്ക്കലെന്നാണ് പൊതു വിശ്വാസം. കുറച്ച് അമേരിക്കൻ സംസ്ഥാനങ്ങൾ വൈദ്യുതക്കസേര വധശിക്ഷാമാർഗ്ഗമായി നിലനിർത്തിയിട്ടുണ്ടെങ്കിലും ഇന്ന് ശിക്ഷ വിധിക്കപ്പെട്ടയാൾക്ക് വിഷം കുത്തിവയ്ക്കുന്നതിനു പകരം തിരഞ്ഞെടുക്കാവുന്ന ഒരു ദ്വിതീയ മാർഗ്ഗമായി മാത്രമാണ് മിക്കയിടങ്ങളിലും ഇതിന്റെ സ്ഥാനം. 2010-ൽ വൈദ്യുതക്കസേര ശിക്ഷാമാർഗ്ഗമായി തിരഞ്ഞെടുക്കാമായിരുന്ന സംസ്ഥാനങ്ങൾ അലബാമ, ഫ്ലോറിഡ, സൗത്ത് കരോലിന, വിർജീനിയ എന്നിവയാണ്.[2] ഇവ വിഷം കുത്തിവയ്ക്കുന്ന രീതി തിരഞ്ഞെടുക്കാനും കുറ്റവാളിക്ക് അവസരം നൽകുന്നുണ്ട്. കെന്റക്കി, ടെന്നസി എന്നിവിടങ്ങളിൽ 1998-ൻ മുൻപ് ചെയ്ത വധശിക്ഷയർഹിക്കുന്ന കുറ്റങ്ങളിലോ ഈ ശിക്ഷാരീതി തിരഞ്ഞെടുക്കുന്നവരിലോ മാത്രമേ വൈദ്യുതക്കസേര ഉപയോഗിക്കാവൂ (മറ്റുള്ളവരെ വിഷം കുത്തിവയ്ക്കുകയാണ് ചെയ്യുന്നത്). ആവശ്യം വന്നാൽ (മറ്റ് ശിക്ഷാ മാർഗ്ഗങ്ങൽ ഭരണഘടനാ വിരുദ്ധമായി വിധിക്കപ്പെട്ടാൽ) ഉപയോഗിക്കാവുന്ന ഒരു ശിക്ഷാ ഉപാധിയായി അർക്കൻസാസ്, ഓക്ലഹോമ എന്നിവിടങ്ങളിൽ വൈദ്യുതക്കസേര നിയമവ്യവസ്ഥയിൽ നിലനിർത്തപ്പെട്ടിട്ടുണ്ട്. വെർമോണ്ട് സംസ്ഥാനത്തിൽ ഇതു മാത്രമാണ് ശിക്ഷാമാർഗ്ഗമെങ്കിലും അവിടെ രാജ്യദ്രോഹം മാത്രമാണ് വധശിക്ഷയർഹിക്കുന്ന കറ്റം. 2008 ഫെബ്രുവരി 8-ന് നെബ്രാസ്ക സുപ്രീം കോടതി വൈദ്യുതക്കസേര ഉപയോഗിച്ചുള്ള വധശിക്ഷ സംസ്ഥാന ഭരണഘടനയനുസരിച്ച് ക്രൂരവും അസാധാരണവുമായ ശിക്ഷാരീതിയായതുകൊണ്ട് നടത്താൻ പാടില്ല എന്നു വിധിച്ചു. ഇതു മൂലം വധശിക്ഷകൾ നെബ്രാസ്കയിൽ (വൈദ്യുതക്കസേര മാത്രമാണ് ഇവിടുത്തെ നിയമപ്രകാരം കൊലപാതകത്തിന് നൽകാവുന്ന ശിക്ഷ) തൽക്കാലം നിലച്ചിരിക്കുകയാണ്. [3]

ചരിത്രം

[തിരുത്തുക]
സിങ് സിങ് ജയിലിൽ ഉപയോഗിച്ചിരുന്ന വൈദ്യുതക്കസേര. ഓൾഡ് സ്പാർക്കി എന്നാണിതിന്റെ വിളിപ്പേര്

ആദ്യകാലം

[തിരുത്തുക]
അമേരിക്കൻ സംസ്ഥാനങ്ങളിൽ വൈദ്യുതക്കസേര ഉപയോഗത്തിന്റെ ചരിത്രവും അതു സംബന്ധിച്ച നിയമങ്ങളും
വർണ്ണങ്ങൾ:
  ദ്വിതീയ മാർഗ്ഗമായി മാത്രം
  മുമ്പ് വൈദ്യുതക്കസേര ഉപയോഗിച്ചിരുന്നെങ്കിലും ഇപ്പോൾ ഉപയോഗിക്കുന്നില്ല.
  ഒരിക്കലും വൈദ്യുതക്കസേര ഉപയോഗിച്ചിട്ടില്ല

1881-ൽ [അവലംബം ആവശ്യമാണ്] ന്യൂ യോർക്ക് സംസ്ഥാനം തൂക്കിക്കൊല്ലലിന് പകരം മനുഷ്യത്വത്തോടെ വധശിക്ഷ നടപ്പാക്കാൻ സാധിക്കുന്ന ഒരു പുതിയ രീതി നിർണയിക്കാൻ ഒരു കമ്മിറ്റി രൂപീകരിച്ചു. ആൽഫ്രഡ് പി. സൗത്ത്വിക് എന്ന കമ്മിറ്റിയംഗം ഒരു മദ്യപാനി വൈദ്യുതാഘാതമേറ്റ് വളരെപ്പെട്ടെന്ന് മരിച്ച സംഭവത്തെപ്പറ്റി കേട്ടശേഷം വൈദ്യുതി വധശിക്ഷയ്ക്കുപയോഗിക്കാം എന്ന അഭിപ്രായം കൊണ്ടുവന്നു. [4]

ഹരോൾഡ് പി.ബ്രൗൺ, ആർതർ കെന്നെല്ലി എന്നിവരാണ് ആദ്യ വൈദ്യുതക്കസേര നിർമിച്ചത്. ബ്രൗൺ വൈദ്യുതാഘാതത്തെയും വൈദ്യുതക്കസേരയെയും പറ്റി പഠിക്കാനായി തോമസ് ആൽവ എഡിസൺ നിയമിച്ച ജോലിക്കാരനായിരുന്നു. എഡിസന്റെ മുഖ്യ എഞിനിയറെയും ഈ പ്രോജക്ടിൽ ജോലി ചെയ്യാനായി നിയമിച്ചിരുന്നു. [5] ബ്രൗണും കെന്നല്ലിയും എഡിസണു വേണ്ടി ജോലി ചെയ്തിരുന്നതിനാലും എഡിസൺ ഇതിനെ പിന്താങ്ങിയിരുന്നതിനാലും എഡിസണാണ് വൈദ്യുതക്കസേര വികസിപ്പിച്ചതെന്ന് തെറ്റിദ്ധാരണയുണ്ടാകാറുണ്ട്.

അക്കാലത്ത് വികസിച്ച് വരുകയായിരുന്ന ആൾട്ടർനേറ്റിംഗ് വൈദ്യുതി (AC) സാങ്കേതികവിദ്യ ഉപയോഗിച്ച് വധശിക്ഷ നടത്താനാണ് ബ്രൗൺ താല്പര്യപ്പെട്ടത്. നിലവിലുള്ള സാങ്കേതികവിദ്യയായ ഡയറക്റ്റ് വൈദ്യുതിക്ക് (DC) ഒരു വെല്ലുവിളിയായിരുന്നു ആൾട്ടർനേറ്റ് വൈദ്യുതി. എഡിസണ് സാമ്പത്തിക താല്പര്യമുള്ള സാങ്കേതിക വിദ്യ ഡയറക്റ്റ് വൈദ്യുതിയുടേതായിരുന്നു. ആൾട്ടർനേറ്റിംഗ് വൈദ്യുതി ഉപയോഗിച്ച് വധശിക്ഷ നടപ്പാക്കാനുള്ള തീരുമാനം ഭാഗികമായെങ്കിലും ഡയറക്റ്റ് വൈദ്യുതി അപകടകരമാണ് എന്ന എഡിസന്റെ വാദത്താൽ പ്രേരിതമായിരുന്നിരിക്കാം[അവലംബം ആവശ്യമാണ്].

എ.സി. വൈദ്യുതിയുടെ അപകടം തെളിയിക്കാനും, വധശിക്ഷ നടത്താൻ യോജിച്ചതാണതെന്ന് കാണിക്കാനുമായി പത്രലേഘകർക്കുമുന്നിൽ എഡിസണും ബ്രൗണും ചേർന്ന് പല മൃഗങ്ങളെയും കൊന്നു പ്രദർശിപ്പിച്ചു. വൈദ്യുതക്കസേരയെക്കുറിച്ചുള്ള പല പരീക്ഷണങ്ങളും ന്യൂ ജേഴ്സിയിലെ വെസ്റ്റ് ഓറഞ്ചിലുള്ള എഡിസന്റെ പരീക്ഷണശാലയിൽ 1888-ലാണ് നടന്നത്. പ്രദർശനങ്ങൾക്കു ശേഷം ന്യൂ യോർക്ക് സംസ്ഥാനം നിയമിച്ച കമ്മിറ്റി എ.സി. വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിക്കുന്ന വൈദ്യുതക്കസേര തിരഞ്ഞെടുത്തു. [6]

ആദ്യ വധശിക്ഷകൾ

[തിരുത്തുക]

1890 ആഗസ്റ്റ് 6-ന് ന്യൂ യോർക്കിലെ ഔബേൺ ജയിലിൽ വധിക്കപ്പെട്ട വില്യം കെംലർ എന്നയാളാണ് വൈദ്യുതക്കസേര ഉപയോഗിച്ച് വധിക്കപ്പെട്ട ആദ്യത്തെയാൾ. ആരാച്ചാരായി പ്രവർത്തിച്ച സ്റ്റേറ്റ് ഇലക്ട്രീഷ്യൻ എഡ്വിൻ എഫ്. ഡേവിസ് എന്നയാളായിരുന്നു. ആദ്യത്തെ 17 സെക്കന്റ് വൈദ്യുത ഷോക്ക് കാരണം കെംലർ അബോധാവസ്ഥയിലായെങ്കിലും ഹൃദയമിടിപ്പും ശ്വാസച്ഛ്വാസവും നിന്നിരുന്നില്ല. കൂടെയുണ്ടായിരുന്ന ഡോക്ടർമാരായ എഡ്വേർഡ് ചാൾസ് സ്പിറ്റ്സ്ക, ചാൾസ് എഫ്. മക്ഡോണാൾഡ് എന്നിവർ കെംലറെ പരിശോധിച്ച് ജീവനുണ്ടെന്ന് കണ്ട ശേഷം ഡോ. സ്പിറ്റ്സ്ക വീണ്ടും വൈദ്യുതി പ്രയോഗിക്കാൻ ആവശ്യപ്പെട്ടു. ജനറേറ്റർ റീച്ചാർജ് ചെയ്തശേഷം വീണ്ടും വൈദ്യുതാഘാത മേൽപ്പിച്ചത് 2,000 വോൾട്ട് വൈദ്യുതി ഉപയോഗിച്ചായിരുന്നു. കെംലറുടെ തൊലിക്കടിയിലുള്ള രക്തക്കുഴലുകൾ പൊട്ടുകയും ഇലക്ട്രോഡുകൾക്ക് കീഴിലുള്ള തൊലി കരിയുകയും ചെയ്തുവത്രേ. ശിക്ഷ നടപ്പാക്കാൻ 8 മിനിട്ടെടുത്തു. കോടാലി ഉപയോഗിക്കുന്നതായിരുന്നിരിക്കണം കൂടുതൽ നല്ലതെന്ന് ജോർജ് വെസ്റ്റിംഗ് ഹൗസ് പിന്നീട് അഭിപ്രായപ്പെട്ടു. [7] സാക്ഷിയായിരുന്ന ഒരു റിപ്പോർട്ടറുടെ അഭിപ്രായത്തിൽ തൂക്കിക്കൊല്ലലിനേക്കാൾ വളരെ മോശമായ ഒരു കാഴ്ച്ചയായിരുന്നത്രേ ആദ്യത്തെ വൈദ്യുത വധശിക്ഷ."[8]

വൈദ്യുതക്കസേര ഉപയോഗിച്ച് വധിച്ച ആദ്യത്തെ സ്ത്രീ മാർത്ത എം. പ്ലേസ് ആയിരുന്നു. സിങ് സിങ് ജയിലിൽ വച്ചാണ് 1899 മാർച്ച് 20-ന് മാർത്തയെ വധിച്ചത്.[9]

ഉപയോഗത്തിൽ വരൽ

[തിരുത്തുക]
ലൂസിയാനയിലെ ജയിലിൽ പണ്ട് വധശിക്ഷ നടപ്പാക്കിയിരുന്ന സ്ഥലം (റെഡ് ഹാറ്റ് സെൽ ബ്ലോക്ക്). വൈദ്യുതക്കസേര പഴയതിന്റെ മാതൃകയാണ്.

ഒഹായോ (1897), മസാച്യൂസെറ്റ്സ് (1900), ന്യൂ ജേഴ്സി (1906), വിർജീനിയ (1908) എന്നീ സംസ്ഥാനങ്ങൾ തുടക്കത്തിലേ മരണശിക്ഷ നൽകാൻ ഈ മാർഗ്ഗം സ്വീകരിച്ചു. വേഗം തന്നെ ഐക്യനാടുകളിൽ ഇത് തൂങ്ങിമരണത്തിനെ പുറം തള്ളി പ്രധാന മരണശിക്ഷാ രീതിയായി.

മറ്റു രാജ്യങ്ങൾ പ്രത്യേക കാരണങ്ങളാൽ ഈ രീതി പരിഗണിച്ചിട്ടുണ്ട്. 2006-ൽ പുറത്തിറക്കിയ ബ്രിട്ടീഷ് യുദ്ധ കാബിനറ്റിന്റെ റിപ്പോർട്ട് കാണിക്കുന്നത് വിൻസ്റ്റൺ ചർച്ചിൽ 1942-ൽ നിർദ്ദേശിച്ചത് അഡോൾഫ് ഹിറ്റ്ലറിനെ പിടികൂടാൻ സാധിച്ചാൽ ഉടനടി അമേരിക്കയിൽ നിന്നു വരുത്തിയ ഒരു വൈദ്യുതക്കസേരയിൽ വച്ച് വധശിക്ഷ നടപ്പാക്കണമെന്നാണ്. [10]

1966-നു ശേഷം വൈദ്യുതക്കസേര അമേരിക്കയിൽ കുറച്ചുകാലം ഉപയോഗിക്കാതായെങ്കിലും ഫിലിപ്പീൻസിൽ അത് തുടർന്നു. [1] 1972-ൽ മൂന്നു പേരെ ഇപ്രകാരം ഫിലിപ്പീൻസിൽ വധിക്കുകയുണ്ടായി.

പ്രധാന വ്യക്തികളും സംഭവങ്ങളും

[തിരുത്തുക]

ലിയോൺ സോൾഗോസ്, ബ്രൂണോ ഹാപ്റ്റ്മാൻ, ഹാൻസ് ബി. ഷ്മിഡ്, ഹാരി പിയർപോയിന്റ്, ഗ്വൈസപ്പെ സൻഗാര, സാക്കോ, വെൻസെറ്റി, ജൂലിയസ് റോസൻബർഗ്, ഈഥൽ റോസൻബർഗ്, ലെപ്കെ ബുഷാൾട്ടർ, അന്ന മാരി ഹാൻ, ഡോണാൾഡ് ഹെന്റ്റി ഗാസ്കിൻസ്, ആൽബർട്ട് ഫിഷ്, ചാൾസ് സ്റ്റാർക് വെതർ, ജെറാൾഡ് സ്റ്റാനോ, ടെഡ് ബണ്ടി എന്നിവർ വൈദ്യുതക്കസേരയിൽ മരിച്ച പ്രമുഖരാണ്. 1903-ൽ സിങ് സിങ് ജയിലിൽ വൈദ്യുതക്കസേരയിൽ നടന്ന ഒരു വധശിക്ഷ കുഴപ്പം പിടിച്ചതായിരുന്നു. ഫ്രെഡ് ഫോൺ വേമർ എന്നയാളെ വൈദ്യുതാഘാതത്തിനു ശേഷം മരിച്ചതായി പ്രഘ്യാപിച്ചു. പോസ്റ്റ് മോർട്ടം പരിശോധനയ്ക്കായി കൊണ്ടു പോയെങ്കിലും അയാൾ ശ്വാസം വലിക്കുന്നതായി കണ്ടെത്തി. വീട്ടിലേക്ക് തിരിച്ച ആരാച്ചാരെ വീണ്ടും വിളിച്ചു വരുത്തേണ്ടി വന്നു. ആരാച്ചാർ തിരിച്ചു വന്നപ്പോൾ വേമർ മരിച്ചതായി സ്ഥിതീകരിക്കപ്പെട്ടിരുന്നു. എങ്കിലും അയാളുടെ ശവശരീരം വൈദ്യുതക്കസേരയിൽ വച്ച് വീണ്ടും മുപ്പത് സെക്കന്റ് നേരത്തേയ്ക്ക് 1700 വോൾട്ട് വൈദ്യുതി പ്രവഹിപ്പിച്ചു.

മരിയ ബാർബെല്ല ആണ് വൈദ്യുതക്കസേരയിൽ വധശിക്ഷയ്ക്ക് ആദ്യമായി വിധിച്ക്കപ്പെട്ട സ്ത്രീ. [11] പക്ഷേ അപ്പീലിൽ മരിയയുടെ ശിക്ഷ ഒഴിവാക്കപ്പെട്ടു.

റൂത്ത് സ്നൈഡർ എന്ന വീട്ടമ്മയാണ് വൈദ്യുതക്കസേരയിൽ വധശിക്ഷ നടത്തപ്പെട്ട ആദ്യത്തെ സ്ത്രീ. 1927 മാർച്ചിൽ സ്വന്തം ഭർത്താവിനെ വധിച്ചതിന് 1928 ജനുവരി 12-ന് അവരെ വധിച്ചു. ടോം ഹൊവാർഡ് എന്ന ഡെയ്ലി ന്യൂസ് പത്രത്തിന്റെ ഫോട്ടോഗ്രാഫർ ഒരു കാമറ ഒളിച്ചു കടത്തി വൈദ്യുതി ശരീരത്തിലൂടെ പ്രവഹിക്കുന്ന സമയത്ത് ഫോട്ടോ എടുത്തതു കാരണം ഈ വധശിക്ഷ കുപ്രശസ്തമായി. [12]

1928 ജൂലെ 3-ൻ ഈഴു പേരെ ഒന്നിനു പിറകേ ഒന്നായി വൈദ്യുതിക്കസേരയിൽ വധിച്ചിരുന്നു. കെന്റക്കിയിലെ എഡ്ഡിവിൽ ജയിലിലാണിത് നടന്നത്. 1942-ൽ ചാരപ്രവർത്തിക്ക് ശിക്ഷിക്കപ്പെട്ട ആറ് ജർമൻ കാരുടെ വധശിക്ഷ ഒരു ദിവസം കൊളംബിയ ഡിസ്ട്രിക്റ്റിൽ നടപ്പാക്കപ്പെട്ടു. [13]

ജെയിംസ് ഫ്രഞ്ച് 1966 ആഗസ്റ്റ് 10-ന് വധിക്കപ്പെട്ട ശേഷം 1979 വരെ ആരെയും വധശിക്ഷയ്ക്ക് വിധേയമാക്കിയിരുന്നില്ല.

1979 മേയ് 25-ന് ജോൺ ആർതർ സ്പെങ്കെലിങ്ക് എന്നയാൾ 1976-ലെ ഗ്രെഗ്ഗ് വേർസസ് ജോർജിയ കേസൊ;എ അമേരിക്കൻ സുപ്രീം കോടതി വിധിക്കു ശേഷം വധശിക്ഷയ്ക്ക് വിധേയനാക്കപ്പെടുന്ന ആദ്യത്തെയാളായി. 1966-നു ശേഷം ഇപ്രകാരം വധശിക്ഷയ്ക്ക് വിധേയനാക്കപ്പെടുന്ന ആദ്യത്തെ ആളായിരുന്നു ഇയാൾ. 2002 മേയ് 10-ന് അലബാമയിൽ ശിക്ഷിക്കപ്പെട്ട ലിൻഡ ലിയോൺ ബ്ലോക്ക് ആയിരുന്നു മറ്റൊരു മാർഗ്ഗവും തിരഞ്ഞെടുക്കാനില്ലാതെ വൈദ്യുതക്കസേരയിൽ മരിച്ച അവസാന ആൾ.

റൂത്ത് സ്നൈഡറുടെ ശരീരത്തിലൂടെ വൈദ്യുതി പ്രവഹിക്കുന്ന സമയത്തെ ഫോട്ടോ. ന്യൂ യോർക്ക് ഡേയ്ലി ന്യൂസ് പത്രത്തിൽ പ്രസിദ്ധീകരിച്ചത്.
പ്രമാണം:Nebraska's electric chair.JPG
നെബ്രാസ്കയിൽ വധശിക്ഷയ്ക്കുപയോഗിച്ചിരുന്ന വൈദ്യുതക്കസേര

എൺപതുകളിലെ കുഴപ്പത്തിലവസാനിച്ച ചില വധശിഷകൾക്ക് ശേഷം നിയമനിർമാതാക്കൾ കൂടുതൽ മനുഷ്യത്വപരമായ വധശിക്ഷാ രീതികൾ അന്വേഷിച്ചു തുടങ്ങി. വിഷം കുത്തിവച്ചു കൊല്ലലാണ് പകരം വന്നത്.

പലതവണ ഷോക്ക് കൊടുത്തതിനു ശേഷം മാത്രമേ ചിലയാൾക്കാർ വൈദ്യുതക്കസേരയിൽ മരണപ്പെട്ടിട്ടുള്ളൂ. ഇത് ക്രൂരവും അസാധാരണവുമായ ശിക്ഷാരീതിയായി പരിഗണിച്ച് വൈദ്യുതക്കസേര ഉപേക്ഷിക്കണം എന്ന ആവശ്യമുണ്ടാകാൻ കാരണമായി. [14] ഇതുകാരണം നെബ്രാസ്ക വൈദ്യുതക്കസേര ഉപയോഗിക്കാൻ പുതിയ രീതി കൊണ്ടുവന്നു. 2450 വോൾട്ട് വൈദ്യുതി 15 സെക്കന്റ് നേരത്തേയ്ക്ക് ഉപയോഗിച്ചശേഷം 15 മിനിട്ട് കഴിഞ്ഞ് ജീവനുണ്ടോ എന്ന് പരിശോധിക്കുകയായിരുന്നു പുതിയ രീതി. പുതിയ രീതിയെപ്പറ്റിയും സംശയങ്ങൽ ഉയർന്നപ്പോൾ 2007 ഏപ്രിലിൽ 2450 വോൾട്ട് 20 സെക്കന്റ് നേരത്തേയ്ക്ക് കൊടുക്കുക എന്ന പുതിയ രീതി നിലവിൽ വന്നു. (2004-ലെ രീതിക്കുമുൻപ് 8 സെക്കന്റ് നേരത്തേയ്ക്ക് 2450 വോൾട്ടും ഒരു സെക്ക്ന്റ് നേരം കഴിഞ്ഞ് 22 സെക്കന്റ് നേരത്തേയ്ക്ക് 480 വോൾട്ടും കൊടുക്കുക എന്നതായിരുന്നു പദ്ധതി. 20 സെക്കന്റ് കഴിഞ്ഞ് ഇതേ രീതി മൂന്നു പ്രാവശ്യം ആവർത്തിച്ചിരുന്നു.)

പെഡ്രോ മെദിന എന്ന ഒരാളുടെ തലയ്ക്ക് തീ പിടിച്ചതും ഒരു ഇലക്ട്രിക്കൽ ട്രാൻസ്ഫോർമർ കത്തിപ്പോയതും പോലെ പല കുഴപ്പങ്ങളും വേറേ ഉണ്ടായിട്ടുണ്ട്. [15] 1946-ൽ ഒരു വൈദ്യുതക്കസേര ശരിയായി പ്രവർത്തിക്കാതിരുന്നതു മൂലം വില്ലി ഫ്രാൻസിസ് എന്നയാൾ മരിച്ചില്ല. എടുത്തുമാറ്റാവുന്ന ഇലക്ട്രിക് കസേര ശരിയായി സ്ഥാപിക്കാത്തതു മൂലമാണ് ഇതു സംഭവിച്ചത്. ഇതിനു ശേഷം ഫ്രാൻസിസിന്റെ അഭിഭാഷകർ അയാൾ മരിച്ചില്ല എങ്കിലും വധശിക്ഷ നടപ്പാക്കപ്പെട്ടു കഴിഞ്ഞു എന്ന് സുപ്രീ കോടതിയിൽ വാദിക്കുകയുണ്ടായി. [16] ഈ വാദം തള്ളിക്കൊണ്ട് മരണശിക്ഷ രണ്ടാമതും നൽകുന്നത് ഒരാളെ രണ്ടു പ്രാവശ്യം വിചാരണ ചെയ്യുന്നതുപോലെ (double jeopardy) ആകില്ലെന്ന് കോടതി വിധിച്ചു. അയാളെ വീണ്ടും ഇലക്ട്രിക് കസേര ഉപയോഗിച്ചു തന്നെ വധിച്ചു.

1977-ൽ വധശിക്ഷ പുനരാരംഭിച്ച ശേഷവും നടപടികൾ കുഴപ്പത്തിലാകുന്നത് പതിവായി. അലബാമയിൽ രണ്ടു തവണയും, ഫ്ലോറിഡയിൽ മൂന്നു തവണയും, ജോർജിയയിൽ ഒരു തവണയും, ഇൻഡ്യാനയിൽ ഒരു തവണയും, വിർജീനിയയിൽ മൂന്നു തവണയും ഇമ്മാതിരി പ്രശ്നങ്ങളുണ്ടായി. മേൽപ്പറഞ്ഞ അഞ്ചു സംസ്ഥാനങ്ങളിലും പ്രാധമിക ശിക്ഷാരീതി ഇപ്പോൾ വിഷം കുത്തിവയ്ക്കലാണ്.

2010 മാർച്ച് 18-ന് വിർജീനിയയിൽ ശിക്ഷിക്കപ്പെട്ട പോൾ വാർണർ പവൽ വിഷം കുത്തിവയ്ക്കുന്നതിനു പകരം വൈദ്യുതക്കസേര തിരഞ്ഞെടുത്ത അവസാന ആളാണ്. [17]

മലയാള സംസ്കാരത്തിലെ സ്വാധീനം

[തിരുത്തുക]

മരണ സിംഹാസനം എന്ന വിവിധ പുരസ്കാരങ്ങൾ കിട്ടിയിട്ടുള്ള ചലച്ചിത്രം കേരളത്തിൽ വൈദ്യുതക്കസേര എത്തുന്ന സാങ്കൽപ്പിക സാഹചര്യം വിശകലനം ചെയ്യുന്നു.

ഇവയും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. 1.0 1.1 "Philippines: The Death Penalty: Criminality, Justice and Human Rights". Amnesty International. 30 September 1997. Archived from the original on 2015-02-21. Retrieved 2010-09-07.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-07-03. Retrieved 2012-05-29.
  3. Liptak, Adam (February 9, 2008). "Electrocution Is Banned in Last State to Rely on It". The New York Times.
  4. Christen, AG (2000). "Alfred P. Southwick, MDS, DDS: dental practitioner, educator and originator of electrical executions". Journal of the History of Dentistry. 48 (3): 115–45. PMID 11806253. {{cite journal}}: Unknown parameter |coauthors= ignored (|author= suggested) (help); Unknown parameter |month= ignored (help)
  5. Moran, Richard. Executioner's Current. Thomas Edison, George Westinghouse and the Invention of the Electric Chair. Alfred A. Knopf, New York, 2002, p. 94.
  6. Mary Bellis (2005). "Death and Money - The History of the Electric Chair". About.com. Retrieved 13 April 2006.[പ്രവർത്തിക്കാത്ത കണ്ണി]
  7. AC/DC: The Savage Tale of the First Standards War; By Tom McNichol
  8. http://law.jrank.org/pages/12374/Kemmler-William.html
  9. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-09-11. Retrieved 2012-05-29.
  10. "War crimes and war criminals, meeting held on July 6, 1942". Retrieved 2006-04-25.
  11. "Maria Barbella to Die". New York Times. July 19, 1895. Retrieved 2 August 2011.
  12. Time-Life Books, 1969, p. 185
  13. http://www.history.com/this-day-in-history/german-saboteurs-executed-in-washington
  14. "ആർക്കൈവ് പകർപ്പ്". Archived from the original on 2008-02-02. Retrieved 2012-05-29.
  15. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-07-10. Retrieved 2012-05-29.
  16. U.S. Supreme Court case, Francis v. Resweber: 329 U.S. 459 (1947)
  17. http://www.deathpenaltyinfo.org/executions

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=വൈദ്യുതക്കസേര&oldid=3840597" എന്ന താളിൽനിന്ന് ശേഖരിച്ചത്