വധശിക്ഷ സ്വിറ്റ്സർലാന്റിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വധശിക്ഷ സ്വിസ് ഭരണഘടനയിലെ ആർട്ടിക്കിൾ 10, പാരഗ്രാഫ് 1-ലെ വ്യവസ്ഥയനുസരിച്ച് നിരോധിതമാണ്. ക്രിമിനൽ നിയമത്തിൽ നിന്ന് ഇത് 1942-ൽ ഒഴിവാക്കപ്പെട്ടിരുന്നു. 1992 വരെ സൈനിക നിയമത്തിൽ വധശിക്ഷ നിലവിലുണ്ടായിരുന്നു.

1937 വരെയുള്ള ഉപയോഗം[തിരുത്തുക]

ആധുനികകാലത്തെ സാധാരണ വധശിക്ഷാരീതി വാളുപയോഗിച്ചുള്ള ശിരഛേദമായിരുന്നു. 1835-ൽ ഗില്ലറ്റിനും ഉപയോഗിക്കാൻ തുടങ്ങി. മിക്ക പ്രദേശങ്ങളിലും (കാന്റണുകൾ) ശിക്ഷിക്കപ്പെടുന്നയാളിന് ഈ രണ്ടു മാർഗ്ഗങ്ങളിലൊന്ന് തിരഞ്ഞെടുക്കാൻ അനുവാദം കൊടുത്തിരുന്നു. 1848-ൽ രാഷ്ട്രീയ കുറ്റങ്ങൾക്ക് വധശിക്ഷ കൊടുക്കുന്നത് നിയമം മൂലം നിരോധിക്കപ്പെട്ടു. 1874-ൽ വധശിക്ഷ പൊതുവിൽ നിരോധിക്കപ്പെട്ടുവെങ്കിലും കുറ്റകൃത്യങ്ങൾ കൂടിയതുകാരണം (സാമ്പത്തിക രംഗത്തെ മാന്ദ്യമായിരുന്നിരിക്കാം ഇതിനു കാരണം) 1879-ൽ വധശിക്ഷ പുനരാരംഭിച്ചു.

നിർത്തലാക്കൽ[തിരുത്തുക]

1937 ഡിസംബർ 21-ന് സ്വിറ്റ്സർലാന്റിലെ ജനപ്രാതിനിദ്ധ്യസഭ ഒരു പുതിയ ക്രിമിനൽ കോഡ് പാസാക്കി. ഇത് വധശിക്ഷ നിർത്തലാക്കി. 1938 ജൂലൈ 3-ന് രാജ്യത്തിൽ അഭിപ്രായവോട്ടെടുപ്പിലൂടെ പുതിയ നിയമം അംഗീകരിക്കപ്പെട്ടു. 1942 ജനുവരി 1-ന് ഈ നിയമം നിലവിൽ വന്നു. ഹാൽസ് വോളൻ വൈഡർ എന്നയാളെയാണ് സാധാരണ കോടതി അവസാനം വധശിക്ഷയ്ക്ക് വിധിച്ചത്. മൂന്നുപേരെ കൊന്നെന്നായിരുന്നു ഇയാളുടെ മേൽ ആരോപിക്കപ്പെട്ട കുറ്റം. 1940 ഒക്ടോബർ 18-ന് ഇയാളെ വധിച്ചു.

സൈനികനിയമം രാജ്യദ്രോഹക്കുറ്റത്തിന് വധശിക്ഷ നൽകാനുള്ള നിയമം നിലനിർത്തിയിരുന്നു. രണ്ടാം ലോകമഹായുദ്ധക്കാലത്ത് 30 സ്വിസ്സ് പടയാളികളെ വധശിക്ഷയ്ക്ക് വിധിച്ചിരുന്നു. ഇതിൽ 17 പേരെ യുദ്ധം തീരുന്നതിനു മുൻപ് വധിക്കുകയും ചെയ്തിരുന്നു. 1992 മാർച്ച് 20-ന് ജനപ്രാതിനിദ്ധ്യസഭ ഈ നിയമം റദ്ദാക്കി. 1999-ലെ സ്വിസ്സ് ഭരണഘടന വധശിക്ഷ ഭരണഘടനാതലത്തിൽ തന്നെ റദ്ദാക്കി.

പുനസ്ഥാപിക്കാനുള്ള ശ്രമം[തിരുത്തുക]

വധശിക്ഷ പുനസ്ഥാപിക്കാൻ രണ്ടു ശ്രമങ്ങൾ ഇതുവരെ നടക്കുകയുണ്ടായി. 1985-ൽ മയക്കുമരുന്ന് വ്യാപാരം നടത്തുന്നവർക്ക് വധശിക്ഷ കൊടുക്കാൻ നിയമം കൊണ്ടുവരാൻ ശ്രമിച്ചതാണ് ആദ്യത്തെ സംഭവം. അഭിപ്രായ വോട്ടെടുപ്പ് നടത്താനാവശ്യമായ 100,000 ഒപ്പുകൾ ശേഘരിക്കാൻ സാധിക്കാഞ്ഞതിനെത്തുടർന്ന് ഈ ശ്രമം പരാജയപ്പെട്ടു. [1]

2010 ആഗസ്റ്റിൽ കൊല ചെയ്യപ്പെട്ട ഒരാളുടെ കുടുംബം ലൈംഗികാക്രമണത്തോടു കൂടിയ കൊലപാതകത്തിന് വധശിക്ഷ തിരികെക്കൊണ്ടുവരാനുള്ള ഭരണഘടനാ ഭേദഗതിക്കായി ശ്രമം നടത്തി.[1] രാഷ്ട്രീയ നേതാക്കൾ ഈ ശ്രമത്തെ അപലപിക്കുകയുണ്ടായി. ഔദ്യോഗികമായി പ്രസിദ്ധീകരിച്ച് ഒരു ദിവസം കഴിഞ്ഞ് ഈ ശ്രമം പിൻവലിക്കപ്പെട്ടു. [2]

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 "Death penalty initiative launched in Switzerland". swissinfo. 24 August 2010. Archived from the original on 2012-09-30. Retrieved 24 August 2010.
  2. "Death penalty initiative is withdrawn". swissinfo. 25 August 2010. Archived from the original on 2014-05-24. Retrieved 25 August 2010.