വധശിക്ഷ ഇറ്റലിയിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വധശിക്ഷ 1889 മുതൽ ഇറ്റലിയിൽ നിരോധിതമായിരുന്നു. 1926 മുതൽ 1947 വരെ ഫാസിസ്റ്റ് സർക്കാരിന്റെ കീഴിലും ജനാധിപത്യം നിലവിൽ വന്ന ശേഷമുള്ള കുറച്ചു കാലവും വധശിക്ഷ നിലവിലുണ്ടായിരുന്നു. 1860-ൽ ഇറ്റലി ഏകീകരിക്കുന്നതിനു മുൻപുള്ള കാലത്ത് നിലവിലുണ്ടായിരുന്ന മിക്ക രാജ്യങ്ങളിലും (ടസ്കാനി ഒഴികെ) വധശിക്ഷ നിലവിലുണ്ടായിരുന്നു. ടസ്കാനിയിൽ 1786-ൽ വധശിക്ഷ നിർത്തലാക്കപ്പെട്ടിരുന്നു. നിലവിലുള്ള ഭരണഘടന വധശിക്ഷ ഉപേക്ഷിച്ചിട്ടുണ്ട്. 1948 ജനുവരി 1-നു ശേഷം വധശിക്ഷ നടപ്പാക്കപ്പെട്ടിട്ടില്ല.

ചരിത്രം[തിരുത്തുക]

ഇറ്റലിയുടെ ഐക്യത്തിനു മുൻപുണ്ടായിരുന്ന രാജ്യങ്ങളിൽ ആദ്യമായി വധശിക്ഷ നിർത്തലാക്കിയത് ഗ്രാന്റ് ഡച്ചി ഓഫ് ടസ്കാനി എന്ന രാജ്യമാണ്. 1786 നവംബർ 30ന് പിയട്രോ ലിയോപോൾഡോ (ഇദ്ദേഹം പിന്നീട് ഹോളി റോമൻ ചക്രവർത്തിയായി). വധശിക്ഷയും പീഡനവും ഒരുമിച്ചുപേക്ഷിക്കുന്ന ലോകത്തിലെ ആദ്യത്തെ രാഷ്ട്രമായിരുന്നു ടസ്കാനി.

ഗില്ലറ്റിനുപയോഗിച്ചുള്ള വധശിക്ഷ (1868) ആധുനിക ഇറ്റലിയുടെ പിറവിക്ക് തൊട്ടു പിന്നാലെ നടന്ന സംഭവം

മറ്റ് ഐക്യപൂർവ്വ രാജ്യങ്ങളിൽ വധശിക്ഷ നിലവിലുണ്ടായിരുന്നു. ഇറ്റലി രാജ്യം (1861–1946) 1860-ൽ രൂപീകൃതമായപ്പോൾ നിയമവ്യവസ്ഥയിൽ ഈ വ്യത്യസ്തത നിലനിന്നു.

വധശിക്ഷ 1889-ലെ പീനൽ കോഡ് പ്രകാരം പ്രാതിനിദ്ധ്യസഭയുടെ രണ്ട് തട്ടുകളിലും ഏതാണ്ടെല്ലാവരും യോജിച്ചാണ് വധശിക്ഷ ഇല്ലാതാക്കിയത്. സാനാർഡെല്ലി എന്ന മന്ത്രിയായിരുന്നു ഈ അഭിപ്രായം മുന്നോട്ടുവച്ചത്. [1] രാജാവ് ഉംബർട്ടോ ഒന്നാമൻ 1878 ജനുവരി 18-ന് പൊതു മാപ്പ് പ്രഖ്യാപിച്ചതിനാൽ 1877-നു ശേഷം ഇറ്റലിയിൽ വധശിക്ഷകൾ നടന്നിട്ടുണ്ടായിരുന്നില്ല. ഈ പൊതു മാപ്പു കാരണം ഗൈടാനോ ബ്രാസ്കി എന്നയാൾ 1900-ൽ രാജാവിനെ വധിച്ച ശേഷം അയാൾക്ക് മരണശിക്ഷ കൊടുക്കാൻ സാധിച്ചില്ല!!! വധശിക്ഷ സൈനിക പീനൽ കോഡിലും കൊളോണിയൽ പീനൽ കോഡിലും നിലവിലുണ്ടായിരുന്നു.

ഫാസിസം[തിരുത്തുക]

1926-ൽ ബെനിറ്റോ മുസോളിനി വധശിക്ഷ വീണ്ടും കൊണ്ടുവന്നു. രാജാവിനെയും, രാജ്ഞിയെയും, രാജ്യാവകാശിയെയും, പ്രധാനമന്ത്രിയെയും വധിക്കാൻ ശ്രമിക്കുന്നവർക്കും, ചാരപ്രവർത്തിക്കും സായുധ കലാപത്തിനും വധശിക്ഷ നൽകാനായിരുന്നു തീരുമാനം. 1931 ജൂലൈ 1-ന് നിലവിൽ വന്ന റോക്കോ കോഡ് കൂടുതൽ കുറ്റകൃത്യങ്ങളുടെ ശിക്ഷയായി വധശിക്ഷ വ്യവസ്ഥ ചെയ്തു. ചില സാധാരണ കുറ്റങ്ങളും ഇക്കൂട്ടത്തിൽ പെടും. 1940-ൽ രണ്ടാം ലോക മഹായുദ്ധം തുടങ്ങുന്നതുവരെ ഇത് വളരെ വിരളമായേ ഉപയോഗിച്ചിരുന്നുള്ളൂ. 1940-നു മുൻപ് ഒൻപത് വധശിക്ഷകളും യുദ്ധം തുടങ്ങിയ ശേഷം 1943-ൽ ഇറ്റലി കീഴടങ്ങുന്നതുവരെ 17 വധശിക്ഷകളുമാണ് നടപ്പാക്കപ്പെട്ടിട്ടുള്ളത്. നാസി ജർമനിയിൽ നിയമപരമായി 80,000 വധശിക്ഷകൾ നടന്നിട്ടുണ്ടെന്നോർക്കുക. [2][3][4]

യുദ്ധാനന്തരം[തിരുത്തുക]

സൈനികമല്ലാത്ത കുറ്റങ്ങൾക്ക് അവസാനം വധശിക്ഷ നൽകപ്പെട്ടത് കൊലപാതകം നടത്തിയെന്ന് തെളിഞ്ഞ മൂന്ന് സിസിലിയൻ കള്ളന്മാർക്കായിരുന്നു. ഇവർ പത്താൾക്കാരെ തല്ലി അവശരാക്കി ജീവനോടെ കിണറ്റിൽ തള്ളുകയായിരുന്നു ചെയ്തത്. പ്രസിഡന്റ് എൻറിക്കോ ഡെ നിക്കോള അവരുടെ വധശിക്ഷ ഇളവു ചെയ്യാൻ വിസമ്മതിച്ചു. 1947 മാർച്ച് 4-ന് ഇവരെ ഫയരിംഗ് സ്ക്വാഡുപയോഗിച്ച് ട്യൂരിനു സമീപം വധിച്ചു. ഇതായിരുന്നു ഇറ്റലിയിൽ നടന്ന അവസാന വധശിക്ഷകൾ.

വധശിക്ഷ നിർത്തലാക്കൽ[തിരുത്തുക]

1947 ഡിസംബർ 27-ന് അംഗീകരിക്കപ്പെടുകയും 1948 ജനുവരി 1-ന് നിലവിൽ വരുകയും ചെയ്ത ഇറ്റലിയുടെ ഭരണഘടന സമാധാനകാലത്ത് സൈനികവും സിവിലുമായ എല്ലാ കുറ്റങ്ങൾക്കും വധശിക്ഷ നിർത്തലാക്കി. വധശിക്ഷ നിർത്തലാക്കൽ നടപ്പായത് 1948 ജനുവരി 22-ലെ ഡിക്രിയിലൂടെയാണ്. മിലിട്ടറി പീനൽ കോഡിൽ വധശിക്ഷ പിന്നീടും നിലവിലുണ്ടായിരുന്നു. രാജ്യത്തെ വഞ്ചിക്കുകയോ, യുദ്ധഭൂമിയിൽ നടക്കുന്ന കുറ്റങ്ങൾക്കോ ആയിരുന്നു വധശിക്ഷ വ്യവസ്ഥ ചെയ്തിരുന്നത്. ഈ നിയമപ്രകാരം ഒരു വധശിക്ഷയും നടന്നിട്ടില്ല.

1994 ഒക്ടോബർ 13-ന് വധശിക്ഷ പൂർണ്ണമായും ഒഴിവാക്കപ്പെട്ടു. ജീവപര്യന്തമാണ് ഇപ്പോൾ ഇറ്റലിയിൽ നിലവിലുള്ള ഏറ്റവും കൂടിയ ശിക്ഷ. 2007-ൽ ഒരു ഭരണഘടനാ ഭേദഗതി നടപ്പിൽ വന്നു. ഭരണഘടനയുടെ ആർട്ടിക്കിൾ 27-ൽ മാറ്റം വരുത്തി വധശിക്ഷ പൂർണ്ണമായി ഒഴിവാക്കി.

നിർത്തലാക്കുന്നതിനു മുൻപ് ഭരണഘടനയുടെ ആർട്ടിക്കിൾ 21 വധശിക്ഷ അനുവദിച്ചിരുന്നു. ഇത് പിന്നീട് എടുത്തു കളഞ്ഞു.

മനുഷ്യാവകാശങ്ങൾക്കായുള്ള യൂറോപ്യൻ കൺവെൻഷന്റെ 13-ആം പ്രോട്ടോക്കോൾ അംഗീകരിക്കുന്ന കരട് നിയമം 2008 ഒക്ടോബർ 9-ന് സെനറ്റ് അംഗീകരിച്ചു. ഇത് ചേംബർ ഓഫ് ഡെപ്യൂട്ടീസ് സെപ്റ്റംബർ 24-ന് അംഗീകരിച്ചിരുന്നു. [5] 2009 മാർച്ച് മൂന്നിന് നിയമം റാറ്റിഫൈ ചെയ്യപ്പെട്ടു.[6]

പൊതുജനാഭിപ്രായം[തിരുത്തുക]

ഇറ്റലി വധശിക്ഷ നിർത്തലാക്കിയ ശേഷം മരണശിക്ഷയ്ക്കെതിരായി ശക്തമായ നിലപാടാണെടുക്കുന്നത്. പകുതിയിൽ താഴെ ഇറ്റലിക്കാരേ സദ്ദാം ഹുസൈന്റെ വധശിക്ഷയോട് യോജിച്ചുള്ളൂ. ഇറ്റലി ഐക്യരാഷ്ട്രസഭ വധശിക്ഷ നിരോധിക്കണം എന്ന വാദം മുന്നോട്ടുവച്ചിരുന്നു. മുൻ ഇറ്റാലിയൻ വിദേശകാര്യ മന്ത്രി മാസ്സിമോ ഡി'അലേമ വധശിക്ഷ ലോകത്തിൽ നിർത്തലാക്കുന്നതിനായി ശ്രമിക്കുന്നതാണ് അടുത്ത പടി എന്ന് പറഞ്ഞിട്ടുണ്ട്.

അവലംബം[തിരുത്തുക]

  1. Indro Montanelli; Storia d'italia, vol 6, pag 215
  2. A History of Fascism, Stanley G. Payne, Italian Fascism
  3. Hoffmann, Peter (1977, 1996). The History of the German Resistance, 1933-1945 p. xiii.
  4. Mussolini - En Studie i Makt, Göran Hägg, p. 116-117
  5. "Draft law". Archived from the original on 2016-09-17. Retrieved 2012-06-25.
  6. "Ratified protocol". Archived from the original on 2009-04-25. Retrieved 2012-06-25.

കുറിപ്പുകൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=വധശിക്ഷ_ഇറ്റലിയിൽ&oldid=3644332" എന്ന താളിൽനിന്ന് ശേഖരിച്ചത്