വധശിക്ഷ മോണ്ടിനെഗ്രോയിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വധശിക്ഷ നിയമം മൂലം നിർത്തലാക്കപ്പെട്ട രാജ്യമാണ് മോണ്ടിനെഗ്രോ. 1798-ലാണ് മോണ്ടിനെഗ്രോയിൽ വധശിക്ഷ നിയമം മൂലം ആദ്യമായി വ്യവസ്ഥ ചെയ്തത്. 2002 ജൂൺ 19-ന് ഇത് നിർത്തലാക്കപ്പെട്ടു. 1981 ജനുവരി 29-നാണ് അവസാന വധശിക്ഷ നടപ്പിലാക്കിയത്. വെടിവച്ചായിരുന്നു ശിക്ഷ നടപ്പിലാക്കുന്നത്. 2001 ഒക്റ്റോബർ 11-നാണ് അവസാന വധശിക്ഷകൾ വിധിക്കപ്പെട്ടത്. സിവിലും രാഷ്ട്രീയവുമായ അവകാശങ്ങളുടെ അന്താരാഷ്ട്ര കൺവെൻഷന്റെ രണ്ടാം ഓപ്ഷണൽ പ്രോട്ടോക്കോൾ (2001 സെപ്റ്റംബർ 6), മനുഷ്യാവകാശങ്ങൾക്കായുള്ള യൂറോപ്യൻ കൺവെൻഷന്റെ പതിമൂന്നാം പ്രോട്ടോക്കോൾ, No. 6 and No. 13 (2004 മാർച്ച് 3) എന്നിവ വധശിക്ഷ നിർത്തലാക്കുന്നതു സംബന്ധിച്ച് മോണ്ടനെഗ്രോ ഉൾപ്പെട്ട അന്താരാഷ്ട്ര ഉടമ്പടികളാണ്. മോണ്ടനെഗ്രോ ഭരണഘടനയുടെ ആർട്ടിക്കിൾ 26 പ്രകാരം Constitution (2007): വധശിക്ഷ നിരോധിതമാണ്”.

ചരിത്രം[തിരുത്തുക]

മോണ്ടനെഗ്രോ, 1798-1914[തിരുത്തുക]

1851 വരെ മോണ്ടിനെഗ്രോ ഒരു മതഭരണസംവിധാനത്തിൻ കീഴിലായിരുന്നു. ഓർത്തഡോക്സ് ബിഷപ്പും, ഗോത്രവർഗ്ഗപ്രതിനിധികളുൾപ്പെട്ട സെനറ്റും ചേർന്നാണ് രാജ്യം ഭരിച്ചിരുന്നത്. 1789-ലാണ് ആദ്യമായി എഴുതപ്പെട്ട നിയമവ്യവസ്ഥിതി നിലവിൽ വന്നത്. ഇത് 1803-ൽ പരിഷ്കരിക്കപ്പെട്ടു. കൊലപാതകം, രാജ്യദ്രോഹം എന്നീ കുറ്റങ്ങൾക്ക് വധശിക്ഷ നൽകാൻ ഈ നിയമത്തിൽ വ്യവസ്ഥയുണ്ടായിരുന്നു. വധശിക്ഷ നടപ്പിലാക്കാൻ മൂന്ന് മാർഗ്ഗങ്ങളായിരുന്നു വ്യവസ്ഥ ചെയ്തിരുന്നത്: തൂക്കിക്കൊല്ലൽ, വെടിവച്ചുകൊല്ലൽ, കല്ലെറിഞ്ഞുകൊല്ലൽ എന്നിവ. [1] എല്ലാ ഗോത്രങ്ങളുടെയും പ്രതിനിധികൾ ചേർന്നായിരുന്നു വെടിവച്ചുള്ള വധശിക്ഷ നടപ്പാക്കിയിരുന്നത്. ചില സമയങ്ങളിൽ ഇത് നൂറുകണക്കിനാൾക്കാർ ചേർന്നായിരുന്നു ചെയ്തിരുന്നത്. മരിച്ച ആളുടെ ഗോത്രക്കാർ കൊന്ന ആളുകളുടെ ഗോത്രക്കാരോട് പകരം ചോദിക്കാതിരിക്കാനായിരുന്നു ഈ നടപടി. [2] നിയമം അനുശാസിച്ചിരുന്നില്ല എങ്കിലും വധശിക്ഷ കള്ളന്മാർക്കും നൽകിയിരുന്നു. ചരിത്രസ്രോതസ്സുകളനുസരിച്ച് 1831-ൽ കള്ളനെ തൂക്കിക്കൊല്ലുകയും കൊലപാതകിയെ വെടിവച്ചുകൊല്ലുകയുമായിരുന്നു ചെയ്തിരുന്നത്. [2]. 1839-1840 സമയത്ത് 20-ഓളം കുറ്റവാളികളെ വധിക്കുകയുണ്ടായി. [3]

മോണ്ടിനെഗ്രോ മതഭരണത്തിൽ നിന്ന് രാജഭരണത്തിലേയ്ക്ക് മാറിയശേഷം 1855-ൽ ഒരു പുതിയ നിയമസംഹിത നിലവിൽ വന്നു. ഇതനുസരിച്ച് 18 കുറ്റങ്ങൾക്ക് വധശിക്ഷ നൽകാവുന്നതായിരുന്നു. കൊലപാതകം, രാജ്യദ്രോഹം, രാജകുമാരന്റെ അന്തസ്സിനെതിരായ കുറ്റങ്ങൾ, പലതരം മോഷണങ്ങൾ, നികുതി നൽകാതിരിക്കൽ എന്നിവയായിരുന്നു കുറ്റങ്ങൾ.[1] തന്റെ ഭാര്യ മറ്റൊരാളോട് അവിഹിത ബന്ധം പുലർത്തുന്നതായി കണ്ട് അവരെ രണ്ടുപേരെയുമോ ഒരാളെയോ കൊല്ലുന്ന ആളെ ഒരു തരത്തിലും ശിക്ഷിച്ചുകൂടാ എന്ന് വ്യവസ്ഥയുണ്ടായിരുന്നു. ആണുങ്ങളെ വെടിവച്ചുകൊല്ലുകയായിരുന്നു ചെയ്തിരുന്നതെങ്കിലും സ്ത്രീകളെ തൂക്കിക്കൊല്ലുകയോ മുക്കിക്കൊല്ലുകയോ കല്ലെറിഞ്ഞുകൊല്ലുകയോ ആയിരുന്നു ചെയ്തിരുന്നത്. സ്ത്രീകൾക്ക് വധശിക്ഷ നൽകുന്നത് വളരെ വിരളമായിരുന്നു. തന്റെ ഭർത്താവിനെ കൊന്നതിന് 1854-ൽ ഒരു സ്ത്രീയെ കല്ലെറിഞ്ഞുകൊന്നതായി രേഖകളുണ്ട്.[4]

1906-ലാണ് ആദ്യ ആധുനിക പീനൽ കോഡ് നിലവിൽ വന്നത്. ഇതിൽ ഇരുപത് കുറ്റങ്ങൾക്ക് മരണശിക്ഷ വ്യവസ്ഥ ചെയ്തിരുന്നു. [5] പത്ത് സൈനികർ ചേർന്ന് ഫയറിംഗ് സ്ക്വാഡ് രൂപീകരിച്ചായിരുന്നു വധശിക്ഷ നടപ്പിലാക്കിയിരുന്നത്. 1914-ന് മുൻപ് നടന്ന വധശിക്ഷകളുടെ സ്ഥിതിവിവരക്കണക്കുകൾ ലഭ്യമല്ല. വർഷം ഒന്നോ രണ്ടോ വധശിക്ഷകളേ നടക്കാറുണ്ടായിരുന്നുള്ളൂ എന്നാണ് രേഖകൾ സൂചിപ്പിക്കുന്നത്. 1908-ലും 1909-ലും സർക്കാരിനെതിരായി ഗൂഢാലോചന നടത്തി എന്നാരോപിച്ച് 13 ആൾക്കാരെ വിചാരണ ചെയ്യുകയും ഇതിൽ 9 പേരെ വധശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തതാണ് ഇതിനൊരപവാദം.

യൂഗോസ്ലാവ്യ 1918–1941[തിരുത്തുക]

1918-ൽ യൂഗോസ്ലാവ്യ രൂപീകരിച്ചപ്പോൾ രാജ്യത്ത് വിവിധ നിയമവ്യവസ്ഥകൾ നിലവിലുണ്ടായിരുന്നു. ബോസ്നിയ ഹെർസെഗോവിന, ക്രോയേഷ്യ, സ്ലോവേനിയ, വോജ്വോഡിന എന്നീ സ്ഥലങ്ങളിൽ രഹസ്യസ്ഥലത്തുവച്ച് തൂക്കിലേറ്റിയായിരുന്നു വധശിക്ഷ നടപ്പാക്കിയിരുന്നത്. സെർബിയ, കോസോവോ, മോണ്ടെനെഗ്രോ, മാസെഡോണിയ എന്നിവിടങ്ങളിൽ പരസ്യമായി വെടിവച്ചുകൊല്ലുകയായിരുന്നു ചെയ്തിരുന്നത്. 1929-ൽ രാജ്യം മുഴുവനും ഒരു പീനൽ കോഡ് നിലവിൽ വന്നപ്പോൾ തൂക്കിലേറ്റിയുള്ള വധശിക്ഷ പൊതുവായ ശിക്ഷാരീതിയായി സ്വീകരിച്ചു. സൈനികക്കോടതികളിലെ ശിക്ഷ മാത്രമായിരുന്നു ഇതിനൊരപവാദം. വെടിവച്ചുകൊല്ലുകയായിരുന്നു ഇവിടത്തെ ശിക്ഷാരീതി.[6] മരണകാരണമാകുന്ന മോഷണവും കൊലപാതകവുമായിരുന്നു സാധാരണഗതിയിൽ വധശിക്ഷ ലഭിക്കുന്ന കുറ്റങ്ങൾ. തീവ്രവാദപ്രവർത്തനങ്ങൾക്കും വധശിക്ഷ നൽകിയിരുന്നു. 1920 മുതൽ 1940 വരെ മോണ്ടിനെഗ്രോയിൽ ഔദ്യോഗികക്കണക്കുകൾ പ്രകാരം 14 മരണശിക്ഷാ വിധിക‌ളുണ്ടാവുകയും ഇതിൽ അഞ്ചെണ്ണം നടപ്പാക്കുകയും ചെയ്തിരുന്നു. യൂഗോസ്ലാവ്യയിൽ മുഴുവനുള്ള കണക്കുകളനുസരിച്ച് ഇത് 904 ശിക്ഷാവിധികളൂം 291 ശിക്ഷനടപ്പാക്കലുമായിരുന്നു).[7]

യൂഗോസ്ലാവ്യ, 1945–1991[തിരുത്തുക]

രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള ആദ്യവർഷങ്ങളിൽ യുദ്ധക്കുറ്റവാളികൾക്കും ശത്രുവിനോട് യോജിച്ചുപ്രവർത്തിച്ചവർക്കും "ജനങ്ങളുടെ ശത്രുക്കൾ"ക്കുമെതിരേ (കമ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ എതിരാളികൾ) നിത്യേന ധാരാളം വധശിക്ഷാവിധികൾ പുറപ്പെടുവിക്കപ്പെടുമായിരുന്നു. 1951 വരെ 10,000 വധശിക്ഷകൾ പുറപ്പെടുവിക്കപ്പെട്ടിട്ടുണ്ട് എന്ന് കരുതപ്പെടുന്നു. ഇതിൽ ഭൂരിപക്ഷത്തെയും വധിക്കുകയുമുണ്ടായി. മോണ്ടിനെഗ്രോയിൽ നൂറുകണക്കിനാൾക്കാരെ വധശിക്ഷയ്ക്ക് വിധിക്കുകയും ഇതിൽ ഉദ്ദേശം മൂന്നിൽ രണ്ട് ആൾക്കാരെ വധിക്കുകയും ചെയ്തിട്ടുണ്ട്. സർക്കാർ മുതൽ മോഷ്ടിക്കുക, രാഷ്ട്രീയക്കുറ്റങ്ങൾ, കൊലപാതകം, മോഷണം എന്നിവയും വധശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളായിരുന്നു. 1959-കളായപ്പോഴേക്കും വധശിക്ഷ തൂക്കിക്കൊല്ലലിലൂടെയോ വെടിവയ്പ്പിലൂടെയോ ആയിരുന്നു നടപ്പാക്കിയിരുന്നത്. കോടതിയായിരുന്നു ഏത് രീതി വേണമെന്ന് തീരുമാനിച്ചിരുന്നത്. യുദ്ധത്തിനുശേഷമുള്ള ആദ്യ വർഷങ്ങളിൽ പ്രധാന കുറ്റവാളികളൂടെ ശിക്ഷ പൊതു സ്ഥലത്തുവച്ചായിരുന്നു നടത്തിയിരുന്നത്. 1950-നു ശേഷം വധശിക്ഷകളുടെ എണ്ണം പൊടുന്നനെ കുറഞ്ഞു. 1950-നും 1958-നും ഇടയിൽ യൂഗോസ്ലാവ്യയിൽ 229 വധശിക്ഷാവിധികളുണ്ടായപ്പോൾ മോണ്ടിനെഗ്രോയിൽ ഇത് പത്തിനും ഇരുപതിനും ഇടയിലായിരുന്നു.

1959-ലെ പരിഷ്കാരങ്ങൾ അത്ര കർശനമല്ലാത്ത ഒരു നിയമവ്യവസ്ഥ വരുവാൻ കാരണമായി. വധശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങൾ കുറയുകയും മോഷണത്തിനും വസ്തുക്കൾക്ക് നാശനഷ്ടമുണ്ടാക്കുന്നതിനും മറ്റും വധശിക്ഷ നൽകുന്നത് നിർത്തലാക്കുകയും ചെയ്തു. തൂക്കിക്കൊല്ലൽ നിർത്തലാക്കപ്പെട്ടു. വധശിക്ഷ നൽകാനുള്ള ഏക മാർഗ്ഗം വെടിവച്ചുകൊല്ലലായിരുന്നു. എട്ട് പോലീസുകാർ ചേർന്നായിരുന്നു ഇത് നടപ്പിലാക്കിയിരുന്നത്. ഇതിൽ പകുതിപ്പേർക്കേ യധാർത്ഥ വെടിയുണ്ടയുള്ള തോക്കുകൾ ന‌ൽകപ്പെട്ടിരുന്നുള്ളൂ. പരസ്യമായി വധശിക്ഷ നടപ്പിലാക്കരുത് എന്ന് വ്യവസ്ഥയുണ്ടായിരുന്നു. 1959 മുതൽ 1991 വരെ വർഷം രണ്ടോ മൂന്നോ വധശിക്ഷയായിരുന്നു നടപ്പാക്കപ്പെട്ടിരുന്നത്. ഈ സമയത്ത് മോണ്ടിനെഗ്രോയിൽ പത്തിൽ താഴെ വധശിക്ഷകളേ നടന്നിട്ടുള്ളൂ. [6] 1981 ജനുവരി 29-നാണ് മോണ്ടിനെഗ്രോയിൽ അവസാന വധശിക്ഷ നടപ്പിലാക്കപ്പെട്ടത്. ഡ്രാഗിസ റിസ്റ്റിക് എന്നയാളെ ഒരു പ്രായപൂർത്തിയാകാത്ത കുട്ടിയെ ബലാത്സംഗം ചെയ്തു കൊന്നു എന്ന കുറ്റത്തിന് വധശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു.

1991-നു ശേഷം[തിരുത്തുക]

1992 ഏപ്രിൽ മുതൽ സെർബിയയും മോണ്ടിനെഗ്രോയും ചേർന്ന ഒരു ഫെഡറൽ രാജ്യം (ഫെഡറൽ റിപ്പബ്ലിക്ക് ഓഫ് യൂഗോസ്ലാവ്യ) നിലവിൽ വന്നു. 1991 മുതൽ 2002 വരെ മോണ്ടിനെഗ്രോയിലെ കോടതികൾ 8 വധശിക്ഷകൾ വിധിക്കുകയുണ്ടായി. ഇതിൽ ഒരു ശിക്ഷയും നടപ്പാക്കപ്പെട്ടില്ല.

വധശിക്ഷ നിർത്തലാക്കൽ[തിരുത്തുക]

ആദ്യകാല ശ്രമങ്ങൾ[തിരുത്തുക]

1906-ൽ വധശിക്ഷയ്ക്കെതിരായ ഒരു കൈപ്പുസ്തകം സെറ്റിൻജെ എന്ന സ്ഥലത്തുനിന്ന് പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. 1907-ൽ രാജകുമാരന്റെ താല്പര്യം രാജ്യദ്രോഹമൊഴികെയുള്ള കുറ്റങ്ങൾക്ക് വധശിക്ഷ ഒഴിവാക്കുക എന്നാണ് എന്ന് നീതിന്യായമന്ത്രി പാർലമെന്റിൽ പ്രസ്താവിക്കുകയുണ്ടായി. എങ്കിലും പീനൽ കോഡിൽ മാറ്റങ്ങളൊന്നും വരുത്തുകയുണ്ടായില്ല. വധശിക്ഷ നിയമവ്യവസ്ഥയിൽ നിലനിൽക്കുകയും ചെയ്തു.

ഭാഗികമായ നിർത്തലാക്കൽ, 1992[തിരുത്തുക]

ഫെഡറൽ കുറ്റങ്ങൾക്ക് (വംശഹത്യ, യുദ്ധക്കുറ്റങ്ങൾ, രാഷ്ട്രീയവും സൈനികവുമായ കുറ്റങ്ങൾ) എന്നിവയ്ക്ക് വധശിക്ഷ നൽകേണ്ടതില്ല എന്ന് 1992 ഏപ്രിൽ 25-ന് പാസായ ഭരണഘടന വ്യവസ്ഥ ചെയ്തു. കൊലപാതകം, മോഷണം എന്നീ കുറ്റങ്ങൾക്ക് വധശിക്ഷ നൽകാൻ പക്ഷേ വ്യവസ്ഥയുണ്ടായിരുന്നു. മോണ്ടിനെഗ്രോയിലെ അംഗങ്ങൾ വധശിക്ഷ നിർത്തലാക്കണം എന്ന അഭിപ്രായം മുന്നോട്ടുവച്ചിരുന്നു.

2002-ലെ നിർത്തലാക്കൽ[തിരുത്തുക]

2002 ജൂൺ 19-ന് മോണ്ടിനെഗ്രൻ പാർലമെന്റ് നിയമപരിഷ്കരണത്തിലൂടെ വധശിക്ഷയെപ്പറ്റിയുള്ള എല്ലാ പരാമർശവും പീനൽ കോഡിൽ നിന്ന് ഒഴിവാക്കി. യൂറോപ്യൻ കൗൺസിലിൽ ചേരാനുള്ള താൽപ്പര്യമായിരുന്നു ഈ തീരുമാനത്തിന് കാരണം.

അവലംബം[തിരുത്തുക]

  1. 1.0 1.1 Zakonik obšči crnogorski i brdski. Zakonik Danila Prvog[The General Code of Montenegro and the Hills. The Code of Danilo the First], facsimile edition, 1982, p. xxviii
  2. 2.0 2.1 Karadžić, Vuk (1969). Sabrana dela [Collected Works], XVIII. Belgrade. p. 656.
  3. Popović, Petar (1951). Crna Gora u doba Petra I i Petra II [Montenegro in the times of Petar I and Peter II], Belgrade. p. 297.
  4. Bojović, Jovan (1982). Zakonik knjaza Danila [Prince Danilo's Code], Titograd, p.49.
  5. Krivični zakonik za Knjaževinu Crnu Goru [Penal Code for the Princedom of Montenegro], Cetinje 1906.
  6. 6.0 6.1 Janković, Ivan (2012). Na belom hlebu: Smrtna kazna u Srbiji, 1804–2002 [On white bread diet: The death penalty in Serbia 1804-2002]. Belgrade. Ch.8-10
  7. Statistički godišnjaci Kraljevine SHS / Jugoslavije [Statistical Yearbooks of the Kingdom SHS / Yugoslavia]. Belgrade. 1921-1941.

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

www.smrtnakazna.rs ഈ സൈറ്റിൽ മോണിനെഗ്രോയിലെ വധശിക്ഷകളുടെ ഡേറ്റാബേസ് നൽകിയിട്ടുണ്ട് (1918–2002)