തെറ്റായ വധശിക്ഷ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നിരപരാധിയായ ഒരു മനുഷ്യന് നീതിനിർവഹണത്തിലെ പിശകു മൂലം മരണശിക്ഷ നൽകുന്നതിനെയാണ് തെറ്റായ വധശിക്ഷ എന്നതുകൊണ്ടർത്ഥമാക്കുന്നത്. ഇത്തരം കേസുകൾ വധശിക്ഷയ്ക്കെതിരായി വാദിക്കുന്നവർ ഉദാഹരിക്കാറുണ്ട്. [1]

ധാരാളം നിരപരാധികളായ ആൾക്കാരെ ഇപ്രകാരം വധിച്ചതായി അവകാശവാദങ്ങളുണ്ടായിട്ടുണ്ട്. [2][3] പുതുതായി ലഭ്യമായ ഡി.എൻ.എ തെളിവുകൾ ഉപയോഗപ്പെടുത്തി 1992 മുതൽ 15-ൽ കൂടുതൽ വധശിക്ഷ കാത്തു കഴിയുന്നവരെ രക്ഷപെടുത്താൻ സാധിച്ചിട്ടുണ്ട്. [4] പക്ഷേ വളരെച്ചുരുക്കം കേസുകളിൽ മാത്രമേ ഡി.എൻ.എ. തെളിവ് ലഭ്യമായിട്ടുള്ളൂ. ചില കേസുകളിൽ പ്രതികൾക്കെതിരായ തെളിവുകൾ ദുർബലമാണെന്ന കാരണത്താലാണ് വെറുതേ വിടപ്പെട്ടത്. പ്രോസിക്യൂട്ടർമാർ തെറ്റായ നടപടി സ്വീകരിച്ചതാണ് ചില കേസുകൾ പുനർ വിചാരണയിൽ വെറുതേ വിടാൻ കാരണം. ഡെത്ത് പെനാൽറ്റി ഇൻഫർമേഷൻ സെന്റർ എന്ന അമേരിക്കൻ ഐക്യനാടുകളിലെ സംഘടന വധശിക്ഷ നൽകപ്പെട്ടുവെങ്കിലും നിരപരാധിയായിരിക്കാൻ സാദ്ധ്യതയുണ്ട് എന്ന് കരുതപ്പെടുന്ന 8 ആൾക്കാരുടെ പട്ടിക പുറത്തുവിട്ടിട്ടുണ്ട്. [5] നിരപരാധിയാണെന്ന തെളിവോ അപരാധിയാണെന്നതിനെപ്പറ്റി കാര്യമായ സംശയമോ ഉണ്ടെങ്കിലും 39 ആൾക്കാരെയെങ്കിലും അമേരിക്കയിൽ വധിച്ചിട്ടുണ്ടത്രേ. [6]

ബ്രിട്ടനിൽ ക്രിമിനൽ കേസസ് റിവ്യൂ കമ്മീഷൻ കേസുകൾ പുനപ്പരിശോധിച്ചതു കാരണം 1950-നും 1953-നും ഇടയിൽ ഒരാൾക്ക് മാപ്പുനൽകുകയും മൂന്നുപേരെ വെറുതേ വിടുകയും ചെയ്തിട്ടുണ്ട് (അക്കാലത്ത് ഇംഗ്ലണ്ടിലും വെയിൽസിലും ഏകദേശം 17 ആൾക്കാരെവീതം വർഷം വധിക്കുമായിരുന്നുവത്രേ). ഇവർക്ക് നഷ്ടപരിഹാരവും നൽകുകയുണ്ടായി.

ഉദാഹരണങ്ങൾ[തിരുത്തുക]

ടെക്സാസുകാരനായ ജോണി ഫ്രാങ്ക് ഗാരറ്റ് എന്നയാളെ ഒരു കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത് കൊന്ന കുറ്റത്തിന് വധിക്കുകയുണ്ടായി. തെളിവുകളും സാക്ഷിമൊഴികളും ഫ്രാങ്ക് സംശയത്തിന്റെ നിഴലിൽ വരുന്നതിനു മുൻപ് ഒരു ക്യൂബക്കാരനാണ് കുറ്റക്കാരൻ എന്നായിരുന്നു സൂചിപ്പിച്ചിരുന്നത്. ഈ കുഴപ്പം പിടിച്ച കേസ് 2008-ലെ ദി ലാസ്റ്റ് വേഡ് എന്ന ഡോക്യുമെന്ററിയിൽ വിശകലനം ചെയ്യുന്നുണ്ട്.

വെയ്ൻ ഫെൽക്കർ, എന്ന ബലാത്സംഗക്കുറ്റത്തിനു ശിക്ഷിക്കപ്പെട്ടയാൾ വധശിക്ഷയ്ക്ക് വിധേയനാക്കപ്പെട്ടെങ്കിലും നിരപരാധിയായിരുന്നിരിക്കാം എന്ന് ചിലർ വിശ്വസിക്കുന്നു. 1981-ൽ അമേരിക്കൻ ഐക്യനാടുകളിലെ ജോർജ്ജിയ സംസ്ഥാനത്ത് ഒരു സ്ത്രീയെ കാണാതെ പോയ സംഭവത്തിൽ ഇയാളെ പോലീസിന് സംശയമുണ്ടായിരുന്നു. ശവശരീരം കണ്ടെത്തുന്നതിനു മുൻപുള്ള രണ്ടാഴ്ച്ച ഇയാൾ പോലീസ് നിരീക്ഷണത്തിലായിരുന്നു. പോസ്റ്റ്മോർട്ടം നടത്തിയത് യോഗ്യതയില്ലാത്ത ആളായിരുന്നുവത്രേ. പോലീസ് നിരീക്ഷണം തുടങ്ങുന്നതിനു മുൻപുള്ള സമയത്താണ് സ്ത്രീ മരിച്ചതെന്ന് വരും വിധം പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ മാറ്റം വരുത്തപ്പെട്ടുവത്രേ. ശവശരീരം കണ്ടെത്തുന്നതിന് ഏറിയാൽ മൂന്നു ദിവസം മുൻപായിരുന്നിരിക്കണം മരണം നടന്നതെന്ന വിദഗ്ദ്ധമൊഴി പിന്നീട് ഫെൽക്കറുടെ അഭിഭാഷകർ കൊണ്ടുവന്നിരുന്നു. പ്രോസിക്യൂഷൻ ധാരാളം തെളിവുകൾ കോടതിയിൽ സമർപ്പിക്കാതെ മുക്കിയതായും കണ്ടെത്തി. ഇതിൽ ഡി.എൻ.എ. തെളിവുകളും ഉൾപ്പെട്ടിരുന്നു. ഈ തെളിവുകൾ ഫെൽക്കറെ സംശയത്തിന്റെ ആനുകൂല്യത്താൽ വിട്ടയക്കുന്നതിനോ കുറ്റവിമുക്തനാക്കുന്നതിനോ കാരണമാകുമായിരുന്നുവെന്നാണ് വാദം. സംശയിക്കപ്പെട്ടിരുന്ന മറ്റൊരു പ്രതി കുറ്റസമ്മതമൊഴി ഒപ്പിട്ടു നൽകുകയുമുണ്ടായത്രേ. ഇതെല്ലാം മറികടന്ന് 1996-ൽ ഫെൽക്കറെ വധിക്കുകയുണ്ടായി. 2000-ൽ ഇദ്ദേഹത്തിന്റെ കേസ് വീണ്ടും വാദത്തിനെടുക്കുകയുണ്ടായി. വധിക്കപ്പെട്ടുവെങ്കിലും ഡി.എൻ.എ. തെളിവുപയോഗിച്ച് നിരപരാധിത്വം തെളിയിക്കപ്പെടുന്ന ആദ്യ കേസിലെത്താനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു ഈ പുനർവിചാരണ. [7]

തോമസ് ഗ്രിഫിനും മീക്സ് ഗ്രിഫിനും 1915-ൽ മറ്റു വർഗത്തിൽ പെട്ട ഒരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്ന ഒരാളെ കൊന്ന കുറ്റത്തിന് വധിക്കപ്പെട്ടു. ശിക്ഷ നടപ്പാക്കി 94 വർഷത്തിനു ശേഷം ഇയാൾക്ക് മാപ്പു നൽകപ്പെട്ടു. ഇവർക്കുമേൽ കുറ്റം ചുമത്തുകയും അറസ്റ്റ് ചെയ്യുകയും ചെയതത് ഇവർ നല്ല ഒരു അഭിഭാഷകനെ വച്ച് കേസ് വാദിക്കാൻ തക്ക പണക്കാരല്ലാതിരുന്നതുകൊണ്ടാണെന്നാണ് കരുതപ്പെടുന്നത്. [8]

ബ്രിട്ടനിൽ തിമോത്തി ഇവാൻസ് എന്നയാളെ 1950-ൽ ഇയാളുടെ മകൾ ജെറാൾഡൈനെ കൊന്ന കുറ്റത്തിന് വിചാരണ ചെയ്യുകയും വധിക്കുകയൂം ചെയ്തു. 16 വർഷത്തിനു ശേഷം നടന്ന ഒരു ഔദ്യോഗിക അന്വേഷണത്തിൽ ഇവാൻസിന്റെ വാടകക്കാരനായിരുന്ന സീരിയൽ കൊലപാതകി ജോൺ റെജിനാൾഡ് ഹാല്ലിഡേ ക്രിസ്റ്റി എന്നയാളാണ് ഈ കൊലപാതകം നടത്തിയതെന്ന് കണ്ടെത്തി. ഇവാൻസിന്റെ ഭാര്യയെയും മറ്റ് അഞ്ചു സ്ത്രീകളെയും തന്റെ ഭാര്യയെയും കൊന്ന കാര്യവും ക്രിസ്റ്റി ഏറ്റുപറഞ്ഞു. ശിക്ഷ നടപ്പാക്കി വർഷങ്ങൾ കഴിഞ്ഞ് 1966-ൽ ഇവാൻസിനെ കുറ്റവിമുക്തനാക്കി. 1965-ൽ ബ്രിട്ടനിൽ വധശിക്ഷ നിർത്തലാക്കുന്നതിന് കാരണമായത് ഈ വിധിയാണ്.

ഡെറക് ബെന്റ്ലി എന്ന ബുദ്ധിവളർച്ചയില്ലാത്ത യുവാവിനെ 1953-ൽ ബ്രിട്ടനിൽ വധിക്കുകയുണ്ടായി. മോഷണശ്രമത്തിനിടെ ഒരു പോലീസുദ്യോഗസ്ഥനെ കൊന്നു എന്നതായിരുന്നു കുറ്റം. ഇയാളുടെ കൂട്ടാളിയായിരുന്നു നിറയൊഴിച്ചത് എന്ന വസ്തുത കണക്കാക്കാതെയായിരുന്നു ശിക്ഷ. വെടിവയ്പ്പ് നടന്ന സമയത്ത് ബെന്റ്ലി പോലീസ് കസ്റ്റഡിയിലുമായിരുന്നു. യധാർത്ഥത്തിൽ കാഞ്ചി വലിച്ച കൂട്ടാളിക്ക് പ്രായപൂർത്തിയെത്താത്തതിനാൽ മരണശിക്ഷ കൊടുക്കാനാവുമായിരുന്നില്ല. [9]

ചിപിത റോഡ്രിഗസിനെ 1863-ൽ ഒരു കുതിരക്കച്ചവടക്കാരനെ കൊന്നു എന്ന കുറ്റത്തിന് ടെക്സാസിൽ വച്ച് തൂക്കിക്കൊല്ലുകയുണ്ടായി. 122 വർഷങ്ങൾക്ക് ശേഷം ടെക്സാസ് നിയമസഭ ഇവരെ കുറ്റവിമുക്തയാക്കുന്ന പ്രമേയം പാസ്സാക്കി.

വേയ് ക്വിൻഗാൻ (ചൈനീസ്: 魏清安, ?-1984, 23 വയസ്സ് പ്രായം) എന്ന ചൈനക്കാരനെ ലിയു എന്ന കാണാതെപോയ സ്ത്രീയെ ബലാത്സംഗം ചെയ്തു എന്ന കുറ്റത്തിന് വധിക്കുകയുണ്ടായി. 1984 മേയ് മൂന്നിനാണ് ഇയാളെ വധിച്ചത്. അതിനടുത്ത മാസം ടിയാൻ യൂക്സിയു (田玉修) എന്നയാളെ അറസ്റ്റ് ചെയ്യുകയും ബലാത്സംഗം ചെയ്തത് താനാണെന്ന് സമ്മതിക്കുകയും ചെയ്തു. 3 വർഷങ്ങൾക്ക് ശേഷം വേയ് നിരപരാധിയാണെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടു. [10]

ടെങ് സിങ്ഷെൻ (ചൈനീസ്: 滕兴善, ?-1989) എന്ന ചൈന്നക്കാരനെ ഷി ക്സിയാഓറോങ് (石小荣) എന്ന കാണാതായ സ്ത്രീയെ ബലാത്സംഗം ചെയ്യുകയും കൊല്ലുകയും ചെയ്തതിനും മോഷണത്തിനും വധിക്കുകയുണ്ടായി. കഷണങ്ങളാക്കിയ ഒരു ശവശരീരം ഒരു വയോധികൻ കണ്ടെത്തുകയും പോലീസ് ഇത് ഷിയുടെ ശവശരീരമാണെന്ന് തീരുമാനിക്കുകയുമായിരുന്നു. 1989 ജനുവരി 28-ന് വധശിക്ഷ നടപ്പാക്കി. 1993-ൽ ഷി ഗ്രാമത്തിൽ തിരിച്ചെത്തി. ഷാൻഡോങ് എന്ന സ്ഥലത്തേയ്ക്ക് അവരെ തട്ടിക്കൊണ്ടുപോയതായിരുന്നു എന്നായിരുന്നു അവർ പറഞ്ഞത്. ടെങിന്റെ നിരപരാധിത്വം 2005 വരെ അധികാരികൾ കാര്യമായെടുത്തിരുന്നില്ല.[11]

നിയേ ഷുബിൻ (ചൈനീസ്: 聂树斌, 1974-1995) എന്ന ചൈനക്കാരനെ കാങ് ഝുവ(康菊花) എന്ന സ്ത്രീയെ ബലാത്സംഗം ചെയ്ത് കൊന്നു എന്ന കുറ്റത്തിന് 1995 ഏപ്രിൽ 27-ന് വധിക്കുകയുണ്ടായി. 2005-ൽ വധശിക്ഷ നടപ്പാക്കി 10 വർഷം കഴിഞ്ഞ സമയത്ത് വാങ് ഷുജിൻ (ചൈനീസ്: 王书金) എന്നയാൾ താനാണ് കൊലപാതകം ചെയ്തതെന്ന് പോലീസിനോട് സമ്മതിച്ചു. [12][13]

[[qoγsiletu}|ക്വോഗ്സിലേറ്റു]] (മംഗോളിയൻ:ᠺᠥᠭᠰᠢᠯᠠᠲᠦ, ചൈനീസ്: 呼格吉勒图|呼格吉勒图, 1977-1996) എന്നയാളെ ഒരു പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്ന കുറ്റത്തിന് 1996 ജൂൺ 10-ന് വധിച്ചു. 2006 ഡിസംബർ 5-ന് ഷാവോ ഷിഹോങ് (ചൈനീസ്: 赵志红) എന്നയാൾ കുറ്റസമ്മതം നടത്തി ഒരു ലേഖനമെഴുതി.

ജിയാങ് ഗുവോജിങ് (ചൈനീസ്: :江國慶|江國慶 1975-1997) എന്ന തായ്വാൻ കാരൻ പടയാളിയെ 1997 ആഗസ്റ്റ് 13-ന് ഒരു അഞ്ചു വയസ്സുകാരിയെ ബലാത്സംഗം ചെയ്തുകൊന്ന കുറ്റത്തിന് വധിക്കുകയുണ്ടായി. 2011 ജനുവരി 28-ന് ക്സു റോൺഗ്ഷോ (ചൈനീസ്: 許榮洲) പ്രോസിക്യൂട്ടറോട് താനാണ് കുറ്റം ചെയ്തതെന്ന് സമ്മതിച്ചു.

കാർലോസ് ഡെലൂണ 1989 ഡിസംബറിൽ ടെക്സാസിൽ വച്ച് വധിക്കപ്പെട്ടു. പിന്നീട് നടന്ന അന്വേഷണത്തിൽ ഡെലൂണയുടെ അപരാധിത്വം സംശയത്തിലായി. [14]

ശിക്ഷാവിമുക്തരാക്കപ്പെട്ട സംഭവങ്ങളും മാപ്പുനൽകലും[തിരുത്തുക]

ഡി.എൻ.എ. തെളിവുപയോഗിച്ച് മരണശിക്ഷയിൽ നിന്ന് മോചിപ്പിക്കപ്പെട്ട ആദ്യ അമേരിക്കനാണ് കിർക്ക് ബ്ലഡ്സ്വർത്ത്. വധശിക്ഷ വിധിക്കപ്പെട്ടുവെങ്കിലും പിന്നീട് കുറ്റവിമുക്തനാക്കിയ 100ആമത് അമേരിക്കക്കാരനായിരുന്നു റേ ക്രോൺ.

ബ്രിട്ടനിൽ ക്രിമിനൽ കേസുകൾ പുരരന്വേഷണം നടത്തുന്ന കമ്മീഷൻ 1950-നും 1953-നും മിടെ വധിക്കപ്പെട്ട ഒരാൾക്ക് മാപ്പുനൽകുകയും മറ്റ് മൂന്നുപേരെ കുറ്റവിമുക്തരാക്കുകയും ചെയ്തു. ഇവർക്ക് നഷ്ടപരിഹാരം നൽകുകയുമുണ്ടായി. മഹ്മൂദ് ഹുസൈൻ മാർട്ടിൻ എന്നയാളായിരുന്നു വെയിൽസിൽ അവസാനമായി തൂക്കിക്കൊല്ലപ്പെട്ടയാൾ. ഇയാളുടെ ശിക്ഷ 1998-ൽ റദ്ദാക്കപ്പെട്ടു. ജോർജ്ജ് കെല്ലിയെ 1950-ൽ ലിവർപൂളിൽ തൂക്കിക്കൊന്നിരുന്നു. 2003 ജൂണിൽ അപ്പീൽ കോടതി ഇയാളുടെ ശിക്ഷ റദ്ദാക്കി. [15] ഡെറക് ബെന്റ്ലി എന്നയാളുടെ ശിക്ഷ 1998-ൽ അപ്പീൽ കോടതി റദ്ദാക്കിയിരുന്നു. ആദ്യം വിചാരണ നടത്തിയ ജഡ്ജ് പ്രതിക്ക് എല്ലാ ബ്രിട്ടീഷുകാരുടെയും ജന്മാവകാശമായ ന്യായവിചാരണ നിഷേധിച്ചു എന്ന് അപ്പീൽ കോടതി നിരീക്ഷിക്കുകയുണ്ടായി.

കോളിൻ കാമ്പെൽ റോസ്സ് (1892 — 1922) എന്നയാളെ ഒരു കുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്നു എന്ന കുറ്റത്തിന് വധിക്കുകയുണ്ടായി. ഇയാൾ നിരപരാധിയാണെന്നതിന് തെളിവുകളുണ്ടായിരുന്നുവത്രേ. ശിക്ഷയെത്തുടർന്ന് പഴയ തെളിവുകൾ പുതിയ ശാസ്ത്രീയ മാർഗ്ഗങ്ങളുപയോഗിച്ച് 1990-കളിൽ പുനഃപരിശോധിക്കുകയുണ്ടായി. റോസ്സ് നിരപരാധിയാണെന്ന വാദത്തെ പുതിയ പരീക്ഷണം പിന്തുണയ്ക്കുകയാണുണ്ടായത്. 2008-ൽ ഭരണകൂടം അദ്ദേഹത്തിന് മാപ്പ് നൽകുകയുണ്ടായി. [16]

മാനസികാരോഗ്യം സംബന്ധിച്ച വിവാദം[തിരുത്തുക]

മാനസികവളർച്ചയില്ലാത്തവർക്ക് വധശിക്ഷ നൽകുന്നതിനെപ്പറ്റി ധാരാളം ചർച്ചകൾ ഉണ്ടായിട്ടുണ്ട്. മാനസികവികാസം നേടിയിട്ടില്ലാത്തവരെ വധിക്കുന്നത് ക്രൂരവും അസാധാരണവുമായ ശിക്ഷയാണെന്നും അമേരിക്കൻ ഭരണഘടനയുടെ എട്ടാം ഭേദഗതിക്കെതിരാണെന്നുമാണ് വാദഗതി. [17] പ്രതി കുറ്റത്തിന് എന്തുമാത്രം ശിക്ഷയർഹിക്കുന്നുണ്ട് എന്ന കാര്യം ക്രൂരവും അസാധാരണവുമായ ശിക്ഷയാണോ നൽകപ്പെട്ടത് എന്ന് വിശകലനം ചെയ്യുന്നതിന് അമേരിക്കൻ സുപ്രീം കോടതി ഉപയോഗിക്കുന്നുണ്ടെങ്കിലും മാനസികവളർച്ചയെത്താത്തവരുടെ വധശിക്ഷ ക്രൂരവും അസാധാരണവുമാണെന്ന വിധി ഇതുവരെയുണ്ടായിട്ടില്ല.

ഈ കാര്യം പെന്രി വേഴ്സസ് ലിനോ കേസിൽ വിശകലനം ചെയ്യപ്പെട്ടിരുന്നു. ജോണി പോൾ പെന്രി എന്നയാൾ തനിക്കു ലഭിച്ച വധശിക്ഷ എട്ടാം ഭേദഗതിയുടെ ലംഘനമാണെന്നും അതിനാൽ ഇത് ഒഴിവാക്കിത്തരണമെന്നുമാണ് വാദിച്ചത്. അയാളുടെ അഭിഭാഷകരുടെ വാദഗതി പെന്രിക്ക് മാനസിക വളർച്ചയെത്തിയിട്ടില്ല എന്നായിരുന്നു. ധാരാളം മാനസികരോഗവിദഗ്ദ്ധർ ഇയാളുടെ ഐ.ക്യു. 50-നും 63-നും ഇടയിലാണെന്നും ഒരു ആറരവയസ്സുകാരന്റെ മാനസിക വളർച്ചയേ ഇയാൾക്കുള്ളൂ എന്നും മൊഴിനൽകുകയുണ്ടായി. [17] ജില്ലാ കോടതിയും അഞ്ചാം സ്ർക്യൂട്ട് അപ്പീൽ കോടതിയും പെന്രിയുടെ പെറ്റീഷൻ തള്ളിക്കളഞ്ഞു. അമേരിക്കൻ സുപ്രീം കോടതി നാലിനെതിരേ അഞ്ച് വോട്ടുകൾക്ക് മാനസികവളർച്ചയില്ലാത്തയാളെ വധിക്കുന്നത് എട്ടാം ഭേദഗതിക്കെതിരല്ല എന്ന് വിധിച്ചു. 1989-ലെ ഈ വിധിയ്ക്കു ശേഷം 16 സംസ്ഥാനങ്ങളും ഫെഡറൽ സർക്കാരും മാനസികവളർച്ചയില്ലാത്തയാൾക്കാരെ വധശിക്ഷയ്ക്ക് വിധിക്കുന്നത് നിരോധിച്ച് നിയമം കൊണ്ടുവന്നു. [17]

ഇവയും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

 1. "ഇന്നസെൻസ് ആൻഡ് ദി ഡെത്ത് പെനാൽറ്റി" Archived 2007-02-08 at the Wayback Machine. അറ്റ് ഡെത്ത് പെനാൽറ്റി ഇൻഫർമേഷൻ സെന്റർ (അമേരിക്കൻ ഐക്യനാടുകൾ).
 2. വില്യം ക്ര്യൂട്ടർ, "ദി ഇന്നസെന്റ് എക്സിക്യൂട്ടഡ്" ജസ്റ്റിസ് ഡിനൈഡ്, ദി മാഗസിൻ ഓഫ് ദി റോങ്ങ്ഫുള്ളി കൺവിക്റ്റഡ്-ൽ പ്രസിദ്ധീകരിച്ചത്.
 3. കാൾ കീസ്, "തർട്ടി ഇയേഴ്സ് ഓഫ് എക്സിക്യൂഷൻസ് വിത്ത് റീസണബിൾ ഡൗട്ട്സ്: അ ബ്രീഫ് അനാലിസിസ് ഓഫ് സം മോഡേൺ എക്സിക്യൂഷൻസ്", കാപ്പിറ്റൽ ഡിഫൻസ് വീക്ക്ലി, 2001.
 4. ഉദാഹരണത്തിന് "ആഫ്റ്റർ 21 ഇയേഴ്സ് ഇൻ പ്രിസൺ - ഇൻക്ലൂഡിംഗ് 16 ഓൺ ഡെത്ത് റോ - കർട്ടിസ് മകാർട്ടി ഈസ് എക്സോണറേറ്റഡ് ബേസ്ഡ് ഓൺ ഡി.എൻ.എ. എവിഡൻസ്" Archived 2010-07-02 at the Wayback Machine., ദി ഇന്നസൻസ് പ്രോജക്ട് പ്രസ്സ് റിലീസ്, 2007 മേയ് 11.
 5. "എക്സിക്യൂട്ടഡ് ബട്ട് പോസ്സിബ്ലി ഇന്നസെന്റ്" ഡെത്ത് പെനാൽറ്റി ഇൻഫർമേഷൻ സെന്ററിൽ.
 6. "എക്സിക്യൂട്ടിംഗ് ദി ഇന്നസെന്റ്", നോർത്ത് വെസ്റ്റേൺ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ലോ സെന്റർ ഓൺ റോങ്ങ്ഫുൾ കൺവിക്ഷൻസ്.
 7. "The death penalty wordwide: Developments in 2000", Amnesty International.
 8. "Tom Joyner gets justice for electrocuted kin, 94 years later - CNN.com". CNN. October 15, 2009.
 9. Yallop, David (1991). To Encourage The Others. New York: Bantam Books. ISBN 978-0-552-13451-4
 10. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-04-26. Retrieved 2012-08-24.
 11. http://news.sohu.com/20060214/n241816037.shtml
 12. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-03. Retrieved 2012-08-24.
 13. http://www.infzm.com/content/69228
 14. Pilkington, Ed (15 May 2012) The wrong Carlos: how Texas sent an innocent man to his death The Guardian, Retrieved 15 May 2012
 15. George Kelly Exonerated 53 Years After Being Executed
 16. The Age: Ross cleared of murder nearly 90 years ago. Retrieved 27 May 2008.
 17. 17.0 17.1 17.2 Scott, Charles (1 Jan. 2003). "Atkins v. Virginia: Execution of Mentally Retarded Defendants Revisited". The Journal of the American Academy of Psychiatry and the Law. 31 (1): 101–104. {{cite journal}}: Check date values in: |date= (help)

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=തെറ്റായ_വധശിക്ഷ&oldid=3971185" എന്ന താളിൽനിന്ന് ശേഖരിച്ചത്