നൈട്രജൻ കൊണ്ടു ശ്വാസം മുട്ടിച്ചുള്ള വധശിക്ഷ
നൈട്രജൻ ശ്വസിക്കുന്നതുമൂലമുള്ള ശ്വാസം മുട്ടൽ (നൈട്രജൻ ആസ്ഫിക്സിയേഷൻ) ചിലപ്പോൾ അപകടമരണത്തിന് കാരണമാകാറുണ്ട്. വേദനയില്ലാത്ത രീതിയിൽ വധശിക്ഷ നടപ്പാക്കാൻ ഈ മാർഗ്ഗം ഉപയോഗിക്കാമെന്ന് "കില്ലിംഗ് വിത്ത് കൈൻഡ്നസ്സ് – കാപ്പിറ്റൽ പണിഷ്മെന്റ് ബൈ നൈട്രജൻ ആസ്ഫിക്സിയേഷൻ" (ക്രെക്വ് 1995) എന്ന ലേഖനത്തിൽ ആദ്യമായി അഭിപ്രായമുയർന്നുവന്നിട്ടുണ്ട്. ശ്വാസം മുട്ടലിന്റെ അസ്വസ്ഥതയും വേദനയും മറ്റും ഓക്സിജൻ കുറയുന്നതു മൂലമല്ല, മറിച്ച് കാർബൺ ഡൈ ഓക്സൈഡ് രക്തത്തിൽ ഏറുന്നതുകൊണ്ടാണ് എന്നതാണ് ഇതിന്റെ അടിസ്ഥാന തത്ത്വം.
മനുഷ്യർ ശുദ്ധമായ നൈട്രജൻ ശ്വസിക്കുകയാണെങ്കിൽ ശരീരത്തിലെ കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളുമെങ്കിലും ഓക്സിജൻ ലഭ്യമാവുകയില്ല. അന്തരീക്ഷത്തിൽ 78% വരുന്ന നിറവും മണവും സ്വാദുമില്ലാത്ത വാതകമാണ് നൈട്രജൻ. ശ്വസിക്കുന്നയാൾക്ക് അസ്വാഭാവികമായി ഒന്നും അനുഭവപ്പെടില്ലയത്രേ. ഇതുകാരണം അസ്വസ്ഥതയില്ലാതെ തന്നെ ജീവവായുവിന്റെ അഭാവത്തിൽ മരണം സംഭവിക്കും. ഈ ഗുണം കാരണം ഹീബ്രൂ ഭാഷയിൽ חנקן ("ശ്വാസം മുട്ടിക്കുന്നത്"); ജർമ്മൻ ഭാഷയിൽ "Stickstoff"; ഡച്ച് ഭാഷയിൽ, "stikstof"; ("ശ്വാസം മുട്ടിക്കുന്ന വസ്തു") സ്കാൻഡിനേവിയൻ ഭാഷകളിൽ "kväve", "kvælstof", "kvelstoff" ("kväva/kvele/kvæle" -"ശ്വാസം മുട്ടിക്കുക" എന്ന് മൂലപദത്തിൽ നിന്ന്), ഗ്രീക്ക് ഭാഷയിൽ, "άζωτο" ("ജിവനോട് സൗഹാർദ്ദമില്ലാത്തത്"); റഷ്യൻ, സെർബിയൻ എന്നീ ഭാഷകളിൽ "азот" (ഗ്രീക്ക് വാക്കിൽ നിന്ന്); ക്രൊയേഷ്യൻ ഭാഷയിൽ "dušik" (ശ്വാസം മുട്ടിക്കുക എന്നർത്ഥമുള്ള "dušiti" എന്ന മൂലപദത്തിൽ നിന്ന്); ജാപ്പനീസ് ഭാഷയിൽ, 窒素 ("ശ്വാസം മുട്ടിക്കുന്ന പദാർത്ഥം"); എസ്തോണിയൻ ഭാഷയിൽ, "lämmastik" (ശ്വാസം മുട്ടിക്കുക എന്നർത്ഥമുള്ള "lämbuma" എന്ന മൂലപദത്തിൽ നിന്ന്) എന്നിങ്ങനെ പല ഭാഷകളിലും ശ്വാസം മുട്ടലുമായി ബന്ധപ്പെട്ട പേരാണ് നൈട്രജൻ വാതകത്തിനുള്ളത്.
വധശിക്ഷയ്ക്കുപയോഗിക്കുന്ന നൈട്രജൻ ചോർന്നാലും അന്തരീക്ഷത്തിൽ കലരുന്നതുകാരണം മറ്റുള്ളവർക്ക് ദോഷമുണ്ടാകില്ല എന്ന ഗുണവും ഈ സംവിധാനം ഉപയോഗിക്കുന്നതുകൊണ്ടുണ്ടത്രേ.
നൈട്രജൻ കൊണ്ടുള്ള ശ്വാസം മുട്ടിക്കൽ മൃഗങ്ങളുടെ ദയാവധത്തിന്
[തിരുത്തുക]കോഴികളെയും മറ്റു മൃഗങ്ങളെയും കൊല്ലാൻ ഓക്സിജൻ കുറവുള്ള അന്തരീക്ഷം ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. മിങ്ക്, എലികൾ എന്നിവയൊക്കെ മനുഷ്യരിൽ നിന്ന് വ്യത്യസ്തമായി ഓക്സിജൻ കുറവുള്ള അന്തരീക്ഷം തിരിച്ചറിയാൻ ശേഷിയുള്ളവരാണെന്നും അവ ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കുമെന്നും പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. [1] ഇക്കാരണം കൊണ്ട് മൃഗങ്ങളുടെ ദയാവധം ഓക്സിജൻ കുറവുള്ള അന്തരീക്ഷത്തിൽ നടത്തുന്നത് ഏതിനം മൃഗമാണെന്ന് നോക്കിവേണം.
വധശിക്ഷാ രീതിയെന്ന നിലയിൽ
[തിരുത്തുക]നൈട്രജൻ ഉപയോഗിച്ചുള്ള വധശിക്ഷ 1995-ൽ നിർദ്ദേശിക്കപ്പെട്ടുവെങ്കിലും (ക്രെക്വ്), ഒരു രാജ്യവും ഇതുപയോഗിക്കുന്നില്ല.
2007-ൽ സംപ്രേഷണം ചെയ്ത ഒരു ഡോക്യുമെന്ററിയിൽ [2] മൈക്കൽ പോർട്ടില്ലോ എന്ന ബ്രിട്ടീഷ് പാർലമെന്റ് മെംബർ മറ്റ് വധശിക്ഷാ രീതികൾ പിഴവുകളുള്ളതാണെങ്കിലും നൈട്രജൻ ഉപയോഗിച്ചുള്ള ശ്വാസം മുട്ടിക്കൽ കൊള്ളാവുന്ന രീതിയാണെന്ന അഭിപ്രായം പ്രകടിപ്പിച്ചു.
അപകടമരണങ്ങൾ
[തിരുത്തുക]നൈട്രജൻ ശ്വസിക്കുന്നതുമൂലമുണ്ടാകുന്ന അപകടങ്ങളിൽ ഓരോ വർഷവും അമേരിക്കൻ ഐക്യനാടുകളിൽ 8 ആൾക്കാർ വീതം മരിക്കുന്നുണ്ടെന്നാണ് കണക്ക്.[3] 1981-ൽ ആദ്യത്തെ സ്പേസ് ഷട്ടിൽ വിക്ഷേപണത്തിനു മുൻപ് ഓർബിറ്ററിന്റെ പിൻഭാഗത്ത് ഒരു അറയിൽ പ്രവേശിച്ച രണ്ടു ജീവനക്കാർ ബോധരഹിതരാവുകയും അവരിലൊരാൾ മരിക്കുകയും ചെയ്തു. ഈ അറയിൽ തീപ്പിടിത്തമുണ്ടാകാതിരിക്കാൻ നൈട്രജൻ നിറച്ചിരിക്കുകയായിരുന്നു. [4]
1999-ൽ ദ്രവീകൃത നൈട്രജൻ ചോർന്നതിനെത്തുടർന്ന് ഒരു ലാബറട്ടറി സഹായി ശ്വാസം മുട്ടി മരിച്ചുവത്രേ. [5]
ശരീരശാസ്ത്രം
[തിരുത്തുക]ഒരു സാധാരണ മനുഷ്യൻ മിനിട്ടിൽ 12 മുതൽ 20 പ്രാവശ്യം വരെ ശ്വാസോഛ്വാസം ചെയ്യും. ഇത് കാർബൺ ഡൈ ഓക്സൈഡിന്റെ രക്തത്തിലെ അളവനുസരിച്ചിരിക്കും. ഓരോ ശ്വാസത്തിലും ഉദ്ദേശം 0.6 ലീറ്റർ വാതകം പുറന്തള്ളുകയും അകത്തെടുക്കുകയും ചെയ്യും (ശ്വാസകോശത്തിലും ശ്വാസനാളങ്ങളിലും ഉദ്ദേശം 3 ലീറ്റർ വാതകമാണ് ഉണ്ടാവുക). അന്തരീക്ഷത്തിൽ 78% നൈട്രജനും 21% ഓക്സിജനും 1% ആർഗോൺ, കാർബൺ ഡൈ ഓക്സൈഡ് മുതലായ വാതകങ്ങളുമാണ്. ശുദ്ധമായ നൈട്രജൻ ഒന്നോ രണ്ടോ തവണ ശ്വസിക്കുമ്പോഴേയ്ക്കും ശ്വാസകോശത്തിനുള്ളിലെ ഓക്സിജന്റെ അളവ് കുറയുകയും രക്തത്തിൽ നിന്നും കുറേശ്ശേ ഓക്സിജൻ ശ്വാസകോശത്തിലേയ്ക്ക് പുറന്തള്ളപ്പെടാൻ തുടങ്ങുകയും ചെയ്യും. രക്തത്തിലെ ഓക്സിജന്റെ അളവ് ഒരു മിനിട്ടിനുള്ളിൽ 50% ആകുമെന്നും 3 മിനിട്ടിൽ പൂജ്യമാകുമെന്നുമാണ് ചില പരീക്ഷണങ്ങൾ കാണിക്കുന്നത്.
ഒരു മിനിട്ടിനുള്ളിൽ അബോധാവസ്ഥയുണ്ടാകാം. ധമനികളിലെ രക്തത്തിലെ ഓക്സിജന്റെ അളവ് 60%-ൽ താഴുമ്പോൾ അബോധാവസ്ഥയുണ്ടാകുമത്രേ (ഫിഷർ). "അന്തരീക്ഷത്തിൽ ഓക്സിജന്റെ അളവ് 4 മുതൽ 6% വരെയാണെങ്കിൽ 40 സെക്കന്റുകൾക്കുള്ളിൽ അബോധാവസ്ഥയും ഏതാനം മിനിട്ടുകൾക്കുള്ളിൽ മരണവും സംഭവിക്കും" (ഡിമായോ & ഡിമായോ 2001:231). ഈ പ്രക്രീയയിൽ അന്തരീക്ഷത്തിൽ ഓക്സിജൻ ഇല്ലാതിരിക്കുന്നതുകാരണം അബോധാവസ്ഥയും മരണവും കൂടുതൽ വേഗത്തിലുണ്ടാകാൻ സാദ്ധ്യതയുണ്ട്. 13,000 മീറ്ററിനു മുകളിൽ ഉയരത്തിൽ ഓക്സിജന്റെ സാന്ദ്രത കടൽനിരപ്പിലുള്ളതിന്റെ 3.6% മാത്രമാണ്. ഇവിടെ ഒരു പൈലറ്റിന് ഓക്സിജൻ ഇല്ലാതെ 9 മുതൽ 12 സെക്കന്റ് വരെയേ ജോലി ചെയ്യാൻ സാധിക്കുകയുള്ളൂവത്രേ (ഫിഷർ). അമേരിക്കൻ വ്യോമസേന വൈമാനികരെ ഓക്സിജൻ ഇല്ലാതാവുന്നതു കാരണം ഓരോരുത്തരുടെയും ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങൾ മനസ്സിലാക്കാൻ പരിശീലിപ്പിക്കാറുണ്ടത്രേ. ചിലർ തലവേദന, തലകറക്കം, ക്ഷീണം, ഓക്കാനം, മതിഭ്രമം തുടങ്ങിയ ലക്ഷണങ്ങൾ ശരീരത്തിലുണ്ടാകുന്നതായി കണ്ടുവെങ്കിലും ചിലർക്ക് ഒരു മുന്നറിയിപ്പുമില്ലാതെ അബോധാവസ്ഥയുണ്ടാകാറുണ്ടത്രേ (ഫിഷർ). വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതിക്ക് ഇത്തരത്തിലുള്ള പരിശീലനം ലഭിച്ചിട്ടില്ലാത്തതിനാൽ മുന്നറിവില്ലാതെ അബോധാവസ്ഥയുണ്ടാകാനാണ് സാദ്ധ്യത. എന്നിരുന്നാലും 30 സെക്കന്റ് നേരത്തേയ്ക്ക് അബോധാവസ്ഥയുണ്ടാകാൻ പോകുന്നു എന്ന കാര്യം പ്രതി അറിഞ്ഞേയ്ക്കാം.
അബോധാവസ്ഥയ്ക്കൊപ്പം ചിലപ്പോൾ അപസ്മാരത്തിലേതുപോലുള്ള കോട്ടൽ (കൺവൽഷൻ) ഉണ്ടാകാൻ സാദ്ധ്യതയുണ്ട് (ഫിഷർ) അബോധാവസ്ഥയുണ്ടാകുന്നതിനു പിറകേ ശരീരം നീലിക്കുകയും ഹൃദയം സ്തംഭിക്കുകയും ചെയ്യും. 7 മിനിട്ടോളം ഓക്സിജൻ ലഭിക്കാതെവന്നാൽ മസ്തിഷ്കത്തിന്റെ കോർട്ടക്സിലെയും മെഡുല്ല ഒബ്ലാംഗറ്റയിലെയും (ഈ ഭാഗമാണ് ശ്വസനവും ഹൃദയമിടിപ്പും നിയന്ത്രിക്കുന്നത്) കോശങ്ങൾ മൃതമാവും. ഇതോടെ മസ്തിഷ്കമരണം സംഭവിച്ചതായി കണക്കാക്കാം.
ഇതും കാണുക
[തിരുത്തുക]കുറിപ്പുകൾ
[തിരുത്തുക]- ക്രെക്വ്, എസ്. എ. "കില്ലിംഗ് വിത്ത് കൈൻഡ്നസ്സ് – കാപ്പിറ്റൽ പണിഷ്മെന്റ് ബൈ നൈട്രജൻ ആസ്ഫിക്സിയേഷൻ" നാഷണൽ റിവ്യൂ. 1995-10-11.
- ഡിമായോ വി. & ഡിമായോ ഡി. "ഫോറൻസിക് പാത്തോളജി, സെക്കൻഡ് എഡിഷൻ. ചാപ്റ്റർ 8, ആസ്ഫിക്സിയ", ISBN 0-8493-0072-X, 2001. Retrieved on 2007-01-27.
- ഫിഷർ പി.ഡബ്ലിയു."ഹൈ ആൾറ്റിട്യൂഡ് റെസ്പിറേറ്ററി ഫിസിയോളജി, ചാപ്റ്റർ 2 ഇൻ യു.എസ്.എ.എഫ്. ഫ്ലൈറ്റ് സർജൻസ് ഗൈഡ് Archived 2007-03-16 at the Wayback Machine.", n.d. Retrieved on 2007-02-07.
- സൈറ്റ്സ് കെ.എൻ. "ദി ട്രാൻസിഷൻ ഓഫ് മെത്തേഡ്സ് ഓഫ് എക്സിക്യൂഷൻ ഇൻ നോർത്ത് കരോലീന: എ ഡിസ്ക്രിപ്റ്റീവ് സോഷ്യൽ ഹിസ്റ്ററി ഓഫ് ടൂ ടൈം പീരിയഡ്സ്, 1935 ആൻഡ് 1983", PhD ഡെസ്സർട്ടേഷൻ (സോഷ്യോളജി) വിർജീനിയ പോളിടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് സ്റ്റേറ്റ് യൂണിവേഴ്സിറ്റി, 2001. Retrieved on 2007-01-23.
- "വധശിക്ഷാരീതികൾ". Archived from the original on 2008-07-03. Retrieved 2007-01-25.
- "ഫർമാൻ വിധിക്കുശേഷം നടന്ന കുഴപ്പത്തിലവസാനിച്ച വധശിക്ഷകളുടെ ചില ഉദാഹരണങ്ങൾ". Archived from the original on 2007-11-22. Retrieved 2007-01-25.
- "Hazards of Nitrogen Asphyxiation" (PDF). U.S. Chemical Safety and Hazard Investigation Board. 2003-06-11. Archived from the original (PDF) on 2007-02-03. Retrieved 2007-02-15.
- "ഷട്ടിൽ ട്രാജഡി". Time. 1981-03-31. Archived from the original on 2013-08-26. Retrieved 2007-01-27.
- "യു.കെ: സ്കോട്ട്ലാന്റ് ഇൻക്വയറി ആഫ്റ്റർ മാൻ ഡൈസ് ഇൻ കെമിക്കൽ ലീക്ക്". BBC. 1999-10-25. Retrieved 2007-01-27.
അവലംബം
[തിരുത്തുക]- ↑ [1] Archived 2013-03-20 at the Wayback Machine. ALTERNATIVES TO CARBON DIOXIDE EUTHANASIA FOR LABORATORY RATS
- ↑ How to Kill a Human Being - in search of a painless death, Videosift.com
- ↑ HAZARDS OF NITROGEN ASPHYXIATION, Safety Bulletin No. 2003-10-B : June 2003, U.S. Chemical Safety and Hazard Investigation Board. (archived from the original on 2008-02-29)
- ↑ Shuttle Tragedy Archived 2013-08-26 at the Wayback Machine., Time magazine, march 30, 1981.
- ↑ Inquiry after man dies in chemical leak, BBC News, October 25, 1999.